ഇതൊന്നും അറിയാത്തവരല്ല സംഘടനാ ഭാരവാഹികളും അവയുടെ നടത്തിപ്പുകാരും. പക്ഷേ, ജൂതന്മാര്‍ തുറന്നു സമ്മതിച്ചതുപോലെ ഇവര്‍ തുറന്നു സമ്മതിക്കുന്നവരല്ല, "മനസ്സ് കടുത്തുപോയി" എന്ന്. നിലവിലുള്ള സുഖകരമായ ഈ അവസ്ഥയില്‍നിന്നു മാറാന്‍ അവര്‍ തയ്യാറല്ല. ഒരു നൂറ്റാണ്ടുകാലത്തെ അധ്വാനം സമുദായത്തിന്റെ ഐക്യത്തിനുവേണ്ടി ഒന്നുംകിട്ടാതെ വേണ്ടെന്നുവെക്കാന്‍ അവര്‍ ഒരുക്കമല്ല. സമുദായം വേണമെങ്കില്‍ ഞങ്ങളുടെ സംഘടനയില്‍ അണിനിരക്കട്ടെ. അങ്ങനെയും ഐക്യപ്പെടാമല്ലോ. ഇതാണവരുടെ ന്യായം!
''അല്‍ജമാഅഃ ഇല്ലെങ്കില്‍ ഇസ്‌ലാമില്ല'' എന്ന ഉമറിന്റെ ദര്‍ശനമൊന്നും അവരുടെ മുമ്പില്‍ വിലപ്പോകില്ല. ഉടനെ പിശാച് അവരുടെ ചുണ്ടില്‍ മറ്റൊരു വാദം ഇട്ടുകൊടുക്കും: ''അതുതന്നെയാണ് ഞങ്ങള്‍. അതിനാല്‍ ഞങ്ങളുടെ പിന്നില്‍ അണിനിരക്കുക. ഞങ്ങള്‍ തന്നെയാണ് അല്‍ജമാഅഃ.'' തങ്ങളുടെ സംഘടന സ്ഥാപകനായ മുഹമ്മദ് റസൂല്‍ (സ) സ്ഥാപിച്ചിട്ട് 1440 വര്‍ഷവും ഇത്ര മാസവും ഇത്ര ദിവസവുമായി എന്ന് അവര്‍ സ്ഥാപിക്കുകയും ചെയ്യും. അതായത് എല്ലാ സംഘടനക്കും ഇതുതന്നെയാണ് പറയാനുള്ളത്. സൗകര്യത്തിനുവേണ്ടി ഞങ്ങള്‍ കുറച്ചുപേര്‍ ഒരു പേരു സ്വകരിച്ചു. ഒരു പാര്‍ട്ടി ഓഫീസ് തുറന്നു. സ്വന്തമായി ഒരു നേതാവിനെ നിശ്ചയിച്ചു. അയാളുടെ കീഴില്‍ പാര്‍ട്ടിപത്രവും തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ സൗകര്യത്തിനുവേണ്ടി ഒരു പള്ളിയും പണിതു. ഇതല്ലാതെ ഞങ്ങള്‍ വല്ലതും ചെയ്‌തോ?
(വലാ ജമാഅത് ഇല്ലാ ബില്‍ ഇമാറത്, 'വലാ ഇമാറാത ഇല്ലാ ബില്‍ ഇത്വാഅത്') എന്നൊക്കെ പറഞ്ഞാല്‍ ഈ സംഘടനകളാണോ? ഈ ബിദ്ഈ സംഘടനകളില്ലാതെ ഇസ്‌ലാമില്ല എന്നാണോ? അതോ ഐക്യമില്ലാതെ, ഒത്തൊരുമയില്ലാതെ ഇസ്‌ലാമില്ല എന്നോ? പരസ്പരം കടിച്ചുകീറി അവിശ്വാസം ആരോപിക്കുന്ന സംഘടനകളായി നിങ്ങള്‍ മാറണണം എന്നാണോ ഇതിനര്‍ത്ഥം? അതോ വെവ്വേറെ സംഘടനകളായി പിരിയരുത് എന്നോ?
