ഇരുട്ട് എന്താണെന്ന് അറിഞ്ഞാലേ വെളിച്ചത്തെ മനസ്സിലാക്കാന്‍ കഴിയൂ. അതുപോലെ ബിദ്അത്ത് എന്താണെന്ന് അറിഞ്ഞാലേ സുന്നത്ത് എന്താണെന്ന് അറിയുന്നതിന്റെ വില മനസ്സിലാവൂ.
മുഹ്‌യിദ്ദീന്‍ ശൈഖ് (റ) തന്നെയാണ് ഇതിന് ഏറ്റവും കൃത്യവും എന്നാല്‍ ഏറ്റവും ഹ്രസ്വവുമായ നിര്‍വചനം നല്‍കിയത്: ''നബി (സ) ചര്യയാക്കിയതിനാണ് സുന്നത്ത് എന്നു പറയുന്നത്.'' (ഗുന്‍യ 1: 80)
ഫത്ഹുല്‍ ബാരിയില്‍ ഇമാം അസ്ഖലാനി അതു വിശദീകരിച്ചു,
''നബിയില്‍നിന്ന് വന്നുകിട്ടിയ അവിടുത്തെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരം, അവിടുന്ന് ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എന്നിവയാണ് (സുന്നത്ത്).'' (ഫത്ഹുല്‍ ബാരി 13: 245)
നബിയുടെ ശ്രദ്ധയില്‍പെടുംവിധം അവിടുത്തെ മുന്നില്‍ സ്വഹാബികള്‍ ചെയ്ത എന്തെങ്കിലും പ്രവര്‍ത്തനത്തോട് നബി എതിര്‍പ്പു പ്രകടിപ്പിക്കാത്ത പക്ഷം അത് നബി അംഗീകരിച്ചതായി കണക്കാക്കും. ഉദാഹരണമായി പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നത്: മുഹര്‍റം 9 ലെ നോമ്പ് നബി ചെയ്യാനുദ്ദേശിച്ച കാര്യത്തില്‍ ഉള്‍പ്പെടുന്നു. നബി(സ)ക്ക് അത് നിര്‍വഹിക്കാന്‍ ആയുസ്സുണ്ടായില്ല. അതിനാല്‍ നബി (സ) ചെയ്യാന്‍ ഉദ്ദേശിച്ച കാര്യവും സുന്നത്തിലുള്‍പ്പെടുന്നു.
ഇനി നാം പരിശോധിക്കേണ്ടത് സുന്നത്ത് നമുക്ക് ബാധകമാണോ എന്നാണ്. ഖുര്‍ആന്‍ പറയുന്നു:
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
(ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.) (ഖുര്‍ആന്‍: 6/153)
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
(നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ
അത് സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ്
നില്‍ക്കുകയും ചെയ്യുക) (ഖുര്‍ആന്‍: 59/7)
കാരണം,
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا
(തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും, അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക്.) (ഖുര്‍ആന്‍: 33/21)
ആദ്യസുക്തത്തില്‍ റസൂല്‍ (സ) കല്‍പിച്ചത് പാലിക്കുകയും വിലക്കിയത് വര്‍ജ്ജിക്കുകയും ചെയ്യുക എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്നു വിധിക്കുന്നു. രണ്ടണ്ടാമത്തെതില്‍ റസൂലിനെ പിന്‍പറ്റേണ്ടതിലെ ന്യായം വ്യക്തമാക്കുന്നു. അതാണ് 'ഉത്തമമായ മാതൃകയുണ്ട്' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നബിയുടെ കല്‍പനാ നിരോധനങ്ങള്‍ അനുസരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹവും വ്യക്തമാക്കുന്നു: നബി (സ) അരുളി.
أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
(ഏറ്റവും സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ വേദമായ പരിശുദ്ധ ഖുര്‍ആനാണ്. ചര്യകളില്‍ ഏറ്റവും നല്ലത് മുഹമ്മദ് നബിയുടെ ചര്യയാണ്. കാര്യങ്ങളില്‍ ഏറ്റവും നികൃഷ്ടമായത് അവയിലെ പുത്തന്‍നിര്‍മ്മിതികളാണ്. എല്ലാ നവീന കാര്യവും ബിദ്അത്താണ്. എല്ലാ ബിദ്അത്തും ള്വലാലത്ത് ആണ്. എല്ലാ ള്വലാലത്തും നരകത്തിലാണ്.) (മുസ്‌ലിം 108)
കാരണം, അതാണ് ഏറ്റവും നല്ല ചര്യ, ജീവിത രീതി. നബി (സ) പറഞ്ഞു:
قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله
''രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഉപേക്ഷിച്ചുപോകുന്നു. അല്ലാഹുവിന്റെ കിതാബും എന്റെ ചര്യയും. അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു വഴിപിഴക്കുകയില്ല.''
