ബിദ്അത്ത് ആണെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ചില പൊതു ആചാരങ്ങള്‍ ഇസ്‌ലാമിലേക്കു കൊണ്ടുവരുന്നതും ബിദ്അത്തിന്റെ മറ്റൊരു രീതിയാണ്.
ആഘോഷവേദികള്‍ ഏറ്റവും ജനകീയമായ ബിദ്അത്ത് പ്രമോഷന്‍ സെന്ററുകളാണ്. മൗലിദാചരണത്തിന് ഇത്ര പ്രചാരണം നല്കിയത് ഇത്തരം വേദികളും അതിനോടനുബന്ധിച്ചു നടത്തിവരാറുള്ള കലാപരിപാടികളും സദ്യയുമാണ്. ഇന്ന് ഓണം പോലെ, ക്രിസ്തുമസ്സ് പോലെ, ഹോളിപോലെ, ദസറപോലെ, ദീപാവലിയും വിജയദശമിയും പോലെ, ജന്മാഷ്ഠമിപോലെ, വിഷുപോലെ ഒരുത്സവമാണ് നബിദിനം. സര്‍ക്കാര്‍ അവധി കൂടിയായപ്പോള്‍ അതിന് ഔദ്യോഗിക പരിവേഷവുമായി. കറകളഞ്ഞ ബിദ്അത്തുകളും ള്വലാലത്തുകളുമായ ഉറൂസാദികളെ ഇവിടെ പരാമര്‍ശിക്കേണ്ടതില്ലല്ലോ. അവര്‍ അല്ലാഹുവിനെയും റസൂലിനെയും വെല്ലുവിളിച്ച് ബോധപൂര്‍വ്വം ഇബ്‌ലീസിന്റെ പന്തിയില്‍ സ്ഥാനമുറപ്പിച്ചവരാണ്.
പള്ളികളില്‍ നമസ്‌കരിക്കുന്നവര്‍ക്കു ശല്യമാകും വിധം കല്യാണങ്ങളും അതോടനുബന്ധിച്ചുള്ള സദ്യയും പെരുകിവരികയാണ്. നമസ്‌കരിക്കാന്‍ വരുന്നവരുടെ സ്വസ്ഥതപോയിട്ട് നിയ്യത്ത് പോലും തെറ്റിക്കുകയാണ് ഇത്തരം ബഹളങ്ങള്‍. അതിനാല്‍ പള്ളികളെ കല്യാണമണ്ഡപങ്ങളും ഊട്ടുപുരകളും ആക്കാതിരിക്കുന്നതാണ് നല്ലത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അനുകരിച്ചാണ് പള്ളികളില്‍ നികാഹ് നടത്തുക എന്ന ഏര്‍പ്പാട് തുടങ്ങിയത്. അവര്‍ക്ക് മതപപരമായ ചില ആചാരകര്‍മ്മങ്ങളും പൂജയും മറ്റുമൊക്കെയുണ്ട്. വളരെ ലളിതമാണ് നമ്മുടെ വിവാഹം. അതിന് പള്ളിയെ ശല്യപ്പെടുത്തേണ്ടതില്ല. വീട്ടിലോ മദ്രസയിലോ സ്‌കൂളിലോ അതിനായുള്ള കല്യാണ മണ്ഡപങ്ങളിലോ നടത്തിയാല്‍ മതി.
അവയെല്ലാം തന്നെ അന്യമതസ്ഥരെ അനുകരിച്ചുള്ളവയോ മുതലാളിമാര്‍ അഹങ്കാരം കാണിക്കാന്‍വേണ്ടി ആവിഷ്‌കരിച്ചതോ ആണ്. ഇതേ സമയം സുന്നത് മുഅക്കദായ വലീമത്ത് അവര്‍ ഫലത്തില്‍ മന്‍സൂഖുമാക്കി. നികാഹിനും മുമ്പേ വിളമ്പിത്തിന്നുന്ന സദ്യ എങ്ങനെ വലീമത്തിനു പകരമാകും. മധുവിധുവിനു ശേഷമാണ് വലീമത്ത്. ഒരു ബിദ്അത്ത് കടന്നുവരുമ്പോള്‍ ഒരു സുന്നത്ത് മരിക്കുന്നു എന്ന പ്രസ്താവം എത്ര വാസ്തവം.
