ഒരുകാര്യം ഇസ്‌ലാമികമാണെന്നതിന് അത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവയെല്ലാം കൊണ്ടും ഒന്നടങ്കം സ്ഥിരപ്പെടണമെന്നില്ല. പ്രത്യുത അവയ്‌ക്കെതിരാകാതിരിക്കുകയും ഇസ്‌ലാമികമായ മറ്റു പ്രമാണങ്ങളിലൊന്നിന്റെ, അഥവാ ഇജ്മാഅ്, ഖിയാസ് എന്നിവയുടെ പിന്‍ബലമുണ്ടാവുകയും ചെയ്താല്‍ മതി. ഉര്‍ഫും മസ്വാലിഹുല്‍ മുര്‍സലയും ചിലര്‍ പരിഗണിക്കാറുണ്ട്. ആകാശം കട്ടിയുള്ള ഒരു വസ്തുവാണെന്നാണ് പഴയ മുഫസ്സിറുകളുടെ വിചാരം. ഖുര്‍ആനോ ഹദീസോ ഇതിനെ പിന്താങ്ങുന്നില്ല. ഗ്രീക്ക് ചിന്തകന്മാരുടെ നിഗമനമായിരുന്നു ഇത്.
ഇജ്മാഇലൂടെ ബിദ്അത്ത് രൂപപ്പെടുകയില്ല. കാരണം, ഈ സമുദായം തിന്മയില്‍ ഒന്നിക്കുകയില്ല എന്നത് പ്രാമാണികമായ പ്രവചനമാണ്. പിന്നെ ബാക്കിയാവുന്നത് ഖിയാസ് ആണ്. മിക്ക ഖിയാസുകളും വൈയക്തികമായ നിരീക്ഷണങ്ങളാകയാല്‍ തെറ്റുപറ്റാനുള്ള സാധ്യത കൂടുതലാണ്.
ഒരു വിഷയം നിര്‍ബന്ധമോ ഐച്ഛികമോ ആകാന്‍ ഏക ഹദീസിലൂടെത്തന്നെ അവയുടെ മുഴുവന്‍ രൂപവും സ്ഥിരപ്പെടണമെന്ന നിബന്ധനയില്ല. നിര്‍ബന്ധ കര്‍മമായ നമസ്‌കാരം പോലും അതിന്റെ പൂര്‍ണ രൂപത്തില്‍ ഒരു ഹദീസിലോ ഒരു ആയത്തിലോ മാത്രമായി വിശദീകരിക്കുന്നില്ല. വ്യത്യസ്ത ഹദീസുകള്‍ കൂട്ടിയോജിപ്പിക്കുമ്പോഴാണ് നമസ്‌കാരത്തിന്റെ പൂര്‍ണരൂപം ലഭിക്കുന്നത്.
ഒരു കാര്യം അനുഷ്ഠിക്കാനുള്ള നിര്‍ദ്ദേശം പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടാല്‍ അത് നിര്‍ബന്ധമോ (വാജിബ്) ഐച്ഛികമോ (സുന്നത്ത്) ആകുന്നതും നിര്‍ദ്ദേശമോ വിലക്കോ ഇല്ലെങ്കില്‍ അത് അനുവദനീയം (മുബാഹ്) ആകുന്നതുമാണ്.