നബി(സ്വ) പറഞ്ഞു:
''നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതിരുന്നിട്ടില്ല.'' (ത്വബ്‌റാനി)
''ഞാന്‍ നിങ്ങള്‍ക്ക് വല്ല കാര്യവും നിരോധിച്ചാല്‍ അതു നിങ്ങള്‍ വര്‍ജിക്കുക. ഞാന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാല്‍ പരമാവധി അത് പ്രവര്‍ത്തിക്കുക.'' (സ്വഹീഹുല്‍ ബുഖാരി: 8288, സ്വഹീഹ് മുസ്ലിം: 1337)
''നബി എന്ത് ഉപേക്ഷിച്ചുവോ അത് ഉപേക്ഷിക്കുകയാണ് സുന്നത്ത്. അത് ആചരിക്കുന്നത് അപലപനീയമായ ബിദ്അത്താണ്.'' - (ഹൈതമി)
ബിദ്അത്ത് ഒഴിവാക്കുക എന്നത് സുന്നത്തിന്റെ ഭാഗമാണ്, (ഇത്തിബാഉസ്സുന്ന). അപ്പോള്‍ ബിദ്അത്ത് സ്വീകരിക്കുക എന്നത് സുന്നത്തിന് വിരുദ്ധമാകും എന്നു പറയേïതില്ലല്ലോ. മാത്രമല്ല, അതു ഖുര്‍ആനും വിരുദ്ധമാകും. അതിനാല്‍ റസൂലിനെ മാത്രമല്ല, അല്ലാഹുവിനെക്കൂടിയാണ് ബിദ്ഇയ്യ് ധിക്കരിക്കുന്നത്.
ബിദ്അത്ത് എന്ന വാക്ക് 'ബദഅ' എന്ന മൂലപദത്തില്‍ നിന്നാണ് നിഷ്പന്നമായത്. അതായത് മുന്‍മാതൃകയില്ലാതെ വല്ലതും നൂതനമായി സൃഷ്ടിക്കുക, ആവിഷ്‌കരിക്കുക എന്നര്‍ത്ഥം.
ഇമാം ശാത്വിബി പറയുന്നു,
إِنَّ الْبِدْعَةَ الْحَقِيقِيَّةَ: هِيَ الَّتِي لَمْ يَدُلَّ عَلَيْهَا دَلِيلٌ شَرْعِيٌّ؛ لَا مِنْ كِتَابٍ، وَلَا سُنَّةٍ، وَلَا إِجْمَاعٍ، وَلَا قِيَاسٍ، وَلَا اسْتِدْلَالٍ مُعْتَبَرٍ عِنْدَ أَهْلِ الْعِلْمِ؛ لَا فِي الْجُمْلَةِ وَلَا فِي التَّفْصِيلِ، وَلِذَلِكَ سُمِّيَتْ بِدْعَةً - كَمَا تَقَدَّمَ ذِكْرُهُ
(യഥാര്‍ത്ഥബിദ്അത്ത് ശറഇയ്യായി ഖുര്‍ആനിലോ സുന്നത്തിലോ ഇജ്മാഇലോ ഖിയാസിലോ തെളിവില്ലാത്തതും മുഴുവനായോ ഭാഗികമായോ പണ്ഡിതന്മാരുടെ പക്കല്‍ പരിഗണനീയമായ പ്രമാണമില്ലാത്തതുമാണ്...)