പാശ്ചാത്യര്‍ നിശ്ചയിക്കും, ഞങ്ങള്‍ അനുകരിക്കുമെന്നതാണ് മിക്ക കാര്യങ്ങളിലും സംഘടനാ നേതാക്കന്മാരുടെ പ്രമാണം. ഓരോ ഫാഷന്‍ വരുമ്പോഴും കുറച്ചുകാലം മുസ്ല്യാക്കന്മാര്‍ എതിര്‍ക്കും. ഉള്ളുകൊണ്ട് മോഹിക്കും. പിന്നെ പതുക്കെ പതുക്കെ അനുകരിക്കും. ഞങ്ങളൊക്കെ മലയാളം ഖുത്വ്ബ ആദ്യമായി കേട്ട പള്ളികളിലെ മൗലവിമാര്‍ (മുസ്ല്യാക്കന്മാരല്ല) ഖുത്വ്ബ നടത്തുമ്പോഴും അല്ലാത്തപ്പോഴും തലയില്‍ തൊപ്പിയും തലപ്പാവും അതിനെയെല്ലാം സംരക്ഷിക്കും വിധമൊരു ഷാളും ധരിക്കുമായിരുന്നു. തൊപ്പിയില്ലാത്ത കെ. ഉമര്‍ മൗലവിയെയോ കെ.എം. മൗലവിയെയോ നമുക്കു സങ്കലപിക്കാനാവില്ല. അവരുടെ നഗ്നശിരസ്സ് കണ്ടവര്‍ ഇന്നു ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. പിന്നീട് ഒന്നുകില്‍ തൊപ്പി, അല്ലെങ്കില്‍ തട്ടം എന്നായി. (ശിരോവസ്ത്രം ഇവ രണ്ടിലൊന്നായി ചുരുങ്ങി) ശേഷമത് പരിഷ്‌കരിച്ച് തലക്കു കാറ്റുപിടിക്കുന്ന തരത്തിലുള്ള ഓട്ടത്തൊപ്പിയോ ഉറുമാലോ ആയി ലോപിച്ചു. ഇപ്പോഴാവട്ടെ തലയില്‍ ഉപേക്ഷിക്കാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത അവസ്ഥയിലാണ്. എന്നിട്ടും ചിലരൊക്കെ ഇതൊക്കെ ധരിച്ചുനടക്കുന്നത് ഏത് തെളിവിന്റെ, അല്ലെങ്കില്‍ തെളിവില്ലായ്മയുടെ ബലത്തിലായിരിക്കും?
മാധ്യമരംഗത്തും ഇതു കണ്ടെത്താനാവും. പത്രം അല്ലെങ്കില്‍ പുസ്തകം എത്രത്തോളമാണാവശ്യം എന്നതല്ല, ഇതിന്റെയൊന്നും മാനദണ്ഡം. എല്ലാവര്‍ക്കും എല്ലാം വേണം. അതിനൊരു ചെക്ക് ലിസ്റ്റ് ഇബ്‌ലീസ് ഓരോ സംഘടനക്കും നല്കിയിട്ടുണ്ട്.
1. ചാനല്‍ (ഓണം, തിരുവാതിര, ക്രിസ്മസ്സ്, മീലാദ് എല്ലാം കവര്‍ ചെയ്യണം)
2. ദിനപത്രം (അത് മള്‍ട്ടി എഡിഷന്‍ കൂടിയായിരിക്കണം.)
3. വാരിക (ഇറക്കുകയും ബര്‍ക്കത്തിനായി വീട്ടില്‍ വരുത്തുകയും ചെയ്താല്‍ മതി, ആരും വായിക്കണമെന്നില്ല)
4. ദ്വൈവാരിക
5. പെണ്‍വാരിക
6. ബാലവാരിക'
7. ഉലമാ മാസിക
8. വാര്‍ഷികപ്പതിപ്പ് (ഒാണപ്പതിപ്പിനു പകരം)
9. സുവനീര്‍ (അനുസ്മരണിക - ചൂടപ്പം പോലെ വിറ്റഴിക്കാന്‍ കക്ഷി സകറാത്തിലാവും മുമ്പേ പണി തുടങ്ങണം.)
10. യൂട്യൂബ് ചാനല്‍ (സംഘടന ആള്‍ക്ഷാമം കൊണ്ട് ദരിദ്രമാണെങ്കില്‍)
ഇന്‍ഡറസ്റ്റ് ഫ്രീ ഇസ്‌ലാമിക് ബാങ്കിങ്...തുടങ്ങിവെക്കാത്ത സംഘടനകളില്ല. പക്ഷേ, ആര്‍ക്ക് പ്രയോജനം? ധനം നടത്തിപ്പുകാരില്‍ മാത്രം കറങ്ങിത്തിരിയുന്നതിനാണിത്. മിക്കവാറും സകാത്ത് ഫണ്ടും വഖഫ് ഫണ്ടും പോലും സാധാരണക്കാര്‍ക്ക് കിട്ടാതിരിക്കാനുള്ള ഒരടവ്. പുതിയ പള്ളി പണിയാന്‍ സംഘടന ഭക്ത്യാദരം പൂജിച്ചേല്‍പിച്ച ഇത്തരം നിധികള്‍ വരെ ഭദ്രമായി ബിസ്‌നസ്സിലിറക്കി ഇരുപതും മുപ്പതും കൊല്ലമായി പള്ളിക്ക് തറക്കല്ലുപോലും വീഴാത്ത സംഭവങ്ങളുമുണ്ട്. ഇതൊക്കെ ഏത് കണക്കിലാണ് സംഘടനകള്‍ എഴുതിത്തള്ളുക. ബിസ്‌നസ് നടത്തിപ്പുകാരെന്ന പേരില്‍ വേറെയും തട്ടിപ്പുകള്‍, പലിശ രഹിതമെന്ന പര്‍ദയിട്ട പലിശ ബാങ്കുകളാണ് പല ഇസ്‌ലാമിക് ബാങ്കുകളും പലിശരഹിത കച്ചവടസ്ഥാപനങ്ങളും.
