ജാഹിലിയ്യാ മരണവും ഭരണകൂട സ്ഥാപനവും!

മുസ്‌ലിംരാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏകീകൃത മുസ്‌ലിംസമൂഹത്തിനുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ അവര്‍ അക്രമികളാണ്. അത് കാക്കത്തൊള്ളായിരം സംഘടനകളെ ഏല്പിച്ചു നക്കാപ്പിച്ചയും നല്കി ആ ബാധ്യതയില്‍നിന്നു മാറിനില്‍ക്കാന്‍ അവര്‍ക്കവകാശമില്ല. മുസ്‌ലിംഭൂരിപക്ഷ നാടുകളില്‍ ഇസ്‌ലാമികനിയമ സംഹിത നടപ്പാക്കുന്നില്ലെങ്കില്‍ അവിടത്തെ ഉമറാഉം ഉലമാഉം അതിനു കുറ്റക്കാര്‍ തന്നെയാണ്. എന്നാല്‍, ഇതൊന്നും തല്‍ക്കാലം സാധാരണക്കാരുടെ - ഇവിടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ - പ്രശ്‌നമല്ല. നമുക്കു കഴിയാത്തതിനു നാം കല്പിക്കപ്പെടുകയില്ല.

"തന്റെ കാലത്തെ ഇമാം ആരെന്നറിയാതെ മരിച്ചവന്‍ ജാഹിലിയ്യ മരണമാണ് മരിക്കുക" എന്നൊരു ഹദീസുണ്ടത്രെ. സ്വൂഫികള്‍ക്കും ത്വരീഖതുകാര്‍ക്കും ശീഇകള്‍ക്കും ഇസ് ലാമിക ഭരണകൂടത്തിനു ഇങ്ങനെ പല അഭിപ്രായങ്ങളും ആഖ്യാനങ്ങളുമുണ്ട്. എന്നാല്‍ ഇത് അഹ്‌ലുസ്സുന്നതു വല്‍ജമാഅതിലെ തന്നെ ചില വിവരദോഷികള്‍ ഏറ്റുപിടിച്ചതായി കാണുന്നുണ്ട്. സാധാരണക്കാരായ മുസ്‌ലിംകള്‍ ഇതില്‍ ബേജാറാവുകയോ വഞ്ചിതരാവുകയോ ചെയ്യേണ്ടതില്ല. ഈ ഹദീസ് അതീവ ദുര്‍ബലമാണ്. ഇത്തരം ഗുരുതരമായ ഒരു കാര്യം ശാരിഅ് ഒരു ദുര്‍ബല ഹദീഥില്‍ പരിമിതമാകാന്‍ അനുവദിക്കേണ്ടതല്ലല്ലോ. അങ്ങനെയൊരു കാര്യം നബി (സ) പറഞ്ഞുവെങ്കില്‍ അതു മുതവാതിര്‍ ആയി വരുമായിരുന്നു. അല്ലാഹു അതു ഖുര്‍ആനില്‍തന്നെയും പറയുമായിരുന്നു. കാരണം, ലോകത്തെ മുസ്‌ലിംകളെ ജാഹിലിയ്യാ മരണത്തില്‍നിന്നു രക്ഷിക്കണമെങ്കില്‍ അത് ഒന്നുകില്‍ ഖുര്‍ആനിലൂടെ പ്രസിദ്ധമാക്കണം. അല്ലെങ്കില്‍ റസൂലിന്റെ വചനത്തിലൂടെ മുതവാതിറായ പരമ്പരയിലൂടെ അതു വരണമായിരുന്നു. കാര്യത്തിന്റെ ഗൗരവും സൂചിപ്പിക്കാനാണ് മുതവാതിര്‍ എന്ന സംജ്ഞ ഇതിലേക്കു കൊണ്ടുവന്നത്. മത്‌നും സനദും ശരിയായ ഹദീസ് ആഹാദും (ഏകറാവി നിവേദിത ഹദീസ്) പോലും തെളിവിന് ഉപയുക്തം തന്നെ. എന്നാല്‍ സ്വഹീഹിനു താഴെവരുന്ന ഹദീസ് ഇല്‍മിന് - ഒരു പക്ഷേ,- പറ്റിയേക്കാം. എന്നാല്‍ അമലിനോ (പ്രവൃത്തി) ഇഅ്തിഖാദിനോ (വിശ്വാസം) പറ്റില്ല.