ഇബ്‌നു റജബ് (റ) പറയുന്നു:
وَالْمُرَادُ بِالْبِدْعَةِ: مَا أُحْدِثَ مِمَّا لَا أَصْلَ لَهُ فِي الشَّرِيعَةِ يَدُلُّ عَلَيْهِ، فَأَمَّا مَا كَانَ لَهُ أَصْلٌ مِنَ الشَّرْعِ يَدُلُّ عَلَيْهِ، فَلَيْسَ بِبِدْعَةٍ شَرْعًا، وَإِنْ كَانَ بِدْعَةً لُغَةً، الكتاب: جامع العلوم والحكم في شرح خمسين حديثا من جوامع الكلم - المؤلف: زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ)”-
ബിദ്അത്ത് എന്നാല്‍ അടിസ്ഥാന പരമായി ശരീഅത്തില്‍ തെളിവില്ലാത്ത കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കുക എന്നതാണ്. എന്നാല്‍ അടിസ്ഥാനപരമായി ശരീഅത്തില്‍ തെളിവുകളുള്ള കാര്യമാണെങ്കില്‍ ഭാഷാപരമായി ബിദ്അത്ത് എന്ന് പറയാവുന്നതാണെങ്കിലും അവ ശരീഅത്തില്‍ ബിദ്അത്ത് ആവുകയില്ല.
فَالْبِدْعَةُ إِذَنْ عِبَارَةٌ عَنْ: طَرِيقَةٍ فِي الدِّينِ مُخْتَرَعَةٍ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ
അല്ലാഹുവിനുള്ള ആരാധനയില്‍ അധികമാക്കുക ലക്ഷ്യമാക്കി മതത്തോട് കിടപിടിക്കുന്ന രൂപത്തില്‍ മതത്തില്‍ പുതുതായി ഉണ്ടാക്കുന്ന വഴികള്‍ക്കാണ് ബിദ്അത്ത് എന്നു പറയുന്നത്. (അല്‍ഇഅ്തിസ്വാം 1:37)
അതായത്,
(1) ലൗകികമായ മിക്ക ബിദ്അത്തുകളും അനുവദനീയമാണ്.
(2) എന്നാല്‍ അതു മതത്തിന്റെ വിഷയത്തിലാവുമ്പോള്‍ നേര്‍വിപരീതമാണ് അവസ്ഥ. മതത്തില്‍ നവീകരണം അനുവദനീയമേ അല്ല. കാരണം:
«كُلُّ بِدْعَةٍ ضَلَالَةٌ»
(എല്ലാ ബിദ്അത്തും വഴിപിഴവാണ്) എന്നാണ് നബി (സ) പഠിപ്പിച്ചത്. മാത്രമല്ല, മതപരമായ ബിദ്അഃകളില്‍ മുഴുകുന്നത് വലിയ പാപവുമാണ്. മതത്തില്‍ നവീനകാര്യങ്ങള്‍ കടത്തിക്കൂട്ടുന്നതും അവ കൊണ്ടാടുന്നതും അപകടകരവും കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റവുമാണ്. അവരാണ് യഥാര്‍ത്ഥ ബിദ്ഇകള്‍, അഥവാ മുബ്തദിഉകള്‍. മലയാളത്തില്‍ അവരെ അത്യാചാരവാദികള്‍, പുത്തനാചാരികള്‍ എന്നൊക്കെ പറയാം. എന്നാല്‍, പുത്തന്‍വാദികള്‍ എന്നൊക്കെ പറയുന്നത് വിവരക്കേടും ഭാഷാപരമായി തെറ്റുമാണ്. ബിദ്അത്ത് വാദമല്ല, ആചാരമാണ്. വാദമാണെങ്കില്‍ അത് അഖീദയെയാണ് ബാധിക്കുക. ജബരിയ്യ, ഖദ്‌രിയ്യ, ജഹ്മിയ്യ വാദികള്‍ക്കു ശേഷം പുതിയ കാലത്തൊന്നും അല്‍ബിദ്അതു ഫില്‍ഇഅ്തിഖാദ് (വിശ്വാസത്തിലെ ബിദ്അഃ) എന്നൊരു വിഷയം ഇതുവരെ കണ്ടിട്ടില്ല
മതത്തിലെ ആരാധനാ കര്‍മ്മങ്ങളിലോ ആചാരകര്‍മ്മങ്ങളിലോ ആചാരകര്‍മ്മങ്ങളില്‍ നേരിയ മാറ്റം വരുത്തിയാണ് പലപ്പോഴും ബിദ്അത്തുകള്‍ പ്രത്യക്ഷപ്പെടുക. നമസ്‌കാരത്തിന്റെ എണ്ണത്തിലോ റക്അതുകളുടെ എണ്ണത്തിലോ വരുത്തുന്ന മാറ്റങ്ങള്‍ ഉദാഹരണം. മറ്റൊരുദാഹരണമാണ് വ്രതം നിഷിദ്ധമായ ദിവസങ്ങളിലെ വ്രതാചരണം.
