ബിദ്അത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യമായി വേണ്ടത് അതില്‍നിന്നു രക്ഷപ്പെടണമെന്ന ഉറച്ച ബോധമാണ്. സ്വാഭാവികമായും അത് ഏതൊക്കെയാണ് ബിദ്അത്ത്, ഏതൊക്കെയാണ് ബിദ്അത്ത് അല്ലാത്തത് എന്ന അന്വേഷണത്തിലേക്കു നയിക്കും. ഇങ്ങനെ നാം നമ്മുടെ ഹൃദയം സത്യത്തിനായി തുറന്നിടുമ്പോള്‍ അതിലേക്ക് സത്യത്തിന്റെ പ്രകാശം സ്ഫുരിക്കാതിരിക്കില്ല. നമ്മുടെ ഉദ്ദേശ്യവും പ്രവര്‍ത്തന മാര്‍ഗവും ശരിയെങ്കില്‍ അല്ലാഹുവിന്റെ സഹായവും ഹിദായത്തും നമുക്കു ലഭിക്കുമെന്നത് തീര്‍ച്ചയാണ്. അതിനു പ്രത്യേക പോംവഴികളൊന്നുമില്ല, എങ്കിലും ചില സൂചനകള്‍ പ്രമാണങ്ങളുടെയും പണ്ഡിത നിര്‍ദേശങ്ങളുടെയും സ്വന്തം അനുഭവത്തിന്റെയും വെളിച്ചത്തില്‍ ഇവിടെ നല്കുന്നു.
അല്ലാഹു പറയുന്നു:
''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യും.'' (ഇസ്‌റാഅ് 36)
''നീ സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തതിലേക്കു മാറുക'' എന്ന ഹദീസ് ഇതിന്റെ വ്യാഖ്യാനമാണ്. ഖുര്‍ആനും ഹദീസും വ്യക്തമായ വഴികാട്ടിയായി നമ്മുടെ മുന്നിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാണ്ടെല്ലാ കാര്യങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാന്‍ ഇന്നു പ്രയാസമില്ല. സംശയമുള്ളിടത്ത് വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം. പണ്ഡിതന്മാരില്‍ അറിവും ജീവിതത്തില്‍ വിശുദ്ധിയുമുള്ള മാതൃകായോഗ്യരും നിഷ്പക്ഷ മതികളുമായവരുടെ സേവനവും ഇതിനായി തേടാം. എന്നാല്‍, സംഘടനാ പക്ഷപാതമുള്ള പണ്ഡിതന്മാരെ സൂക്ഷിക്കുക. അവര്‍ ഇബ്‌ലീസിന്റെ വഴിയിലേക്കു തന്നെയാവും നമ്മെ വീണ്ടും തിരിച്ചുവിടുക.
മതത്തില്‍ ആരെയും അനുകരിക്കില്ല എന്നത് ഒരു നയമായി സ്വീകരിക്കുക. വിവിധ ആശയഗതികളും അഭിപ്രായങ്ങളും പരിശോധിക്കാന്‍ ഇന്ന് എളുപ്പമാണ്. അവയില്‍നിന്ന് പ്രമാണയോഗ്യമായവ ഏതെന്നു സ്വയം നിശ്ചയിക്കാം. അന്ധമായ അനുകരണം നിഷിദ്ധമാമെന്നു തന്നെ കരുതുക. അത് ള്വലാലതിലേക്ക് നയിക്കുമെന്നും. എല്ലാ ള്വാലാലത്തും ശിക്ഷയിലേക്കു നയിക്കുമെന്ന ഭയം മനസ്സില്‍ വേണം. ള്വലാലത്തിന് ഉത്തരവാദി നേതാക്കളായാലും ശരി, സംഘടനകളായാലും ശരി, വ്യക്തികളായാലും ശരി ശിക്ഷ നിര്‍ബന്ധമാണ്.
നേതാക്കളെയും പണ്ഡിതന്മാരെയും അനുകരിച്ചു തെറ്റുചെയ്തുവെന്നത് ശിക്ഷയില്‍ നിന്നൊഴിവാകാന്‍ ന്യായമാകുകയില്ല.
''പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭം - പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും: ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്) ഒരു തിരിച്ചുപോക്കിനവസരം കിട്ടിയാല്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറും.'' (അല്‍ബഖറ -166-167)
അറിവുനേടാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് വിശാലമാണ്. ഏതു വിവരവും ഒരു ഞൊടിയിടയില്‍ ഇന്നു നമ്മുടെ മുമ്പില്‍ നമുക്കു മനസ്സിലാകുന്ന ഭാഷയില്‍ തന്നെ ലഭ്യമാണ് എന്നിരിക്കെ ഇന്ന് ആരെയും അന്ധമായി അനുകരിക്കേണ്ട കാര്യമില്ല. എല്ലാ ഉറവിടവും പരിശോധിക്കുക, എല്ലാവരെയും കേള്‍ക്കുക, അതില്‍ ഏറ്റവും നന്നായി തോന്നുന്നതു മാത്രം തിരഞ്ഞെടുക്കുക. ഇതിനു കഴിയാത്ത സാധാരണക്കാര്‍ക്കു സംഘടനാമാലിന്യം പുരളാത്ത നിഷ്‌കളങ്കരായ നിഷ്പക്ഷ പണ്ഡിതന്മാരുടെ സേവനം ഉപയോഗപ്പെടുത്താം. അറിയാത്ത കാര്യങ്ങളില്‍ ഇജ്തിഹാദിനൊന്നും പോകരുത്. എന്നാലും അന്തിമ തീരുമാനം നിങ്ങള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കരുത്. ഇതിനു പകരം അന്ധമായി അനുകരിച്ചാലോ, ശിക്ഷ ഉറപ്പ്.
''അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ''ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!'' അവര്‍ പറയും: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു.'' (അഹ്‌സാബ് 66, 67)
''ആരും മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല.'' (മര്‍യം)
ആര്‍ക്കും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ല. ക്രിസ്ത്യാനികള്‍ അവര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നതുപോലെയുള്ള ഒരു കുമ്പസാര രൂപവും ഇസ്‌ലാമിലില്ല. നേതാക്കന്മാരോ ഔലിയാക്കളോ ഗൗഥുല്‍ അഅ്‌ളമോ റസൂലോ ആരുംതന്നെ അണികളുടെ പാപം ഏറ്റെടുക്കുകയില്ല. മാത്രമല്ല, ഒരു വ്യക്തിയും താന്‍ ചെയ്തുപോയ പാപങ്ങള്‍ ഉറ്റ സുഹൃത്തുക്കളടക്കം ആരെയും അറിയിക്കാനും പാടില്ല. അല്ലാഹു മറച്ചുവെച്ചവ മനുഷ്യന്‍ വെളിപ്പെടുത്താന്‍ പാടില്ല. കാലാന്തരത്തില്‍, നിരന്തരമായ തൗബയുടെ ഫലമായി അല്ലാഹു അത് പാടേ മായ്ച്ചുകളയുകയും പൊറുത്തുതരികയും ചെയ്‌തേക്കാമെന്നു പ്രത്യാശവെക്കുകയാണ് വേണ്ടത്.
അങ്ങനെ വല്ലവരും ധരിച്ചുവശായാല്‍ അവരുടെ വിധിയെക്കുറിച്ചു ഖുര്‍ആന്‍ നേരത്തേ അവര്‍ക്കു വ്യക്തമായ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. അങ്ങനെ വല്ലവരും വേഷംകെട്ടി വരുന്നുണ്ടെങ്കില്‍ അത് അല്ലാഹുവിങ്കല്‍നിന്നല്ല പിശാചില്‍നിന്നാണ് എന്നുകൂടി ഖുര്‍ആന്‍ സൂചിപ്പിക്കുന്നു,
''എന്റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ മിത്രമായി സ്വീകരിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എനിക്ക് ബോധനം വന്നുകിട്ടിയ ശേഷം അതില്‍നിന്നവന്‍ എന്നെ തെറ്റിച്ചുവല്ലോ.'' പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.'' (അല്‍ഫുര്‍ഖാന്‍ 28)
അതെ, എല്ലാ സംഘടനാ നേതാക്കളും ഈ പിശാചിന്റെ ആള്‍രൂപങ്ങളായി നാളെ സ്വന്തം അണികളെ തള്ളിപ്പറയും. നിങ്ങളുടെ സംഘടനയുടെ കൊടിക്കീഴിലോ നേതൃത്വത്തിന്‍കീഴിലോ അല്ല നാളെ അല്ലാഹുവിന്റെ കോടതിയില്‍ നാം വിചാരണക്കെത്തുക. ഒറ്റയൊറ്റ വ്യക്തികള്‍ എന്ന നിലക്കായിരിക്കും. മറ്റൊരു വിചാരണക്ക് നിങ്ങള്‍ ഉപര്യുക്ത അവിശ്വാസികളെപ്പോലെ അപ്പീല്‍ നല്കിയെങ്കില്‍ ആ വിചാരണക്കു ശേഷമാകും സംഘടനക്കാരെക്കൂടി പങ്കെടുപ്പിച്ചുള്ള വിചാരണ. അതാണല്ലോ മുകളില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യങ്ങളിലെ സൂചന.
നമ്മുടെ മതവിശ്വാസം അതിന്റെ ആചരണവും മറ്റൊരാളെ ആശ്രയിച്ചോ മുന്‍നിര്‍ത്തിയോ ആകരുത്.
ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു,
'' അവന്‍ വിശ്വസിച്ചാല്‍ നിങ്ങളും വിശ്വസിക്കുകയും അവന്‍ അവിശ്വസിച്ചാല്‍ നിങ്ങളും അവിശ്വസിക്കുകയും ചെയ്യുന്നതിനായി നിങ്ങളാരും തന്റെ മതത്തെ ഏതെങ്കിലുമൊരാളുടെ കഴുത്തില്‍ കെട്ടിത്തൂക്കരുത്. തിന്മയില്‍ മാതൃകയില്ല തന്നെ, തീര്‍ച്ച.''