"തന്റെ കാലത്തെ ഇമാം ആരെന്നറിയാതെ മരിച്ചവന്‍ ജാഹിലിയ്യ മരണമാണ് മരിക്കുക" എന്നത് പ്രവൃത്തിയും വിശ്വാസവും ഒന്നുപോലെ അടങ്ങിയതായതിനാല്‍ പ്രബലമായ ഹദീഥിന്റെ പിന്‍ബലമില്ലാതെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല എന്നു പറയാനാണ് ഇത്രയും കാര്യങ്ങള്‍ നാം വ്യക്തമാക്കിയത്. എന്നാല്‍, ഇത് കള്ളത്ത്വരീഖത്തുകാരും കപട സ്വൂഫികളുമാണ് എഴുന്നള്ളിക്കുന്നത് എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തങ്ങളുടെ കപട ശൈഖിനു ശിഷ്യപ്പെടാനുള്ള കുറുക്കുവഴിയായി ഈ വ്യാജ ഹദീസിനെ ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം. സാധാരണക്കാരെ വഞ്ചിച്ചുവശത്താക്കാള്‍ ഇത്തരം വ്യാജഹദീസുകളും കെട്ടുകഥകളുമൊക്കെ മതിയാവും. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അവ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യട്ടെ.

കാരണം, ഈ ഹദീസ് പ്രാമാണികമാണെന്നു സ്ഥാപിക്കപ്പെട്ടാല്‍ ആ ഇമാമിനെ തിരഞ്ഞുപിടിച്ചു കണ്ടുപിടിക്കുക എന്ന പ്രവൃത്തി ഓരോ മുസ്‌ലിമിനും നിര്‍ബന്ധമായി. അങ്ങനെ സംഭവിച്ചാല്‍ സ്വാഭാവികമായും അയാളില്‍ വിശ്വസിക്കുക എന്നതും നിര്‍ബന്ധമാകും. ലോകത്തെവിടെനിന്നും അങ്ങനെയൊരവതാരത്തെ കണ്ടുകിട്ടിയില്ലെങ്കില്‍ ഒരാളെ കെട്ടിയിറക്കി കോവിലുകെട്ടി ഇമാമായി പ്രതിഷ്ഠിച്ചു ജാഹിലിയ്യാ മരണത്തില്‍ നിന്നു സ്വയം രക്ഷിക്കേണ്ട ഗതികേടിലാവും നാം ഓരുരുത്തരും. ഒരുപക്ഷേ, ഇതുതന്നെയാവം ഈ വ്യാജ ഹദീസിനു പിന്നില്‍ പ്രവര്‍ത്തിച്ച പൈശാചിക ബുദ്ധിയുടെ ലക്ഷ്യവും. സംഘടനകളിലൂടെയും ത്വരീഖതുകളിലൂടെയും അല്ലാതെയും മറ്റും വ്യാജ ഇമാമുകളെ ഇറക്കി മുസ്‌ലിം മനസ്സുകളിലും അവരുടെ നാടുകളിലും കുഴപ്പമുണ്ടാക്കുക.

ഒരു സാധാരണ മനുഷ്യന് അസാധ്യമായ ഒരു കാര്യവും ശാരിഅ് ഇസ്‌ലാമില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. പ്രവൃത്തിയിലോ വിശ്വാസത്തിലോ അസാധ്യമായ അത്തരം നിര്‍ബന്ധ കാര്യങ്ങളുണ്ടാവുന്നത് ദീനിനെത്തന്നെ അലക്ഷ്യമാക്കുന്ന കാര്യമാണ്.

'ഇമാം' എന്ന പ്രയോഗത്തില്‍നിന്ന് ശീഇകളാണോ ഈ ഹദീസ് മെനഞ്ഞതെന്നു സംശയിക്കണം. 'അമീര്‍,' അല്ലെങ്കില്‍ 'ഖലീഫ' എന്നാണ് നബി (സ) ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചതായി ഹദീസുകളില്‍ കാണുന്നത്.

ഉദാഹരണമായി, ''വ ഇന്‍ തഅമ്മറ അലൈകും അബ്ദുന്‍ ഹബ്ശിയ്യുന്‍....'' എന്നു തുടങ്ങുന്ന ഹദീസ്.

ആരാധനാ കാര്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നയാള്‍ക്കാണ് 'ഇമാം' എന്നു പറയുന്നത്. ''ലില്‍ മുത്തഖ്വീന ഇമാമാ...'' എന്നതിന്റെ അര്‍ത്ഥം മുസ്‌ലിംകളുടെ ഭരണാധികാരിയാക്കണമെന്നല്ലല്ലോ. എന്നാല്‍ കിട്ടിയ ഏതു തുറുവും തങ്ങള്‍ക്കനുകൂലമായ തെളിവാക്കി മാറ്റുകയാണ് ബിദ്ഈ സംഘടനകള്‍ ചെയ്യുന്നത്. അവരാണ് ഇമാമിനു ഭരണാധികാരി എന്ന് അര്‍ത്ഥം കല്പിക്കാന്‍ ധൃതി കാണിക്കുന്നത്. അതെന്തായാലും ഇമാം അല്ലെങ്കില്‍ ഖലീഫ എന്ന വ്യക്തിയുടെ ഭൗതിക സാന്നിധ്യമോ അസാന്നിധ്യമോ അല്ല, മുസ്‌ലിം സമൂഹത്തിന്റെ ആദര്‍ശഭദ്രതയും സാമൂഹിക ഐക്യവും സാമുദായിക ഏകീകരണവുമാണ് പ്രധാനം. ഇന്നത്തെ ബിദ്ഈ മതസംഘടനകളോ അവയുടെ സ്വയംകല്പിത നേതാക്കളോ ഏതായാലും ഇതിനു പകരമാകില്ല, അവരുടെ മനസ്സില്‍ അത്തരമൊരു ചിന്തയുമില്ല.

