കാലാള്‍പ്പടയാളികള്‍ ലോകത്തെവിടെയും അവരുടെ ആയുധം - അവരുടെ ജീവിതം പോലെത്തന്നെ - അവരെപ്പോലെ വിലയില്ലാത്ത, വകതിരിവില്ലാത്ത പാഴ്ജനത്തിന്റെ ചോര നുണയാന്‍ മാത്രമുള്ളതാണ്. എന്നാല്‍, അവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അപ്പുറവും ഇപ്പുറവുമായി ഒരേ ലക്ഷ്യവും ഒരേ ആശയവുമുള്ള രണ്ടു ഭീകരയന്ത്രങ്ങള്‍ക്കിടയില്‍ അവര്‍ വെറും വൈക്കോല്‍ തുരുമ്പുകളെപ്പോലെ നിസ്സാരരും നിസ്സഹായരുമായി ചവിട്ടിമെതിക്കപ്പെടുന്നു. ഇവരെയാണ് സൈനിക ഭാഷയില്‍ കാനന്‍ ഫോഡര്‍ എന്നു പറയുന്നത്. മലയാളത്തില്‍ പീരങ്കത്തീറ്റകള്‍. ഈ പീരങ്കിത്തീറ്റകളുടെ ദുര്യോഗമാണ് സാധാരണക്കാരായ 99.99 ശതമാനം മുസ്‌ലിംകള്‍ക്കും സാമുദായിക രാഷ്ട്രീയമെന്ന ഭീകരയന്ത്രം സമ്മാനിക്കുന്നത്. രാഷ്ട്രീയം അതുകൊണ്ടു പ്രയോജനമുള്ളവരുടെ മാത്രം ബാധ്യതയും സാധ്യതയുമാണ്. പോസ്റ്ററൊട്ടികള്‍ക്കും തെരുവില്‍ പൊരിവെയിലത്ത് ഓരിയിടുന്നവര്‍ക്കും ആര്‍ക്കോവേണ്ടി ചാവേറാവുന്നവര്‍ക്കും ഈ രാഷ്ട്രീയം കൊണ്ട് എന്തു മെച്ചം? നമസ്‌കാരവും നോമ്പും സത്യസന്ധതയും സാഹോദര്യവും ഇഖ്‌ലാസ്വും കുടുംബവും കുടുംബബന്ധവും മനുഷ്യത്വവുമാണ് ഇതിനായി പുറപ്പെടുന്നവര്‍ക്ക് ഒന്നാമതായി ബലിയിടേണ്ട ഉരുപ്പടികള്‍. ഗീബത്തും നമീമത്തും മാത്രമല്ല, കളവും ദുരാരോ പണവും ഫര്‍ള്വായ ഒരു കലയാണ് ഇന്നത്തെ ഈ രാഷ്ട്രീയം. ഇബ്‌ലീസ് അവരുടെ കൈകളില്‍ പല വര്‍ണങ്ങളിലുള്ള കൊടിയും വായില്‍ വലിയ വലിയ മുദ്രാവാക്യങ്ങളും നല്കി മാറി നില്‍ക്കുന്നു. സമുദായം പരസ്പരം തെറിവിളിച്ചു തൊണ്ടകീറിയും മണ്ട തല്ലിപ്പൊളിച്ചും ചത്തുതീരുന്നു. ഇബ്‌ലീസ് ചിരിക്കുന്നു. മന്ത്രിയും എം.പിയും എം.എല്‍.എയും പഞ്ചായത്തു മെമ്പറുമായി രാഷ്ട്രീയ നേതാക്കള്‍ സമുദായത്തെ കണക്കിനു പറ്റിച്ചെന്ന ഭാവത്തോടെ ഇബ്‌ലീസിനൊപ്പം കൊലച്ചിരി ചിരിക്കുന്നു. സംഘടനകള്‍ ഇവരുടെ ഫീഡിങ് സ്റ്റഫ് ആക്കി സമുദായത്തെ മാറ്റി അവരുടെ റിക്രൂട്ടിങ്ങ് ഏജന്റ് ആയി മാറുന്നു. രാഷ്ട്രീയവാദികളും അരാഷ്ട്രീയവാദികളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഫലത്തില്‍ ഇതില്‍ തുല്യപങ്കാളികളാണ്. മതസംഘടനകളോ ഇവരുടെ കുഴലൂത്തുകാരും.
എന്താണ് അസ്വബിയ്യത്? അലിയ്യിബ്‌നു ഹുസൈന്‍ (റ) പറയുന്നു, ''സ്വന്തം ജനവിഭാഗത്തിലെ നീചന്മാരെ ഇതര ജനവിഭാഗങ്ങളിലെ മാന്യന്മാരെക്കാള്‍ നല്ലവരായി കാണുന്നതാണു കുറ്റകരമായ അസ്വബിയ്യത്ത്.''