മുടക്കം വന്നാല്‍ തുടങ്ങിയവന്‍ ഒന്നുകില്‍ മുങ്ങണം, അല്ലെങ്കില്‍ തൂങ്ങണം. സംഘടനാ നേതൃത്വം ഇവരെ രണ്ടാമത്തെ അവസ്ഥയിലെത്തിച്ച് ഓര്‍ക്കിഡ് പൂക്കള്‍കൊണ്ടുള്ള ഒരു റീത്തുംവെച്ച് പിലാത്തോസിനെപ്പോലെ കൈ നന്നായി കഴുകി സാനിട്ടൈസ് ചെയ്യും.
ബിദ്അത്തും നാട്ടുനടപ്പും കൂടിച്ചേരുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും. എവിടെ ശറഇയായ ഉര്‍ഫ് അവസാനിക്കുന്നു, എവിടെ ബിദ്അത്ത് തുടങ്ങുന്നു എന്നു തിരിച്ചറിയാനാവാത്ത സാഹചര്യം വരുന്നു. തികച്ചും ഭൗതികമായ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ പേരുപറഞ്ഞു നടത്തുന്നതാണ് ഈ സങ്കീര്‍ണ്ണതക്കു കാരണം. ദുന്‍യവിയായ കാര്യങ്ങള്‍ അപ്രകാരം കാണുകയും ദീനീകാര്യങ്ങളിലേക്ക് അവ വലിച്ചിഴക്കാന്‍ തുനിയാതിരിക്കു കയുമാണ് നേരും തഖ്‌വയുമുള്ളവര്‍ക്കു കരണീയം. ദീനുമായി നടക്കുന്നവര്‍ അത് കൊണ്ടുനടത്തുന്നവര്‍ ആകാതിരിക്കുകയും വേണം. പകുതി ദീനും പകുതി ദുനിയാവും ചേര്‍ത്തുള്ള കൂട്ടുകൃഷി നന്നല്ല.
1. സംസ്ഥാന കാര്യാലയങ്ങള്‍
2. പലജാതി പേരുകളിലുള്ള ഇസ്‌ലാമിക് സെന്ററുകള്‍
3. ഓണ്‍ബ്രാന്റ് മസ്ജിദുകള്‍
4. യാത്രക്കാരായ സ്ത്രീകള്‍ക്കു നമസ്‌കരിക്കാന്‍ 'സൗകര്യ'മുറി.
6. എന്‍ജിനീയറിങ് കോളെജ്
7. മീഡിയാ സിറ്റി, മാധ്യമ പഠനകേന്ദ്രം
8. യൂണിവേഴ്‌സിറ്റി (അല്‍ജാമിഅ)
9. ആര്‍ട്‌സ് & സയന്‍സ് കോളെജ്
10. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍
11. അറബിക് കോളജ് (പള്ളിദര്‍സുകളോടൊപ്പം ഇപ്പോള്‍ നഷ്ട സ്ഥാപനങ്ങളായി പ്രഖ്യാപിക്കപ്പെട്ട് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു)
12. ശരീഅത് കോളെജ് (പേരുമാറ്റ പ്രക്രിയയില്‍) ഇസ്‌ലാമിക് ലോകോളെജ് എന്നാക്കിയാല്‍ വളരെ നന്ന്! സംഘടനകള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ നടത്താന്‍ ഇവിടെ നിന്നു ബിരുദമെടുത്ത ശറഹ് തിരിയുന്ന ഈ വക്കീലന്മാരല്ലോ നല്ലത്.
13. മദ്രസകള്‍, യത്തീംഖാനകള്‍ (മാര്‍ക്കറ്റ് ഇടിഞ്ഞുവരുന്നു)
14. ലൈബ്രറി & റീഡിങ് റൂം (വായനാ ശീലത്തോടൊപ്പം നാമവശേഷമായി)
15. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ (പരസ്പരം മത്സരിക്കുന്നു).
എല്ലാവര്‍ക്കും തുല്യാവകാശമുള്ള വഖഫ് സ്വത്തുകള്‍ വരേണ്യ വിഭാഗത്തിനും പേരിനു കുറച്ച് അനാഥകള്‍ക്കും മാത്രമാക്കുന്ന സംവിധാനങ്ങളാണിവ. ഇന്ന് അവയുടെ ലക്ഷ്യവും അവയും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരമുണ്ട്.
