എന്താണ് അല്‍ജമാഅത്? അല്‍ജമാഅത്തിനെ എങ്ങനെ തിരിച്ചറിയാം?

ഞാനും നിങ്ങളും അടക്കമുള്ള ഓരോ മുസ്‌ലിമും അതിലെ സ്വാഭാവിക അംഗമാണ്. കടല്‍ എവിടെയെന്ന് അതിലിറങ്ങിയ ഒരാള്‍ ചോദിക്കുന്നതു പോലെയാണിത്. അയാള്‍ വെള്ളം മാത്രമേ കാണുന്നുള്ളൂ. അതെ, അതിലെ ഓരോ ജലത്തുള്ളിയും കടലാണ്. ആ ജലത്തുള്ളി കടലില്‍ വീണാലും അത് അതില്‍നിന്ന് എടുത്തു മാറ്റിയാലും കടല്‍ കടല്‍ തന്നെ. സംഘടനകള്‍ അതിലെ ജലം എത്ര അവരുടെ കുടത്തില്‍ കോരിയെടുത്തു കൊണ്ടുപോയാലും കടല്‍ കടലല്ലാതിരിക്കില്ല. അവരുടെ കുടത്തിലുള്ള വെള്ളം എത്ര പെരുകിയാലും അതു കടലാവുകയുമില്ല. ജലത്തുള്ളി കടലായി നില്‍ക്കുമ്പോഴാണ് അത് ശക്തവും ഗംഭീരവുമാകുന്നത്. അതു കടലില്‍നിന്നു വിട്ടകന്നാല്‍ ബാഷ്പീകരിച്ച് ആവിയായി ഒന്നുമല്ലാതായിപ്പോകും.

''തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു.'' (ആലു ഇംറാന്‍ 19)

അതിനാല്‍, അതില്‍ വിശ്വസിച്ചവരെല്ലാം അല്‍ജമാഅത്തിലെ സ്വാഭാവിക അംഗങ്ങളാണ്. അവര്‍ മുസ്‌ലിംകളാണ്. അവരാണ് മുസ്‌ലിം സമുദായം. അഥവാ അല്‍ജമാഅത്ത് എന്നാല്‍ മുസ്‌ലിം സമുദായം തന്നെയാണ് - അല്‍ഉമ്മത്തുല്‍ മുസ്‌ലിമ. അതിലെ അംഗങ്ങള്‍ക്കു മുസ്‌ലിം എന്നു പറയുന്നു. അവര്‍ ഒരു സമുദായമാണ്. ഏക സമുദായം. അല്ലാഹു തന്നെയാണ് അവരെക്കുറിച്ച് ഇതു പറഞ്ഞത്:

''(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും.'' (അല്‍അന്‍ബിയാഅ് 92)

അതായത്, 'അല്‍ജമാഅത്' എന്നാല്‍ ഇസ്‌ലാം തന്നെയാണ്. മുസ്‌ലിംകള്‍ക്ക് ഇതല്ലാത്ത മറ്റൊരു ജമാഅത്ത്, മറ്റൊരു സംഘടനാ രൂപം ആവശ്യമില്ല, പാടില്ല. ഇസ്‌ലാമാകുന്ന മതം മുറുകെ പിടിച്ചവരാണ് അല്‍ജമാഅത്ത് ആകുക. മുമ്പവര്‍ പരസ്പരം ശത്രുക്കളായി വിവിധ ചേരികളിലായിരുന്നു. ഇസ്‌ലാം അവരെ ഐക്യപ്പെടുത്തി. ഇനിമേല്‍ ആ സമാജത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ അവര്‍ക്കു പാടില്ല. അങ്ങനെ ചെയ്താല്‍ അവര്‍ക്കു കനത്ത ശിക്ഷ ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍, വിശ്വാസത്തിനുശേഷം അവിശ്വാസം സ്വീകരിച്ചവരാണവര്‍, അതായത്, മതത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കി ഭിന്നിച്ചുപോയവര്‍. അവര്‍ അല്ലാഹുവിനെക്കാള്‍ സ്വന്തം താല്‍പര്യത്തെ തിരഞ്ഞെടുത്തവരാണ് - അവരുടെ പദവിഅവിശ്വാസികളുടെതാണ്. മനുഷ്യര്‍ക്കു മുഴുവനായി നിയുക്തരായ ഈ സമൂഹം ഭിന്നിക്കാന്‍ പാടില്ലതന്നെ.