സംഘടനയുടെ നേതാക്കളും അണികളും ഇപ്പോള്‍ പല ലക്ഷ്യത്തിലേക്കാണു നീങ്ങുന്നത്. ഇസ്‌ലാം ഏറ്റവും വെറുക്കുന്ന ഒരു മാതൃകയാണിത്. സംഘടനകള്‍ ഒഴുക്കില്‍ കീഴ്‌പ്പോട്ടു തുഴയുന്നവരാണ്. എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ചത് ഒഴുക്കിനെതിരേ തുഴയാനാണ്. നമുക്കു മുകളിലേക്കാണു പോകേണ്ടത്. തുഴച്ചില്‍ നിര്‍ത്തിയാല്‍ അത്രയും നാം പിറകോട്ടുപോകും. അതുകൊണ്ടാണ് മദ്ഹബിന്റെ ഇമാമുകള്‍ പോലും ഈ അപകടാവസ്ഥ മുന്‍കൂട്ടി കണ്ട് ആദ്യമേ പറഞ്ഞുവെച്ചത്.
ഇമാം ശാഫിഈ പറഞ്ഞു,
''ഞാന്‍ പറയുന്നതിലെല്ലാം താങ്കള്‍ എന്നെ അനുകരിക്കരുത്. താങ്കള്‍ സ്വയം അതിനെപ്പറ്റി ചിന്തിക്കുക. അല്ലാഹുവിന്റെ റസൂലല്ലാത്ത മറ്റാരുടെ വാക്കും പ്രമാണമാകുകയില്ല.''
ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊന്നും പ്രമാണമല്ലെന്നും എല്ലാ ഇമാമുകളുടെയും എല്ലാ പണ്ഡിതന്മാരുടെയും വ്യക്തിപരമായ തീരുമാനങ്ങള്‍ കേവലം അഭിപ്രായങ്ങളാണെന്നുമാണ് ഇമാം ശാഫിഇ പഠിപ്പിക്കുന്നത്. ഖുര്‍ആനും സുന്നത്തും അനുസരിച്ച് അവര്‍ തീര്‍പ്പാക്കിയ കാര്യങ്ങള്‍ മാത്രമാണ് നമുക്ക് പ്രമാണമാകുന്നത്. അല്ലാത്തവ നമ്മുടെ അറിവിനായി, പഠിക്കാം, പഠിപ്പിക്കാം. പക്ഷേ, അവ പ്രാവര്‍ത്തികമാക്കാന്‍ പാടില്ല. തങ്ങളുടെ നിഗമനത്തിനാസ്പദമായ ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ചിട്ടില്ലാത്ത ഫത്‌വകള്‍ സ്വീകരിക്കാന്‍ പോലും നാം ബാധ്യസ്ഥരല്ല.
മറ്റൊരിടത്ത് അദ്ദേഹം ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുന്നു,
''തെളിവുകൂടാതെ അറിവു നേടുന്നവന്‍ രാത്രിയില്‍ വിറകു ശേഖരിക്കുന്നവനെപ്പോലെയാണ്. അവന്‍ ചുമക്കുന്ന വിറക് കെട്ടില്‍ (വിറകു മാത്രമല്ല) പാമ്പുമുണ്ടാകാം. അവനറിയാതെ അത് അവനെ കൊത്തും.''
അറിവു മാത്രം തേടിയാല്‍ പോരാ, അറിവിനാസ്പദമായ തെളിവുകൂടി നാം നേടണം എന്നര്‍ത്ഥം. പ്രസ്തുത നിഗമനത്തിനാസ്പദമായ പ്രമാണമെന്തെന്നു നാം ആരായണം. പ്രമാണം കാണിക്കാതെയുള്ള ഫത്‌വകള്‍ സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരല്ല എന്നു നാം നേരത്തേ സൂചിപ്പിച്ചു. ഇപ്പോള്‍ പലരും നടത്തുന്ന വാദ്രപതിവാദങ്ങളില്‍ പണ്ഡിതന്മാരുടെ വചനങ്ങളാണ് ഉദ്ധരിച്ചുകാണുന്നത്. അതുകൊണ്ടായില്ല. അതിനാസ്പദമായ ഖുര്‍ആനും സുന്നത്തുമാണ് അവര്‍ ഉദ്ധരിക്കേണ്ടതുണ്ട്. ഫത്‌വയ്ക്ക് ആധാരമായ പ്രമാണങ്ങള്‍ ഉദ്ധരിക്കാത്തവര്‍ അഹങ്കാരികളാണ്. അവരുടെ വാക്ക് മുഖവിലക്കെടുക്കാനാവില്ല. അവര്‍ സൂ ക്ഷ്മതയില്ലാത്തവരായേക്കാം.
മനുഷ്യര്‍ അടിസ്ഥാനപരമായി നല്ലവരാണ്. സ്വാഭാവികമായും പലരിലും പല നന്മകളും കാണും. അവരും സംഘടനയുടെ എലിക്കെണിയില്‍ പെട്ടുപോയിട്ടുണ്ടാവാം. എന്നാല്‍, അവരുടെ നന്മയും വ്യക്തിപ്രഭാവവുമൊന്നും ആ സംഘടനയുടെതായി തെറ്റുധരിക്കേണ്ട. അവര്‍ അവരുടെ സ്വാഭാവിക നന്മയും സ്വാഭാവിക ഗുണവും കാണിക്കുകയാണ്. അതുകണ്ട് ആ സംഘടനയില്‍ ചേരേണ്ട കാര്യമില്ല. അവര്‍ ആ സംഘടനക്കകത്തല്ലായിരുന്നുവെങ്കില്‍ മുസ്‌ലിംസമൂഹത്തിനു മുഴുവന്‍ അവര്‍ പ്രയോജനപ്പെടുമായിരുന്നു. അവരുടെ നന്മകള്‍ അംഗീകരിക്കാം. അതിന് അവരകപ്പെട്ട സംഘടനയില്‍ ചേരേണ്ടതില്ല.
