മതത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമോ സംശയമോ ഉണ്ടാകാതിരിക്കാന്‍ നമുക്കവലംബിക്കാവുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ വചനത്തേക്കാള്‍ മികച്ചതായി വേറൊന്നുമില്ല. മതപരമായ ഒരു കാര്യത്തില്‍ നാം വിധി തേടുമ്പോള്‍ ഖുര്‍ആനും അതിന്റെ അധ്യാപനവും എല്ലായ്‌പ്പോഴും നാം നോക്കണം. കാരണം,
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا
''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തു.'' (ഖുര്‍ആന്‍: 5/3)
َأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗ്ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും.'' (സൂറ: അല്‍അന്‍ആം: 153)
''ഇതില്‍ വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക.'' (സൂറതുന്നിസാഅ്: 59)
(നബി(സ)യേ,) പറയുക: ''നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ പിന്തുടരുക.'' (സൂറ: ആലു ഇംറാന്‍: 31)
أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ
''ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ വേദഗ്രന്ഥമാണ്. ഏറ്റവും നല്ല ചര്യ മുഹമ്മദിന്റെ ചര്യയാണ്.'' (മുസ്ലിം (867), നസാഈ (1578) എന്നിവര്‍ വിവരിച്ചത്.)
ഏറ്റവും നല്ല സംസാരമായ അല്ലാഹുവിന്റെ വേദഗ്രന്ഥത്തിന്റെ വിശദീകരണമാണ് റസൂലിന്റെ ചര്യ, അഥവാ, അവിടുത്തെ ജീവിതം. അതിനാല്‍, രണ്ടാമതായി നാം പരിശോധിക്കേണ്ടത് തിരുചര്യയാണ്. നബി(സ)യുടെ സുന്നത്ത് മുറുകെ പിടിക്കുക എന്നത് ബിദ്അത്ത് വന്നുകൂടുന്നത് ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. തിരുമേനി (സ) യുടെ പ്രവൃത്തികളും വാക്കുകളും അല്ലാഹുവിന്റെ ഹിതത്താല്‍ മതകാര്യങ്ങള്‍ തന്നെയാണ്. മാത്രമല്ല, അവന്‍ തന്റെ ദൂതനെ തന്റെ വചനത്തിലൂടെയും ദിവ്യബോധനത്തിലൂടെയും ദൃഢീകരിക്കുകയും ചെയ്തതാണ്. അതിനാല്‍ സുന്നത്തും ഹദീസും മതത്തിന്റെ അടിസ്ഥാന കാര്യങ്ങളായി വര്‍ത്തിക്കുന്നു.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
(നബി (സ) പറഞ്ഞതായി ആയിശ (റ) നിവേദനം: ''നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.'') (സ്വഹീഹുല്‍ ബുഖാരി, ഹദീസ് ന. 2697, സ്വഹീഹ് മുസ്ലിം, ഹദീസ് ന. 1718)
പുതുതായി ഉണ്ടാക്കിയതെല്ലാം അതിനാല്‍ തള്ളപ്പെടേണ്ടതാണ്. അതില്‍നിന്ന് യാതൊന്നും മാറ്റിനിര്‍ത്തിയിട്ടില്ല.
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
''നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.'' (സ്വഹീഹ് മുസ്ലിം, ഹദീസ് ന. 1718)
മുകളില്‍ പറഞ്ഞതിന്റെ ഒരു വിശദീകരണമാണിത്. മതത്തില്‍ പുതുതായി ഒന്നും ഉണ്ടാക്കാന്‍ പാടില്ല, മതത്തിന്റെ പേരില്‍ വല്ലവരും വല്ലതും പുതുതായി പ്രവര്‍ത്തിച്ചാല്‍ അതും മതത്തില്‍ പെട്ടതാവുകയുമില്ല. അത് ആരുതന്നെ ആയാലും.
എല്ലാ ബിദ്അത്തും റദ്ദാണെന്നു വിധിച്ച ശേഷം എന്താണു ബിദ്അത്ത് എന്നു നബി (സ) നിര്‍വചിക്കുന്നു:
وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ
''കാര്യങ്ങളില്‍ ഏറ്റവും തിന്മയായത് മതത്തില്‍ പുതുതായുണ്ടാക്കുന്നവയാണ്. എല്ലാ പുത്തനാചാരങ്ങളും ബിദ്അയാണ്.'' (മുസ്ലിം (867), നസാഈ (1578) എന്നിവര്‍ വിവരിച്ചത്.)
എല്ലാ ബിദ്അകളും വഴിതെറ്റിയതാണെങ്കിലും, ഇവ ഓരോതരം പാപങ്ങളാണെന്നും ഇസ്ലാമിക ജീവിതത്തിന് എത്രത്തോളം വിരുദ്ധമാണെന്നതിനെ ആശ്രയിച്ച് പാപത്തിന്റെ അളവില്‍ വ്യത്യാസമുണ്ടെന്നും പണ്ഡിതന്മാര്‍ വിശദീകരിച്ചു.