''അഫ ഇന്‍ മിത്ത ഔ ഖുതില...'' എന്ന സൂക്തം മുന്നിലുള്ളപ്പോള്‍ എങ്ങനെയാണ് നമുക്കു വഴിതെറ്റുക. റസൂല്‍ തന്നെ മരിച്ചാലും ശരി വധിക്കപ്പെട്ടാലും ശരി, അത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നാല്‍, ഒറ്റക്കാണെങ്കില്‍പോലും മുന്നോട്ടു പോകാനാണ് അല്ലാഹു ഉഹ്ദില്‍ പോരാടിയ ആ ചെറുന്യൂനപക്ഷത്തോട് കല്പിച്ചത്. ആ പോരാട്ടത്തെ നെഞ്ചേറ്റിയവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. കരിസ്മാറ്റിക് ലീഡര്‍ഷിപ്പില്ലാതെയും വ്യവസ്ഥാപിത ഭരണകൂടമില്ലാതെയുമൊക്കെ ഭാവിയില്‍ ഈ വിശ്വാസീസമൂഹം മുന്നോട്ടു പോകേണ്ടിവരും എന്നു മുന്നറിയിപ്പു നല്കുക കൂടിയാണ് ഉഹ്ദിലെ പരാജയത്തിലൂടെയും അതിന്റെ കാര്യകാരണ പരിശോധന നടത്തിക്കൊണ്ടിറങ്ങിയ ഈ ഖുര്‍ആന്‍ സൂക്തത്തിലൂടെയും അല്ലാഹു ചെയ്തത്. ശീഈകള്‍ വാദിക്കുന്നതുപോലെ, ആകാശത്തുനിന്നു കെട്ടിയിറക്കുന്ന ഒരു പാപവിമുക്ത പരമവിശുദ്ധ നേതൃത്വം നിങ്ങള്‍ക്കുണ്ടാവില്ല. നിങ്ങള്‍ ഓരോരുത്തരും തന്നെയാണ് നിങ്ങളുടെ നേതാക്കള്‍. ശൂറ നിങ്ങളുടെ പാര്‍ലമെന്ററി കൂടിയാലോചനാ രൂപവും. അതിനാല്‍ നിങ്ങളെല്ലാവരും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഭരണാധികാരികളാണ്; ഖലീഫമാരാണ്. അതിന്റെ അര്‍ത്ഥപരിധിയും അധികാരപരിധിയും നിശ്ചയിക്കുന്നത് ഓരോരുത്തര്‍ക്കും അല്ലാഹു ഏല്പിച്ചുകൊടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പരിധിയും വ്യാപ്തിയുമാണ്.

"കുല്ലുകും റാഈ കുല്ലുകും മസ്ഊന്‍ അന്‍ റഇയ്യതിഹി" എന്ന പ്രയോഗത്തില്‍നിന്നു സ്ത്രീകളെപ്പോലും നബി(സ) മാറ്റി നിര്‍ത്തിയില്ല.

(നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങളെല്ലാവരും അവരുടെ പ്രജകളെക്കുറിച്ചു ചോദിക്കപ്പെടും. സ്ത്രീ അവളുടെ വീട്ടുകാരെക്കുറിച്ചു ചോദിക്കപ്പെടും.)

നിങ്ങള്‍ പരസ്പരം കൂടിയാലോചന നടത്തൂ, നിങ്ങളില്‍ നിന്നു തന്നെയുണ്ടാകും ഉത്തരവാദിത്വത്തോടെ നിങ്ങളെ നേര്‍വഴിയില്‍ നയിക്കാന്‍ പോന്ന നേതൃശേഷി എന്നതാണ് ഈ സന്ദേശം. അല്ലാതെ ഇമാമിനെയും തേടി യമനിലേക്കോ ശാമിലേക്കോ തോറാബോറയിലേക്കോ പഠാന്‍കോട്ടിലേക്കോ നിസാമുദ്ദീനിലേക്കോ നജ്ദിലേക്കോ ബഗ്ദാദിലേക്കോ പുറപ്പെടാനായി ഇഹ്‌റാം കെട്ടാനുള്ള ആഹ്വാനമല്ല ഇത്. ഭരണകൂടമില്ലെങ്കിലും ഖലീഫയില്ലെങ്കിലും പ്രവാചകനില്ലെങ്കിലും ഇമാം ആരെന്ന് അറിയപ്പെട്ടില്ലെങ്കിലും ഈമാനും ഇസ്‌ലാമും സമുദായവും വ്യക്തികളും നിലനില്‍ക്കുകയും ഈമാനും ഇസ്‌ലാമും ഇഖ്‌ലാസ്വും അതിനര്‍ഹരായ വ്യക്തികളില്‍ പൂര്‍ത്തിയാവുകയും ചെയ്യും.