''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്... അവന്‍ നിങ്ങളുടെ മനസ്സുകള്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി മാറി...വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയശേഷം പല കക്ഷികളായി പിരിഞ്ഞു ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്...മനുഷ്യര്‍ക്കായി രംഗത്തു കൊണ്ടുവന്ന ഉത്തമ സമുദായമാണു നിങ്ങള്‍.'' (ആലുഇംറാന്‍ 103-110)

ഒന്നിച്ചുനില്‍ക്കുന്ന അത്തരമൊരു സമൂഹത്തിന് അല്ലാഹുവിന്റെ സഹായമുണ്ടാകും. അവര്‍ എത്ര സൂക്ഷ്മന്യൂനപക്ഷമായാലും, എത്രമാത്രം അടിച്ചമര്‍ത്തപ്പെട്ടവരായാലും അല്ലാഹു അവരെ ക്രമപ്രവൃദ്ധമായി വളര്‍ത്തിയെടുത്തു ശത്രുക്കളെക്കാള്‍ മികവുറ്റവരാക്കും. എന്നല്ല, ശത്രുക്കളെ അതിജയിച്ചു മുന്നോട്ടു പോകുന്നവര്‍ തന്നെയാകും അവര്‍. അല്ലാഹു ഉദാഹരിച്ചതുപോലെ:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. ''അല്ലാഹുവിലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട്?'' എന്ന് മര്‍യമിന്റെ മകന്‍ ഈസാ ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ''ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്.'' അപ്പോള്‍ ഇസ്രായീല്‍ സന്തതികളിലെ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരുവിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രു വിനെതിരേ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരാവുകയും ചെയ്തു.'' (സ്വഫ്ഫ്- 9)

മുസ്‌ലിംകളുടെ ഐക്യത്തെക്കുറിച്ചും അവര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിനെക്കുറിച്ചുമുള്ള ഖുര്‍ആന്‍ വചനങ്ങളും നബി വചനങ്ങളും അനേകമാണ്. സമുദായത്തിനകത്തു പില്‍ക്കാലത്തു വരാന്‍പോകുന്ന വിഭാഗീയതകളെക്കുറിച്ച് അല്ലാഹുവിനും അവന്റെ ദൂതനും അറിയാമായിരുന്നു. ആ വിഭാഗീയതക്കു പിന്നില്‍ ആരാണു പ്രവര്‍ത്തിക്കുകയെന്നും.

എല്ലാവരെയും എല്ലാ കാര്യവും നമുക്കു ബോധ്യപ്പെടുത്താന്‍ കഴിയില്ല. അല്ലാഹുവിന്റെ തൗഫീഖ് ഉള്ളവര്‍ മാത്രമേ ബിദ്അത്തില്‍നിന്നു മുക്തരാവുകയുള്ളൂ. ബിദ്ഈ സംഘനടകള്‍ക്ക് എന്തായാലും ഈ ഉതവി ലഭിക്കുകയില്ല. കാരണങ്ങള്‍ നാം ഇതിനകം വിശദീകരിച്ചുകഴിഞ്ഞു.

ബിദ്ഈ സംഘടനടകളെ എങ്ങനെ തിരിച്ചറിയാം?

ബിദ്ഈ സംഘടനകളെ അവയുടെ താഴെ പറയുന്ന ലക്ഷണങ്ങളില്‍നിന്നു തിരിച്ചറിയാം, അവയുടെ സ്വഭാവമിങ്ങനെയാകും:

1. മറ്റൊരു സംഘടനയെയും (സംഘടന ഇല്ലാത്തവരെയും) അവര്‍ അംഗീകരിക്കുകയില്ല.

2. മറ്റൊരു സംഘടനയുടെയും (സംഘടന ഇല്ലാത്തവരുടെയും) നന്മകള്‍ അവര്‍ കാണുകയില്ല.

3. മറ്റൊരു സംഘടനയുടെയും (സംഘടന ഇല്ലാത്തവരുടെയും) തിന്മകള്‍ അവര്‍ ചികഞ്ഞുനോക്കി തിരഞ്ഞുപിടിച്ച് കാണാതിരിക്കില്ല. എന്നാല്‍, സ്വന്തം തിന്മകള്‍ ഒരിക്കലും കാണുകയുമില്ല, സ്വന്തം തിന്മകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചാല്‍ അംഗീകരിക്കുകയില്ല. ആദ്യത്തെതിനെക്കാള്‍ ഇതാണു ഗുരുതരം.

4. നിലവിലുള്ള ഇതര സംഘനടകളടക്കം - അവര്‍ അതുവരെ പ്രവര്‍ത്തിച്ച മാതൃസംഘടന വരെ - സമുദായം മൊത്തത്തില്‍ പിഴവിലാണ് എന്നതാണ് അവയുടെ അസ്തിത്വത്തിനു ന്യായമായി അവര്‍ പറയുക. അതിനാല്‍ സ്വയം പിഴച്ചുപോകാതിരിക്കാന്‍ പുതിയ സംഘടന ("സ്വാലിഹീങ്ങളുടെ ഒരു ഫിഅഃ") രൂപീകരിക്കേണ്ടിവന്നു എന്നാണവര്‍ ന്യായം ബോധിപ്പിക്കുക. എന്നാല്‍, തങ്ങള്‍ മാത്രം പിഴവിലല്ലെന്നും അവര്‍ എപ്പോഴും വാദിക്കും.

5. തന്റെ സംഘടനയിലെ അണികളെ മറ്റൊരു സംഘടനയിലും പ്രവര്‍ത്തിക്കാനോ, അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര നല്ലതായാലും അതിനോടു സഹകരിക്കാനോ അനുവദിക്കില്ല. അവ സമാനമോ അതിലും മികച്ചതോ ആയ ആശയം പുലര്‍ത്തുന്നവയാണെങ്കിലും.