തനി ബിദ്അത്തുകളോട് അനുരൂപപ്പെടുന്നതില്‍ കവിഞ്ഞ ഒരു നിലപാടും അവര്‍ക്കില്ല. ഇത് അല്ലാഹുവിനും റസൂലിനും സലഫുസ്വാലിഹീനും എതിരു പ്രവര്‍ത്തിക്കലാണ്. മുസ്‌ലിംകള്‍ ഒരു സ്വാഭാവിക സമൂഹമാണ്. ആ സമൂഹം വ്യക്തികള്‍ എന്ന നിലക്കും കൂട്ടായും എങ്ങനെ വര്‍ത്തിക്കണമെന്നതിനു നിര്‍ദിഷ്ട തത്വങ്ങളുണ്ട്. പുറത്തെ രാഷ്ട്രീയ മാറ്റങ്ങളൊന്നും അവരെ ആദര്‍ശപരമായോ ധാര്‍മ്മികമായോ ബാധിക്കുകയില്ല. ഇസ്‌ലാം തന്നെയാണ് അവരുടെ സമാജം. അതിനാല്‍ അവര്‍ക്കു മറ്റൊരു സംഘടനയുണ്ടാവുക പാടില്ല. ഇന്നത്തെ സംഘടനകള്‍ ഒന്നുപോലും അല്‍ജമാഅതല്ല, അതിനു പകരവുമല്ല, അതിനു മുന്നോടിയുമല്ല, അവ അല്‍ജമാഅത്തിനെതിരേ പരസ്പരം കലഹിച്ചു വിവിധ കക്ഷികളായി പിരിഞ്ഞുപോയ മതവിരുദ്ധ സംഘങ്ങള്‍, കേവലം ഫിര്‍ഖകള്‍, മാത്രമാണ്. 'സമാജമില്ലാതെ ഇസ്‌ലാമില്ല' എന്ന തത്വത്തോടൊപ്പം നാം ഈ രിവായത്തുകള്‍ കൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
(1) അലൈകും ബില്‍ ജമാഅഃ
(നിങ്ങള്‍ ഐക്യവും സമാജവും മുറുകെ പിടിക്കുക),
(2) ലാ ഇസ്‌ലാമ ഇല്ലാ ബില്‍ ജമാഅഃ
(അല്‍ ജമാഅഃ ഇല്ലെങ്കില്‍ ഇസ്‌ലാമില്ല),
(3) യദുല്ലാഹി മഅല്‍ ജമാഅഃ
(അല്ലാഹുവിന്റെ കൈ സംഘത്തോടൊപ്പമാണ്.)
ഓരോ മുസ്‌ലിമിനും സമാജം മുറുകെ പിടിക്കുക നിര്‍ബന്ധമാണ് എന്ന വസ്തുതയാണ് ഒന്നാമതായി കൊടുത്ത ഹദീസില്‍ പറയുന്നത്. സമാജമില്ലെങ്കില്‍ ഇസ്‌ലാം തന്നെയില്ല എന്നാണു തുടര്‍ന്നുവരുന്ന അഥറിലുള്ളത്. ഉമര്‍ (റ) ആണ് അതിന്റെ ഉപജ്ഞാതാവ്. അതായത്, ഇസ്‌ലാം ഒറ്റക്കൊറ്റക്ക് വെറുതെ നിഷ്‌ക്രിയമായി ജീവിച്ചുതീര്‍ക്കേണ്ട ഒരു മതമല്ല. അങ്ങനെ ആരെങ്കിലും കരുതിയാല്‍ അതു സ്വീകാര്യമാകില്ല. അല്ലാഹുവിന്റെ സഹായം സമാജത്തോടൊപ്പമാണ് എന്നാണ് രണ്ടാമത്തെതില്‍ പറയുന്നത്. അത് റസൂലിന്റെ വാക്കാണ്. അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹവും സഹായവും കിട്ടണമെങ്കില്‍ സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം.
ഇതില്‍ പറഞ്ഞ അല്‍ജമാഅഃ ഒരിക്കലും ഇന്നത്തെ മതസംഘടനകളാകുകയില്ലല്ലോ. അവയ്ക്ക് അത്തരമൊരു കാഴ്ച്ചപ്പാടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. അവര്‍ ഇസ്‌ലാമിനകത്ത് പുതുതായി ആവിഷ്‌കരിച്ച കക്ഷിത്വത്തിനുള്ള പ്രായശ്ചിത്തം വ്യക്തികളെ സംബന്ധിച്ചിടത്തോളം അതില്‍നിന്നു പുറത്തുകടക്കുക എന്നതാണ്. അതായത്, ഒന്നുകില്‍ സംഘടനകള്‍ സ്വയം പിരിച്ചുവിടുക. അല്ലെങ്കില്‍ അണികള്‍ ആ സംഘടനകള്‍ വിട്ടുപോരുക.