ഇമാം ഇബ്‌നു തൈമിയ്യഃ ഇതു കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ''ആദ്യമായി ചെയ്യുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്അത്ത് എന്നു പറയാം. എന്നാല്‍, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അത്തല്ല.'' (ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം പേജ് 255)
അതായത്, ആദ്യമായി ചെയ്യുന്ന ഏതു കാര്യത്തിലും മതപരമായി ബിദ്അത്ത് ആയതും അല്ലാത്തതും ഉണ്ടാവാം. ഇബ്‌നുഹജര്‍(റ) എഴുതുന്നു: ''ഭാഷാപരമായി ബിദ്അത്തെന്നു പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കുന്നത് എന്നാണ്.'' (ഫതാവല്‍ ഹദീസിയ്യഃ പേജ് 200)
ശൈഖ് അബ്ദുല്‍ഹയ്യ് പറയുന്നു: ''ഇബാദത്താകട്ടെ മറ്റു ആചാരമാകട്ടെ, നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്ത്...'' ('മജ്മൂഉര്‍റസാഇല്‍', ശൈഖ് അബ്ദുല്‍ഹയ്യ്, പേജ് 16)
ഇബ്‌നുതൈമിയ്യഃയുടെ 'ഇഖ്തിളാഇല്‍' (പേജ് 255) ഇങ്ങനെ കാണാം:
''ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്തെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.''
സയ്യിദ് ശരീഫുല്‍ ജുര്‍ജാനി (റ) തന്റെ 'തഅ്‌രീഫാതില്‍' (പേജ് 37) പറയുന്നു:
''സ്വഹാബതിന്റെയും താബിഉകളുടെയും ആചാരങ്ങളിലില്ലാത്തതും മതപരമായ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശര്‍ഇയ്യായ ബിദ്അത്ത്' (അഥവാ, മതപരമായ നവീന കാര്യം).
ഒരു കാര്യം ശര്‍ഇയ്യായ ബിദ്അത്' (മതപരമായ നവീനകാര്യം) ആവണമെങ്കില്‍ രണ്ടു കാര്യമാണ് അവിടെ പറഞ്ഞത്.
1. സ്വഹാബതിന്റെയും താബിഉകളുടെയും ആചാരങ്ങളിലില്ലാത്തതാവുക. അതായത്, സുന്നത്തിന്റെയോ സ്വഹാബികളു ടെയോ താബിഉകളുടെയോ മാതൃകയില്ലാത്ത ഒന്നാവുക.
2. അതു മതപരമായ ലക്ഷ്യങ്ങള്‍ക്കു വിധേയമല്ലാത്തതാവുക.
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി (റ) പറയുന്നു:
''ശര്‍ഇന്റെ വ്യക്തമോ പരോക്ഷമോ ആയ അനുവാദമില്ലാതെ ഉത്തമമായ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷമുണ്ടായതാണ് മതത്തിന്റെ വീക്ഷണത്തില്‍ ബിദ്അത്ത്. എല്ലാ ബിദ്അത്തും 'ള്വലാലത്ത്' (ദുര്‍മാര്‍ഗം) ആണെന്ന വിധിയില്‍ ഉദ്ദേശിക്കുന്നത് ഈ ബിദ്അത്താണ്'' (അല്‍ഹദീഖത്തുന്നദിയ്യ, 1/136, 137).
ഈ നിര്‍വ്വചനപ്രകാരം ബിദ്അത്തില്‍ നിന്ന് ആദ്യമൂന്നു നൂറ്റാണ്ടുകളിലുണ്ടായ കുറേ കാര്യങ്ങള്‍ ഒഴിവാകുന്നു. ഖദ്‌രിയ്യ, ജബരിയ്യ വാദങ്ങള്‍, ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം മുതലായവ ഇതു പ്രകാരം ബിദ്അത്ത് ആണെന്നു വിധിക്കാന്‍ കഴിയില്ല എന്നത് ഈ നിര്‍വചനത്തിന്റെ അപാകതയാണ്. എന്നാല്‍തന്നെയും എല്ലാ ബിദ്അത്തും പിഴച്ചതാണെന്ന ഹദീസിലെ ബിദ്അത്തുകൊണ്ട് അര്‍ത്ഥമാക്കുന്നത് ശര്‍ഇയ്യായ ബിദ്അത്താണെന്ന് ഇവിടെ വ്യക്തമായി. ഇതില്‍ നല്ലതും ചീത്തയുമില്ല. ശറഇയായി ബിദ്അത്ത് പൂര്‍ണമായും ചീത്തയാണ്. ശര്‍ഇന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകുന്നു എന്നതാണ് അതു ബിദ്അത്ത് ആവാന്‍ കാരണം.