ഇസ്‌ലാം അസ്വബിയ്യതിന് എതിരാണ്. സംഘടനകളിലൊന്നിലും പെടാത്തവരെ സംഘടനക്കാര്‍ ഇപ്രകാരമാണ് ഇന്നും ടാര്‍ഗെറ്റ് ചെയ്യുന്നത്. കലഹത്തിന്റെയും കലാപത്തിന്റെയും കാലത്തു കലാപകാരികളുടെ പക്ഷത്തും തുടര്‍ന്ന് അധികാരത്തില്‍ വരുന്ന സ്വേച്ഛാധിപതികളുടെ കാലത്ത് അവരുടെ കൂടെയും മാറിമാറി നിലയുറപ്പിച്ച അറബ് ചരിത്രത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ പൈശാചികതയില്‍ നിലയുറപ്പിച്ച മതസംഘടനകള്‍. മുസ്‌ലിംകളെയും ഇസ്‌ലാമിനെയും രക്ഷിക്കാനെന്നു പറഞ്ഞാണ് അവര്‍ രൂപംകൊള്ളുന്നത്. എന്നാല്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപഹസിക്കുകയും അപായപ്പെടുത്തുകയുമാണ് സംഘടനകള്‍ ഫലത്തില്‍ ചെയ്യുന്നത്. അവരുടെ ഉള്ളിലുള്ളതും അവര്‍ പരസ്പരം വെച്ചുപുലര്‍ത്തുന്നതും പഴയ ജാഹില്ലിയ്യത്തും അസ്വബിയ്യത്തും അതിന്റെ കുടിപ്പകയും തന്നെയാണ്. അസ്വബിയ്യത് ഇല്ലാത്ത മുസ്‌ലിം സംഘടനയില്ല. വിഭാഗീയത, ഇടുങ്ങിയ മനസ്ഥിതി, പക്ഷപാതിത്വം, വര്‍ഗീയത, ദുരഭിമാനം എന്നിങ്ങനെയാണ് അസ്വബിയ്യതിന്റെ ലക്ഷണങ്ങള്‍. സംഘടനകളുടെ ഭരണഘടനകളില്‍ എന്തെഴുതിവെച്ചാലും ഫലത്തില്‍ എല്ലാം ഒരേ വാര്‍പ്പിലാണ് പോകുന്നത്.
നബി (സ) പറഞ്ഞു, ''അസ്വബിയ്യത്തിലേക്കു ക്ഷണിച്ചവര്‍ നമ്മില്‍ പെട്ടവരല്ല, പക്ഷപാതിത്വത്തിന്റെ പേരില്‍ യുദ്ധത്തിലേര്‍പ്പെട്ടവന്‍ നമ്മില്‍ പെട്ടവനല്ല. പക്ഷപാതിത്വത്തിന്റെ പേരില്‍ മരിച്ചവനും നമ്മില്‍ പെട്ടവനല്ല.'' (അബൂദാവൂദ്)
അസ്വബ്ബിയ്യത് ജാഹിലിയ്യത്ത് തന്നെയാണ്. എവിടെ ജാഹിലിയ്യത്തുണ്ടോ അവിടെനിന്ന് ഇസ്‌ലാം ഒഴിപ്പിക്കപ്പെടുന്നു. അവിടെ കിരാത മനഃസ്ഥിതിയും പ്രാകൃതത്വവും പുനര്‍ജ്ജനി കൊള്ളുന്നു. നബി (സ) പറഞ്ഞു,
''അണുമണിത്തൂക്കം പക്ഷപാതിത്വം ആരുടെയെങ്കിലും മനസ്സിലുണ്ടായാല്‍ അന്ത്യദിനത്തില്‍ ജാഹിലിയ്യത്തിലെ അഅ്‌റാബികളോടൊപ്പം അല്ലാഹു അവരെ ഉയര്‍ത്തെഴുന്നേല്പിക്കുന്നതാണ്.''
അവര്‍ ഭൂമുഖത്തെ ഏറ്റവും കിരാതന്മാരായ പ്രാകൃതവര്‍ഗത്തിനു തുല്യമാണെന്നര്‍ത്ഥം.