കുറുമുന്നണികളും വിമതസംഘടനകളും രൂപീകരിച്ചു പിരിഞ്ഞുപോയവരാരും പിന്നീട് അല്‍ജമാഅഃയില്‍ തിരിച്ചെത്തിയ ചരിത്രമില്ല എന്ന വസ്തുത മറക്കേണ്ടതില്ല. സംഘടകള്‍ പിളര്‍ത്തിപ്പോയവരാരും തിരിച്ചുവന്ന് ഒരു മാതൃസംഘടനയില്‍ കൂടിച്ചേര്‍ന്നിട്ടുമില്ല. നേതൃസ്ഥാനങ്ങളിലിരിക്കുന്ന ഇബ്‌ലീസിന്റെ പ്രതിരൂപങ്ങള്‍ അതിനു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ? കിതാബും സുന്നത്തും നിരത്തി അല്‍ജമാഅഃയെ പിളര്‍ത്തിയതും അതില്‍നിന്നു വിട്ടുനില്‍ക്കുന്നതുമെല്ലാം ന്യായീകരിക്കുക മാത്രമാകും അവര്‍ ചെയ്യുക. അടിസ്ഥാനപരമായി അവര്‍ അല്ലാഹുവിനെ ധിക്കരിച്ചതാണ് കുഴപ്പമായത്.
(വഅ്തിസിമൂ ബി ഹബ്‌ലില്ലാഹി ജമീഅ)
അല്ലാഹുവിന്റെ പാശം നിങ്ങളെല്ലാവരും ചേര്‍ന്നു മുറുകെ പിടിക്കുക (ഖുര്‍ആന്‍)
ഈ ഖുര്‍ആന്‍ സൂക്തം തമാശയായി എടുത്താല്‍ അതിന്റെ പ്രതിഫലനം വളരെ ഗുരുതരമായിരിക്കുമെന്നു സംഘടനാനേതാക്കള്‍ക്കറിയാത്ത കാര്യമല്ല.
''അല്‍ജമാഅതിനോട് ഒരു ചാണ്‍ വേര്‍പിരിഞ്ഞുപോയാല്‍ അവന്‍ ഇസ്‌ലാമിന്റെ ബന്ധം പിരടിയില്‍നിന്ന് ഊരിയെറിഞ്ഞു.'' (അഹ്മദ്, അബൂദാവൂദ്.)
എന്നാല്‍ സംഘടനകള്‍ക്ക് അതിലൊട്ടുംതന്നെ കൂസലില്ല.
- തങ്ങളുടെ വീക്ഷണത്തിലുള്ള സുന്നത്ത് ഒഴിവാക്കി ഒരു ഐക്യമില്ല എന്ന് ഒരുകൂട്ടര്‍. കാരണം, ഒരു സുന്നത്ത് അത് സുന്നത്ത് ആണെന്ന് അറിഞ്ഞുകൊണ്ട് അത് ഇസ്‌ലാമില്‍നിന്ന് ഒഴിവാക്കിയാല്‍ കാഫിറാകും. അവരെ സംബന്ധിച്ചിടത്തോളം അവര്‍ സുന്നത്തായി കരുതുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നവരാണ് 'പുത്തന്‍വാദികള്‍.'
- ശിര്‍ക്കും ബിദ്അത്തും അംഗീകരിച്ചുകൊണ്ട് ഐക്യപ്പെടാനാകില്ല എന്ന് മറ്റൊരു കൂട്ടര്‍. ഇസ്തിഗാസയും മഖ്ബറകളില്‍ ചെന്നുള്ള സഹായംതേടലും ശിര്‍ക്കാണെന്നും അതുമായി നടക്കുന്നവര്‍ മുശ്‌രിക്കുകളാകുമെന്നുമാണ് ഈ വിഭാഗം പറയുന്നത്.
- ഇഖാമതുദ്ദീനാണ് മുഖ്യം, ഇപ്പോഴത്തെ വിവാദവിഷയങ്ങളായ ശിര്‍ക്കും ബിദ്അത്തുമൊക്കെ ശാഖാപരമാണെന്നു വേറൊരു കൂട്ടര്‍. ഇതെല്ലാം ഇസ്‌ലാമിക ഭരണക്രമത്തിന്റെ അഭാവം കാരണമായാണ് സംഭവിച്ചത്. ഇതൊക്കെ ഭരണം കൊണ്ടു ശരിയാക്കാവുന്നതേയുള്ളൂ. അതിനാല്‍ ഭരണം പിടിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത് എന്നാണവരുടെ വാദം.
- സമുദായത്തില്‍ ഇപ്പോഴനുഭവപ്പെടുന്ന നമസ്‌കാരത്തിന്റെ കുറവാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നും നമസ്‌കാരം ശരിയായാല്‍ എല്ലാം വഴിയേ ശരിയാകുമെന്നും അതിനാല്‍ എല്ലാവരും 40 ദിവസം ജമാഅതിനു പുപ്പെടലാണ് ഇപ്പോഴത്തെ ആവശ്യമെന്നും ഇനിയത്തെ കൂട്ടര്‍.