6. തങ്ങളുടെ അണികള്‍ മറ്റുള്ളവരെ കേള്‍ക്കുന്നത് അവരിഷ്ടപ്പെടുകയില്ല. അവര്‍ അവരുടെ ഏകപക്ഷീയ ശ്രോതാക്കളാകണമെന്നു നേതൃത്വം ശഠിക്കുന്നു.

7. സംഘടനാ പ്രവര്‍ത്തനം തന്നെയാണ് പ്രബോധനപ്രവര്‍ത്തനമെന്നു സ്വയം കരുതുകയും അണികളെ അവര്‍ ധരിപ്പിക്കുകയും വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

8. വിഭാഗീയമായ അവരുടെ ഈ ചെയ്തികളില്‍ അവര്‍ വളരെയേറെ സംതൃപ്തരാണ്. അവരെ സംബന്ധിച്ചിടത്തോളം അക്കാര്യത്തില്‍ അവര്‍ 'ന്യായം' തികഞ്ഞവരുമാണ്.

9. തങ്ങള്‍ മാത്രമാണ് 'രക്ഷിക്കപ്പെട്ടവര്‍' എന്നു കരുതുന്നു. മറ്റുള്ളവരൊക്കെ 'പിഴച്ചുപോയവരും, നരകത്തിലേക്കു തങ്ങള്‍ തീറെഴുതിക്കൊടുത്ത 72' വിഭാഗത്തില്‍ പെട്ടുപോയവരുമാണെന്നും വിശ്വസിക്കുന്നു.

10. പള്ളിയും മദ്രസയും യതീഖാനയും പത്രവും പള്ളിക്കൂടവുമെല്ലാം - രാഷ്ട്രീയ പാര്‍ട്ടി ഓഫീസുപോലെ, പാര്‍ടി പത്രം പോലെ - തങ്ങളുടെ ഉടമസ്ഥതയില്‍ സ്വന്തമായി വേണമെന്നു ശഠിക്കുന്നു. മറ്റുള്ളവരോടാരോടും ഇത്തരം ഒരു വിഷയത്തിലും അവര്‍ സഹകരിക്കുകയില്ല. മറിച്ച് അവരെ എതിര്‍ത്തും നിന്ദിച്ചും പരിഹസിച്ചും അകറ്റിനിര്‍ത്തുകയും അവരില്‍നിന്നു സ്വയം അകന്നു നില്‍ക്കുകയും ചെയ്യും.

11. നേരിട്ടും പരോക്ഷമായി കുറ്റപ്പെടുത്തിയും ഖുത്വ്ബകളിലും വഅള്വുകളിലും മറ്റും കുത്തിനോവിച്ചും അവമതിച്ചും ഇടിച്ചുതാഴ്ത്തിയും മറ്റുള്ളവരെ തങ്ങളുടെ പള്ളികളില്‍നിന്നുപോലും അവര്‍ മാനസികമായും ശാരീരികമായും വിരട്ടിയോടിക്കുന്നു. മറ്റു മുസ്‌ലിംകളെ പിഴച്ചുപോയ ശത്രുക്കളായി കാണുന്നു. അവര്‍ക്ക് അല്ലാഹു അവരുടെ പിഴവുകാരണം തങ്ങള്‍ ആയപോലെ ഹിദായത്തിലാവാന്‍ ഭാഗ്യം നല്കിയിട്ടില്ലെന്നും!

13. സമുദായം നേരിടുന്ന പൊതുപ്രശ്‌നങ്ങളില്‍ പോലും അവര്‍ പരസ്പരം സഹകരിക്കുന്നതിനു വിമുഖത കാണിക്കുന്നു. അവിടെ മുഖ്യഎതിരാളി ആ കൂട്ടായ്മയിലുണ്ടെങ്കില്‍ എത്ര ന്യായമായ ആവശ്യമാണെങ്കിലും കിടമാത്സര്യം കാരണം അവര്‍ നിസ്സഹകരണം പ്ര്യാപിക്കുന്നു.

14. സംവാദങ്ങളില്‍ അവര്‍ സത്യം ബോധിപ്പിക്കുന്നതിനും, സത്യം - അതു എത്ര തന്നെ ബോധ്യമായാലും - സമ്മതിക്കാന്‍ തയ്യാറാവുന്നതിനും പകരം എതിരാളികളെ അടിച്ചിരുത്താനാണു ശ്രമിക്കുക. ന്യായം സ്വീകരിക്കുന്നതിനുപകരം ന്യായീകരണം നിര ത്തനാണ് അവര്‍ ശ്രമിക്കുക. എതിരാളികള്‍ മികച്ചു നിന്നാല്‍ അതു തങ്ങളുടെ ആദര്‍ശത്തിലെ പിഴവല്ല, കുതര്‍ക്ക കലയിലെ തങ്ങളുടെ ഭാഗത്തെ പോരായ്മ മാത്രമായി ചിത്രീകരിച്ചു വാദത്തില്‍ തോറ്റുപോയാല്‍ തല്ലും പിടിയുമുണ്ടാക്കി കലാപം സൃഷ്ടിച്ചും അതിന്റെ മറവില്‍ തടിതപ്പാനാണ് അവര്‍ ശ്രമിക്കുക. അതായത്, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത സത്യം അവര്‍ അംഗീകരിക്കുകയില്ല.

