ബിദ്അത്തുകള്‍കൊണ്ട് ദീനില്‍ ഒരു പ്രയോജനവുമില്ല, അത് ഉണ്ടാക്കുന്നവര്‍ക്കും അതുപോലെ അത് ആചരിക്കുന്നവര്‍ക്കും അതുകൊണ്ട് മതപരമായി ഉപകാരവുമില്ല. മതം കൊണ്ട് അവര്‍ ലക്ഷ്യമാക്കുന്ന പരലോകത്തെ മോക്ഷത്തിന് അത് ഉപകരിക്കില്ലെന്നു മാത്രമല്ല, നരകപ്രവേശനത്തിനു കാരണമാകുകയും ചെയ്യും. അതെന്തുകൊണ്ടെന്നാല്‍:
''തങ്ങളുടെ പ്രവാചകനുശേഷം സുന്നത്തില്‍ ഒന്ന് നഷ്ടപ്പെടുത്തിയല്ലാതെ മതത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ഒരു സമുദായവുമില്ല.'' (ത്വബ്‌റാനി)
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ
(അനസ് ബ്‌നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ അല്ലാഹു തടഞ്ഞുവെക്കുന്നു.) (ത്വബ്‌റാനി)
حَدَّثَنَا يَحْيَى بْنُ الْيَمَانِ , قَالَ : سَمِعْتُ سُفْيَانَ الثَّوْرِيَّ ، يَقُولُ : الْبِدْعَةُ أَحَبُّ إِلَى إِبْلِيسَ مِنَ الْمَعْصِيَةِ , وَالْمَعْصِيَةُ يُتَابُ مِنْهَا , وَالْبِدْعَةُ لا يُتَابُ مِنْهَا الكتاب: آكام المرجان في أحكام الجان -المؤلف: محمد بن عبد الله الشبلي الدمشقيّ الحنفي، أبو عبد الله، بدر الدين ابن تقي الدين
...സുഫിയാനുസ്സൗരി(റ) പറയുന്നു: ഇബ്‌ലീസിനു പാപങ്ങളെക്കാള്‍ ഇഷ്ടം ബിദ്അത്താണ്. പാപങ്ങളില്‍നിന്നു പശ്ചാത്തപിക്കും. ബിദ്അത്തില്‍ നിന്നു പശ്ചാത്തപിക്കുകയില്ല.
ഇര്‍ബാള്വുബ്‌നു സാരിയ (റ) നിവേദനം: ഒരു ദിവസം നബി (സ) ഞങ്ങളെ ഉപദേശിക്കാന്‍ തുടങ്ങി:
فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
(...നിങ്ങളുടെ കൂട്ടത്തില്‍ എനിക്കുശേഷം ജീവിക്കുന്നവര്‍ ഒരുപാട് ഭിന്നതകള്‍ കാണും. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സന്മാര്‍ഗികളുമായ പിന്‍ഗാമികളുടെയും ചര്യ മുറുകെ പിടിക്കുക. നിങ്ങള്‍ അത് അണപ്പല്ലുപയോഗിച്ചു കടിച്ചുപിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക. കാരണം, മുഴുവന്‍ ബിദ്അത്തുകളും വഴികേടിലാണ്.) (അബൂദാവൂദ്, തിര്‍മിദി)
സുന്നത്തുകളെ വിട്ട് ബിദ്അത്തുകളെ പിന്തുടരുമ്പോഴാണ് സമുദായത്തില്‍ ഭിന്നതയുണ്ടാകുന്നത്.
അതായത്, ഹിദായത്തിനു വിരുദ്ധമാണ് ബിദ്അത്ത്. അതു ള്വലാലത്താണ്. സ്വിറാതുല്‍ മുസ്തഖീമില്‍നിന്നുള്ള വ്യതിയാനവും 'ള്വാല്ലൂന്‍,' 'അല്‍ മഗഌൂബി അലൈഹിം' എന്നിവരുടെ പാതയുമാണ്. അത് 'അന്‍അംത അലൈഹിം' എന്ന വിഭാഗത്തില്‍ പെടുന്നവരുടെ ചര്യയല്ല. ചുരുക്കത്തില്‍ ബിദ്ഇ ഹിദായത്ത്, സ്വിറാതല്‍ മുസ്തഖീം, അന്‍അംത അലൈഹിം എന്നിവയില്‍നിന്നു പുറത്താവുകയും കോപത്തിനു പാത്രമായവരുടെയും വഴിപിഴച്ചവരുടെയും കൂട്ടത്തിലാവുകയും ചെയ്യുന്നു. അതായത്, ശപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും കൂട്ടത്തില്‍.