മറ്റു സംഘടനക്കാരുടെയും ദുര്‍ബല വ്യക്തികളുടെയും പള്ളിയും മദ്രസകളും അറബിക്കോളെജുകളും മഖ്ബറകളും പിടിച്ചെടുക്കല്‍, ജുമുഅ സമയത്തെ കൈയാങ്കളി, ഓരോരുത്തരും അവനവന്റെ ഹിലാല്‍ സംഘടനാ അടിസ്ഥാനത്തില്‍ കണ്ടു നിശ്ചയിക്കല്‍, മറ്റു സംഘടനക്കാരും ഒരു സംഘടനയിലും പെടാത്തവരും കണ്ട ഹിലാല്‍ സനദ് പോരെന്നു പറഞ്ഞു നിഷേധിക്കല്‍, പാതിരാപ്രസംഗങ്ങളിലെ അപവാദ പ്രചാരണം, ഇതര സംഘടനകള്‍ക്കെതിരേ നടത്തുന്ന ഗൂഢാലോചനകള്‍, കുശുകുശുപ്പുകള്‍, ഒറ്റുകള്‍; എല്ലാ അസ്വബിയ്യത്തിന്റെ പേക്കോലങ്ങള്‍ തന്നെ. സംഘടനാ ആസ്ഥാനങ്ങള്‍ ഗൂഢാലോചനാകേന്ദ്രങ്ങളായി മാറുകയാണ്. അസ്വബിയ്യത്തും ഫിര്‍ഖത്തുമല്ലാതൊന്നും അവിടെനിന്നു പുറത്തുവരുന്നില്ല. എന്നല്ല അവര്‍ തന്നെയും അതില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. നേതൃസ്ഥാനത്തിനും കുഞ്ചികസ്ഥാനത്തിനുമായുള്ള വടംവലികളും ലോബിയിങ്ങും അവയ്ക്കകത്തുതന്നെ ഭൂകമ്പങ്ങളുടെ തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഒടുവില്‍ അജീര്‍ണ്ണം അസഹ്യമായി വയര്‍ സ്വയം അതിലെ അഴുക്കുള്‍ പുറന്തള്ളുന്നതുപോലെ അതില്‍നിന്നു കുറേയാളുകള്‍ പുറന്തള്ളപ്പെടുകയോ സംഘടന തന്നെ സ്വയം പൊട്ടിപ്പിളരുകയോ ചെയ്യുന്നു.
ഇവര്‍ സമുദായത്തിനകത്തു പരസ്പര അവിശ്വാസം പടര്‍ത്തുന്നു, പകയും അസൂയയും ശത്രുതയും ഓരോ സംഘടനാ പ്രവര്‍ത്തകന്റെ നെഞ്ചിലും നെരിപ്പോട് തീര്‍ക്കുന്നു. കുടിപ്പകയും കിടമാത്സര്യവും അവരുടെ ആരാധനാ കര്‍മ്മങ്ങളെപ്പോലും ബാധിക്കുന്നു. ഇതിനായി ക്യാമ്പുകളും കാംപെയ്‌നുകളുംവരെ നടത്തുന്നു. അന്യോന്യമുള്ള ഭിന്നതകളുടെ ആഴം വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകം പഠനശിബിരങ്ങളും ശില്പശാലകളും നടത്തുന്നു. ഇതര സമുദായങ്ങള്‍ ഈ സന്നാഹങ്ങള്‍ കണ്ട് ഇത് അവര്‍ക്കെതിരേയുള്ള പടയൊരുക്കത്തിന്റെ മുന്നോടിയാണോ എന്നു തെറ്റുധരിക്കുന്നു. പക്ഷേ, ഇസ്‌ലാമിനെത്തന്നെ പൊളിച്ചടുക്കുകയാണ് ഈ സംഘടനകളുടെ പണിയെന്ന് അവരുണ്ടോ അറിയുന്നു.
നിങ്ങള്‍ സലാം വ്യാപിപ്പിക്കുക എന്നാണ് നബി (സ) പഠിപ്പിച്ചത്. എന്നാല്‍ ഇവര്‍ സലാം ചുരുക്കുകയാണ് ചെയ്യുന്നത്. എന്നല്ല സംഘടനകള്‍ പരസ്പരം സലാം നിരോധിക്കുക പോലും ചെയ്യുന്നു. ഇന്നൊരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനെ കണ്ടാല്‍ സലാം പറയാന്‍ ഭയമാണ്. അവന്‍ സലാം മടക്കുമോ, അതോ ഉള്ളുകൊണ്ട് ലഅ്‌നത് ചൊല്ലുമോ എന്നാണു ഭയം. സംഘടനകള്‍ അത്രത്തോളം മുസ്‌ലിംഹൃദയങ്ങള്‍ വിഷലിപ്തമാക്കിയിരിക്കുന്നു. മുസ്‌ലിം സമുദായത്തെ അത്തരമൊരു ഭയത്തിന്റെ അവസ്ഥയിലെത്തിച്ചവര്‍ ആരായാലും ശരി അവര്‍ക്ക് അല്ലാഹുവിന്റെയും അവന്റെ മക്കുകളുടെയും അവന്റെ ഔലിയാക്കളായ സത്യവിശ്വാസികളുടെയും എക്കാലത്തെയും ലഅ്‌നത്ത് (ശാപം) ഉണ്ടായിരിക്കുമെന്നുറപ്പ്.