ഇമാം ശ്വാത്വിബി (റ) പറഞ്ഞു:
فَالْبِدْعَةُ إِذَنْ عِبَارَةٌ عَنْ: طَرِيقَةٍ فِي الدِّينِ مُخْتَرَعَةٍ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ
ബിദ്അത്തിനെ പൊതുവായി നിരോധിച്ചിരിക്കുന്നുവെന്ന് (മേല്‍ വിവരിച്ച ഹദീസില്‍) വിവരിക്കുന്നു, ഹദീസില്‍ പറഞ്ഞതുപോലെ ഇത് വഴികേടാണെന്നും അറിയിക്കുന്നു:
ഇമാം ശാത്വിബി തുടരുന്നു:
وَالْبِدْعَةُ: الْحَدَثُ فِي الدِّينِ بَعْدَ الْإِكْمَالِ
അല്ലാഹുവിനുള്ള ആരാധനയില്‍ അധികമാക്കുക ലക്ഷ്യമാക്കി മതത്തോട് കിടപിടിക്കുന്ന രൂപത്തില്‍ മതത്തില്‍ പുതുതായി ഉണ്ടാക്കുന്ന വഴികള്‍ക്കാണ് ബിദ്അത്ത് എന്നു പറയുന്നത്. (അല്‍ഇഅ്തിസ്വാം 1:37)
മതത്തില്‍ ചീത്തയായ ഒരു കാര്യം കൂട്ടിച്ചേര്‍ക്കുന്നതിനല്ല അവര്‍ ബിദ്അത്ത് എന്നു വിളിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ നല്ല കാര്യങ്ങള്‍ എന്നു തോന്നുന്നവ തന്നെയാണ് അവ മതത്തിലില്ലാത്ത ആരാധനാ കര്‍മ്മങ്ങളോടു ബന്ധപ്പെട്ടതാണെങ്കില്‍ ബിദ്അത്ത് ആയി മാറുന്നത്. മതത്തിന്റെ പേരില്‍ ഒരു മതവിശ്വാസിയും പ്രത്യക്ഷത്തില്‍ ചീത്തയായ കാര്യങ്ങള്‍ ഉണ്ടാക്കുകയില്ലല്ലോ.
ഇമാം ജൗഹരി വിശദീകരിക്കുന്നു:
كُلُّ بِدْعَةٍ ضَلَالَةٌ ، وَإِنْ رَآهَا النَّاسُ حَسَنَةً
''ദീന്‍ പൂര്‍ത്തിയായ ശേഷം അതില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളാണ് ബിദ്അത്ത്.'' (അല്‍ ബാഇഥ്, പേജ് 87)
ഇസ്‌ലാം സമ്പൂര്‍ണമാണ്. ഇനി അതിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനോ അതില്‍നിന്ന് എന്തെങ്കിലും ഒഴിവാക്കാനോ ഇല്ല.
ഹാഫിള് ഇബ്‌നു റജബ് പറഞ്ഞു: ''എല്ലാ ബിദ്അതുകളും വഴികേടാണ് എന്ന നബി(സ)യുടെ വാക്ക് വളരെ ആശയവൈപുല്യമുള്ളതാണ്. അതില്‍നിന്ന് ഒന്നുംതന്നെ പുറത്തുപോവുകയില്ല. ദീനിന്റെ അടിസ്ഥാനങ്ങളില്‍ പെട്ട മഹത്തരമായ ഒരു അടിസ്ഥാനമാണ് അത്. ''വല്ലവനും നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) അതില്‍ പെടാത്ത വല്ലതും പുതുതായി നിര്‍മ്മിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്'' എന്ന നബി(സ)യുടെ വാക്കിന് സമാനമാണ് ഇതും. അപ്പോള്‍ ആരെങ്കിലും മതപരമായ ഒരടിസ്ഥാനവുമില്ലാതെ പുതിയ ഒരു കാര്യമുണ്ടാക്കുകയും അത് ദീനിലേക്ക് ചേര്‍ത്തുപറയുകയും ചെയ്താല്‍ അത് വഴികേടാണ്. അല്ലാഹുവിന്റെ ദീന്‍ അതില്‍നിന്നു മുക്തമാണ്. വിശ്വാസപരമോ കര്‍മ്മപരമോ (ആയ കാര്യത്തിലോ, അത്) ഗോപ്യമോ ബാഹ്യമോ ആയ വാക്കുകളുടെ കാര്യത്തിലോ ആകട്ടെ; ഈ പറഞ്ഞത് സമമാണ്.'' (ജാമിഉല്‍ ഉലൂമി വല്‍ഹികം: 266)
ഇനി പ്രത്യക്ഷത്തില്‍ നല്ല കാര്യങ്ങളാണെന്നു തോന്നിക്കുന്നവയാണെങ്കിലോ? ജനങ്ങളില്‍ ബഹുഭൂരിപക്ഷം അതു നന്മയായി കാണുകയും ചെയ്താലോ? ഒരു ഫലവുമില്ല.