സംഘടനകളെപ്പോലെ, സംഘടനാ നേതാക്കളെപ്പോലെ അവയും ഭൗതികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അറബിക്കോളെജ്, യത്തീംഖാന, പള്ളിദര്‍സ്, മദ്രസ എന്നൊക്കെ പറഞ്ഞാല്‍ സംഘടനാനേതാക്കള്‍ക്ക് അവജ്ഞയും അലര്‍ജ്ജിയുമാണ്. പഴഞ്ചന്‍ കണ്‍സെപ്റ്റ്‌സ്. കാലഘട്ടത്തിന്റെ ഭാഷയില്‍ ഇസ്‌ലാം പ്രബോധനം നടത്താന്‍ ആധുനിക മാര്‍ഗങ്ങള്‍ (മാര്‍കറ്റിങ് തന്ത്രങ്ങള്‍) ഉപയോഗിക്കേണ്ടേ എന്നാണ് അവരുടെ ചോദ്യം.
ഭൗതിക സ്ഥാപനങ്ങള്‍ നടത്തുകയാണോ ഇസ്‌ലാമിക സംഘടനകളുടെ ജോലി? ഇവ പൂര്‍ണമായും തെറ്റാണെന്നു പറയില്ല. 'ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്' എന്നു തുടങ്ങുന്ന ഹദീസിന്റെ വിധിക്കു വിടുക മാത്രമേ തല്‍ക്കാലം നിവൃത്തിയുള്ളൂ. കുന്തത്തിനു മുകളില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു തോല്‍വിയില്‍നിന്നു രക്ഷപ്പെട്ടവരും ഈ സമുദായത്തിന്റെ ഭാഗമാണ്.
കലിമതു ഹഖ്ഖിന്‍ ഉരീദ ബിഹില്‍ ബാത്വില്‍...
''വാക്കൊക്കെ നന്നു. പക്ഷേ, ഉദ്ദേശ്യം പിഴവാണ്.'' എന്ന് പണ്ടേ ഇതിനു മറുപടിയും കൊടുത്തതാണ്. അതിനാല്‍ ഈ തട്ടിപ്പുകള്‍ക്കൊന്നും ഒരു പുതുമയുമില്ല. സ്ഥലകാലങ്ങള്‍ക്കും കരുക്കള്‍ക്കും മാത്രമേ മാറ്റമുള്ളൂ. കളി പഴയതുതന്നെ. കളിക്കാരായ മൊല്ലകള്‍ മാറുന്നുവെന്നു മാത്രം.
പിരിവിനിറങ്ങുമ്പോള്‍ ഇവര്‍ പാവപ്പെട്ട മുസ്‌ലിംകളുടെ കുട്ടികളുടെയും യത്തീംമക്കളുടെയും പേരുപറഞ്ഞു കണ്ണീര്‍ വാര്‍ത്താണു പിരിവു നടത്തുക. ഇന്ത്യയില്‍ ലക്ഷോപലക്ഷം കുട്ടികള്‍ മതവിദ്യാഭ്യാസം കിട്ടാതെ മരിക്കുന്നു. മതം മാറുന്നു. നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളുമായി മാറുന്നു. സ്ത്രീകള്‍ അമുസ്‌ലിം ചെറുപ്പക്കാരുടെ പിന്നാലെ പായുന്നു...'' ഒരു കാരക്കച്ചീന്തുകൊണ്ടെങ്കിലും നരകത്തീ തടുക്കാനുള്ള വെപ്രാളത്തില്‍ പാവം അറബികള്‍ പിഴിയപ്പെടുന്നു.
സൗദിയിലാണെങ്കില്‍ അവിടെ തൗഹീദിന്റെ കാസറ്റ് വെക്കും. ''കുല്ല് മുസ്‌ലിം ഹിന്ദി ഫിശ്ശിര്‍ക് വല്‍ കുഫര്‍ വല്‍ബിദ്അ, യഅ്ബുദൂനല്‍ ഔലിയാഇ വയസ്ജുദൂനല്‍ ക്വുബൂര്‍...''
ഇന്ത്യയില്‍ മുസ്‌ലിംകള്‍ വെള്ളിയാഴ്ച്ച പള്ളിയില്‍ പോകാറില്ല, പകരം ജാറങ്ങളില്‍ പോകുന്നുവെന്നാണ് അറബി ധരിപ്പിക്കപ്പെടുന്നത്.
പാവം അറബി കരുതും: ഇന്ത്യാ എന്ന മിസ്‌കീന്‍ രാജ്യത്ത് കുഫ്ര്‍ ഭരണത്തിന്‍ കീഴില്‍ അലിഫും ബാഉം താഉം അറിയാതെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയുകയാണ് മുസ്‌ലിംകള്‍.
