സംഘടനയിലൂടെയല്ലാതെ സ്വര്‍ഗത്തിലെത്തില്ലെന്നോ?

എല്ലാം ശരി എന്ന ഒരു ശരിയില്ല, എന്നതുപോലെ എല്ലാവരും ഒരുപോലെ സത്യത്തിലാവുക എന്നതുമില്ല. എന്നാല്‍, വവ്വാലുകളെപ്പോലെയാണ് ചില സംഘടനകള്‍. മൃഗങ്ങളുടെ അടുത്തുവരുമ്പോള്‍ അവ മുഖം കാണിക്കുന്നു. പക്ഷികളുടെ അടുത്തു ചെല്ലുമ്പോള്‍ ചിറകുകാണിക്കുന്നു. സംഘടനകള്‍ അമുസ്‌ലിംകളോടു സംവദിക്കുമ്പോള്‍ അവര്‍ സര്‍വ്വമത സത്യവാദം ഘോഷിക്കുന്നു. അവര്‍ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ഐക്യത്തെക്കുറിച്ചു വാചാലരാകുന്നു. ജാതി മതഭേദമന്യേ മനുഷ്യരുടെ ഐക്യം നല്ലതുതന്നെ. എന്നാല്‍ ഈ വിശാല മനസ്‌കത അവര്‍ മുസ്‌ലിംകളോടു കാണിക്കില്ല. അവിടെ മറ്റുള്ളവരോടു ഭിന്നിക്കാനും അവരെ ഭിന്നിപ്പിക്കാനുമുള്ള സാധ്യതകളാണ് അവര്‍ ആരായുന്നത്. ഒന്നിച്ചുനിന്നുള്ള ഒരു കാര്യത്തിനും അവര്‍ തയ്യാറില്ല. ചിലര്‍ അതിനു പറയുന്ന ന്യായം ഞങ്ങള്‍ക്കു ഭൗതിക താല്‍പര്യങ്ങളില്ല എന്നാണ്. മറ്റു ചിലര്‍ക്കു രാഷ്ട്രീയ താല്‍പര്യങ്ങളില്ല! വേറെ ചിലര്‍ക്കു സാമുദായിക താല്‍പര്യങ്ങളില്ല! എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല. മറ്റുള്ളവരെ അംഗീകരിക്കുകയോ അവരോടു സഹകരിക്കുകയോ അവരെ സഹിക്കുകയോ ഇല്ല എന്നതാണ്. അണികളുടെ മനസ്സും ബോധവും വിശാലമാകുന്നതും അവര്‍ക്കു സാമാന്യബോധവും ലോകവിവരവുമുണ്ടാകുന്നതും അവര്‍ ഭയപ്പെടുന്നു.

മതസംഘടനകളില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമോ?

സംഘടനകള്‍ പിരിച്ചുവിട്ട് അല്‍ ജമാഅത്തിലേക്കു മടങ്ങണമെന്നു പറഞ്ഞാല്‍, മതസംഘടനകളില്ലാതെ എങ്ങനെയാണ് ഇസ്‌ലാം നിലനില്‍ക്കുക എന്നിടത്തോളമായിരിക്കുന്നു അവ മുസ്‌ലിം മനസ്സുകളില്‍ സ്വയമൊരുക്കിയ അനാഥത്വഭീതി. സംഘടനകള്‍ അത്രമാത്രം ഇവരുടെ മനസ്സുകളില്‍ കുടിയേറിയിരിക്കുന്നു. അവര്‍ ചോദിക്കുന്നു: സംഘടനകളില്ലെങ്കില്‍ ഇസ്‌ലാമിക ഭരണകൂടമില്ലാത്ത ഈ രാജ്യത്ത് മുസ്‌ലിംകളെ ആര് നോക്കും? ഇതൊന്നും അറിയാത്തവനായതു കൊണ്ടാണോ അല്ലാഹു നിങ്ങളോട് പല കക്ഷികളായി പിരിയരുതെന്നു വിലക്കിയത്? അല്‍ജമാഅത്ത് മുറുകെ പിടിക്കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ (സ) ഉപദേശിച്ചത്? അല്ലാഹുവും അവന്റെ റസൂലും നടക്കാത്ത കാര്യമാണോ നിങ്ങളോടു പറഞ്ഞത്.

''നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ?'' (ഹുജുറാത് 16)

പ്രശ്‌നം: പറയുന്നതൊക്കെ ശരിതന്നെ. പക്ഷേ, പള്ളികളും സ്ഥാപനങ്ങളുമൊക്കെ ഇപ്പോള്‍ സംഘനടകളുടെ കൈയിലാണ്. ഇതുമായി മുന്നോട്ടുപോയാല്‍ ഞങ്ങള്‍ ഒറ്റപ്പെടില്ലേ. ഉപജീവനം മുട്ടില്ലേ? കുടുംബം പോലും എന്നോടൊപ്പമുണ്ടാകില്ല എന്നു ഞാന്‍ ഭയപ്പെടുന്നു...

ഉത്തരം: ഇപ്പോള്‍, അല്ലാഹു കൂടെയില്ലാത്തതിനാല്‍ ഭയമൊന്നുമില്ല?! ആരാണ് ഇവര്‍ക്കൊക്കെ രിസ്ഖ് നല്കുന്നത്? സംഘനടനകളാണോ? അതോ അല്ലാഹുവോ? ഇവര്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചിരുന്നെങ്കില്‍ അതിന്റെ സദ്ഫലം അവര്‍ക്കു ലഭിക്കുമായിരുന്നു. നേര്‍ഗതി പ്രാപിക്കുകയും ചെയ്യാമായിരുന്ന. എന്നാല്‍, അവരിപ്പോള്‍ അകപ്പെട്ടിരിക്കുന്നത് പരസ്പരം അവിശ്വസിക്കുന്ന, പരസ്പരം അടക്കിവാഴാന്‍ ശ്രമിക്കുന്ന ഒരുതരം പൈശാചിക ശത്രുവലയത്തിലാണ്. ഇതില്‍നിന്നു പുറത്തേക്കുള്ള ഒരു വഴിയെക്കുറിച്ചുള്ള ചിന്തപോലും അവര്‍ക്കു നഷ്ടപ്പെട്ടുകഴിഞ്ഞു. സമാധി പ്രായമായ ഒരു പ്യൂപ്പപോലെ അവര്‍ സ്വയം സംഘടനാപാശംകൊണ്ട് വരിഞ്ഞുമുറുക്കി അസ്തിത്വപരമായി സ്വയം ഇല്ലാതാവാന്‍ ശ്രമിക്കുകയാണ്. നേരേ മറിച്ച് അവര്‍ മനസ്സ് സ്വതന്ത്രമാക്കി അല്ലാഹുവില്‍ ഭരമേല്പിച്ചിരുന്നെങ്കില്‍ അതിന്റെ ഫലം ഇതാകുമായിരുന്നില്ല.

''അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യും.'' (ത്വലാഖ് 3,4)

''വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്നപക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കും. (ത്വലാഖ് 13)

മതസംഘടനകള്‍ക്ക് അസംഘടിത മുസ്‌ലിംകളോടു പുച്ഛം!

മുസ്‌ലിംകളെ ശപിച്ച് അവരുടെ വിധിക്കു വിട്ട്, അമുസ്‌ലിംകള്‍ക്ക് ഹിദായത് എത്തിച്ചുകൊടുക്കുന്ന തിരക്കിലാണ് ചില സംഘടനകള്‍. അവരുടെ ന്യായം ഇതാണ്. ''മുസ്‌ലിം സമുദായം നന്നാവില്ല.'' എന്നാല്‍ 2014 മുതല്‍ ഈ വിഭാഗം കുറ്റിയറ്റുപോയി എന്നാണു മനസ്സിലാവുന്നത്. അവരെ പൊതുഇടങ്ങളിലൊന്നും കാണുന്നില്ല. ഇനി കാണാനും സാധ്യതയില്ല.

ഇതാണ് സംഘടനകളുടെ അസ്തിത്വത്തിനുള്ള ഒന്നാമത്തെ ന്യായം! ഞങ്ങളോ പരിശുദ്ധി പ്രാപിച്ച്, തൗഹീദും തസ്‌കിയത്തും സുന്നത്തും തസ്വവ്വുഫും പൂര്‍ത്തിയായ എല്ലാം തികഞ്ഞ മാലാഖമാരുടെ ഒരു കൂട്ടം!!