15. ഈ സംഘടനയില്ലെങ്കില്‍ തങ്ങള്‍ തികഞ്ഞ പിഴവിലാകുമെന്ന് അണികളെ അവര്‍ വളരെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കുന്നു. അവരുടെ നിലപാടു പ്രകാരം മറ്റെല്ലാവരും നേരത്തേ പിഴവിലാണല്ലോ. മറ്റു സംഘടനകളെ അവര്‍ ശത്രുരാജ്യമായാണു കാണുന്നത്.

16. സംഘടനകള്‍ പരസ്പരം പാരവെക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്നു. സഹോദരസംഘടനകള്‍ക്കെതിരേ ഭരണകൂടത്തെവരെ കൂട്ടുപിടിച്ച് അവര്‍ ഉപചാപങ്ങള്‍ നടത്തുന്നു, ഒറ്റുകൊടുക്കുന്നു. ഭരണകൂടത്തെ കൂട്ടുപിടിച്ച് അവരുടെ യോഗങ്ങളും സമ്മേളനങ്ങളും തടയുന്നു. പത്രങ്ങള്‍ പൂട്ടിക്കുന്നു. പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലിടക്കാന്‍ ഭരണകൂടവുമായി ഗൂഢാലോചന വരെ അവര്‍ നടത്തിയേക്കും.

17. സഹോദര സംഘടനളോടു ശത്രുത കാണിക്കുമ്പോഴും അസൂയയോടെ അവര്‍ പലതിലും പരസ്പരം അനുകരിച്ചുനോക്കുകയും ചെയ്യുന്നു.

18. നിരന്തരം ക്ലാസുകളും പരിശീലന കളരികളും വാര്‍ഷികമഹാ സമ്മേളനങ്ങളും മറ്റും ഏര്‍പ്പെടുത്തി തങ്ങള്‍ കാര്യമായി ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തുകയാണെന്ന് അണികളെ തെറ്റിദ്ധരിപ്പിക്കുന്നു.

19. സഹോദരസംഘടനകളുടെ ആശയത്തില്‍ ആകൃഷ്ടരാവാതിരിക്കാന്‍ അണികളെ ആട്ടിന്‍കൂട്ടം കണക്കെ അവര്‍ വേലികെട്ടി പരസ്പരം വേര്‍തിരിച്ചു സംരക്ഷിച്ചു നിര്‍ത്തുന്നു. ഇതിനായി സകാതും സ്വദഖയും ജീവകാരുണ്യ പ്രവര്‍ത്തനവും വിദ്യാലയ പ്രവേശനവും തങ്ങള്‍ക്കു സ്വാധീനമുള്ള സ്ഥാപനങ്ങളിലെ ജോലിയുമെല്ലാം സംഘടനയിലെ അംഗങ്ങള്‍ക്കുള്ളില്‍ പരിമിതമാക്കുന്നു.

20. സഹോദര സംഘടനകളിലെ സഹോദരന്മാരെക്കാള്‍ അവര്‍ ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കള്‍ക്കു മുന്‍ഗണന നല്കുന്നു. എന്നല്ല, വിശ്വാസികളോടെന്നതിനെക്കാള്‍ അവിശ്വാസികളോടാവും അവര്‍ക്കു കൂടുതല്‍ സ്‌നേഹവും അടുപ്പവും ആദരവും പരിഗണനയും സഹവര്‍ത്തിത്വവും. തങ്ങളുടെ സംഘടനക്കു പുറത്തുള്ള മുസ്‌ലിംകളോട് എപ്പോഴും അവര്‍ക്കു പുച്ഛവും അവജ്ഞയും വെറുപ്പുമായിരിക്കും. (ഉള്ളില്‍ പലപ്പോഴും അസൂയയും).

21. സംഘടന ഒടുവില്‍ മതത്തിനുള്ളിലെ മറ്റൊരു മതമായി മാറുകയും പരസ്പരം അവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു തങ്ങളുടെ യഥാര്‍ത്ഥ രൂപീകരണ ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ അവരുടെ സ്ഥാപക നേതാവ് സായൂജ്യമടയുന്നു.

മേല്‍പ്പറഞ്ഞ സ്വഭാവം നിങ്ങളുടെ സംഘടനയ്ക്കുണ്ടോ? എങ്കില്‍ ലക്ഷണമൊത്ത ഒരു ബിദ്ഈ സംഘടനയിലാണു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ സമുദായം ഒരു ശരീരമാണ്. അതിലെ ഓരോ അംഗവും ഓരോ നാടും ഓരോ രാജ്യവും ആ ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ മാത്രമാണ്. അവയൊന്നും അതില്‍നിന്നു വേറിട്ടുനില്‍ക്കുന്ന പ്രത്യേക അസ്തിത്വങ്ങളല്ല. അങ്ങനെ വേറിട്ടുപോയാല്‍ വേറിട്ടുപോയ അവയങ്ങളും ശരീരവും തമ്മിലുള്ള ബന്ധമേ അവര്‍ തമ്മിലുണ്ടാവൂ; അല്ലാതെ, ജീവനുണ്ടണ്ടാവില്ല.