എന്നാല്‍ യതീമിന്റെയും മിസ്‌കീനിന്റെയും വാടിയ മുഖം കാണിച്ച് നേടിയ രിയാലും ദിര്‍ഹമും (ഇതില്‍ 45 -50 ശതമാനവും പിരിവുനടത്താന്‍ പോകുന്ന പുരോഹിതന്‍ കമ്മീഷന്‍ എന്നു പേരിട്ടു മോഷ്ടിക്കും) പ്രഫഷണല്‍ കോളെജുകള്‍ക്കും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കും ഹൈലെവല്‍ റെസിഡെന്‍ഷ്യല്‍ ഖുര്‍ആന്‍ ഹിഫഌ സെമിനാരികള്‍ക്കുമായി വകമാറിപ്പോകുന്നു. ഇതൊക്കെ പെയ്ഡ് പ്രീപെയ്ഡ് സീറ്റുകളാണ്. പതിനായിരങ്ങളും ലക്ഷങ്ങളും മാസവരുമാനമുള്ളവര്‍ക്കു മാത്രം പ്രാപ്യമായ അഅ്‌ലാ ദറജയുള്ള സ്ഥാപനങ്ങള്‍. സ്വര്‍ഗവും സ്വര്‍ഗീയ വിദ്യാഭ്യാസവും അവര്‍ മുതലാളിമാര്‍ക്ക് സംവരണം ചെയ്യുന്നു. പാവപ്പെട്ടവര്‍ യു.പി.യിലെയും ബിഹാറിലെയും അതിഥി തൊഴിലാളികളെപ്പോലെ തെരുവോരങ്ങളിലെ മതാഭാസപ്രസംഗങ്ങളുടെ കോളറ ബാധിച്ചു മരിച്ചുവീണു നരകത്തിലോട്ടു വിധിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ മിസ്‌കീനും യതീമും അവരുടെ കണ്ണീരും നെടുവീര്‍പ്പുമൊക്കെ എക്കാലവും യൂണിഫോമിട്ട ഗൂര്‍ക്കകള്‍ പാറാവ് തോക്കും വടിയും പിടിച്ച് നില്‍ക്കന്ന അവയുടെ കൂറ്റന്‍ഗേറ്റുകള്‍ക്കു പുറത്തും.
മുതലാളിമാര്‍ക്ക് മുതലിറക്കി പഠിക്കാന്‍ അവകാശമില്ലെന്നു നമുക്കഭിപ്രായമില്ല. എന്നാല്‍, വഖഫ് സ്വത്ത് ഇങ്ങനെ കൈകാര്യം ചെയ്യാമോ! എനിക്കറിഞ്ഞൂകൂടാ, അറിവുള്ള ഉലമാക്കളേ, നിങ്ങള്‍ പറയൂ. ആകാശത്തിനു ചുവട്ടിലുള്ള എല്ലാ കാര്യവും അറിയുന്നവരാണല്ലോ നിങ്ങള്‍!
മതസംഘടനകള്‍ പരസ്പരം മത്സരിച്ചു സമുദായത്തിന്റെ തലയില്‍ വെച്ചുകെട്ടുന്ന ഭാരങ്ങള്‍ എന്തൊക്കെയാണ്:
1. അഖിലേന്ത്യാ സംഘടന
2. സംസ്ഥാന സംഘടന, ജില്ല, താലൂക്ക്, റേഞ്ച്, സോണ്‍...യൂണിറ്റ്...
3. യുവ സംഘടന
4. ബാല സംഘടന
5. ഉലമാ സംഘടന
6. വിദ്യാര്‍ഥീ സംഘടന
7. വനിതാ സംഘടന
8. വനിതാവിദ്യാഥീ (വിദ്യാഥിനി) സംഘടന
9. പൂര്‍വ്വ വിദ്യാര്‍ത്ഥി (വിദ്യാഥിനി) സംഘടന
10. അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി
11. സംയുക്ത ഖാള്വി, സംസ്ഥാന ഖാള്വി... അഖിലേന്ത്യാ ഖാളി...
കേരളമിപ്പോള്‍ (കൊറോണയുടെ തൊട്ടുമുമ്പ്) സംഗമരാശിയിലാണ്. പതിനായിരങ്ങളും ലക്ഷങ്ങളും വാരിയെറിഞ്ഞുള്ള ഏതെല്ലാം സംഗമങ്ങള്‍. നന്മക്കുവേണ്ടിയല്ലാത്ത ഏതു സംഗമവും ധൂര്‍ത്തും സമയം പാഴാക്കലും അഹങ്കാരവും പൊങ്ങച്ചപ്രദര്‍ശനവും തീറ്റമത്സരവും മാത്രമാണ്. ഇതില്‍ പലതും തുടങ്ങുന്നതും അവസാനിക്കുന്നതും ഹംദും സ്വലാതും ഫാതിഹയും നീണ്ട ദുആയും ചൊല്ലിയാണ്. പാട്ടും ഡാന്‍സും കൂത്തും സൗന്ദര്യമത്സരവും ഫാഷന്‍ മത്സരവും കൊട്ടും കുരവയുമുള്ള ഇത്തരം പരിപാടികള്‍ക്കു വേണ്ടി കള്ളപ്പുരോഹിതന്മാര്‍ വന്നു പ്രാര്‍ത്ഥിച്ച നുഗ്രഹിച്ച് കൈമടക്കു വാങ്ങി അവയെ ദൈവികമാക്കുന്നു:
''അല്ലാഹുമ്മജ്അല്‍ ഹാദല്‍ ജംഅ് ജംഅന്‍ മര്‍ഹൂമാ...''