അബൂസഈദ് (റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ''അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്.'' (തിര്‍മിദി)

ആയിശ(റ)യില്‍നിന്ന് നിവേദനം: എന്റെ ഈ ഭവനത്തില്‍ റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്:

''അല്ലാഹുവേ! എന്റെ പ്രജകളുടെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുത്തു. എന്നിട്ടവര്‍ അവരെ ദ്രോഹിച്ചു. എങ്കില്‍ നീ അവന്റെ പൊറുതികെടുത്തേണമേ! എന്റെ പ്രജകളുടെ കര്യങ്ങള്‍ വല്ലവനും ഏറ്റെടുത്തു. എന്നിട്ടവന്‍ അവര്‍ക്ക് നന്മചെയ്തു. എങ്കില്‍ നീ അവനെ അനുഗ്രഹിക്കേണമേ!'' (മുസ്‌ലിം)

അബൂമറിയമി(റ)ല്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ മുആവിയ(റ)യോട് പറഞ്ഞു: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു:

''മുസ്‌ലിംകളുടെ വല്ല കാര്യവും അല്ലാഹു ഒരാളെ ചുമതലപ്പെടുത്തി, എന്നിട്ടവരുടെ ദാരിദ്ര്യത്തിന്റെയും മറ്റാവശ്യങ്ങളുടെയും മുമ്പിലവന്‍ വിലങ്ങായാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ ആവശ്യത്തിനു മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നതാണ്." ഇതുകൊണ്ടാണ് മുആവിയ(റ) ജനങ്ങളുടെ ആവശ്യങ്ങള അന്വേഷിച്ചറിയാന്‍ ഒരാളെ നിശ്ചയിച്ചത്.'' (അബൂദാവൂദ്, തിര്‍മിദി)

അബ്ദുല്ലാഹ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: ''സ്വന്തം കുടുംബത്തിലും തങ്ങളെ ഏല്‍പ്പിച്ചട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്താലുള്ള വേദികളിലാണ്.'' (മുസ്‌ലിം)

(മഹത്തായ പ്രതിഫലമാണ് അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ളത്.)

ഔഫി(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു:

''നിങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ ഉത്തമരായ ഇമാമുകള്‍. മറിച്ച്, നിങ്ങള്‍ കോപിക്കുകയും നിങ്ങളോട് കോപിക്കയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ നീചരായ ഇമാമുകള്‍.''

ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ! ഞങ്ങളവരെ നിരാകരിച്ചാലോ?

''അവര്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്ന കാലത്തോളം നിങ്ങളത് ചെയ്യരുത്.'' (മുസ്‌ലിം)

ഇയാള്വി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു:

''മൂന്നാളുകളാണ് സ്വര്‍ഗവാസികള്‍. 1. നീതിമാനായ ഭരണ കര്‍ത്താവ്, 2. കുടുംബത്തോടും പൊതുവെ മുസ്‌ലിംകളോടും ദയാ ദാക്ഷിണ്യമുള്ളവര്‍. 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്‌ലിം)

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു:

''വല്ലവനും ഭരണാധിപനെ ധിക്കരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹുവിനെ സമീപിക്കുമ്പോള്‍ അവനു കാരണം പറഞ്ഞൊഴിവാകുക സാദ്ധ്യമല്ല.''

എങ്ങനെയാണ് ബഹുഭൂരിഭാഗം മുസ്‌ലിംകളും തിരഞ്ഞെടുത്ത ഒരു ഭരണാധികാരിയെ ഒരു മുസ്‌ലിം നിരാകരിക്കുക? ഇസ്‌ലാമികമായി ഭരണം നടത്തുന്ന ഒരു ഭരണകര്‍ത്താവ് (എവിടെയെങ്കിലും) ലോകത്ത് നിലനില്‍ക്കെ അനുസരണ പ്രതിജ്ഞ ചെയ്യാതെ വല്ലവരും മരണപ്പെടുന്ന പക്ഷം അവരാണ് ജാഹിലിയ്യ മരണം വരിക്കുന്നവര്‍. അല്ലാതെ ഇല്ലാത്ത ഇമാമിനെ അറിയാത്തവരല്ല.

നാം കഴിയുന്നത് അയാളുടെ ഭരണപരിധിയിലല്ലെങ്കില്‍ ധാര്‍മ്മിക പിന്തുണയെങ്കിലും നല്കാന്‍ നാം കടപ്പെട്ടവരാണ്. ലോകത്ത് അങ്ങനെയൊരു ഭരണാധികാരിയോ രാജ്യമോ ഇല്ലാത്തതിനാല്‍ നാം ഒരുകണക്കിന് ഭാഗ്യവാന്മാരാണ്; ആരുടെ അര്‍ത്ഥത്തിലായാലും "ജാഹിലിയ്യ മരണം" വരിക്കേണ്ടിവരില്ലല്ലോ!

അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു:

''നിന്റെ ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുടെ വാക്ക്) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. (മുസ്‌ലിം)

(പ്രവാചകന്‍ ഉപയോഗിച്ച വാക്ക് പ്രത്യേകം ശ്രദ്ധിക്കുക, ''തിരഞ്ഞെടുക്കുമ്പോഴും'' എന്നാണ് പറഞ്ഞത്. "സ്വയം അധികാരം പിടിച്ചടക്കിയാല്‍" എന്നല്ല.)

വാഇല്‍(റ)വില്‍നിന്ന് നിവേദനം: തിരുദൂതനോട് (സ) ഒരിക്കല്‍ സലമത്ത്(റ) ചോദിച്ചു: പ്രവാചകരേ! പറഞ്ഞുതന്നാലും: തങ്ങളുടെ അവകാശം ചോദിച്ചുവാങ്ങുകയും ഞങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ നിലവില്‍ വന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യണം? നബി(സ) അയാളില്‍ നിന്നു തിരിഞ്ഞുകളഞ്ഞു (മറുപടി നല്കിയില്ല) വീണ്ടും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു:

''നിങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളുക. അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാദ്ധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാദ്ധ്യതയുമാണ്.'' (മുസ്‌ലിം)

(ഭരണകര്‍ത്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കിലും സ്വന്തം കടമ നിങ്ങള്‍ നിര്‍വ്വഹിച്ചേ മതിയാകൂഅത്തരമൊരു സാഹചര്യം നേരിടേ എന്ന് ഖണ്ഡിതമായ ഒരു വിധി വിധിക്കുകയല്ല പ്രവാചകന്‍ ചെയ്തത്. മറ്റാര് നിരുത്തരവാദപരമായി പെരുമാറിയാലും അമാനത്ത് പാഴാക്കിയാലും തെറ്റു ചെയ്താലും വീഴ്ച്ച വരുത്തിയാലും അതൊന്നും സ്വന്തം കാര്യത്തില്‍ ചെയ്യേണ്ടത് ചെയ്യാനും വിട്ടുനില്‍ക്കേണ്ടതില്‍നിന്നു വിട്ടുനില്‍ക്കാനുമുള്ള കടമയില്‍നിന്നു നിങ്ങളെ പിന്തിരിപ്പിക്കരുത് എന്നു സൗമ്യമായി പഠിപ്പിക്കാനാണ് നബി ഇപ്രകാരം അരുള്‍ ചെയ്തത്. എന്നാല്‍, ഇത് ഭരണാധികാരികകള്‍ എന്തു തോന്ന്യാസം ചെയ്താലും അതെല്ലാം മിണ്ടാതെയിരുന്നു സഹിച്ചോളണമെന്ന ഏകപക്ഷീയ കല്‍പനയായാണ്‌ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കാറുള്ളത്.)

അബൂബക്കറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു:

''ഭരണമേധാവിയെ അവഗണിക്കുന്നവന്‍ അല്ലാഹുവിനെയും അവഗണിച്ചവനാണ്.'' (തിര്‍മിദി)

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരെ! എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ? അന്നേരം അവിടുത്തെ കൈ കൊണ്ട് എന്റെ ചുമലില്‍ തല്ലിക്കൊണ്ട് പറഞ്ഞു:

''അബൂദര്‍റേ! താങ്കള്‍ ബലഹീനനാണ്. അതൊരു അമാനത്താണ്. അര്‍ഹിക്കുംവിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തില്‍ നിന്ദ്യതക്കും ഖേദത്തിനും അതുകാരണമാകും.'' (മുസ്‌ലിം)

ഭരണത്തില്‍ പാകത സിദ്ധിച്ചിട്ടില്ലാത്തവന്‍ ഭരണമേറ്റെടുക്കുന്നതുകൊണ്ട് പല അപാകതകളും സംഭവിക്കാനിടയുണ്ട്. അതിനാല്‍ കഴിയുമെങ്കില്‍ ഭരണാധികാരി ആവാതിരിക്കാനാണ് ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടത്. ഈ വിഷയത്തിലും സംഘടനകള്‍ ഇടപെടാതിരുന്നിട്ടില്ല.