അവര്‍ - പരമ്പരാഗത മുസ്‌ലിംകള്‍ - പാരമ്പര്യവും മാമൂലുകളും തീര്‍ത്ത 'ജീര്‍ണതയുടെ അട്ടിപ്പേറില്‍ പെട്ടമര്‍ന്നുപോ യിരിക്കയാണ്.' അതിനാല്‍ പുതുമനസ്സുകളെ തേടാം. അതായത്, പുതുവിശ്വാസികളെ ഉണ്ടാക്കാം. നല്ലകാര്യം തന്നെ. പക്ഷേ, തുടക്കം മുതലേ പിഴവും തുടങ്ങുന്നു. ഈ സമുദായം നന്നാവില്ല എന്ന മുന്‍വിധിയാണ് തുടക്കത്തിലെ പിഴവ്. അത്തരമൊരു ചിന്ത ബിദ്അത്തും സമുദായത്തോടു ചെയ്യുന്ന മഹാപാതകവുമാണ്. സമുദായത്തോടു കൂറും വിശ്വാസവുമില്ലാത്തവര്‍ ഈ സമുദായത്തില്‍ പെട്ടവരാവുകയില്ല. അവരെ സമുദായം വിശ്വാസത്തിലെടുക്കുകയില്ല. അതുകൊണ്ടുതന്നെയാണ് അവരുടെ വാക്കും ക്ഷണവും അവര്‍ മുഖവിലക്കെടുക്കാത്തത്. ഈ സമുദായത്തോടു സ്‌നേഹവും ആദരവും വേണം. അല്ലാതെ അവരോടു പുച്ഛവും നിന്ദയും അവജ്ഞയും തോന്നുന്നവരെ അവര്‍ 'പച്ച'പ്പരവതാനി വിരിച്ചു സ്വീകരിക്കുമെന്നു തോന്നുന്നുണ്ടോ?

ഈ സമുദായത്തിനു പറ്റാത്തവരെ ഇതരസമുദായത്തിനു പറ്റുമെന്നു തോന്നുന്നുണ്ടോ?

ഇവരുടെ ദഅ്‌വത്ത് വിജയിക്കുമെന്നു കരുതുന്നുണ്ടോ? ഇവരുടെ വിചാരം ഇവരുടെ ഇഷ്ടവും ചീട്ടുമനുസരിച്ചാണ് അല്ലാഹു മനുഷ്യര്‍ക്ക് ഹിദായത്ത് നല്കുന്നത് എന്നാണ്.

''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.'' (ഖസ്വസ്-56)

ഹിദായത് മനുഷ്യര്‍ നല്കുന്നതല്ല. അത് അല്ലാഹു പ്രത്യേകം കനിഞ്ഞരുളുന്നതാണ്. മനുഷ്യര്‍ക്ക് എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കില്‍ നൂഹ്‌നബിയുടെ ഭാര്യയും മകനും, ലൂത്വ് നബിയുടെ ഭാര്യയും, ഇബ്‌റാഹീം നബിയുടെ പിതാവും, മുഹമ്മദ് നബിയുടെ പിതൃവ്യന്‍ അബൂത്വാലിബും ഇസ്‌ലാം സ്വീകരിക്കുമായിരുന്നു. ഇവരെല്ലാം ഇക്കാര്യത്തില്‍ അല്ലാഹുവോടു സങ്കടം പറഞ്ഞവര്‍ പോലുമാണ്.

അബൂത്വാലിബ് മരിക്കുന്ന നിമിഷത്തില്‍ പോലും അദ്ദേഹത്തെ ഹിദായത്തിലേക്കു കൊണ്ടുവരാന്‍ നബി ശ്രമിച്ചുനോക്കി. നബിയുടെ ആഗ്രഹം പരിഗണിക്കുന്നതിനുപകരം അല്ലാഹു അബൂത്വാലിബിനെ അദ്ദേഹത്തിന്റെ വിധിക്കു വിടുകയാണ് ചെയ്തത്.