സംഗമബോഗികളുടെ തുടക്കം പാദഭാഗത്തുനിന്ന് ഇങ്ങനെയാണ്:
1. കുടുംബസംഗമം (അഥവാ തറവാടിത്ത സംഗമം)
2. നാട്ടുസംഗമം
3. പ്രവാസി സംഗമം
4. ഉലമാസംഗമം
5. പൂര്‍വ്വവിദ്യാര്‍ത്ഥീ സംഗമം...
6. വനിതാ സംഗമം
7. വിദ്യാര്‍ത്ഥീ സംഗമം
8. ഇസ്‌ലാമിക വ്യാപാരി വ്യവസായി സംഗമം
9. ഇസ്‌ലാമിക സ്ഥാപന മേധാവികളുടെ സംഗമം
10. മുതലാളിമാര്‍ മാത്രം ഒത്തുകൂടുന്ന ഫൈവ്സ്റ്റാര്‍ (നോമ്പു തുറ) സംഗമം...
11. പലിശരഹിത ബാങ്ക് മേധാവികളുടെ സംഗമം.
പിന്നെ ഇതിന്റെയെല്ലാം ജില്ലാ സമ്മേളനം, സംസ്ഥാന സമ്മേളനം...
നമസ്‌കാരവും നോമ്പുമെല്ലാം ഫസാദാക്കി കൊട്ടും കുരവയുമായി ഇതിനെല്ലാമുള്ള പുറപ്പാടും...
മുസ്‌ലിംകളെ അവരുടെ മുഖ്യ അജണ്ഡകളില്‍നിന്നു തെറ്റിക്കുന്ന മറ്റൊരു മേഖലയാണ് ആക്ടിവിസം. അതു പലജാതിയുണ്ട്. ഓരോന്നും വസ്തുനിഷ്ഠമായി പരിശോധിച്ചേ ഇവയില്‍ ഏതാണ് ബിദ്അത്, ഏതാണ് മുബാഹ്, ഏതാണ് ഫര്‍ള്വ് കിഫായ, ഫര്‍ള്വ് ഐന്‍ എന്നു തീരുമാനിക്കാനാവൂ. അതോടൊപ്പം തന്നെ ആക്ടിവിസത്തിന്റെ പേരിലും പുതിയ ബിദ്അതുകള്‍ ഇറങ്ങുന്നുണ്ട് എന്നതു നാം കാണാതിരുന്നുകൂടാ. സ്ത്രീകളെ തെരുവിലിറക്കിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നല്ലതാണോ, അല്ലെങ്കില്‍ അത്രത്തോളം കാര്യങ്ങള്‍ ആയിട്ടുണ്ടോ എന്നു സമുദായം ഗൗരവമായി ചിന്തിക്കണം. ഉള്ള മിത്രങ്ങളെക്കൂടി ശത്രുക്കളാക്കുന്ന വികാരപ്രകടനങ്ങള്‍ അന്തിമവിശകലനത്തില്‍ ഗുണമോ ദോഷമോ? നേതാക്കളെക്കാള്‍ അണികള്‍ക്കു വിവരവും വിവേകവും വേണ്ട കാലമാണിത്.
സജീവമായ ഒരു മാതൃകാസമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ആക്ടിവിസം കൂടാതെ കഴിയില്ല. നീതി നടപ്പായിക്കിട്ടാനും അനീതി ചെറുക്കാനും ഇന്നത്തെ സാഹചര്യത്തില്‍ പലപ്പോഴും അതനിവാര്യമാകാം. പക്ഷേ, സമുദായത്തെ മൊത്തം അതില്‍ തളച്ചിടണമോ?