''നമ്മുടെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരാള്‍ക്ക് മുഅ്മിനാവാനേ കഴിയൂ, മുസ്‌ലിമാവാന്‍ കഴിയില്ല'' എന്നുവരെ ചിലര്‍ സിദ്ധാന്തിച്ചു. നമ്മുടെ ഈമാനിനെയും ഇസ്‌ലാമിനെയും - മുഅ്മിനാവാനും മുസ്‌ലിമാവാനുമുള്ള നമ്മുടെ അഭിലാഷത്തെയും ഇഖ്‌ലാസ്വിനെപ്പോലും ഈ വാഗ്വാദങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട്. മൗദൂദീ സാഹിബിനോടും മറ്റുമൊക്കെ - അവരുടെ രാഷ്ട്രീയ ചിന്തകളോട് - നമുക്ക് ഇച്ഛാഭംഗം തോന്നിയത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. നബി(സ)യുടെ കാലത്ത് ചിലരെ സംബന്ധിച്ചിടത്തോളം നേരേ തിരിച്ചായിരുന്നു കാര്യം. ഖുര്‍ആന്‍ അവരോടു പറഞ്ഞു, ''...ഖൂലൂ അസ്‌ലംനാ, വലാ തഖൂലൂ ആമന്നാ...''

(നിങ്ങള്‍ മുസ്‌ലിമായി എന്നു പറഞ്ഞോളൂ. മുഅ്മിനായി എന്നു പറയേണ്ട.)

കാരണം, ഈമാന്‍ അല്ലാഹുവിന്റെ ഔദാര്യമാണ്. ആ ഔദാര്യം കിട്ടുന്നവര്‍ക്കേ മുഅ്മിനാവാന്‍ കഴിയൂ. മുസ്‌ലിം എന്നത് പ്രത്യക്ഷമായ കുറേ കാര്യങ്ങളുടെ നിര്‍വ്വഹണത്തിന്റെ പേരാണ്. ഇതിനു നേര്‍വിപരീതമാണ് ഈമാന്‍. അത് ഒട്ടും പ്രത്യക്ഷമല്ല, അതിന്റെ അടയാളങ്ങള്‍ ഒരുപക്ഷേ, പ്രത്യക്ഷമായേക്കാം. കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് തങ്ങളുടെ ഇല്ലാത്ത പാണ്ഡിത്യം പാമരജനത്തെ ബോധ്യപ്പെടുത്തുകയും അതു സ്ഥാപിച്ചെടുക്കുകയും ചെയ്യുക ബിദ്ഈ സംഘടനകളുടെ എക്കാലത്തെയും സ്വഭാവമാണ്. മറ്റു സംഘനടക്കാര്‍ ചെയ്യുന്ന ഏതു ശരിയും പ്രമാദവും അവര്‍ ചെയ്യുന്ന ഏതു പ്രമാദവും ശരിയുമാണ് എന്ന നിലപാടുകാരാണ് ഓരോ സംഘടനക്കാരനും. ഇതിനാവശ്യമായ പൊടിക്കൈകളൊക്കെ അവര്‍ പഠിച്ചുവെച്ചിട്ടുണ്ടാവും. കണ്‍കെട്ടു വിദ്യയുമായി ജീവിതം നയിക്കുന്നവര്‍ അത്യാവശ്യ പൊടിക്കൈകളുമായേ പുറത്തിറങ്ങാറുള്ളൂ എന്നതുപോലെ. എഴുപതുകളുടെ ആദ്യംവരെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത പാവം മുസ്‌ലിംകളെ താഗ്വൂതിന്റെ സഹായികളായി മുദ്രയടിച്ചവര്‍ - ഏതാണ്ട് മഹാപാപികളായ അമുസ്‌ലിംകളെ കാണുന്നതുപോലെയാണ് അന്നവരെ അവര്‍ കണ്ടിരുന്നത്. അതിന്റെ ഉപജ്ഞാതാക്കള്‍ വരെ ഉപേക്ഷിച്ചുപോയ ഈ വീക്ഷണവുമായി നടക്കുന്ന അവക്ഷിപ്തങ്ങള്‍ കാലത്തിന്റെ ഓര്‍മ്മത്തെറ്റുപോലെ ഇന്നുമുണ്ട് - എഴുപതുകളിലെ അടിയന്തരാവസ്ഥയോടെ പാപത്തിന്റെ ആ മഷിക്കറ സ്വയം ഏറ്റുവാങ്ങി ത്വാഗൂതിനെ സ്വയം ജയിപ്പിച്ചെടുക്കുകയാണ് ചെയ്തത്. അവര്‍ വോട്ടുചെയ്തു വിജയിപ്പിച്ച ഒരു കക്ഷിയാണ് ജനസംഘം. ജനസംഘം മതേതര ലേബലിനുവേണ്ടി ജനതാപാര്‍ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയും കോണ്‍ഗ്രസ്സും ഏതാണ്ട് അസ്തമിച്ചു എന്ന് ഉറപ്പായതോടെ ജനസംഘം അവരുടെ തനിരൂപം പുറത്തെടുത്തു. ദേശായി ഭരണകൂടത്തെ പിന്നില്‍നിന്നു കുത്തിയും ജനതാപാര്‍ടിയെ പിളര്‍ത്തിയും അവര്‍ സ്വന്തം രാഷ്ട്രീയാവതാരത്തെ പുറത്തിറക്കി. അതാണ് ഇപ്പോഴത്തെ ബി.ജെ.പി. പരാമൃഷ്ട മുസ്‌ലിം മതസംഘടനയും വൈകാതെ അത്തരം രാഷ്ട്രീയ പാര്‍ട്ടി സ്വന്തമായി രൂപീകരിച്ചു ത്വാഗൂതായി തിരഞ്ഞെടുക്കപ്പെടാനുള്ള വോട്ടുചോദിച്ചിറങ്ങുന്ന കാഴ്ചയാണ് നാം പിന്നീട് കാണുന്നത്. അങ്ങനെ സ്വയം ത്വാഗൂതായി മാറാന്‍ കച്ചകെട്ടിയിറങ്ങിയിട്ടും അവരെ ജനം അതിനു വോട്ടുചെയ്തു സമ്മതിക്കാത്തതില്‍ മാത്രമാണ് അവര്‍ക്കിപ്പോള്‍ ആകുലത!

