"മതപരമായി" ഞാന്‍ ഒരു മുജാഹിദ് കുടുംബത്തിലാണ് ജനിച്ചത്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് ഗ്രാമത്തില്‍ അഞ്ചരിക്കണ്ടിയിലെ പത്തുക്കാലന്‍ കുടുംബത്തില്‍. ആ ഭാഗത്തുള്ളവരെല്ലാം ഇന്നത്തെപ്പോലെ അന്നും സുന്നികളായിരുന്നു. ബാപ്പ മാത്രമാണ് അന്ന് ആ പരിസരത്ത് മുജാഹിദായി ഉണ്ടായിരുന്നത്. ശിര്‍ക്കിന്റെയോ ബിദ്അത്തിന്റെയോ കറപുരളാതെ മക്കള്‍ വളര്‍ന്നുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനാല്‍ തൊട്ടടുത്തുതന്നെ താമസിക്കുന്ന കുടുംബങ്ങളിലെ മാല-മൗലൂദാദികളിലൊന്നും പങ്കെടുക്കാനോ ആ ഭക്ഷണം കഴിക്കാനോ അനുവദിക്കുമായിരുന്നില്ല. ഭക്ഷണം പൊതുവെ കുറവായിരുന്ന ആ കാലത്ത് മൗലൂദിന്റെ ഇറച്ചിയും നെയ്‌ച്ചോറുമൊന്നും ഞങ്ങള്‍ കുട്ടികള്‍ ഒഴിവാക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സമയത്തൊന്നും ബാപ്പ ഞങ്ങളെ ബന്ധുവീടുകളിലേക്കു വിരുന്നുപോകാനനുവദിക്കുകയുമില്ല.
മേല്‍ പറഞ്ഞ കുടുംബം ഒരു നമ്പ്യാര്‍ കുടുംബമായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അതില്‍നിന്ന് 10 പേര്‍ ഒന്നിച്ചു മതംമാറി ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. മതം മാറിയെങ്കിലും ഞങ്ങള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഞങ്ങള്‍ പള്ളിയില്‍ പോകും. അവര്‍ അമ്പലത്തിലേക്കും. മുസ്‌ലിംസ്ത്രീകള്‍ തട്ടമിടും. അവര്‍ ഇടില്ല. ബാക്കിയെല്ലാം ഒരുപോലെയായിരുന്നു. ഈയിടെ ഞങ്ങളുടെയെല്ലാം ഒരു കുടുംബസംഗമം നടന്നു. അതിലും ഇരുകൂട്ടരും സജീവമായി പങ്കെടുത്തിരുന്നു.
അഞ്ചുനേരം നമസ്‌കരിക്കണം, റമളാനില്‍ നോമ്പുനോല്‍ക്കണം, രണ്ടുപെരുന്നാളുകള്‍ ആഘോഷിക്കണം, സൗകര്യപ്പെട്ടാല്‍ ഹജ്ജ് ചെയ്യണം (ഉംറയ്ക്ക് മാത്രമായി ആരും അന്നു മക്കയില്‍ പോകാറില്ലായിരുന്നു), ചോദിച്ചുവരുന്നവര്‍ക്കു വല്ല നക്കാപ്പിച്ചയും നല്‍കണം എന്നതില്‍ കൂടുതലൊന്നും ഇസ്‌ലാമിനെക്കുറിച്ചു ഞാനും പഠിച്ചിട്ടുണ്ടായിരുന്നില്ല. കുറച്ചൊക്കെ ഖുര്‍ആന്‍ ഓതാന്‍ അറിയാമായിരുന്നു. അതിനു കൂലിയുണ്ടെന്നല്ലാതെ അര്‍ത്ഥമൊന്നും അറിയില്ല.
പതിനേഴാമത്തെ വയസ്സില്‍ പഠനം ഉപേക്ഷിച്ചു ജ്യേഷ്ഠന്‍ മര്‍ഹൂം അബൂബക്കര്‍ ഹാജിയോടൊപ്പം ബിസിനസ്സ് ഫീല്‍ഡിലേക്കു തിരിഞ്ഞു. ആദ്യം മദിരാശിയിലായിരുന്നു. പിന്നീട് ബോംബെയിലേക്കു മാറി. അവിടെനിന്നാണ് കൊച്ചിയിലെത്തിയത്. അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
കടയുടെ അടുത്തൊന്നും മുജാഹിദ് പള്ളിയുണ്ടായിരുന്നില്ല. അങ്ങനെ ജുമുഅയില്‍ പങ്കെടുക്കാന്‍ ഖുത്വ്ബ പരിഭാഷപ്പെടുത്തുന്ന പള്ളി അന്വേഷിച്ചു നടന്നപ്പോള്‍ അവിചാരിതമായി പുല്ലേപ്പടിയിലെ മുജാഹിദ് പള്ളിയിലെത്തിപ്പെട്ടു. അന്ന് അതു മാത്രമേ പരിഭാഷപ്പള്ളിയായി കൊച്ചിയിലുണ്ടായിരുന്നുള്ളൂ.
സാത്വികനായ ഹാജി ഈസാ അബ്ദുസ്സത്താര്‍ സേഠ് (കിക്കി സേഠ്) ആയിരുന്നു അവിടത്തെ മുതവല്ലി. അദ്ദേഹത്തിന് എന്നെ നന്നേ ബോധിച്ചു. ക്രമേണ പള്ളിയുടെ പല കാര്യങ്ങളും എന്നെ ഏല്പിച്ചുതുടങ്ങി.
പുളിക്കല്‍ സ്വദേശി പി.വി. കുഞ്ഞുമൊയ്തീന്‍ മൗലവിയായിരുന്നു അവിടത്തെ ഖത്വീബ്. അദ്ദേഹം ജമാഅതെ ഇസ്‌ലാമി ആശയക്കാരനായിരുന്നു. അദ്ദേഹത്തിലൂടെയാണ് ആ സംഘടനയെക്കുറിച്ചറിഞ്ഞത്. ആര്‍ജ്ജവമുള്ള വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നാല്‍, ജമാഅതെ ഇസ്‌ലാമി ആശയക്കാരനായിരുന്നുവെങ്കിലും അദ്ദേഹം നിഷ്പക്ഷമായാണ് ഖുത്വ്ബകള്‍ നടത്തിയിരുന്നത്.
ഹാജി സേഠ് അപ്പോഴേക്കും പ്രായമായി പള്ളിക്കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. മകന്‍ ബാബു സേഠ് മുതവല്ലിയുടെ സ്ഥാനമേറ്റെടുത്തു. ഒരു ദിവസം മര്‍ഹൂം കെ. ഉമര്‍ മൗലവിയുടെ നേതൃത്വത്തില്‍ കുറച്ചു മുജാഹിദ് നേതാക്കള്‍ അവിടെയെത്തുകയും അവിടെ കുത്തിത്തിരിപ്പുണ്ടാക്കുകയും ബാബു സേഠിനെ സ്വാധീനിച്ച് പി.വി.യെ അവിടെനിന്നു പുറത്താക്കുകയും ചെയ്തു. അന്നൊക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനം വാരിക ജുമുഅക്കുശേഷം പള്ളിയുടെ കോമ്പൗണ്ടില്‍ വിതരണം ചെയ്യാറുണ്ടായിരുന്നു. ഞാനും അതു വാങ്ങിവായിക്കാറുണ്ടായിരുന്നു. ഇതൊന്നും മേലാല്‍ ഇവിടെ വിതരണം ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞു ബാബു സേഠ് അവ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു... അതൊരു മഴക്കാലമായിരുന്നു. ഞാന്‍ അത് എന്റെ കുടകൊണ്ട് തടുത്തു പിടിച്ചു. ആ നടപടി എനിക്ക് ഉള്‍ക്കൊള്ളാനായില്ല. പള്ളി അല്ലാഹുവിന്റെതല്ലേ, അവിടെ ചിലരുടെ പത്രം പറ്റും, ചിലരുടെ പത്രം പറ്റില്ല എന്നു ശഠിക്കുന്നതു ശരിയല്ലല്ലോ.
''ഒരു ദിവസം ഈ പുല്ലേപ്പടിയില്‍ വെച്ചുതന്നെ നിങ്ങളുടെ കൈകൊണ്ട് ഞാന്‍ ഇത് വാങ്ങിക്കും'' എന്നു ഞാന്‍ അന്ന് അവിടെ വെച്ചുതന്നെ ബാബു സേഠിനോട് ശപഥം ചെയ്തു.
അങ്ങനെയാണ് പി.വി.യെയും പ്രബോധനത്തെയും അക്കമഡേറ്റ് ചെയ്യാന്‍ ഒരു ആസ്ഥാനം വേണമെന്ന ചിന്ത മനസ്സില്‍ കയറിയത്. മുജാഹിദ് പള്ളിക്കു വളരെയടുത്തു തന്നെ ഒരു കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ നല്ലൊരു സ്ഥലം കിട്ടുകയും ചെയ്തു. അവിടെ ക്ലാസും മുത്തഫിഖ് ഹല്‍ഖയുമൊക്കെ നടത്തിയെങ്കിലും ഏറെ മുന്നോട്ടുപോയില്ല. അപ്പോഴേക്കും ഞാന്‍ സ്വാഭാവികമായും ഒരു ജമാഅത്ത് അനുഭാവിയായി മാറിയിട്ടുണ്ടായിരുന്നു.
1958 ല്‍ ഞാന്‍ എറണാകുളത്തു വന്ന അന്നുതന്നെ ജോണിയേട്ടനെ പരിചയപ്പെട്ടു. ഇല്യൂമിനേഷന്‍ കോണ്‍ട്രാക്ടറായിരുന്ന അദ്ദേഹത്തിന്റെ തോംസണ്‍ ഇലക്ട്രിക്കല്‍സിന്റെ തൊട്ടടുത്താണ് ഞാന്‍ ഷോപ്പ് തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹത്തിന്റെ മരണംവരെ അദ്ദേഹം എന്നോട് ആത്മാര്‍ത്ഥമായ സൗഹൃദം പുലര്‍ത്തിയിരുന്നു. കൊച്ചിയിലെ പുല്ലേപ്പടിയില്‍ അദ്ദേഹത്തില്‍നിന്ന് സെന്റിന് 4000 ഉറുപ്പികയായി വിലക്കു വാങ്ങിയ 27 സെന്റ് ഭൂമിയിലാണ് ഇസ്‌ലാമിക് സെന്റര്‍ പണിതത്. ഞാന്‍ പരിചയപ്പെടുന്ന കാലത്തുതന്നെ ലക്ഷപ്രഭുവായിരുന്നു അദ്ദേഹം.
1964 ല്‍ അതിലുണ്ടായിരുന്ന വീട്ടില്‍ ഞാന്‍ താമസിച്ചിരുന്നു. അതിനും മുമ്പ് മൂന്നുകൊല്ലത്തോളം അത് ഫാക്ടറി ആയി ഉപയോഗിച്ചിരുന്നു. 1965 ല്‍ ഞാന്‍ പള്ളിയുടെ അടുത്ത് ഒരു വീട് വെച്ചു താമസം മാറ്റിയപ്പോള്‍ ജോണിയേട്ടന്‍ ആ കെട്ടിടം പൊളിച്ചുകളഞ്ഞു. പിന്നീട് ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ആ സ്ഥലത്തിനായി ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ചെന്നു കണ്ടത്. കണ്ടപാടേ അദ്ദേഹം ചോദിച്ചു, ''എന്തെടോ ഹാശിം, കാലത്തേ വീട്ടില്‍ വന്നുകളഞ്ഞത്? ഞാന്‍ ഷോപ്പില്‍ വരുമായിരുന്നുവല്ലോ.'' ഞാന്‍ നേരെ കാര്യത്തിലേക്കു കടന്നു, ''ജോണ്യേട്ടാ, ആ കെട്ടിടം എന്തിനാണ് തകര്‍ത്തുകളഞ്ഞത്? ഇപ്പോള്‍ അവിടെ ഒരാള്‍ പൊക്കത്തില്‍ കാടുകയറിയിരിക്കയാണ്.''
''എടോ ഹാശിം, എറണാകുളത്തെക്കുറിച്ച് തനിക്കെന്തെറിയാം. അത് അങ്ങനെ വെച്ചുകൊണ്ടിരുന്നാല്‍ ഏതെങ്കിലും ഒരു ഓഫീസര്‍ ശുപാര്‍ശയുമായി വരും. അങ്ങനെ ആര്‍ക്കെങ്കിലും അതു വാടകയ്ക്കു കൊടുത്താല്‍ പിന്നെ അതു തിരിച്ചുകിട്ടണമെങ്കില്‍ ചുരുങ്ങിയത് ഒരു ഇരുപതു വര്‍ഷം കേസ് നടത്തണം. നിനക്ക് ഞാന്‍ അത് വാടകയ്ക്ക് തന്നത് തന്റെ കാശ് മോഹിച്ചല്ല. താന്‍ എന്റെ ആത്മസുഹൃത്തായതുകൊണ്ടല്ലേ.'' ഔപചാരികമായ തുടക്കം എന്ന നിലയില്‍ ഞാന്‍ ജോണ്യേട്ടനോടു പറഞ്ഞു, ''ആ സ്ഥലം കാടുകേയറി കടക്കുകയാണ്. അതൊന്നും ചെയ്യുന്നില്ലേ?''
അപ്പോള്‍ അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു, ''അതു വില്‍ക്കണം, പക്ഷേ, എനിക്കു നേരമില്ലെടോ. തന്റെ അറിവില്‍ വല്ല പാര്‍ട്ടിയുമുണ്ടോ? 4000 രൂപ സെന്റിന് കിട്ടിയാല്‍ കൊടുക്കാം. സെന്റിന് 100 രൂപ നിനക്കു കമ്മിഷന്‍ തരാം.''
ഞാന്‍ പറഞ്ഞു, ''എനിക്ക് കമ്മീഷന്‍ വേണ്ട. ജ്യോണിയേട്ടന്‍ അതില്‍നിന്ന് ഒരു പത്ത് സെന്റ് എനിക്കു തരുമോ? ഒരുകൊല്ലംകൊണ്ട് വില തന്നുതീര്‍ക്കാം.''
അയാള്‍ ഞെട്ടിപ്പോയി, ''തനിക്കെന്തിനാണടോ, താന്‍ അപ്പുറത്തെ റോഡില്‍ പത്ത് സെന്റ് വാങ്ങിയെന്ന് എന്നോടു പറഞ്ഞിരുന്നല്ലോ.''
''ജ്യോണിയേട്ടാ, അത് എനിക്ക് പുതിയ വീട് വെക്കാനാണ്. ഇവിടെ സാമൂഹികപ്രവര്‍ത്തനത്തിന് ഒരു സ്ഥാപനം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. സ്വന്തത്തിനു വേണ്ടിയല്ല. സോഷ്യല്‍വര്‍ക്കിനു വേണ്ടി ഒരു ചാരിറ്റി ട്രസ്റ്റ് തുടങ്ങാനാണ്. താങ്കള്‍ ഇത്തരം കുറേ സ്ഥാപനങ്ങള്‍ നടത്തുന്നില്ലേ, അതുപോലെ.''
''എടോ ഹാശിം, സമൂഹത്തിനു വേണ്ടി വല്ലതും പണിയുമ്പോള്‍ കുടുസ്സായി ചെയ്യരുത്. വിശാലമായി പണിയണം. അല്ലെങ്കില്‍ സമൂഹം നാളെ തന്നെ ശപിക്കും. താന്‍ ആ മുഴുവന്‍ സ്ഥലവും കൊണ്ടുപോയിക്കോ. 27 സെന്റ് ഉണ്ട്.''
''ജ്യോണിയേട്ടാ, അത്രയും സ്ഥലം എനിക്കു ഭാരമാകും.''
അപ്പോള്‍ ചോദിച്ചു, ''പത്ത് സെന്റിന്റെ കാശ് നിന്റെ വശമുണ്ടോ?''
''ഇല്ല, അതു ഞാന്‍ സുഹൃത്തുക്കളില്‍നിന്നു സംഭാവനയായി വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.''
''അപ്പോള്‍ 27 സെന്റിന്റെ പൈസയും സംഭാവനയായി പിരിക്കാന്‍ തനിക്കു കഴിയും.''
ജോണിയേട്ടന്റെ ഭാര്യ മറിയം ചേട്ടത്തിയും എനിക്കനുകൂലമായി ശുപാര്‍ശ ചെയ്തു, ''അത് അതിയാനു കൊടുത്തേര്.''
''എന്നാല്‍ നീ തന്നെ താക്കോല്‍ ഏല്പിച്ചു കൊടുക്ക്'' - ജോണ്യേട്ടന്‍ പറഞ്ഞു. അങ്ങനെ താക്കോല്‍ എന്റെ കൈയില്‍ തന്നു. ആ സ്ഥലത്തേക്ക് ചെറിയൊരു ഗേറ്റുണ്ടായിരുന്നു - അതിന്റെ താക്കോല്‍.
താക്കോല്‍ കൈയില്‍ വെച്ചുതന്നിട്ടു പറഞ്ഞു, ''പണം പിരിഞ്ഞുകിട്ടുമ്പോള്‍ തന്നാല്‍ മതി. താന്‍ കൊണ്ടുപോയി എന്തെങ്കിലുമൊക്കെ ചെയ്യ്. എനിക്കു നേരമില്ല. ഹാശിം (ധൈര്യമായി) പൊയ്‌ക്കോ.''
ഞാന്‍ അതിശയപ്പെട്ടുപോയി. ഇത്ര ഹൃദയവിശാലതയുള്ള ഒരു മനുഷ്യനാണ് അദ്ദേഹമെന്നു ഞാന്‍ കരുതിയിരുന്നില്ല. അത് അല്ലാഹുവില്‍നിന്നുള്ള ഒരു നിയോഗമായിരുന്നു.
ഒന്നരക്കൊല്ലം കൊണ്ടാണ് കാശു കൊടുത്തുതീര്‍ത്തത്. ആലുവ ടി.കെ. മുഹമ്മദിന്റെ മകന്‍ മുഹമ്മദലിയുടെ കൈവശമാണ് അവസാനത്തെ ഗഡുവരെ കൊടുത്തയച്ചത്. ആളുകള്‍ നിരീക്ഷിക്കുന്നത് ഒഴിവാക്കാനാണ് അപ്രകാരം ചെയ്തത്. ആ ടി.കെ.യെ പ്രതിയാണ് താന്‍ കേരളത്തിലുടനീളം നടന്ന് പത്ത് ലക്ഷം ഉറുപ്പിക പിരിച്ചുണ്ടാക്കി ഇസ്‌ലാമിക് സെന്റര്‍ പണിതെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനം വാരിക കളവു പറഞ്ഞത്. ഈ എല്ലാ വിവരവും അറിയാവുന്ന മകന്‍ മുഹമ്മദലി, ഉമ്മയോടു പറഞ്ഞിട്ടുണ്ടാവില്ലേ? ''ഉമ്മാ, നമ്മുടെ പാര്‍ട്ടി എത്രയാണ് അധപ്പതിച്ചത്.'' വാരികയിലെ ഈ വരികള്‍ എത്ര നീചവും നിന്ദ്യവുമായ കളവാണ് എന്നു ചൂണ്ടിക്കാണിച്ച് മുഹമ്മദലി അതു തിരുത്താന്‍ ബാധ്യസ്ഥനായിരുന്നു, ''ജോണിയേട്ടന്റെ മുഴുവന്‍ പൈസയും ഹാജി എന്റെടുത്തല്ലേ തന്നത്? ഞാനല്ലേ പലപ്പോഴായി അതു മുഴുവന്‍ കൊണ്ടുപോയി കൊടുത്തത്?''
ഇപ്പോള്‍ ബാപ്പെയെക്കുറിച്ച് ആക്ഷേപമെഴുതി എന്നു പറഞ്ഞ് എന്നോടു പരാതിപ്പെട്ടപ്പോള്‍ ബാപ്പായുടെ നുണ സ്വയം തന്നെ തിരുത്തേണ്ട സമയത്ത് തിരുത്താതിരുന്നതിന് എനിക്ക് അയാളോടു കടുത്ത സ്വരത്തില്‍ ദേഷ്യപ്പെടേണ്ടിവന്നു.
എന്റെ മനസ്സിലുണ്ടായിരുന്ന ആവശ്യത്തിന് അഞ്ച് സെന്റേ വേണ്ടൂ, ഇവിടെ ഈ ഇതുപത്തേഴ് സെന്റില്‍ ചെറിയ ഒരു ഓഫീസ് പണിതാല്‍ അതു ബോറാകില്ലേ? ഞാന്‍ ചിന്തിച്ചു. (ഇപ്പോള്‍ നാല്പത് ലക്ഷം രൂപയാണ് ഇവിടെ സെന്റിനു വില) അതിനു കുറച്ചകലെ എട്ട് സെന്റ് 3500 രൂപക്ക് അന്ന് സ്ഥലം കിട്ടാനുണ്ടായിരുന്നു. അതും ഞാന്‍ തന്നെയാണ് വാങ്ങിയത്. പക്ഷേ, അത് നേരത്തേ പറഞ്ഞ പള്ളിയുടെ വളരെ അടുത്തായിപ്പോയി. അതുകൊണ്ടാണ് അതു വേണ്ടെന്നുവെച്ചത്. ഇസ്‌ലാമിക് സെന്റെറിനുവേണ്ടി ആ ഇതുപത്തേഴ് സെന്റ് വാങ്ങിയത് ജോണിയേട്ടന്‍ തന്നതുകൊണ്ടുമാത്രമാണ്.
ഞാന്‍ സുഹൃത്തുക്കളുമായി കൂടിയാലോചിച്ചപ്പോള്‍ അവിടെ ഒരു ഇസ്‌ലാമിക കേന്ദ്രം പണിയാമെന്ന ധാരണയിലെത്തി. ആ സമയത്താണ് ടൊറൊണ്ടോയിലെ ടി.കെ. ഇബ്‌റാഹീം സാഹിബ് കൊച്ചിയില്‍ വന്നത്. അദ്ദേഹം കൊച്ചിയില്‍ വന്നാല്‍ രണ്ടുദിവസം എന്റെ കൂടെ താമസിച്ചശേഷമാണ് തിരിച്ചുപോവുക. അദ്ദേഹം ടൊറണ്ടോയില്‍ പണിത ഇസ്‌ലാമിക് സെന്റെറിന്റെ ചിത്രം എനിക്കു വരച്ചുകാണിച്ചു തന്നു. കനഡയിലെതുപോലെ ഒരു ഇസ്‌ലാമിക് സെന്റര്‍ ഇവിടെയും പണിയണമെന്ന് എനിക്കു തോന്നിയതിനു നിമിത്തമായത് അതാണ്. ഉടനേ എന്റെ മനസ്സ് അത്തരമൊരു സെന്റര്‍ ഈ ഇരുപത്തേഴ് സെന്റ് സ്ഥലത്ത് പണിതുയര്‍ത്തുന്നതിനെ സംബന്ധിച്ച സ്വപ്‌നത്തില്‍ മുഴുകി. ഈ ആശയം അദ്ദേഹത്തോടു തന്നെയാണ് ഞാന്‍ ആദ്യം വ്യക്തമാക്കിയതും. അതിനൊടുവിലാണ് ഇപ്പോഴത്തെ സെന്ററിന്റെ ഒരു കരടുപ്ലാന്‍ അദ്ദേഹംതന്നെ ഒരു വെള്ളക്കടലാസ്സില്‍ വരച്ചുതന്നത്. അതിന്റെ അപ്പുറത്തേക്കൊന്നും ഞാന്‍ ചിന്തിച്ചില്ല - ഇത്രയും തുക എനിക്കെവിടെനിന്നാണ് കിട്ടുക?
ടി.കെ. ഇബ്‌റാഹീം വിവരിച്ചുതന്ന ആശയം എനിക്കു നല്ലതായി തോന്നി. പ്രെയര്‍ ഹാള്‍, പ്രീച്ചിങ് സെന്റര്‍, ലൈബ്രറി, ചുറ്റും വരുമാനത്തിനായി വലിയൊരു ഹോസ്റ്റല്‍, താഴെ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ ചെലവു നടത്താന്‍ കടമുറികള്‍ - എല്ലാം കൂടി പണിയണമെന്നായിരുന്നു മോഹം.
ഇതെല്ലാം മനസ്സില്‍ കരുതി ഞാന്‍ കണ്ണൂരില്‍ പോയി എന്റെ മൂത്തച്ചന്‍ എന്‍ജിനിയര്‍ മര്‍ഹൂം പി.കെ. മഹ്മൂദ് സാഹിബിന്റെ അടുത്തുപോയി എന്റെ സ്ഥലത്തിന്റെ സര്‍വ്വേ സ്‌കെച്ച് കാണിച്ചുകൊടുത്തു. അദ്ദേഹം ഉടനേ എന്നോടു ചേദിച്ചു, ''ഇവിടെ ഒരു പള്ളിയല്ലേ നല്ലത്?''
ഞാന്‍ പറഞ്ഞു, ''തൊട്ടടുത്ത് ഒരു പള്ളിയുയുണ്ട്. അതിനടുത്ത് മറ്റൊന്നുകൂടി ആകുമ്പോള്‍ അതു ഫിത്‌ന ആയിപ്പോകും. സെന്റര്‍ ആകുമ്പോള്‍ അത് എല്ലാ വിഭാഗത്തിനും സ്വീകാര്യമാകുമല്ലോ.'' ഏതാനും ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം എന്നെ വിളിച്ചു. ഇപ്പോള്‍ എറണാകുളത്തു കാണുന്ന ഇസ്‌ലാമിക് സെന്ററിന്റെ പ്ലാനും ഡിസൈനും ഒക്കെ ഏല്‍പ്പിച്ചുതന്നു. നിര്‍മ്മാണത്തിനു വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ തരാമെന്നും മേല്‍നോട്ടം വഹിക്കാമെന്നും വാക്കുപറഞ്ഞു. 'അതിനുമാത്രം തുക നിനക്ക് എവിടെനിന്നുകിട്ടും' എന്ന് അദ്ദേഹവും ചോദിച്ചില്ല!
അദ്ദേഹം കണ്ണൂര്‍ ഗവ. പോളിടെക്‌നിക് പ്രിന്‍സിപ്പലായിരുന്നു. 2020 ഡിസംബറിലാണ് അദ്ദേഹം മരണപ്പെട്ടത്. വളരെയേറെ കഴിവുള്ള ഒരു മനുഷ്യനായിരുന്നു. കൊച്ചിയില്‍തന്നെയും അദ്ദേഹത്തിന്റെ പ്ലാനിലും മേല്‍നോട്ടത്തിലും 11 കെട്ടിടങ്ങള്‍ ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ മദീനാ മസ്ജിദ് അടക്കം നാലുപള്ളികളും ഉള്‍പ്പെടും. എന്റെ വീടും പള്ളിക്കു സമീപത്തുള്ള ഹോസ്റ്റല്‍ കെട്ടിടവും അദ്ദേഹത്തിന്റെ പ്ലാനനുസരിച്ചാണ് പണിതത്. അദ്ദേഹം സെന്ററിന്റെ പ്ലാന്‍ വളരെ ഭംഗിയായി വരച്ചുതന്നു. മൂന്നു നിലയേയുള്ളൂ. അങ്ങനെയാണ് അതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. അതുമായി ഞാന്‍ കോഴിക്കോട്ടെ ജമാഅത്തെ ഇസ്‌ലാമി കേരള അമീറിനെ ചെന്നുകണ്ടു. അന്ന് കുറ്റ്യാടി സ്വദേശി ടി.കെ. അബ്ദുല്ലയായിരുന്നു അമീര്‍. അദ്ദേഹം സന്തോഷത്തോടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. രൂപ 1, 2, 5, 10 ന്റെ കൂപ്പണ്‍ അച്ചടിച്ച് ഹല്‍ഖാതലത്തില്‍ പിരിവു നടത്തി ഫണ്ട് സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞു.
അതേ മാസം ഡല്‍ഹിയില്‍ അഖിലേന്ത്യാ സമ്മേളനത്തിനു പോയപ്പോള്‍ അമീര്‍ താല്‍പര്യപ്പെട്ട പ്രകാരം എല്ലാ വിശദാംശങ്ങളോടെയും സെന്റര്‍ നിര്‍മ്മാണത്തിന്റെ ബ്രോഷറും പ്രോജക്ട് റിപ്പോര്‍ട്ടും മറ്റുമെല്ലാം സ്‌നേഹിതന്‍ ടികെ. ഇബ്‌റാഹീം സാഹിബിനെ ഏല്പിച്ചു. ടി.കെ. ഇബ്‌റാഹീമും മൊയ്തു മൗലവിയും വിദേശത്ത് ജമാഅത്തിന്റെ പിരിവിനു പോകുന്നുണ്ട്. കൂട്ടത്തില്‍ ഇസ്‌ലാമിക് സെന്ററിനു വേണ്ടിയും ശ്രമിക്കാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍. ഞാന്‍ തെക്കോട്ടും വടക്കോട്ടുമൊക്കെ യാത്ര ചെയ്തു ട്രസ്റ്റ് മെമ്പര്‍മാരില്‍നിന്നും ചില സുഹൃത്തുക്കളില്‍ നിന്നുമൊക്കെയായി 50,000 രൂപ സംഘടിപ്പിച്ചു. നാലോ അഞ്ചോ തവണയായി അതു ജോണ്യേട്ടനു കൊടുത്തയച്ചു. (അന്നത് ഇന്നത്തെ കോടികളുടെ മൂല്യം മതിക്കുന്ന സംഖ്യയായിരുന്നു. ഒറ്റയടിക്ക് കൊടുത്തയക്കാന്‍ പാടില്ല. ഇന്‍കം ടാക്‌സ് പിടിക്കും. അതിനാലാണ് ഗഡുക്കളായി കൊടുത്തയച്ചത്.) ആ ഘട്ടത്തില്‍ 1975ല്‍ തന്നെ സെന്ററിന്റെ നിര്‍മ്മാണവും തുടങ്ങി.
തുടക്കത്തില്‍ മുഹമ്മദ് മൗലവിയും മൊയ്തീന്‍ ഇരുമ്പുഴിയുമാണ് മേല്‍നോട്ടം വഹിച്ചിരുന്നത്. 1975 സെപ്തംബറിലോ ഒക്‌ടോബറിലോ ആലുവ ടി.കെ. മുഹമ്മദ്, സെന്റര്‍ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തപ്പോള്‍ അവര്‍ രണ്ടുപേരെയും ഒഴിവാക്കി.
1975 മാര്‍ച്ചിലോ ഏപ്രിലിലോ കുവൈത്തില്‍നിന്ന് മൊയ്തു മൗലവിയും ടി.കെ. ഇബ്‌റാഹീമും ഗള്‍ഫ് നാടുകളില്‍ പിരിവെടുത്ത വകയില്‍ ഏല്‍പ്പിച്ചതെന്നു പറഞ്ഞു രണ്ടര ലക്ഷം രൂപയുടെ ഡി.ഡി. മര്‍ഹൂം കെ.എം. രിയാലു സാഹിബ് അയച്ചുതന്നു. (അദ്ദേഹം - കെ.എം. രിയാലു സാഹിബ് - ഈയിടെയാണ് മരണപ്പെട്ടത്. അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ). അതില്‍ ഒരു ലക്ഷം രൂപ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ അഹദ് തങ്ങള്‍ പ്രബോധനം വാരികയുടെയോ മറ്റോ ആവശ്യത്തിലേക്കു കടം വാങ്ങി. ആ തുക ഇപ്പോഴും ഇസ്‌ലാമിക് സെന്ററിനു തിരിച്ചുകിട്ടിയിട്ടില്ല. (സംഭവം താഴെ വിശദമായി വരുന്നുണ്ട്) അതു കിട്ടിയപ്പോള്‍ ജോണിയേട്ടന്റെ ബാക്കി തുകയും കൊടുത്തു ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്തി.
ആ ഘട്ടത്തില്‍ കെ.എന്‍. അബ്ദുല്ല മൗലവി സെന്ററിന്റെ നേരത്തേ സൂചിപ്പിച്ച കൂപ്പണ്‍ വില്‍പന ഹല്‍ഖകളില്‍ തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞു. (കൂടുതല്‍ വിവരം അതാതു സന്ദര്‍ഭങ്ങളില്‍ അന്യത്ര).
1975 ല്‍ ജൂണ്‍മാസം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സംഘടന നിരോധിക്കപ്പെട്ടു. പ്രവര്‍ത്തകരില്‍ ചിലര്‍ ജയിലിലും ബാക്കിയുള്ളവര്‍ ഒളിവിലും പോയി. അതോടെ ആ കൂപ്പണ്‍വില്‍പനയും നിലച്ചു. ഞാന്‍ പ്രതിസന്ധിയിലായി. പക്ഷേ, തോറ്റുകൊടുക്കാന്‍ മനസ്സുവന്നില്ല. കടകളുടെ വരുമാനമെടുത്തും കിട്ടാവുന്നിടത്തുനിന്നൊക്കെ നിര്‍മ്മാണ സാമഗ്രികള്‍ കടം വാങ്ങിയും സെന്ററിന്റെ പണിതുടര്‍ന്നു.
അന്നുതൊട്ട് തുടര്‍ച്ചയായി എട്ട് കൊല്ലം കഠിനപരിശ്രമം ചെയ്താണ് നാലു നിലയുള്ള ഇസ്‌ലാമിക് സെന്റര്‍ പൂര്‍ത്തിയാക്കിയത്. എന്റെ ജീവിതത്തിലെ 8 കൊല്ലം. ആ 8 കൊല്ലം കൊണ്ട് എന്റെ ബിസിനസ് 100 ശതമാനത്തില്‍നിന്ന് 20 ശതമാനമായി (അഞ്ചിലൊന്നായി) കുറഞ്ഞു.
രാപ്പകല്‍ അധ്വാനവും ചിന്തയും. എനിക്കൊരു താങ്ങായി, അതിനോട് സഹകരിക്കുന്നവരായി മറ്റാരുമുണ്ടായിരുന്നില്ല. സജീവ സംഘടനാ ബന്ധങ്ങളൊന്നുമില്ലാത്ത ധാരാളം സുഹൃത്തുക്കളും ജമാഅതെ ഇസ്‌ലാമിയുടെ ധാരാളം പ്രവര്‍ത്തകരും നേതാക്കളുമെല്ലാം എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും എന്നെ പ്രോത്സാഹിപ്പിക്കുന്നവരുമൊക്കെയായി പുറത്തുണ്ടായിരുന്നു. എന്നാല്‍ കാശ് മുടക്കാനോ അതിനുവേണ്ടി പിരിവ് നടത്താനോ അധ്വാനിക്കാനോ ഒന്നും ആരുമില്ല.
ജമാഅതെ ഇസ്‌ലാമിയും അവരെക്കൊണ്ടാവും വിധം ഇതില്‍ സഹകരിക്കാമെന്ന് ടി.കെ. അബ്ദുല്ല അമീറായിരുന്ന കാലത്ത് വാക്കൊക്കെ തന്നതായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ, അതുപ്രകാരം കുറച്ചു കൂപ്പണ്‍ അടിച്ച് കേരളത്തിലെ വിവിധ ഹല്‍ഖകളിലേക്കയക്കുകയും ചെയ്തു എന്നും ചില "പ്രസ്ഥാനബന്ധു"ക്കളുടെ ഫോണ്‍വിളികളിലൂടെ അറിയാന്‍ കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജമാഅതെ ഇസ്‌ലാമി നിരോധിക്കപ്പെട്ടതോടെ അവരുടെ ഭാഗത്തുനിന്ന് മേലിലും ഒന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായി.
ഹല്‍ഖകളില്‍നിന്നു പിരിഞ്ഞുകിട്ടിയ കുറച്ചു സംഖ്യ അക്കാലത്തു സെന്ററിനു വേണ്ടി രൂപംകൊടുത്ത ഇശാഅത്തുദ്ദീന്‍ ട്രസ്റ്റിന്റെ ട്രഷറര്‍ പി.എ. സൈദു മുഹമ്മദ് ഹാജിയുടെ കൈവശം എത്തിയതായി ചിലര്‍ എനിക്കു വിവരം തന്നു. അടിയന്തരാവസ്ഥയില്‍ അദ്ദേഹം ജയിലിലായതോടെ സെന്ററിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് അദ്ദേഹം സ്വയം ഒഴിവാകുകയും ചെയ്തു. എന്നാല്‍ ആ തുക എത്രയാണെന്ന് ആരും എന്നോട് പറഞ്ഞില്ല. നിരോധനം പിന്‍വലിച്ചപ്പോള്‍ പ്രസ്തുത തുക കിട്ടിയ കാര്യം നിരന്തരമായ ചോദ്യങ്ങള്‍ക്കു ശേഷം "പോലീസുകാര്‍ വീട് റെയ്ഡ് ചെയ്യാന്‍ വന്നപ്പോള്‍ ഈ തുകയെല്ലാം കൂടി ഒരു കടലാസ്സില്‍ ചുരുട്ടിക്കെട്ടി അട്ടത്തേക്കു വലിച്ചെറിഞ്ഞു" എന്നാണ് അദ്ദേഹം ഒരു സദസ്സില്‍ പറഞ്ഞത്. നിരോധനം പിന്‍വലിച്ചശേഷം അതു കുറേ തിരഞ്ഞുനോക്കിയെങ്കിലും കണ്ടുകിട്ടിയില്ലത്രെ. ഈയിടെ അന്തരിച്ച മര്‍ഹൂം പുളിക്കല്‍ ഹുസൈന്‍ മുഖേന ഞാന്‍ അതില്‍ ഒരു മധ്യസ്ഥതാ തീരുമാനത്തിലെത്തി. അയ്യായിരം രൂപ സെന്ററിന്റെ നിര്‍മ്മാണച്ചെലവിലേക്കായി തരിക. ഹല്‍ഖകളില്‍നിന്നു പിരിഞ്ഞുകിട്ടിയ കലക്ഷന്‍ എന്നു പറഞ്ഞു ഞാന്‍ അതിന്റെ റസീപ്റ്റും തരാം. പക്ഷേ, ഇന്നുവരെയും ആ തുകപോലും കിട്ടിയിട്ടില്ല. ഇസ്‌ലാമിക് സെന്റര്‍ നിര്‍മ്മാണത്തില്‍ ജമാഅതെ ഇസ്‌ലാമിയുടെ നേരിട്ടുള്ള പങ്കിന്റെ കഥയാണിത്.