ഇതാണ് അല്‍ ഉമ്മതുല്‍ മുസ്‌ലിമഃ; അതു തന്നെയാണ് അല്‍ജമാഅഃ. ഐക്യവും സമാജബോധവുമാണ് അതിനെ രൂപപ്പെടുത്തുന്ന ജനിതകം. ഇത് അതില്‍ സന്നിവേശിപ്പിച്ചത് അതിന്റെ ഉപജ്ഞാതാവായ അല്ലാഹു തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി ഈ ബിദ്ഈ മത സംഘടനകള്‍ രൂപം കൊള്ളുന്നതിനു മുമ്പും ഇസ്‌ലാം അതിന്റെ പരമവിശുദ്ധിയില്‍ തന്നെ ഇവിടെയുണ്ടായിരുന്നു. ആവശ്യമായിടത്ത് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു. 1920കള്‍ക്കു മുമ്പും മലയാളത്തില്‍ ഖുത്ബ പറയുന്ന പള്ളികള്‍ കേരളത്തിലുണ്ടായിരുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. ചൂടേറിയ സംവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

എന്നാല്‍, അവയൊന്നുംതന്നെ ഇന്നത്തെ ബിദ്ഈ സംഘടനകളുടെ രൂപം പ്രാപിച്ചില്ല. അവയെല്ലാം പണ്ഡിതന്മാരില്‍ ഒതുങ്ങിനിന്നു. അറിവിന്റെയും സമുദായത്തിന്റെയും സര്‍വതോന്മുഖ വികാസത്തിനാണ് അതു കാരണമായത്.

1430 വര്‍ഷം പഴക്കമുള്ള ഈ സ്വാഭാവിക സമാജബോധത്തെ കൊല ചെയ്തുകൊണ്ടാണ് മതസംഘടനകളുടെ രംഗപ്രവേശമുണ്ടായത്. ഈ മതസംഘടനകളില്ലാതായാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സമുദായത്തിന്റെ മാനവവിഭവശേഷിയും ക്രിയാത്മകശേഷിയും സമയവും ക്രിയാത്മക കാര്യങ്ങള്‍ക്കായി നീക്കിവെക്കാന്‍ കഴിയുമ്പോള്‍ സമുദായം ഏറെ പുരോഗമിക്കുകയും ചെയ്യും. സാമ്രാജ്യത്വ അധിനിവേശ ശക്തികളോടൊപ്പമാണ് സയണിസ്റ്റു കളെയും ഫാസിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും അനുകരിച്ച് അവരുടെ ആശിര്‍വാദത്തോടയും സാമ്പത്തിക രാഷ്ട്രീയ പിന്തുണയോടെയും ഈ വൈതാളിക സംഘടനകള്‍ കടന്നു വന്നത്. വാസ്തവത്തില്‍ അവര്‍ തന്നെയാണല്ലോ ഇവരുടെ യഥാര്‍ത്ഥ പിതാക്കളും.

അതുവരെ മുസ്‌ലിം സമുദായത്തിന് അതിലെ അംഗങ്ങള്‍ തന്നെയാണ് നേതൃത്വം നല്കിപ്പോന്നതും അവര്‍ തന്നെയാണ് അതിനെ പോഷിപ്പിച്ചതും. സംഘടനകള്‍ വന്നപ്പോള്‍ പ്രത്യേക സ്‌പോണ്‍സര്‍മാര്‍ വന്നു. അവര്‍ക്കനുകൂലമായി ഇസ്‌ലാമിക സംജ്ഞകള്‍ മാറ്റിയെഴുതപ്പെട്ടു. സ്‌പോണ്‍സര്‍മാരുടെ മദ്ഹബും മറ്റു മദ്ഹബുകളോടുള്ള തൊട്ടുകൂടായ്മയും സമീപന രീതികളും രാഷ്ട്രീയ നിലപാടുകളും ഇവിടെ സംഘടനാ രൂപത്തില്‍ പരിഷ്‌കാരപ്രവര്‍ത്തനങ്ങളുടെയും മതസംസ്‌കരണപ്രവര്‍ത്തനങ്ങളുടെയും മറവില്‍ അടിച്ചേല്പിക്കപ്പെട്ടു. ഇതൊക്കെ ബോധപൂര്‍വ്വം ഇവര്‍ ചെയ്തു എന്നു നാം പറയുന്നില്ല. കുടില സാമ്രാജ്യത്വശക്തികളുടെയും സയണിസ്റ്റുകളുടെയും നൂല്‍പ്പാവകളും കരുക്കളുമായി ഇവര്‍ ചൂഷണം ചെയ്യപ്പെട്ടതാവാം.

മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും ഇസ്‌ലാമിനെ നശിപ്പിക്കാനും ഇബ്‌ലീസ് ഏത് ആയുധവും പ്രയോഗിക്കും. അവസാനകാലത്ത് അവന്‍ 'യഥാര്‍ത്ഥ' തൗഹീദിന്റെയും 'ബിദ്അത്ത്' വിരോധത്തിന്റെയും പേരുപറഞ്ഞുപോലും രംഗം കൈയടക്കിയെന്നും വരാം.

ഹിദായത്ത് നല്കിയതിന് അല്ലാഹുവിനോടു നന്ദിയുള്ളവര്‍ തമ്മിലേ ഐക്യവും യോജിപ്പുമുണ്ടാവുകയുള്ളൂ. ഇത് ഇബ്‌ലീസിനുവരെ അറിയാം. അതുകൊണ്ടാണ് മനുഷ്യരെ അവന്‍ നന്ദിയില്ലാത്തവരാക്കിത്തീര്‍ക്കുന്നത്. കുഫ്ര്‍ തന്നെയും നന്ദികേടാണല്ലോ. ഇബ്‌ലീസ് കാഫിറാകുന്നതും ഈ അര്‍ത്ഥത്തിലാണ്. അല്ലാഹു ഇല്ല എന്നോ അല്ലാഹു തന്നെ പടികൂടി വിചാരണ ചെയ്യില്ല എന്നോ പിശാചു കരുതുന്നില്ല. അല്ലാഹു അവനെ ശിക്ഷിക്കുമെന്ന കാര്യത്തില്‍ അവന് ഉറച്ച വിശ്വാസവുമുണ്ട്. അതുകൊണ്ടാണ് അവന്‍ ബദ്‌റില്‍നിന്ന് ഓടിമറഞ്ഞത്. എല്ലാ വഴിക്കും എല്ലാവിധത്തിലും എല്ലാ കാലത്തും എല്ലായിടത്തും നാനാവിധത്തിലും മനുഷ്യനെ അവന്‍ വഴിതെറ്റിക്കുമെന്നു സാരം.

ഇന്നു കാണുന്ന ബിദ്ഈ സംഘടനകള്‍ യൂറോപ്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉപജീവിച്ച് അവയുടെ വാര്‍പ്പ് മാതൃകയില്‍ രൂപം കൊണ്ടവയാണ് എന്നു മുമ്പു സൂചിപ്പിച്ചു. റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി, ജര്‍മനിയിലെ നാത്സി പാര്‍ടി, ഇറ്റലിയിലെ ഫാഷിസ്റ്റ് പാര്‍ടി മുതലായവ പോലെ. ചിലര്‍ക്ക് ഇന്ത്യയിലെ ആര്‍.എസ്.എസ് ആണ് മാതൃക. അതുവരെയുള്ള മുസ്‌ലിംകള്‍ക്ക് ഇങ്ങനെ ഒരു സങ്കല്പം പോലുമുണ്ടായിരുന്നില്ല.

മുമ്പുണ്ടായിരുന്നവയൊക്കെ വിവിധ ചിന്താപ്രസ്ഥാനങ്ങളായിരുന്നു. സംഘടനകളായിരുന്നില്ല. സംഘടനകള്‍ തികഞ്ഞ രാഷ്ട്രീയ പാര്‍ടികളുടെ മാതൃകയിലാണു രൂപം കൊണ്ടത്. അതിനാല്‍ രാഷ്ട്രീയ പാര്‍ടികളുടെ എല്ലാ അവലക്ഷണങ്ങളും അവയില്‍ കാണാം. പാര്‍ടി നേതൃത്വം, പാര്‍ടി ഫണ്ട്, അത് സൂക്ഷിക്കാന്‍ ഓഫീസ്, ബാങ്ക് അക്കൗണ്ട്, നേതാക്കന്മാരെ കുടിയിരുത്താന്‍ ആസ്ഥാനങ്ങള്‍, അണികളെ പാര്‍ടി ആശയങ്ങള്‍ പഠിപ്പിക്കാന്‍ പാര്‍ടി സ്‌കൂള്‍ (അറബിക്കോളജ്), അവര്‍ക്കു പിടിക്കാന്‍ പ്രത്യേക കൊടി, അണികള്‍ മറ്റൊന്നും അറിയാതിരിക്കാന്‍ പ്രത്യേക പത്രം, അവരെയും കൊണ്ട് ഊരുചുറ്റാന്‍ പ്രത്യേക വണ്ടി, എന്നല്ല അവരെ സംരക്ഷിക്കുന്ന പാര്‍ടി ഗുണ്ടകള്‍ക്കുള്ള പ്രത്യേക യൂണിഫോം വരെ ഇതിനനുസരിച്ചു രൂപം കൊള്ളുകയുണ്ടായി.