ഭാഷാപരമായ ബിദ്അത്ത് ഇപ്രകാരമല്ല. അത് മുന്‍മാതൃകയില്ലാത്തതാകാമെങ്കിലും മതത്തിന്റെ അംഗീകൃത പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാകണമെന്നില്ല. മുന്‍മാതൃകയില്ലാതെ ആരംഭിച്ചതെല്ലാം, അതിനു മതവുമായി ബന്ധമില്ലെങ്കില്‍, ചീത്തയാണെന്ന് വിധി കല്‍പ്പിക്കാന്‍ യാതൊരു തെളിവുമില്ല.
ഇബ്‌നുഹജര്‍ (റ) പറയുന്നു:
''(ഇത്തരം ബിദ്അത്ത്, അഥവാ ഭാഷാപരമായി ബിദ്അത്തായത്) ശര്‍ഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കുകയാണ് വേണ്ടത്. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കില്‍ ചീത്തയുമാണ്.'' (ഫതാവല്‍ ഹദീസിയ്യഃ പേ. 109).
'ഒന്നിനും' നിരക്കാത്തതാണെങ്കില്‍ എന്നതിനു പകരം ഏതെങ്കിലും ഒരു ലക്ഷ്യത്തിന് നിരക്കാത്തതാണെങ്കില്‍ എന്നാക്കിയാല്‍ ഈ നിര്‍വ്വചനം കുറ്റമറ്റതും തികവുറ്റതുമാകുമായിരുന്നു. മതത്തില്‍ പുതിയ ഒരു വിശ്വാസമോ മതപരമെന്നു കരുതുന്ന ഒരു പ്രവൃത്തിയോ അതുകാരണം ഉണ്ടാവാന്‍ പാടില്ല.
ഇമാം സുബ്കി (റ) പറയുന്നു:
''മതത്തില്‍ അനുമതിയുള്ളതിന്റെ വ്യാപ്തിയില്‍ വാജിബും സുന്നതും മുബാഹും ഉള്‍പ്പെടുന്നു. അവ മതത്തില്‍ നല്ലതാണ്. വിലക്കപ്പെട്ടതിന്റെ വ്യാപ്തിയില്‍ ഹറാമും കറാഹതും ഉള്‍പ്പെടുന്നു. അവ മതത്തില്‍ ചീത്തയാണ്.'' (ജംഉല്‍ ജവാമിഅ്, 1/166).
ഇമാം ശാഫിഈ (റ) പറയുന്നു:
قال الشافعي: المحدثات من الامور ضربان: ما أحدث يخالف كتابا أو سنة أو أثرا أو إجماعا، فهذه البدعة ضلالة، وما أحدث من الخير لا خلاف فيه لواحد من هذا، فهذه محدثة غير مذمومة، قد قال عمر في قيام رمضان: نعمت البدعة هذه، يعني أنها محدثة لم تكن، وإذ كانت فليس فيها رد لما مضى (سير اعلام النبلاء
''പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, കിതാബ്, സുന്നത്ത്, അഥറ്, ഇജ്മാഅ് തുടങ്ങിയ പ്രമാണങ്ങള്‍ക്ക് നിരക്കാത്തത്. രണ്ട്: ഈ പറഞ്ഞ പ്രമാണങ്ങളില്‍ ഒന്നിനും വിരുദ്ധമാകാത്തവിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹമല്ലാത്ത (നല്ല) ബിദ്അത്താണ്.'' (ഫതാവാ സുയൂത്വി 1/192 നോക്കുക.)
ഇമാം നവവി(റ) പറയുന്നു:
''നബി(സ്വ)യുടെ കാലത്തില്ലാത്ത പുതിയ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ബിദ്അത്ത് എന്നു വിളിക്കും. അത് ഹസനത്ത് (സ്വീകാര്യം), ഖബീഹത്ത് (ദോഷകരം) എന്നിങ്ങനെ രണ്ടെണ്ണമുണ്ട്.''