പ്രസ്ഥാനത്തിലുള്ള ചിലരും അല്ലാത്തവരുമായി ചില അത്യാവശ്യം ഘട്ടങ്ങളില്‍ പലരും എന്നെ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ടി.കെ. ഇബ്‌റാഹീം തന്നെ നാല്‍പതിനായിരം രൂപ ഇതിന്റെ ചെലവിലേക്കായി അയച്ചുതന്നു. ജമാഅതെ ഇസ്‌ലാമി അമീര്‍ മുഖേനയാണ് ആ കാശ് അയച്ചുതന്നത്. സെന്റര്‍ പണിയാനുള്ള ബാക്കി തുക മുഴുവന്‍ എനിക്കു പരിചയമുള്ള ആളുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടം വാങ്ങിയിട്ടാണ് പണിതീര്‍ത്തത്.
എന്റെ പ്രയാസങ്ങള്‍ നേരിട്ടു ബോധ്യപ്പെട്ട മൊറയൂര്‍ എം.വി. മുഹമ്മദ് സലീം മൗലവി, കെ.കെ. മുഹമ്മദ് ഇസ്വ്‌ലാഹി, കെ.എം. രിയാലു, ടി.കെ. അബ്ദുല്ല, ഒ. അബ്ദുല്ല, എ.ഐ.അല്ലാഭക്ഷ്, കെ.കെ. മൊയ്തീന്‍, പി.പി. ഹുസൈന്‍, ടി.എ. മുഹമ്മദ് മൗലവി (ചായപ്പൊടി മൗലവി, മാള) തുടങ്ങിയവരെല്ലാമാണ് എന്നെ വ്യക്തിപരമായി പ്രോത്സാഹിപ്പിച്ചത്. പ്രസ്ഥാനം അംഗങ്ങളുടെ 'കോഴിമുട്ട' വിറ്റ പൈസയെ എന്തുകൊണ്ടോ അല്ലാഹു സെന്ററിന്റെ നിര്‍മ്മാണത്തിനുപയോഗിക്കുന്നതില്‍നിന്ന് അകറ്റിനിര്‍ത്തി. അതിന്റെ യുക്തിയും പൊരുളും അല്ലാഹുവിനു മാത്രമേ അറിയൂ. അപ്പോഴേക്കും ഒന്നര ലക്ഷത്തോളം രൂപ എനിക്കു കടമായി. ഇതിലേക്കുവേണ്ടി ഒരു സോവനീര്‍ അനൗണ്‍സ് ചെയ്യുകയും എന്റെ സ്വാധീനം ഉപയോഗിച്ചു ഡല്‍ഹിയിലും ബോംബെയിലും കൊല്‍ക്കൊത്തയിലും മദിരാശിയിലുമുള്ള എന്റെ കസ്റ്റമേഴ്‌സില്‍ നിന്ന് വലിയൊരു തുകയുടെ പരസ്യം ശേഖരിക്കുകയും അങ്ങനെ കുറച്ചു രൂപ സമാഹരിക്കുകയും ചെയ്തു. അപ്പോഴും കടം വീടിയില്ല.
പിന്നെയും കടം ബാക്കിനിന്നപ്പോള്‍ ഞാന്‍ ഖത്തറിലേക്കു പോകുകയും (1980) അവിടെ നേരത്തേ പേരു സൂചിപ്പിച്ച എം.വി. മുഹമ്മദ് സലീം മൗലവിയെ കാണുകയും അദ്ദേഹത്തോട് ഇക്കാര്യമുണര്‍ത്തുകയും ചെയ്തു.
''ഹാജീ, അറബികള്‍ക്ക് യതീംഖാന, പള്ളി എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാവും, എന്നാല്‍ മര്‍കസ് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അതിനാല്‍ നിങ്ങളുടെ കാര്യം അത്രയെളുപ്പം നടക്കാന്‍ സാധ്യതയില്ല.''
എങ്കിലും അദ്ദേഹം അവിടത്തെ മതകാര്യവകുപ്പ് തലനായ ഖാളീ മഹ്മൂദിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. അദ്ദേഹം കൂടുതല്‍ വിശദീകരണമൊന്നും ചോദിച്ചില്ല. വേഗം 50,000 രിയാലിന്റെ ചെക്ക് എഴുതിത്തന്നു. അന്നത് 1,12,000 രൂപക്കുണ്ടായിരുന്നു.
വരുന്ന വഴിക്ക് സലീം മൗലവി ചോദിച്ചു, ''ഹാജീ, 1974 ല്‍ ടി.കെ. ഇബ്‌റാഹീം വന്നപ്പോള്‍ അദ്ദേഹം 5 ലക്ഷം രൂപയുടെ ചെക്ക് സെന്റര്‍ നിര്‍മ്മാണത്തിനു കൊടുത്തയച്ചിരുന്നല്ലോ. ഞാന്‍ പറഞ്ഞു, ''എനിക്ക് കിട്ടിയില്ല. ടി.കെ. ഇബ്‌റാഹീം വക എനിക്ക് കിട്ടിയത് (രണ്ടര ലക്ഷത്തില്‍നിന്ന് ഒരു ലക്ഷം തങ്ങള്‍ കടംവാങ്ങിയതിന്റെ ബാക്കി) ഒന്നര ലക്ഷം രൂപമാത്രമാണ്.''
''എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ട.'' സലീം മൗലവി കൂടുതല്‍ വിശദീകരിച്ചതുമില്ല, ഞാന്‍ ചോദിച്ചതുമില്ല. അന്നൊന്നും സലീം മൗലവിയുടെ സംസാരത്തില്‍നിന്നു സൂചന ലഭിച്ച പള്ളിക്കുള്ളിലെ ഈ കിണറുകളെക്കുറിച്ചറിയാത്തതിനാല്‍ ഞാന്‍ കൂടുതല്‍ അന്വേഷിക്കാനൊന്നും പോയില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നട്ടെല്ലിലൂടെ ഒരു വിറയല്‍ പായുന്നു: സെന്ററിന്റെ പേരില്‍, പ്രസ്ഥാന തലത്തിലും അല്ലാതെയും ലോകവ്യാപകമായി വന്‍തുകയുടെ പിരിവു നടന്നിട്ടുണ്ടാവാം. പക്ഷേ, അത് സെന്ററിന് കിട്ടിയിട്ടില്ല. എന്നോടാരും കിട്ടിയ കണക്കു പറഞ്ഞിട്ടുമില്ല. ആരും എന്റെ കൈയില്‍ തന്നിട്ടുമില്ല. സെന്റര്‍ നിര്‍മ്മാണത്തിലേക്ക് കിട്ടിയ ഓരോ നാണയത്തുട്ടിന്റെയും കണക്കുകള്‍ വരെ ഇപ്പോഴും എന്റെ പക്കലുണ്ട്. സെന്റര്‍ നടത്തുന്ന ട്രസ്റ്റിന്റെ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുകളിലും അവയില്‍ (സാങ്കേതികമായി) ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്നവ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. അല്ലാത്തവയുടെ കണക്കും അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. ആര്‍ക്കും അവ ഇസ്‌ലാമിക് സെന്ററില്‍ നേരിട്ടു ചെന്ന് പരിശോധിക്കാം.
സ്വാഭാവികമായും മേല്‍പറയപ്പെട്ട വിധം വന്‍തുകയുടെ പിരിവു നടത്തിയവര്‍ക്ക് സെന്റര്‍ പാര്‍ട്ടിയുടെതാണെന്നു വരുത്തിത്തീര്‍ക്കേണ്ട ബാധ്യതയുണ്ടാകുമല്ലോ. അല്ലെങ്കില്‍ അണികള്‍ അവരുടെ കഴുത്തിനു പിടിച്ചുചോദിക്കും. അതുകൊണ്ടാവാം പ്രബോധനം വാരിക ആലുവ ടി.കെ.യെ തന്റെ വ്യാജ ഡയരിക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ 'സെന്റര്‍ നിര്‍മ്മാതാവാ'യി അവതരിപ്പിച്ചത്. അത്തരമൊരു കള്ളക്കഥയില്‍ ഈ പാവം സാധു ഹാശിം ഹാജിക്ക് എവിടെ സ്ഥാനം!
ആറര ലക്ഷം രൂപയാണ് സെന്റര്‍ നിര്‍മ്മാണത്തിനും സ്ഥലത്തിനും കൂടി ആകെ ചെലവായത്. അതിലേക്ക് 10 ലക്ഷം രൂപ ആലുവ ടി.കെ. മാത്രം പിരിച്ചുവെന്നാണ് പ്രബോധനം വാരികയിലെ കഥാകൃത്ത് പറയുന്നത്. ഇപ്പോള്‍ ഞാന്‍ ഉറപ്പായും വിചാരിക്കുന്നു: പിരിവ് വന്‍തോതില്‍ നടന്നിട്ടുണ്ടാവണം. സലീം മൗലവിയുടെ അന്നത്തെ സംസാരത്തില്‍ നിന്നു ലഭിച്ച സൂചന (അഞ്ചുലക്ഷം കൊടുത്തയച്ചിരുന്നുവല്ലോ എന്നത്) ഈ സംശയത്തെ ബലപ്പെടുത്തി അടിവരയിടുന്നതുമാണ്. അങ്ങനെയെങ്കില്‍ നാം വിചാരിക്കാത്ത എവിടെയൊക്കെയോ അതിന്റെ 'പച്ചപ്പുകള്‍' തളിര്‍ത്തു പന്തലിച്ചുകാണുകയും ചെയ്യും...
...ഞാന്‍ വിടുന്നു, കണക്കു നോക്കേണ്ട ബാധ്യത അല്ലാഹുവിനാണ്. പരലോകത്തെ വിചാരണക്ക് 50,000 കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിവസം അല്ലാഹു നിശ്ചയിച്ചതു വെറുതെയല്ല. ഇത്തരം 'മാഹാത്മാക്കള്‍' ചെയ്തുകൂട്ടിയതും അതിന്റെയൊക്കെ അനര്‍ത്ഥങ്ങളും വിചാരണ ചെയ്ത് അവരെ ബോധ്യപ്പെടുത്തി അവരെ അവരര്‍ഹിക്കുന്ന 'സ്വര്‍ഗ'ത്തിലോട്ടു കേറ്റിവിടാന്‍ ഈ സമയം തന്നെ മതിയാകുമോ എന്നാണ് സംശയം. അല്ലാഹുവിന് അവന്റെതായ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളും വിചാരണ സംവിധാനങ്ങളുമുണ്ടായിരിക്കാം. അല്ലാഹു അഅ്‌ലം.
അപ്പോള്‍ തന്നെ ഞാന്‍ മൗലവിയോടു പറഞ്ഞു, ''നാളെ രാവിലെത്തന്നെ ഞാന്‍ തിരിച്ചുപോകും.''
അദ്ദേഹം അത്ഭുതത്തോടെ കാര്യം തിരക്കി. ''ഇവിടമെല്ലാം കണ്ടിട്ട് പോയാല്‍ പോരേ?''
''ഒന്നും കാണേണ്ട. ഇതൊക്കെ പിന്നീട് വന്ന് കാണാമല്ലോ. അതിനാല്‍ നാളെ രാവിലേക്കു തന്നെ ടിക്കറ്റ് ഒ.കെ. ആക്കണം. കട നാലും തുറന്നുവെച്ചല്ലേ ഞാന്‍ വന്നത്. ഷട്ടര്‍ താഴ്ത്തണമെങ്കില്‍ ഞാന്‍ അവിടെ എത്തണം. ഒരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്.''
അതിനു പുറമേ, കെ.കെ. മുഹമ്മദ് ഇസ്‌ലാഹി മുഖേന പതിനായിരം രിയാല്‍ അവിടത്തെ (ഖത്തര്‍) ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദും സംഭാവന ചെയ്തു. വേറെയും ഒന്നുരണ്ടാളുകള്‍ ആയിരവും രണ്ടായിരവും രിയാല്‍ സംഭാവന ചെയ്ത വകയില്‍ എനിക്ക് സുമാര്‍ ഇരുപത്തിഅയ്യായിരത്തോളും രൂപ നേരത്തേ പറഞ്ഞ തുകക്കു പുറമേ കിട്ടിയിട്ടുണ്ടാവും. അതിന്റെയെല്ലാം വൈയക്തികമായ കണക്ക് കെ.കെ. മുഹമ്മദ് ഇസ്‌ലാഹിയുടെ കൈയിലാണുള്ളത്. മൊത്തത്തിലുള്ള കണക്ക് സെന്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. അതാണ് എനിക്കു പുറത്തുനിന്നു കിട്ടിയ "കലക്ഷന്‍."
ഞാന്‍ ഖത്തറില്‍ പോയതും ദുബൈയില്‍ പോയതും എന്റെ മാത്രം ചെലവിലാണ്. ടിപ്‌ടോപ്പിന്റെ വിസക്കാണ് ഞാന്‍ ദുബൈയില്‍ പോയി ഇറങ്ങിയത്. സലീം മൗലവിയുടെ വിസക്കാണ് ഖത്തറില്‍ പോയത്. അന്ന് വിസക്കൊന്നും ഇന്നത്തെപ്പോലെ പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇസ്‌ലാമിക് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പില്‍ക്കാലത്ത്, ആ സെന്റര്‍ ജമാഅത്തെ ഇസ്‌ലാമിയുടെതാണെന്ന് അവകാശപ്പെട്ട് 2009 മെയ് മാസത്തില്‍ പ്രബോധനത്തില്‍ ഒരു ഫീച്ചര്‍ എഴുതി. പരേതനായ ആലുവ ടി.കെ. മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഡയരിയില്‍നിന്നു പകര്‍ത്തിയത് എന്നും പറഞ്ഞാണ് ഈ ഫീച്ചര്‍ ചമച്ചത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയേറെ ആശയക്കുഴപ്പത്തിലായ ഒരു ദിവസമുണ്ടായിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പരമോന്ന നേതാക്കന്മാര്‍ക്ക് ഇതെങ്ങനെയാണ് കഴിയുന്നത്?
''മന്‍ കാന യുഅ്മിനു ബില്ലാഹി വല്‍ യൗമില്‍ ആഖിരി... എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണല്ലോ അവരൊക്കെ. എന്നെക്കാളൊക്കെ വളരെ ഉപരിയായ മര്‍തബയില്‍ എത്തിനില്‍ക്കുന്ന കൂട്ടരല്ലേ അവര്‍. ഞാന്‍ ജീവിച്ചിരിക്കെ എങ്ങനെയാണവര്‍ക്ക് ഈ പച്ചക്കള്ളം എഴുതാന്‍ കഴിഞ്ഞത്. അതും ഇതിനെല്ലാം സാക്ഷിയായ ആലുവ ടി.കെ. മുഹമ്മദിന്റെ മകന്‍ മുഹമ്മദലിയും ജീവിച്ചിരിക്കെ?
എന്റെ എതിര്‍ശബ്ദം എത്താവുന്ന ഉച്ചത്തില്‍ ഞാന്‍ എത്തിച്ചു. ചെറുപ്പത്തില്‍ പഠിച്ച ഈ ഐതിഹ്യമാണ് അപ്പോള്‍ ഓര്‍മ്മവന്നത്. പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടാക്കിയത് എന്ന ഒരു കെട്ടുകഥയുണ്ടല്ലോ. അതു പാഠപുസ്തകത്തില്‍ വായിച്ചപ്പോള്‍ എന്റെ ഉമ്മ എന്നെ തല്ലി, ''അത്തരം നുണക്കഥകളൊന്നും ഇവിടെ വായിക്കരുത്.'' അതേ ഐതിഹ്യാടിസ്ഥാനത്തിലാവാം പരേതനായ ആലുവാ ടി.കെ.യെ സ്യൂട്ട് ധരിപ്പിച്ച് അദ്ദേഹം പിരിവെടുത്താണ് ഇസ്‌ലാമിക് സെന്ററുണ്ടാക്കിയത് എന്നു ജമാഅത്തെ ഇസ്‌ലാമി നുണ പ്രചരിപ്പിക്കുന്നത്. അവരോട് അന്നെനിക്കുണ്ടായ പുച്ഛം ഇപ്പോഴും എന്റെ മനസ്സില്‍ അങ്ങനെത്തന്നെ നിലനില്‍ക്കുന്നു. ഇതിലുമെത്രയോ ഭേദമാണ് തമിഴ്‌നാട്ടിലെ ഭാരവണ്ടി വലിക്കുന്ന നായ്ക്കന്മാര്‍. മദിരാശിയില്‍ അഞ്ചുകൊല്ലം അവരുടെ സംസ്‌കാരം പരിചയിച്ചവനാണ് ഞാന്‍. അതുപോലെയാണ് ദുരൂഹമായ ഈ കൂപ്പണ്‍ പിരിവുന്യായത്തിന്മേല്‍ ഇസ്‌ലാമിക് സെന്റര്‍ അവരുടെതാണെന്ന് വാദിക്കുന്നതിലെ സ്വഭാവ വൈകൃതം.
1981 ല്‍ പൂര്‍ത്തിയായ സെന്റര്‍ ആ വര്‍ഷം പ്രത്യേകിച്ച് ഔപചാരിക ചടങ്ങുകളൊന്നുമില്ലാതെ ഉദ്ഘാടനം ചെയ്തു. പക്ഷേ, ജമാഅത്തിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുമുള്ള ചലനവുമുണ്ടായില്ല. ആരും ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയതുമില്ല. ഞാന്‍ അമീറിനോട് ഇതിനെ സംബന്ധിച്ചു സങ്കടം അറിയിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു, ''സിദ്ദീഖ് ഹസ്സനെ നിങ്ങള്‍ അറിയോ?'' ഇല്ല എന്നു ഞാന്‍ പറഞ്ഞു. ''പ്രസ്ഥാന പ്രവര്‍ത്തകനും നമ്മുടെ സുഹൃത്തുമൊക്കെയാണ്. അദ്ദേഹം ഒരു കോളജ് അധ്യാപകനാണ്. അവര്‍ കൊടുങ്ങല്ലൂരില്‍നിന്ന് ഒരു ബാലമാസിക പ്രസദ്ധീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. ബാലരമ പോലെ.''
ഞാന്‍ പറഞ്ഞു, ''അത് എറണാകുളത്തെ ഇസ്‌ലാമിക് സെന്ററിലേക്കു കൊണ്ടുവന്ന് ഇവിടെനിന്നു പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയാല്‍ അവിടെയൊരു ചലനമുണ്ടാവും. നാലഞ്ച് ആളുകളെങ്കിലും അവിടെ സ്ഥിരമായുണ്ടാവുകയും വന്നുപോവുകയും ചെയ്യുമല്ലോ.''
അപ്പോള്‍ അടുത്ത ഡിമാന്റ് വന്നു, ''അതിലേക്ക് നിങ്ങള്‍ കുറച്ചു കാശ് കൊടുക്കണം.''
25000 രൂപ ഞാന്‍ കൊടുക്കാമെന്നേറ്റു. സംഖ്യ ഞാന്‍ സിദ്ദീഖ് ഹസ്സനു കൈമാറി. മലര്‍വാടി തുടങ്ങുകയും ചെയ്തു.
അപ്പോഴേക്കും പ്രസ്ഥാനത്തിലേക്ക് ഒരുപാട് തെരുവ് ഗുണ്ടകളും ഫാഷിസ്റ്റുകളും കയറിക്കൂടി. സെന്റര്‍ അവരുടെ ഇടത്താവളമോ ആസ്ഥാനമോ ഒക്കെയായി.
മലര്‍വാടി ക്ലിക്ക് ആയതോടെയാണ് സെന്ററിന്റെ പ്രാധാന്യം പ്രസ്ഥാനത്തിനു ബോധ്യമായത്. അതോടെ അവര്‍ സെന്റര്‍ ദത്തെടുത്തവരെപ്പോലെ സംസാരിച്ചു തുടങ്ങി. നമ്മുടെ സെന്റര്‍ സംഘടനയുടെ സെന്റര്‍, പ്രസ്ഥാനത്തിന്റെ സെന്റര്‍ എന്നിങ്ങനെ വളര്‍ന്ന് അത് ജമാഅത്തെ ഇസ്‌ലാമിയുടെ സെന്റര്‍ എന്നു വരെ പറഞ്ഞുതുടങ്ങി. അതിലൊന്നും ഞാന്‍ അസ്വാഭാവികത കണ്ടില്ല. മലബാറില്‍ എല്ലാം പരിചയപ്പെടുത്തുക "നമ്മുടെ" എന്നു ചേര്‍ത്താണ്. നമ്മുടെ ഭാരതപ്പുഴ, നമ്മുടെ ഇടുക്കി അണക്കെട്ട് എന്നിങ്ങനെ.
പക്ഷേ, ഇവിടെ അങ്ങനെയല്ല, അത് ഒരവകാശവാദമുറപ്പിക്കലിന്റെ ഭാഗമായായിരുന്നു. അവര്‍ അവിടെ പാര്‍ട്ടിയുടെ ഓഫീസും പാര്‍ട്ടി ശാഖകളുടെ ഓഫീസും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. അതിലും ഞാന്‍ അപാകതയൊന്നും കണ്ടില്ല. ഞാന്‍ അവരെ അന്യരായി കാണുന്ന ഒരാളുമായിരുന്നില്ലല്ലോ. മാത്രമല്ല, എനിക്കു സത്വരശ്രദ്ധ പതിപ്പിക്കേണ്ടതായ എന്റെതായ കാര്യങ്ങളുമുണ്ടായിരുന്നു. എട്ടുപത്തു കൊല്ലം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഇങ്ങനെ കഴിഞ്ഞുപോയി.
അപ്പോഴേക്കും പ്രസ്ഥാനം പിടികിട്ടാത്ത ഉയരത്തിലേക്കു വളര്‍ന്നു കഴിഞ്ഞു. പത്രവും ഐ.പി.എച്ചുമെല്ലാം സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. നേതാക്കന്മാരൊക്കെ വലിയോരളവോളം ജനകീയന്മാരായി. രാഷ്ട്രീയത്തിലും അധികാരസ്ഥാനങ്ങളിലും പിടിപാടുമായി. ഇതിന്റെയൊക്കെ ഭാഗമായി സെന്ററിലും അതിന്റെ അനുരണനങ്ങളുണ്ടായി. നിരന്തരമായി അവിടെ രഹസ്യയോഗങ്ങള്‍ ചേരുകയും ചില ഗൂഢാലോചനകള്‍ നടത്തുകയും ചെയ്തു. സെന്ററിന്റെ സാധ്യതകള്‍ മനസ്സിലാക്കിത്തുടങ്ങിയതോടെയാണ് പാര്‍ട്ടിക്ക് അതെങ്ങനെയെങ്കിലും പിടിച്ചടക്കണമെന്നു തോന്നിയത്. മേരിക്കുന്നിലും മറ്റും ഈ നീക്കത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള അസ്വസ്ഥത നീറിപ്പിടിക്കുന്നുണ്ടായിരുന്നു. ഹാശിം ഹാജി ഇസ്‌ലാമിക് സെന്റര്‍ സ്വന്തമാക്കുമോ എന്ന ആശങ്ക സംഘടനയിലുള്ളവര്‍ക്കിടയില്‍ പതുപതുക്കെ പടര്‍ത്തിവിടാന്‍ ഒരു സംഘം കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, തങ്ങളുടെ ഹൃദയത്തില്‍ നീറിപ്പിടിക്കുന്ന പകയുടെയും അസൂയയുടെയും ഉമിത്തീയിന്റെ പുകയും ചൂടുമൊന്നും അവര്‍ മുഖത്തു കാണിച്ചിരുന്നില്ല.
ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ ടി.കെ. അബ്ദുല്ല മൗലവിയും ശേഷം വന്ന അമീര്‍ സിദ്ദീഖ് ഹസ്സനും ഉള്‍പ്പെടെയുള്ളവര്‍ ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ദുഃഖത്തോടെ ഓര്‍ക്കുന്നു. ആര്‍ക്കുവേണ്ടിയാണോ ഈ സാഹസത്തിനു ഞാന്‍ മുതിര്‍ന്നത് ആ പി.വി. കുഞ്ഞിമൊയ്തീന്‍ മൗലവി അപ്പോഴേക്കും അര്‍ബുദരോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന ആദ്യകാലത്തെ നിസ്വര്‍ത്ഥമതികളായ നല്ല നേതാക്കളില്‍ വലിയൊരു വിഭാഗം കാലയവനിക പൂകി. താരതമ്യേന അപരിചിതരും അപരിഷ്‌കൃതരുമായ ആളുകള്‍ പ്രസ്ഥാനത്തില്‍ വര്‍ധിച്ചുകൊണ്ടിരുന്നു. സെന്റര്‍ പതുക്കെപ്പതുക്കെ ഒരു പാര്‍ട്ടി ഓഫീസ് ആയി മാറുന്നതായി തോന്നി. അവിടെക്കു കയറിച്ചെന്നാല്‍ സലാം പറയുന്നവരും അതു തിരിച്ചുപറയുന്നവരും കുറഞ്ഞുവന്നു. പരസ്പരം മിണ്ടാത്ത കുറേ നിഗൂഢ മനുഷ്യരുടെ ഒരു താവളമായി അതു മാറി. ചന്തസംസ്‌കാരത്തിന്റെ ജീര്‍ണ്ണത സെന്ററിലേക്കും അരിച്ചുകയറുന്നതായി അനുഭവപ്പെട്ടു. ഹല്‍ഖാ യോഗങ്ങളും ഖുര്‍ആന്‍ ക്ലാസ്സുകളും ആചാരപരിമിതമായി. പ്രസ്ഥാന പരിപാടികളില്‍ ആളുകള്‍ നന്നേ കുറഞ്ഞുവന്നു.
സെന്റില്‍ വിശാലമായി നാലുനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്റര്‍ എന്ന ഈ വലിയ സ്ഥാപനം അല്ലാഹു എന്റെ കൈകള്‍ക്കൊണ്ട് പണിയിച്ചത് പാര്‍ട്ടിയുടെ കപടമുഖം ശരിക്കും എന്നെ ബോധ്യപ്പെടുത്താനായിരിക്കാം. അതുകൊണ്ടാവാം തുടക്കത്തില്‍ കണ്ടെത്തിയ ചെറിയ കെട്ടിടവും ചെറിയ പ്ലോട്ടും എനിക്കു ലഭ്യമല്ലാതാക്കിയതും. എങ്കില്‍ പാര്‍ട്ടിയെ എനിക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നോ? ഇല്ല, ഞാനും ആ രാക്ഷസീയ പല്‍ചക്രത്തിലെ വെറുമൊരു പല്ലായി, മുത്തഫിഖായി തേഞ്ഞമരുമായിരുന്നു. മറിച്ച് അവരുടെ കൂപ്പണ്‍ വിറ്റ ചില്ലിക്കാശിന്റെ ഒരു ഭാഗമെങ്ങാനും ഇതിന്റെ നിര്‍മ്മാണത്തിനു ചെലവഴിച്ചിരുന്നെങ്കില്‍ ഇവരെ ഇതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ എന്തവകാശമാണ് ധാര്‍മ്മികമായി എനിക്കുണ്ടാവുക? അതുകൊണ്ടാവാം അടിയന്തരാവസ്ഥയില്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടതും പ്രവര്‍ത്തകര്‍ ജയിലിലും ഒളിവിലും പോയതും സെന്ററിന്റെ നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ കൂപ്പണ്‍ വില്‍പ്പന നിലച്ചുപോയതും അങ്ങനെ ഹല്‍ഖാ അംഗങ്ങളുടെ 'കോഴിമുട്ട വിറ്റ പൈസ' അല്ലാഹു ഹറാമാക്കിയതും.
ചില ഗുണപാഠങ്ങള്‍ കാലത്തിനു മാത്രമേ നമ്മെ പഠിപ്പിക്കാനാവൂ. അതും തീഷ്ണമായ അനുഭവ പാഠങ്ങളിലൂടെ. അതാണിവിടെ സംഭവിച്ചതെന്നു ഞാന്‍ മനസ്സിലാക്കുന്നു. സെന്റര്‍ പാര്‍ട്ടിയുടെതാക്കാനുള്ള ഹീനവും നീചവും അധാര്‍മ്മികവുമായ ശ്രമങ്ങള്‍ പാര്‍ട്ടി വളരെ മുമ്പേ തുടങ്ങിവെച്ചതായിരുന്നുവെന്ന് വളരെവൈകിയാണ് എനിക്കു മനസ്സിലായത്. സംഭവം ഇങ്ങനെയായിരുന്നു:
ആയിടക്ക് എന്റെ ആദരണീയ സുഹൃത്തും ഗുണകാംക്ഷിയുമായിരുന്ന മര്‍ഹൂം പള്ളുരുത്തി ഹാജി ഒരു ദിവസം വൈകുന്നേരം ഓഫീസില്‍ വന്ന് ഇടിത്തീ വീഴ്ത്തുംപോലെ എന്നോടു പറഞ്ഞു, ''സാഹിബേ, നിങ്ങള്‍ പ്രതീക്ഷിച്ചപോലെ ഇവിടെ ഒരു ഇസ്‌ലാമിക പ്രബോധനവും നടക്കില്ല. ഇവരുടെ മനസ്സില്‍ വേറെ എന്തൊക്കെയോ പരിപാടികളാണ്. കള്ളക്കമ്പനി...''
ഞാന്‍ അതിശയം കൂറിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ''സാഹിബേ നിങ്ങള്‍ പാര്‍ട്ടിയുടെ പുറത്തുള്ളയാളാണ്. ഞാന്‍ അകത്തുള്ളയാളാണ്. ഞാനറിയുന്നത് നിങ്ങള്‍ക്കറിയാന്‍ കഴിയില്ല.''
സ്വാഭാവികമായും നിങ്ങള്‍ ചോദിക്കും: എന്താണ് പള്ളുരുത്തി ഹാജിക്ക് ഇതില്‍ കാര്യം?
ഈ മേഖലയിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ദീര്‍ഘദര്‍ശിയും ഉറച്ചുനിലപാടുമുള്ള അപൂര്‍വ്വം ചില പ്രസ്ഥാനപ്രവര്‍ത്തകരില്‍ ഒരാള്‍. അദ്ദേഹത്തെക്കുറിച്ച് മുന്‍ അമീര്‍ കെ.സി. അബ്ദുല്ല മൗലവി പറഞ്ഞു: ''പള്ളുരുത്തി ഹാജിയെന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയാണ്.''
ഒരു ദിവസം കെ.സി. അബ്ദുല്ല മൗലവി എന്റെ സാന്നിധ്യത്തില്‍ ആലുവയിലെ വി.എം. അലിയോട്, ''പള്ളുരുത്തിഹാജിയാണ് ജമാഅത്തെ ഇസ്‌ലാമി. കെ.സി.യെ നിങ്ങള്‍ക്ക് ജമാഅത്തില്‍നിന്നു പുറത്താക്കാം. പക്ഷേ, പള്ളുരുത്തി ഹാജിയെ പറ്റില്ല'' എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.
1981 നുശേഷം ഹാജി ജമാഅത്തില്‍നിന്നു പിന്‍വാങ്ങി. അദ്ദേഹം 2002 ല്‍ മരിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ആളാണെന്നു വരുത്താന്‍ ചില കപടനാടകമൊക്കെ കളിച്ചിരുന്നു. മാള അബ്ദുസ്സലാം മൗലവിയുടെ കാര്യത്തിലൊക്കെ നടന്ന നാടകം ഓര്‍ക്കുന്നു.
ഇസ്‌ലാമിക് സെന്ററിന്റെ നിര്‍മ്മാണം എട്ട് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് പൂര്‍ത്തിയായെങ്കിലും ഇസ്‌ലാമിക പ്രബോധനമൊന്നും അവിടെ നടക്കില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മാനസികമായി വളരെ അസ്വസ്ഥനായിരുന്നു. സ്വര്‍ഗത്തിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന മാലാഖമാരെപ്പോലുള്ള ആളുകളെന്നു ഞാന്‍ ധരിച്ച ഇക്കൂട്ടര്‍ ഇങ്ങനെയൊക്കെയാണോ? ഞാന്‍ തീര്‍ത്തും നിരാശനായി. ആ രാത്രി വളരെ നേരം എനിക്കുറങ്ങാനായില്ല.
പിറ്റേദിവസം പുലര്‍ന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹംകൊണ്ട് പുതിയ ഒരു ആശയവുമായാണ്. എറണാകുളത്ത് ഒരു മതപ്പാര്‍ട്ടിയോടും വിധേയത്വമില്ലാത്ത ഒരു സ്വതന്ത്ര ജുമാ മസ്ജിദ്...
അല്ലാഹുവിനോടും റസൂലിനോടും മാത്രം വിധേയത്വമുള്ള ഒരു ആരാധനാലയം...
അന്നുമുതല്‍ക്കു തന്നെ ശ്രമം തുടങ്ങി. മുപ്പത് മാസത്തെ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ മനസ്സിനു ബോധിച്ച ഒരു സ്ഥലം കിട്ടി. തുടര്‍ന്നു മുപ്പത് മാസം കൊണ്ട് സ്ഥലത്തിന്റെയും പള്ളിയുടെയും ധനശേഖരണവും നടന്നു. ചുറ്റുവട്ടത്തെ പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പുറമേ മറികടക്കേണ്ടതായ സര്‍ക്കാന്‍ വക കടമ്പകളും അനേകമുണ്ടായിരുന്നു. നാലു നിലയില്‍ ആധുനിക ശൈലിയിലുള്ള ഒരു പള്ളിയും അതിലേക്കുള്ള വരുമാനത്തിനായി ഒരു ഷോപ്പിങ് കോംപ്ലക്‌സും പൂര്‍ത്തിയാക്കി. 1986 ല്‍ പള്ളി ഉദ്ഘാടനം ചെയ്തു. അല്‍ഹംദുലില്ലാഹ്, 1995 വരെ പ്രശ്‌നങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ തൃപ്തികരമായി മുമ്പോട്ടുപോയി.
മലര്‍വാടിക്കു കിട്ടിയ പൊതു സ്വീകാര്യതയില്‍നിന്നാണ് ഒരു സ്വതന്ത്ര പത്രത്തെ സംബന്ധിച്ച ചിന്ത പ്രസ്ഥാനത്തില്‍ ഉയര്‍ന്നുവന്നത്. കേരളത്തിലെ അപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യവും അത്തരമൊരു ചിന്തയ്ക്കു തീകൊളുത്തുന്നതായിരുന്നു. പ്രമാദമായ ഷാബാനു കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശരീഅത്ത് വിരുദ്ധ വികാരം ജനിപ്പിക്കുക ലക്ഷ്യമാക്കി മാതൃഭൂമിയുടെയും ഇ.എം.എസിന്റെയും നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ദുഷ്പ്രചാരണം നടക്കുന്നുണ്ടായിരുന്നു. മുഴുവന്‍ പത്രങ്ങളും വാരികകളും മുസ്‌ലിംകളുടെ എതിര്‍പക്ഷത്തു നിലയുറപ്പിച്ചു. ഇപ്പോള്‍ മാധ്യമത്തിന്റെയും മീഡിയ വണ്ണിന്റെയും തലപ്പത്തിരിക്കുന്ന പലരും അന്നവരുടെ കൂലിയെഴുത്തുകാരായിരുന്നു. മുസ്‌ലിം പക്ഷത്ത് ആകെയുള്ളത് ചന്ദ്രികയായിരുന്നു. അതാകട്ടെ പലപ്പോഴും രാഷ്ട്രീയത്തിന്റെയും നിലപാടില്ലായ്മയുടെയും കാര്‍മേഘത്തിന്റെ മൂടലില്‍ പെട്ടുപോകുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം പീഡിത പിന്നാക്കവിഭാഗ പക്ഷത്തുനിന്നുള്ള ഒരു സ്വതന്ത്ര പത്രം അനിവാര്യമായി. അങ്ങനെയാണ് ഐഡിയല്‍ പബ്‌ളിക്കേഷന്‍ ട്രസ്റ്റ് രൂപീകരിക്കുന്നതും റോഷ്‌നി ഓഫ്‌സെറ്റ് പ്രസ്സ് തുടങ്ങുന്നതും അതില്‍നിന്നു മാധ്യമം പിറവികൊള്ളുന്നതും. ജനങ്ങളുടെ പത്രം എന്നു പറഞ്ഞാണ് മാധ്യമം തുടങ്ങിയത്. അതിന്റെ ഓഹരി ഉടമകളും അപ്രകാരം തന്നെ. പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരും ഓഹരിഉടമകളായുണ്ട്.
1995ല്‍ കെ.സി. അബ്ദുല്ല മൗലവി മരണപ്പെട്ടു. അപ്പോഴേക്കും പ്രസ്ഥാനം വളരെയേറെ ദുഷിച്ചുപോയിരുന്നു. അതിന്റെ അവശിഷ്ട നെടുനായകന്മാരില്‍ പലരെയും മൂല്യച്യുതിയും സ്വാര്‍ത്ഥതയും ഭൗതികമോഹങ്ങളും പിടികൂടി. അവരില്‍ മിക്കവരും പരസ്പര വിദ്വേഷത്തിന്റെയും അധികാരക്കൊതിയുടെയുമൊക്കെ അടിമകളായി മാറി. ഈ ജീര്‍ണ്ണതകളുടെയെല്ലാം ജീവിക്കുന്ന ഒടുവിലത്തെ രക്തസാക്ഷിയാണ് ഒ. അബ്ദുല്ല.