നമുക്കു പിന്‍പറ്റാന്‍ ഒരേ ഒരു മാതൃകയേയുള്ളൂ, അതു പ്രവാചകനാണ്. അത് അദ്ദേഹം പറഞ്ഞതല്ല, അല്ലാഹു തന്നെ നമ്മെ അറിയിച്ചതാണ്. ഇന്നും അത് അല്ലാഹു നമ്മോടു പറഞ്ഞുകൊണ്ടേയിരിക്കുന്നു:
''പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ (നബിയെ) പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും.'' (ആലി ഇംറാന്‍ 31)
റസൂലിനെ പിന്‍പറ്റുക എന്നത് ഒരു കാരണവശാലും സംഘടനകളെ പിന്‍പറ്റുക എന്നതുകൊണ്ട് സാധ്യമാകുന്നില്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തനി ബിദ്അത്താണ്. റസൂലിനു പകരം റസൂല്‍ മാത്രമേയുള്ളൂ. റസൂലിനുശേഷം അങ്ങനെ നിരുപാധികം പിന്‍പറ്റപ്പെടേണ്ട ഒരു വ്യക്തി നമുക്കില്ല. ശീഇകള്‍ക്കേയുള്ളൂ. അത് അവരുടെ ബിദ്അത്തും ആവിഷ്‌കാരവും കണ്ടുപിടുത്തവുമാണ്. നമ്മുടെ കൂട്ടത്തില്‍ അവരില്ലാത്തതിനാല്‍ ഈ വിഷയം ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല.
മുസ്‌ലിംസമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്തണമെങ്കില്‍ മദ്ഹബുകള്‍ ഇല്ലാതാവണം. എങ്കിലേ പാശ്ചാത്യരുടെ രാഷ്ട്രീയ സംഘടനകളുടെ മാതൃകയിലുള്ള മതസംഘടനകള്‍ക്കു രംഗപ്രവേശം ചെയ്യാന്‍ ഇടം കിട്ടൂ. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച മുസ്‌ലിം സായിപ്പന്മാരാണല്ലോ ഇസ്‌ലാമിലേക്കു പല രൂപത്തിലും ഭാവത്തിലുമായി സംഘടനകള്‍ കൊണ്ടുവന്നത്. നമ്മുടെ മൗലാനമാരും പിന്നീട് അവരെ അനുകരിച്ചു. കേരളത്തിലും അത്തരം ചില നീക്കങ്ങളുണ്ടാവുകയും പല ജംഇയ്യതുല്‍ ഉലമകള്‍ രൂപംകൊളളുകയും ചെയ്തു. അതോടെ സമുദായം പരസ്പരം വികര്‍ഷിക്കുന്ന 'വിരുദ്ധ'ധ്രുവങ്ങളായി, പരസ്പരബന്ധമില്ലാത്ത പല തുരുത്തുകളായി പിരിഞ്ഞു. ഇതില്‍ തുടക്കക്കാരുടെ സദുദ്ദേശ്യം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, പില്‍ക്കാലത്ത് ഇവയ്ക്കു സംഭവിച്ച ജനിതകമാറ്റമാണ് ഇവയെ കൂടുതല്‍ അപകടകാരികളാക്കിയത്.
മദ്ഹബിനുപകരം സംഘടനകള്‍ വന്നോതോടെ മതത്തെ സംബന്ധിച്ച അവരുടെ വൈയക്തിക വ്യാഖ്യാനങ്ങള്‍ വന്നു. ഇതിനായി ഓരോരുത്തരും എല്ലാ വൈജ്ഞാനിക വകുപ്പുകളെയും മ്യൂട്ടേഷനു വിധേയമാക്കി പുതിയ വ്യാധികളെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഓരോ സംഘടനക്കും സ്വന്തമായി ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും ഹദീസ് പരിഭാഷകളും വ്യാഖ്യാനങ്ങളും, ഫിഖ്ഹുകളും സീറകളുമുണ്ട്. പ്രത്യേക മദ്രസാ പാഠപുസ്തകങ്ങളും അതിന്റെ പാഠ്യപദ്ധതികളും "അഖാഇദ"കളും "അഖ്‌ലാഖു"കളുമുണ്ട്... നല്ലതിനായാലും അല്ലാത്തതിനായാലും മറ്റാരോടും (പ്രത്യക്ഷമായി) ഒരു ഹലാക്കിനും കടപ്പെടരുതല്ലോ. ഇങ്ങനെ ഓരോ ഫിര്‍ഖയും ഓരോ അപ്രഖ്യാപിത മദ്ഹബായി മാറി. മദ്ഹബുകളെ തഖ്‌ലീദ് ചെയ്യാന്‍ മടിച്ച അണികള്‍ ഇതിനെ അന്ധമായി തഖ്‌ലീദ് ചെയ്യുന്നവരുമായി.