* * *
ബിദ്അത്തിന്റെ ആളുകള്‍ ബിദ്അല്ലാത്തവയെയും ബിദ്അത്തുകളുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. വാക്കുകള്‍ കൊണ്ടുള്ള ഈ ഇന്ദ്രജാലം സാധാരണക്കാര്‍ക്കു പെട്ടെന്നു പിടികിട്ടയെന്നുവരില്ല. കാരണം, 'ബിദ്അത്ത്' എന്ന അറബി പദത്തിനര്‍ത്ഥം മുന്‍മാതൃകയില്ലാത്തത് എന്നാണല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ അച്ചടിയന്ത്രം, വൈദ്യുതി, മോട്ടോര്‍കാറുകള്‍, യന്ത്രമനുഷ്യന്‍, ക്ലോണിങ്, ഇന്റെര്‍നെറ്റ്, ലൗഡ്‌സ്പീക്കര്‍, ടെലിവിഷന്‍, റേഡിയോ, ക്യാമറ, കംപ്യൂട്ടര്‍, മുങ്ങിക്കപ്പല്‍, അണുബോംബ്, തോക്ക്, ജിനോം ഡീകോഡിങ്, വാക്‌സിന്‍, വിമാനം, ആകാശപേടകം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയെല്ലാം ഭാഷാര്‍ത്ഥത്തില്‍ 'ബിദ്അത്തി'െന്റ പരിധിയില്‍ വരും. എന്നാല്‍ മതത്തിന്റെ സാങ്കേതികാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല ബിദ്അത്തുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്.
മതപരമായി, ബിദ്അത്ത് എന്നതിന്റെ വിവക്ഷ റസൂല്‍(സ)യോ സ്വഹാബത്തോ കാണിച്ചുതന്ന ഒരു മാതൃക ഇല്ലാത്ത ഒരു കാര്യം പുണ്യമുണ്ട് എന്ന വിശ്വാസത്തോടെ ആചരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുക എന്നതാണ്. ഇബ്‌റാഹീം ഇബ്‌നു മൂസശ്ശാതിബി (ഹി. 790 ല്‍ മരണം) തന്റെ അല്‍ഇഅ്തിസ്വാം എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
فالبدعة إذن عبارة عن: طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله تعالى
''അല്ലാഹുവിന്റെ പൊരുത്തവും സാമീപ്യവും ആഗ്രഹിച്ച്, അവന്റെ നിയമത്തെ അനുകരിച്ച് സമാനമായ വിശ്വാസങ്ങളോ, കര്‍മ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തില്‍ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുïാക്കുന്നതിനെയാണ് ശറഇല്‍ ബിദ്അത്ത് എന്നു പറയുന്നത്.'' അല്‍ഇഅ്തിസ്വാം (1/43)
മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:
إِنَّ الْبِدْعَةَ الْحَقِيقِيَّةَ: هِيَ الَّتِي لَمْ يَدُلَّ عَلَيْهَا دَلِيلٌ شَرْعِيٌّ؛ لَا مِنْ كِتَابٍ، وَلَا سُنَّةٍ، وَلَا إِجْمَاعٍ، وَلَا قِيَاسٍ، وَلَا اسْتِدْلَالٍ مُعْتَبَرٍ عِنْدَ أَهْلِ الْعِلْمِ؛ لَا فِي الْجُمْلَةِ وَلَا فِي التَّفْصِيلِ، وَلِذَلِكَ سُمِّيَتْ بِدْعَةً - كَمَا تَقَدَّمَ ذِكْرُهُ