ഒ. അബ്ദുല്ലയെയും സഹോദരന്‍ ഒ അബ്ദുര്‍റഹ്മാനെയും 1965 ല്‍കെ.സി. അബ്ദുല്ലയുടെ വീട്ടില്‍ വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് 2001 ല്‍ ഒ. അബ്ദുല്ലയെ മാധ്യമത്തില്‍നിന്ന് അപമാനിച്ചു പടിയിറക്കുന്നതുവരെ സ്വദേശത്തും വിദേശത്തും പ്രബോധനത്തിലും മാധ്യമത്തിലുമെല്ലാം രണ്ടുപേരെയും അങ്ങേയറ്റത്തെ സൗഹൃദത്തോടെ കഴിയുന്നതാണ് കണ്ടത്. മാധ്യമത്തിന്റെ തുടക്കത്തില്‍ മുന്നണിയില്‍ ഇവരാണുണ്ടായിരുന്നത്. സിദ്ദീഖ് ഹസ്സനും ഹംസയുമൊക്കെ പിന്നീടാണ് വന്നത്. തുടക്കത്തില്‍ ഇവരെയൊന്നും ഞാന്‍ അവിടെ കണ്ടിട്ടില്ല. മാധ്യമം തുടങ്ങി. ഞാനും അക്കാലത്ത് ഈ സംരംഭത്തോട് എന്റെ കഴിവനുസരിച്ചു സഹകരിച്ചിരുന്നു. അവിടെയുണ്ടായിരുന്ന പഴയ ആളുകള്‍ക്കൊക്കെ ഇതറിയാം. പതുക്കെപ്പതുക്കെ ഇതു വലിയൊരു സംരംഭമായി മാറി. ഇഷ്ടം പോലെ എഡിഷനും സര്‍ക്കുലേഷനുമൊക്കെയായി. സമൂഹത്തില്‍ നല്ല അഭിപ്രായം നേടിയെടുക്കാനും മാധ്യമത്തിനു കഴിഞ്ഞു. മാധ്യമം എസ്റ്റാബ്ലിഷ്ഡ് ആയ ആ ഘട്ടത്തിലാണ് അതിന്റെ നെടുംതൂണുകളിലൊന്നായ ഒ. അബ്ദുല്ലയെ മാധ്യമത്തില്‍നിന്ന് ഒഴിവാക്കുന്നത്. അതിനു തക്കതായ കാരണമെന്തെങ്കിലുമുണ്ടോ എന്നു സ്വാഭാവികമായും ആരായാലും അന്വേഷിക്കുമല്ലോ. എന്നാല്‍, എന്തെങ്കിലും ഒരു പരാതി എവിടെയും പറയപ്പെട്ടിട്ടില്ല.
ടി.കെ. അബ്ദുല്ലയെപ്പോലെത്തന്നെയാണ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒ.അബ്ദുല്ലയും. ശൂറാ അംഗങ്ങളുടെ ഇടയിലുണ്ടായ ചില കൊച്ചുകൊച്ചു കാര്യങ്ങളാണ് ഒ.അബ്ദുല്ലയെ മാധ്യമത്തില്‍നിന്നു പടിയിറക്കാന്‍ കാരണമായത്. ഇതിനായി അന്വേഷണപ്രഹസനങ്ങള്‍ നടക്കുകയും ഒ.അബ്ദുല്ലയെ പുറത്താക്കാന്‍ ഒരു കമ്മറ്റി രൂപീകരിക്കുകയും അബ്ദുല്ലയെ കുറ്റവിചാരണ നടത്തുകയും ചെയ്തപ്പോള്‍ ഒ. അബ്ദുര്‍റഹ്മാന്‍ അവരുടെ ആരോപണങ്ങളെക്കുറിച്ചു പറഞ്ഞത് "ശുദ്ധ അസംബന്ധ"മെന്നായിരുന്നു. എപ്പോഴും ജ്യേഷ്ഠന്റെ കൂടെത്തന്നെയായിരുന്ന അബ്ദുര്‍റഹ്മാന്‍ ഇപ്പറഞ്ഞതു ശരിയായ അര്‍ത്ഥത്തിലായിരുന്നെങ്കില്‍ അയാള്‍ അവസാനം വരെ അബ്ദുല്ലയുടെ കൂടെ ഉറച്ചുനില്‍ക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. അ ങ്ങനെ ചെയ്തിരുന്നെങ്കില്‍ ടി.കെ. അബ്ദുല്ലയെയും സിദ്ദീഖ് ഹസ്സനെയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി സ്വുല്‍ഹിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. അബ്ദുര്‍റഹ്മാന്റെ ആണത്തമുള്ള പ്രതികരണം അതോടെ തീര്‍ന്നുവെന്നാണ് പിന്നീട് ഞാന്‍ മനസ്സിലാക്കിയത്.
ഇസ്‌ലാമിന്റെ കാര്യത്തിലോ പ്രസ്ഥാനത്തിന്റെ കാര്യത്തിലോ ഈ കാലത്തിലുടനീളമൊരിക്കലെങ്കിലും ഒ.അബ്ദുല്ല ഒരു കരിങ്കാലിയായി എവിടെയും ആരോപിക്കപ്പെടുന്നതു കേട്ടിട്ടില്ല. ഒ.അബ്ദുല്ലയെ ടി.കെ.അബ്ദുല്ല അകാരണമായി വെറുത്തിരുന്നുവെന്ന കാര്യം അറിയാന്‍ അതുകൊണ്ടുതന്നെ വൈകിപ്പോയി. ഇത് ടി.കെ.അബ്ദുല്ലയുടെ നോമിനിയായി ആരെയോ കുടിയിരുത്തുന്ന കാര്യത്തിലായിരുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല. പ്രസ്ഥാനത്തിലും ചാനല്‍ ചര്‍ച്ചകളിലുമൊക്കെ ഒ. അബ്ദുല്ല പടര്‍ന്നു പന്തലിക്കുന്നതു കണ്ടപ്പോള്‍ പഴയ വല്യബ്ദുള്ളക്ക് എന്ത് തോന്നി എന്നുമറിയില്ല. മാള അബ്ദുസ്സലാം മൗലവി, കെ. എം. രിയാലു തുടങ്ങിയവരെപ്പോലെ കാക്കയുടെ വായില്‍ കൊള്ളാത്ത ഇമ്മിണി വലിയ പഴമായി മാറിയതിനാല്‍ പ്രസ്ഥാനത്തില്‍നിന്നു താനേ വഴിമാറിപ്പോവുകയല്ല ഒ. അബ്ദുല്ല ചെയ്തത്.
പ്രസ്ഥാനത്തിന്റെ നെടുനായകനായി കുറേയേറെക്കാലം വിലസിയ ശേഷം ഇരുളിലേക്കു മാറ്റി നിര്‍ത്തപ്പെട്ടതിലെ മനുഷ്യസഹജമായ ഈര്‍ഷ്യ നമുക്കു മനസ്സിലാക്കാം. അതായത്, പ്രസ്ഥാനമായിരുന്നു അവരുടെയൊക്കെ അന്തസ്സ് വര്‍ധിപ്പിച്ചത്, അല്ലാതെ അവര്‍ പ്രസ്ഥാനത്തിന്റെ അന്തസ്സു വര്‍ധിപ്പിക്കുകയായിരുന്നില്ല എന്ന് അവരൊക്കെ നേതൃത്വത്തില്‍നിന്നു പടിയിറങ്ങിയപ്പോഴാണ് ജനങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നത്. അവര്‍ പോയപ്പോള്‍ പ്രസ്ഥാനത്തില്‍നിന്ന് എന്താണ് നഷ്ടപ്പെട്ടതെന്നുപോലും ആരും അറിയുകയുണ്ടായില്ല. സിദ്ദീഖ് ഹസ്സനും ടി.കെ. അബ്ദുല്ലയുമൊന്നും കാലാവധി പൂര്‍ത്തിയാക്കിയല്ല അമീര്‍ സ്ഥാനം വിട്ടത് എന്നാണറിയുന്നത്. കെടുകാര്യക്ഷമതയുടെ പേരില്‍ അവര്‍ നേതൃസ്ഥാനത്തുനിന്നു പിരിച്ചുവിടപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്. പ്രസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിലെ ഒന്നോ രണ്ടോ ആളുകളുടെ കാര്യം നാം എന്തിനു പ്രത്യേകം ചികഞ്ഞുനോക്കി നേരം കളയണം. നമ്മെ സംബന്ധിച്ചിടത്തോളം അവര്‍ അതിനകത്തായാലും കണക്ക്; പുറത്തായാലും കണക്ക്.
ടി.കെ.യുടെ ഈഗോയില്‍നിന്ന് ഉരുവപ്പെട്ട ഈ വെറുപ്പ് ഒരു വ്യക്തിയില്‍ അണ്‍ലോഡ് ചെയ്യാന്‍ തീരുമാനിച്ചു എന്നാണ് ഒ. അബ്ദുല്ലയുടെ ദുര്യോഗമായി മാറിയത്.
ഈ വെറുപ്പ് പരസ്യമാകുന്നത് ഈ സംഭവത്തോടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്: മേരിക്കുന്നിലെ ജമാഅത്ത് ആസ്ഥാനത്ത് പ്രസ്സിനോടു ചേര്‍ന്ന മെസ്സില്‍ ഉച്ചഭക്ഷണം കഴിക്കുന്ന നേരത്ത് ഭക്ഷണ ഹാളില്‍ ടി.കെ. അബ്ദുല്ല, ഒ. അബ്ദുല്ലയെ പരസ്യമായി ആക്ഷേപിച്ചു. തുടര്‍ന്ന് 2001 ല്‍ മാധ്യമത്തില്‍ നിന്നു പുറത്താക്കുന്നതുവരെ ടി.കെ. അബ്ദുല്ല ഒളിഞ്ഞും തെളിഞ്ഞും പ്രസ്ഥാനത്തിനകത്ത് ആ പുകയുതിര്‍ക്കല്‍ തുടര്‍ന്നു. തുടര്‍ന്നാണ് അക്കാലത്തെ അമീറായിരുന്ന സിദ്ദീഖ് ഹസന്‍ തന്റെ 'അമീറുല്‍ മുഅ്മിനീന്‍'ന്റെ പ്രത്യേകാധികാരമുപയോഗിച്ച് ഒ. അബ്ദുല്ലയെ മാധ്യമത്തില്‍നിന്ന് ഇറക്കിവിട്ടത്. ഈ അന്യായ നടപടി ടി.കെ. അബ്ദുല്ല സിദ്ദീഖ് ഹസ്സനെക്കൊണ്ട് എടുപ്പിച്ചത് എന്തിനാണെന്ന് ഏവര്‍ക്കുമറിയാം...
മേരിക്കുന്നിലെ ഐഎസ്ടി ബില്‍ഡിങ്ങിലെ മെസ്സ് പ്രബോധനം ജീവനക്കാര്‍ക്കും പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളിലെ ജീവനക്കാര്‍ക്കുമുള്ളതാണ്. ഒ. ബ്രദേഴ്‌സ് പ്രബോധനത്തിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. അതുകൊണ്ടാവാം അവര്‍ അവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ടി.കെ. അബ്ദുല്ല പ്രസ്ഥാനത്തിന്റെ ശൂറാംഗമോ മറ്റോ ആയി മറ്റെന്തോ മേഖലയില്‍ അപ്പോഴും ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
ഒ. അബ്ദുല്ല വിവരിച്ചതുപോലെ, ആ ഭക്ഷണത്തിന്റെ മുമ്പില്‍ വെച്ച്, അതായത്, മുളകുപൊടി കലക്കിയ വെള്ളത്തില്‍ മത്തിക്കഷണമിട്ടു തിളപ്പിച്ച കറിയും ചോറും അല്ലെങ്കില്‍ ഉണക്കച്ചപ്പാത്തിയുടെയും മുമ്പില്‍ വെച്ച് ഇത്രയും ഹീനമായ ഒരു ചോദ്യം ടി.കെ. ചോദിച്ചത് എന്ത് സംസ്‌കാരമാണ്? ഒ. അബ്ദുല്ലയോടു ടി.കെ. അബ്ദുല്ല ''ഈ ഭക്ഷണം നിങ്ങള്‍ക്കു വീട്ടില്‍ കിട്ടുമോ?'' എന്നാണ് ചോദിച്ചത്. (ഈ ചോദ്യത്തിലേക്കു നയിച്ച ചര്‍ച്ചാവിഷയമെന്തെന്നു നമുക്കറിയില്ല.) അതേ ചോദ്യം തന്നെ അബ്ദുല്ല ആവര്‍ത്തിച്ചു, ''നിങ്ങള്‍ക്കു കിട്ടുമോ?''
ടി.കെ. അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചോദിച്ച ചോദ്യത്തെക്കാളും ആ ശൈലിയെക്കാളും അതിനു പിന്നിലെ ചേതോവികാരത്തെക്കാളും എത്രയോ മാന്യമായിരുന്നു ആ ഉത്തരം എന്ന് ഏത് നിഷ്പക്ഷമതിയും പറയും. ഒ. അബ്ദുല്ലയുടെ സ്ഥാനത്ത് ഒരു കാസര്‍കോട്ടുകാരനായിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം! ടി.കെ. അബ്ദുല്ലയുടെയൊക്കെ ഇജ്ജാതി പെരുമാറ്റം കാണുമ്പോള്‍ നാമൊക്കെ അറിയാതെ ചോദിച്ചുപോകും: എവിടെയാണ് ഇവരുടെ ഇസ്‌ലാം എത്തിനില്‍ക്കുന്നത്? ഇത്രയൊക്കെയാണോ ഇവരുടെ തര്‍ബിയ്യത്തിന്റെ "മബ്‌ലഗ്"? ഇതാണോ ഇവര്‍ ഈ മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് ആര്‍ജ്ജിച്ച "തസ്‌കിയ്യത്ത്"!
നബിയും അവിടുത്തെ സ്വഹാബത്തും ഇരിക്കുന്ന ഒരു സദസ്സില്‍ സംസാരമധ്യേ അബൂദര്‍റ് (മുന്നാലോചനയില്ലാതെ) ബിലാലിനെ ''കറുമ്പിയുടെ മകനേ'' എന്നു വിളിച്ചുപോയി. അപ്പോള്‍ നബി (സ) അബൂദര്‍റിനെ എത്ര കടുത്ത ഭാഷയിലാണ് ശാസിച്ചത്. അതോടെ ബിലാലിനെ അബൂദര്‍റ് ഇസ്‌ലാമില്‍നിന്നു പുറത്തുചാടിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് ബിലാലിനെ തന്റെ ഉറ്റമിത്രമാക്കുകയാണ് അബൂദര്‍റ് ചെയ്തത്. അതാണ് ഇസ്‌ലാമിന്റെ പെരുമാറ്റരീതി. ടി.കെ. അബ്ദുല്ലയോ അല്ലെങ്കില്‍ മറ്റൊരബ്ദുല്ലയോ ഒരു വഅളില്‍ വിവരിച്ചതു ഞാന്‍ കേട്ടു:
''ഇന്ന അക്‌റമകും ഇന്‍ദല്ലാഹി അത്ഖാകും....'' നിങ്ങളില്‍ കുടുതല്‍ തഖ്‌വയുള്ളവരാണ് നിങ്ങളില്‍ ഏറ്റവും മാന്യന്‍...
''ഇന്ന അക്‌റമകും ഇന്‍ദല്ലാഹി അത്ഖാകും'' എന്നതില്‍ ഒ. അബ്ദുല്ലയേക്കാള്‍ പ്രത്യേക ദറജ ഇസ്‌ലാമില്‍, അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ടി.കെ.യ്ക്ക് ഉണ്ട് എന്നു പറയുന്നുണ്ടോ? ഈ സൂക്തത്തിന്റെ വിവക്ഷ പ്രകാരം ഒ. അബ്ദുല്ലയേക്കാള്‍ ശ്രേഷ്ഠനാണ് ടി.കെ. അബ്ദുല്ല എന്നു തെളിയിക്കാനൊക്കുമോ? പ്രസ്ഥാനത്തിന്റെ ഒരു ഗുണഭോക്താവ് എന്നതിനപ്പുറം എന്താണ് പ്രസ്ഥാനത്തിന് ടി.കെ. അബ്ദുല്ലയുടെ വക സംഭാവന?
''ഇന്ന അക്‌റമകും ഇന്‍ദല്ലാഹി അത്ഖാകും....'' എന്ന ഈ വാക്യത്തിന്റെ വെളിച്ചത്തില്‍ ഒ. അബുദല്ലയെക്കാള്‍ എന്ത് പ്രത്യേകതയാണ് ടി.കെ.യ്ക്കുള്ളത് എന്ന് അണികള്‍ ചിന്തിക്കേണ്ടതല്ലേ? ഒഴിഞ്ഞ ഒരു വേദികിട്ടിയാല്‍ ഫലിതം പറഞ്ഞ് നാലഞ്ച് മണിക്കൂര്‍ പ്രസംഗിക്കുമെന്നല്ലാതെ. പത്ത് മിനുട്ടുകൊണ്ട് പറഞ്ഞുതീര്‍ക്കേണ്ട കാര്യം പോലും ആറ്റിക്കുറുക്കിയാല്‍ അതിലുണ്ടാവില്ല.
ഇരുപത്തിമൂന്ന് കൊല്ലത്തെ പ്രബോധനത്തിലൊരിക്കലെങ്കിലും നബി ഇങ്ങനെയൊരു മാതൃക കാണിച്ചിട്ടുണ്ടോ? കാളമൂത്രം പോലെയുള്ള പ്രസംഗം? അതിന്റെ പേരില്‍ ടി.കെ. എന്തിനാണ് എല്ലാവരുടെയും വല്യേട്ടനാവുന്നത്?
ടി.കെ.യെപ്പോലെ മറ്റൊരു പ്രസംഗകന്‍ തെക്ക് പുന്നപ്രയിലുണ്ടായിരുന്നു. പേര് ഹസന്‍ ബാവ. പല വേദികളിലും ഇസ്‌ലാമിനെ വളരെ താത്വികമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ടി.കെ.യെപ്പോലെ ഒറ്റയും ഇരട്ടയും അതിന്റെ ഒരട്ടയും കളിയോ പള്ളിയിലെ മൊല്ലാക്ക ആമിനത്താത്താന്റെ പെരയില്‍ ഉച്ച ഭക്ഷണത്തിനു വന്നതോ രണ്ടുചേരിയിലുള്ള മുല്ലാക്കമാര്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടുമുട്ടിയതോ വീരാന്‍ കുട്ടി മുസ്ല്യാരുടെയോ വീരപ്പന്റെയോ കഥകള്‍ പോലുള്ള ചര്‍വ്വിതചര്‍വ്വണ ട്രോളുകളൊന്നുമില്ലാതെത്തന്നെ. ഒരിക്കല്‍ മഹത്തായ ഒരു സദസ്സില്‍ ഞാനും ഹസന്‍ ബാവയുടെ പ്രഭാഷണം കേള്‍ക്കുകയുണ്ടായി. ഒരു സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ സാംസ്‌കാരിക പൈതൃകവും സാഹോദര്യവും സൗഹാര്‍ദ്ദവും ഇസ്‌ലാമിന്റെ ആഗമനത്തോട് ആ കാലഘട്ടത്തിലെ സമുദായങ്ങള്‍ കാട്ടിയ സഹിഷ്ണുതയും സമഭാവനയും ഐക്യവും ഒക്കെ വാചാലമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. പരിപാടി കഴിഞ്ഞു പുറത്തുവന്ന എന്നെ പിറകില്‍നിന്ന് ഇബ്‌റാഹീം സുലൈമാന്‍ സേഠ് വിളിച്ചു:
'' Hashim Haji Sahib, we must have atleast fitfy thousand audience today.'' എന്നു പറഞ്ഞതോര്‍ക്കുന്നു.
ഇതു പോലുള്ള പ്രഭാഷണങ്ങളും ക്ലാസ്സുകളുമൊക്കെ കേട്ട് ഞാനും ഹസ്സന്‍ ബാവയുടെ ഒരാരാധകനായി. അദ്ദേഹത്തോടു തോന്നിയ മമതയാണ് ആലപ്പുഴയില്‍ തുടങ്ങാനിരുന്ന പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ അദ്ദേഹത്തെ മാനേജര്‍ ആക്കാന്‍ മുതിര്‍ന്നത്.
ഒരു ദിവസം ഫാക്ടറി ആവശ്യാര്‍ത്ഥം ഞങ്ങള്‍ രണ്ടുപേരും ആലുപ്പുഴ റൂറല്‍ ഇന്‍ഡസ്ട്രീസ് പ്രോജക്ട് ഓഫീസില്‍ പോയി. താഴെയിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് പ്രഫ. ബെന്നിനെ കണ്ടുമുട്ടി. ബാവസാര്‍ എനിക്കു ബെന്നിനെ പരിചയപ്പെടുത്തിത്തന്നു:
''മിസ്റ്റര്‍ ബെന്‍ എം.എ., പി.എച്ച്.ഡിയാണ്. ആലപ്പുഴയിലെ ഒരു കോളജില്‍ പ്രഫസറാണ്.''
ബാവസാറും അദ്ദേഹവും പാര്‍ട്ടിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി തോമസ് തുടങ്ങിയ നേതാക്കളോടൊപ്പം വേദിപങ്കിടാറുണ്ട്. ഇതെല്ലാം കേട്ടപ്പോള്‍ എനിക്ക് വളരെയേറെ സന്തോഷമായി, അറിയാതെ എന്റെ നാവു പറഞ്ഞുപോയി:
''സര്‍, ഇദ്ദേഹത്തെ ഞാന്‍ ഇവിടെ തുടങ്ങാന്‍ പോകുന്ന ഫാക്ടറിയില്‍ മാനേജര്‍ ആക്കാന്‍ പോവുകയാണ്.''
പ്രഫ. ബെന്‍ ആദ്യം ആശ്ചര്യപ്പെട്ടു. പിന്നെ 'ആഹ്ളാദം' പ്രകടിപ്പിച്ചു. പിരിയാന്‍ നേരത്ത് പറഞ്ഞു: ''മി. ഹാശിം. ഒരു ജോത്സ്യന്‍ നാളെ നിങ്ങള്‍ക്ക് ശുക്രദശയാണെന്നു പറഞ്ഞാല്‍ ഒരു ഊരാടന്‍ സന്തോഷത്തോടെ പറയും: ''എങ്കില്‍ നാളെ എന്റെ കെണിയില്‍ വലിയ ഒരെലി വീഴും.''
ക്രൂഷ്‌ചേവിനോടാണെങ്കില്‍ അയാള്‍ പറയും: ''നാളെ ഞാന്‍ പുതിയ ഒരു ഡിവൈസ് കണ്ടുപിടിക്കും. മോസ്‌കോയില്‍ അതിന്റെ ബട്ടന്‍ അമര്‍ത്തിയാല്‍ വാഷിങ്ടണില്‍ ഐസന്‍ ഹോവറിന്റെ തലയില്‍ അതു പൊട്ടിത്തെറിക്കും.''
ആയിടക്ക് ഞാന്‍ മാള അബ്ദുസ്സലാം മൗലവിയോട് ഹസന്‍ ബാവയുടെ കാര്യം ഉണര്‍ത്തിയിട്ട് ബാവസാര്‍ ഇസ്‌ലാമിന് ഒരു മുതല്‍ക്കൂട്ടാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ''ഇസ്‌ലാമിന് ആളെയാണ് വേണ്ടത്, ഇസ്‌ലാമിന് കാസറ്റ് ആവശ്യമില്ല.''
അതുപോലെ, ഒരു ദിവസം പള്ളുരുത്തി ഹാജിയും ചോദിച്ചത് ''സാഹിബേ, ആ വിഡ്ഡ്യാപ്പറമ്പനെയാണോ ഫാക്ടറിയില്‍ മാനേജറാക്കിയത്?'' എന്നാണ്.
മാസങ്ങള്‍ പിന്നിട്ടിട്ടും ഫാക്ടറിയുടെ പ്രവര്‍ത്തനം എവിടെയും എത്താതെ വന്നപ്പോള്‍ അതിനു പണം മുടക്കിയ എന്റെ മൂത്ത സഹോദരന്‍ മദിരാശിയില്‍നിന്ന് വരികയും ഞങ്ങള്‍ ആലപ്പുഴയില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ഞാന്‍ ബാവ സാറിനെ പരിചയപ്പെടുത്തി തിരിച്ചുപോരുമ്പോള്‍ അദ്ദേഹത്തെയും കൂടെക്കൂട്ടി പുന്നപ്രയില്‍ സാറിന്റെ തമീം കോട്ടേജില്‍ ഇറക്കി. വഴിയില്‍ വെച്ച് ജ്യേഷ്ഠന്‍ ചോദിച്ചു, ''ഹാശിമേ, അതെങ്ങനെയാണ് ഒരു സ്‌കൂള്‍ അധ്യാപകനെ പ്‌ളാസ്റ്റിക് ഫാക്ടറിയില്‍ മാനേജറാക്കുക?''
യുക്തിസഹമായ മറുപടിയൊന്നും എനിക്കു പറയാനുണ്ടായിരുന്നില്ല. ഞാനും അസ്വസ്ഥനായിരുന്നു. ജ്യേഷ്ഠന്‍ പോയി ഏതാനും ദിവസങ്ങള്‍ക്കു ശേഷം ബോംബെയില്‍ നിന്ന് എം.ബി.എ ബിരുദധാരിയായ നാഗേഷ് എന്നു പേരുള്ള ഒരു വിദഗ്ധനെ കൊണ്ട് വന്നു. ഞങ്ങള്‍ ഫാക്ടറിയില്‍ പോയി. നാഗേഷിനെ അവിടെ മാനേജറായി നിയമിച്ചു.
''നാളെ മുതല്‍ ഇദ്ദേഹമാണ് ഇവിടെ മാനേജറായി ഉണ്ടാവുക.'' മറ്റുള്ളവരോട് അദ്ദേഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജറായിരുന്ന ബാവ സാറിനെ ഒഴിവാക്കാന്‍ ഞാന്‍ കുറേ പണിപ്പെടേണ്ടി വന്നു. മര്‍ഹും പള്ളുരുത്തി ഹാജിയും ആലപ്പുഴ അബ്ദുല്‍ ഹമീദ് സാഹിബും വളരെയേറെ പരിശ്രമിച്ച ശേഷമാണ് ഹസ്സന്‍ ബാവ സാര്‍ ഒഴിവായിക്കിട്ടിയത്. ഏഴോ എട്ടോ മാസംകൊണ്ട് കമ്പനി പ്രൊഡ്ക്ഷന്‍ മോഡിലെത്തി. മൂന്നു ഷിഫ്റ്റിലായി വര്‍ക്ക് ചെയ്ത് ഇഷ്ടം പോലെ ലോഡുകള്‍ തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലേക്കു കയറ്റിപ്പോകാന്‍ തുടങ്ങി.
പ്രസംഗകരെയും അധ്യാപകരെയും പ്രവര്‍ത്തകരെയുമൊക്കെ അര്‍ഹിക്കുന്ന സ്ഥാനത്തേ ഇരുത്താവൂ എന്നാണ് ഇതില്‍നിന്നു ഞാന്‍ പഠിച്ചത്. ആ ഘട്ടത്തില്‍ മുമ്പുപറഞ്ഞ പ്രോജക്ട് ഓഫീസ് പരിസരത്തുതന്നെ പ്രഫ. ബെന്നിനെ ഒരിക്കല്‍ക്കൂടി കണ്ടുമുട്ടാനിടയായി. സൗഹൃദം പുതുക്കിയ കൂട്ടത്തില്‍ പ്രഫ. ബെന്‍ ചോദിച്ചു,
''സാറിനെ ഒഴിവാക്കി അല്ലേ?''
ഞാന്‍ പറഞ്ഞു, ''അതെ.''
''മി. ഹാശിം, അന്ന് ഞാന്‍ ഒരു വാക്ക് പറഞ്ഞതോര്‍മ്മയുണ്ടോ?''
''ഉവ്വ്.''
''ഇപ്പോള്‍ മനസ്സിലായോ അതിന്റെ പൊരുള്‍?''
''മനസ്സിലായി സര്‍.''
ഇത്രയും പറഞ്ഞത് ഇതുപോലുള്ള നീട്ടിപ്രസംഗികളുടെയും സ്‌കൂള്‍ അധ്യാപകരുടെയും കാര്യം ഓര്‍മ്മിപ്പിക്കാനാണ്. നാഗേഷ് ചുമതലയേറ്റതോടെ കമ്പനി പെട്ടെന്നുതന്നെ സജീവമായി. പക്ഷേ, അവിടെയും ഒരു പ്രശ്‌നമുണ്ടായി. നാല്‍പ്പത്തിയാറ് ജീവനക്കാരില്‍ ഇരുപത്തിനാല് പേര്‍ ഹല്‍ഖാ അംഗങ്ങളായിരുന്നു. അതില്‍ പന്ത്രണ്ട് പേര്‍ നേരത്തേ ഹല്‍ഖയിലുള്ളവര്‍. ബാക്കി പതിനാലുപേര്‍ ഫാക്ടറിയില്‍ ജോലികിട്ടാന്‍ വേണ്ടി ഹല്‍ഖയില്‍ ചേര്‍ന്നവരായിരുന്നു. ഒരു ദിവസം കമ്പനിയില്‍ ഒരു കളവു നടന്നതായി കമ്പനിയിലെ മേസ്തിരി എം അബ്ദുല്‍ അസീസ് സാഹിബ് എന്നോട് ഫോണ്‍ ചെയ്തു പറഞ്ഞു. മാനേജറുടെ പെട്ടിയില്‍നിന്ന് ഒരു പുസ്തകം കളവുപോയി. പ്ലാസ്റ്റിക് ടെക്‌നോളജിയെ സംബന്ധിച്ച ഒരു ജര്‍മ്മന്‍ പുസ്തകമാണ് കാണാതായത്. അതു വലിയ പ്രശ്‌നമായി. ഞാന്‍ പറഞ്ഞു, ''ഒരു പുസ്തകം കക്കാനായി ആരെങ്കിലും ഒരു കമ്പനിയില്‍ പുറത്തുനിന്നു വരുമോ? അത് അവിടെയുള്ള ആരെങ്കിലും വായിക്കാനെടുത്തതാവും'' എന്നു പറഞ്ഞു. ഞാന്‍ ഉടനേ കമ്പനിയിലേക്കു പുറപ്പെട്ടു.
അന്വേഷണത്തില്‍ ഞാന്‍ അവിടെ നിയോഗിച്ച ജീവനക്കാരില്‍ പെട്ട ഒരാളാണ് അതു കട്ടത് എന്നു കണ്ടുപിടിച്ചു. ബുക്ക് കിട്ടിയത് ഞാന്‍ നിയുക്തനാക്കി കൊടുത്ത ഒരു തങ്ങളുടെ പെട്ടിയില്‍ നിന്നായിരുന്നു - നമ്മുടെ പ്രസ്ഥാനത്തിന്റെ സെക്രട്ടറിത്തങ്ങളുടെ അനുജന്‍!
നാഗേഷിന്റെ പ്രതികരണത്തിനു മുമ്പില്‍ ഞാന്‍ ചൂളിപ്പോയി, "Your great Jamaat has done this!''
ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചും അവരുടെ ആദര്‍ശവിശുദ്ധിയെക്കുറിച്ചുമൊക്കെ ഒരുപാട് പോരിശകള്‍ ഞാന്‍ നാഗേഷിനു വിവരിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. നാഗേഷിന്റെ 'ഗ്രേറ്റ്' എന്ന പദത്തിലെ പുച്ഛം കലര്‍ന്ന സര്‍ക്കാസത്തിനു മുമ്പില്‍ ഞാന്‍ ചൂളിപ്പോയി. പ്രസ്ഥാനത്തിന്റെ തര്‍ബിയത്ത് എന്നാല്‍ ഇതൊക്കെയാണ്!?
സയ്യിദ് തങ്ങള്‍ എന്തിനാവും ആ പുസ്തകം എടുത്തിട്ടുണ്ടാവുക? ഊഹം നിങ്ങള്‍ക്കു വിടുന്നു. അവര്‍ക്കു കുരുമുളകു വള്ളികൊണ്ടുപോവാനാവും. പക്ഷേ, അതില്‍ തിരിപിടിപ്പിക്കേണ്ട അല്ലാഹുവിന്റെ വിധിയും വേണ്ടുകയുമാകുന്ന 'തിരുവാതിര ഞാറ്റുവേല' (തിരിമുറിയാത്ത മഴ) കടത്തിക്കൊണ്ടുപോകാനാവില്ലല്ലോ.
ചുരുക്കിപ്പറഞ്ഞാല്‍, അങ്ങനെ, മാധ്യമത്തില്‍ നിന്നും സ്വാഭാവികമായും പാര്‍ട്ടീമുഖാന്തരമുള്ള 'സ്വര്‍ഗലബ്ധി'യില്‍ നിന്നും അതോടെ ഒ. അബ്ദുല്ല പുറത്തായി. 'വല്യബ്ദുല്ല'യുടെ മുമ്പില്‍ തോറ്റുപോയ ഈ 'കുഞ്ഞബ്ദുല്ല' എന്നിട്ടും പ്രസ്ഥാനത്തെ കൈയൊഴിച്ചില്ല. ആ പ്രസ്ഥാനത്തിനൊരു കൊടിയുണ്ടെങ്കില്‍ മരിക്കുമ്പോള്‍ ആ കൊടിപുതച്ചു മരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. (ആമീന്‍ പറയേണ്ടവര്‍ക്ക് ആമീന്‍ പറയാം.) സിദ്ദീഖ് ഹസ്സന് കാര്യബോധമുണ്ടായിരുന്നെങ്കില്‍, ടി.കെ.യെയും കൂടെയുള്ള അതേ പ്രകൃതിക്കാരായ ദുശ്ശാഠ്യക്കാരെയും മുമ്പിലിരുത്തി ചര്‍ച്ചചെയ്തു സമവായത്തിലെത്തി പ്രശ്‌നം പരിഹരിക്കാമായിരുന്നില്ലേ?
''മാധ്യമം ഒരു ദിനപത്രമാണ്. പ്രബോധനം പോലെ ശുറാ അംഗങ്ങളും ഹല്‍ഖാ അംഗങ്ങളുമല്ല അതു വായിക്കുന്നത്. സമൂഹത്തിലെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും വിദ്യാസമ്പന്നരും ഒക്കെ അതു വായിക്കുകയും അതിനെ ശ്ലാഘിക്കുകയും ചെയ്യുന്നില്ലേ? പ്രസ്ഥാനത്തിനു തന്നെ അതൊരു മുതല്‍ക്കൂട്ടാണ്. പതിനാല് വര്‍ഷമായി വമ്പിച്ച പുരോഗതിയിലുമാണ്. ഒ. അബ്ദുല്ലയെക്കൊണ്ട് നമുക്ക് ഉപകാരമേ ലഭിച്ചിട്ടുള്ളൂ. അയാളെ പുറത്താക്കിയാല്‍ അതു സ്ഥാപനത്തിനും പ്രസ്ഥാനത്തിനും നാണക്കേടാകില്ലേ?"
ഒ.അബ്ദുല്ലയുടെയടുത്ത് ഗുരുതരമായ തെറ്റൊന്നും പറ്റിയിട്ടില്ലല്ലോ. നിങ്ങള്‍ അല്‍പം സൗമനസ്യം കാണിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. ഒ. അബ്ദുല്ലയ്ക്കും പ്രായമായി, ഒ. അബ്ദുല്ലയെ വേണ്ട എന്നുണ്ടെങ്കില്‍, സാവധാനത്തിലും നയത്തിലും നമുക്കദ്ദേഹത്തെ മാധ്യമത്തില്‍ നിന്നു മാന്യമായ ഒരു യാത്രയയപ്പൊക്കെ നല്കി പറഞ്ഞയച്ചാല്‍ പോരേ? ഒ. അബ്ദുല്ലയുടെയും ഒ. അബ്ദുര്‍ റഹ്മാന്റെയുമൊക്കെ ഏറെക്കാലത്തെ ചോരയും വിയര്‍പ്പും ഇതിലുള്ളത് നാം ഓര്‍ക്കേണ്ടതില്ലേ? പറയത്തക്ക കാരണമൊന്നുമില്ലാതെ അദ്ദേഹത്തെ പുറത്താക്കുന്നത് നമുക്കു പേരുദോഷമുണ്ടാക്കില്ലേ എന്നൊക്കെ മയത്തില്‍ പറഞ്ഞ് ശൂറാ അംഗങ്ങളെ സിദ്ദീഖ് ഹസ്സനു അനുനയിപ്പിക്കാമായിരുന്നു. പക്ഷേ, പിശാച് പ്രസ്ഥാനത്തെ മറ്റൊരു വഴിക്കാണ് കൊണ്ടുപോയത്. *(ഒ. അബ്ദുല്ലക്കു ശേഷമാണ് മാധ്യമവും മീഡിയ വണ്ണും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഇപ്പോള്‍ നൂറ് കോടിയോളം രൂപ കടത്തിലാണെന്നു കേള്‍ക്കുന്നു. അല്ലാഹു അഅ്‌ലം.) പക്ഷേ, സിദ്ദീഖ് ഹസ്സനുമുണ്ടായിരുന്നു ഒ. അബ്ദുല്ലയുമായി തീര്‍ക്കേണ്ട ചില കണക്കുകള്‍. കിട്ടിയ ഈ അവസരം തന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനായി ഉപയോഗപ്പെടുത്തുന്നതിലാണ് സിദ്ദീഖ് ഹസ്സന്‍ മിടുക്ക് കാണിച്ചത്. വെറും ഒരധ്യാപകനായിരുന്ന സിദ്ദീഖ് ഹസ്സന്റെ ഈഗോ ആണ് അവിടെ പ്രകടമായത്. മാധ്യമത്തിലുള്ള സ്വാധീനത്തില്‍ അബ്ദുല്ല തന്നെ മുന്‍കടക്കുമോ എന്നു സിദ്ദീഖ് ഹസ്സനു തോന്നിയതുപോലെ. ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുവെയുള്ള ഘടനവെച്ചാണ് ഞാന്‍ ഈ നിഗമനത്തിലെത്തുന്നത്. അതുകൊണ്ടാവാം തന്റെ "അമീറുല്‍ മുഅ്മിനീന്‍" എന്ന നിലക്കുള്ള പ്രത്യേകാധികാരം ഉപയോഗപ്പെടുത്തി അബ്ദുല്ലയെ പുറത്താക്കുന്നത്. സിദ്ദീഖ് ഹസന്‍ അബ്ദുല്ലയെ പുറത്താക്കാന്‍ വേണ്ടി ഉപയോഗിച്ച വാചകം ഇതായിരുന്നു: ''അബ്ദുര്‍റഹ്മാനെ ഉപയോഗപ്പെടുത്തി അബ്ദുല്ലയെ ഞങ്ങള്‍ കളയും.'' പ്രസ്ഥാനത്തിന്റെ ഒരാശ്രിതനെ ഉപയോഗപ്പെടുത്തി ഒരു എതിരാളിയെ വകവരുത്തുക എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥിരം സംസ്‌കാരമാണെന്ന അനുഭവസാക്ഷ്യമുള്ളതിനാല്‍ അതില്‍ വലിയ ആശ്ചര്യമൊന്നും തോന്നിയില്ല. പള്ളുരുത്തി ഹാജിയും കെ.സി. അബ്ദുല്ല മൗലവിയും അബ്ദുസ്സലാം മൗലവിയും കെ.എം. രിയാലുവുമൊക്കെ ഈ സംസ്‌കാരത്തിന്റെ ഇരകളായിരുന്നു. കെ.സി. അബ്ദുല്ല മൗലവിയെ അവര്‍ക്കു പുകച്ചു പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കിലും പലപ്പോഴും അവര്‍ വളരെയേറെ കഷ്ടപ്പെടുത്തിയിരുന്നു.
ന്യായമായ കാരണമൊന്നും പറയാതെ ഉമര്‍ (റ) ഖാലിദി(റ)നെ മാറ്റിയില്ലേ? എന്നിട്ട് ഇസ്‌ലാമിന് വല്ലതും സംഭവിച്ചോ?
ഉമര്‍ (റ)ന് അദ്ദേഹത്തിന്റെതായ ന്യായവുമുണ്ടായിരുന്നു. പക്ഷേ, അബൂബകര്‍ (റ) ഖാലിദിനെ മാറ്റിയില്ലല്ലോ. ഉമര്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചുകാണും. ഖാലിദ് ഒരു മനുഷ്യനാണ്. ദൈവം ആകാശത്തുനിന്നയച്ച ദിവ്യാസ്ത്രമൊന്നുമല്ല എന്നു തെളിയിക്കേണ്ടതുണ്ടായിരുന്നു. കാരണം, ഖാലിദ് (റ) ചിരഞ്ജീവിയല്ല, നാളെ ഖാലിദില്ലെങ്കിലും ഇസ്‌ലാമിക സമൂഹങ്ങള്‍ ജയപരാജയങ്ങള്‍ മാറിമാറിവരുന്ന പടക്കളങ്ങളിലൂടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഉമര്‍ (റ) ഖാലിദിനെ സര്‍വ്വസൈന്യാധിപ സ്ഥാനത്തുനിന്നു മാത്രമേ മാറ്റിയുള്ളൂ. ഖാലിദിന്റെ സ്വര്‍ഗലബ്ധിക്ക് തടസ്സമുണ്ടാക്കിയില്ല. ഒ. അബ്ദുല്ലയുടെ സ്ഥിതി അതല്ലല്ലോ. ഒ. അബ്ദുല്ല വളരെ ആഴത്തില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ വിശ്വസിക്കുകയും അവരുടെ അഖിലേന്ത്യാ അമീര്‍ അബുല്ലൈസ് സാഹിബ് പ്രഖ്യാപിച്ച സ്വര്‍ഗം ഉറപ്പിച്ചുകൊണ്ട് "ആന കുത്തിയാലും ജമാഅത്ത് വിടില്ല" എന്ന വാശിയിലുമായിരുന്നുവല്ലോ. ഏതായാലും സിദ്ദീഖ് ഹസന്റെ നടപടി അല്ലാഹു അംഗീകരിച്ചില്ല എന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യക്തിപരമായി അദ്ദേഹത്തിനും അതുപോലെ അദ്ദേഹത്തിലൂടെ സമീപസ്ഥ സമൂഹത്തിലും സംഭവിച്ച സംഭവങ്ങളില്‍നിന്നു നാം മനസ്സിലാക്കുന്നു. അവരെല്ലാം പിന്നീട് നേതൃത്വത്തില്‍നിന്നും പ്രമുഖസ്ഥാനങ്ങളില്‍നിന്നും നിഷ്‌കാസിതമായി.
ഒ. അബ്ദുല്ലയെ മാറ്റാന്‍ കൈക്കൊണ്ട നയങ്ങള്‍ എത്ര ഹീനമായിരുന്നു? എത്ര നീചമാണ് ഒ. അബ്ദുര്‍റഹ്മാനെ മുന്‍നിര്‍ത്തി ഒ. അബ്ദുല്ലയെ നാം കളയുമെന്നു പറഞ്ഞ നിലപാട്. ഒരു കുടുംബത്തിന്റെ ഒരുമയല്ലേ ഇവര്‍ തകര്‍ത്തുകളഞ്ഞത്? ഇത് കുടുംബബന്ധം ചേര്‍ക്കാന്‍പറഞ്ഞ മുഹമ്മദ് നബി(സ)യുടെ നയമോ അതോ ആസറിനെ ഉപയോഗിച്ച് ഇബ്‌റാഹീമി(അ)നെ ഒതുക്കാന്‍ ശ്രമിച്ച നംറൂദിന്റെ നയമോ?
അതിനുശേഷം ആ കുടുംബം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എത്ര വേദനാജനകമാണ്. അല്ലാഹു അതു കാണുന്നില്ലേ? ഞാന്‍ ചിന്തിച്ചുപോയി. അബ്ദുര്‍റഹ്മാന്‍ ഇപ്പറഞ്ഞ ശൂറയ്ക്കു മുന്‍പാകെ പറഞ്ഞ വാക്കില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ഒ. അബ്ദുല്ല മാധ്യമത്തില്‍നിന്നു പുറത്താവുമായിരുന്നില്ല. സിദ്ദീഖ് ഹസ്സനും ടി.കെ. അബ്ദുല്ലയും തങ്ങളുടെ ഈഗോയുടെ പൂട പൊഴിച്ചുകളഞ്ഞ് മര്യാദയുടെ വഴിക്കു വരുമായിരുന്നു. പക്ഷേ, നാം പ്രതീക്ഷിക്കുന്ന ക്വാളിറ്റി പലപ്പോഴും ചിലരില്‍നിന്നു കിട്ടണമെന്നില്ല. പ്രസ്ഥാനത്തിന്റെ ഭാഗം പിടിച്ചുകൊണ്ടുള്ള ചേന്ദമംഗലൂര്‍ കവലയിലെ അബ്ദുര്‍റഹ്മാന്റെ ന്യായീകരണപ്രസംഗം കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ചുപോയി: ഇയാള്‍ ഒ. അബ്ദുല്ലയുടെ യഥാര്‍ത്ഥ സഹോദരന്‍ തന്നെയോ!
മുന്‍ അമീറുമാരും പുതിയ അമീറുമാരും ശൂറാ അംഗങ്ങളും വട്ടത്തിലിരുന്ന് സംവരണം മുഖേനയും സച്ചാര്‍ കമ്മീഷന്‍ മുഖേനയും ഇന്ത്യന്‍ മുസ്‌ലിംകളുടെ വരുമാന വര്‍ധനവിനുള്ള പോംവഴികള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അപ്പുറത്തെ കെട്ടിടത്തില്‍ ഇവരുടെ പിന്‍ഗാമികള്‍ നടത്തേണ്ടിയിരുന്ന ചര്‍ച്ച ഇതാണോ? ''സ്വര്‍ഗം ലഭിക്കാനും നരകത്തില്‍ കടക്കാതിരിക്കാനുമുള്ള ഒരു കാര്യവും ഞാന്‍ നിങ്ങളെ അറിയിക്കാതിരുന്നിട്ടില്ല'' എന്നാണ് അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞത്. അക്കൂട്ടത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ഇന്നതു ചെയ്യണമെന്നു പറഞ്ഞിട്ടില്ലല്ലോ.
തന്റെ ജ്യേഷ്ഠനോട് പാര്‍ട്ടി അനീതി കാണിക്കുകയാണെന്ന് ഒ. അബ്ദുര്‍റഹ്മാനും അറിയാമായിരുന്നു. ശൂറായോഗത്തില്‍ ഒ. അബ്ദുല്ലക്കെതിരേ പാര്‍ട്ടി സഖാക്കള്‍ ദുരാരോപണങ്ങളുന്നയിച്ചപ്പോള്‍ അവ അക്കമിട്ട് ഖണ്ഡിച്ചുകൊണ്ട് എ. ആര്‍. പറഞ്ഞത് 'ശുദ്ധ അസംബന്ധം' എന്നാണ്. അത് മനസ്സാക്ഷിയോടെ ആണെങ്കില്‍ അബ്ദുര്‍റഹ്മാന് ടി.കെ.യെയും സിദ്ദീഖ് ഹസ്സനെയും അവിടെവെച്ചുതന്നെ തിരുത്താമായിരുന്നു. പകരം ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ മൈക്ക് കെട്ടി അബ്ദുല്ലയെ പാര്‍ട്ടിക്കുവേണ്ടി അധിക്ഷേപിക്കുന്നതാണ് നാം കാണുന്നത്. ഏത് സ്വാര്‍ത്ഥ താല്‍പര്യമാണ് എ.ആറിനെ ഇതിനു പേരിപ്പിച്ചത് എന്ന് നമുക്കറിയില്ല. ഒ. അബ്ദുര്‍റഹ്മാന്‍ തനിക്ക് ഈ ഭ്രാതൃഹത്യക്കു കിട്ടിയ പാരിതോഷികവുമായി പോകട്ടെ. എന്നിട്ടും ഒ. അബ്ദുല്ലക്ക് പാര്‍ട്ടിയാകുന്ന കെണിയില്‍നിന്നു പുറത്തുകടക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതിലാണ് നമുക്ക് ദുഃഖം തോന്നുന്നത്. ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട്. എന്തിനാണ് ഒ. അബ്ദുല്ലയെ മാധ്യമത്തില്‍നിന്നും തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയില്‍നിന്നും പുറത്താക്കിയത്?
ഒരഴിമതിയും അദ്ദേഹം നടത്തിയതായി അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിക്കുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്ത ടി.കെ. അബ്ദുല്ലയോ സിദ്ദീഖ് ഹസ്സനോ ശൈഖ് മുഹമ്മദ് കാരക്കുന്നോ ആരോപിച്ചിട്ടില്ല. ഗുരുതരമായ എന്തെങ്കിലും അധാര്‍മ്മിക പ്രവൃത്തി അദ്ദേഹത്തില്‍നിന്നു സംഭവിച്ചതായും ഒരാളും ആരോപിച്ചതായി അറിയില്ല. പാര്‍ട്ടിയുടെ ഒരു ആജ്ഞയെയും അദ്ദേഹം ധിക്കരിച്ചതായി അറിയില്ല. അല്ലെങ്കില്‍ പാര്‍ട്ടിയുടെ ആരുമായുള്ള ഏതു ബൈഅത്താണ് അദ്ദേഹം ധിക്കരിച്ചത് എന്നും അവര്‍ക്കു വ്യക്തമാക്കാന്‍ കഴിയുന്നില്ല!
''കണ്ണീരോടെ മാധ്യമത്തില്‍നിന്നു വിട'' എന്ന തേജസ്സില്‍ ഒ. അബ്ദുല്ല എഴുതിയ ലേഖനത്തില്‍ നിന്നു മനസ്സിലാവുന്നത് ഒ. അബ്ദുല്ലയ്ക്കും അറിയില്ല, തന്നെ എന്തിനാണ് പുറത്താക്കിയത് എന്നാണ്. ''ശുദ്ധ അസംബന്ധം'' എന്ന ഒ. അബ്ദുര്‍റഹ്മാന്റെ നിഷേധവും ഇതു ശരിവെക്കുന്നു. പിന്നെ ആര്‍ക്കുവേണ്ടിയായിരുന്നു ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലിട്ട് ജ്യേഷ്ഠനെതിരെയുള്ള അമ്പത്തൊന്നു കുത്തോടെയുള്ള ഈ വെട്ടിനിരത്തല്‍? ജ്യേഷ്ഠനും അനുജനും അവരുടെ മക്കളും ചേര്‍ന്ന് മാധ്യമത്തെയും അതിന്റെ അനുബന്ധങ്ങളെയും ഒടുവില്‍ സംഘടനയെത്തന്നെയും വിഴുങ്ങുമെന്ന് ഇവരില്‍ ഒരു സംഘം കരുതിയോ? ഈ പച്ചപ്പാവങ്ങളെ സംബന്ധിച്ച് അങ്ങനെ വിചാരിക്കാനും നിര്‍വ്വാഹമില്ല. അല്ലാഹുവെ ഭയപ്പെടുന്ന നല്ല ബാപ്പയ്ക്കു പിറന്നവരാണവര്‍. അറിഞ്ഞിടത്തോളം അവരും ആ ക്വാളിറ്റി സൂക്ഷിച്ചു പോന്നവരാണ്. പിന്നെ എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്? ഒരു ഘട്ടമെത്തിയാല്‍ ഇവരെല്ലാം തമ്മില്‍ത്തല്ലികളായി പരസ്പരം അകന്നുപോകുന്നതും അങ്ങനെ പുതിയ പ്രശ്‌നങ്ങളുടെയും കലഹങ്ങളുടെയും ഉദ്ഘാടകരായി മാറുന്നതും എന്തുകൊണ്ടാണ്?
1995ല്‍ തന്നെയാണ് കല്ലാച്ചി ബഷീറിനെ എറണാകുളത്തെ മദീനാ മസ്ജിദില്‍ ഇമാമത്തിന്റെ ചുമതലയില്‍ നിയോഗിച്ചത്. നല്ല ഈണത്തില്‍ ഖുര്‍ആന്‍ ഓതുമെന്നതിനപ്പുറം ബഷീറിനെ സംബന്ധിച്ച് ഞാന്‍ കൂടുതലൊന്നും ചികഞ്ഞന്വേഷിച്ചിരുന്നില്ല. വളരെക്കാലമായി പരിചയമുള്ള കുറ്റ്യാടി മൊയ്തു മൗലവിയുടെ മകന്‍ എന്ന പരിഗണന മാത്രമേ നോക്കിയുള്ളൂ. ഞാന്‍ പള്ളിയില്‍ നിര്‍ത്തിയ ബശീര്‍ താമസിയാതെ കൊച്ചിയിലെ ചന്തയിലേക്കാണ് നീങ്ങിയത്. അവരുടെ ഇടയില്‍ അയാള്‍ ബശീര്‍ മുഹിയുദ്ദീനായി. ബാപ്പയുടെ പേര് ഒന്നുകൂടി പരിഷ്‌കരിച്ച് ഇസ്‌ലാമീകരിച്ചാണ് മുഹിയുദ്ദീന്‍ എന്നാക്കി 'അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പേരാക്കിയത്. ഇങ്ങനെ അടിത്തറയും മോന്തായവും സ്വയം മാറ്റിപ്പണിത് (അക്കാലത്തെ) പ്രസ്ഥാനത്തിലെ സമാനമനസ്‌കരുടെ ആത്മീയ മണ്ഡലങ്ങളിലെ മിന്നും താരമായി വിലസുകയായിരുന്നു അവന്‍. ചന്തയിലും പരിസരത്തുമുള്ള കവലച്ചട്ടമ്പികളും ഫൂട്പാത്ത് റൗഡികളും തെരുവുഗുണ്ടകളും കൂലിത്തല്ലുകാരുമൊക്കെ പ്രസ്ഥാനത്തിലേക്ക് ചേക്കാറാന്‍ തുടങ്ങിയ കാലമായിരുന്നു അത്. കാരണം, അപ്പോഴേക്കും പാര്‍ട്ടി രാഷ്ട്രീയപ്പാര്‍ട്ടിയായി മാറിയിരുന്നു. തല്ലുംപിടിയും ഗുണ്ടായിസവും നടത്താന്‍ തെരുവിന്റെ പിന്തുണ സി.പി.എമ്മിനെപ്പോലെ, ബി.ജെ.പിയെപ്പോലെ പാര്‍ട്ടിക്ക് അനിവാര്യവുമായിരുന്നു. ക്രമേണ ഈ കൂട്ടുകെട്ട് പള്ളിയിലും ഈ തല്ലുംപിടി രാഷ്ട്രീയപ്പാര്‍ട്ടി വളര്‍ത്താന്‍ ഗൂഢ്രശമങ്ങള്‍ നടത്തി. ഇതു സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഞാനും ഇതു സാകൂതം നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. തക്ക സമയത്ത് ചില ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവന്നു. അപ്പോഴാണ് പാര്‍ട്ടി നിയോഗിച്ചതു പ്രകാരം ബഷീര്‍ കമ്പോളത്തിലെ പ്രമുഖ ഇരുമ്പു വ്യാപാരിയായ അച്ചുവില്‍ ഇതിനെതിരേ അഭയം തേടിയത്. അച്ചുവിന്റെ ഇസ്‌ലാമിക വികാരത്തെ ഉണര്‍ത്താന്‍ ബശീറിന്, അല്ലെങ്കില്‍ അതില്‍ ഇടപെട്ട പാര്‍ട്ടിയുടെ ആളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവണം. അങ്ങനെയാവാം മദീനാ മസ്ജിദ് പിടിച്ചടക്കാന്‍ രൂപം കൊണ്ട പ്രസ്ഥാനത്തോട് അച്ചു (ഏതോ തെറ്റിദ്ധാരണയില്‍ കുടുങ്ങി) സഹകരിച്ചത്.
അച്ചുവിനെ ഇരുപത് വര്‍ഷമായി എനിക്കറിയാം. മദീനാ മസ്ജിദിന്റെ ഉദ്ഘാടനത്തിനു ശേഷമാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇസ്‌ലാമിക പ്രതിബദ്ധതയുള്ള, ഇസ്‌ലാമിന്റെ ആളുകളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന, തികഞ്ഞ ഒരു സമുദായസ്‌നേഹിയായ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഇസ്‌ലാമിനുവേണ്ടി എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. അതിന്റെ ന്യായം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവുന്ന രീതിയില്‍ ബോധ്യപ്പെടണമെന്നു മാത്രം. ഒരുദാഹരണം പറയാം: നൂറ് വര്‍ഷം പഴക്കമുള്ള ബ്രോഡ് വേ ഹനഫീ മസ്ജിദ് അങ്ങേയറ്റം ജീര്‍ണ്ണിച്ച് ഇടിഞ്ഞുവീഴാറായ അവസ്ഥയിലായിരുന്നു. ഞാനവിടെയാണ് വര്‍ഷങ്ങളായി രണ്ടുമൂന്നുവഖ്ത് നമസ്‌കരിച്ചിരുന്നത്. പള്ളി എത്രയും വേഗം പൊളിച്ചു പണിയേണ്ടതുണ്ടായിരുന്നു. പുനര്‍നിമ്മാണത്തിന് പലരും പല പരിശ്രമങ്ങളും നടത്തിയിട്ടും എവിടെയും എത്താതായപ്പോള്‍ ബന്ധപ്പെട്ടവര്‍ എന്നെയും അതില്‍ കക്ഷിയാക്കാന്‍ ശ്രമിച്ചു. 1996ല്‍ ഈ അച്ചു നിര്‍ബന്ധിച്ചതുപ്രകാരം അതിനുള്ള യോഗം വിളിച്ചപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തു. അവര്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ 1997ല്‍ പള്ളിയുടെ സെക്രട്ടറി അബ്ദുല്ല സേഠ് പറഞ്ഞു: ''ഹാശിം ഹാജീ, പള്ളിയുടെ പുനര്‍നിമ്മാണത്തിനു താങ്കള്‍ സഹകരിക്കണം, താങ്കള്‍ അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കണം. താങ്കളെ പള്ളി പുനര്‍നിമ്മാണ കമ്മറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുന്നു.''
ഞാന്‍ പറഞ്ഞു, ''എനിക്കു പറ്റില്ല, എനിക്ക് പല ചുറ്റുപാടുകളുമുണ്ട്. മാത്രമല്ല, നിങ്ങളുമായി പല കാര്യത്തിലും യോജിച്ചുപോകാന്‍ എനിക്കു കഴിഞ്ഞെന്നുവരില്ല. ഞാനായിട്ട് ഈ പള്ളിയില്‍ ഒരു കലഹം തുടങ്ങിവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.'' ഞാന്‍ എഴുന്നേറ്റുപോരുകയും ചെയ്തു.
അന്ന് വൈകീട്ട് അച്ചു എന്നെ എന്റെ വീട്ടില്‍ വന്നു കണ്ടു. ഹാജി എന്തേ പള്ളി പുനര്‍നിമ്മാണകമ്മറ്റിയുമായി സഹകരിക്കാതെ ഏഴുന്നേറ്റുപോന്നത് എന്നു ചോദിച്ചു. ''ഇസ്‌ലാമിക് സെന്ററും മദീനാ മസ്ജിദ് ഉള്‍പ്പെടെ നാലഞ്ചു പള്ളികളും ആരെയും കൂട്ടാതെ പണിതതിലെ എന്റെ ഇസ്‌ലാമികപ്രതിബദ്ധത''യെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് പരിപാടിയുമായി സഹകരിക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, ''എനിക്ക് ആ ആളുകളുമായി സഹകരിച്ചുപോകാന്‍ കഴിയില്ല. കുറച്ചുകഴിയുമ്പോള്‍ പല പ്രശ്‌നങ്ങളുമുണ്ടാവും. ഞാനായിട്ട് ഒരു പ്രശ്‌നവും ഒരു പള്ളികളുടെ കാര്യത്തിലും ഉണ്ടാക്കാന്‍ എനിക്കു താല്‍പര്യമില്ല.
അവിടെയുള്ളവരൊക്കെ നാം വിചാരിക്കുന്ന ഇസ്‌ലാമികമായ ക്വാളിറ്റിയുള്ളവരൊന്നുമാകണമെന്നില്ലല്ലോ.''
അന്ന് അങ്ങനെയായിരുന്നു എന്റെ വിശ്വാസം.
അച്ചുവിന്റെ ഭാവം മാറി, ''ഹാജീ, ഞാന്‍ നിങ്ങളെപ്പോലെ അഞ്ചുവഖ്തിലും കൃത്യമായി പള്ളിയില്‍ പോയി നമസ്‌കരിക്കുന്നയാളൊന്നുമല്ല. നിങ്ങള്‍ കൃത്യമായി നമസ്‌കരിക്കുന്നവനാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ വഖ്തിലും ആ പള്ളിയില്‍ പോകുമ്പോള്‍ അതിന്റെ ശോചനീയാവസ്ഥ നിങ്ങള്‍ കാണുന്നില്ലേ? ഒരു ദിവസം ജുമുഅയ്ക്ക് കുറച്ചു വൈകിയാണ് ഞാന്‍ എത്തിയത്. താഴെ ഇടമില്ലാത്തതിനാല്‍ മുകളിലേക്ക് കയറാന്‍ തുനിഞ്ഞപ്പോള്‍ മുക്രി എന്നെ തടഞ്ഞു. മുകളിലേക്ക് കയറരുത്. അത് വളരെ ദുര്‍ബലമാണ്. ഏതു സമയവും ഇടിഞ്ഞുവീഴും. അതെനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. അതുകൊണ്ടാണ് ഞാനതില്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഞാന്‍ അബ്ദുള്ള സേഠിന്റെ പാര്‍ട്ടിയില്‍ നില്‍ക്കുന്ന ആളല്ല. ഹാജി വിചാരിച്ചാല്‍ ഹാജിക്ക് ഇക്കാര്യം ചെയ്യാന്‍ കഴിയും.''
പിറ്റേത്തെ ആഴ്ച്ചയിലെ യോഗത്തില്‍ ഞാന്‍ പങ്കെടത്തു. ഞാന്‍ പറഞ്ഞു: ''ഞാന്‍ ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്തോളാം. പള്ളി പൊളിച്ചുപണിയാന്‍ എന്നെ ചുമതലപ്പെടുത്തിയതായി പള്ളിനടത്തിപ്പുകാരായ നിങ്ങള്‍ പന്ത്രണ്ട് ആളുകള്‍ എനിക്ക് കരാര്‍ എഴുതി ഒപ്പിട്ടുതരണം. എങ്കില്‍ പള്ളി ഞാന്‍ പൊളിച്ചുപണിയും, ഞാന്‍ മാത്രം. നിങ്ങളുടെ ആരുടെയും ഒരഭിപ്രായവും ഞാന്‍ സ്വീകരിക്കില്ല.''
അപ്പോള്‍ തന്നെ അവരെല്ലാവരും ഒപ്പിട്ടുതന്നു. എനിക്കു ചെയ്യാന്‍ കഴിയുമായിരുന്ന ഒരു കാര്യം ഞാന്‍ ചെയ്യാതെ പോയതിനു കുറ്റക്കാരനാകുമോ എന്ന ഭയം കാരണം ഞാന്‍ ആ ചുമതല ഏറ്റെടുത്തു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആറ് മാസം കൊണ്ട് അച്ചുവിന്റെയും മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ഹംസക്കുഞ്ഞിന്റെയും ടി.പി.ഒ ഖാലിദിന്റെയുമൊക്കെ സഹകരണം കൊണ്ട് നാല് നിലയുള്ള പള്ളിയും മുമ്പിലെ കടകളെല്ലാം പൊളിച്ചു മൂന്നു നിലയില്‍ ഷോപ്പിങ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ എനിക്കു കഴിഞ്ഞു. (അല്‍ഹംദു ലില്ലാഹ്). അച്ചുവിന്റെ ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും അതിനുണ്ടായിരുന്നു. ആ അച്ചുവിനെയാണ് അവര്‍ തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരേ തിരിച്ചുവിട്ടത്.
അച്ചുവിനെ അവരുടെ പക്ഷത്തേക്ക് കിട്ടിയതില്‍ അവര്‍ നിലവിട്ട് സന്തോഷിച്ചു. കൊച്ചി നഗരം അവരുടെ കൈപ്പിടിയിലായപോലെ. മദീന മസ്ജിദ് പ്രശ്‌നം രൂക്ഷമായപ്പോള്‍ കെ.എം. രിയാലു, ടി.കെ. അബ്ദുല്ലയോട്, ''ഈ വിഷയം പരസ്പരം സംസാരിച്ചു തീര്‍ത്തുകൂടേ?'' എന്നു ചോദിച്ചപ്പോള്‍ അതിന് ഇടനിലക്കാരനാവാന്‍ രിയാലു സാഹിബിനോട് ടി.കെ. തിരിച്ച് ആവശ്യപ്പെട്ടു. അപ്പോള്‍ രിയാലു ചോദിച്ചു, ''നിങ്ങള്‍ എത്രത്തോളം വിട്ടുവീഴ്ച്ച ചെയ്യും?''
''ഞങ്ങളെന്തിന് വിട്ടുവീഴ്ച്ച ചെയ്യണം? എറണാകുളത്തെ ഇരുമ്പു വ്യാപാരി അച്ചുവിനെ നിങ്ങളറിയില്ലേ? വി.എസ്. അച്യുതാനന്ദന്‍ എറണാകുളത്ത് വന്നാല്‍ അച്ചുവിന്റെ വീട്ടിലാണ് താമസിക്കുക. പിന്നെ നമ്മളെന്തിനാണ് വിട്ടുവീഴ്ച്ച ചെയ്യുന്നത്?''
ഹാശിം ഹാജിയുടെ കൂടെ അല്ലാഹുവല്ലേ ഉണ്ടാവൂ എന്ന് ടി.കെ. പറഞ്ഞോ എന്നറിയില്ല! വി. എസ് ആയിരുന്നു അക്കാലത്തു കേരള മുഖ്യമന്ത്രി.
എന്റെ ഓഫീസ് അര്‍ധ രാത്രിയില്‍ തുറന്ന് ബഷീറും സംഘവും അതിലെ രേഖകള്‍ കടത്തിക്കൊണ്ടുപോയി എന്ന വിവരം അച്ചു അറിഞ്ഞതോടെ അച്ചു അവരുടെ ഓപറേഷനില്‍നിന്നു പിന്മാറി. അതോടെ ഭൗതികമായ അവരുടെ ശക്തി ക്ഷയിച്ചു. അങ്ങനെയാണ് അറ്റ കൈയ്ക്ക് അവര്‍ കോടതിയിലേക്കു നീങ്ങിയത്.
മദീനാ മസ്ജിദ് പാര്‍ട്ടിക്കു വേണ്ടി പിടിച്ചടക്കുന്നതില്‍ തോറ്റതിനു പകവീട്ടുന്നതിന്റെ ഭാഗമായി ഇസ്‌ലാമിക് സെന്റര്‍ പാര്‍ട്ടിക്കു പൂര്‍ണ്ണമായി കീഴ്പ്പടുത്താനുള്ള നിഗൂഢ ലക്ഷ്യവുമായി അവര്‍ മുന്നോട്ടുനീങ്ങി. ട്രസ്റ്റ് യോഗം ചേര്‍ന്ന് എന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റി അന്നത്തെ അമീര്‍ ആരിഫ് അലിയെ ചെയര്‍മാനാക്കി എന്നാണ് പറയപ്പെടുന്നത്. ട്രസ്റ്റ് യോഗം വിളിക്കേണ്ടത് ചെയര്‍മാനാണ്. ചെയര്‍മാന്‍ വിളിക്കുന്നില്ലെങ്കില്‍ പിന്നെ യോഗം വിളിക്കണമെങ്കില്‍ ബൈലോ പ്രകാരം 50 ശതമാനം അംഗങ്ങള്‍ ഒപ്പിടണം. അതായത്, പതിനഞ്ചുപേര്‍. ട്രസ്റ്റില്‍ എന്നെ അനുകലിക്കുന്ന നാലഞ്ചുപേരേയുള്ളൂ. ബാക്കിയൊക്കെ പാര്‍ട്ടിക്കാരാണ്. പക്ഷേ, അവിടെയും ആരിഫലിക്കൊരു തെറ്റുപറ്റി. ആ 'യോഗം' വിളിച്ച ട്രസ്റ്റിമാരില്‍ രണ്ടു പേര്‍ ഇരുപത്തഞ്ച് കൊല്ലം മുമ്പ് ട്രസ്റ്റില്‍ നിന്നു മരിച്ചുപോയവരാണ്. അതിന്റെ രേഖകള്‍ സെന്ററിന്റെ ഓഫീസിലെ അലമാരയിലുണ്ട്. അത് ആരിഫലിക്ക് അറിയില്ലായിരിക്കാം. കാരണം, ആരിഫലി അതുവരെ ട്രസ്റ്റ് മെമ്പര്‍ പോലുമായിട്ടില്ലല്ലോ. ആ യോഗത്തിന് ഒരജണ്ടയേ ഉണ്ടായിരുന്നുള്ളൂ: ഹാശിം ഹാജിയെ പുറത്താക്കുക, സെന്റര്‍ പാര്‍ടിയുടെതാക്കുക. ഞാന്‍ അവരെ തിരുത്താനോ പ്രതിരോധിക്കാനോ ഒന്നും പോയില്ല. ഒരു 'മുസ്വീബത്ത്' തലയില്‍നിന്ന് ഒഴിഞ്ഞുപോയ ആശ്വാസത്തിലായിരുന്നു ഞാന്‍.
ആയിടക്കാണ് ഇസ്‌ലാമിക് സെന്റര്‍ പാര്‍ട്ടിയുടെതാണ് എന്ന് അണികളെ ബോധ്യപ്പെടുത്താന്‍ 2009 മെയ് മാസത്തിലെ ഒരു പ്രബോധനത്തില്‍ മനോഹരമായ ഒരു അപസര്‍പ്പകകഥ പ്രസിദ്ധീകരിച്ചത്.
ആ കെട്ടുകഥയുടെ മുകളില്‍ മനോഹരമായ ഒരു ഫോട്ടോയും കൊടുത്തിരുന്നു. ഒറ്റനോട്ടത്തില്‍ മര്‍ഹൂം ''മുഹമ്മദ് അലി ജിന്ന, ബാര്‍ അറ്റ് ലാ'' എന്നു തോന്നിപ്പോകും. പക്ഷേ, അടിക്കുറിപ്പുകണ്ടപ്പോള്‍ ഞാന്‍ ഞെട്ടി.
ആലുവ തായിക്കാട്ടുകര പരിസരത്തുള്ള ഒരാളുടെതായിരുന്നു ആ ഫോട്ടോ. ഇതു നമ്മുടെ തച്ചംകുളത്തെ മൈമിക്കയല്ലേ! ഇദ്ദേഹത്തെ നമ്മുടെ ഇടയില്‍ ജനിച്ചുമരിക്കുന്നതിനിടയില്‍ ഈ ഒരു വേഷത്തില്‍ ആരും കണ്ടിട്ടില്ലല്ലോ. അപ്പോള്‍ ഇദ്ദേഹത്തിന് എന്തോ ചില കറാമുത്തുകളുണ്ടാവും. അതെ, എറണാകുളത്തെ പൊന്നുരുത്തിയില്‍ അടക്കം ചെയ്ത പള്ളിപ്പടി ഔലിയയെപ്പോലെ. വാരികയിലുടനീളം പറയുന്നത് ഇദ്ദേഹത്തിന്റെ കറാമത്താണ് എറണാകുളത്തെ ഇസ്‌ലാമിക് സെന്റര്‍ എന്നാണ്. തച്ചംകുളത്തെ മൈമിക്ക പെരിയാറില്‍ മഴുവെറിഞ്ഞപ്പോള്‍ കൊച്ചിയിലെ ഇസ്‌ലാമിക് സെന്റര്‍ താനേ നിലത്തുനിന്നു പൊന്തിവന്നു!
പക്ഷേ, പാര്‍ട്ടി ആ കറാമത്തൊന്നും ചിന്തിക്കാതെ ഒരു ഉഗ്രന്‍ കളവ് പ്രബോധനത്തില്‍ എഴുതിവിട്ട് ഇസ്‌ലാമിക് സെന്റര്‍ പാര്‍ട്ടിയുടെതാണെന്നതിന് ഒരു 'ചരിത്രരേഖ' മെനഞ്ഞുണ്ടാക്കി. ഇതിന് അവര്‍ വഞ്ചിച്ചത് സ്വന്തം മനസ്സാക്ഷിയെത്തന്നെയായിരുന്നു. പാര്‍ട്ടിയുടെ പേര് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നാണല്ലോ. അപ്പോള്‍ ആ പാരമ്പര്യത്തോടു ചേര്‍ന്ന സാംസ്‌കാരിക, സാമൂഹിക, സദാചാര, നീതിന്യായവ്യവസ്ഥയ്ക്കനുസൃതമായ മിത്തുകള്‍ പിന്തുടര്‍ന്ന് തായിക്കാട്ടുകാരുടെ കണ്ടെത്തലിനെ പിന്തുടര്‍ന്നാല്‍ പോരായിരുന്നോ?
''ഉചിത്വ ന്യായാലയ'' പരമോന്നത നീതിപീഠം അടുത്ത കാലത്ത് പ്രഖ്യാപിച്ച ഒരു കോടതിവിധി മാതൃകയാക്കാമായിരുന്നില്ലേ? 600 കൊല്ലം മുസ്‌ലിംകള്‍ നമസ്‌കരിച്ച പള്ളി ഒരുകൂട്ടം കാപാലികര്‍ തകര്‍ത്തപ്പോള്‍ കോടതി എല്ലാ തെളിവുകളുടെയും പിന്‍ബലത്തോടെ 28 വര്‍ഷത്തെ വിചാരണക്കൊടുവില്‍ വിധി പറഞ്ഞില്ലേ? പള്ളി 600 വര്‍ഷം മുസ്‌ലിംകള്‍ നിസ്‌കരിച്ചതാണെന്നും അതിലെ വിഗ്രഹങ്ങള്‍ ഇരുട്ടിന്റെ മറവില്‍ പുറത്തുനിന്നു കൊണ്ടുവെച്ചതാണെന്നും കണ്ടെത്തി ബോധ്യപ്പെട്ട കോടതി മറ്റൊരു കണ്ടെത്തല്‍ കൂടി നടത്തി. പള്ളിയുടെ രേഖകളെല്ലാം മുസ്‌ലിംകളുടെ പേരിലാണ്. അതായത്, പള്ളി ഏതര്‍ത്ഥത്തിലും മുസ്‌ലിംകളുടെത് തന്നെ.
പക്ഷേ, 9 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീരാമന്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രം തകര്‍ന്നിടത്താണ് ഒരു മുസല്‍മാനായ ബാബര്‍ പള്ളി നിര്‍മ്മിച്ചത് എന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷവിഭാഗത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ കോടതിയും വിശ്വസിച്ചത്. അതുകൊണ്ട് ക്ഷേത്രം തന്നെയാണ് അവിടെ പണിയേണ്ടത്. ഇതേ നീതിന്യായ രീതി കൈകൊണ്ട് തായിക്കാട്ടുകരക്കാര്‍ വിശ്വസിക്കുന്ന പരേതനായ ശ്രീ മൈമിക്ക പെരിയാറില്‍ മഴു എറിഞ്ഞ് ഇസ്‌ലാമിക് സെന്റര്‍ ഉണ്ടാക്കി എന്നു പറഞ്ഞാന്‍ പോരായിരുന്നുവോ?
ഇവിടെ ആലുവ ടി.കെ.യുടെ മകന്‍ മുഹമ്മദലി തന്റെ ഉമ്മയോടു പറയേണ്ടിയിരുന്നത് ഇതാണ്: ''ഉമ്മാ, നമ്മുടെ പാര്‍ട്ടി എത്രയാണ് അധപ്പതിച്ചുപോയത്. ബാപ്പയെക്കുറിച്ച് എന്തൊരു ക്രൂരമായ കളവാണ് പ്രബോധനത്തില്‍ എഴുതിയത്. 16 വര്‍ഷം ഞാന്‍ ഹാശിം ഹാജിയുടെ സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലി ചെയ്തതോര്‍മ്മയില്ലേ? ആ കാലയളവില്‍ 1974-75ല്‍ ഞാനല്ലേ, ഹാജി പലപ്പോഴായി കൊണ്ടുവന്നുതന്ന അയ്യായിരവും പതിനായിരവും രൂപ സെന്ററിന്റെ സ്ഥലത്തിനു വിലയായി ജ്യോണ്യേട്ടനു കൊണ്ടുപോയി കൊടുത്തത്. രിയാലുസാഹിബ് അയച്ച ഡ്രാഫ്റ്റ് വന്നപ്പോള്‍ ബാങ്കില്‍ ഇട്ടതിനും ക്യാഷ് എടുത്ത് ജോണ്യേട്ടന്റെ ബാക്കി തുക കൊടുത്തു സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയതിനും ഞാന്‍ സാക്ഷിയല്ലേ? ബാപ്പ ശമ്പളം പറ്റി സെന്റര്‍ നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിച്ചതല്ലേയുള്ളൂ?''