ന്യായത്തില്‍ ഇവരെ ആര്‍ക്കും തോല്പിക്കാനാവില്ല. ഇതില്‍ ആര്‍ക്കാണ് ഹദീസിന്റെയും ഖുര്‍ആന്റെയും "പിന്‍ബല"മില്ലാത്തത്? ഇതില്‍ ഏതു വിഭാഗത്തെയാണ് നിങ്ങള്‍ക്കു വാദത്തില്‍ മുട്ടുകുത്തിക്കാനാവുക? അസാധ്യം. ഓരോരുത്തരും മാറ്റുതികഞ്ഞ കുതര്‍ക്കികളും തങ്ങളുടെ അവകാശവാദങ്ങളെ മുറുകെ പിടിച്ചു മുന്നേറാന്‍ കെല്പുറ്റവരുമാണ്. സംഘടനകളുടെ മൊത്തം വാദങ്ങള്‍ നമുക്കൊരു വാക്യത്തിലേക്കു ചുരുക്കാം.
''കൂട്ടായി യാത്ര ചെയ്യുമ്പോള്‍ പോലും ഒരു അമീര്‍ വേണമെന്നല്ലേ റസൂല്‍ പഠിപ്പിച്ചത്. ഞങ്ങള്‍ ഇന്നയിന്ന കാര്യത്തിനായി ഒരുമിച്ചുകൂടിയ ഒരു കൂട്ടമാണ്. ഒരു കൂട്ടത്തിന് ഒരു അമീര്‍ വേണം. ശൂറവേണം. അത്രയേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.''
(അതെ. ആ കൂട്ടത്തിന് ഒരു പേരിട്ടു. ഭരണഘടനയും തയ്യാറാക്കി. പിന്നെ ഞങ്ങള്‍ വളര്‍ന്നപ്പോള്‍ സംസ്ഥാനസമിതിയും ജില്ലാ സമിതിയും താലൂക്ക് സമിതിയും ഒടുവില്‍ വാര്‍ഡ് സമിതിയും രൂപീകരിച്ചു. അവസാനം അതിനൊരു അഖിലേന്ത്യാ മോന്തായവും പണിതു) ''ഇതിനെയാണിവര്‍ ഫിര്‍ഖഃ എന്നു പറയുന്നത്! ഞങ്ങള്‍ അല്‍ജമാഅതിനു പുറത്തുള്ളവരല്ല, അതിനകത്തുതന്നെയുള്ള ഒരു സെറ്റപ്പ് ആണ്. സമുദായത്തില്‍ സുന്നത്ത് സംസ്ഥാപിതമാകുകയും ശിര്‍ക്കും ബിദ്അത്തും ഖബറാരാധനയും ഇല്ലാതാവുകയും ഇഖാമതുദ്ദീന്‍ സംസ്ഥാപിതമാകുകയും ഹുകൂമത്തെ ഇലാഹി വരികയും എല്ലാവരും അഞ്ച് വഖ്തിനും പള്ളിയില്‍ നമസ്‌കരിക്കാനെത്തി 40 ദിവസം ഞങ്ങളുടെ കൂടെ ടൂറുപോന്ന് ദീനിന്റെ കാര്യത്തില്‍ പരിശ്രമിക്കുന്നവരാവുകയും ചെയ്യുമ്പോള്‍ തനിയേ ഈ സെറ്റപ്പ് ഇല്ലാതാവും.''
പക്ഷേ, യാഥാര്‍ത്ഥ്യം അങ്ങനെയാണോ? അതായത്, നമസ്‌കാരം, യാത്ര പോലുള്ള കൂട്ടായി ചെയ്യേണ്ട കാര്യങ്ങള്‍ കൂടിയാലോചിച്ചു ചെയ്യാനും തമ്മില്‍ ഭിന്നിച്ച് അത് അലങ്കോലപ്പെടാതിരിക്കാനും ഒരു നേതാവ് വേണം. അങ്ങനെ ഓരോ കാര്യത്തിനുമാവാം. എന്നാല്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ മുസ്‌ലിം സംഘടനകളെപ്പോലുള്ള ഒരു പെറ്റിഭരണകൂടസ്ഥാപനമല്ല. (ഭരണകൂടം സ്ഥാപിക്കേണ്ടിടത്ത് അതാവാം. അവിടെ അതൊരു തെറ്റല്ല. അതൊന്നും ഒരു സാധാരണ മുസ്‌ലിമിന്റെ മുഖ്യഅജണ്ടയുമല്ല. അവന്‍ അതിനെക്കുറിച്ചാലോചിച്ചു നമസ്‌കാരം ഖള്വാഅ് ആക്കേണ്ട കാര്യവുമില്ല. ഭരണകൂട സംസ്ഥാപനത്തില്‍ പങ്കാളിയാവാത്തിന് അവന്‍ വിചാരണ ചെയ്യപ്പെടുകയുമില്ല. അത് അതതു സന്ദര്‍ഭത്തില്‍ അത്രത്തോളം കഴിവും പ്രാപ്തിയുമുള്ളവരുടെ മാത്രം ബാധ്യതയാണ്).