സാങ്കേതികാര്‍ത്ഥത്തില്‍ അഥവാ മതത്തിന്റെ കാര്യത്തില്‍ പറയുന്ന ബിദ്അത് റസൂല്‍ (സ) യോ സ്വഹാബത്തോ കാണിച്ചുതന്ന ഒരു മാതൃക ഇല്ലാത്ത ഒരു കാര്യം പുണ്യം ഉണ്ട് എന്ന വിശ്വാസത്തോടെ വിശ്വസിക്കുകയോ ആചരിക്കുകയോ ചെയ്യുക എന്നാണ്. ഹിജ്‌റ 790 -ല്‍ വഫാതായ ഇബ്‌റാഹീം ഇബ്‌നു മൂസ അശ്ശാതിബി (റ) തന്റെ അല്‍ ഇഅതിസ്വാം എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു:
وَالْمُرَادُ بِالْبِدْعَةِ: مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ، فَأَمَّا مَا كَانَ لَهُ أَصْلٌ مِنَ الشَّرْعِ يَدُلُّ عَلَيْهِ، فَلَيْسَ بِبِدْعَةٍ شَرْعًا، وَإِنْ كَانَ بِدْعَةً لُغَةً، الكتاب: جامع العلوم والحكم في شرح خمسين حديثا من جوامع الكلم- المؤلف: زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ)”-
ബിദ്അത് എന്നാല്‍ അടിസ്ഥാനപരമായി ശരീഅത്തില്‍ തെളിവില്ലാത്ത കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കുക എന്നതാണ്. എന്നാല്‍ അടിസ്ഥാനപരമായി ശരീഅത്തില്‍ തെളിവുകളുള്ള കാര്യമാണെങ്കില്‍ ഭാഷാപരമായി ബിദ്അത് എന്ന് പറയാമെങ്കിലും അവ ശരീഅത്തില്‍ ബിദ്അത്താവുകയില്ല. മേല്‍ പറഞ്ഞ കാര്യങ്ങളെ നമുക്ക് ഇങ്ങനെ വിവക്ഷിക്കാം: മുന്‍ കാലത്ത് ഭാഗികമായോ പൂര്‍ണമായോ ഉള്ള ഒരു മാതൃകയും ഇല്ലാത്തതും പുണ്യം ലഭിക്കുമെന്ന വിശ്വാസത്തോ ആചരിക്കുന്നതുമായ ഒരു ചര്യയാണു ബിദ്അത്ത്. ഒരു ഏകദൈവവിശ്വാസിയും പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബഹുദൈവവിശ്വാസിയായി മാറില്ല എന്നത് ഏറ്റവും നന്നായറിയുക ഇബ്‌ലീസിനു തന്നെയാണ്. അതിനാല്‍, അവന്‍ ക്രമേണ ക്രമേണ അവനെ ബിദ്അത്തിലേക്ക് വലിച്ചുതാഴ്ത്താനേ ശ്രമിക്കൂ. ശിര്‍ക്കിനെ ഇസ്‌ലാമിലേക്ക് ഒളിപ്പിച്ചുകടത്തുന്ന ട്രോജന്‍ കുതിരയാണ് ബിദ്അത്ത്. അതിനാല്‍ ശിര്‍ക്കിനെതിരേയുള്ള യുദ്ധത്തില്‍നിന്നു ബിദ്അത്തിനെതിരേയുള്ള യുദ്ധത്തെ മാറ്റിനിര്‍ത്താനാവില്ല. ദൈവേതര വസ്തുക്കളെ ആരാധിക്കുന്നതിലേക്കു നയിക്കുന്നതിലൂടെയാണ് ശിര്‍ക്ക് കടന്നുവരികയെങ്കില്‍ ബിദ്അത്ത് തുടക്കത്തില്‍ ഭക്തിയിലെ അതിരുകവിച്ചിലെന്നു തോന്നുന്ന രൂപത്തിലാവും വേഷപ്രച്ഛന്നനായി വരിക. പണ്ട് കാലത്ത് ഇതിന്റെ രൂപം ഇതായിരുന്നു: അതായത്, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാര്‍ഗങ്ങള്‍ ആരായുന്നിടത്ത് ഇടപെടുക. അഥവാ ആരാധനയിലെ തീവ്രത. ഇതിനായി ആവിഷ്‌കരിച്ച ഔറാദുകളുടെ ആധിക്യം - ഇങ്ങനെയാണ് സൂഫികളും അവരിലൂടെ ത്വരീഖത്തുകളുമുണ്ടായത്. കാലാന്തരത്തില്‍ അല്ലാഹുവിനും സൂഫിക്കുമിടയില്‍ 'ശൈഖ്' എന്നൊരവതാരം കടന്നുവരികയും അവര്‍ പിന്നീട് ഖുത്ബുസ്സമാനും പ്രപഞ്ചത്തിന്റെ തന്നെ കൊച്ചുതമ്പുരാക്കന്മാരുമൊക്കെ ആവുകയും ചെയ്തു. ഇവരാണ് അബ്ദാല്‍, നുഖബാഅ് എന്നൊക്കെ അറിയപ്പെടുന്നത്. പ്രവാചകസ്‌നേഹമാണ് രണ്ടാമതായി ഇബ്‌ലീസ് ഇടപെടാന്‍ വേണ്ടി തിരഞ്ഞെടുത്ത മാര്‍ഗം: 'അഹ്‌ലു ബൈതി'നോടുള്ള 'ഹുബ്ബി'ന്റെ പേരിലാണ് ശീഇസമുണ്ടായത്. അതിനും മുമ്പ് ഈസാ നബിയോടുള്ള ഹുബ്ബിന്റെ പേരിലാണ് ക്രിസ്തുമതം ഉണ്ടായത്. ഈസയെ സൃഷ്ടിച്ച ദൈവത്തെ മറന്ന് അവര്‍ ഈസയെത്തന്നെ ദൈവമാക്കി. അതുപോലെ, ശീഇസത്തിന്റെ അടിസ്ഥാനമായ നബിയോടും നബികുടുംബത്തോടുമുള്ള അതിരുകടന്ന സ്‌നേഹം തന്നെ സുന്നിവേഷം ധരിച്ച ശീഇകള്‍ പിന്നീട് അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിലേക്കും കൊണ്ടുവരാന്‍ ശ്രമിച്ചു. കുറേയേറെ അവര്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ കൊണ്ടോട്ടിക്കൈ ഉദാഹരണം. എവിടെ ജാറങ്ങളുണ്ടോ അവിടെ സുന്നിവേഷം ധരിച്ച ശീഇസത്തിന്റെ ദുസ്വാധീനം കാണാം. ശീഇകള്‍ക്കും അല്ലാഹുവിനുമിടയില്‍ മഅ്‌സ്വൂമുകളായ, പാപസുരക്ഷിതരായ 12 ഇമാമുകളുണ്ടെന്നും അവര്‍ വാദിക്കുന്നു. ശീഇകളെ സംബന്ധിച്ചിടത്തോളം ബിദ്അത്ത് ഒരു പ്രശ്‌നമല്ല, അതുകൊണ്ടുതന്നെ ശീഇസത്തില്‍നിന്ന് സുന്നത്ത് കണ്ടെടുക്കുക പ്രയാസകരമാണ്.
വാദം: ഔലിയാക്കളോടുള്ള സ്‌നേഹവും അല്ലാഹുവിലേക്കടുപ്പിക്കുന്ന ഉപാധികളോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്.
പ്രത്യക്ഷത്തില്‍ എത്ര നിരുപദ്രവകരമായ കാര്യങ്ങളാണിവ. എന്നു മാത്രല്ല, ഒറ്റനോട്ടത്തില്‍ പ്രശംസനീയമായ കാര്യങ്ങള്‍ തന്നെ. തുടക്കത്തിലൊന്നും ആരും അവര്‍ ദൈവങ്ങളാണെന്നു വാദിച്ചില്ല. മറിച്ച് അവരെ കൂടുലായി സ്‌നേഹിച്ചുവരികയും പിന്നെ അവരുടെ മുമ്പാകെ സങ്കടങ്ങള്‍ അവതരിപ്പിക്കുകയും ഒടുവില്‍ അല്ലാഹുവിനും അവര്‍ക്കുമിടയിലെ ഇടയാളന്മാരായി സങ്കല്പിക്കുകയുമായിരുന്നു. നിസ്സാരനായ അടിമയില്‍നിന്ന് അത്യുന്നതനായ അല്ലാഹുവിലേക്കിട്ട ഒരു പാലം. ചിലര്‍ അതിനെ കാണുന്നത് അല്ലാഹുവിന്റെ അധികാരങ്ങള്‍ നിശ്ചിത സ്ഥലകാലങ്ങളില്‍ പങ്കുവെക്കുകയും അത് അല്ലാഹുവിനുപകരം കൈയാളുകയും ചെയ്യുന്ന ഉപമേധാവികളായാണ്. ലോകജനതയില്‍ മഹാഭൂരിഭാഗവും ശിര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ബോധപൂര്‍വ്വം ശിര്‍ക്ക് ചെയ്യുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാകും. ശിര്‍ക്ക് ചെയ്യാത്ത മുസ്‌ലിംകള്‍ ആയിരം പേരില്‍ പത്ത് പേര്‍ തികയില്ല. സ്വര്‍ഗത്തിലേക്കു മാത്രമായി സൃഷ്ടിക്ക പ്പട്ട മനുഷ്യര്‍ ആയിരത്തില്‍ ഒരാള്‍ മാത്രമാണ് എന്നതുപോലെ. ഈ പശ്ചാത്തലത്തിലാണ് സത്യത്തില്‍, അഥവാ, അല്ലാഹുവിന്റെ ഏകത്വത്തില്‍ ഉറച്ചുനിന്നാലുള്ള നേട്ടങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചും സത്യത്തില്‍നിന്നു വ്യതിചലിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയും ഓരോ സമുദായത്തിലേക്കും അവരില്‍നിന്നു തന്നെ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. അങ്ങനെയാണ് ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) വരെയുള്ള 1,24,000 പ്രവാചകന്മാരെ അല്ലാഹു അയച്ചത്. ചുരുക്കത്തില്‍, ഇതെല്ലാം ചേര്‍ന്നതാണ് ഇസ്‌ലാം. ഇതിന് നേര്‍എതിരാണ് ബിദ്അത്ത്. അതിന്റെ ഉപജ്ഞാതാവട്ടെ ഇബ്‌ലീസും.