അതായത്, ബിദ്അത്തിന്റെ 'റോമെറ്റീരിയല്‍' പലപ്പോഴും സുന്നത്തില്‍നിന്നു തന്നെയാവും ബിദ്ഇകള്‍ കണ്ടെത്തുക. എന്നിട്ടവ മാനിപ്പുലേറ്റ് ചെയ്തു ബിദ്അത്താക്കി മാറ്റുന്നു. അപ്പോള്‍ അവര്‍ കൊണ്ടുവരുന്ന ഓരോ ബിദ്അത്തും പ്രത്യക്ഷത്തില്‍ സുന്നത്താണെന്നും നല്ലതാണെന്നും തോന്നും.
ഇന്ന് സമുദായത്തില്‍ കാണുന്ന, ആചരിക്കപ്പെടുന്ന കാക്കത്തൊള്ളായിരം ദിക്‌റുകളും മാലകളും മൗലിദുകളും ഇതിനുദാഹരണമാണ്. നബി പഠിപ്പിച്ചതു മാത്രമേ - ആ അളവിലും മാത്രയിലും അതിന്റെ സ്ഥലകാലക്രമത്തിലും മാത്രമേ - സുന്നത്താവുകയുള്ളൂ എന്നതിനു വിപരീതം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അവ ബിദ്അത്ത് ആകുന്നത്.
ളുഹ്‌റിനു മുമ്പു നാലും ശേഷം നാലും റക്അത്താണ് നബി റവാതിബ് സുന്നത്ത് നമസ്‌കരിച്ചതെങ്കില്‍ അത് എട്ട് വീതം നമസ്‌കരിച്ചാല്‍ അതു സുന്നത്താവുകയില്ല. മറിച്ച് ബിദ്അത്താണ്. എട്ട്‌വീതം നമസ്‌കരിക്കണമെങ്കില്‍ അതിനു വേറെ തെളിവുവേണം. ഇതില്‍ കൂടുതല്‍ നമസ്‌കരിക്കരുതെന്ന് നബി വിലക്കിയിട്ടില്ല എന്നതൊന്നും ന്യായമാകില്ല. ഒരു കാര്യം ബിദ്അത്ത് ആവരുതെങ്കില്‍ നിലവിലുള്ളതില്‍ കുറയ്ക്കരുതെന്നും അതിലേറെ വര്‍ധിപ്പിക്കരുതെന്നും പ്രത്യേകം പറയേണ്ട കാര്യമില്ല.
'മസ്ജിദുള്വിറാര്‍' (ഇന്നത്തെ മതസംഘടനകളുടെ മത്സരപ്പള്ളികളുടെ മുന്നോടി) ഉണ്ടാക്കരുത് എന്നു പറഞ്ഞാല്‍ ഉണ്ടാക്കരുത് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ, സൗകര്യത്തിനും എളുപ്പത്തിനുംവേണ്ടി പള്ളിയുണ്ടാക്കുന്നത് തെറ്റല്ലല്ലോ എന്നു വാദിക്കുകയില്ല.
അതേപോലെ, അല്‍ജമാഅത്തില്‍ ഉണ്ടാക്കിയ മസ്ജിദുള്വിറാറുകളാണ് ഇന്ന് നിലവിലുള്ള ഓരോ മത സംഘനടനയും. മസ്ജിദുള്വിറാറിനോട് നബി എന്തു നിലപാടെടുത്തോ അതേ നിലപാടാണ് ഈ ഉദരംഭരികളായ സംഘനടകളോടും നാം എടുക്കേണ്ടത്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യ തയാണ് എന്നൊന്നും പറഞ്ഞ് ന്യായീകരിക്കാന്‍ നില്‍ക്കേണ്ടതില്ല. മസ്ജിദുള്വിറാറിന്റെ വിധി ആ സംഘടനകളുടെ മേല്‍ (പ്രവൃത്തികൊണ്ടോ അതിനു കഴിയില്ലെങ്കില്‍ വാക്കുകൊണ്ടോ അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടോ എങ്കിലും) നടപ്പാക്കുകയാണ് യഥാര്‍ത്ഥ സത്യവിശ്വാസികളുടെ ബാധ്യത. ഇതില്‍ എങ്ങനെയാണ് സമുദായത്തിനു മറ്റൊരു വീക്ഷണമുണ്ടാവുക.