ഓരോ സംഘടനയും പ്രത്യേക രാജ്യങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ സംഘടനാപരമായ അതിര്‍ത്തിയും അണികളെയും സ്ഥാപനങ്ങളെയും കാക്കാന്‍ ചിലര്‍ക്കെങ്കിലും യൂണിഫോമിട്ടതും ഇടാത്തതുമായ ഗുണ്ടകളും (പട്ടാളവും) ഒറ്റുകാരും (ചാരവലയവും) വരെയുണ്ട്. തങ്ങളുടെ ഈ മനോരാജ്യത്തെ സുല്‍ത്താന്മാരാണ് ഓരോ സംഘടനാനേതാവും. ഖിലാഫതിനെയും പാന്‍ഇസ്‌ലാമിസത്തെയും ഇസ്‌ലാമിക ഭരണത്തെയും എതിര്‍ക്കുന്നവരും അല്ലാത്തവരുമൊന്നുപോലെ ഇങ്ങനെ തങ്ങളുടെ സംഘടനാ വൃത്തങ്ങളിലെ ചോദ്യം ചെയ്യപ്പെടാത്ത കുട്ടി ഖലീഫമാരും കുട്ടി രാജാക്കന്മാരുമായി വിലസുന്നു. അവര്‍ പറയുന്നതാണ് അവര്‍ക്കു ദീന്‍. അവര്‍ ചൂണ്ടുന്നിടത്തേക്കു മാത്രമേ അണികള്‍ പോകാവൂ എന്നാണ് ഗര്‍വ്വ്.
പാന്‍ഇസ്‌ലാമിസത്തെക്കുറിച്ചു പറഞ്ഞല്ലോ അത് ഒരു കാലഘട്ടത്തിലെ ഗവേഷണമോ പരീക്ഷണമോ അക്കാദമിക കൗതുകമോ ഒക്കെ ആയിരുന്നു. ഇന്നത് പ്രസക്തമാണെന്നോ സജീവമാണെന്നോ തോന്നുന്നില്ല. ഇതു ദേശീയതകളുടെയും വംശീയതകളുടെയും കാലമാണ്. നിലവിലുള്ള ലോകക്രമത്തില്‍ ഇതല്ലാതെ മുസ്‌ലിംലോകത്തിനു സ്വീകാര്യമാകുമെന്നു കരുതാന്‍ വകയില്ല. ഒരു ഭാഗത്തു മതഭ്രാന്തന്മാരും മറുഭാഗത്തു കൊടും സ്വേച്ഛാധിപതികളും സമുദായത്തെ ഈ പരുവത്തിലെത്തിച്ചിരിക്കുന്നു.
പാന്‍ഇസ്‌ലാമിസത്തിന്റെ വക്താക്കള്‍ തന്നെ പിന്നീട് ദേശീയതയിലും വംശീയതയിലും അധിഷ്ഠിതമായ കക്ഷിരാഷ്ട്രീയത്തിലിറങ്ങുകയാണ് ചെയ്തത്. തുര്‍ക്കി ഖിലാഫത് ചതിയില്‍ അവസാനിപ്പിക്കുകയും മുസ്‌ലിംലോകത്തെ സാമ്രാജ്യത്വം വിഴുങ്ങുകയും ചെയ്ത ഒരു സന്ദര്‍ഭത്തിലാണ് പാന്‍ ഇസ്‌ലാമിസം ഉയര്‍ന്നുവരുന്നത്. സോവിയറ്റ്‌റഷ്യയിലും ചൈനയിലുമൊഴികെ മുസ്‌ലിംലോകത്തെ സാമ്രാജ്യത്വശക്തികളുടെ പ്രത്യക്ഷഭരണത്തില്‍നിന്നു മോചിപ്പിക്കാന്‍ ഈ ആശയത്തിനു കഴിഞ്ഞു. പക്ഷേ, മുസ്‌ലിംലോകത്തെ സാമ്രാജ്യത്വശക്തികള്‍ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവര്‍ അവരുടെ ഏജന്റുമാരെ ഏല്പിച്ചാണ് മുസ്‌ലിംലോകം വിട്ടത്. മുസ്‌ലിം ലോകത്തെ അവര്‍ പല കഷ്ണങ്ങളാക്കി മാറ്റി. ഇസ്രായേലിനെ അവര്‍ അവിടെ കുടിയിരുത്തുകയും ചെയ്തു. മുസ്‌ലിംലോകത്തിന്റെ നെഞ്ചില്‍ ഉണങ്ങാത്ത കാന്‍സര്‍പോലെ ഈ അവിഹിത സന്തതി വളരുകയും മുസ്‌ലിംലോകം അതിനു മുന്നില്‍ ചെറുതാവുകയുമാണ് ചെയ്യുന്നത്.