പാര്‍ട്ടി നിരോധിക്കപ്പെട്ടതിനാല്‍ ഒരുപണിയുമില്ലാതെ തെക്കുവടക്കു നടക്കുമ്പോഴാണ് ആലുവാ ടി.കെ.യെ ഞാന്‍ ബോധപൂര്‍വ്വം ഇസ്‌ലാമിക് സെന്റര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഏല്‍പ്പിച്ചത്. അതിന് ശംബളവും നല്‍കിയിരുന്നു. ആലുവാ ടി.കെ.യെ അവിടെ അക്കമഡേറ്റ് ചെയ്യാന്‍ അതുവരെയുണ്ടായിരുന്ന രണ്ടുപേരെ ഒഴിവാക്കേണ്ടിവന്നു. ഇസ്‌ലാമിക് സെന്റര്‍ സത്യസന്ധമായി അവരുടെതാണെന്നു സ്ഥാപിക്കാന്‍ ഒരു പോയിന്റുപോലും അവര്‍ക്കുന്നയിക്കാനില്ലാഞ്ഞിട്ടല്ലേ ഈ പച്ചക്കള്ളങ്ങള്‍ എഴുതിപ്പിടിപ്പിക്കേണ്ടി വന്നത്. നൂഹ് നബിയുടെ മകനെക്കൊണ്ടു പറഞ്ഞതുപോലെ ഇസ്‌ലാമിക് സെന്റര്‍ ഞാന്‍ പണിയേണ്ട ഒന്നല്ലെന്ന് ഇതോടെ എനിക്കു ബോധ്യപ്പെട്ടു. ''ഇന്നഹു അമലും ഗൈറു സ്വാലിഹിന്‍...'' അത് അത്ര നല്ലതല്ലാത്ത ഒരു പണിയായിപ്പോയി.
മുന്‍ അമീര്‍മാരും നിലവിലെ അമീറും ശൂറാ അംഗങ്ങളും മേരിക്കുന്നില്‍ വട്ടത്തിലിരുന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തിക പുരോഗതി എങ്ങനെയൊക്കെ കൈവരിക്കാമെന്നു ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു തൊട്ടപ്പുറത്തു കെട്ടിടത്തിലാണ് പ്രബോധനം വാരിക അച്ചടിച്ചിരുന്നത്. ഇത്രയും ക്രൂരമായ പച്ചക്കള്ളം അതില്‍ അച്ചടിച്ചു ജനങ്ങളിലേക്കു തള്ളിവിടുന്നതില്‍ അവിടെയുള്ള ആര്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. കൂടുതല്‍ വിശദീകരിക്കുന്നില്ല, ഈ ഘട്ടത്തിലാണ് ഇവരെ ഇതിനു പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചാലോചിച്ചത്. പ്രത്യക്ഷത്തില്‍ ഇവരൊക്കയും നല്ലവരും മാന്യന്മാരുമാണ്. മറ്റു മതസംഘടാനാ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തുകൊണ്ടും നന്മയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും ഇവര്‍ തന്നെയായിരുന്നുവല്ലോ. എന്റെ ദൃഷ്ടിയില്‍ ഇന്നും അങ്ങനെത്തന്നെ. അതില്‍ മാറ്റമില്ല. പിന്നെ ഇവര്‍ക്കെങ്ങനെയാണ് ഇത്ര അധപ്പതിക്കാനായത്? എന്തുകൊണ്ടാണ് ഇവര്‍ ഇവ്വിധം ഇബ്‌ലീസിന്റെ വലയില്‍ പെട്ടത്?
അത് ഇബ്‌ലീസിന്റെ തന്ത്രമാണ്.
ഈ തിരിച്ചറിവിന്റെ ഫലമായി ഞാനാവട്ടെ ഇസ്‌ലാമിക് സെന്റര്‍ എങ്ങനെയെങ്കിലും തലയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന ആഗ്രഹത്തിലും. ഞാനായിട്ട് ഒഴിഞ്ഞുകൊടുത്തിട്ട് കാര്യമില്ല. അപ്പോഴും എല്ലാം എന്റെ തലയില്‍തന്നെ ബാക്കി നില്‍ക്കും. അതിനാല്‍ അവര്‍ എന്നില്‍നിന്ന് സെന്റര്‍ (എന്ന ബാധ) ഒഴിപ്പിക്കാന്‍ വേണ്ടി അഥവാ, എന്നെ അതില്‍നിന്നു പുറത്താക്കാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നു.
സത്യത്തില്‍ ഞാനത് പണിതത് ജമാഅത്തെ ഇസ്‌ലാമിക്കു വേണ്ടിത്തന്നെയാണ്. ജമാഅത്തെ ഇസ്‌ലാമിയെ നൂറു ശതമാനം ബോധ്യത്തോടെ പുല്ലേപ്പടി പള്ളിയില്‍ കൊണ്ടുനടന്നയാളാണ് ഞാന്‍. മുതവല്ലി കിക്കി സേഠിന്റെ നൂറുശതമാനം അനുമതിയോടെയും അനുഗ്രഹങ്ങളോടെയും തന്നെയായിരുന്നു അത്. പിന്നീട് മകന്‍ ബാബുസേഠ് വലുതായപ്പോള്‍ ''ഇവര്‍ പിഴച്ചവരാണ്'' എന്ന കെ. ഉമര്‍ മൗലവിയുടെയും മറ്റും കെ.എന്‍.എം നേതാക്കളുടെയും കുപ്രചാരണത്തില്‍ പെട്ട് പുളിക്കല്‍ മൗലവിയെ അന്യായമായി ചവിട്ടി പുറത്താക്കിയപ്പോള്‍ അവരോടുണ്ടായ അനുഭാവമാണ് ഇങ്ങനെയൊരു സെന്ററുണ്ടാക്കാന്‍ പ്രചോദനമായത്. അവരെ അങ്ങനെ ബഹിഷ്‌കരിക്കുന്നതു നീതിയല്ലല്ലോ. എന്തുകൊണ്ടും മുജാഹിദുകളെക്കാള്‍ മെച്ചം അവരാണെന്നായിരുന്നു എന്റെ ബോധ്യം. എന്റെ വിശ്വാസം അങ്ങനെയാണ്, അന്നും ഇന്നും. അങ്ങനെ അവര്‍ക്കൊരു സൗകര്യമൊരുക്കിയതാണ് ഇസ്‌ലാമിക് സെന്റര്‍. അല്ലാതെ എനിക്കെന്തിനാണ് ഇത്തരമൊരു സെന്റര്‍? എന്റെ കുടുംബത്തിനും എന്റെ മക്കള്‍ക്കും അതുകൊണ്ടെന്താണ് പ്രയോജനം? വെറും വ്യക്തികളായ ഞങ്ങള്‍ അതെങ്ങനെയാണ് നടത്തിക്കൊണ്ടുപോവുക?
പരേതനായ എ.കെ. അബ്ദുല്‍ഖാദിര്‍ മൗലവി ഒരിക്കല്‍ എന്നോടു ചോദിച്ചു, ''ഹാശിം ഹാജീ, നിങ്ങളുടെ മരണശേഷം ഇസ്‌ലാമിക് സെന്ററിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുക?'' അപ്പോള്‍ ഞാന്‍ പറഞ്ഞു, ''എന്റെ മക്കള്‍ക്ക് കിട്ടും.'' പിന്നെ ഞാന്‍ ഒരു മറുചോദ്യം ചോദിച്ചു, ''നിങ്ങളെയൊക്കെപ്പോലെയാണോ എ.കെ., ഹാശിം ഹാജിയെയും നിങ്ങള്‍ കണക്കാക്കിയത്? ഞാന്‍ എന്തിനാണ് അതു പണിതതെന്ന് ഇപ്പോഴും നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലേ? നിങ്ങളൊക്കെ ജീവിക്കുന്നത് ഇതിന്റെയെല്ലാം (ഞാന്‍ ഉദ്ദേശിച്ചത് സംഘടനയുടെ എന്നാണ്, ഇസ്‌ലാമിക് സെന്ററിന്റെ എന്നല്ല) ആനുകൂല്യം പറ്റിയിട്ടല്ലേ? നിങ്ങളുടെ മക്കളെയും ഈ സംവിധാനത്തില്‍ ഈ വിധത്തിലല്ലേ നിങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത്.''
(എ.കെ.യെ വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഞാനിതു പറഞ്ഞത്. ഞാന്‍ ഏറെ ആദരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. മരണംവരെ ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹം അകപ്പെട്ട സാഹചര്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇതു ചോദിപ്പിച്ചത്.) ''എന്നാല്‍ ഞാന്‍ അങ്ങനെയല്ല, ഞാന്‍ ഇതിന്റെ ട്രസ്റ്റ് ചെയര്‍മാനാണ് എന്നതു ശരിതന്നെ. എന്റെ മക്കളെയാരെയും ഞാന്‍ അതില്‍ ചേര്‍ത്തിയിട്ടില്ല. അത് എനിക്കു ശേഷം ട്രസ്റ്റിലാരാണോ വരുന്നത് അവര്‍ കൊണ്ടുനടത്തണമെന്നാണ് എന്റെ ആഗ്രഹവും തീരുമാനവും. അതു കാലാകാലം നിലനില്‍ക്കണം, അതിനപ്പുറം മറ്റൊരഭിപ്രായമോ ആഗ്രഹമോ എനിക്കില്ല.''
''ഇതു പണിതുയര്‍ത്താനുള്ള പെടാപ്പാടില്‍ പെട്ട് എന്റെ ബിസ്‌നസ് സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടത് എറണാകുളത്തുള്ള എല്ലാവര്‍ക്കുമറിയാം. എന്റെ കുടുംബത്തിനും അതറിയാം. അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ എന്നെ ഈ നിലയിലെത്തിച്ചു. ഞാന്‍ പൂജ്യത്തില്‍നിന്നു തുടങ്ങിയയാളാണ്. ഇനി എനിക്ക് എന്താണ് ആഗ്രഹിക്കാനുള്ളത്? എനിക്ക് ഈ സെന്റര്‍കൊണ്ട് എന്താണ് ഈ ലോകത്ത് നേടാനുള്ളത്?''
''അല്ല, പലരും പലതും പറയുന്നത് കേട്ട് ഞാന്‍ അബദ്ധത്തില്‍ ചോദിച്ചുപോയതാണ്'' എന്നു പറഞ്ഞ് അദ്ദേഹം മൗനിയായി. ഞാന്‍ എന്താണ് എന്റെ മറുപടികൊണ്ട് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ടാവും. അവര്‍ സദ്ബുദ്ധ്യാ ചിന്തിക്കേണ്ടവരായിരുന്നില്ലേ, "ഹാശിം ഹാജിക്കെന്തിനാണ് ഇങ്ങനെയൊരു സെന്റര്‍? അയാള്‍ മരിച്ചുപോയാല്‍ നാളെ അയാള്‍ക്കു പകരം പിറകില്‍ വരുന്നവരാരോ അവരല്ലേ ഇതു കൊണ്ടുനടത്തേണ്ടത്?"
മുകളില്‍ സൂചിപ്പിച്ചതുപോലെ സംഗതി അവര്‍ക്കു സൗകര്യം ചെയ്തുകൊടുക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ സെന്റര്‍ പണിതത്. പക്ഷേ, അതു പാര്‍ട്ടിയുടെ അസെറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ഒരു മതസംഘടനയുടെ സംവിധാനം ഒന്നാകെ യോജിച്ച് ഇത്രവലിയ കളവുപറഞ്ഞതിലാണ് നമ്മുടെ പരിഭവം. നാളെ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന വിശ്വാസമൊക്കെ ഇവരില്‍നിന്ന് എവിടെപ്പോയി?
സത്യത്തില്‍ ഞാന്‍ ഇതല്ലല്ലോ ഉദ്ദേശിച്ചത്. ഇതിലെവിടെയാണ് ഇസ്‌ലാമിക പ്രബോധനം? ഇതൊരു പാര്‍ട്ടി ഓഫീസോ ക്ലബ്ബോ ആയി മാത്രം മാറുകയല്ലേ, ചെയ്തത്?
സെന്ററുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു പാര്‍ട്ടീ ഓഫീസ് ഒരുക്കുക എന്നതായിരുന്നില്ല എന്റെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനത്തിന് ഒരു കാലത്ത് പുല്ലേപ്പടി പള്ളി ഉപകാരപ്പെട്ടതുപോലെ, ഈ സെന്ററും ഉപകാരപ്പെടണമെന്നേ ഞാന്‍ കരുതിയുള്ളൂ. ക്ലാസ് നടത്താനും ഹല്‍ഖാ യോഗം ചേരാനും ദര്‍സ് നടത്താനും ഇസ്‌ലാമിനെ സമഗ്രമായി പരിചയപ്പെടുത്താനും പ്രബോധനം നടത്താനും ഒരാസ്ഥാനം. ഇവര്‍ ഇതൊക്കെ സദുദ്ദേശ്യത്തോടെ ചെയ്യുന്നവരാണെന്നായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന ധാരണ. പക്ഷേ, അതൊന്നുമല്ല അവിടെ നടന്നത്. ഇസ്‌ലാമിക പ്രബോധനമോ ജനങ്ങളെ സ്വര്‍ഗത്തിലേക്കു കടത്തിവിടുന്ന കാര്യങ്ങളോ അല്ല. മറിച്ച് പാര്‍ട്ടിയുടെ ആസ്തി വര്‍ധിപ്പിക്കുക, അതിന്റെ നടത്തിപ്പുകാരെയും അവരുടെ മക്കളെയും അക്കമഡേറ്റ് ചെയ്യാന്‍ സ്ഥാപനങ്ങളുടെ പട്ടിക പെരുപ്പിക്കുക - ഈ പേരുപറഞ്ഞാണ് അവര്‍ സംഘടനയിലേക്ക് മിടുക്കന്മാരായ ആളുകളെ കൂട്ടുന്നത്. നോക്ക്, ഞങ്ങള്‍ക്ക് പത്രങ്ങളുണ്ട്, സെന്ററുകളുണ്ട്, ചാനലുണ്ട്, കോളജുകളുണ്ട്. സര്‍ക്കാര്‍ ശംബളത്തില്‍ നടക്കുന്ന വിദ്യാലയങ്ങളുണ്ട്. ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ തേരാപ്പാര നടക്കേണ്ടിവരില്ല.''
കാര്യം ഇങ്ങനെയാണെങ്കില്‍, സെന്റര്‍ പണിതതുകൊണ്ട് എനിക്കു വ്യക്തിപരമായ (അതായത്, ഉഖ്‌റവിയായ) നേട്ടമൊന്നുമില്ല. നന്ദിയുള്ള ഒരു വര്‍ഗത്തെയല്ല ഞാനവിടെ കുടിയിരുത്തിയത് എന്നെനിക്കു ബോധ്യമായി. അതിനാല്‍ നാളെ പരലോകത്തു അതൊരു നേട്ടമാകാന്‍ സാധ്യതയില്ല.
മുകളില്‍ സൂചിപ്പിച്ചതുപോലെ, അപ്പോഴാണ് എന്റെ റബ്ബ് എനിക്ക് വീണ്ടുവിചാരമുണ്ടാക്കിയത്. അങ്ങനെയാണ് ഞാന്‍ ഒരു പള്ളി പണിയാന്‍ തീരുമാനിച്ചത്. അതില്‍ ആദ്യമേ തന്നെ ഞാന്‍ പാലിച്ച സൂക്ഷ്മത ഇവരില്‍ ഒരാളെയും അതിലേക്കടുപ്പിക്കരുത് എന്നാണ്. അടുപ്പിച്ചതുമില്ല. പക്ഷേ, പള്ളിയുടെ പണി പൂര്‍ത്തിയായപ്പോള്‍ എന്റെ പഴയ മനസ്സുതന്നെ വീണ്ടും പ്രവര്‍ത്തിച്ചു. ഇതിന്റെ നടത്തിപ്പ് ഇനി ആരെ ഏല്പിക്കും? അങ്ങനെയാണ് കെ.സി. അബ്ദുല്ല മൗലവിയുടെ അടുത്തുപോയി കെ.ടി. അബ്ദുര്‍റഹീം സാഹിബിനെ ഖത്തീബായി ഏല്പിച്ചുതരണമെന്ന് ഞാന്‍ പറഞ്ഞത്. കെ.സി. സമ്മതിച്ചില്ല. എന്നെക്കാള്‍ എത്രയോ ദീര്‍ഘ ദൃഷ്ടിയുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു, ''അവനെ നിങ്ങള്‍ക്കു ശരിയാവില്ല. എങ്കിലും ഒര് ആറുമാസത്തേക്കു വെച്ച് നോക്കൂ. ആറുമാസം കൊണ്ട് അവനൊഴിഞ്ഞുപോകും കെട്ടോ. പകരം ആളെയും ഇപ്പോഴേ അന്വേഷിച്ചുവെച്ചോ.''
പകരം ആളെയും അദ്ദേഹം തന്നെയാണ് എനിക്കു നിര്‍ദേശിച്ചുതന്നത്. മഞ്ചേരിക്കാരന്‍ അബ്ദുസ്സലാം മൗലവിയെ. ഇരിക്കൂറിലായിരുന്നു അദ്ദേഹം അപ്പോള്‍ ജോലി ചെയ്തിരുന്നത്. എന്റെ ഭാര്യാപിതാവിനെയും കൂട്ടി കാറില്‍ പോയി അദ്ദേഹത്തെ നേരത്തേ ബുക്ക് ചെയ്തുവെച്ചു. ആ മൗലവിയെയാണ് ഈ വര്‍ഗം പുകച്ചു പുറത്തുചാടിച്ചത്. ഇവരുടെ ഭീഷണി കാരണമാണ് അദ്ദേഹം അവിടെനിന്ന് ഓടിപ്പോയതെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. മദീനാ മസ്ജിദ് എന്തുകൊണ്ടും എന്റെ ഓണ്‍ പ്രോജക്ട് ആയിരുന്നു. ജമാഅതെ ഇസ്‌ലാമിയില്‍നിന്ന് ഞാന്‍ അകലാന്‍ തുടങ്ങിയ കാലത്താണ് അതിന്റെ നിര്‍മ്മാണം തുടങ്ങുന്നതും പൂര്‍ത്തിയാവുന്നതും. വ്യക്തിപരമായി ചില ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പിന്തുണയും സഹകരണവും എനിക്കു കിട്ടാതിരുന്നില്ല. അതിനു പിന്നില്‍ ഞാനും അവരും തമ്മിലുള്ള വ്യക്തിപരമായ ബന്ധവും കടപ്പാടുമായിരുന്നു. അതിനുദാഹരണമാണ് മൊറയൂര്‍ എം.വി. സലീം മൗലവി.
കോഴിക്കോട് വിമാനത്താവളം അന്നില്ല. അതിനാല്‍ അവരൊക്കെ കൊച്ചിയിലാണ് വിമാനമിറങ്ങുകയും കയറുക ചെയ്യുക. എന്റെ വീട്ടിലെത്തി വിശ്രമിച്ച ശേഷം അവിടെനിന്നാണ് അവര്‍ യാത്രയാവുക. ഞാന്‍ എന്റെ കാറില്‍ അവരെയെല്ലാം എയര്‍പോര്‍ടില്‍ കൊണ്ടുപോയി യാത്രയാക്കുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായും മദീനാ മസ്ജിദ് നിര്‍മ്മാണത്തില്‍ സലീം മൗലവിയുടെ വ്യക്തിപരമായ സഹകരണമുണ്ടായിരുന്നു. ഞാന്‍ അതിന്റെ ആവശ്യാര്‍ത്ഥം ഖത്തറില്‍ ചെന്നപ്പോള്‍ തീര്‍ച്ചയായും സലീം മൗലവിയുടെ സഹായം ആവശ്യപ്പെടുകയും അതു ലഭിക്കുകയും ചെയ്തിട്ടുണ്ട്. പലരെയും കാണാന്‍ അദ്ദേഹം എന്റെ കൂടെ വന്നിട്ടുമുണ്ട്. എന്നാല്‍, അന്നത്തെ സാക്ഷാല്‍ അമീര്‍ കെ.സി. അബ്ദുല്ല മൗലവി അവിടെ വന്നപ്പോള്‍ പോലും സലീം മൗലവി ഈ സഹായം അദ്ദേഹത്തിനു നല്കിയില്ല എന്നതില്‍നിന്നു തന്നെ ഒരുകാര്യം വ്യക്തമാകും - മദീനാ മസ്ജ്ദിന്റെ കാര്യത്തിനായി അദ്ദേഹം എന്റെ കൂടെ വന്നത് ഹാശിം ഹാജി എന്ന വ്യക്തിയെ പരിഗണിച്ചാണ്. അല്ലാതെ 'ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള പള്ളി' പണിയുന്ന ഒരാള്‍ എന്ന നിലക്കല്ല. ആ അര്‍ത്ഥത്തില്‍ ഒരിക്കലും ഞാന്‍ അദ്ദേഹത്തിന്റെ സേവനം തേടിയിട്ടുമില്ല.
അങ്ങനെ ഉദ്ദേശിച്ചതിലും വേഗത്തില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുകയും തടസ്സങ്ങള്‍ ഓരോന്നായി നീങ്ങുകയും ചെയ്തപ്പോള്‍ അതിവേഗം പള്ളിയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. 1985 മാര്‍ച്ചില്‍ ഇബ്‌റാഹീം സുലൈമാന്‍ സേഠ് തറക്കല്ലിട്ട പള്ളി 1986 മാര്‍ച്ചില്‍ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു.
നേരത്തേ സൂചിപ്പിച്ചതുപോലെ, അപ്പോള്‍ ഞാന്‍ വീണ്ടും ധര്‍മ്മസങ്കടത്തിലായി. ഈ പള്ളിയുടെ നടത്തിപ്പ് ആരെ ഏല്പിക്കണം. ഞാന്‍ ആരെക്കരുതിയാണോ ഈ പള്ളി പണിതത് ആ വ്യക്തി അതായത്, പി.വി. അന്നു ജീവിച്ചിരിപ്പില്ല. പകരം അന്നവിടെ ഇസ്‌ലാമിക് സെന്ററിന്റെയും ജില്ലയുടെയും ചുമതലയിലുണ്ടായിരുന്നത് മര്‍ഹൂം കെ.ടി. അബ്ദുര്‍റഹീം ആയിരുന്നു. ഖുത്വ്ബ അദ്ദേഹത്തെ ഏല്പിച്ചു. മറ്റു ജീവനക്കാരാരും ജമാഅത്തുകാരായിരുന്നില്ല.
ജില്ലാ നാസിമായിരുന്ന കെ.ടി. അബ്ദുര്‍റഹീം പട്ടിക്കാട് അവിടെ ഒന്നാമത്തെ ഖുത്വ്ബ ഓതി എന്നിടത്താണ് ജമാഅത്തെ ഇസ്‌ലാമി പിടിമുറുക്കിയത്. കെ.ടി. അബ്ദുര്‍റഹീം പട്ടിക്കാട് അവിടെ ഒന്നാമത്തെ ഖുത്വ്ബ പറഞ്ഞത് അത് അവരുടെ പള്ളിയായതുകൊണ്ടല്ലേ? അങ്ങനെയെങ്കില്‍ സെന്ററില്‍ ചെയ്തതുപോലെ, ഈ പള്ളിയില്‍നിന്നും ഹാശിം ഹാജിയെ പുകച്ചുപുറത്തുചാടിച്ചു തുരത്തിക്കളയാം. കൊച്ചി നഗരത്തിന്റെ കണ്ണായ സ്ഥലത്ത് ഒരു പള്ളിയും ഷോപ്പിങ് കോംപ്ലക്‌സും ഒരു പാര്‍ട്ടി ആസ്ഥാനവും! അവരുടെ സ്വപ്‌നങ്ങള്‍ക്കു പിശാച് ചിറകുകള്‍ വെച്ചുകൊടുത്തു. അങ്ങനെയാണ് സദ്ദാം ഹുസൈന്‍ കുറച്ചു ദിവസത്തേക്ക് കുവൈത്ത് പിടിച്ചടക്കിയതു പോലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മദീനാ മസ്ജിദ് കൈയേറിയത്. എന്റെ മകനെപ്പോലും അവരതിന് ഉപയോഗപ്പെടുത്തി.
മാത്രമല്ല, പള്ളിയുടെ മുന്‍വശത്തുള്ള എന്റെ ഓഫീസ് കുത്തിത്തുറന്ന് എന്റെ മുഴുവന്‍ രേഖകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയി. പാതിരാത്രികഴിഞ്ഞ് രണ്ട് മണിക്കാണ് സംഭവം.
ഞാന്‍ ഗത്യന്തരമില്ലാതെ കോടതിയെ സമീപിച്ചു. ദൗര്‍ഭാഗ്യവശാല്‍ വഞ്ചകനായ ഒരുവക്കീലിനെയാണ് ഞാന്‍ കണ്ടെത്തിയത്. അയാള്‍ വഞ്ചകനാണെന്ന് പിന്നീടാണ് എനിക്കു ബോധ്യമായത്. പക്ഷേ, സത്യം എന്റെ ഭാഗത്തായതുകൊണ്ട് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍, കേസ് കേട്ട ജഡ്ജി വളരെ സഹാനുഭൂതിയോടെ എന്നെ കേള്‍ക്കുകയും എല്ലാ കേസുകളിലും എനിക്ക് വിജയം നല്‍കുകയും ചെയ്തു.
അച്ചുവിന്റെ തണലില്‍ ബഷീറും പാര്‍ട്ടീഗുണ്ടകളും തന്നെയാണ് പള്ളി കയ്യേറിയത്. ആ സംഭവത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. പള്ളിയില്‍ ഞാന്‍ ഇമാം ആയി നിയമിച്ച ബശീര്‍ കൂടുതല്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകുകയും പള്ളിയും പരിസരവും അതിനായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായി വിവരം ലഭിച്ചു. പള്ളി എല്ലാ മുസ്‌ലിംകള്‍ക്കും സമ്മതമായ മതപരമായ പരിപാടികള്‍ക്കൊഴികെ ഉപയോഗിക്കുന്നതില്‍ പള്ളി പരിപാലനസമിതിക്ക് യോജിപ്പുണ്ടായിരുന്നില്ല. ബശീറിന് പലതവണ താക്കീത് നല്കിയെങ്കിലും തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവസാനം അന്ത്യശാസനം നല്കി. ഒന്നുകില്‍ പള്ളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ ഹുര്‍മത്തോടുകൂടി അത് കൊണ്ടുനടക്കുകയും ചെയ്യുക. അല്ലെങ്കില്‍ സംഘടന മുറുകെ പിടിച്ച് പള്ളിയുടെ ചുമതലയില്‍ നിന്നൊഴിവാകുക. ബശീറിനോട് അവന്റെ സംഘടനയില്‍ പ്രവര്‍ത്തിക്കരുതെന്നോ സംഘടന വിടാനോ ഒന്നും ഞാന്‍ പറഞ്ഞില്ല. എന്നാല്‍ പള്ളിയില്‍ അതു പാടില്ല എന്നു കര്‍ശനമായി പറയുകയും ചെയ്തു. ബശീര്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. പൂര്‍വ്വാധികം വാശിയോടെ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകുകയും പള്ളിയുടെ കാര്യത്തില്‍ ബോധപൂര്‍വ്വം അലംഭാവം വരുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവനെ പിരിച്ചുവിടുകയല്ലാതെ നിര്‍വ്വാഹമുണ്ടായിരുന്നില്ല. ബശീര്‍ പാര്‍ട്ടിയിലും മറ്റും പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ ചിലരെ ചര്‍ച്ചക്കു പറഞ്ഞയച്ചു. ഞാന്‍ തീര്‍ത്തു പറഞ്ഞു, ''പള്ളിയില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ബശീര്‍ ഒന്നുകില്‍ ഇമാമിന്റെ ചുമതലകള്‍ നിഷ്പക്ഷമായി നിര്‍വഹിക്കണം. അല്ലെങ്കില്‍ ഈ ഉത്തരവാദിത്വം ഉപേക്ഷിച്ചു പാര്‍ട്ടിയുടെ പിറകെപ്പോകണം. ഇത് ഇങ്ങനെ തുടരാന്‍ കഴിയില്ല. ഒരു പാര്‍ട്ടിയുടെയും യോഗങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും പള്ളിയെ വേദിയാക്കാന്‍ പറ്റില്ല. ഇത് മുസ്‌ലിംകള്‍ക്കുവേണ്ടി പണിത പള്ളിയാണ്. ഇവിടെ ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളോ യോഗങ്ങളോ അനുവദിക്കാന്‍ കഴിയില്ല.'' അവര്‍ പ്രതികരണമൊന്നുമില്ലാതെ പിരിഞ്ഞുപോയി.
സംഘടനയ്ക്കകത്ത് എനിക്കും പള്ളിക്കുമെതിരേ എന്തൊക്കെയോ നീറിപ്പുകയുന്നുണ്ടായിരുന്നുവെന്ന് പിന്നീടാണ് ഞാന്‍ അറിയുന്നത്. ബശീറിനെ അവര്‍ അതിനുവേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും.
സംഘടനയുടെ തീരുമാനപ്രകാരം ബശീര്‍ നഗരത്തിലെ ഇരുമ്പുകച്ചവടക്കാരനും പ്രസ്ഥാനത്തിന്റെ അനുഭാവിയുമായ അച്ചുവിനെയും മറ്റു ചിലരെയും ചെന്നുകണ്ടു. അവര്‍ തമ്മില്‍ എന്ത് ഡയലോഗ് നടന്നു എന്നറിയില്ല. ബശീര്‍ അച്ചുവിനോട് എന്ത് പറഞ്ഞു എന്നും അറിയില്ല.
ഒരു ദിവസം സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നായി എത്തിയ സംഘടനാ പ്രവര്‍ത്തകരും ചന്തയിലെ ചില ക്വട്ടേഷന്‍ ടീം അംഗങ്ങളും പള്ളിയിലും പരിസരത്തും ഒരുമിച്ചൂകൂടുകയും പള്ളിയില്‍ നമസ്‌കരിക്കാന്‍ വരുന്നവരെ ശല്യപ്പെടുത്തുകയും അവരോടു പരുഷമായി പെരുമാറുകയും ശരീരത്തില്‍ തട്ടി വരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പള്ളിയില്‍ ഇമാമും മുക്രിയും ജീവനക്കാരുമൊക്കെയായി ഞാന്‍ നിയോഗിച്ച ആളുകളെയെല്ലാം അവര്‍ അതികഠിനമായി ദേഹോപദ്രവം ചെയ്ത് പള്ളിയില്‍നിന്ന് അടിച്ചോടിച്ചതായും എനിക്കു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ അവിടെക്കു പുറപ്പെട്ടു. പള്ളിക്കമ്മിറ്റി നിയമിച്ചവരാരും അവിടെയില്ലാത്തതില്‍ സ്ഥിതിഗതികള്‍ അറിയാന്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
അവിടെ ചെന്നപ്പോഴത്തെ അവസ്ഥ ഇതായിരുന്നു. നമസ്‌കരിക്കാന്‍ വന്നവരെപ്പോലും ഗുണ്ടകള്‍ വെറുതെവിട്ടില്ല. അവരെയെല്ലാം പുറത്തും തോളിലും തട്ടി വിരട്ടുന്നു, ''പെട്ടെന്നു നിസ്‌കരിച്ചു തിരിച്ചുപോയ്‌ക്കൊള്ളണം.''
പൊടുന്നേ ഒരു സംഘം സംഘടനാ പ്രവര്‍ത്തകരും ഗുണ്ടകളും എന്റെ നേരെ പാഞ്ഞടുക്കുകയും എന്നെ വളഞ്ഞുവെക്കുകയും ചെയ്തു. അവര്‍ എന്നെ പള്ളിയില്‍ കയറാന്‍ സമ്മതിച്ചില്ല. എന്റെ മകനോട് അവര്‍ ആക്രോശിച്ചു, ''ബാപ്പയെ ഇനി ഇവിടെ ആവശ്യമില്ല. ബാപ്പ പള്ളിയില്‍ കയറിയാല്‍ മുട്ടുങ്കാല്‍ അടിച്ചൊടിക്കും. എത്രയും വേഗം ബാപ്പയെയും കൊണ്ട് സ്ഥലം വിട്ടോ...'' മകന്‍ എന്നെ കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവന്നാക്കി.
അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും അവര്‍ ഞാന്‍ പള്ളിയില്‍ നിയമിച്ച ജീവനക്കാരെ ആയുധങ്ങല്‍ കാണിച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണ് അവരെ അവിടെനിന്ന് ഓടിച്ചതെന്നും പിന്നീടാണ് ഞാന്‍ അറിയുന്നത്. പലരും വീട്ടില്‍ എത്തി സുരക്ഷിതമായശേഷം ബന്ധുക്കളെക്കൊണ്ടാണ് ഈ വിവരം എനിക്കു ഫോണ്‍ ചെയ്ത് അറിയിച്ചത്. അത്രക്കും ഭയപ്പാടിലായിരുന്നു അവര്‍. അതിനു മുമ്പ് ഞാന്‍ നിയമിച്ച പല ഖത്വീബുകളെയും അവര്‍ ഇപ്രകാരമാണ് തുരത്തിയോടിച്ചത് എന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു. അതായത്, ഏതെങ്കിലും കിംവദന്തിയുടെയോ മറ്റോ പേരില്‍ പെട്ടെന്നുള്ള ഒരു ക്ഷോഭത്തിലോ പ്രകോപനത്തിലോ പെട്ട് ആരെങ്കിലും ഹാലിളകി ഒരു ലഹളയുണ്ടാക്കുകയായിരുന്നില്ല. വര്‍ഷങ്ങളോളം നീണ്ട ഗൂഢാലോചനക്കും മാസങ്ങളോളം നീണ്ട ആസൂത്രണങ്ങള്‍ക്കും ശേഷമാണ് ഈ ഫൈനല്‍ ഓപറേഷന്‍ നടന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയോ പാര്‍ട്ടീ നേതൃത്വമോ അറിയാതെ ഈ ആക്രമണമുണ്ടാവാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല. അവിടെ കൂടിയവരെല്ലാം പാര്‍ട്ടീ പ്രവര്‍ത്തകരും അവരുടെ വളന്റിയര്‍ സേനയായ ഐ.ആര്‍.ഡബ്ലിയു പ്രവര്‍ത്തകരുമായിരുന്നു.
പിറ്റേന്ന് പള്ളിയുടെ സമീപത്തുള്ള ഓഫീസില്‍ പോയപ്പോള്‍ എന്റെ സുഹൃത്തുക്കളും പള്ളിയില്‍ സ്ഥിരമായി നമസ്‌കരിക്കാന്‍ വരുന്നവരും പറഞ്ഞു, ''എന്താണ് ഹാജീ, ഇവിടെ ഇങ്ങനെയൊക്കെ സംഭവിച്ചത്. ആരാണിവര്‍? ഈ തെരുവുഗുണ്ടകള്‍ക്ക് എന്തധികാരമാണ് ഈ പള്ളിയിലുള്ളത്?''
ഞാന്‍ പറഞ്ഞു, ''എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക. ഇങ്ങനെയൊക്കെ പരീക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിന്റെ വിധിയായിരിക്കും.''
അങ്ങനെയൊക്കെ പള്ളി പിടിച്ചെടുത്തെങ്കിലും അവരതില്‍ ഉറച്ചുനിന്നില്ല. അവര്‍ ഒരു വക്കീലിനെ സമീപിച്ച് എങ്ങനെ ഈ പള്ളി പാര്‍ട്ടിയുടെതാക്കാം എന്നതിന്റെ നിയമപരമായ വഴികള്‍ ആരാഞ്ഞു. വല്ല കോര്‍ട്ട് ഓര്‍ഡറോ മറ്റോ കിട്ടുമോ എന്നറിയാന്‍ പല വക്കീലന്മാരെയും അവര്‍ സമീപിച്ചു. നഗരത്തില്‍ യോഗ്യന്മാരായ നൂറുകണക്കിനു വക്കീലുമാരുണ്ട്. അവരില്‍ പലരെയും അവര്‍ സമീപിച്ചുവെങ്കിലും അവരൊന്നും ഈ കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് സാമൂഹിക ദ്രോഹികളുടെ കേസ് മാത്രം നടത്തി കുപ്രസിദ്ധനായ ഒരു വക്കീലിനെ തേടിപ്പിടിച്ച് ഇവര്‍ കേസേല്‍പ്പിച്ചത്. സമൂഹത്തില്‍ നിലവാരമില്ലാത്ത പെണ്‍വാണിഭം പോലുള്ള കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന തരത്തില്‍പെട്ട ഒരു ടിപ്പിക്കല്‍ വക്കീല്‍. ആള്‍ കണ്ടാല്‍ വളരെ സുന്ദരനാണ്. ശുഭ്രവസ്ത്രധാരി, പക്ഷേ, ഉള്ളില്‍ ചതി, കുടിലത, കാപട്യം എന്നിവ മാത്രം.
അയാള്‍ പറഞ്ഞു, ''നിങ്ങള്‍ ഹാശിം ഹാജിയുടെ കൈയില്‍ നിന്ന് രേഖകളൊക്കെ അടിച്ചു മാറ്റ്. അപ്പോള്‍ നാളെ കോടതിയില്‍ ഹാജിക്ക് കടലാസ്സുകളൊന്നും ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പള്ളി നിങ്ങള്‍ക്കു നേടാന്‍ കഴിയും.''
അത്രയുമായിരുന്നു ആ വിഡ്ഡിയുടെ നിയമപരമായ വിവരത്തിന്റെ വ്യാപ്തി. അയാളുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ അര്‍ധരാത്രി എന്റെ ഓഫീസിന്റെ പൂട്ട് തുറന്ന് രേഖകള്‍ മുഴുവന്‍ മോഷ്ടിച്ചുകൊണ്ടുപോയത് എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന പള്ളിയുടെ കെയര്‍ ടേക്കര്‍ അസീസിന്റെ കീശയില്‍ നിന്ന് എന്റെ ഓഫീസിന്റെ താക്കോല്‍ അവര്‍ പിടിച്ചു വാങ്ങി. അസീസിനെ അവര്‍ പള്ളിയില്‍നിന്ന് അടിച്ചോടിക്കുകയും ചെയ്തു. പാതിരാവ് കഴിഞ്ഞ് രണ്ടു മണിക്ക് ഓഫീസ് തുറന്ന് മെഴുകുതിരിവെട്ടത്തില്‍ അവര്‍ എന്റെ അലമാരകള്‍ തുറന്നുനോക്കി. അലമാര തുറന്നുനോക്കുമ്പോള്‍ അതില്‍ ഡസന്‍ കണക്കിനു ഡോക്യുമെന്റുകളാണ് അവര്‍ കണ്ടത്. എന്റെ ചുമതയിലുള്ള പള്ളികളുടെയും ഹോസ്റ്റകുളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മക്കളുടെ വീടുകളുടെയും മറ്റുമായിരുന്നു അവ. ഏതാണ് പള്ളിയുടെ ആധാരമെന്ന് അവര്‍ക്കു പെട്ടെന്നു കണ്ടുപിടിക്കാനായില്ല. ഹനുമാന്‍ മൃതസഞ്ജീവിനി കൊണ്ടുവരാന്‍ ഹിമാലയത്തില്‍ പോയതുപോലെയായി അവരുടെ അവസ്ഥ. അവര്‍ മുഴുവന്‍ ആധാരങ്ങളും നാലു കാലിസിമെന്റ് ചാക്കില്‍ കുത്തി നിറച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കടത്തിക്കൊണ്ടുപോയി.