അബൂഹുറയ്‌റ (റ) നിവേദനം. നബി(സ) പറഞ്ഞു: ''എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ!'' അവര്‍ ചോദിച്ചു: ''ആരാണ് വിസമ്മതിച്ചവര്‍?'' നബി(സ) പറഞ്ഞു: ''ആര് എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.'' (സ്വഹീഹുല്‍ ബുഖാരി. ഹദീസ് ന. 7280)
അതായത്, എല്ലാ ബിദ്അത്തും അതിന്റെ പ്രയോക്താവിനെ അന്തിമമായി നരകത്തിലാണ് എത്തിക്കുക.
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ، عَنْ أَبِي حَازِمٍ، قَالَ: سَمِعْتُ سَهْلَ بْنَ سَعْدٍ، يَقُولُ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «أَنَا فَرَطُكُمْ عَلَى الحَوْضِ، فَمَنْ وَرَدَهُ شَرِبَ مِنْهُ، وَمَنْ شَرِبَ مِنْهُ لَمْ يَظْمَأْ بَعْدَهُ أَبَدًا، لَيَرِدُ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي، ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ» قَالَ أَبُو حَازِمٍ: فَسَمِعَنِي النُّعْمَانُ بْنُ أَبِي عَيَّاشٍ، - وَأَنَا أُحَدِّثُهُمْ هَذَا، فَقَالَ: هَكَذَا سَمِعْتَ سَهْلًا، فَقُلْتُ: نَعَمْ، قَالَ: وَأَنَا - أَشْهَدُ عَلَى أَبِي سَعِيدٍ الخُدْرِيِّ، لَسَمِعْتُهُ يَزِيدُ فِيهِ قَالَ: “ إِنَّهُمْ مِنِّي، فَيُقَالُ: إِنَّكَ لاَ تَدْرِي مَا بَدَّلُوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا لِمَنْ بَدَّلَ بَعْدِي
(മുസ്ലിം, അബൂദാവൂദ്, നസാഇ മുതലായവര്‍ അനസില്‍നിന്നു രേഖപ്പെടുത്തി, ''ഞങ്ങള്‍ മസ്ജിദില്‍ അല്ലാഹുവിന്റെ റസൂലിന്റെ സന്നിധിയിലായിരിക്കെ, അവിടുന്ന് നിദ്രയിലായി. എന്നിട്ട് പുഞ്ചിരിയോടെ തലയുയര്‍ത്തി. ഞങ്ങള്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ! താങ്കളെ ചിരിപ്പിക്കാന്‍ കാരണമായതെന്താണ്!''
അദ്ദേഹം പറഞ്ഞു, (തീര്‍ച്ചയായും, ഒരു സൂറത്ത് എനിക്ക് വെളിപ്പെടുത്തി) എന്നിട്ട് അദ്ദേഹം പറഞ്ഞു,
(തീര്‍ച്ചയായും നാം നിനക്ക് അല്‍ കൗഥര്‍ നല്‍കി. അതിനാല്‍ നിന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുകയും അവനു ബലിയര്‍പ്പിക്കുകയും ചെയ്യുക. നിന്നെ വെറുക്കുന്നവന്‍ (വംശപരമായി) ഛേദിക്കപ്പെടും.)
എന്നിട്ട് പറഞ്ഞു, (അല്‍കൗഥര്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?)
ഞങ്ങള്‍ പറഞ്ഞു, ''അല്ലാഹുവിനും അവന്റെ റസൂലിനുമല്ലോ നന്നായറിയുക.''
അവിടുന്ന് പറഞ്ഞു,
(തീര്‍ച്ചയായും, എന്റെ നാഥന്‍ - പ്രതാപിയും മഹിയും അവനാണ് - എനിക്കു വാഗ്ദാനം ചെയ്ത ഒരു നദിയാണിത്. (തടാകമാണെന്നും അര്‍ത്ഥം പറയുന്നവരുണ്ട്) അതിന് ധാരാളം നന്മകളുണ്ട്. ന്യായവിധിനാളില്‍ എന്റെ സമുദായത്തെ കൊണ്ടുവരുന്ന ഒരു തടാകമാണിത്. അതിലെ പാനപാത്രങ്ങള്‍ ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ അനവധിയാണ്. അപ്പോള്‍ അവരുടെ ഇടയില്‍നിന്ന് അല്ലാഹുവിന്റെ ഒരു ദാസന്‍ (അതില്‍നിന്ന്) തടയപ്പെടും - ഞാന്‍ പറയും: ''നാഥാ, തീര്‍ച്ചയായും അവന്‍ എന്റെ സമുദായത്തില്‍പെട്ടവനാണ്.''
അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചുപറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തില്‍) പെട്ടവരാണല്ലോ. അന്നേരം (അല്ലാഹു) പറയും: ''താങ്കള്‍ക്കുശേഷം അവന്‍ എന്താണ് മതത്തില്‍ അവതരിപ്പിച്ചതെന്ന് (അല്ലെങ്കില്‍ പുതുതായി മതത്തില്‍ കടത്തിക്കൂട്ടിയതെന്ന്) താങ്കള്‍ക്കറിയില്ല.)''
അപ്പോള്‍ ഞാന്‍ വിളിച്ചുപറയും: ''എനിക്കു ശേഷം മതത്തെ മാറ്റിമറിച്ചവര്‍ ദൂരേപ്പോവുക! ദൂരെപ്പോവുക!!'')
(സ്വഹീഹുല്‍ ബുഖാരി, ഹദീസ് ന. 7583, 7584, 7050, 7051, സ്വഹീഹ് മുസ്ലിം, ഹദീസ് ന. 1718)
ബിദ്ഇകള്‍ മുഹമ്മദിന്റെ സമുദായത്തില്‍ നിന്നും അവിടുത്തെ ശഫാഅത്തില്‍ നിന്നും ഹൗള്വുല്‍ കൗഥറില്‍നിന്നു പോലും തടയപ്പെടുമെന്നാണ് ഈ ഹദീഥില്‍നിന്നു മനസ്സിലാവുന്നത്.
ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍(റ) പറഞ്ഞു:
''പാപകൃത്യങ്ങള്‍ ചെയ്യുന്നവരേക്കാള്‍ ബിദ്അത്ത് ചെയ്യുന്നവര്‍ക്കാണ് കടുത്ത ശിക്ഷ. കാരണം, പാപകൃത്യങ്ങളേക്കാള്‍ ഗൗരവമുള്ളതാണ് ബിദ്അത്ത്.'' ശൈത്വാന് കുറ്റകൃത്യങ്ങളേക്കാള്‍ കൂടുതല്‍ ഇഷ്ടം ബിദ്അത്തിനോടാണ്. കാരണം, കുറ്റകൃത്യം ചെയ്യുന്നവന്‍ അതില്‍നിന്ന് തൗബ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബിദ്ഇയ്യ് തൗബ ചെയ്യുന്നത് അപൂര്‍വ്വമാണ്. ശരിയായ കര്‍മ്മവും (അല്ലാഹുവിനോടുള്ള) അനുസരണവുമായാണ് താന്‍ ചെയ്യുന്ന ബിദ്അത്തിനെ അവന്‍ കാണുന്നത്. (അതുകൊണ്ടുതന്നെ അതില്‍ നിന്ന് അവന്‍ തൗബ ചെയ്യില്ല). എന്നാല്‍ പാപം ചെയ്യുന്നവന്‍ താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്നു (ആ തെറ്റില്‍നിന്ന് തൗബ ചെയ്യാന്‍ അവന്‍ തയ്യാറായേക്കാം). അതിനാല്‍ ബിദ്അത്ത് പാപകൃത്യങ്ങളേക്കാള്‍ ഗൗരവമേറിയതാണ്.'' (അല്‍അജ്‌വിബതുല്‍ മുഫീദ)
മൂന്നു പാപങ്ങള്‍ പൊറുക്കപ്പെടുകയില്ല എന്ന് നബി(സ) പറഞ്ഞ ഹദീസില്‍ മൂന്നാമതായി പറയുന്നതു 'തര്‍കുസ്സുന്നഃ' ആണ്. എന്താണ് 'തര്‍കുസ്സുന്നഃ'എന്നും നബി(സ) വിവരിച്ചു: ''തര്‍ക്കുസ്സുന്നഃ എന്നാല്‍ അല്‍ജമാഅത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.'' (മുസ്തദ്‌റക് - ഇമാം ഹാകിം)
ഈ ഹദീസില്‍ പറയുന്ന ('തര്‍കുസ്സുന്നഃ') എന്നാല്‍ 'ബിദ്അത്ത്' ആണെന്ന് ഇമാമുകള്‍ പഠിപ്പിക്കുന്നു. ''അല്‍ജമാഅത്തുമായി വിട്ടുപിരിയുകയെന്നാല്‍ ബിദ്അത്ത് പിന്‍പറ്റുക എന്നാണ്.'' അല്‍ജമാഅത്ത് സുന്നതിന്റെ അടിസ്ഥാനത്തിലാണു രൂപപ്പെടുന്നത്. അല്‍ജമാഅത്തിനു വിരുദ്ധം പ്രവര്‍ത്തിക്കല്‍ ബിദ്അത്തും അതില്‍നിന്നു പുറത്തുപോകലുമാണ്. ഈ വിഷയത്തിന്റെ വിശദീകരണം അന്യത്ര വരുന്നുണ്ട്.