എന്നാല്‍, നാം ഇന്ത്യക്കാര്‍ - ഇന്ത്യന്‍ മുസ്‌ലിംകള്‍ - ഇതിലൊന്നും പെടാത്ത ഒരു വിഭാഗമാണ്. ഖിലാഫത്തോ മുലൂക്കിയത്തോ ഹുകൂമത്തെ ഇലാഹിയോ ഇഖാമതുദ്ദീനോ ഒന്നും നമ്മുടെ സ്വപ്നത്തില്‍ പോലുമില്ല. നാമാരും തന്നെ അതിനുവേണ്ടി ശ്രമിക്കുകയോ ഉഴറുകയോ പോലും ചെയ്യുന്നില്ല. ഇപ്പോള്‍ നാം അതിജീവനത്തിന്റെയും നിലനില്‍ക്കാനുള്ള പോരാട്ടത്തിന്റെയും പാതയിലാണ്. ബ്രിട്ടീഷ് ഭരണകാലത്തെ കോളനി വാഴ്ച്ചക്കു സമാനമായ ഒരവസ്ഥ നേരിടുന്നവര്‍... ഇത് ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു കൃതിയല്ലാത്തതിനാല്‍ തല്‍ക്കാലം ആ വിഷയവും വിടുന്നു. ഇസ്‌ലാം സമ്പൂര്‍ണമാണ്. ലളിതവുമാണ്. അതുമായി മുന്നോട്ടുപോകാന്‍ ഒരു മതപുരോഹിതന്റെയും ഒരു മതസംഘടനയുടെയും ഒരു മദ്ഹബിന്റെയും താമ്രപത്രം നമുക്കുവേണ്ട.
റസൂല്‍(സ) മരിച്ചുപോയി എന്നു കരുതി സന്തോഷിക്കുകയും ആ ദിവസം അവിടുത്തെ മൗലിദ് ആചരിക്കുകയും ചെയ്യുന്നവരാണ് സംഘടനാനേതാക്കള്‍. അപ്പോഴല്ലേ റസൂലിന്റെ സ്ഥാനത്ത് തങ്ങളെ അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിയൂ. എന്നാല്‍ റസൂലിന്റെ ഭൗതികശരീരം മാത്രമേ മരിച്ചുപോയിട്ടുള്ളൂ. റസൂലിന്റെ ചര്യ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ ഓരോ നൂറ്റാണ്ടിനൊടുവിലും കൂടുതല്‍ തെളിമയോടെ, മികവോടെ, മിഴിവോടെ ജീവിച്ചിരിക്കുന്നതായാണ് നാം കാണുന്നത്. പണ്ഡിതന്മാര്‍ ഇപ്പോഴും ആ ശരീരം അഴുക്കു പുരളാതെയും കളങ്കമേശാതെയും കാത്തുസൂക്ഷിക്കാന്‍ ക്ലാവും പൊടിയും തുടച്ചു രാവും പകലും ഉറക്കമൊഴിച്ചധ്വാനിക്കുന്നു. ഖുര്‍ആന്‍ പോലെ, ലോകാവസാനം വരെ അതു സുരക്ഷിതമായിരിക്കുമെന്നും അതിനു മതിയാകുംവിധം ആശയതലത്തിലും കര്‍മ്മതലത്തിലും അതു പൂര്‍ത്തീകരിച്ചുകഴിഞ്ഞെന്നും ഉറപ്പാക്കിയിട്ടാണ് അവിടുത്തെ ഭൗതികശരീരം ഖബറില്‍ വെക്കാന്‍ (വഫാത് ആക്കാന്‍) അല്ലാഹു ജിബ്‌രീല്‍ മുഖേന അവിടുത്തോട് അനുമതി ചോദിച്ചത്. ഹജ്ജതുല്‍ വിദാഇല്‍ അവിടുന്ന് ലക്ഷക്കണക്കിനു സ്വഹാബികളെ മുന്‍നിര്‍ത്തി ആ പൂര്‍ത്തീകരണം പ്രഖ്യാപിച്ചതും അവരെ അതിനു സാക്ഷിനിര്‍ത്തിയതും ചരിത്രത്തിന്റെ പകല്‍ വെട്ടത്തിലായിരുന്നു.
കിളിപ്പാട്ടുപോലെ "സീറ" എന്ന പേരില്‍ അവരുടെ ബാപ്പ, അവരുടെ ബാപ്പ എന്നോ മുത്തുനബി, അശ്‌റഫുല്‍ ഖല്‍ഖ്വ് എന്നോ ഒക്കെ ചൊല്ലി പഠിച്ചതുകൊണ്ടായില്ല. അതിലെ കഴമ്പുള്‍ക്കൊള്ളാന്‍ കൂടി കഴിയണം. റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ എല്ലാ സംഘടനകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മൗലിദ് ആചരിക്കുന്നുണ്ട്. ചിലത് അതിനെ അനുകൂലിച്ചും ചിലര്‍ വിമര്‍ശിച്ചും. (പ്രതി)ഫല(ന)ത്തില്‍ രണ്ടും ഒരുപോലെയിരിക്കും. ഒരുകൂട്ടര്‍ (എല്ലാവരുമല്ല) അതുകൊണ്ട് തങ്ങളുടെ ധാര്‍ഷ്ഠ്യവും ശക്തിയും പ്രകടിപ്പിക്കുന്നു. മറ്റൊരു കൂട്ടര്‍ പൊതുവെ അതിനോടുള്ള പുച്ഛവും തങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന നാട്യവുമാണു പ്രകടിപ്പിക്കുന്നത്.