ഹീനമായ ആ നടപടി കുലീന കുടുംബത്തില്‍ പിറന്ന അച്ചു അംഗീകരിച്ചില്ല. പിറ്റേദിവസം ബഷീര്‍ ചെന്നപ്പോള്‍ അവനെ കാണാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇതൊടെ പാര്‍ടീഗുണ്ടകള്‍ പതുക്കെപ്പതുക്കെ പള്ളിയില്‍നിന്നു പിന്‍വലിയുന്നതാണ് കണ്ടത്. ഗുണ്ടായിസം മതിയാവില്ല എന്നു വന്നപ്പോള്‍ പാര്‍ട്ടി കോടതികളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുനോക്കി എന്നു സൂചിപ്പിച്ചുവല്ലോ. അതിന്റെ കാരണം ഇതായിരുന്നു. പക്ഷേ, കേസ് അവര്‍ കോടതിയിലെത്തിച്ചപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്കു തന്നെ പ്രതികൂലമായി മാറി.
പാര്‍ട്ടീവേതാളങ്ങളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി വക്കീല്‍ എന്നെ കോടതിയില്‍ അതിനീചമായി ആക്ഷേപിച്ചു. എന്റെ മുഖഭാവത്തില്‍നിന്നു തന്നെ ജഡ്ജിക്ക് എന്റെ നിരപരാധിത്വം മനസ്സിലാക്കാനായത് അല്ലാഹുവിങ്കല്‍നിന്നുണ്ടായ ഒരനുഗ്രഹമായി ഞാന്‍ മനസ്സിലാക്കുന്നു.
ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന രേഖകളുടെ കോപ്പി കോടതിയില്‍ ഹാജരാക്കി. അവ പരിശോധിച്ച് അടുത്ത സിറ്റിങ്ങില്‍ പാര്‍ട്ടിയുടെ വക്കീലിനെ വിമര്‍ശിച്ചുകൊണ്ടു കോടതി ചോദിച്ചു, ''പള്ളിയുടെ രേഖകളെല്ലാം ഹാശിം ഹാജിയുടെ പേരില്‍ തന്നെയാണുള്ളത്. പിന്നെ എന്ത് തോന്ന്യാസമാണ് നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ ഒരു കള്ളക്കമ്പനിക്കുവേണ്ടിയാണ് വാദിക്കുന്നത്. ഞാന്‍ ഈ കേസ് തള്ളുന്നു.''
ഈ നടപടി ബശീറിന്റെ മാത്രം പദ്ധതിയായിരുന്നുവെന്നാണ് ഞാന്‍ ധരിച്ചത്. പക്ഷേ, അങ്ങനെയായിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍, അതിനു പിന്നില്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ പരമോന്നത നേതൃത്വത്തിന്റെ കൂടി ആശിര്‍വാദമുണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞത് മാധ്യമത്തിലും പ്രബോധനത്തിലും അതിനെ ന്യായീകരിച്ച് പിന്നീട് ഏകപക്ഷീയമായ വാര്‍ത്തക ള്‍ വന്നതോടെയാണ്. അതിനുമുമ്പ് ഞാന്‍ സംശയിച്ചത് അച്ചുവിനെയാണ്. പക്ഷേ, അച്ചുവിന് അതില്‍ (ഗൂഢാലോചനയില്‍) ഒരു പങ്കുമുണ്ടായിരുന്നില്ല.
എന്നെ പരമാവധി ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ ബഷീറിന്റെ ആരാധകരായ വേറെയും ചിലര്‍ പല കോടതികളിലായി കേസ് ഫയല്‍ ചെയ്തിരുന്നു. ചേരിയില്‍നിന്നുള്ള ഒരു എന്‍ജിനിയര്‍, കോട്ടയത്തുകാരന്‍ ഒരു കാദര്‍, കൊച്ചി തുരുത്തിയില്‍നിന്നുള്ള ഒരു തുറമുഖത്തൊഴിലാളി, മൂവാറ്റുപുഴയില്‍നിന്ന് ഒരു വണ്ടിക്കാരന്‍, ബശീറിന്റെ ചന്തയില്‍നിന്നുള്ള രണ്ട്മൂന്ന് ആരാധകര്‍ തുടങ്ങിയവര്‍ എനിക്കെതിരേ കേസ് കൊടുത്തു. ഈ കേസുകളെല്ലാം നടത്തിയത് പാര്‍ട്ടിയായിരുന്നു. പക്ഷേ, എല്ലാ കോടതികളും എല്ലാ കേസുകളും തള്ളി.
വഖഫ് കോടതിയുടെ ജഡ്ജ്‌മെന്റ് ആണ് എല്ലാ കോടതിയും റഫര്‍ ചെയ്തത്. അങ്ങനെ ജില്ലാ കോടതിയും മജിസ്‌ട്രേറ്റ് കോടതിയും മുന്‍സിഫ് കോടതിയും തള്ളിയതോടെ പള്ളി സ്വന്തമാക്കാനാവില്ലെന്നു പാര്‍ട്ടിക്കു ബോധ്യമായി. കോടതിമുഖേനയുള്ള ശ്രമവും പരാജയപ്പെട്ടപ്പോഴാണ് അവര്‍ സംഘടനാ തലത്തില്‍ സംസ്ഥാന വ്യാപകമായ കുപ്രചാരണമഴിച്ചുവിട്ടത്. തങ്ങള്‍ ചെയ്ത വഞ്ചനയും കാപട്യവും കുറ്റകൃത്യങ്ങളും മറച്ചുവെക്കാനുള്ള തത്രപ്പാടായിരുന്നു അതിനു പിന്നില്‍. "മദീന മസ്ജിദ് സംഭവം: പാര്‍ട്ടി പ്രതികരിക്കുന്നു" എന്നൊക്കെയായിരുന്നു വാദം. എറണാകുളത്തെ മദീനാ മസ്ജിദിന്റെ ആധാരങ്ങള്‍ മുതവല്ലിയായ ഹാശിം ഹാജി അടിച്ചുമാറ്റി എന്ന് പിറ്റേ ദിവസം മുതല്‍ പ്രസ്ഥാനം അതിന്റെ ചാവേറുകളെ വിട്ട് കുപ്രചാരണവും തുടങ്ങി. ഹല്‍ഖാ തലത്തില്‍ കേരളത്തിലൊട്ടാകെ ഒരേ രീതിയിലാണ് ഈ കുപ്രചാരണം നടത്തിയത്: ''ഹാശിം ഹാജി പള്ളിയുടെ ആധാരങ്ങള്‍ അടിച്ചുമാറ്റി.''
മറ്റു ജില്ലകളിലും സാധാരണക്കാരും നിര്‍ദോഷികളുമായ പ്രവര്‍ത്തകര്‍ കരുതിയത് "ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളി ഹാശിം ഹാജി കൈയ്യേറി പള്ളിയുടെ രേഖകള്‍ അടിച്ചുമാറ്റി"യെന്നാണ്! പാര്‍ടിയുടെ ഒരു സര്‍ക്കുലര്‍ കണ്ണൂരിലെ എന്റെ ഗ്രാമത്തിലെ ഹല്‍ഖയിലുമെത്തി. അവിടത്തെ ഹല്‍ഖയില്‍ അംഗമായിരുന്ന എന്റെ സഹോദരന്‍, കുടുംബത്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. പള്ളിയുടെ രേഖകള്‍ ഹാശിം തന്നെ മാറ്റി പാര്‍ട്ടിയെ പഴിക്കുകയാണെന്നായിന്നു അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ കാര്യമറിയാതെ നടത്തിയ ആരോപണം. മാതാപിതാക്കളോട് എല്ലാവിധ ആദരവും വെച്ചു പുലര്‍ത്തുന്ന എന്റെ മകനും ഇതേ പല്ലവി ആവര്‍ത്തിച്ചു.
ആ ഘട്ടത്തിലാണ് എനിക്ക് നാരായണന്‍ എന്ന കര്‍സേവകനെ ഓര്‍മ്മവന്നത്. അയോധ്യയില്‍ നിന്നു കര്‍സേവ കഴിഞ്ഞു മടങ്ങും വഴി കണ്ണൂരിലേക്കുള്ള വണ്ടിയില്‍ ഷൊര്‍ണൂരില്‍നിന്നാണ് നാരായണന്‍ കയറിയത്. എന്റെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നപ്പോള്‍ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തോടു കുശലാന്വേഷണം നടത്താതിരിക്കാന്‍ കഴിഞ്ഞില്ല. അയോധ്യയില്‍നിന്നാണ് വരുന്നതെന്നും പള്ളിപൊളിക്കാന്‍ കര്‍സേവയ്ക്കു പോയതാണെന്നും അദ്ദേഹം സംസാരത്തിനിടയില്‍ പറഞ്ഞു. പയ്യന്നൂര്‍ സ്വദേശിയാണ് നാരായണന്‍. ''നാട്ടില്‍ കല്‍പ്പണിയാണ്. പള്ളിപൊളിക്കാന്‍ പോയാല്‍ ദിവസവും 150 രൂപ കൂലിയും ചെലവും കിട്ടും.''
''നാട്ടില്‍ 350 കിട്ടുമ്പോള്‍ 150 രൂപയ്ക്ക് അയോധ്യയില്‍ പോയി ജോലി ചെയ്യണോ?'' ഞാന്‍ കൗതുകത്തോടെ ചോദിച്ചു.
''ശരിയാണ്. പക്ഷേ, ഒരു പുണ്യകര്‍മ്മമായതു കൊണ്ട് പോയി.''
കൂടുതലൊന്നും ഞാന്‍ സംസാരിക്കാന്‍ നിന്നില്ല. അയാള്‍ ഏത് പ്രകൃതക്കാരനാണെന്നറിയില്ലല്ലോ. നാരായണന്റെ അതേ വികാരമാണ് എന്റെ സഹോദരന്റെയും മകന്റെയുമൊക്കെ മനസ്സിലുമുള്ളത്. കളവു പറയുന്നതു പാര്‍ട്ടിക്കുവേണ്ടിയുള്ള ഒരു കര്‍സേവയാണ്. മൗലനാ അബുല്ലൈസ് പറഞ്ഞല്ലോ, ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആത്യന്തികമായ ലക്ഷ്യം സ്വര്‍ഗമാണെന്ന്. പാര്‍ട്ടിക്കുവേണ്ടി എന്തു ചെയ്താലും - കളവു പ്രചരിപ്പിച്ചാല്‍ പോലും - സ്വര്‍ഗം കിട്ടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
നബിയെ വധിക്കാന്‍ പുറപ്പെട്ട ചെറുപ്പക്കാരന്റെ വിശ്വാസവും മറ്റൊന്നായിരുന്നില്ല. "മുഹമ്മദിനോട് ഞങ്ങള്‍ക്കൊരു വിരോധവുമില്ല. ഈ മക്കാ നഗരത്തില്‍ മുഹമ്മദിനോളം സ്വഭാവശുദ്ധിയുള്ള മറ്റാരുമില്ല. പക്ഷേ, ഞങ്ങളുടെ ദൈവങ്ങളെ സഹായിക്കാന്‍ മുഹമ്മദിനെ കൊല്ലണം." ഇതാണ് ഓരോ പ്രസ്ഥാന പ്രവര്‍ത്തകന്റെയും (ഓരോ മതസംഘടനാ പ്രവര്‍ത്തകന്റെയും) നിലപാട്. സ്വന്തം ബാപ്പയ്ക്കുവേണ്ടി സത്യം പറഞ്ഞാല്‍ സ്വര്‍ഗം കിട്ടാതെ പോയാലോ! അതിനാല്‍ ബാപ്പ കള്ളനല്ല എന്നു പറയേണ്ടിടത്ത് കളവു പറഞ്ഞും സ്വര്‍ഗം റിസെര്‍വ് ചെയ്തുവെക്കുന്നു. രണ്ടു പേര്‍ക്കും അവരുടെ ബാപ്പ/ജ്യേഷ്ഠന്‍ കള്ളനല്ല എന്നറിയാം. പക്ഷേ, സ്വര്‍ഗത്തിലേക്കുള്ള കൂപ്പണ്‍ തരേണ്ടത് പാര്‍ട്ടിയായതിനാല്‍ കളവു പറയാതെ തരമില്ലല്ലോ!
ഒരു സുനാമിപോലെ ഇരമ്പിവന്ന ഈ വിഭാഗത്തിന്റെ ഉപദ്രവം അങ്ങനെ ഇല്ലാതായി. പതിവുപോലെ പരിസരത്തുള്ളവരെല്ലാം സംഘടനകളും പാര്‍ട്ടികളും മറന്ന് ജുമുഅയ്ക്ക് പങ്കെടുക്കാന്‍ തുടങ്ങി.
അപ്പോഴേക്കും അവിടെ പള്ളിയില്‍ ഞാനറിയാതെ എനിക്കെതിരേ വേറൊരു സഖ്യം രൂപപ്പെട്ടിരുന്നു. ഈ സംഭവമെല്ലാം മറ്റൊരു വിഭാഗം നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ജമാഅതെ ഇസ്‌ലാമിയുടെ ഭീരുത്വവും മന്ദഗതിയും പിടിപ്പുകേടുമൊന്നുമില്ലാത്ത ഒരു വിഭാഗമായിരുന്നു അവര്‍. ഒരു നിരോധിത സംഘടനയിലെ ഒരു വിഭാഗവും നേരത്തേ പറഞ്ഞ തബ്‌ലീഗ് ജമാഅത്തിന്റെ ഒരു വിഭാഗവും. മോരും മുതിരയും പോലുള്ള ഈ രണ്ടുകൂട്ടരും എനിക്കെതിരേ എങ്ങനെ ഒന്നിച്ചുവെന്നതിലെ ദുരൂഹത എത്ര ആലോചിച്ചിട്ടും നീങ്ങുന്നില്ല. നിരോധിത സംഘടനക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തബ്‌ലീഗിനാവട്ടെ അത്തരം ലക്ഷ്യങ്ങളൊന്നുമില്ല എന്നാണ് അവര്‍ പുറത്തുപറയാറുള്ളത്. അങ്ങനെയെങ്കില്‍ ഇവര്‍ എങ്ങനെയാണ് ഒരേ തൂവല്‍ പക്ഷികളായത്? മറ്റൊരു സംഘടനയുടെ കൂലിത്തല്ലുകാരാകേണ്ട ഗതികേട് നിരോധിത സംഘടനക്ക് വന്നോ എന്തോ? സത്യസന്ധമായ ഒരു നിലപാട് ഒരു മുസ്‌ലിം സംഘടനയില്‍ നിന്നും പ്രതീക്ഷിക്കാനാവത്തതിനാല്‍ ഇവരുടെയെല്ലാം പിന്നിലുള്ള നിഗൂഢത/അല്ലെങ്കില്‍ നിഗൂഢ ശക്തിയെ വെളിപ്പെടുത്താന്‍ കാലത്തിനു മാത്രമേ കഴിയൂ.
തബ്‌ലീഗിനെക്കുറിച്ച് ബാല്‍താക്കറെ പറഞ്ഞത് "അവര്‍ നിരുപദ്രവകാരികളാണ്, ആകാശത്തിനു മുകളിലും ഭൂമിയുടെ താഴെയുമുള്ള കാര്യങ്ങളേ അവര്‍ പറയൂ" എന്നാണ്. ശരിയായ വിലയിരുത്തല്‍ തന്നെ. പക്ഷേ, അതിലെ വ്യക്തികളില്‍ പലരും അധര്‍മ്മികളും കരാര്‍ ലംഘിക്കുന്നവരും അന്യന്റെ മുതല്‍ അപഹരിക്കുന്നവരും ധിക്കാരികളുമൊക്കെയായാണ് കാണാന്‍ കഴിയുന്നത്.
ഈ വിചിത്ര സഖ്യത്തിന്റെ നേതൃത്വത്തിലാണ് മദീനാ മസ്ജിനു നേരെ രണ്ടാമത്തെ കര്‍സേവ നടന്നത്. 2015ലാണ് സംഭവം. അതിന് അവരെ പ്രചോദിപ്പിച്ചതും പിന്നില്‍നിന്ന് ചരടുവലിച്ചതും എന്റെ ആദ്യത്തെ കേസ് കൈകാര്യം ചെയ്ത വക്കീലും മറ്റൊരു 'ഇസ്‌ലാമിസ്റ്റ്'കള്ളനും ചേര്‍ന്നായിരുന്നു. ആ വക്കീല്‍ എന്റെ കേസ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അയോഗ്യനാണെന്നും തരികിടയാണെന്നും ഞാന്‍ മനസ്സിലാക്കിയപ്പോള്‍ 2012 ല്‍ തന്നെ ഞാന്‍ അയാളെ ഒഴിവാക്കിയിരുന്നു. ആ വൈരാഗ്യമാണ് അയാളെ പുതിയ ചാവേര്‍പ്പട രൂപീകരിച്ച് അവരെക്കൊണ്ട് ഈ രണ്ടാം കര്‍സേവയ്ക്കു പ്രേരിപ്പിക്കാന്‍ ഇടയാക്കിയത്. മുന്‍വിഭാഗത്തിന്റെ ചെയ്തികള്‍ക്കു വിപരീതമായി അവരാദ്യം കോടതിയെയാണ് സമീപിച്ചത്. തുടക്കത്തില്‍ തന്നെ അതില്‍ പരാജയം നേരിട്ടപ്പോഴാണ് മുന്‍ഗാമികളെപ്പോലെ ഇവരും ഗുണ്ടായിസവും അക്രമവുമൊക്കെ കാട്ടി പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയത്. മേല്‍പ്പറഞ്ഞ വക്കീലിന് ഞാന്‍ ഒരു ഗുമസ്തനെ ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നു. അയാള്‍ 2018 ല്‍ അതില്‍നിന്ന് ഒഴിവായ ശേഷം എന്നെ വന്നു കാണുകയുണ്ടായി; വന്നപാടേ അയാള്‍ എന്നോടു പറഞ്ഞു, ''വക്കീല്‍ സാര്‍ എന്നെ വല്ലാതെ വഞ്ചിച്ചു, നിങ്ങളെയും ഒരുപാട് വഞ്ചിച്ചിട്ടുണ്ട്.'' ഞാന്‍ പറഞ്ഞു: ''ഇതു മുന്‍കൂട്ടി കണ്ടതുകൊണ്ടല്ലേ ഞാന്‍ സൂത്രത്തില്‍ അവന്റെ കെണിയില്‍ നിന്നു വക്കാലത്ത് തിരിച്ചുവാങ്ങി പിന്‍വലിഞ്ഞത്.''
അതിന്റെ വൈരാഗ്യത്തില്‍ അയാള്‍ ആസൂത്രിതമായി പ്രതികാരം ചെയ്യുകയായിരുന്നു. ഞാന്‍ ഉംറയ്ക്ക് പോയ തക്കം നോക്കി അവര്‍ വേറെ പള്ളിക്കമ്മിറ്റിയും കൃത്രിമ പ്രമാണങ്ങളുമുണ്ടാക്കി പള്ളി പിടിച്ചടക്കുകയായിരുന്നു. മുമ്പത്തെ കൂട്ടരെപ്പോലെ ഇവരും പറഞ്ഞു: "ഹാശിം ഹാജിയെ മദീന മസ്ജിദിന്റെ ട്രസ്റ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ പുതിയ കമ്മിറ്റിയാണ് പള്ളിയുടെ ഭരണം നടത്തുന്നത്."
ഞാന്‍ തിരിച്ചുവന്നു എവിക്ഷന്‍ സ്യൂട്ട് ഫയല്‍ ചെയ്തു. കേസ് എനിക്കനുകൂലമായി വിധിയായി. പോലീസ് വന്ന് അവരെ പള്ളിയില്‍നിന്ന് ഒഴിപ്പിച്ചു.
ഇതില്‍നിന്നെല്ലാം ഒരു കാര്യം എനിക്കു ബോധ്യമായി. ഏതൊരു സ്വതന്ത്ര മുസ്‌ലിമിനും പള്ളികള്‍ പണിയാം. പക്ഷേ, സംഘടനകള്‍ക്കല്ലാതെ അതു നടത്താന്‍ അധികാരമില്ല! അവര്‍ നടത്താന്‍ സമ്മതിക്കില്ല. സംഘടനകളുടെ സ്വകാര്യ സേനകളെ തടുത്തുനിര്‍ത്താന്‍ എന്നെപ്പോലുള്ള വ്യക്തികളുടെ കൈയില്‍ എന്തായുധമാണുള്ളത്? സഹായിക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?
എന്റെ മറ്റൊരു ചിന്ത ആ മതസംഘടനകളെല്ലാം എന്തുകൊണ്ട് ഒറ്റ വാര്‍പ്പുപോലെ ഇങ്ങനെയായി എന്നാണ്? അവര്‍ എന്തുകൊണ്ട് മറ്റൊരു രൂപത്തില്‍ ആയില്ല? ഈ അന്വേഷണങ്ങള്‍ക്കുള്ള കണ്ടെത്തലാണ് ഈ പുസ്തകം. അതെ, അവരെയെല്ലാം ഈ പരുവത്തിലാക്കിയ ചില ഉത്തരാധുനിക ബിദ്അത്തുകളുണ്ടാക്കിയ ഇത്തരം കെടുതികളെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍. ഞാനുള്‍പ്പെടെയുള്ള സമൂഹം അകപ്പെട്ടുപോയ ഘനാന്ധകാരത്തില്‍നിന്ന് നമ്മെ വെളിച്ചത്തിലേക്ക് വഴികാട്ടാന്‍ ഈ വക കാര്യങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാവാമെന്ന് അല്ലാഹു തീരുമാനിച്ചിരിക്കാം എന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.
ആദമിനെ സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കിയ അതേ ദുഷ്ടാത്മാവിന്റെ ഗൂഢതന്ത്രത്തില്‍ ഇവരും പെട്ടുപോയി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇബ്‌ലീസ് തിരിഞ്ഞുനോക്കിയപ്പോള്‍ ആദം മുതല്‍ മുഹമ്മദ് നബിവരെയുള്ളവരോ അവരുടെ യഥാര്‍ത്ഥ അണികളോ പിറകിലില്ല. പ്രവാചകന്മാരൊഴികെ അവരില്‍ ഏറെപ്പേരും മനുഷ്യസഹജമായ തെറ്റുകള്‍ ചെയ്തവരായിരുന്നു. പിശാചിന് അവരെ അവിടെ വരെ എത്തിക്കാനായി. പക്ഷേ, ചെയ്ത തെറ്റ് ബോധ്യപ്പെടുന്നതോടെ അവരെല്ലാം തൗബ ചെയ്ത് അല്ലാഹുവിലേക്കു മടങ്ങി സ്വര്‍ഗത്തിന്റെ വരിയിലേക്കു മാറി. ഇപ്പോള്‍ കൂടെയുള്ളത് കുറേ തെമ്മാടികളും കള്ളന്മാരും മാത്രം. അവന്‍ ചിന്തിച്ചു, ഇതെന്തുകൊണ്ട്? എന്താണ് ഇതിനെതിരേ ശാശ്വതമായ ഒരു പോംവഴി?
അങ്ങനെയാണവന്‍ ബിദ്അത്ത് കണ്ടുപിടിച്ചത്. സര്‍വജ്ഞനായ അല്ലാഹു ഇതു മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് പ്രവാചകന്റെ ഒന്നാമത്തെ ജുമുഅ മുതല്‍ അവസാനത്തെ ജുമുഅയില്‍ വരെ 'ഖുത്ബതുല്‍ ഹാജ'യിലും മറ്റെല്ലാ പ്രഭാഷണങ്ങളിലും ഈ വാക്ക് ഉരുവിട്ടുകൊണ്ടേയിരുന്നത്. നബിയോടു നിരന്തരമായി ബിദ്അത്തിനെക്കുറിച്ചു സമുദായത്തിനു മുന്നറിയിപ്പു നല്‍കാന്‍ അല്ലാഹു കല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലല്ലാതെ നബി അതു ചെയ്യുമായിരുന്നില്ലല്ലോ.
ഈ ഘട്ടത്തിലാണ് മദീനാ മസ്ജിദില്‍ പുതുതായി വന്ന ഖത്വീബ് ഖുത്വ്ബതുല്‍ ഹാജ - (ഇതത്ര മശ്ഹൂറായ പ്രയോഗമായിരിക്കില്ല എന്നു കരുതുന്നു- പില്‍ക്കാലത്ത് ആരോ നല്കിയതാവാം.) വിവരിച്ചുകൊണ്ട് ഒരു ജുമുഅ ഖുത്വ്ബ നടത്തിയത്. അതായത്, ജുമുഅ ഖുത്വ്ബയെ സംബന്ധിച്ച ഒരു ഖുത്വ്ബ നടത്തിക്കൊണ്ടാണ് അദ്ദേഹം ഖത്വീബ് സ്ഥാനം ഏറ്റെടുത്തതും ഈ സാങ്കേതിക പദം പരാമര്‍ശിച്ചതും. 2006 ല്‍ ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായും ഞാന്‍ മദീനാ മസ്ജിദില്‍നിന്നു പുറത്താക്കിയ ശേഷം അവിടെ ഖത്വീബായി ചുമതലയേറ്റ ഹനീഫ മൗലവിയാണ് ഖുത്വ്ബതുല്‍ ഹാജ എന്നറിയപ്പെടുന്ന ഈ വരികളുടെ അര്‍ത്ഥം ഖുത്വ്ബയിലൂടെത്തന്നെ വിശദീകരിച്ചു തന്നത്.
أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
''ഏറ്റവും സത്യസന്ധമായ വര്‍ത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല ചര്യ മുഹമ്മദിന്റെ ചര്യയാണ്. കാര്യങ്ങളില്‍ ഏറ്റവും തിന്മയായത് പുതുനിര്‍മ്മിതികളാണ്. എല്ലാ പുതുനിര്‍മ്മിതികളും ബിദ്അയാണ്. എല്ലാ ബിദ്അയും വഴികേടും എല്ലാ വഴികേടും നരകത്തിലുമാണ്.''
വര്‍ഷങ്ങളായി ഈ വാക്യം ഞാന്‍ കേള്‍ക്കാറുണ്ട്. ഏതാണ്ടൊക്കെ അതിന്റെ അര്‍ത്ഥവും അറിയാമായിരുന്നു. അറബി കൃത്യമായറിയാത്തതുകൊണ്ട് ഇതു തബ്‌ലീഗുകാരുടെ ബയാനില്‍ ആവര്‍ത്തിച്ചു കേള്‍ക്കാറുള്ളതുപോലുള്ള ഒരു മാമൂല്‍ പ്രയോഗമാണെന്നു കരുതിപ്പോരുകയായിരുന്നു. അവര്‍ ''സഹോരങ്ങളേ, സഹോദരങ്ങളേ...'' എന്നിങ്ങനെ ഉരുവിടാറുണ്ടല്ലോ. ഈ ഖുത്വ്ബ കേട്ടതോടെയാണ് അതിന്റെ ശരിയായ പൊരുള്‍ മനസ്സിലായത്.
ഈ ഹദീഥ് 'ഫില്‍ ജുംല' ബിദ്അത്തിനെ സംബന്ധിച്ചാണെന്നറിയാമായിരുന്നു. പക്ഷേ, എന്താണ് ബിദ്അത്ത് എന്ന് ഇന്നത്തെ മുസ്‌ലിംസംഘടനകള്‍ക്കെന്നപോലെ എനിക്കും വലിയ നിശ്ചയമുണ്ടായിരുന്നില്ല. മുജാഹിദുകള്‍ അവര്‍ ബിദ്അത്തായി സമ്മതിച്ച ചില കാര്യങ്ങളൊക്കെ അതിവിപുലമായി ആവേശത്തോടെ വിശദീകരിക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ ആ വിഷയം ശാഖാപരം എന്നു പറഞ്ഞു വിട്ടുകളയാറാണ് പതിവ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്റ്റഡീക്ലാസിലൂടെയും മുജാഹിദുകളുടെ ഖുത്വ്ബയിലൂടെയുമാണ് ഞാന്‍ മതപരമായ അറിവുനേടിയത്. അതിന്റെ ഫലം ഇതായിരുന്നു: ഒരു വിഭാഗം മാല മൗലൂദുകളും പുണ്യം തേടിയുള്ള ജാറം മൂടലുമാണ് ബിദ്അത്ത് എന്നു ധരിപ്പിച്ചു. മറ്റേവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ രാഷ്ട്രീയവശമാണ് അതിന്റെ വിശ്വാസകാര്യങ്ങളെക്കാള്‍ പ്രധാനമായി തോന്നിയത് എന്നതിനാല്‍ ഓരോ ജുമുഅ ഖുത്വ്ബയിലും അവര്‍ പൊതുജനത്തെ ധരിപ്പിക്കാന്‍ ശ്രമിച്ചത് ഇസ്‌ലാം കേവലമൊരു ആത്മീയ ദര്‍ശനമല്ലെന്നും ഭൗതികലോകത്ത് അതിനു ചിലതൊക്കെ ചെയ്യാനുണ്ട് എന്നുമായിരുന്നു. മുജാഹിദുകള്‍ ബിദ്അത്തിനെ എതിര്‍ക്കുന്ന അതേ കാര്‍ക്കശ്യത്തോടെ ഈ വിഭാഗം ഭൗതിക കാര്യങ്ങള്‍ അവഗണിച്ച് ആത്മീയതയില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനെ ഭത്സിച്ചുകൊണ്ടിരുന്നു. ഇരുഭാഗത്തുമുണ്ട് ശരി. എന്നാല്‍ ഒരു ശരിയും പൂര്‍ണ്ണമല്ല എന്ന് ഈ പ്രഭാഷണം കേട്ടതോടെയാണ് ബോധ്യമായത്. അവരില്‍നിന്നെല്ലാം വ്യത്യസ്തമായി ഈ പ്രഭാഷകനാണ് എന്താണ് യഥാര്‍ത്ഥ സുന്നത്ത്, എന്താണ് യഥാര്‍ത്ഥ ബിദ്അത്ത് എന്നു വ്യവച്ഛേദിച്ചു മനസ്സിലാക്കിത്തന്നത്. എന്താണ് അല്‍ജമാഅത്ത് എന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയപ്പോള്‍ നമുക്കു മനസ്സിലാക്കാനായത് ബിദ്അത്തിന്റെ ശരിയായ പുലര്‍ച്ചയാണല്ലോ ഈ കാക്കത്തൊള്ളായിരം മതപ്പാര്‍ട്ടികളിലൂടെ പുലര്‍ന്നുകാണുന്നത് എന്നാണ്.
ബിദ്അത്തിന്റെ അപകടം വളരെയടുത്ത കാലത്താണ് എനിക്കു ബോധ്യപ്പെട്ടത്. അതോടെ മര്‍ഹൂം മൗദൂദിയും മര്‍ഹും ഹസ്രത്ത് ഇല്‍യാസ് മൗലാനയും പോലും ഇതിന്റെ ഇരകളായിരുന്നില്ലേ എന്നു ഞാന്‍ സംശയിച്ചുപോയി.
മുഹമ്മദ് നബിയുടെ ലാഇലാഹ ഇല്ലല്ലക്കു വീര്യം പോരാ. അതു സ്ത്രീകള്‍ക്ക് കുഞ്ഞുവാവകളെ തൊട്ടില്‍ കിടത്തി താരാട്ടുപാടിയുറക്കാനേ ഉപകരിക്കൂ എന്നും അതിനു പകരം "ഹുക്കൂമത്തെ ഇലാഹി" എന്നൊരു നവമന്ത്രമുണ്ടെന്നും ദീന്‍ സംസ്ഥാപിക്കുന്നതിനു അതാവും കൂടുതല്‍ ഉപകാരപ്പെടുക എന്നും ഇബ്‌ലീസ് അവരെ തോന്നിപ്പിച്ചുവോ? നബി (സ) പഠിപ്പിച്ചുതന്ന രീതി പിന്തുടര്‍ന്നാല്‍ കൂടുതലൊന്നും ആളുകള്‍ നമസ്‌കരിച്ചു മുസ്‌ലിംകളാവില്ലെന്നും ദഅ്‌വത്ത് കൂടുതല്‍ ലോകവ്യാപകമാക്കാന്‍ മറ്റൊരു ശൈലി കണ്ടുപിടിക്കണമെന്നും ഇല്‍യാസ് മൗലാനയും ഊഹിച്ചുവോ? അവരുടെ ആ തോന്നലുകളാണോ രണ്ടു മതസംഘടനകളായി - തബ്‌ലീഗ് ജമാഅത്തും ജമാഅത്തെ ഇസ്‌ലാമിയുമായി രൂപം പ്രാപിച്ചത്? ആരുടെയും സദുദ്ദേശ്യം നാം വിലകുറച്ചുകാണുന്നില്ല. എന്നാല്‍ ഇവയുടെ അണികളില്‍ ഒരു വിഭാഗത്തിലൂടെയുള്ള പൈശാചികമായ രണ്ട് ഇടപെടലുകളുടെ ഭവിഷ്യത്തുകള്‍ക്ക് നേരിട്ടിരയാകേണ്ടി വന്നതിന്റെ അനുഭവസാക്ഷ്യത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി രചിക്കണമെന്നു തോന്നിയത്. എന്റെ ഊഹം തെറ്റാണെങ്കില്‍ അവരത് തെളിയിക്കട്ടെ.
1958 ല്‍ ഞാന്‍ എറണാകുളത്ത് വന്നശേഷമാണ് നഗരത്തിലെ ഏക പരിഭാഷപ്പള്ളിയായ പുല്ലേപ്പടി പള്ളിയുമായി ബന്ധപ്പെട്ടത്. ഏതാണ്ട് 50 കൊല്ലത്തിനു ശേഷമാണ് - കൃത്യമായി പറഞ്ഞാല്‍ - 2007 മുതല്‍ക്കാണ് ബിദ്അത്തിന്റെ യാഥാര്‍ത്ഥ്യം എനിക്കു ബോധ്യമായത്. അതുവരെ ഞാനും മുജാഹിദ് / ജമാഅത്ത് ഖുത്വ്ബകളാണ് കേട്ടിരുന്നത്. അതില്‍ എന്തൊക്കെയോ ചൊല്ലും, വലിയ വ്യത്യാസമൊന്നുമില്ലാതെ കുറച്ചുകൂടി ലഫഌുകള്‍ കൂട്ടിച്ചേര്‍ത്ത് അതുതന്നെ മലയാളം കലരാതെ സുന്നിപ്പള്ളികളിലും ചൊല്ലും. പിന്നെ എവിടെയാണ് വ്യത്യാസം? തബ്‌ലീഗിന്റെ ബയാനുകളില്‍ വെറുത ''സഹോദരന്മാരേ, സഹോദരന്മാരേ'' എന്നു പറയുന്നതുപോലെയാണിത്. എന്താണ് ഈ 'സഹോദരന്മാര്‍' എന്നു പറയുന്നതിന്റെ അര്‍ത്ഥം. പറയുന്നവനും അറിയില്ല, കേള്‍ക്കുന്നവര്‍ക്കും അറിയില്ല. ഒരു കൂട്ടര്‍ പറയും. മറ്റൊരു കൂട്ടര്‍ കേള്‍ക്കും. പല്ലവിയോ അനുപല്ലവിയോ പോലെ നിരര്‍ത്ഥകമായി ഇങ്ങനെ പലതും പലരും ഉരുവിടുന്നു. എനിക്ക് അറബി അറിയില്ലായിരുന്നു. പില്‍ക്കാലത്ത് വിദേശത്തൊക്കെ പോവുകയും കൂടുതല്‍ വായിക്കുകയും പല വിഭാഗങ്ങളിലുമുള്ള കൂടുതല്‍ പണ്ഡിതന്മാരുമായി ഇടപഴകുകയും ചെയ്തപ്പോഴാണ് ഇതിന്റെയെല്ലാം ഗൗരവം ബോധ്യപ്പെട്ടത്.