ബിദ്ഈ മതസംഘടനകള്‍ അധപ്പതിച്ചാല്‍ അവര്‍ അധപ്പതനത്തിന്റെ ഏതു നെല്ലിപ്പടിയും തകര്‍ത്തു കീഴ്‌പ്പോട്ടുപോകും. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നു നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കു പിന്നിലും ഏതാണ്ടെല്ലാ മതസംഘനടനകള്‍ക്കും ഇത്തരത്തിലുള്ള ചെറുതും വലുതുമായ റോളുകളുണ്ട്. ഇന്ദിരാഗാന്ധി കുടത്തിലടക്കാന്‍ ശ്രമിച്ച ഭൂതത്തെ വീണ്ടും തുറന്നുവിടുന്നതില്‍ വരെ.

മറ്റൊരു വിഭാഗം ചേകനൂര്‍ അബുല്‍ ഹസന്‍ മൗലവിയെ പോലുള്ളവരെ കൊലപ്പെടുത്തിയാണ് മതസംഘടനാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയത്. നിരപരാധരായ ലക്ഷക്കണക്കിന് അനുയായികളുള്ള ഒരു സംഘടനയുടെ അടിത്തറ മാന്താന്‍ അതു മതിയായിരുന്നു. യുദ്ധഭാഷയില്‍ ഒരുപക്ഷേ, കോളാറ്ററല്‍ ഡാമേജ് എന്നു പറയുന്ന തരത്തില്‍ അതിലകപ്പെട്ടു ചതഞ്ഞരയുമായിരുന്ന നിരപരാധരെ കണക്കിലെടുത്തിട്ടാവാം അല്ലാഹു അവരെ തല്‍ക്കാലം ആ അപകടത്തില്‍നിന്നു രക്ഷിച്ചു. ഇതൊരു രാഷ്ട്രീയ വിശകലന കൃതിയോ കറ്റാന്വേഷണ പ്രബന്ധമോ അല്ലാത്തതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

വേണ്ടവര്‍ക്ക് ഇതില്‍ ഉള്‍ക്കാഴ്ച്ച നല്കുന്ന ഏതാനും ഹദീസുകള്‍ ഇവിടെ ചേര്‍ക്കുന്നു,

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) അരുളി: ''പരിപാവനമായ രക്തം ഒഴുക്കാത്ത കാലമത്രയും സത്യവിശ്വാസിക്ക് തന്റെ മതത്തിന്റെ വിട്ടുവീഴ്ചകളും ഒഴികഴിവുകളും ലഭിക്കും.'' (ബുഖാരി)

(അന്യായമായി രക്തം ചിന്തുന്നവന്‍ ശപിക്കപ്പെട്ടവനായി മാറുമെന്നര്‍ത്ഥം. അവന്‍ അതോടെ അല്ലാഹുവിങ്കല്‍നിന്നുള്ള വിട്ടുവീഴ്ച്ചക്കും ഒഴികഴിവിനും അര്‍ഹനല്ലാതാവും. കുറ്റവാളിയായി ഒളിച്ചോടുന്നവന് ആരാധനകളില്‍ ഒഴികഴിവില്ലെന്ന ഫിഖ്ഹ് മസ്അല രൂപപ്പെട്ടത് ഇതില്‍നിന്നാണ്.)

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) അരുളി:

''ചെയ്തുകഴിഞ്ഞാല്‍ രക്ഷാമാര്‍ഗമില്ലാത്ത നാശമാണ് ന്യായമില്ലാതെ നിരപരാധിയുടെ രക്തം ചിന്തല്‍.'' (ബുഖാരി)

(ചോര ചിന്തിയവന്‍ നരകാവകാശിയാവുക നിര്‍ബന്ധമായി.)