നബിയോട് ഇരുകൂട്ടരില്‍ ആര്‍ക്കെങ്കിലും സ്‌നേഹമുണ്ടായിരുന്നെങ്കില്‍ അവര്‍ ചെയ്യേണ്ടത് നബിചര്യയും സീറയും ഉള്‍ക്കൊള്ളുകയും അതു പ്രചരിപ്പിക്കുകയുമായിരുന്നു. പക്ഷേ, അതു പ്രയാസമേറിയ കാര്യമാണ്. വായിച്ചും പഠിച്ചും ഗവേഷണം നടത്തിയും ഒരുപാടധ്വാനിക്കണം. എന്നാല്‍, ഖണ്ഡന മണ്ഡനപ്രസംഗങ്ങളും ഗാനാലാപനവും ആര്‍ക്കും പറ്റുന്ന പണിയാണ്. പിശാചിനെയാണെങ്കില്‍ വെറുപ്പിക്കേണ്ടതുമില്ല. പഴയ രൂപത്തിലുള്ള നഅ്തും മൗലൂദും കൊണ്ടുണ്ടാവുന്ന വിപത്തുകളെയൊക്കെ സമുദായം ഏതാണ്ട് അതിജീവിച്ചുകഴിഞ്ഞു. എന്നാല്‍, സംഘടനയെന്ന മാരകവിപത്തിനെയാണ് സമുദായത്തിനിനിയും തരണം ചെയ്യാനാവാത്തത്. എല്ലാ അത്യാചാരങ്ങളെയും താങ്ങിനിര്‍ത്തുന്നതും കൊണ്ടാടുന്നതും കൊണ്ടുനടക്കുന്നതും സംഘടനകളാണ്.
അവര്‍ ഓരോ ദിവസവും സമുദായത്തിനു പുതിയ പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്നു. പുതിയ ആചാരങ്ങളും ആചരണങ്ങളും സമ്മാനിക്കുന്നു. അവരുണ്ടാക്കിയ ഒരു പ്രശ്‌നത്തിനും അവര്‍ പരിഹാരം കാണുന്നുമില്ല. അതിന്റെ പേരില്‍ അവര്‍ ഭിന്നിച്ചു പല പിരിവുകളായി മാറുകയും ഓരോന്നും കൂടുതല്‍ പൈശാചികമാകുകയുമാണ് ചെയ്യുന്നത്.
ശാന്തിയും സമാധാനവും സന്മാര്‍ഗദര്‍ശനവും ലഭിക്കേണ്ട പള്ളികളിലും മദ്രസകളിലുംവരെ അവര്‍ കൊലപാതവും മര്‍ദ്ദനവും നടത്തുന്നു; പരസ്പരം തല്ലുകൂടി ചാവുന്നു; പ്രതിയും ഇരയുമായി കേസുകെട്ടുകളുമായി കോടതികളിലേക്കു പായുന്നു; പത്രങ്ങളിലും വാരികകളിലും നുണക്കഥകള്‍കൊണ്ടു നിറയ്ക്കുന്നു. പള്ളികളിലൂടെ അവര്‍ വഴികേടുകളും ബിദ്അത്തുകളും പ്രചരിപ്പിക്കുന്നു. പലപ്പോഴും ജുമുആ ഖുത്വ്ബകള്‍ പോലും തറയിലായാലും മിന്‍ബറിലായാലും എതിര്‍വിഭാഗത്തിനെതിരേയുള്ള മറുപടിപ്രസംഗങ്ങളായി മാറുന്നു.
ഒരു യാത്രക്കാരനെന്ന നിലയില്‍ പലപ്പോഴും പല വിഭാഗത്തിന്റെയും പള്ളിയില്‍ ജുമുഅക്കു കൂടേണ്ടിവന്നിട്ടുണ്ട്. ചില ഖുത്വ്ബകള്‍ കേട്ട് ലജ്ജിച്ചു തല താഴ്‌ത്തേണ്ടിയും വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ മരിച്ചുപോയ ഒരു മഹാപണ്ഡിതന്റെ ഖുത്വ്ബയും കേള്‍ക്കേണ്ടിവന്നു. അക്കാലത്ത് അയാള്‍ ഒരു പ്രമുഖ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുകൂടിയായിരുന്നു. ജുമുആ ഖുത്വ്ബ ഉളുപ്പില്ലാതെ വിഭാഗീയ പ്രചാരണത്തിനുപയോഗിച്ച ആ മനുഷ്യന്റെ ഇമാമത്തില്‍ നമസ്‌കാരം പൂര്‍ത്തിയാക്കിയത് മനംപിരട്ടലോടെയാണ്.