അതെ, തന്നിഷ്ടപ്രകാരം സ്വീകരിച്ച മതത്തില്‍ തന്നെ മരിക്കാനുള്ള അബൂത്വാലിബിന്റെ ഹിതമാണ് അല്ലാഹു പരിഗണിച്ചത്. തെളിക്കുന്ന വഴിയേ പോകാത്തവരെ അല്ലാഹു അവര്‍ പോകുന്ന വഴിയേ തെളിക്കുമെന്നാണ് ഇക്കാര്യത്തില്‍ അല്ലാഹുവിന്റെ നിലപാട്.

''സന്മാര്‍ഗം വ്യക്തമായ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തുനില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (നിസാഅ് 115-73)

നബി (സ) പറഞ്ഞു: ആളുകളില്‍ അല്ലാഹുവിന് ഏറ്റവും കോപമുള്ളവര്‍ മൂന്നു വിഭാഗമാണ്. ഹറമില്‍ നിയമലംഘനം നടത്തുന്നവര്‍, ഇസ്‌ലാമില്‍ ജാഹിലിയ്യതിന്റെ ചര്യയെ ആഗ്രഹിക്കുന്നവര്‍, ന്യായമില്ലാതെ മുസ്‌ലിമിന്റെ രക്തം ചിന്താന്‍ തുനിയുന്നവന്‍. (ബുഖാരി)

ഭൂരിപക്ഷത്തിന്റെ മതം എപ്പോഴും അജ്ഞതയായിരിക്കും. അവരെ അപ്പാടെ മാറ്റിയെടുക്കാനാവുമെന്ന പ്രതീക്ഷയൊന്നും വേണ്ട. കാരണം,

''മനുഷ്യരില്‍ അധികപേരും കാര്യം ഗ്രഹിക്കുന്നില്ല.'' (യൂസുഫ് 40)

ഭൂരിപക്ഷവും എക്കാലത്തും ഈ അജ്ഞതയില്‍ തന്നെ തുടരും. മതപ്രബോധനം നടത്തി ആളെക്കൂട്ടി കാനേഷുമാരിയില്‍ മികവു പുലര്‍ത്തി ഭൂരിപക്ഷ സമുദായമാകാമെന്നും അങ്ങനെ ഇസ്‌ലാമിക ഭരണകൂടമുണ്ടാക്കാമെന്നുമുള്ള വ്യാമോഹത്തിനൊന്നും അല്ലാഹു കൂട്ടുനില്‍ക്കില്ല. അധികാരത്തിന്റെ നിറവില്‍ നില്‍ക്കെയും - ''പ്രബോധനം മാത്രമേ നിനക്കു ബാധ്യതയുള്ളൂ'' എന്നാണ് നബിയോട് അല്ലാഹു പറഞ്ഞത്.

മനുഷ്യരെ സ്വര്‍ഗത്തിലേക്കു വിളിക്കാനാണു പ്രവാചകന്മാര്‍ വന്നത്. ഭരണത്തിലേക്കു വിളിക്കാനല്ല. സ്വര്‍ഗമാണ് പരമലക്ഷ്യം. ഭരണം അതിലേക്കുള്ള ഒരു പാഥേയമാകാം, ആവാതിരിക്കാം. ഒരിക്കലും അതു മുഖ്യലക്ഷ്യമല്ല. പലരും ഇസ്‌ലാമിക പ്രബോധനം നടത്തി നിരാശരാകുന്നത് ഇവിടെയാണ്. 950 കൊല്ലം പ്രബോധനം നടത്തിയ നൂഹ് നബിയുടെ അനുഭവം ഖുര്‍ആന്‍ വിവരിക്കുന്നത് ഈ പശ്ചാത്തലത്തില്‍ നമുക്കു പ്രചോദനമേകണം.

അവരില്‍ മഹാഭൂരിഭാഗവും പാഴ്ജനമായ ബഹുദൈവാരാധകരായിരുന്നു. അതിനാല്‍ അവര്‍ വിശ്വസിച്ചില്ല, അവരെ ഒന്നടങ്കം മുക്കിക്കൊന്നു. ശിഷ്ടജനമോ വിരലിലെണ്ണാവുന്നവര്‍ മാത്രവും! അവരില്‍ നിന്നാണ് ലോകത്തിന്നു കാണുന്ന ജനവിഭാഗങ്ങളും മതവിഭാഗങ്ങളും ഉടലെടുത്തത്. എന്നിട്ടും ഇപ്പോഴും - എന്നല്ല എപ്പോഴും - ഭൂരിപക്ഷം പാഴ്ജനത്തിനു തന്നെയാണ്. വളരെ ചുരുക്കം ചില അനുഗൃഹീത കാലങ്ങളിലൊഴികെ എന്നും അതങ്ങനെത്തന്നെയായിരിക്കും.