നബി(സ) പറഞ്ഞു: ''ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.'' (അബൂനഈം)
മറ്റൊരിക്കല്‍ അവിടുന്നു പറഞ്ഞു: ''ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.'' (അബൂഹാതിം)
കയ്യില്‍ (മന്ത്രിച്ചൂതിയ) നൂലുകെട്ടിയ രോഗിയെ ഹുദൈഫ (റ) താക്കീത് ചെയ്തു: ''നീ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ നിനക്ക് വിജയം ലഭിക്കുകയില്ല. ഞാന്‍ നിനക്കു വേണ്ടി നമസ്‌കരിക്കുക പോലുമില്ല.''
ബിദ്ഇക്കോ മുനാഫിഖിനോ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലമില്ലെന്നര്‍ത്ഥം. അല്ലാതെ ഹറാമാണ് എന്നല്ല.
ചുരുക്കത്തില്‍, ശിര്‍ക്കും കുഫ്‌റും നിഫാഖും പോലെയുള്ള മാപ്പര്‍ഹിക്കാത്ത കൊടിയ പാതകമാണ് ബിദ്അത്ത്. അതിനാല്‍, ബിദ്അത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഈ മൂന്നു കാര്യങ്ങള്‍ നിഷ്ഠയോടെ പാലിക്കുക:
1. ഖുര്‍ആന്‍, ഹദീസ്, സ്വഹാബികളുടെ മാതൃക എന്നിവ മാത്രം പിന്തുടരുക.
2. സംശയാസ്പദമായ കാര്യങ്ങള്‍ സുബോധ്യമായ പ്രമാണങ്ങളുടെ പിന്‍ബലം ലഭിക്കുന്നതുവരെ ഉപേക്ഷിക്കുക.
3. സ്വഹാബികള്‍ക്കു ശേഷമാണ് ബിദ്അതിന്റെ തുടക്കം. അതിനാല്‍ ശേഷക്കാരുടെ കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ മൂന്നു പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തിയല്ലാതെ സ്വീകരിക്കാതിരിക്കുക. അവ ആര് പറഞ്ഞാലും, എത്ര ആകര്‍ഷകമായി തോന്നിയാലും. സ്വഹാബികള്‍ നബിയില്‍നിന്നു കേട്ടതും കണ്ടതും മനസ്സിലാക്കിയതുമല്ലാതെ പ്രവര്‍ത്തിക്കുകയോ പ്രചരിപ്പിക്കുകയോ ഇല്ല. എന്നാല്‍ അവര്‍ക്കു ശേഷമുള്ളവര്‍ അങ്ങനെയാവണമെന്നില്ല.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ أَنَّهُ قَالَ اتَّبِعُوا آثَارَنَا وَلَا تَبْتَدِعُوا فَقَدْ كُفِيتُمْ
1. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളുടെ കാല്‍പ്പാടുകള്‍ പിന്തുടരുക. നിങ്ങള്‍ ബിദ്അത്തുകള്‍ നിര്‍മ്മിക്കരുത്. (ഞങ്ങളുടെ പാത തന്നെ) നിങ്ങള്‍ക്ക് മതിയായതാണ്.''
സ്വഹാബികളെ പിന്തുടരാം എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. കാരണം, അവര്‍ സുന്നത്ത് എന്താണെന്ന് നബിയില്‍ നിന്നു നേരിട്ടറിഞ്ഞവരാണ്. അവര്‍ക്കു ശേഷമുള്ളവര്‍ക്കാവട്ടെ കേട്ടറിവു മാത്രമേയുള്ളൂ. ഖുര്‍ആനിനും സുന്നത്തിനും ശേഷം സ്വഹാബികളുടെ പാത മൂന്നാമതൊരു പാതയല്ല, അത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പാത തന്നെയാണ്. നബിയുടെത് അവിടുന്ന് കാണിച്ചുതന്ന പാതയാണ്. സ്വഹാബികളുടെത് അതു പ്രാവര്‍ത്തികമാക്കിയ പാതയും. അതിനാല്‍ രണ്ടും ഒന്നു തന്നെയായതിനാല്‍ ഏതു പിന്‍പറ്റിയാലും പിഴവു പിണയുകയില്ല.