മക്കയിലെ മുസ്‌ലിംകള്‍ രണ്ട് കാര്യങ്ങളില്‍ നിന്നൊഴിവായിരുന്നു: ബിദ്അത്തും നിഫാഖും. ഇവ രണ്ടും മദീനയിലെത്തിയ ശേഷമാണ് തുടങ്ങിയത്. ഇതില്‍ ബിദ്അത്ത് നബിയുടെ മരണത്തോടെ മാത്രമാണ് തുടങ്ങുന്നത്. എന്നിട്ടുപോലും നബി തന്റെ ജീവിതാന്ത്യത്തിലെ എട്ടോ ഒമ്പതോ വര്‍ഷത്തെ എല്ലാ ഖുത്വ്ബകളിലും എല്ലാ ക്ലാസുകളിലും മറ്റെല്ലാ പ്രഭാഷണങ്ങളിലും ഇത് ആമുഖമായി ചൊല്ലുമായിരുന്നു:
أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
നാം ശ്രദ്ധിക്കേണ്ട വസ്തുത...ഇതിലെവിടെയും ''കുല്ലു മഅ്‌സ്വിയതുന്‍ ള്വലാല'' എന്നു പറഞ്ഞിട്ടില്ല എന്നതാണ്. കാരണം, മഅ്‌സ്വിയത്ത് ശര്‍റാണെന്നു പറയാതെത്തന്നെ ജനത്തിനറിയാം. സംഘടനകള്‍ ഓതിപ്പഠിപ്പിച്ചത് മഅ്‌സ്വിയത്താണ് - തെറ്റുകളും കുറ്റങ്ങളുമാണ് - നരകത്തിലേക്കു നയിക്കുന്നത് എന്നാണ്. ബിദ്അത്തിനെക്കുറിച്ചു പലര്‍ക്കും - അതിനെ എതിര്‍ക്കുന്നവര്‍ക്കുപോലും - വലിയ ബോധ്യമൊന്നുമുണ്ടായിരുന്നില്ല. മൗലിദ് ചൊല്ലുമ്പോള്‍ അത് ഒരു കേവല ദുരാചാരമായാണ് അന്നു കണ്ടിരുന്നത്. വിഷുവിന് മുസ്‌ലിംകള്‍ പടക്കം പൊട്ടിക്കുന്നതുപോലെയും ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്നതുപോലെയും. ആ രണ്ടു കാര്യങ്ങളിലും അവര്‍ക്കു മതപരമായ യാതൊരു വിശ്വാസവുമില്ലല്ലോ. മൗലിദ് പോലുള്ളവ സുന്നത്താണെന്നു കരുതി ചൊല്ലുമ്പോള്‍ അതു കടുത്ത ബിദ്അത്താണ്, ള്വലാലത്താണ്, ശിര്‍ക്കിലേക്കുള്ള കവാടമാണ് എന്നൊന്നും ആരും നമ്മെ പഠിപ്പിച്ചിട്ടുമില്ലല്ലോ. റാത്തീബും മൗലൂദുമൊന്നും മതത്തിലില്ലാത്തതാണ് എന്നല്ല, മറിച്ച്, പുത്തന്‍വാദികള്‍ അതു ശരിയല്ല എന്നു പറയുന്നു എന്നു മാത്രമാണ് ഒരു വിഭാഗം നമ്മെ വിശ്വസിപ്പിച്ചത്. എതിര്‍ക്കുന്നവര്‍ പറയുന്നതോ അതു പിന്നീടുണ്ടായ ഒരു ദുരാചാരമാണെന്നും. കാരണം, അതിനെ എതിര്‍ക്കുന്നര്‍ പോലും അവ അടിസ്ഥാനപരമായ തെറ്റാണെന്നു മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. ഖബര്‍ പൂജയെ എതിര്‍ക്കുന്ന അതേ കടുപ്പത്തില്‍ അവരാരും അതിനെ എതിര്‍ത്തതായി കണ്ടില്ല. അതിനര്‍ത്ഥം ബിദ്അത്തിന്റെ തിന്മയുടെ വ്യാപ്തി അവര്‍ക്കുപോലും വളരെ വൈകിയാണ് മനസ്സിലായത് എന്നല്ലേ. അതും വിദേശത്തൊക്കെ പോയി പഠിച്ചുവളര്‍ന്ന പുതുതലമുറയിലെ പണ്ഡിതന്മാര്‍ വന്ന ശേഷം മാത്രം. അതുവരെ അവര്‍ക്കൊന്നും ഇതു പ്രാമാണികമായി വിശദീകരിക്കാനാവുമായിരുന്നില്ല. അവര്‍ ശിര്‍ക്കും ഇസ്തിഗാസയും തവസ്സുലും അടിച്ചോടിക്കുന്ന തിരക്കിലായിരുന്നതിനാല്‍ നാമാരും അങ്ങനെ വിശദീകരിക്കുന്നത് കേട്ടിട്ടുമില്ല, മറ്റാരെങ്കിലും കേട്ടതായി അറിഞ്ഞിട്ടുമില്ല. ഈ വിഭാഗത്തിന്റെ ആദര്‍ശദാതാക്കളുടെ റഫറന്‍സ് ആയിരുന്ന സല്‍സബീലിലും മറ്റും വന്നത് കെ. ഉമര്‍ മൗലവിയുടെ വ്യക്തിഗതമായ ചില വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും മാത്രമായിരുന്നു. ഒരു വിഷയത്തെ സംബന്ധിച്ചും ആഴത്തിലുള്ള ചര്‍ച്ചകളൊന്നും അവയിലുണ്ടായിരുന്നില്ല.
പില്‍ക്കാല മുസ്‌ലിം സമൂഹത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് അറിയാവുന്നതുകൊണ്ടാണ് നബി മരണം വരെ ബിദ്അത്തിനെക്കുറിച്ച് താക്കീത് ചെയ്തത്. ബിദ്അത്ത് കാരണമായല്ലാതെ ഈ ഉമ്മത്ത് നശിച്ചു നരകത്തില്‍ പോകുകയില്ലെന്ന് നബി(സ)ക്കറിയാമായിരുന്നു. കാരണം, ഈ ഉമ്മത്ത് ഒരു കാര്യം ശിര്‍ക്ക് ആണെന്നറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം അതുചെയ്യില്ല, ഒരു കാര്യം കുഫ്ര്‍ ആണെന്നറിഞ്ഞുകൊണ്ട് അവര്‍ കുഫ്ര്‍ ചെയ്യില്ല. അതായത്, ശിര്‍ക്കും കുഫ്‌റും അവര്‍ക്കു പെട്ടെന്നു മനസ്സിലാവും. ബോധ്യമായാല്‍ അവരത് ഉപേക്ഷിക്കുകയും ചെയ്യും. രണ്ടിലും പെടാത്ത (ബാക്കി) മഅ്‌സ്വിയത്തും അങ്ങനെത്തന്നെ.
എന്നാല്‍ ബിദ്അത്ത് അങ്ങനെയല്ല, അത് തിരിച്ചറിയാനും അതു ചെയ്യുന്നവരെയും അതു ചെയ്യിക്കുന്നവരെയും അതിന്റെ മാരകമായ തിന്മ ബോധ്യപ്പെടുത്താന്‍ നന്നേ പ്രായസമാണ്. കാരണം സുന്നത്തിന്റെ വിപരീതമാണെങ്കിലും സുന്നത്തിന്റെ ആടയാഭരണങ്ങളണിഞ്ഞാണ് അതു കടന്നുവരുന്നത്. പ്രത്യക്ഷത്തില്‍ അതു സുന്നത്തായി, അതായത്, മതത്തിന്റെ ഭാഗമായി, എന്നല്ല അതുതന്നെയാണ് മതം എന്നു തോന്നിപ്പിക്കുന്നു എന്നിടത്താണ് ബിദ്അത്തിന്റെ ആളുകളും അതിന്റെ പരമോന്നത ഉപജ്ഞാതാവായ ഇബ്‌ലീസും വിജയിക്കുന്നത്. മുമ്പു സൂചിപ്പിച്ചതുപോലെ, മഅ്‌സ്വിയത്തുകൊണ്ട് ഈ സമുദായത്തില്‍ വലിയ കാര്യമില്ലെന്ന് ഇബ്‌ലീസിനറിയാം. മഅ്‌സ്വിയത്ത് സംഭവിച്ചാല്‍ തന്നെ തൗബ ചെയ്താല്‍ അല്ലാഹു പൊറുത്തുകൊടുക്കും. എന്നാല്‍ ഇവരെക്കൊണ്ട് ബിദ്അത്ത് ചെയ്യിപ്പിച്ചാല്‍ ഇബ്‌ലീസിന് ഉറപ്പായി: അവന്റെ കൂടെ നരകത്തിലേക്ക് അവന് ഈ ആളുകളെക്കൂടി കിട്ടും. എത്രത്തോളമെന്നാല്‍, ആയിരത്തില്‍ തൊള്ളായിരത്തിതൊണ്ണൂറ്റൊന്‍പതു പേരെയും അവനു നരകത്തിലേക്കു കിട്ടും. കാരണം, ഈ ഓരോ ബിദ്ഇയും വളരെ ആത്മാര്‍ത്ഥമായാണ് ബിദ്അത്തിനുവേണ്ടി പരിശ്രമിക്കുന്നത്. മഅ്‌സ്വിയ്യത്ത് മതത്തിനു വിരുദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ബിദ്അത്ത് മതത്തില്‍പെട്ടതാണ്, പുണ്യമാണ്, ചെയ്താല്‍ കൂലിയുള്ളതാണ്, സ്വര്‍ഗം കിട്ടുന്നതാണ് എന്നൊക്കെയാണ് ഇബ്‌ലീസ് അവരെ പഠിപ്പിക്കുന്നത്.
മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വ്യക്തിപരമായി നല്ല മനുഷ്യനായിരുന്നു എന്നതില്‍ സംശയമില്ല. ആത്മീയമായി ഉന്നതവിതാനത്തിലെത്തിയ വലിയൊരു മഹാന്‍. പക്ഷേ, മൗദൂദിയുടെയോ അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലരുടെയോ മഹത്തായ ചിന്തകളില്‍ പറ്റിയ ചില ചില്ലറ പ്രമാദങ്ങളെ ഇബ്‌ലീസ് മുതലെടുത്തോ എന്നാണ് നാം സംശയിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഊറിക്കൂടിയ ഹുകൂമതെ ഇലാഹി എന്ന കിടിലന്‍ ആശയത്തില്‍ - മൗദൂദി അറിയാതെത്തന്നെ - അവന്‍ കയറിക്കളിച്ചത്. ഒരു വശത്ത് ഇതര ആശയക്കാരായ മുസ്‌ലിംകളെ ഇളക്കിവിട്ട് അതിനെ ആശയപരമായി തോല്‍പ്പിച്ചുകളയാന്‍ ശ്രമിച്ചു. അതില്‍ അവന്‍ ചാമ്പ്യനാവുകയും ചെയ്തു. എന്നാല്‍ അതല്ലല്ലോ അവന്റെ ലക്ഷ്യം, അതിനാല്‍ അതിലേറെ മറുവശത്താണ് ഇബ്‌ലീസ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ദീനിനു കൊടുക്കേണ്ട ഊന്നല്‍ ദുന്‍യാവിനു കൊടുപ്പിക്കാനാണ് അവന്‍ ശ്രമിച്ചത്. കാരണം, മുമ്പൊരിക്കല്‍ അവന്‍ ഈ ശ്രമത്തില്‍ വിജയിച്ചിട്ടുണ്ട്. മൗദൂദി സ്വപ്‌നേപി ചിന്തിച്ചിട്ടില്ലാത്ത ദിശയിലേക്കാണ് കാര്യങ്ങള്‍ അദ്ദേഹം തുടങ്ങിവെച്ചത് എന്നു പറയപ്പെടുന്ന വിവിധ പ്രസ്ഥാനങ്ങള്‍ പിന്നീട് കൊണ്ടെത്തിച്ചത്.
'അക്ബര്‍ ദ് ഗ്രേറ്റി'ന്റെ ദീനെ ഇലാഹി തീര്‍ച്ചയായും ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ഓര്‍മ്മയില്‍ വരും. നിലവിലുള്ള ഇസ്‌ലാം പഴഞ്ചനായി, അത് ഇന്നത്തെ സാഹചര്യത്തിനു പറ്റിയതല്ല, അതിനാല്‍ അത് തച്ചുടച്ച് ഒരു സര്‍വ്വസമ്മത രാജകീയ മതമാക്കി പുനഃസൃഷ്ടിച്ച് പുനഃസ്ഥാപിക്കാനുള്ള പുറപ്പാടിലായിരുന്നു അദ്ദേഹം. രാജാക്കന്മാര്‍ക്ക് അധികാരം കിട്ടിയാല്‍ അവര്‍ ആദ്യം കൈവെക്കുക മതത്തിലാണല്ലോ. മതത്തെ വരുതിയിലാക്കിയാല്‍ പിന്നെ എല്ലാം ഭദ്രമായി എന്നാണവരുടെ കണക്കുകൂട്ടല്‍. അതിനായി അദ്ദേഹം പണ്ഡിതന്മാരെ രണ്ടു വിഭാഗമായി വെട്ടിക്കീറി. രാജാവിനെ അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിരൂപമായി അംഗീകരിക്കുന്നവര്‍, ഇവരാണ് ദീനെ ഇലാഹിയുടെ പുരോഹിതന്മാര്‍. രണ്ടാമത്തെ വിഭാഗം ഇവരെ അംഗീകരിക്കാത്തവരാണ്. രാജകിങ്കരന്മാര്‍ ഒന്നുകില്‍ അവരെ വാളിനിരയാക്കി. അല്ലെങ്കില്‍ മരണം വരെ കാരാഗൃഹത്തിലടച്ചു നരകയാതന അനുഭവിപ്പിച്ചു. വല്ലാത്ത ഒരു ഇരുണ്ട കാലമായിരുന്നു അത്. ഒരു മുസ്‌ലിം നാമധാരിയുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ മാത്രം പീഡിപ്പിക്കപ്പെട്ട ഇതുപോലൊരു തമോകാലം ഇതല്ലാതെ ചരിത്രത്തില്‍ വേറെ കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇസ്‌ലാമിനെ അവസാനിപ്പിക്കാന്‍ "ഫലപ്രദമായ ശ്രമം" തുടങ്ങിയത് ഒരിക്കലും ഹിന്ദുക്കളായിരുന്നില്ല, മറിച്ച് പൈശാചികപ്രചോദിതരായ ഇത്തരം സാഹസിക മുസ്‌ലിം നാമധാരികള്‍ തന്നെയായിരുന്നു. ദീനെ ഇലാഹിയെക്കുറിച്ചു ആ യുഗം അവസാനിച്ചതിനാലും ഇപ്പോള്‍ പ്രസക്തമല്ലാത്തതിനാലും ഇനിയൊരിക്കലും അതു തിരിച്ചുവരാനിടയില്ലാത്തതിനാലും നമുക്കു പിന്നീട് ചര്‍ച്ച ചെയ്യാം. ഇത് അതിന്റെ സന്ദര്‍ഭവുമല്ല. ഇതിന്റെ മറ്റൊരു രൂപമാണ് ബഹായി മതവും ഖാദിയാനി സവുമൊക്കെ.
ദീനെ ഇലാഹിയുടെ എന്തെങ്കിലും ഒരംശം മൗദൂദിയോ മറ്റു മത പരിഷ്‌കര്‍ത്താക്കളോ ബോധപൂര്‍വ്വം സ്വാംശീകരിച്ചു എന്നു നാം കരുതുന്നില്ല. എന്നാലും ഇതിന്റെയൊക്കെ ചില അനുരണനങ്ങള്‍ ആരുടെയൊക്കെയോ ഉപബോധ മനസ്സുകളില്‍ പല രൂപത്തില്‍ സജീവമായിരുന്നില്ലേ എന്ന് ചിലര്‍ക്ക് ചില സാമ്യതകളില്‍നിന്നു തോന്നിപ്പോയതു മാത്രമായിരിക്കാം. കാരണം, അക്ബര്‍ ശ്രമിച്ചത് ഇന്ന് സംഘപരിവാര്‍ ശ്രമിക്കുന്നതുപോലെ ഒരു സ്റ്റേറ്റ് റിലീജ്യന്‍ ഉണ്ടാക്കാനാണ്. ആ രാജ്യത്ത് ഒരു മതമേ പാടുള്ളൂ, സംഘപരിവാര്‍ അതിനു രാമരാജ്യം അല്ലെങ്കില്‍ ഹിന്ദുരാഷ്ട്ര എന്നു വിളിക്കുന്നു. ഈ മതത്തില്‍ വിശ്വസിക്കാത്തവര്‍ അവരെ സംബന്ധിച്ചിടത്തോളം രണ്ടാംതരം പൗരന്മാരാണ്, അവര്‍ സ്റ്റേറ്റ് മതത്തിന്റെ, അതായത്, മതക്കാരുടെ അടിമകളായി ഒതുങ്ങിക്കഴിഞ്ഞോളണം. അതുകൊണ്ടാണ് മുസ്‌ലിംകളെ അടിച്ചൊതുക്കി അക്ബര്‍ ചക്രവര്‍ത്തി ജയിലിലടച്ചത്. ഹിന്ദുക്കളോട് അങ്ങനെ ചെയ്യേണ്ട ആവശ്യം വന്നില്ല.
ഈ 'ഹിന്ദുരാഷ്ട്ര'യുടെ മറ്റൊരു പേരാണ് രാമരാജ്യം. അക്ബറിന്റെയും മൗദൂദിയുടെയും ഭാഷയില്‍ (അതിന്റെ ഉര്‍ദു/പേര്‍ഷ്യന്‍ പരിഭാഷ) 'ഹുകൂമതെ ശ്രീരാം' ആണ്. അക്ബര്‍ അതിനെ 'ദീനെ ഇലാഹി (ദൈവത്തിന്റെ മതം)' എന്നു വിളിച്ചു. ക്രിസ്ത്യാനികള്‍ 'ദൈവരാജ്യ'മെന്നു വിളിച്ചു (ക്രിസ്തുരാജ്യം). ജൂതന്മാര്‍ 'വാഗ്ദത്ത ഭൂമി' എന്നു വിളിച്ചു. അവര്‍ ഇസ്രായേലിനു രൂപം നല്കുമ്പോള്‍ ഈ വികാരമായിരുന്നു അവരുടെ മനസ്സില്‍ - തങ്ങളുടെതു മാത്രമായ ഒരു വംശീയ രാജ്യം. നാം ധരിച്ചതുപോലെ അതില്‍ മറ്റു മതക്കാര്‍ പാടില്ല, എന്നല്ല അവരുടെ അജണ്ട, മറിച്ച് ജൂത വംശജരല്ലാത്തവര്‍ പാടില്ല എന്നാണ്. അവര്‍ക്കു മതമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. സംഘപരിവാര്‍കാരുടെ രാമരാജ്യവും നാസികളുടെ ആര്യരാജ്യവും ഈ ആശയത്തിന്റെ തന്നെ രണ്ട് ആര്യമുഖങ്ങളാണ്. സയണിസ്റ്റ് ജൂതന്മാര്‍ ഇസ്രായേലിനു രൂപം നല്കുമ്പോഴും ഇതേ വികാരമായിരുന്നു അവരുടെ മനസ്സില്‍, തങ്ങളുടെതു മാത്രമായ ഒരു വംശീയരാജ്യം. അതില്‍ മറ്റു മതക്കാര്‍ പാടില്ല എന്ന് അവര്‍ എവിടെയും പറയുന്നില്ല. കാരണം അവര്‍ മതത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചത് മാതൃത്വാധിഷ്ഠിതമായ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള വംശീയതയിലാണ്. അതായത് ഒരു ജൂത പുരുഷന്റെ മകന്‍ ജൂതനാവണമെന്നില്ല, ഒരു ജൂതനില്‍ ജനിച്ച ജൂതസ്ത്രീയുടെ മകന്‍ മാത്രമേ ജൂതനാവുകയുള്ളൂ. സംഘപരിവാര്‍ ആശയക്കാര്‍ക്കും വേണ്ടത് ഇതേ ലക്ഷണങ്ങളെല്ലാം തികവോടെയുള്ള 'ഹിന്ദുരാഷ്ട്ര'മാണ് - ശരിക്കു പറഞ്ഞാല്‍ ബ്രാഹ്മണരാഷ്ടട്രം!" അല്ലാതെ മഹാഗാന്ധി വിഭാവനം ചെയ്ത, സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന നന്മരാജ്യമായ "രാമരാജ്യ"മല്ല; ജൂതന്മാരെപ്പോലെ അവര്‍ക്കും അമ്മ മാത്രമല്ല, അച്ഛനും ബ്രാഹ്മണനായിരിക്കണം. എന്നല്ല, അച്ഛനാണ് ജാതിയെ പ്രിതിനിധീഭവിക്കുന്ന പിണ്ഡം. അല്ലാത്തവരൊന്നും ഈ ലക്ഷണം പൂര്‍ത്തിയാക്കിയവരല്ല. അവസാനത്തെ ഈ മൂന്നെണ്ണം - ഇസ്രായേലും സംഘപരിവാര്‍വാദികളും നാസികളും എന്തെങ്കിലും വിശ്വാസത്തെക്കാള്‍ വംശശുദ്ധിയെയാണ് രാഷ്ട്രരൂപീകരണത്തിന് ആശ്രയിക്കുന്നത്. ഈ മൂന്നെണ്ണത്തിലും ദൈവവിശ്വാസികളും നാസ്തികന്മാരും ഒന്നുപോലെ പങ്കെടുത്തതു തന്നെ ഇതിനു തെളിവാണ്. ഫലസ്തീനില്‍ അവര്‍ നടത്തുന്ന വംശഹത്യ അതിന്റെ ഭാഗമായാണ്. വാസ്തവത്തില്‍ നമ്മുടെ കണ്‍മുന്നിലുള്ള അഞ്ചുകൂട്ടരും ഉദ്ദേശിച്ചത് ഒരേ കാര്യമായിരുന്നു, ഒരു സ്റ്റേറ്റ് റിലീജ്യന്‍. മൗദൂദി അതിനെ അല്‍പം മാറ്റി ഹുകൂമത്തെ ഇലാഹി എന്നു വിളിക്കുന്നു. വാസ്തവത്തില്‍ പേരുകൊണ്ട് ഒരു മതക്കാരും മറ്റൊരുമതക്കാരെയും എതിര്‍ക്കേണ്ടതായുണ്ടായിരുന്നില്ല. എല്ലാവര്‍ക്കുമുണ്ടല്ലോ ദൈവ രാജ്യസങ്കല്‍പം. അപ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം അവരുടെയെല്ലാം ഈ മതരാഷ്ട്രം അവരവരുടെ മാത്രം മതാധിഷ്ഠിത ദൈവരാജ്യമാണ്. അതിന്റെ ഉര്‍ദു രൂപമാണ് ഹുകൂമത്തെ ഇലാഹി. അതായത്, രാമരാജ്യത്തിനു വേണ്ടി വാദിക്കുന്ന ഒരു സംഘപരിവാരകാരന് മൗദൂദിയുടെ ഹുക്കൂമത്തെ ഇലാഹിയെ എതിര്‍ക്കാന്‍ ഒരു ന്യായവുമില്ല. രണ്ടും അവരവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദൈവരാജ്യമാണ്. എന്നാല്‍ സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളും അതിനു മൗദൂദിയുടെ ദൈവരാജ്യത്തില്‍നിന്നു കൂടുതലായി അലംഘനീയമായ ഒരു ലക്ഷ്ണരേഖ അതിര്‍ത്തിയായുണ്ട് എന്നതുമാത്രമാണ് വ്യത്യാസം. അത് ആര്യവംശീയതയാണ്, ബ്രാഹ്മണ്യമാണ് - ഇവിടെ അത് പരക്കെ അറിയപ്പെടുന്നത് സവര്‍ണത, അല്ലെങ്കില്‍ സവര്‍ണ ദേശീയത എന്നാണ്. അതത്ര ശരിയായ പദപ്രയോഗമല്ല. ഹിന്ദുക്കള്‍ എന്നതുകൊണ്ട് അവര്‍ മനസ്സാ ഉദ്ദേശിക്കുന്നതും ഈ വിഭാഗത്തെ മാത്രമാണ്. ബാക്കിയുള്ളവരൊക്കെ അതിലേക്കുള്ള വഴിയില്‍ ഹോമിക്കപ്പെടേണ്ട യാഗവസ്തുക്കളത്രെ.
ചുരുക്കത്തില്‍ എല്ലാവര്‍ക്കും വേണ്ടത് മതാധിഷ്ഠിത ഭരണകൂടമാണ്. എന്നാല്‍, എല്ലാ മതങ്ങളിലെയും സാമാന്യജനം ചോദിക്കുന്നു: ഇതില്‍ എവിടെയാണ് മതം? നിങ്ങള്‍ സ്ഥാപിക്കുന്നത് മതമോ അതോ രാജ്യമോ? അവര്‍ മതരാജ്യം എന്നു പറയില്ല, പകരം തങ്കംപൂശിയ വാക്കില്‍ അവര്‍ അതിനെ ദൈവരാജ്യം, രാമരാജ്യം, ഹുകൂമത്തെ ഇലാഹി, ദീനെ ഇലാഹി, വാഗ്ദത്ത ഭൂമി എന്നൊക്കെ വിളിക്കും. പച്ചക്കുപ്പിയിലും കാവിക്കുപ്പിയിലും നീലക്കുപ്പിയിലുമായി ഒരേ പുളിയുള്ള ഒരേ സുര്‍ക്ക തന്നെയാണ് ഇവരോരുത്തരും വിളമ്പുന്നത്.
നമുക്കു നമ്മുടെ ആളുകളിലേക്കു മടങ്ങാം. ഹുകൂമത്തെ ഇലാഹി എന്നത് മുസ്‌ലിം സാമാന്യ ജനത്തെ സംബന്ധിച്ചിടത്തോളം ഒരു 'പുതിയ' കാര്യമാണ്. മാത്രമല്ല, ദീനെ ഇലാഹിക്കാരന്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പുറത്ത് അവശേഷിപ്പിച്ചുപോയ ചമ്മട്ടിപ്രഹരത്തിന്റെ പാടുകള്‍ അപ്പോഴും മാഞ്ഞിട്ടുമുണ്ടായിരുന്നില്ല. അതിനാല്‍ എത്ര വിശദീകരിച്ചു സാഹിത്യം ചമച്ചിട്ടും മനുഷ്യര്‍ക്കു മനസ്സിലാവുന്നില്ല എന്നതായിരുന്നു രംഗഭൂമിയില്‍നിന്നുള്ള പ്രതികരണവും നേരിട്ടുള്ള അനുഭവവും. മനുഷ്യര്‍ക്കറിയില്ലല്ലോ - ഭൂമിയില്‍ എന്താണ് "അല്ലാഹുവിന്റെ ഭരണം" എന്ന്. ഇതു ക്ലച്ചുപിടിക്കില്ലെന്നു ബോധ്യമായപ്പോള്‍ അവര്‍ വേറൊരു പദം പകരം കൊണ്ടുവന്ന് അത് "ഇഖാമതുദ്ദീന്‍" എന്നാക്കി. 'ദീന്‍' - അതു നല്ലകാര്യം തന്നെ. ആരായാലും ദീനിന്റെ കാര്യമാണല്ലോ പറയുന്നത് എന്നു ജനത്തെ വളരെ വേഗം ധരിപ്പിക്കാനാവുമായിരുന്നു. ദീന്‍ എന്നു കേട്ടാല്‍ - അത് എന്തുദീനായാലും - ജനത്തിന് പെട്ടെന്ന് ഓര്‍മ്മവരുകയും ചെയ്യും. ദീന്‍ സംസ്ഥാപിക്കേണ്ട എന്ന് ആരും പറയില്ല. പക്ഷേ, അത് ഹുക്കൂമത്തെ ഇലാഹിയുടെ മറ്റൊരു വേഷപ്പകര്‍ച്ചയാണെന്ന് അപ്പോഴേക്കും ജനം വ്യാപകമായി മനസ്സിലാക്കിയിരുന്നു. അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിമര്‍ശകര്‍ അവരെക്കാള്‍ സമര്‍ത്ഥന്മാരായിരുന്നു.
ഇസ്‌ലാമിന് അപരിചിതമായ ഇത്തരം കൃത്രിമ സാങ്കേതിക പദങ്ങളുമായി ആരിറങ്ങിയാലും അവര്‍ പരാജയപ്പെടുകതന്നെ ചെയ്യും. ആയിരം കൊല്ലത്തോളം തസ്വവ്വുഫിന്റെ ആളുകള്‍ കുത്തിയിരുന്നു പരിശ്രമിച്ച് മെനഞ്ഞെടുത്തു പ്രചരിപ്പിച്ച ഇത്തരം നൂറുകണക്കിന് ടെര്‍മിനോളജികളുണ്ട്. ഇസ്‌ലാമിന്റെ സംജ്ഞകളിലെ ഓരോ സംജ്ഞക്കും അവര്‍ അവരുടെതായി വ്യാഖ്യാനം ചമച്ചതോടൊപ്പം ആയിരക്കണക്കിനു പുത്തന്‍ പദങ്ങള്‍ ഇസ്‌ലാമിലേക്കു കടത്തിക്കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. അല്ലാഹുവും നബിയും പറയാത്തത് അവര്‍ പറഞ്ഞു. അവര്‍ നല്‍കാത്ത വ്യാഖ്യാനങ്ങള്‍ നല്കി. അവര്‍ ചെലുത്താത്ത നിബന്ധനകള്‍ ചെലുത്തി. ഇതല്ലാതെ മോക്ഷമാര്‍ഗമില്ലെന്നു വരുത്തിത്തീര്‍ത്തു. അതുകൊണ്ട് തസ്വവ്വുഫ് ഇസ്‌ലാമിലേക്കു വരികയല്ല അത് ഇസ്‌ലാമില്‍ നിന്നും ജനങ്ങളില്‍നിന്നും അങ്ങേയറ്റംവരെ വേറിട്ടു പോവുകയാണ് ചെയ്തത്. ഇസ്‌ലാമിനെ പള്ളികളില്‍നിന്നു മസാറിലേക്കു മാറ്റാനുള്ള അവരുടെ ശ്രമവും പൂര്‍ണ്ണമായി വിജയിച്ചില്ല. എങ്കിലും ഇവയൊന്നും ചില നന്മകള്‍ അവശേഷിപ്പിക്കാതിരുന്നില്ല.
തുടക്കം എന്തില്‍നിന്നായിരുന്നാലും നിസ്വാര്‍ത്ഥരായ കുറേ മനുഷ്യര്‍ ഇതിലെല്ലാം ഭാഗഭാക്കായിരുന്നു. അവരുടെ നന്മ നന്മയായി പ്രതിഫലിക്കുകയും ചെയ്തു. തസ്വവ്വുഫും അതിന്റെ നിഗൂഢലോകവും ഇന്ന് ഏറെക്കുറേ തിരോഭവിച്ച മട്ടാണ്. ഇനി എത്ര തന്നെ അതിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചാലും അതു വിജയിക്കാന്‍ പോകുന്നില്ല. സാധാരണക്കാര്‍ക്ക് അപ്രായോഗികവും അപ്രാപ്യവുമായ, നിഗൂഢതകളുള്ള ഒരു മതരൂപവും ലോകത്തു നിലനിന്ന ചരിത്രമില്ല എന്നതുകൊണ്ടു തന്നെ.
സംഘടനകള്‍ക്കു തുടക്കമിടുമ്പോള്‍ ഇവരാരും ഇത്തരം വരുംവരായ്കകളെക്കുറിച്ചൊന്നും ചിന്തിച്ചുകാണില്ല. അവര്‍ അക്കാലത്തെ പ്രത്യേകമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ പ്രകോപിതരായോ പ്രചോദിതരായോ പാശ്ചാത്യ മിഷനറി സ്പിരിറ്റിന്റെയും ഇവാന്‍ജലിസത്തിന്റെയും മാര്‍ക്‌സിസ്റ്റ് വിപ്ലവാവേശത്തിന്റെയും വെമ്പലോടെ ഇസ്‌ലാമിനകത്തു പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കുക മാത്രമായിരുന്നു. മൗദൂദിസത്തില്‍ മാത്രമല്ല, ബിദ്ഈ വിരോധികളിയാ സ്വയം പരിചയപ്പെടുത്താറുള്ള ഇസ്‌ലാഹികളില്‍പോലും ഈ പാശ്ചാത്യസ്വാധീനം കാണാം. എവിടെയാണ് ഇതുംകൊണ്ട് അണികള്‍ എത്തുക എന്നും ഇവര്‍ക്കുശേഷം ഇബ്‌ലീസ് അവരെ എത്തിക്കുക എന്നും അവരാരും ആലോചിച്ചുകാണില്ല. ആ ഉദ്ദേശ്യശുദ്ധിയില്‍ മൗദൂദിയെയും ഇല്‍യാസ് മൗലാനയെയും കൂട്ടാളികളെയും നമുക്കു വെറുതെ വിടാം.
പക്ഷേ, മൗദൂദിയുടെ പ്രചോദനത്തില്‍നിന്നു നിലവില്‍വന്നു എന്നു പറയപ്പെടുന്ന ഇന്ത്യയിലെ ഈ സംഘടനാരൂപം മൗദൂദിക്കു ശേഷമുള്ള നാല്‍പത് കൊല്ലം കൊണ്ട് എവിടെയെത്തി? നബി പഠിപ്പിച്ച ഇസ്‌ലാം എവിടെ, ഇവരെവിടെ? പോകട്ടെ മൗദൂദി പഠിപ്പിച്ച 'ഇസ്‌ലാം' എവിടെ, ഇവരെവിടെ?
ഇസ്‌ലാം വിലക്കിയ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നു. ഭൗതികതയില്‍ മറ്റാരോടും മത്സരിച്ച് ആറാടുന്നു. ത്വാഗൂതുകളോട് - അനിസ്‌ലാമിക ഭരണകൂടത്തോട് അടുക്കാന്‍ പാടില്ല എന്നായിരുന്നു ആദ്യപാഠം. ഇപ്പോള്‍ ത്വാഗൂത്താണ് അവരുടെ മനസ്സ് നിറയേ. പലിശ, മദ്യം, ലോട്ടറി എന്നിവയില്‍നിന്നുള്ള ശംബളം വിളമ്പുന്ന സര്‍ക്കാര്‍ ഓഫീസില്‍ ജോലി പാടില്ല, അനിസ്‌ലാമിക നിയമങ്ങള്‍ തലനാരിഴകീറി വാദിച്ചു നടപ്പാക്കുന്ന കോടതികളില്‍ വക്കീലാവരുത്. ഈ വക്കീല്‍ മൂത്താണല്ലോ പിന്നീട് ജഡ്ജി ആവുന്നത്, അല്ലാഹുവിന്റെ നിമയമനുസരിച്ചല്ലാതെ വിധിക്കേണ്ടി വരുമെന്നതിനാല്‍ ജഡ്ജിയുമാവരുത്. ഇത്തരം സര്‍ക്കാര്‍ ജോലികളൊക്കെ ആവേശം മൂത്ത് കളഞ്ഞുകുളിച്ച് പകരം ബീഡിക്കമ്പനി ഇട്ടവര്‍ വരെയുണ്ട് ഇവരുടെ പഴയ കൂട്ടത്തില്‍. ഈ ആശയം ഈ കൃതിയുടെ അവസാനഭാഗത്ത് കൂടുതല്‍ വിശദമായി സോദാഹരണം ചര്‍ച്ച ചെയ്യുന്നുണ്ട്.
ചുരുക്കത്തില്‍, സംഘടന ഒരു ഭ്രാന്താണ് - അത് തലക്കു കയറിയാല്‍ മനുഷ്യര്‍ എന്തും ചെയ്യും. ഇപ്പോള്‍ നേരേ തിരിച്ചാണ് സംഘടനകളുടെ കാര്യം. മുമ്പ് എന്തൊക്കെയാവാന്‍ പാടില്ലെന്നു പറഞ്ഞുവോ അതൊക്കെയാവാന്‍ നെട്ടോട്ടമോടുകയാണവര്‍. ഇപ്പോള്‍ ഭരണത്തിലേറാന്‍ ആരുടെയൊക്കെ കൂടെയാണ് അവര്‍ ഓടിനടക്കുന്നത്. എല്ലാ ജാതികളുടെയും കല്യാണത്തിനും ചോറൂണിനും ചാവടിയന്തിരത്തിനുംവരെ ഇവര്‍ പങ്കെടുക്കുന്നു. ഇവരെയൊക്കെ പെറുക്കിക്കൂട്ടി കൂട്ടിക്കെട്ടി വേണം അധികാരത്തിലേക്കുള്ള ഗോവണി പണിയാന്‍! അതെ, ഇതു മാത്രമല്ല, ഓരോ സംഘടനയും പ്രത്യക്ഷമായും പരോക്ഷമായും ത്വാഗൂത് ഘടനയിലേക്ക്, "ദൈവരാജ്യ"ക്രമത്തിലേക്ക്, അതിന്റെ ലോകക്രമത്തിലേക്ക് അഹ-മഹമികയാ മുന്നേറുകയാണ്.
ഇസ്‌ലാമില്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് എക്കാലത്തെക്കുമാണ്. അത് ജനങ്ങള്‍ക്കു മനസ്സിലാവാതിരിക്കുകയോ ഓരോ ദശവര്‍ഷത്തിലും 'പോളിസി, പ്രോഗ്രാം' പോലെ മാറ്റിപ്പറയുകയോ ചെയ്യേണ്ടി വരില്ല, ഓരോ നൂറ്റാണ്ടിലും അതു പുതുക്കേണ്ടതുമില്ല. അല്ലാഹു കല്പിച്ച ആയിരത്താണ്ടുകളായി തുടരുന്ന വിശ്വാസവും നബി തുടങ്ങിവെച്ച ആചാരവും അതുപോലെത്തന്നെ ലോകാവസാനം വരെ നിലനില്‍ക്കാനുള്ളതാണ്. ഇന്നൊന്ന്, നാളെ മറ്റൊന്ന് എന്നിങ്ങനെയല്ല, മതം എന്നും ഒന്നാണ്. അവ്വിധം സുസ്ഥിരമായ, പ്രായോഗികമായ, സാധാരണക്കാര്‍ക്കു പ്രാപ്യമായ ഒന്നേ നിലനില്‍ക്കുന്ന മതമാകൂ.
നബി (സ) ഹജ്ജതുല്‍ വിദാഇല്‍ പറഞ്ഞത് രണ്ടേ രണ്ടുകാര്യം മുറുകെ പിടിക്കാനാണ് - അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തും. അതില്‍ മൂന്നാമതൊരു വാക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഖിലാഫത്ത് എന്നോ ഇമാമത്ത് എന്നോ അഹ്‌ലുബൈത്ത് എന്നോ മറ്റോ മൂന്നാമതായി വരേണ്ടതായിരുന്നു. അതൊന്നുമില്ല.