മുസ്‌ലിംകളില്‍ ഇസ്‌ലാമിനു തുരങ്കം വെച്ചവരാരും അത് അറിഞ്ഞുകൊണ്ടു ചെയ്തതല്ല. അവര്‍ അതു നല്ല കാര്യമായി കരുതിയാണ് ചെയ്തത്. ഇബ്‌ലീസ് അവരെ അങ്ങനെ തെറ്റുധരിപ്പിച്ചു. ത്വരീഖതും തസ്വവ്വുഫും സംഘടനകളും പരിവാരങ്ങളുമെല്ലാം ഒരുപക്ഷേ, ഇങ്ങനെയാവും രൂപംകൊള്ളുക. സമാനമനസ്‌കരായ രണ്ടുമൂന്നുപേരുടെ കൂട്ടായ്മ. ആ കൂട്ടുയ്മയുടെ കുശുകുശുപ്പില്‍നിന്ന് ഒരു സംഘടനയുണ്ടാകുന്നു. ആരോടോ തോന്നിയ പ്രതികാരമോ അവജ്ഞയോ അസൂയയോ ഒക്കെയാവാം ഈ കൂട്ടായ്മക്കു കാരണം.

മദീനയില്‍ മുനാഫിഖുകള്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവര്‍ ഇസ്‌ലാമിനോടു ചെയ്ത ദ്രോഹം ചില്ലറയായിരുന്നില്ല. നിര്‍ണായക സമയത്തെല്ലാം അവര്‍ മുസ്‌ലിംകള്‍ക്കു പാരപണിതും മുസ്‌ലിംകളെ ഒറ്റുകൊടുത്തും പിന്നില്‍നിന്നു കുത്തിയും പിടിപ്പതു പണിയുണ്ടാക്കി. പ്രവാചകനെത്തന്നെയും അവര്‍ പല തവണ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇസ്‌ലാമില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മതസംഘടനയും ആദ്യത്തെ പിളര്‍പ്പന്‍ പള്ളിയും അവരുടെതായിരുന്നു. ഇന്നത്തെ മതസംഘടനകളോട് അതിനു വളരെയേറെ സാമ്യവുമുണ്ടായിരുന്നു.

മുഖ്യധാരയില്‍നിന്നു മാറിനിന്നുകൊണ്ടുള്ള പ്രത്യേക നേതൃത്വം, പ്രത്യേക ആസ്ഥാനം, പ്രത്യേക ശൂറ, പ്രത്യേക അജണ്ട, നിഗൂഢത, മറ്റുള്ളവരെ സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്ക, മുസ്‌ലിംകളെക്കാള്‍ മുസ്‌ലിംകളുടെ ശത്രുക്കളോടുള്ള കടപ്പാടും സഹകരണവും സ്‌നേഹവും, മുസ്‌ലിംകളെ ഒറ്റുക, മുസ്‌ലിംകള്‍ക്കെതിരേ ചതിപ്രയോഗം ഇങ്ങനെ എന്തും അവരില്‍ നിന്നു പകര്‍ത്തിയതുപോലെയാണ് ഇന്നത്തെ സംഘടനകള്‍ പ്രവര്‍ത്തിച്ചു കാണിക്കുന്നത്.

പ്രസ്ഥാനത്തിന്റെ കൈയടിക്കുവേണ്ടി സ്വന്തം മാതാപിതാക്കളെ വരെ തള്ളിപ്പറയുകയും അവര്‍ക്കെതിരേ അപവാദപ്രചാരണം നടത്തുകവരെ ചെയ്യുന്നവരെയും വളര്‍ത്തിയെടുക്കുന്നത് ഈ സംഘടനാ ചട്ടക്കൂടാണ്. ബാപ്പ സ്ഥാപിച്ച പള്ളിയും മദ്രസയും മറ്റു മത സ്ഥാപനങ്ങളും മകനെയോ മരുമകനെയോ അനുജനെയോ ജ്യേഷ്ഠനെയോ ഉപയോഗിച്ചു പിടിച്ചെടുക്കുകവരെ അവര്‍ ചെയ്യും. സംഘടനയാണു സത്യം എന്നു തോന്നിയാല്‍ പിന്നെന്തു മാതാപിതാക്കള്‍. എന്തു രക്തബന്ധം?

സംഘടനയാണ് ഇസ്‌ലാം എന്നു തോന്നിയാല്‍ ഇതര സംഘടനകളോടുള്ള ഇവരുടെ മന:സ്ഥിതി എന്താവും? ഭയാനകമാണ് ബിദ്ഈ സംഘടനകള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്റെ വലക്കണ്ണികള്‍.

ബാബിലോണിയയിലിറങ്ങിയ ഹാറൂത്ത്, മാറൂത്ത് എന്നീ മാലാഖമാര്‍ പഠിപ്പിച്ച സിഹ്‌റിനു തുല്യമാണ് ഈ സംഘടനകള്‍ പരത്തുന്ന ഭിന്നിപ്പും കക്ഷിത്വവും. മാലാഖമാര്‍ ജനത്തിനു മുന്നറിയിപ്പു നല്കിയിരുന്നു: ഈ സിഹ്‌റ് ഫലിക്കും. പക്ഷേ, അതു തെറ്റാണ്, മഹാപാപമാണ്, അവിശ്വാസമാണ്. മാത്രമല്ല, ഇതൊരു പരീക്ഷണം മാത്രമാണ്. (നിങ്ങളെ ശിക്ഷിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണം...!)