ഇബ്‌നു ഉമര്‍ പറഞ്ഞു: ''എല്ലാ ബിദ്അതുകളും വഴികേടുകളാണ്. അവ ജനങ്ങള്‍ നല്ലതായി കണ്ടാലും.'' (മദ്ഖല്‍, ബൈഹഖി: 1/180, സുന്നഃ അല്‍ മര്‍വസി: 29)
ഇമാം ശാഫിഇ പറഞ്ഞു: ''ആരെങ്കിലും (ബിദ്അത്തുകളെ) നല്ലതായി കണ്ടാല്‍ അവന്‍ ദീനില്‍ പുതിയ നിയമമുണ്ടാക്കി.'' (ഇഹ്കാം/ആമുദി: 4/162)
ഇമാം മാലിക് പറഞ്ഞു:
منْ أَحْدَثَ فِي هَذِهِ الْأُمَّةِ شَيْئًا لَمْ يَكُنْ عَلَيْهِ سَلَفُهَا ؛ فَقَدْ زَعَمَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ ؛ لِأَنَّ اللهَ يَقُولُ : الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا ؛ فَلَا يَكُونُ الْيَوْمَ دِينًا
''ആരെങ്കിലും ഇസ്‌ലാമില്‍ ഒരു ബിദ്അത് ഉണ്ടാക്കുകയും അത് നല്ലതാണെന്ന് ധരിക്കുകയും ചെയ്താല്‍ അവന്‍ ജല്‍പ്പിക്കുന്നത് മുഹമ്മദ് നബി (സ) അവിടുത്തെ പ്രവാചകത്വത്തില്‍ വഞ്ചന കാണിച്ചു എന്നാണ്. കാരണം, അല്ലാഹു പറയുന്നു: ''ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഇന്നു പൂര്‍ത്തിയാക്കുകയും എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തരുകയും ചെയ്തിരിക്കുന്നു.'' (മാഇദ: 3) അന്ന് ദീന്‍ അല്ലാത്തത് ഇന്നും ദീനല്ല.'' (ഇഹ്കാം/ഇബ്‌നു ഹസ്മ്: 6/225)
റസൂലിന്റെ ചര്യയുടെ ആധികാരികത ഉറപ്പിക്കുന്നവയാണ് ഈ സൂക്തങ്ങളെല്ലാം. കാരണം, ഈ സമൂഹത്തെ ഈ ദീനില്‍ ഐക്യപ്പെടുത്തി കൊണ്ടുപോകുന്നത് ഖുര്‍ആനും സുന്നത്തും മാത്രമാണ്. അല്ലാത്ത പക്ഷം എന്തു സംഭവിക്കുമെന്നതിലേക്കു റസൂല്‍ (സ) സൂചന തരുന്നുണ്ട്.
فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
(എനിക്കുശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണും. അപ്പോള്‍ എന്റെ ചര്യയും, സദ് വൃത്തരും വിവേകികളുമായ പിന്‍ഗാമികളുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചുപിടിക്കുക (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരവും വഴികേടുമാണ്.) (അബൂദാവൂദ്. ഹദീസ് ന. 4607, തിര്‍മിദി: 2676, ഇബ്നുമാജ: 42)
ബിദ്അത്തിന് ഇഖ്തിലാഫില്‍, സമുദായത്തെ ഛിന്നഭിന്നമാകുന്നതില്‍ വലിയ പങ്കുണ്ടാവുമെന്നാണ് ഈ ഹദീസില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുക. അതുകൊണ്ടാണ് വന്‍ പാപങ്ങളെപ്പോലും മാറ്റിനിര്‍ത്തി ബിദ്അത്തിനെ ഏറ്റവും വലിയ തിന്മയായി നബി(സ) പ്രഖ്യാപിച്ചത്.
സുന്നതുകൊണ്ട് തന്നെ ആരാധനാകര്‍മ്മങ്ങള്‍ സമ്പൂര്‍ണമാണ്.
നബി(സ) പറഞ്ഞതായി ഇബ്നു മസ്ഊദ് (റ) നിവേദനം:
''ജനങ്ങളേ! നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് ഞാന്‍ കല്‍പിക്കാതെ വിട്ടിട്ടില്ല! അതുപോലെ, നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് വിരോധിക്കാതെയും വിട്ടിട്ടില്ല!'' (മിശ്കാത്ത്, ഹദീസ് ന. 5300)