ആയിരം പേരില്‍ ഒരാളെ മാത്രമേ അല്ലാഹു സ്വര്‍ഗത്തിലേക്കു പ്രതീക്ഷിക്കുന്നുള്ളൂ. ബാക്കിയത്രയും നരകത്തിലേക്കാണ്. കാരണം, അവര്‍ അല്ലാഹുവിനെയല്ല, അഗ്നിയെയാണ്, പിശാചിനെയാണ്, (സൂര്യനെയും ചന്ദ്രനെയും, മരിച്ചുപോയ പൂര്‍വ്വികരെയും വിശേഷബുദ്ധിയില്ലാത്ത ജന്തുക്കളെയും മരങ്ങളെയും കല്ലുകളെയും ഭൂമിയെയും പ്രകൃതിശക്തികളെയുമൊക്കെയാണ് പൂജിക്കുന്നത്. ഇതെല്ലാം പിശാചിനെ അനുസരിച്ചായതിനാല്‍ അവര്‍ ഫലത്തില്‍ പൂജിക്കുന്നത് പിശാചിനെത്തന്നെയാണ്) അവരുടെ രണ്ട് ആരാധനാ മൂര്‍ത്തികളായ തീയും ചെകുത്താനും - അവ രണ്ടും നരകത്തിലാണല്ലോ ഉള്ളത്. അതിനാല്‍ അവര്‍ അര്‍ഹിക്കുന്നതും അവര്‍ ചോദിച്ചുവാങ്ങുന്നതും നരകംതന്നെ. നിങ്ങള്‍ പൂജിക്കുന്നതെന്തോ അതാണ് നിങ്ങള്‍ അര്‍ഹിക്കുന്നത്.

അവരുടെ മതം പിന്‍പറ്റിയാല്‍

''സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തുനില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (നിസാഅ് 115 -73)

ഇവിടെ ശിര്‍ക്ക് ചെയ്താല്‍ എന്നോ, അവിശ്വസിച്ചാല്‍ എന്നോ ഒന്നും അല്ലാഹു പറഞ്ഞിട്ടില്ല. സത്യം ബോധ്യമായിട്ടും റസൂലിനെ എതിര്‍ത്തു, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടര്‍ന്നു എന്നാണ് ഇവരുടെ കുറ്റമായി ഇവിടെ എടുത്തുപറഞ്ഞത്.

ഇപ്പോള്‍ പ്രവാചകന്‍ ഇവിടെ ജീവിച്ചിരിപ്പില്ലല്ലോ. അവിടുന്ന് മറ്റൊരു ലോകത്താണുള്ളത്. പകരമായി ഇവിടെ ബാക്കിയുള്ളത് അവിടുത്തെ ചര്യയാണ്. ആ ചര്യയനുസരിച്ചു ജീവിക്കുന്ന മുസ്‌ലിം സമൂഹവും. ആ സമൂഹത്തെ കൈവെടിയുകയും തള്ളിപ്പറയുകയും അവരുടെതല്ലാത്ത മാര്‍ഗം സ്വീകരിച്ചു മറ്റൊരു വഴി തിരഞ്ഞെടുക്കുകയും ചെയ്യുന്നവനെ അല്ലാഹു ആ വഴിക്കുതന്നെ തിരിച്ചുവിടുമെന്നാണ് അല്ലാഹു തന്നെ പറയുന്നത്. പ്രത്യക്ഷത്തില്‍ അത് ഏതു വഴിയായാലും അതു ശരിയല്ലാത്ത വഴിയാണെന്നു തുടര്‍ന്നുള്ള സൂക്തഭാഗത്തില്‍നിന്നു വ്യക്തമാകുന്നു. കാരണം, ''അവനെ നരകത്തിലിട്ടു കരിക്കും.'' എന്നാണ് അല്ലാഹു പറയുന്നത്.