ഇന്നു കാണുന്ന ഈ ഇസ്‌ലാമിക വിവര്‍ത്തന സാഹിത്യങ്ങളപ്പാടെയും ബിദ്അത്താണ്. അവയുടെ ഉദ്ദേശ്യം ഫിര്‍ഖതും രിയാഉം ദുന്‍യവിയായ മോഹങ്ങളുമാണ്. സുന്നതും ഇസ്വ്‌ലാഹും തസ്‌കിയതും തബ്‌ലീഗും തസ്വവ്വുഫും ഇഖാമതുദ്ദീനുമൊന്നുമല്ല. തഖ്‌ലീദിന്റെ ആളുകള്‍ ഉള്‍പ്പെടെ ഓരോ മുറിവൈദ്യനും വിധികര്‍ത്താവാകുകയും മുജ്തഹിദായി നടിക്കുകയും മുസ്വന്നിഫായി വിലസുകയും വിവരമില്ലാതെ ള്വലാലത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. മദ്ഹബിയും സിയാസിയും സ്വൂഫിയും സലഫിയും ഖലഫിയും സുന്നിയും അഹ്‌ലെ ഹദീഥിയും ഒന്നും ഇതില്‍നിന്നു മുക്തമല്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലിറങ്ങിയ ഒരു സംഘടനയുടെ കുറേ കൃതികള്‍ ഈയിടെ ഈയുള്ളവനു കിട്ടുകയുണ്ടായി. കാക്കത്തൊള്ളായിരം പേജുകള്‍, എല്ലാം ചര്‍വ്വിത ചര്‍വ്വണം. സര്‍വ്വോപരി ഹദീസുകളും സുക്തങ്ങളും തിരഞ്ഞെടുക്കുന്നിടത്തെ ശ്രദ്ധക്കുറവും. സാമ്പിളിന്, നമസ്‌കാരത്തെ കുറിച്ചിറങ്ങിയ പുസ്തകങ്ങള്‍ താരതമ്യം ചെയ്തുനോക്കി. ഒരു സംഘടനക്കു മാത്രം ഒരു ഡസനിലേറെ നമസ്‌കാര പുസ്തകം. അതും പത്തു വര്‍ഷത്തിനകം ഇറങ്ങിയത്. ഈ പുസ്തകവും പോരാഞ്ഞ് മറ്റൊരു പണ്ഡിതന്റെ യൂട്യൂബ് നമസ്‌കാരം. അതും 22 പ്രഭാഷണങ്ങളിലായി. ഇതെല്ലാം പഠിച്ചു പാസ്സായിട്ടുവേണം നമസ്‌കരിക്കാന്‍ എന്നാണു ഭാവം! അല്ലെങ്കില്‍ ഇതുവരെ നമസ്‌കരിച്ചതൊക്കെ നഷ്ടം. അല്ലാഹുവേ, നീ ഞങ്ങള്‍ക്കു മതം എളുപ്പമുള്ളതാക്കിത്തന്നു. എന്നാല്‍ ഈ പണ്ഡിതന്മാരാകട്ടെ മതം ഞങ്ങള്‍ക്കു ദുസ്സഹമാക്കിത്തരുകയാണ്. ഓരോ ദിവസവും അവര്‍ മതത്തില്‍ പ്രയാസങ്ങള്‍ക്കു മേല്‍ പ്രയാസങ്ങള്‍ തുന്നിച്ചേര്‍ക്കുകയാണ്.
എഴുത്തുകാര്‍ വര്‍ധിക്കുന്നു: എഴുതിയതുതന്നെ പിന്നെയും എഴുതുന്നു. പ്രഭാഷകര്‍ പെരുകുന്നു: വിളമ്പിയതുതന്നെ ആവര്‍ത്തിച്ചുവിളമ്പുന്നു. വിവര്‍ത്തനങ്ങളുടെ വിവര്‍ത്തനവും ആവര്‍ത്തനങ്ങളുടെ ആവര്‍ത്തനങ്ങളുമാകുമ്പോള്‍ സാമാന്യ ജനം കരുതും: പടച്ചോനേ, ഇസ്‌ലാം എനിക്കു പിടികിട്ടുന്ന ദീനല്ല. ഞാന്‍ വെറുമൊരു നരകത്തിലെ വിറകുകൊള്ളി. ഇവര്‍ ഇസ്‌ലാമിലേക്ക് അടുപ്പിക്കുകയല്ല, ഇസ്‌ലാമില്‍നിന്നു മനുഷ്യരെ ആട്ടിയകറ്റുകയാണ് ചെയ്യുന്നത്.
ഹിപ്‌നോട്ടൈസ് ചെയ്യുകയാണ് ഓരോ സംഘടനയും അവരുടെ അനുയായികളെ:
- ഞങ്ങളുടെ ഈ സംഘടന മാത്രമാണ് ശരി.
- ഞങ്ങളുടെ ഈ സാഹിത്യം മാത്രമാണ് ഇസ്‌ലാം.
- ഈ നമസ്‌കാരം മാത്രമേ ഖബൂലാകൂ.
- ഈ സംഘടന മാത്രമാണ് അല്‍ ജമാഅത്ത്.
- ഞാന്‍ മാത്രമാണു നിങ്ങളുടെ സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടി.
- നിങ്ങളെല്ലാവരും വിവരമില്ലാത്തവരാണ്.
- അല്ലെങ്കില്‍, നിങ്ങള്‍ പഠിച്ചതൊന്നും യഥാര്‍ത്ഥ വിജ്ഞാനമല്ല.
- ഇതാ അല്ലാഹു പ്രത്യേകമായി അവതരിപ്പിച്ചുതന്ന നമസ്‌കാരത്തിന്റെ ഏറ്റവും പുതിയ ലൈവ് എഡിഷന്‍.
- നബി പൂര്‍ത്തിയാക്കാതെ പോയത് ഞാനിതാ പൂര്‍ത്തിയാക്കിയിരിക്കുന്നു.