''...അല്ലാഹുവില്‍നിന്ന് ഒരു വെളിച്ചവും വ്യക്തമായ ഗ്രന്ഥവും നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു. അതിലൂടെ അല്ലാഹു തന്റെ ഇഷ്ടം പിന്തുടരുന്നവരെ സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുകയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് തന്റെ അനുവാദത്താല്‍ അവരെ കൊണ്ടുവരുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.'' (ഖുര്‍ആന്‍ 5: 15-16).
(നബിയേ,) നിന്നെ നാം (മതത്തിന്റെ) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കി. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്. (അല്‍ജാസിയ 45:18)
അല്ലാഹുവും പ്രവാചകനും മനുഷ്യരെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിക്കുമ്പോള്‍ ബിദ്ഇകള്‍ ചെയ്യുന്നത് വെളിച്ചത്തില്‍ ഇരുട്ടുകലര്‍ത്തി ക്രമേണ അത് പരിപൂര്‍ണമായി ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നിട്ട് അവരെ തങ്ങളുടെ നേതാവായ പിശാചിന്റെ കൃത്രിമ വെളിച്ചത്തിലേക്കു നയിക്കുകയും. ബിദ്ഇകള്‍ വിശ്വാസികളെ സുന്നത്തില്‍നിന്നു ബിദ്അത്തിലേക്കു നയിക്കുന്നു. അവിടെനിന്നു നേരെ ശിര്‍ക്കിലേക്കും.
വെളിച്ചത്തില്‍നിന്നു ക്രമേണയുള്ള ഈ തമസ്‌കരണത്തിനെതിരേയാണ് ബിദ്അത്തിനെതിരായ പോരാട്ടം. പക്ഷേ, ബഹുഭൂരിഭാഗവും ബിദ്അതിന്റെ പക്ഷത്താവും നിലയുറപ്പിക്കുക. മനുഷ്യരില്‍ ബഹുഭൂരിഭാഗവും ശിര്‍ക്കില്‍ നിലയുറപ്പിച്ചതുപോലെത്തന്നെ. അതിനാല്‍ തൗഹീദും ശിര്‍ക്കും വോട്ടിനിട്ടു തീരുമാനിക്കാന്‍ കഴിയാത്തതുപോലെത്തന്നെ സുന്നത്തും ബിദ്അതും വോട്ടിനിട്ടു തീരുമാനിക്കാന്‍ കഴിയില്ല.
നിലവിലെ മതസംഘടനകളടക്കമുള്ള സന്നാഹങ്ങളെല്ലാം പിശാചിനനുകൂലമാണ്. അവര്‍ സത്യത്തിന്റെ പക്ഷത്തേക്കു ചാഞ്ഞെന്നു നമ്മെ വ്യാമോഹിപ്പിക്കും. ഒടുവില്‍ ബിദ്അത്തിന്റെ പക്ഷത്തുതന്നെ നിലയുറപ്പിക്കുകയും ചെയ്യും. ഖുര്‍ആന്‍ ഇതിലേക്കു സൂചന തരുന്നത് ഇപ്രകാരമാണ്,
''ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു നിന്നെ അവര്‍ തെറ്റിക്കും.'' (അല്‍-അന്‍ആം 6:155)
ചുരുക്കത്തില്‍, മതത്തില്‍ അനുമതിയോ അംഗീകാരമോ ഇല്ലാത്ത ഏതെങ്കിലും പുതിയ വിശ്വാസമോ പ്രവര്‍ത്തനമോ ആണ് ബിദ്അത്ത്. ബിദ്അത്ത് വിശ്വാസങ്ങളിലും പ്രവൃത്തികളിലും സംഭവിക്കാം. രണ്ടും ഫലത്തില്‍ ഒന്നുതന്നെയാണ്. വിശ്വാസത്തില്‍നിന്നാണല്ലോ പ്രവൃത്തികള്‍ ഉണ്ടാവുന്നത്.
മതത്തില്‍ അനുമതിയോ അംഗീകാരമോ ഇല്ലാത്ത ഏതെങ്കിലും പുതിയ വിശ്വാസമോ പ്രവര്‍ത്തനമോ സ്വീകരിക്കുന്നതിനാണ് മതപരമായി ബിദ്അത്ത് എന്നു പറയുന്നത്. വിഷയം മതപരമാകുമ്പോള്‍ ബിദ്അത്തിന്റെ നന്മയെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമാണ്. കാരണം, ശിര്‍ക്ക്, കുഫ്‌റ്, നിഫാഖ് തുടങ്ങിയവ പോലെത്തന്നെ ഇവിടെ ഇതും കൊടിയ തിന്മയുടെ ഗണത്തിലാണു വരുന്നത്.
ബിദ്അത്ത് എന്ന വാക്കിന്റെ അര്‍ത്ഥം പുതിയതോ പുതുമയുള്ളതോ എന്നാണ്. മതത്തില്‍ അനുമതിയോ അംഗീകാരമോ ഇല്ലാത്ത ഏതെങ്കിലും പുതിയ വിശ്വാസമോ പ്രവര്‍ത്തനമോ എന്നാണ് ബിദ്അത്തിന്റെ പൊതുവായ നിര്‍വചനം.
മുസ്ലിംകളെന്ന നിലയില്‍ നാം അല്ലാഹുവെയും അവന്റെ റസൂലിനെയും മാത്രമാണ് പിന്തുടരേണ്ടത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഖുര്‍ആനിലും ആധികാരിക സുന്നത്തിലും വ്യക്തമായി നിരോധിച്ചിട്ടില്ലാത്ത എന്തും അനുവദനീയമാണ്. ആരാധനകള്‍ ഒഴികെ. ആരാധനാ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് നിയന്ത്രണങ്ങളുണ്ട്. അതിനാല്‍, നാം ഏതെങ്കിലും പ്രാര്‍ത്ഥന നടത്തുകയോ ആരാധന നടത്തുകയോ ചെയ്യുമ്പോള്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ഈ തരത്തിലുള്ള പ്രാര്‍ത്ഥനയോ ആരാധനയോ അനുവദനീയമാണെന്ന് സൂചിപ്പിക്കുന്ന തെളിവ് പിന്‍ബലമായുണ്ടായിരിക്കണം.
അതുപോലെ, എന്തെങ്കിലും ഒരു കാര്യം നിരോധിച്ചിരിക്കുന്നു (ഹറാം) അല്ലെങ്കില്‍ നിര്‍ബന്ധമാക്കി (ഫര്‍ള്വ്) എന്നു പറയുമ്പോള്‍ നമുക്ക് ശരീഅത്തില്‍നിന്ന് വ്യക്തമായ തെളിവ് ഉണ്ടായിരിക്കണം.
എന്നിരുന്നാലും, ഖുര്‍ആനിലെയും സുന്നത്തിലെയും വ്യക്തമായ ഗ്രന്ഥങ്ങളും സാര്‍വത്രിക തത്വങ്ങളും ലക്ഷ്യങ്ങളും ലംഘിക്കാത്ത കാലത്തോളം ശരീഅത്തില്‍ സ്വീകാര്യമായ ഭൂതകാല, വര്‍ത്തമാന, ഭാവിയിലെ പല ശീലങ്ങളും ആചാരങ്ങളും സാംസ്‌കാരിക മാര്‍ഗങ്ങളും ഉണ്ട്. ഇസ്‌ലാമില്‍ സര്‍ഗാത്മകവും ക്രിയാത്മകവുമായ ചിന്തക്കും പഠനത്തിനും കാലികമായ പരിവര്‍ത്തനത്തിനും അനുവദിച്ച കാര്യങ്ങളുണ്ട്. നിയമവിരുദ്ധമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും മറ്റ് മതങ്ങളുടെ ഭാഗമായ ആചാരങ്ങളും ശീലങ്ങളും നിരോധിച്ചിരിക്കുന്നു. കാരണം, അവ ആചരിക്കുമ്പോള്‍ ഒരാള്‍ മറ്റ് മതങ്ങളിലെ ആളുകളുമായി സാമ്യപ്പെടാം. ഇസ്‌ലാമില്‍ സാധാരണവും മതപരമല്ലാത്തതും വിഭാഗീയമല്ലാത്തതും അന്യമതാചാര പരമല്ലാത്തതുമായ ആചാരങ്ങളും പാരമ്പര്യങ്ങളും നിരോധിച്ചിട്ടില്ല. അവ ആചരിക്കുന്നത് വിലക്കിയിട്ടില്ല എന്നു കരുതാം. അവയില്‍ വിശ്വാസത്തെ ബാധിക്കുന്ന അംശമുണ്ടോ എന്നതാണിവിടെ മാനദണ്ഡം. ഉദാഹരണമായി ക്രിസ്തുമസ്സ്, ഓണം, ജന്മാഷ്ടമി, മഹാനവമി, രാഖീബന്ധനം തുടങ്ങിയവ. അവ വിശ്വാസവുമായി അഗാധമായി ബന്ധപ്പെട്ട ഉത്സവങ്ങളായതിനാല്‍ മുസ്‌ലിംകള്‍ക്ക് അവ ആ ഘോഷിക്കാന്‍ കഴിയില്ല. ഒരാളുടെയും ജന്മദിനം ആഘോഷിക്കാന്‍ പാടില്ല. ശ്രീ കൃഷ്ണന്‍ ഒരു പൂജാവിഗ്രഹമായതിനാല്‍ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാന്‍ പാടില്ല. ഇതേ ന്യായം കൊണ്ടുതന്നെ ക്രിസ്മസ്സും നമുക്ക് ആഘോഷമാക്കാന്‍ കഴിയില്ല. അതിനാല്‍ നബിദിനത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ലല്ലോ.
മതപരമായ ബിദ്അത്ത് ഒഴിവാക്കേണ്ടതാണെന്നു മുകളില്‍ പറഞ്ഞ പ്രമാണങ്ങളിലൂടെ സ്ഥാപിതമായി. ഇനി അത് എങ്ങനെ സാധ്യമാകുമെന്നു പരിശോധിക്കാം.
മതത്തെ സംബന്ധിച്ചിടത്തോളം ബിദ്അത്ത് - അത് മതവുമായി ബന്ധപ്പെട്ട കാര്യത്തിലാണെങ്കില്‍ - നിരുപാധികം കുറ്റകരമാണ്. അതില്‍ ഏര്‍പ്പെടുന്നത് വലിയ പാപമാണ്. അതാണ് കുറ്റകരമായ ബിദ്അത്ത് (ബിദ്അതുസ്സയിഅ). അത്തരം ബിദ്ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ ശിക്ഷയുണ്ട്. അതിനാല്‍ അത്തരം പ്രവണതകള്‍ പാടേ നിരാകരിക്കപ്പെടണം. പ്രവാചകന്‍ (സ) പറഞ്ഞതായി ആയിശ(റ) വിവരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ :
''നമ്മുടെ ഈ കാര്യത്തില്‍ ആരെങ്കിലും അതിലില്ലാത്ത വല്ലതും പുതുതായി കൊണ്ടുവന്നാല്‍ അത് നിരാകരിക്കും.'' (ബുഖാരി 2550).
ഇവിടെ ഒരു ഒഴികഴിവും നബി(സ) ഉപേക്ഷിച്ചിട്ടില്ല. മതത്തില്‍ വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് ഉപേക്ഷിക്കണം. അതു ഖലീഫയോ ഇമാമോ സ്വഹാബിയോ ആരായാലും ശരി, കൊണ്ടുവന്നത് എന്തായാലും പ്രത്യക്ഷത്തില്‍ എത്ര നല്ലതായാലും ശരി. പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ സ്വീകരിക്കുന്നവരെക്കുറിച്ച് അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു:
''നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായി. അവന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല.
..ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു നിന്നെ അവര്‍ തെറ്റിക്കും. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. (ഖുര്‍ആന്‍ 6: 115-116).
വചനം എന്നാല്‍ അല്ലാഹുവിന്റെ നിയമം (ശരീഅത്ത്) പരിപൂര്‍ണ്ണമായി. അതിനാല്‍ അതിലേക്ക് ഇനി ഒന്നും ചേര്‍ക്കാനില്ല. അതായത്, ഇസ്‌ലാമില്‍ ബിദ്അതിന് ഇടമില്ല എന്നാണ് സൂക്തം അസന്നിഗ്ധമായി പറയുന്നത്. അതിനാല്‍ ബിദ്അത്തുകളും നവീനകല്പിതങ്ങളും ഒഴിവാക്കണം.