2. ഇമാം ഔസാഇ പറഞ്ഞു:
اصْبِرْ نَفْسَكَ عَلَى السُّنَّةِ وَقِفْ حَيْثُ وَقَفَ الْقَوْمُ وَقُلْ بِمَا قَالُوا، وَكُفَّ عَمَّا كَفُّوا عَنْهُ وَاسْلُكْ سَبِيلَ سَلَفِكَ الصَّالِحِ فَإِنَّهُ يَسَعُكُ مَا وَسِعَهُمْ
''നീ നിന്റെ മനസ്സിനെ സുന്നത്തില്‍ പിടിച്ചുനിര്‍ത്തുക. മുമ്പുകഴിഞ്ഞുപോയ ജനത (സ്വഹാബികള്‍) എവിടെ നിന്നുവോ അവിടെ നില്ക്കുക. അവര്‍ പറഞ്ഞതു മാത്രം പറയുക. അവര്‍ ചെയ്യാതിരുന്നത് ചെയ്യാതിരിക്കുക. സ്വലഫുസ്വാലിഹുകളുടെ മാര്‍ഗ്ഗം നീ പിന്‍പറ്റുക. തീര്‍ച്ചയായും അവര്‍ക്കു മതിയായതുതന്നെ നിനക്കും മതി.
3. അവര്‍ പറയുമായിരുന്നു:
كُلُّ عِبَادَةٍ لَا يَتَعَبَّدُهَا أَصْحَابُ رَسُولِ اللهِ صلَّى الله عَلَيه وَسَلم فَلَا تَعَبَّدُوهَا، فَإِنَّ الأَوَّلَ لَمْ يَدَعْ لِلآخِرِ مَقَالًا، فَاتَّقُوا اللهَ يَا مَعْشَرَ القُرَّاءِ وَخُذُوا طَرِيقَ مَنْ كَانَ قَبْلَكُم
നബിയുടെ(സ്വ) സ്വഹാബത്ത് ചെയ്യാത്ത ഒരു ഇബാദത്തും നിങ്ങള്‍ ചെയ്യരുത്. കാരണം, മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്കായി (മതപരമായ) യാതൊന്നും (പഠിപ്പിച്ചുതരാതെ) പോയിട്ടില്ല. അറിവുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും മുന്‍കഴിഞ്ഞുപോയവരുടെ മാര്‍ഗ്ഗം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.''
സ്വഹാബികള്‍ ചെയ്തത് സുന്നത്തില്‍ നിന്ന് അവര്‍ കണ്ടും കേട്ടും മനസ്സിലാക്കിയതു മാത്രമായതിനാല്‍ അതു സുന്നത്തത്രെ.
4. ഇമാം മാലിക്(റ) പറഞ്ഞു:
منْ أَحْدَثَ فِي هَذِهِ الْأُمَّةِ شَيْئًا لَمْ يَكُنْ عَلَيْهِ سَلَفُهَا ؛ فَقَدْ زَعَمَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ ؛ لِأَنَّ اللهَ يَقُولُ : الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا ؛ فَلَا يَكُونُ الْيَوْمَ دِينًا
സലഫുകളില്‍ (സ്വഹാബത്തും താബിഉകളുമാണ് സലഫ് എന്നറിയപ്പെടുന്നത്.) ഇല്ലാത്ത ഒരു ചര്യ ഈ സമുദായത്തില്‍ വല്ലവനും പുതുതായി ഉണ്ടാക്കുന്ന പക്ഷം നബി (സ) പ്രബോധനത്തില്‍ വഞ്ചന കാണിച്ചു എന്നാണവന്‍ ജല്‍പിച്ചത്. കാരണം, അല്ലാഹു അരുളുന്നു: ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കിത്തന്നു. ഇസ്ലാം നിങ്ങള്‍ക്കു മതമായി തൃപ്തിപ്പെടുകയും ചെയ്തു.'' അന്ന് (നബിയുടെ കാലത്ത്) ദീനില്‍ പെടാത്ത ഒരുകാര്യം ഇന്നും ദീനാവുകയില്ല.'' (അല്‍ഇഅ്തിസ്വാം:1/48)