- സ്വഹാബികള്‍ക്കു കിട്ടാത്തതു ഞങ്ങള്‍ക്കു കിട്ടിയിരിക്കുന്നു.
- നാല് ഇമാമുകളെക്കാള്‍ ഞങ്ങളാണിപ്പോള്‍ വിവരമുള്ളവര്‍...
കള്ളഹദീസുകളോ ദുര്‍ബലഹദീസുകളോ ഇല്ലാത്ത പുസ്തകങ്ങള്‍ വിരളം. ഹദീസിന്റെ മര്‍തബയോ ള്വുഅ്‌ഫോ സൂചിപ്പിക്കുക എന്ന മര്യാദപോലും അവര്‍ കാണിച്ചിട്ടുമില്ല.
''(തീര്‍ച്ചയായും, ഒരു മനുഷ്യന്‍ അത്യുന്നതനായ അല്ലാഹുവിനു തൃപ്തികരമായ ഒരു വാക്ക് അത് എത്രത്തോളം ഉന്നതമായി പരിഗണിക്കപ്പെടുമെന്നറിയാതെ ഉരുവിടുന്നു. ഉന്നതനും ബഹുമാന്യനുമായ അല്ലാഹു അതിന്റെ പേരില്‍ അവനെ കണ്ടുമുട്ടുന്ന ദിവസം വരെ അവനില്‍ സംപ്രീതനാവും. ഒരു മനുഷ്യന്‍ തീര്‍ച്ചയായും അത്യുന്നതനായ അല്ലാഹുവിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് അത് എത്ര ഭയാനകമാകുമെന്ന് അറിയാതെ ഉരുവിടുന്നു. അത്യുന്നതനായ അല്ലാഹുവിന്റെ കോപം അവനെ കണ്ടുമുട്ടുന്ന ദിവസവരെ അവനുമേല്‍ വിധിക്കുന്നു.'')
അല്‍ഖമ (റ) പറയാറുണ്ടായിരുന്നു. ബിലാല്‍ ബ്‌നുല്‍ ഹാരിഥ് നിവേദനം ചെയ്ത ഈ ഹദീസ് കാരണം ഞാന്‍ എത്ര വാക്കുകളാണ് ഉരുവിടാതിരുന്നത്.
എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? എല്ലാവരും മുജ്തഹിദുകളാണ്, മുഫ്തികളാണ്, ഖ്വാള്വിമാരാണ്. പുരോഹിതജന്യമായ സ്വതസിദ്ധവിവരക്കേടുള്ളതിനെക്കാള്‍ വിവരമുള്ളവരോ വിരളവും! വാളെടുത്തവനൊക്കെ വെളിച്ചപ്പാടും കിതാബ് ഒരുമാതിരി തിരിയുന്നവനൊക്കെ മുജ്തഹിദും ആവാന്‍ തുടങ്ങിയതിന്റെ വിപത്താണിത്.
തസ്വവ്വുഫുകാരുമായി നാം അത്ര അടുപ്പത്തിലല്ല, അവരില്‍ ചിലരിലെങ്കിലും നന്മയില്ലാത്തതുകൊണ്ടല്ല, അവര്‍ പാലിക്കാന്‍ കടപ്പെട്ട നിഗൂഢതയില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളില്‍ ഭയമുള്ളതുകൊണ്ടാണ്. പിന്നെ അവരില്‍ ചിലരുടെ അമിത ഭാഷണം കൊണ്ടും. അവര്‍ക്കു കൂടി മറുപടിയാവും വിധം സ്വൂഫി ഹംദൂന്‍ ഖസ്സാറിന്റെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ, നിശാപൂരിലെ ഒരു മഹാസദസ്സില്‍ പ്രസംഗിക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോഴാണ് ഖസ്സാര്‍ ഈ മറുപടി നല്കിയത്:
''എന്റെ ഹൃദയം ഇപ്പോഴും ലോകവുമായി ബന്ധിതമാണ്. അതുകൊണ്ട് എന്റെ വാക്കുകള്‍ മറ്റുള്ളവരുടെ ഹൃദയത്തെ സ്വാധീനിക്കുകയില്ല. ആരുടെ നിശ്ശബ്ദതയാണോ ദീനിന് ഹാനികരമാകുന്നത് അവര്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അനുവാദമുള്ളത്. അവരുടെ സംസാരം ദീനിന് സംരക്ഷണം നല്കും.''
ഇന്നത്തെ സംഘടനാമുസ്‌ലിംകളില്‍ എത്രപേര്‍ ഈ അര്‍ഹത ആര്‍ജ്ജിച്ചവരായുണ്ട്?
ദഅ്‌വതിന്റെ പുതിയ മാര്‍ഗങ്ങള്‍ തേടുകയും അവതരിപ്പിക്കുകയും ചെയ്യുന്നതായി നടിച്ചും ബിദ്അത്തുകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. (വിശദമായി ഈ കൃതിയുടെ അവസാനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.)