പക്ഷേ, മനുഷ്യരില്‍ ഏറെപ്പേരും ആ പരീക്ഷണത്തില്‍ അകപ്പെടുകയാണ് ചെയ്തത്. അതെ, ബോധപൂര്‍വ്വംതന്നെ. അങ്ങനെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി. അവരുടെ വിവാഹജീവിതം കുളമാക്കി. ഒട്ടേറെ ദാമ്പത്യബന്ധങ്ങള്‍ തകര്‍ന്നു. ഇതേ സിഹ്‌റാണ് ഇപ്പോള്‍ സംഘടനകള്‍ ചെയ്യുന്നത്. അല്‍ ജമാഅഃയില്‍ പിളര്‍പ്പുണ്ടാക്കുന്നത് തെറ്റാണ്, ശിക്ഷാര്‍ഹമാണ്, മുസ്‌ലിംസമൂഹത്തെ തള്ളിപ്പറയുന്നത് അവിശ്വാസമാണ്. നരകമാണ് അതിനു പ്രതിഫലം ലഭിക്കുക എന്നെല്ലാം അവര്‍ക്കറിയാം. എന്നിട്ടും അവര്‍ സംഘടനകള്‍ ഉണ്ടാക്കുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ബാബിലോണിയയിലെ ജൂതന്മാരെക്കാള്‍ വലിയ തെറ്റാണ് സംഘടനക്കാര്‍ ചെയ്യുന്നത്. അവര്‍ തകര്‍ത്തത് ദാമ്പത്യബന്ധമാണെങ്കില്‍ ഇവര്‍ തകര്‍ക്കുന്നത് രക്തബന്ധങ്ങളാണ്, ഗുരുശിഷ്യ ബന്ധങ്ങളാണ്, സാഹോദര്യമാണ്. സമുദായത്തിന്റെ തന്നെ അസ്തിത്വത്തിന്റെ കടക്കാണ് അവര്‍ കത്തിവെക്കുന്നത്.

സംഘടനാ പ്രവര്‍ത്തനം അങ്ങനെ മുന്നേറുമ്പോള്‍ സംഘടനക്കാരുടെ മനസ്സില്‍ ഒരുതരം പാരുഷ്യവും കാപട്യവും മറ്റുള്ളവരോടുള്ള പുച്ഛവും അവിശ്വാസവും ഗര്‍വ്വും താന്‍പോരിമയും പെരുകിവരുന്നു. നമ്മോടൊപ്പമില്ലാത്തവര്‍ അവിശ്വാസികളാണെന്നുവരെ തോന്നിപ്പോകും. നമുക്കുമാത്രം ഹിദായത്ത് കിട്ടിയെന്നും മറ്റാര്‍ക്കും അതു കിട്ടിയില്ലെന്നും തോന്നും. അവരൊക്കെ നരകത്തിലെ വിറക്. നമ്മളോ സ്വര്‍ഗം ഗ്യാരണ്ടിയാക്കപ്പെട്ട കൂട്ടരും. അവരുടെ പള്ളി കാണുമ്പോള്‍ പുച്ഛം, അവരുടെ മദ്രസ കാണുമ്പോള്‍ പുച്ഛം, പുരോഹിതനെ കാണുമ്പോള്‍ പുച്ഛം - നരകത്തിലെ വിറക്, മുശ്‌രിക്ക്, ബിദ്ഈ, ഖുറാഫി, പടുജാഹില്, വഹ്ഹാബി, മൗദൂദി, സ്വൂഫി, കള്ളത്ത്വരീഖത്തുകാരന്‍...

നമ്മുടെ നേതാക്കളോ എത്ര നല്ല പണ്ഡിതന്മാര്‍, അറബ് നാടുകളിലൊക്കെ പോയി പഠിച്ചു ബിരുദം നേടിയവര്‍. ഒരു കണക്കിനു നല്ല സമാധാനത്തിലാണ് ഓരോ സംഘടനാപ്രവര്‍ത്തകനും! അവന്‍ സ്വയം കണക്കെടുപ്പു നടത്തുന്നു: എത്രയെത്ര പ്രകടനങ്ങളിലാണ് ഞാന്‍ പങ്കെടുത്തത്. എത്രയെത്ര പോസ്റ്ററുകളാണ് ഞാന്‍ ഒട്ടിച്ചത്. എത്രയെത്ര ചുമരുകളാണ് ഞാന്‍ എഴുതിത്തീര്‍ത്തത്. എത്ര സ്റ്റഡീക്ലാസുകളാണ് ഞാന്‍ എടുത്തത്. മറ്റേ 'ബിദ്ഈ' സംഘടകള്‍ക്കെതിരേ എന്തൊരു ജിഹാദാണു ഞാന്‍ നടത്തിയത്! ഇതൊക്കെ പോരേ എന്റെ സ്വര്‍ഗപ്രവേശം ഉറപ്പാക്കാന്‍? നഊദു ബില്ലാഹ്!