പല കുടുംബങ്ങളിലെയും കലഹവിഷയം പോലും സംഘടനകളാണ്. അവയുണ്ടാക്കിയ കുത്തിത്തിരുപ്പുകള്‍ കാരണം രക്തബന്ധങ്ങള്‍ തകരുന്നു; വിവാഹബന്ധങ്ങള്‍ മുറിയുന്നു; അനാഥകളും വിവാഹമോചിതകളും അഗതികളും മനോരോഗികളും വഴിവിട്ട ജീവിതം നയിക്കുന്നവരും പെരുകുന്നു. പലരും ഇസ്‌ലാമില്‍നിന്നു തന്നെയും രാജിവെച്ചുനില്‍ക്കുന്ന അവസ്ഥയിലായി. "നിങ്ങള്‍ എന്നെ ഇപ്പരുവത്തിലാക്കി" എന്നാണ് ആ കുടുംബത്തിലെ ഓരോ വ്യക്തിക്കും ഈ സംഘടനകളോടു പറയാനുള്ളത്. സംസ്‌കരിച്ചു സംസ്‌കരിച്ചു സമുദായത്തിന്റെ ശവസംസ്‌കാരം നടത്താനുള്ള പുറപ്പാടിലാണ് സംഘടനകള്‍.
സ്വന്തം നിലക്ക് മനസ്സിലാക്കാന്‍ കഴിയാത്ത മതകാര്യങ്ങളില്‍ മദ്ഹബിന്റെ ഇമാമുകളുടെ തീരുമാനങ്ങളെ അനുകരിക്കുന്നതിനാണ് തഖ്‌ലീദ് എന്നു പറയുന്നത്. അന്ധമായി പിന്തുടരുക എന്നുകൂടി പില്‍ക്കാലത്തു ചിലര്‍ അതിലേക്കു കൂട്ടിച്ചേര്‍ത്തു പറയാറുണ്ട്.
അപ്പോള്‍ ഈ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്: തഖ്‌ലീദ് ബിദ്അത്ത് ആണോ? അല്ലെങ്കില്‍ തഖ്‌ലീദ് എങ്ങനെയാണ് ബിദ്അത്തിലേക്കു നയിക്കുന്നത്? ആരാണ് തഖ്‌ലീദ് ചെയ്യാന്‍ പഠിപ്പിച്ചത്?
(1) ഇമാം ശാഫിഇ, (2) ഇമാം അബൂഹനീഫ, (3) ഇമാം മാലിക്, (4) ഇമാം ഇബ്‌നു ഹന്‍ബല്‍ - ഇവരാരെങ്കിലും തങ്ങളെ അന്ധമായി അനുകരിക്കണമെന്നു പറഞ്ഞിട്ടുണ്ടോ? ഒരിടത്തും അങ്ങനെ കാണാന്‍ കഴിയില്ല. പിന്നെ ആരെ പിന്‍പറ്റണം? മേല്‍പ്പറഞ്ഞ ഇമാമുമാരല്ല, പില്‍ക്കാലത്ത് ഇവരുടെ പേരില്‍ രൂപപ്പെട്ട മദ്ഹബുകള്‍ സംഘടനാ രൂപം പ്രാപിച്ചപ്പോഴാണ് തഖ്‌ലീദ് ഉടലെടുത്തത്. ഇവയില്‍ ചിലത് സ്റ്റേറ്റ് മതത്തിന്റെ പദവി വരെ ആര്‍ജ്ജിച്ചപ്പോള്‍ തികച്ചും പൈശാചികരൂപം പ്രാപിക്കുകയും രക്തച്ചൊരിച്ചിലിനു വരെ കാരണമാകുകയും ചെയ്തു. അത്തരം സംഘടിത മദ്ഹബുകളുടെ ആധുനിക ബദലുകളാണ് ഇക്കാലത്തെ മതസംഘടനകള്‍. അവരത് എത്ര തന്നെ നിഷേധിക്കാന്‍ ശ്രമിച്ചാലും അവരുടെ തനിനിറം തങ്ങള്‍ക്കു സ്വാധീനം കിട്ടുന്നിടത്ത് അവര്‍ വെളിവാക്കുക തന്നെ ചെയ്യും. പ്രത്യക്ഷത്തില്‍ അവരില്‍ പലരും ഇപ്പോള്‍ തഖ്‌ലീദിനെ എതിര്‍ക്കുന്നതായി അഭിനയിക്കുന്നു. എന്നാല്‍, സംഘടനയുടെ കാര്യം വരുമ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പൂര്‍വ്വിക ശാഠ്യങ്ങളെ തഖ്‌ലീദ് ചെയ്യുകയും ചെയ്യുന്നു. നേരേ മറിച്ച്, അല്ലാഹു തന്നെ നമുക്കതിനു മാര്‍ഗദര്‍ശം ചെയ്തിട്ടുണ്ട്:
''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക.'' (ആലി ഇംറാന്‍ 31)
ഇപ്പോള്‍ മദ്ഹബുകളെ വിട്ട് എല്ലാ സംഘടനകളും അവരുടെ സംഘടനാ നേതൃത്വങ്ങളെയാണ് തഖ്‌ലീദ് ചെയ്യുന്നത്, കാരണം പിശാചാണ് ഓരോ സംഘടനയുടെയും പ്രേരകഘടകം. പല രീതിയിലുള്ള സംഘടനകളിലൂടെയാണ് പിശാച് ഈ രംഗത്തു പയറ്റുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അവന്‍ അല്ലാഹുവിനോട് ചെയത് തന്റെ ശപഥം നിറവേറ്റുകയാണ് സംഘടനകളിലൂടെ ചെയ്യുന്നത്. അതിനാല്‍, ഈ സംഘടനകളിലൂടെ തന്നെയാണ് പിശാച് ഇന്ന് സായൂജ്യം കൊള്ളുന്നതും.