''ഭാഗികമായോ പൂര്‍ണമായോ ഒരു മുന്‍മാതൃകയുമില്ലാത്തതും പുണ്യം ലഭിക്കുമെന്ന വിശ്വാസത്തോടെ ആചരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നതുമായ ഒരു ചര്യയാണു ബിദ്അത്ത് എന്നതിന്റെ വിവക്ഷ. യഥാര്‍ത്ഥത്തില്‍ ബിദ്അത്ത് എന്നത് ശറഇയ്യായി ഖുര്‍ആനിലോ സുന്നത്തിലോ ഇജ്മാഇലോ ഖിയാസിലോ തെളിവില്ലാത്തതും പണ്ഡിതന്മാരുടെ പക്കല്‍ മുഴുവനായോ ഭാഗികമായോ പരിഗണനാര്‍ഹമായ തെളിവില്ലാത്തതുമായ കാര്യങ്ങളാണ്.'' (അതേ പേജ്, അതേ പുസ്തകം)
ഇബ്‌നു റജബ്(റ)ന്റെ വിശദീകരണം ഇപ്രകാരമാണ്:
وَمُرَادُ الشَّافِعِيِّ رَحِمَهُ اللَّهُ مَا ذَكَرْنَاهُ مِنْ قَبْلُ: أَنَّ الْبِدْعَةَ الْمَذْمُومَةَ مَا لَيْسَ لَهَا أَصْلٌ مِنَ الشَّرِيعَةِ يُرْجَعُ إِلَيْهِ، وَهِيَ الْبِدْعَةُ فِي إِطْلَاقِ الشَّرْعِ، وَأَمَّا الْبِدْعَةُ الْمَحْمُودَةُ فَمَا وَافَقَ السُّنَّةَ، يَعْنِي: مَا كَانَ لَهَا أَصْلٌ مِنَ السُّنَّةِ يُرْجَعُ إِلَيْهِ، وَإِنَّمَا هِيَ بِدْعَةٌ لُغَةً لَا شَرْعًا، لِمُوَافَقَتِهَا السُّنَّةَ - زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ
(നാം മുമ്പു സൂചിപ്പിച്ചതുപോലെ ഇമാം ശാഫിഇ അര്‍ത്ഥമാക്കുന്നത് അടിസ്ഥാനപരമായി ശരീഅത്തില്‍ തെളിവില്ലാത്ത കാര്യങ്ങള്‍ പുതുതായി ഉïാക്കുക എന്നതാണ് ആക്ഷേപകരമായ ബിദ്അത്ത്. എന്നാല്‍ അടിസ്ഥാനപരമായി ശരീഅത്തില്‍ തെളിവുകളുള്ള കാര്യമാണെങ്കില്‍ ഭാഷാപരമായി ബിദ്അത്ത് എന്നു പറയാവുന്നതാണെങ്കിലും അവ ശറഈപരമായി ബിദ്അത്ത് ആവുകയില്ല.)
* * *
ബിദ്അതുകളെ മനസ്സിലാക്കുന്നതിനായി പണ്ഡിതന്മാര്‍ ഒരു സൂത്രം പഠിപ്പിക്കാറുണ്ട്:
''ഇബാദതുകളുടെ കാര്യത്തിലുള്ള അടിസ്ഥാനം അവയെല്ലാം ഹറാമാണ് എന്നതാണ്; അല്ലാഹുവോ റസൂലോ അനുവദിച്ചവ ഒഴികെ.''
***
നബി(സ)യുടെ ജന്മദിനത്തിന്റെ കാര്യത്തില്‍ നബി (സ) ഒന്നും പറഞ്ഞിട്ടില്ല. കൃത്യമായ ഒരു നിവേദനവും ഈ വിഷത്തില്‍ വന്നിട്ടില്ല. നബി ജനിച്ച ദിവസം തിങ്കളാഴ്ചയാണെന്ന കാര്യം വ്യക്തമാണ്; എന്നാല്‍, ഏതു വര്‍ഷം, ഏതു മാസം, ഏത് തിയ്യതിയില്‍ എന്ന കാര്യത്തില്‍ അപരിഹാര്യമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു.
