തനി ബിദ്ഇകള്‍ അവര്‍ മുസ്‌ലിംകളല്ല, മുഹമ്മദ് (സ) അവരുടെ നബിയുമല്ല എന്നാണ് പ്രമാണങ്ങളില്‍ നിന്നു ബോധ്യമാകുന്നത്. ''തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.'' (അന്‍ആം-159)
ഇതാണ് നബിയോട് അല്ലാഹു അവരുടെ സാമൂഹികവും മതപരവുമായ പദവിയെപ്പറ്റി അറിയിക്കുന്നത്. സ്വാഭാവികമായും മറ്റൊരു ചോദ്യം വരും: അപ്പോള്‍ ആരാണ് ബിദ്ഇയായ ആ മുശ്‌രിക്കുകള്‍? എന്താവും പരലോകത്ത് അവരുടെ അവസ്ഥ?
ഈ സമുദായത്തില്‍ ആരാണ് മുശ്‌രിക്കുകള്‍ എന്ന ചോദ്യത്തിനു മറുപടിയായി നബി (സ) അവര്‍ ആരൊക്കെയെന്നു വിശദീകരിക്കുന്നു:
(ഹും അസ്വ്ഹാബുല്‍ ബിദ്ഇ മിന്‍ ഹാദിഹില്‍ ഉമ്മതി. ലൈസത് ലഹും തൗബതുന്‍, ഇന്നാ മിന്‍ഹും ബരീഉന്‍.)
''അവര്‍ ഈ സമുദായത്തിലെ ബിദ്ഇകളാണ്. അവര്‍ക്കു തൗബയില്ല. ഞാന്‍ അവരെ സംബന്ധിച്ചു നിരപരാധിയാണ്. (എനിക്കവരുടെ ഉത്തരവാദിത്വമില്ല)'' - (ബൈഹഖി, ഇബ്‌നു അബീഹാതിം, ത്വബ്‌റാനി)
പ്രകടനപരതയും (രിയാഅ്) ബിദ്അത്തും:
രിയാഇല്‍നിന്നു ബിദ്അത്തിലേക്ക് ഏറെ ദൂരമില്ല. സംഘടനകളുടെ ഏറ്റവും വലിയ തിന്മകളിലൊന്നു പ്രകടനപരതയാണ്. അതിനാണല്ലോ രിയാഅ് എന്നു പറയുക.
എന്നാല്‍, ബിദ്അത്ത് രിയാഇനെക്കാള്‍ വലിയ തിന്മയാണ്. രിയാഅ് തിരിച്ചറിയാനാവും. ബിദ്അത്ത് അതു ബോധപൂര്‍വ്വം കൊണ്ടുവന്നവര്‍ക്കും അതു സൂക്ഷ്മപരിശോധനക്കു വിധേയമാക്കുന്ന പണ്ഡിതന്മാര്‍ക്കുമല്ലാതെ തിരിച്ചറിയാനാവില്ല. പലപ്പോഴും സംഘടനകള്‍, 'ഫിഅ'കള്‍, 'ഫിര്‍ഖ'കള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഫലമാകും പരസ്പരം വെല്ലുവിളിച്ചുള്ള ഈ പ്രകടനപരത. എതിരാളിയെ വെല്ലാന്‍ തുടര്‍ന്ന് ഓരോരോ കാര്യങ്ങള്‍ പുതുതായി ആവിഷ്‌കരിക്കുകയായി.
പലവിധ സ്റ്റഡീക്ലാസ്സുകളും ദിക്ര്‍ ഹല്‍ഖകളും മജ്‌ലിസുന്നൂറുമെല്ലാം പുതുതായി ജന്മമെടുത്ത പുത്തനാചാരങ്ങളാണ്. തുടക്കത്തിലൊക്കെ ഖുര്‍ആനും ഹദീസുമാകും ഇതില്‍ വിളമ്പുക. പിന്നെ തരംപോലെ ഇവ മാനിപ്പുലേറ്റ് ചെയ്യുകയും ഓരോന്നായി ഇവയിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഏറ്റവുമൊടുവില്‍ സംഘടനാപരമായ കുത്തിത്തിരിപ്പുകളുടെ കൂടി വേദിയായി ഇവ മാറുന്നു. പലപ്പോഴും മറ്റു സംഘടനകളിലേക്കുള്ള അടിയൊഴുക്കുകള്‍ തടയാനാവും ഇത്തരം മാല്‍പ്രാക്ടീസുകള്‍ തുടങ്ങുന്നതുതന്നെയും.