കിതാബിലും സുന്നത്തിലുമില്ലാത്ത യാതൊന്നും, ലോകാവസാനം വരെ നിലനില്‍ക്കാത്ത ഒന്നും ആചരിക്കാന്‍ അവിടുന്ന് പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ''നിങ്ങള്‍ക്കു തല്‍ക്കാലം ബാധകമാകുന്നതായി ഇപ്പോള്‍ എന്റെ ഖുര്‍ആനും സുന്നത്തും മാത്രമേയുള്ളൂ. ബാക്കി മറ്റുള്ളവരുമായി കൂടിയാലോചിച്ചു നടപ്പാക്കുക'' എന്നല്ല നബി പറഞ്ഞത്. ''നിങ്ങള്‍ക്ക് ഇവ രണ്ടും തന്നെ മതിയാവും'' എന്നാണ്. നബി ഒരാളെ ഖലീല്‍ ആക്കുകയാണെങ്കില്‍ അബൂബക്കറിനെ ആക്കുമായിരുന്നുവെന്നാണല്ലോ അവിടുന്ന് തന്നെ അനുചരമധ്യേ വ്യക്തമാക്കിയത്. എന്നിട്ടും എന്റെ ഉറ്റ സുഹൃത്ത് അബൂബകറിനോട് ആലോചിച്ചു ബാക്കി കാര്യം ചെയ്യുക എന്നുപോലും പറഞ്ഞില്ല. ആര്‍ക്കും ഒരധികാരവും കൈമാറിയില്ല. അങ്ങനെ കൈമാറാന്‍ ആര്‍ക്കും ഒരധികാരവും ഇസ്‌ലാമിലില്ല. അത്തരം കാര്യങ്ങളില്‍ സമുദായം എന്ത് ചെയ്യണമെന്നത് കാലാകാലങ്ങളില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ തനിയേ മനസ്സിലാക്കിക്കൊള്ളും. അതുകൊണ്ടാണ് ''ഉണക്ക മുന്തിരിപോലെ തലമുടിയുള്ള നീഗ്രോ'' തന്നെ നേതാവായാലും ഈ സമൂഹം ആ നേതൃത്വത്തെയും അനുസരിക്കണമെന്നു പറഞ്ഞത്.
''ഖുര്‍ആനും സുന്നതും അനുസരിച്ചു ഞാന്‍ നിങ്ങളെ നയിക്കും. അതിനപ്പുറം പോയാല്‍ എന്റെ കഴുത്തിനു പിടിക്കുക'' എന്നാണ് പില്‍ക്കാലത്ത് ഖലീഫയായ അബൂബകര്‍ ഇതനുസരിച്ച് ഈ സമുദായത്തോടു പറഞ്ഞത്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ മതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആരുടെയും ഒരു തിട്ടൂരവും ആവശ്യമില്ല. കാരണം, അവിടെ രണ്ടഭിപ്രായമില്ല. മതമല്ലാത്തതുമായി മുന്നിട്ടിറങ്ങിയാല്‍, മതമല്ലാത്തത് ഇസ്‌ലാമില്‍ കടത്തിക്കൂട്ടിയാല്‍ അതു നടപ്പാക്കാന്‍ ആരാധനാലയങ്ങള്‍ മതിയാവില്ല. അപ്പോള്‍ അതിന് പാര്‍ലിമെന്റും പോലീസും പട്ടാളവും കോടതിയും തൂക്കുമരവും എല്ലാം വേണ്ടിവരും. അപ്പോഴാണ് മുസ്‌ലിംകള്‍ക്ക് സി.എ.എയും എന്‍.പി.ആറും എന്‍.ആര്‍.സിയുമെല്ലാം പ്രശ്‌നമാകുന്നത്. അല്ലായിരുന്നെങ്കില്‍ സി.എ.എയും എന്‍.ആര്‍.സിയുമൊന്നും മുസ്‌ലിംകളെ ബാധിക്കില്ല. വിശ്വാസിക്ക് ഇതൊന്നും ബാധകമല്ല. അവനെ സംബന്ധിച്ചിടത്തോളം എല്ലാം അല്ലാഹു തീരുമാനിക്കുമെന്നാണ്. കുലീനരും ശുദ്ധപ്രകൃതരും സംസ്‌കാര സമ്പന്നരും മിതത്വത്തിന്റെയും സമാധാനത്തിന്റെയും അധിപന്മാരുമായ മുസ്‌ലിംകളെ എല്ലാ സമൂഹവും ഉള്‍ക്കൊള്ളും. മുസ്‌ലിംകള്‍ ഇതല്ലാതാവുമ്പോഴാണ് - അവര്‍ മുസ്‌ലിംകള്‍ അല്ലാതാവുമ്പോഴാണ് - ലോകത്തെവിടെയും അവര്‍ക്കു പൗരത്വം നഷ്ടപ്പെടുന്നതും പൗരത്വം നിഷേധിക്കപ്പെടുന്നതും. ഇവരാണ് ഇസ്‌ലാമിനെ പ്രതിസന്ധിയുടെ മതമാക്കുന്നത്.
മക്കാ ഫത്ഹാക്കിയപ്പോള്‍ ''നാം നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്'' എന്ന് പ്രവാചകന്‍ കീഴടക്കപ്പെട്ട ജനതയോടു ചോദിക്കുന്നു. നബിയുടെ നടപടികളെക്കുറിച്ച് അവര്‍ക്കു സംശയമുണ്ടായിരുന്നില്ല, ആശങ്കയുണ്ടായിരുന്നില്ല. നല്ല പിതാവിന്റെ നല്ല മകനായ നബിയില്‍നിന്ന് നല്ലതല്ലാതെ വരില്ല എന്ന് അവര്‍ക്കറിയാമായിരുന്നു. നല്ല പാരമ്പര്യം, നല്ല തറവാടിത്തം, നല്ല അവബോധം, നല്ല സംസ്‌കാരം - അതുള്ളവര്‍ ആ ഗുണം കാണിക്കും.
നബി പറഞ്ഞതിനപ്പുറം അണുവളവ് ചലിക്കാത്തവരായിരുന്നു അവിടുത്തെ പ്രമുഖ സ്വഹാബികള്‍. അതുകൊണ്ടാണ് അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഉമര്‍ ഹജറുല്‍ അസ്‌വദിനെക്കുറിച്ചു പ്രഖ്യാപിച്ചത്:
''നീ കേവലമൊരു കറുത്ത കല്ലാണെന്നറിയാം. റസൂല്‍ ചുംബിച്ചതുകൊണ്ട് മാത്രമാണ് നിന്നെ ചുംബിക്കുന്നത്.''
രണ്ടായിരത്തിഅഞ്ഞൂറ് കൊല്ലമായി അവരുടെ ഉപ്പമാരുടെയും ഉപ്പാപ്പമാരുടെയും ചുണ്ടുകള്‍ പതിഞ്ഞ ഇടമായിട്ടുകൂടി അവരുടെ ജാഗ്രത ശ്രദ്ധിക്കുക. മക്കാ മുശ്‌രിക്കുകള്‍ പോലും ഹജറുല്‍ അസ്‌വദിനെ പൂജിച്ചതായി അറിയില്ല. അതാണ് ആ സമൂഹത്തിന്റെയും - ഈ സമുദായത്തിന്റെയും - ക്വാളിറ്റി. ഇതേ ഉമര്‍ തന്നെയാണ് ബൈഅത്തുര്‍രിള്വ്‌വാന്‍ നടന്ന ചരിത്രപ്രസിദ്ധമായ മരം - അതും ഖുര്‍ആനില്‍ പരാമര്‍ശിച്ച 'ആ മരം' - വേരോടെ പിഴുതെടുത്തു ചുട്ടെരിച്ചത്. ആ മരം ഇന്നുണ്ടായിരുന്നെങ്കില്‍ അതിനു ചുറ്റും ഒരു ബസാറും അതിലും വലിയ ഒരു മസാറും വളര്‍ന്നുവരുമായിരുന്നു. സമാന്തരമായ മറ്റൊരു മിനയും ജംറയും അറഫയും അവിടെ രൂപപ്പെടുമായിരുന്നു. ബിദ്അത്തിനെതിരേ അവര്‍ കൈകൊണ്ട ജാഗ്രത അത്രത്തോളമാണ്. അതുകൊണ്ടുതന്നെയാണ് ശീഇകള്‍ക്കും ബിദ്ഇകള്‍ക്കും സംഘടനാ മുസ്‌ലിംകള്‍ക്കും ഉമറിനോടൊന്നും വലിയ പ്രതിപത്തിയില്ലാത്തതും.
അവരുടെ വിശ്വാസം അതത് അവസരത്തിനൊത്തു സ്വീകരിക്കുന്ന നയനിലപാടുകളായിരുന്നില്ല. അത് എവിടെയും പാലിക്കേണ്ട അചഞ്ചലമായ ആദര്‍ശമായിരുന്നു. അതുകൊണ്ടാണ് കൈകാലുകളില്‍ ചങ്ങലയില്‍ ബന്ധിതനായി അബൂജന്‍ദല്‍ നബിയുടെ മുന്നില്‍ വന്നുവീണ് അഭയം തേടിയപ്പോള്‍ ശത്രുക്കളുടെ കൂടെ തിരിച്ചയക്കാന്‍ നബി (സ) തയ്യാറായത്. കാരണം, അപ്പോഴേക്കും അങ്ങനെ ചെയ്യണമെന്നു വാക്കാല്‍ കരാറായിരുന്നു, ''പാടില്ല, അബൂജന്‍ദല്‍, കരാറുകള്‍ ചോദ്യം ചെയ്യപ്പെടും'' എന്നാണ് നബി അദ്ദേഹത്തെ സമാധാനിപ്പിച്ചത്.
മക്ക ഫത്ഹ് ആയപ്പോള്‍ കഅ്ബ തുറക്കാന്‍ താക്കോല്‍ ആവശ്യപ്പെട്ട് നബി (സ) അലിയെ ഉഥ്മാനിബ്‌നു അബ്ദിദ്ദാറിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അലി അത് അദ്ദേഹത്തിന്റെ കൈയില്‍നിന്നു ബലമായി പിടിച്ചുവാങ്ങി. ഇതറിഞ്ഞ നബി ഉഥ്മാനിബ്‌നു അബ്ദിദ്ദാറിന്റെ വീട്ടില്‍ ചെന്ന് താക്കോല്‍ തിരികെ കൊടുക്കുകയും ലോകാവസാനം വരെ ഇത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കൈയിരിലിരിക്കും എന്നു പ്രവചിക്കുകയും ചെയ്തു.
എന്നാല്‍ ഹുകൂമത്തെ ഇലാഹിക്കാരുടെ ഈ ഇത്തിബാഉസ്സുന്ന എവിടെയാണ്? എവിടെയാണ് ഇവരുടെ തഖ്‌വ? ഇസ്‌ലാമിക് സെന്ററിന്റെ വിഷയത്തിലുണ്ടായ അനുഭവത്തില്‍ വീണ്ടും ആലോചിച്ചുപോകുകയാണ്.
നബിയുടെ പിതൃവ്യന്‍ ഹംസയെ കൊലപ്പെടുത്തിയ വഹ്ശി (റ) ഇസ്‌ലാം സ്വീകരിച്ചു നബിയുടെ സന്നിധിയില്‍ വന്നു. നബി അദ്ദേഹത്തിനു മാപ്പു കൊടുത്തു, ഇത്രമാത്രം പറഞ്ഞു, ''ഞാനും ഒരു മനുഷ്യനാണ്. ദുനിയാവില്‍ നിങ്ങളെന്റെ കണ്‍മുന്നില്‍ നില്‍ക്കരുത്.'' ആ വഹ്ശി പിന്നീട് ഇസ്‌ലാമിന്റെ ധീരപോരാളിയായി മാറി. വ്യാജപ്രവാചകത്വവാദിയായ മുസൈലിമയെ കൊലപ്പെടുത്തിയത് ഈ വഹ്ശിയായിരുന്നു. എണ്‍പതോളം ഹാഫിള്വുകള്‍ രക്തസാക്ഷിയായ യമാമ യുദ്ധത്തിന് അതോടെയാണ് പര്യവസാനമായത്.
വിശ്വാസിയായതിനാല്‍ അതിനു മുമ്പ് ചെയ്ത പഴയ കുറ്റങ്ങള്‍ക്കു ശിക്ഷിക്കാന്‍ വകുപ്പില്ല എന്നാണ് വഹ്ശിക്കും ഹിന്ദിനും ഇക്‌രിമയ്ക്കും നബി മാപ്പ് നല്‍കിയതിലൂടെ പഠിപ്പിച്ചത്. ഇബാദത്ത് അല്ലാഹുവിനു മാത്രം. അതു ഞാന്‍ പഠിപ്പിച്ചതു തന്നതുപോലെ മാത്രം. അതില്‍ കുറക്കാനോ കൂട്ടാനോ പാടില്ല. നമസ്‌കാരശേഷം കൂട്ടപ്രാര്‍ത്ഥന പാടില്ലെങ്കില്‍ ഹല്‍ഖയും ഫര്‍ഖയും മതപാര്‍ട്ടിയും മതസംഘടനകളും അവരുടെ കാക്കത്തൊള്ളായിരം ശാഖകളും ശാഖോപശാഖകളും എങ്ങനെ സാധുവാകും. ഇതൊന്നും ഇസ്‌ലാമിലില്ലാത്തതാണ്.
പള്ളി പിടിച്ചെടുത്തിട്ടു വേണോ സ്വര്‍ഗത്തില്‍പോകാന്‍?
മര്‍ഹൂം മൗദൂദി സാഹിബ് നമ്മെക്കാളൊക്കെ നല്ല മനുഷ്യനാണ്. അതുകൊണ്ട് ഇബ്‌ലീസ് അദ്ദേഹത്തെ നന്നായി സ്വാധീനിച്ചു കളഞ്ഞു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹുകൂമത്തെ ഇലാഹി എന്ന നവീനാശയം അതിന്റെ ഭാഗമായിരുന്നു.
''റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന...'' എന്നു തുടങ്ങുന്ന പ്രാര്‍ഥന നബി പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ല. എന്നിട്ടും കാരയ്ക്കയും പച്ചവെള്ളവും മാത്രമായിരുന്നു മിക്ക ദിവസവും അവിടുത്തെയും കുടുംബത്തിന്റെയും ഭക്ഷണം. അതുപോലുമില്ലാത്ത ദിവസങ്ങളും അവര്‍ക്കുണ്ടായിരുന്നു. ദുന്‍യാവിന്റെ എന്തെങ്കിലും കാര്യത്തില്‍ ഇസ്‌ലാമിനെ ചൂഷണം ചെയ്യാമായിരുന്നെങ്കില്‍ നബിക്കും കുടുംബത്തിനും ഈ ഗതിവരുമായിരുന്നോ?
ഇപ്പോള്‍ ഈ സംഘടനകളുടെയൊക്കെ സൗകര്യങ്ങള്‍ നോക്കൂ, ഷോപ്പിങ് കോംപ്ലക്‌സുകളും മറ്റു മള്‍ട്ടി ബില്യന്‍ റിയലെസ്റ്റേറ്റും വലിയ കാറുകളും മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും പാശ്ചാത്യന്‍ മോഡല്‍ കോളജുകളും പ്രസിദ്ധീകരണങ്ങളും - ഇസ്‌ലാമിന്റെ പേരില്‍ അവര്‍ എന്തൊക്കെയാണ് അടിച്ചിറക്കുന്നത്. ഇങ്ങനെയാണോ ഇസ്‌ലാമിക പ്രബോധനം?
ഖുര്‍ആനും സുന്നത്തും മതി പ്രബോധനം ചെയ്യാന്‍ എന്നല്ലേ നബി പഠിപ്പിച്ചത്. തൗറാത്തിന്റെ ഏട് കണ്ടപ്പോള്‍ ഉമറിനോട് നബി (സ്വ) കോപിച്ചത് ഇതുകൊണ്ടല്ലേ? ''എന്നാല്‍ അതുകൂടി വായിച്ചോളൂ'' എന്ന് നബി പറഞ്ഞില്ലല്ലോ. ഉമര്‍, ഇതു രണ്ടുമല്ലാത്ത മറ്റൊന്നും പാടില്ല. അതു മുന്‍വേദങ്ങളായാലും ശരി. അതുകൊണ്ടാണ് നബി അതു തടഞ്ഞത്.
ഖുര്‍ആന്‍ മാത്രം വായിച്ചു സ്വര്‍ഗത്തിലേക്കു വഴി കണ്ടെത്താനാണ് നബി പഠിപ്പിച്ചത്. 'ലാഇലാഹ ഇല്ലല്ലാഹ്'യുടെ അടിസ്ഥാനത്തില്‍, (മറ്റൊന്നിന്റെയുമല്ല), ജീവിച്ചാല്‍ മതി. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള ഇബാദത്തുകള്‍ നടത്തിയാല്‍ മതി. സ്വര്‍ഗം കിട്ടാന്‍ അതുമതി എന്നാണ് അവിടുന്ന് പഠിപ്പിച്ചത്.
ലാഇലാഹ ഇല്ലല്ലാഹ് മാറ്റി മര്‍ഹൂം മൗദൂദി ഹുകൂമത്തെ ഇലാഹി പറയുമ്പോള്‍ നബി ഇത്രത്തോളമൊന്നും ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടായിരിക്കില്ല എന്നൊരു തോന്നല്‍ മൗദൂദിയുടെ മനസ്സിലുണ്ടായിട്ടുണ്ടാവാം. മക്കാ മുശ്‌രിക്കുകള്‍ക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലായി. അതുകൊണ്ടാണ് അവര്‍, മുഹമ്മദേ, അതൊഴിവാക്ക്, പകരം നിനക്ക് ഹുകൂമത്തെ (ഇലാഹി) തരാമെന്നു പറഞ്ഞത്: ഭരണം നീ ഏറ്റെടുത്തോളൂ, ലാ ഇലാഹ ഇല്ലല്ലാഹ് ഒന്നു മയപ്പെടുത്തിയാല്‍ മതി.
"എനിക്ക് കഴിയില്ല, ഞാന്‍ അല്ലാഹുവിന്റെ റസൂലാണ്. അവന്‍ കല്‍പിച്ചതു മാത്രമേ എനിക്കു ചെയ്യാന്‍ പാടുള്ളൂ. അതിനാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു മാത്രമേ എനിക്കു പറയാനുള്ളൂ" എന്നാണ് നബി പറഞ്ഞത്. മക്കാമുശ്‌രിക്കുകള്‍ക്ക് അത് അസഹ്യമായതുകൊണ്ടാണല്ലോ പതിമൂന്ന് കൊല്ലം അവിടെ പീഡനം സഹിച്ച് നബിക്കും സ്വഹാബത്തിനും വറച്ചട്ടിയിലെന്ന പോലെ കഴിയേണ്ടി വന്നത്.
ആ സുന്നത്തില്‍നിന്നു വഴിമാറിയല്ലേ മൗദൂദി സാഹിബ് ഹുകൂമത്തെ ഇലാഹി ആവിഷ്‌കരിച്ചതും ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചതും. സമുദായത്തില്‍ അതു ചെലവാകാതായപ്പോഴല്ലേ ഇഖാമതുദ്ദീന്‍ എന്നു മാറ്റിപ്പറഞ്ഞത്. പശുവിനെ കിട്ടിയ തോമാച്ചന്റെ കഥപോലെ. തോമാച്ചന്‍ വികാരിയച്ചനോടു പറഞ്ഞു, ''എനിക്കൊരു പശുവിനെ കളഞ്ഞുകിട്ടിയിട്ടുണ്ട്. അതെനിക്ക് സ്വന്തമാക്കിക്കൂടേ?'' പറ്റില്ലല്ലോ തോമാച്ചാ, ആദ്യം പശുവെ കളഞ്ഞുകിട്ടിയ വിവരം വിളംബരം ചെയ്യണം, ആരും തിരക്കിവന്നില്ലെങ്കില്‍ മാത്രമേ നിനക്ക് കൈവശം വെയ്ക്കാന്‍ അവകാശമുള്ളൂ.'' തോമാച്ചന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, ''ഒരു കയറ് കിട്ടിയേ...'' എന്നിട്ട് വളരെ പതുക്കെ പറഞ്ഞു, ''അറ്റത്തൊരു പശുവും...''
ഇവര്‍ ഇഖാമതുദ്ദീന്‍ എന്ന് ഉറക്കെ പറയും. എന്നിട്ട് തഞ്ചം കിട്ടിയാല്‍ അതിന്റെ അവരുദ്ദേശിച്ച അര്‍ത്ഥം പതുക്കെ പതുക്കെ പറഞ്ഞുകൊടുക്കും: "എന്താണു ഞങ്ങളുടെ ദീന്‍ എന്നാല്‍ അറിയാമോ, ഭരണം. സ്റ്റേറ്റ് ഇല്ലേ, അതാണത്. ഞങ്ങള്‍ നേരത്തേ പറഞ്ഞ ഹുക്കൂമത്തെ ഇലാഹിയില്ലേ, അതുതന്നെയാണിത്."
അങ്ങനെയൊരു ഹുകൂമത്തെ ഇലാഹി നടത്തിക്കൊണ്ടു പോകുക എന്റെ ദൗത്യത്തില്‍ പെട്ടതല്ല എന്നാണ് നബി മക്കാ മുശ്‌രിക്കുകളെ ബോധ്യപ്പെടുത്തിയത്. അല്ലെങ്കില്‍ നബി ഇന്നും ലോകത്തിന്റെയാകെ ഭരണാധികാരിയായി ചരിത്രലിടം പിടിക്കുമായിരുന്നു. കാരണം ഭരണം - അത് എല്ലായിടത്തും എല്ലാകാലത്തും പ്രായോഗികമാകണമെന്നില്ല. എന്നാല്‍ ലാഇലാഹ ഇല്ലല്ലാഹ് എല്ലായിടത്തും എല്ലാം കാലത്തും പ്രസക്തവും നിലനില്‍ക്കുന്നതുമാണ്. ഏതു പ്രതികൂല സാഹചര്യത്തിലും അതൊരു വിത്തുപോലെ നിലനില്‍ക്കുകയും അനുകൂല സാഹചര്യത്തില്‍ കിളിര്‍ത്തു വളര്‍ന്നു ലോകമാകെ പടരുകയും ചെയ്യും.
സന്‍ആഅ് മുതല്‍ ഹള്‌റമൗത്ത് വരെ ഒരുപെണ്‍കുട്ടിക്ക് അവളുടെ ആടിനെയും കൊണ്ടു നടന്നുപോകാന്‍ കഴിയുന്ന കാലം എന്നത് കൊണ്ട് മൗദൂദി സാഹിബ് മനസ്സിലാക്കിയത് പട്ടാളവും പോലീസും കാവല്‍നില്‍ക്കുന്ന ഒരു ഇസ്‌ലാമിക് പോലീസ് സ്റ്റേറ്റ് ആണെങ്കില്‍ നബി പ്രവചിച്ചത് അതല്ല, ലാ ഇലാഹ ഇല്ലല്ലാഹിലൂടെ നടക്കുന്ന ഒരു മാനസിക പരിവര്‍ത്തനമാണത്. അതിന്റെ അടിസ്ഥാനം ഭരണകൂടമല്ല, അത് എല്ലായിടത്തും ഉണ്ടാവണമെന്നില്ലല്ലോ, എന്നാല്‍ ലാഇലാഹ ഇല്ലല്ലാഹ് എല്ലാ കാലത്തും പ്രസക്തവും നിലനില്‍ക്കുന്നതുമാണ്. ഭരണകൂടമുണ്ടെങ്കിലും ഇല്ലെങ്കിലും അതില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഏതു പെണ്‍കുട്ടിയും സംരക്ഷിതയായിരിക്കും. കാരണം, മുസ്‌ലിംകളുടെ പോലീസും പട്ടാളവും കോടതിയും അവരുടെ ശരീരത്തിനു പുറത്തല്ല, അവരുടെ മനസ്സിനകത്താണ്.
മറിച്ച് ഇവര്‍ കൊണ്ടുവരുന്ന ഹുകൂമത്തെ ഇലാഹിയാണ് നാട്ടില്‍ നടമാടുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ. ഈ നേതാക്കന്മാരൊക്കെ ഭരണാധികാരികളായാല്‍ എന്താവും മുസ്‌ലിംകളുടെ സ്ഥിതി. അല്ലാഹുവിന്റെ കാവലുള്ളതുകൊണ്ടല്ലേ പാക്കിസ്താനില്‍ പോലും ഇവരുടെ ഭരണം വരാതിരുന്നത്. ഇവര്‍ ഭരിച്ചാല്‍ യോഗി ആദിത്യനാഥിനെക്കാള്‍ കേമമായിരിക്കുമോ ഇവരുടെ ഭരണം. മാധ്യമത്തിലും മീഡിയ വണ്ണിലും അതുപോലെ അവര്‍ നടത്തുന്ന മറ്റെല്ലാ സ്ഥാപനങ്ങളിലും നടക്കുന്ന കെടുകാര്യസ്ഥത തന്നെ നോക്കുക. എന്തെല്ലാമാണ് അവിടെ നടമാടുന്നത്? ആര്‍ക്കാണ് ഇതൊക്കെ തടുത്തുനിര്‍ത്താന്‍ കഴിയുക? ആര്‍ക്കാണ് അത് ന്യായീകരിക്കാന്‍ കഴിയുക?
ഇസ്‌ലാം ദുന്‍യാവിനുവേണ്ടിയുള്ള മതമായിരുന്നെങ്കില്‍ ഇത് ഇങ്ങനെയാവുമായിരുന്നോ? സോളമനു നല്‍കിയ മഹാ സൗഭാഗ്യങ്ങളും അതിലധികവും റസൂലുല്ലാഹിക്ക് അല്ലാഹു നല്‍കുമായിരുന്നില്ലേ? മാത്രമല്ല, ലോകാവസാനം വരെ അത്തരമൊരു സൗഭാഗ്യവുമായി ഭൂമിയിലെ റസൂലും രാജാവുമായി വാഴാമെന്നും പരലോകത്ത് സ്വര്‍ഗം തരാമെന്നും വാഗ്ദാനം ചെയ്തില്ലേ അല്ലാഹു നബി (സ)ക്ക് ? അല്ലാഹുവിനു തന്റെ റസൂലിനെ അറിയാം. തന്റെ റസൂല്‍ എന്താണ് തിരഞ്ഞെടുക്കുക എന്നും. ഇവരുടെ കാര്യമോ?
അബ്ദുര്‍റഹ്മാന്‍ ബ്‌നു ഔഫിനെ അക്കമഡേറ്റ് ചെയ്യാന്‍ റസൂല്‍ തന്റെ അന്‍സ്വാരി സഹോദരന് ഏല്‍പിച്ചുകൊടുത്തു. അന്‍സ്വാരി തന്റെ സ്വത്തിന്റെ പകുതി വാഗ്ദാനം ചെയ്തു. അദ്ദേഹം അന്‍സ്വാരി സഹോദരനോടു പറഞ്ഞു, നിങ്ങളുടെ സ്വത്തൊന്നും എനിക്കു വേണ്ട. ഞാനൊരു വ്യാപാരിയാണ്. എനിക്ക് ഇവിടത്തെ ചന്ത എവിടെയാണെന്നു കാണിച്ചുതന്നാല്‍ മതി. ഏതാനും മാസങ്ങള്‍ക്കൊണ്ട് അദ്ദേഹം വലിയ ധനികനായി മാറി. മരിക്കുമ്പോല്‍ അദ്ദേഹത്തിന് നാലു ഭാര്യമാരുണ്ടായിരുന്നു. ഓരോ ഭാര്യക്കും 1,80,000 ദീനാറാണ് അനന്തരാവകാശവിഹിതമായി ലഭിച്ചത്.
സമൂഹത്തില്‍ ആരും അലസനാവാന്‍ പാടില്ല എന്നാണ് നബി പഠിപ്പിച്ചത്. പ്രസ്ഥാനത്തിന്റെയോ പള്ളിയുടെയോ ഭരണകൂടത്തിന്റെയോ വിദേശ ഫണ്ടിന്റെയോ ആശ്രിതരായി കഴിയാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. കാട്ടില്‍ പോയി വിറകുവെട്ടി വിറ്റിട്ടെങ്കിലും സ്വയം പര്യാപ്തനും ആത്മാഭിമാനിയുമാവാനാണ് ഇസ്‌ലാം പറയുന്നത്.
മൗദൂദി സാഹിബ് എന്താണ് ചെയ്തത്? കുറേ ആളുകളെ ഒരുമിച്ചുകൂട്ടി എന്തൊക്കെയോ അവരെക്കൊണ്ട് ചെയ്യിക്കുന്നു. ഒരു ഫാക്ടറി നടത്തുന്നതുപോലെയോ ഈവന്റ് മാനേജ്‌മെന്റ് പോലെയോ ഒക്കെയല്ലേ ഇപ്പോള്‍ പാര്‍ട്ടിയും പ്രബോധനവും മുന്നോട്ടുപോകുന്നത്. അതിനൊരു പരസ്യപ്പലകയായി പത്രവും ചാനലും. ഇസ്‌ലാമിന്റെ ഫ്രാഞ്ചൈസികളാണോ മുസ്‌ലിംസംഘടനകള്‍? ഇങ്ങനെ ചാനലും പത്രവും തുടങ്ങി പരസ്യം ചെയ്താല്‍ ഇസ്‌ലാമിക പ്രചാരണം എളുപ്പമാകുമെന്ന് ഇസ്‌ലാമിന്റെ ഏതെങ്കിലും പ്രമാണങ്ങളിലുണ്ടോ? അതു പ്രായോഗികമാണോ? എവിടെയെങ്കിലും അതു വിജയിച്ചിട്ടുണ്ടോ? ഇസ്‌ലാം എന്നാല്‍ ഇവരുടെ സ്വകാര്യസ്വത്തോ അതോ ലോകാടിസ്ഥാനത്തിലുള്ള ഒരു വിശ്വമതമോ?
"ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്‌ലാം" എന്നാണല്ലോ അല്ലാഹു അവന്റെ ദീനിനെക്കുറിച്ചു സ്വയം വ്യക്തമാക്കിയത്. ഈ ദീനാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമെങ്കില്‍ അത് നിലനിര്‍ത്തുന്നവനും അല്ലാഹു തന്നെയായിരിക്കും. ഓരോ പ്രദേശത്തെയും സാഹചരത്തിനനുസരിച്ച് ഇബാദത്ത് എടുത്ത് ജീവിക്കാനാണു മുസ്‌ലിംകള്‍ക്കുള്ള നിര്‍ദ്ദേശം. അവിടെയെല്ലാം ഇസ്‌ലാമിക ഭരണകൂടമുണ്ടാകുന്നതുവരെ കാത്തിരിക്കാനല്ല പറഞ്ഞത്. ലാഇലാഹ ഇല്ലല്ലാഹ് എന്നെഴുതി കൊടികെട്ടിയ നാടുകളെല്ലാം (അല്ലാത്തവയും) ഇപ്പോള്‍ കൊറോണയുടെ പിടിയിലാണ്. മസ്ജിദുല്‍ ഹറാം അടക്കം പൂട്ടിക്കിടന്നു. ഉംറയും നമസ്‌കാരവും ഹജ്ജുമൊന്നും അവിടെ നടക്കുന്നില്ല. ലിമിറ്റഡ് സ്പീഡ്, ലിമിറ്റഡ് സ്റ്റോപ്പ് എന്നൊക്കെയുള്ളതുപോലെ ഒരു ലിമിറ്റഡ് ഹജ്ജ് നടന്നുവെന്നത് അറിയാതെയല്ല ഈ പറയുന്നത്. വിശ്വാസികള്‍ക്ക് ഇതുകൊണ്ട് വല്ല പ്രയാസവുമുണ്ടോ? നാം എവിടെയാണോ ഉള്ളത് അവിടെ നമസ്‌കരിക്കണം. വ്രതമനുഷ്ഠിക്കണം, സാധിച്ചാല്‍ ഹജ്ജും ഉംറയും ചെയ്യണം. മിച്ചമുള്ളതില്‍ നല്ലൊരു ഭാഗം ധര്‍മ്മവഴിക്കു ചെലവഴിക്കണം. അതിന് ആരും ഒരിടത്തും തടസ്സം നില്‍ക്കുന്നില്ല, ലോകാവസാനമായാലല്ലാതെ ഈ അഞ്ചുകാര്യങ്ങള്‍ മുടങ്ങുകയില്ല. ചുരുക്കത്തില്‍ ഇതിലൊന്നും നമുക്കൊരു പങ്കുമില്ല എന്നാണ് ഭൂമിയില്‍ ഒരു കൊല്ലത്തോളമായി കൊടികുത്തി വാഴുന്ന കൊറോണ നമ്മെ പഠിപ്പിക്കുന്നത്.
നാലു പള്ളിയുണ്ടാക്കിയ ഞാന്‍ കുറേ മാസങ്ങളായി എന്റെ റൂമിലാണ് നമസ്‌കരിക്കുന്നത്. "ഇല്ല, ഞാന്‍ പള്ളിയിലേ നമസ്‌കരിക്കൂ" എന്ന് വാശിപിടിക്കാന്‍ എനിക്കു പറ്റുമോ? അല്ലാഹു തീരുമാനിക്കുമ്പോള്‍ ഓരോ പള്ളിയും പൂട്ടും, അല്ലാഹു തീരുമാനിച്ചാല്‍ അവന്റെ ശത്രുക്കള്‍ പൂട്ടി സീല്‍ വെച്ചു പലതുമാക്കി മാറ്റിയ ഏതു പള്ളിയും തുറക്കുകയും ചെയ്യും. അല്ലാഹു തന്നെയാണ് എല്ലാം ചെയ്യുന്നത്. അത് വേറെയാര്‍ക്കും തുറക്കാനും പൂട്ടാനുമൊന്നും കഴിയില്ല. ഇവിടെയൊക്കെയാണ് മൗദൂദി സാഹിബിന്റെയും മറ്റും ആവിഷ്‌കാരങ്ങള്‍ കടുത്ത ബിദ്അത്താണെന്നു ബോധ്യപ്പെടുന്നത്.
തബ്‌ലീഗുകാരും ഇതുപോലെത്തന്നെ. എന്തെല്ലാം നമ്പറുകളാണ് അവര്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. കൊയ്ത്തുകഴിഞ്ഞ പാടത്തേക്ക് താറാവുകളെ കൊണ്ടുപോകുന്നതുപോലെ എല്ലാവരെയും കൂട്ടി പത്തുമുപ്പതെണ്ണത്തെ തെക്കു വടക്കു യാത്ര ചെയ്യിക്കും. എന്നിട്ട് ഏതെങ്കിലും പള്ളികളിലോ മറ്റോ കയറി അവര്‍ക്കായുള്ള കൂറേ ഫള്വാഇലുകള്‍ വായിക്കും. ഖുര്‍ആനും സ്വഹീഹായ ഹദിസുകളുമൊന്നും അതില്‍ കാര്യമായുണ്ടാവില്ല. ഉള്ള ഹദിസുകള്‍ സ്വഹീഹാണോ അല്ലയോ എന്നൊന്നും അവര്‍ക്കാര്‍ക്കും അറിയില്ല, അതിലൊട്ടു സൂചിപ്പിക്കുകയുമില്ല. മദ്ഹബുകളെ ഒഴിവാക്കാനുള്ള വ്യഗ്രതയില്‍ അവര്‍ പകരംവെച്ചത് ള്വഈഫായ ഹദീസുകളെയാണ്. അതാണ് കുഴപ്പം. പൊലിപ്പിക്കുന്ന കഥകള്‍ക്കുവേണ്ടിയാണ് ഇത്തരം ഹദീസുകളെ അവര്‍ അവലംബിച്ചത്. ഇതെല്ലാം ചേര്‍ന്നതാണ് ഫള്വാഇലുകള്‍. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനുവേണ്ടി എന്തെങ്കിലും അവര്‍ ചെയ്യുന്നുണ്ടോ? ആ സംഘടനയില്‍ തന്നെ പരസ്പരബഹുമാനമോ പരസ്പര വിശ്വാസമോ മറ്റു മുസ്‌ലിംകളോടു സമാധാനത്തിലുള്ള സഹവര്‍ത്തിത്വമോ അവര്‍ക്ക് ആധിപത്യമുള്ളിടത്ത് നടക്കുന്നുണ്ടോ? നമ്മുടെ മുമ്പിലും നമ്മുടെ കുടുംബത്തിലുമൊക്കെയാണല്ലോ അവരും കഴിഞ്ഞുകൂടുന്നത്. അവരിപ്പോള്‍ എത്ര സംഘടനയാണ്? ഏതൊക്കെയാണ് അവരുടെ ആസ്ഥാനം? ആരൊക്കെയാണ് അവരുടെ നേതാക്കളും ദാര്‍ശനികരും? സ്വന്തം ജാഹിലിയ്യത്തുകള്‍ എന്താണ് അവര്‍ തിരിച്ചറിയാത്തത്? കളവും വഞ്ചനയും പരദൂഷണവും കുതികാല്‍ വെട്ടും കുടി യൊഴിപ്പിക്കലും പിടിച്ചടക്കലുമല്ലാതെ മാസങ്ങളായി അതില്‍ വല്ല ദഅ്‌വാ പ്രവര്‍ത്തനവും നടക്കുന്നുണ്ടോ?
ഇതൊക്കെയാണ് ബിദ്ഈ സംഘടനകളുടെ ലക്ഷണങ്ങളും ആകെത്തുകയും എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇവരില്‍നിന്നുള്ള തിക്തമായ ഇത്തരം അനുഭവങ്ങളും ഈ അസ്വസ്ഥതകളുമൊന്നുമുണ്ടായില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നാം മൂഢ സ്വര്‍ഗത്തിലാകുമായിരുന്നു. എല്ലാം ശരി, ഞാനും ശരി, നീയും ശരി എന്ന ഒഴുക്കന്‍ മട്ടില്‍ ജീവിതം തീര്‍ന്നുപോകുമായിരുന്നു. കൂട്ടത്തില്‍ നിന്ന് അല്‍പം വിട്ടുനിന്നു നിരീക്ഷിക്കുമ്പോഴേ നാം അകപ്പെട്ടുപോയ കൂട്ടത്തിന്റെ ഗതിവിഗതികളറിയൂ. ജീവിതത്തിന്റെ സായന്തനത്തിലെങ്കിലും വിലയേറിയ ഈ തിരിച്ചറിവു നല്‍കിയത് അല്ലാഹുവിനു സ്തുതി.
ഇത്രയും കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വയസ്സുകാലത്ത് ഈ സാഹസത്തിനു മുതിര്‍ന്നത്. ഞാന്‍ ഇത് എന്റെ കടമയായി കരുതുന്നു. ഇത് ആരോടെങ്കിലുമുള്ള പക തീര്‍ക്കലോ പരിഭവബോധനമോ അല്ല. ഹൃദയത്തില്‍ നിന്നു നേര്‍ക്കു നേരെയുള്ള സംസാരമാണ്.
ഇതിനെല്ലാം തൗഫീഖ് നല്കിയ അല്ലാഹുവിനോടു നന്ദി രേഖപ്പെടുത്തേണ്ടതുണ്ടെന്ന കാഴ്ചപ്പാടിലാണ് ഈ കൃതി ഇതു വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതും.
ഫീ അമാനില്ലാഹ്, അല്ലാഹു കാത്തുരക്ഷിക്കട്ടെ.