ഹിജ്‌റ 671 ല്‍ നിര്യാതനായ ശംസുദ്ദീനുല്‍ ഖുര്‍തുബീ (റ)യുടെ 'അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം:
وقال في كتاب أعلام النبوة: ولد رسول الله صلى الله عليه وسلم يوم الاثنين الثاني عشر من ربيع الأول، وكان بعد الفيل بخمسين يوما. ووافق من شهور الروم العشرين من أسباط، في السنة الثانية عشرة من ملك هرمز بن أنوشروان. قال: وحكى أبو جعفر الطبري أن مولد النبي صلى الله عليه وسلم كان لاثنتين وأربعين سنة من ملك أنوشروان. وقد قيل: إنه عليه السلام حملت به أمه آمنة في يوم عاشوراء من المحرم، وولد يوم الاثنين لاثنتي عشرة ليلة خلت من شهر رمضان؛ فكانت مدة حمله ثمانية أشهر كملا ويومين من التاسع. وقيل: إنه ولد يوم عاشوراء من شهر المحرم؛ حكاه ابن شاهين أبو حفص، في فضائل يوم عاشوراء له. ابن العربي: قال ابن وهب عن مالك: ولد رسول الله صلى الله عليه وسلم عام الفيل، وقال قيس بن مخرمة: ولدت أنا ورسول الله صلى الله عليه وسلم عام الفيل.
('അല്‍ഫീല്‍' എന്ന ഖുര്‍ആന്‍ അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ ആനക്കലഹ സംഭവം വിവരിച്ചു പല വ്യാഖ്യാതാക്കളും റസൂല്‍ (സ) യുടെ ജന്മദിനം എന്നായിരുന്നു എന്നതിനെ കുറിച്ചു ചര്‍ച്ച നടത്തുന്നതു കാണാം. ആ ചര്‍ച്ചയില്‍നിന്ന് റബീഉല്‍ അവ്വല്‍ 12 നാണു റസൂല്‍ (സ) ജനിച്ചത് എന്ന് അഭിപ്രായഭേദമന്യേ പറഞ്ഞിട്ടില്ല എന്ന് ആര്‍ക്കും മനസ്സിലാകും. നബി (സ) ജനിച്ച വര്‍ഷം, മാസം, ദിവസം, സമയം തുടങ്ങി സകലതിലും സ്വഹാബത്തിനിടയില്‍തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. വര്‍ഷത്തിന്റെ കാര്യത്തില്‍ ആനക്കലഹസംഭവം നടന്ന വര്‍ഷത്തില്‍ എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ചിലര്‍ ആനക്കലഹ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് എന്നും ചിലര്‍ നാല്പത് ദിവസം കഴിഞ്ഞ് എന്നും ചിലര്‍ അന്‍പതു ദിവസം കഴിഞ്ഞ് എന്നും ചിലര്‍ അന്‍പത്തഞ്ചു ദിവസം കഴിഞ്ഞ് എന്നും ചിലര്‍ പതിനഞ്ചു കൊല്ലം കഴിഞ്ഞ് എന്നും ചിലര്‍ പത്തുവര്‍ഷം കഴിഞ്ഞ് എന്നും അഭിപ്രായങ്ങള്‍ കാണുമ്പോള്‍ മാസത്തിന്റെ കാര്യത്തില്‍ മുഹറം, സഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍, റജബ്, റമള്വാന്‍ എന്നിങ്ങനെയും ദിവസത്തിന്റെ കാര്യത്തില്‍ റബീഉല്‍ അവ്വല്‍ രണ്ട്, എട്ട്, ഒന്‍പത്, പത്ത്, പന്ത്രണ്ട്, പതിനേഴ്, പതിനെട്ട്, ഇരുപത്തിരണ്ട്, മുഹറം പന്ത്രണ്ട്, റമളാന്‍ പന്ത്രണ്ട്, ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന്, എന്നിങ്ങനെയും സമയത്തിന്റെ കാര്യത്തില്‍ പ്രഭാതത്തില്‍, പകലില്‍, രാത്രിയില്‍ തുടങ്ങിയ അഭിപ്രായങ്ങളും കാണാനാകും. ''ഈ ദിവസത്തെ കുറിച്ച് ഇത്രയധികം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതില്‍നിന്നു തന്നെ എന്നാണ് റസൂല്‍ ജനിച്ചത് എന്നതിനെക്കുറിച്ചു യാതൊരറിയിപ്പും റസൂല്‍ (സ) ജനങ്ങളെ അറിയിച്ചിട്ടില്ല എന്നു വ്യക്തമാകുന്നു. ഇസ്‌ലാമില്‍ ഈ ദിവസത്തിന് ഇത്ര മാത്രം പുണ്യം കല്പിച്ചിരുന്നുവെങ്കില്‍ എന്നാണ് ആ ദിവസം എന്നുപോലും പറഞ്ഞുതരാത്ത ഒരു പ്രവാചകന്‍ (സ) രിസാലത്തില്‍ വഞ്ചന കാണിച്ചു (എന്നു കരുതേണ്ടിവരും). ഇനി അങ്ങനെ ആ ദിവസത്തിനു പ്രത്യേകിച്ചു പുണ്യമൊന്നുമില്ല എങ്കില്‍ ആ ദിവസത്തിനു പുണ്യം കല്പിക്കുന്നവര്‍ ഇസ്‌ലാമില്‍ ഇല്ലാത്ത ഒന്ന് അതില്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ പുതിയ ഒരു മതം നിര്‍മിച്ചിരിക്കുകയാണ്. ഏതായാലും അല്ലാഹുവിനെയും റസൂലിനെയും (സ) സ്‌നേഹിക്കുന്ന മുസ്‌ലിംകള്‍ക്ക് തന്റെ രിസാലത്തില്‍ റസൂല്‍ (സ) വഞ്ചന കാണിച്ചു എന്നു പറയാനാകില്ല.'')
മീലാദ് ലൈലതുല്‍ ഖദ്ര്‍ പോലെയല്ല. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുണ്ട് എന്ന് അല്ലാഹു ഖുര്‍ആനില്‍ വിവരിച്ച ഒരു രാവാണ് ലൈലതുല്‍ ഖദ്ര്‍. സാധാരണ ദിവസത്തെ ഒരു പുണ്യത്തിന് അനേകായിരം പുണ്യം നേടിത്തരുന്ന ഒരു രാവായി ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിച്ച ആ ദിവസത്തെ കുറിച്ചു നമുക്കറിയിച്ചുതരാതിരുന്നത് ആ ഒരു ദിവസം മാത്രം ഇബാദത്ത് ചെയ്ത് മറ്റു ദിവസങ്ങളില്‍ അലസന്മാരായി നടക്കുന്നത് ഒഴിവാക്കാനാവാം. മറ്റു ദിവസങ്ങളിലെ ഇബാദതുകളും ആരാധനകളും മാത്രമാണ് അന്നുമുള്ളത്. അല്ലാതെ റമള്വാനിലെ മറ്റു ദിവസങ്ങളില്‍ ഇല്ലാത്ത ഒരു പ്രത്യേക ആരാധനയും ആ ദിവസത്തിലില്ല. റമള്വാനിലെ മറ്റു ദിവസങ്ങളിലുള്ള ഒരു ആരാധന ആ ദിവസം ചെയ്യുമ്പോള്‍ പുണ്യം അനേകായിരം ഇരട്ടിയാകുമെന്നുമാത്രം. അത് ഖുര്‍ആന്‍കൊണ്ടും സുന്നതുകൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. ഇതുപോലെ മീലാദ് ദിനവും സമുദായത്തിന്റെ മസ്വ്‌ലഹത്തിനായി ഗുപ്തമാക്കി എന്നു പറയുന്നതിന് ഇതു ന്യായമാകില്ല.