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ സത്യനിഷേധികള്‍ക്കിടയില്‍ വിശ്വാസം മറച്ച് വെച്ച് ജീവിക്കുന്നതിനിടയില്‍ ഒരിക്കല്‍ (അതായത്, യുദ്ധവേളയില്‍ കൊല്ലപ്പടുമെന്നു ഭയന്ന്) തന്റെ വിശ്വാസം വെളിപ്പെടുത്തുകയും എന്നാല്‍ അയാളെ മുസ് ലിംകള്‍ കൊന്നുകളയുകയും ചെയ്ത ഒരു ദുരനുഭവത്തെക്കുറിച്ചു മിഖ്ദാദ് നബിയോടു വിവരിച്ചപ്പോള്‍ അവിടുന്ന് നബി(സ) മിഖ്ദാദിനോട് പറഞ്ഞു:

''...അവന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തു നീ അവനെ വധിച്ചുകളഞ്ഞു? എങ്കില്‍ ആ നടപടി പാപമാണ്. മുമ്പ് മക്കായില്‍ ജീവിച്ചിരുന്ന കാലത്ത് നിങ്ങളും വിശ്വാസം മറച്ചുവെച്ചു ജീവിച്ചിരുന്നവരായിരുന്നല്ലോ ....'' (ബുഖാരി)

(മനുഷ്യര്‍ക്കു പല കാരണങ്ങളാല്‍ വിശ്വാസം വെളിപ്പെടുത്താന്‍ കഴിയാതെ വന്നേക്കാം. അതിനര്‍ത്ഥം അവരെല്ലാം അവിശ്വാസികളോ കപടന്മാരോ ചാരന്മാരോ ആണെന്നല്ല. ഒരിക്കലെങ്കിലും അവര്‍ തങ്ങളുടെ വിശ്വാസം വെളിപ്പെടുത്തിയാല്‍ അവരെ വിശ്വാസികളായിത്തന്നെ കണക്കാക്കണം. വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളോ ഹിജ്‌റയോ അവരില്‍നിന്നു നേരിട്ടു ദര്‍ശിച്ചില്ലെങ്കില്‍ തന്നെയും. അടുത്ത ഹദീസില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു.)

അബ്ദുല്ല (റ) പറയുന്നു: നബി(സ) അരുളി:

''ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി എന്ന് ഒരു മനുഷ്യന്‍ പറഞ്ഞാല്‍ മൂന്നിലൊരു കാരണമില്ലാതെ അവന്റെ രക്തം ഒഴുകുവാന്‍ പാടില്ല:

1. ഒരാളെ വധിക്കുക
(അതായത് കൊലപാതകം ചെയ്യുക),

2. വിവാഹിതനായ വ്യഭിചാരിയാവുക.

(അതിനു വ്യാജസാക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടവരല്ലാത്ത നാലു ദൃക്‌സാക്ഷികള്‍ വേണം. അല്ലെങ്കില്‍ നാലുപ്രാവശ്യം പ്രതി സ്വമേധയാ കുറ്റം സമ്മതിക്കണം.)

3. ഇസ്‌ലാമിനെ വെടിഞ്ഞു സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന വനാവുക.'' (ബുഖാരി)*

(അതും മതപരിത്യാഗിയാവുകയും പ്രതിവിപ്ലവമുണ്ടാക്കുകയും ചെയ്യുന്നവനാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രം).

ചോദ്യം: മുസ്‌ലിമാണെന്ന് ആരാണ് സര്‍ട്ടിഫൈ ചെയ്യേണ്ടത്?

അങ്ങനെ ഒരു അഥോറിറ്റി ഇസ്‌ലാമിലില്ല. അതിന്റെ ആവശ്യവുമില്ല. വിവാഹം, നേതൃത്വം, ഇമാമത്ത്, സൈനികശേഖരണം, സകാത് ബാധകമാക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഒരു വിശ്വാസിയുടെ സൂക്ഷ്മതലങ്ങള്‍ അന്വേഷിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം, ഇത്രയും കാര്യങ്ങള്‍ കണ്ടാല്‍ മതി:

1. ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി എന്ന് വാക്കാല്‍ സ്വയം സാക്ഷ്യപ്പെടുത്തലാണ് ഇസ്‌ലാമികസമൂഹത്തിന്റെ അംഗത്വമെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍. അതിനപ്പുറം മറ്റൊന്നും അന്വേഷിക്കാന്‍ നമ്മോടാവശ്യപ്പെട്ടിട്ടില്ല. ഇതിന്റെ മറ്റൊരു പ്രത്യക്ഷ രൂപം വേറൊരു ഹദീസില്‍ വന്നത് നേരത്തേ വിവരിച്ചുകഴിഞ്ഞു.

2. നമ്മുടെ ഖിബ്‌ലയിലേക്കു തിരിഞ്ഞു നമസ്‌കരിക്കുക,

3. നാം അറുത്തതു തിന്നുക.

ഈ മൂന്നു പ്രവൃത്തികള്‍ ആരില്‍ കണ്ടുവോ അവരെയെല്ലാം മുസ്‌ലിമായിത്തന്നെ കാണുകയും, കണക്കാക്കുകയും വേണമെന്നാണ് ഈ ഹദീസുകളുടെ സാരം.