ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന 200 കോടിയോളം വരുന്ന മുസ്‌ലിംകളില്‍ ഒരുവനാണ് ഞാന്‍. 17 വയസ്സുവരെ മാതാപിതാക്കളോടൊപ്പം കഴിഞ്ഞ ശേഷം മദിരാശിയിലേക്കും പിന്നീട് ബോംബെയിലേക്കുംപോയി. തിരിച്ചുവന്നത് എറണാകുളത്തേക്കായിരുന്നു. അവിടെ കുടുംബത്തിന്റെ താവഴിയനുസരിച്ചുള്ള ഒരു വ്യാപാരസ്ഥാപനം തുടങ്ങി. ചെറുപ്പം മുതല്‍ക്കേ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുമായിരുന്നു. കടയിലും മറ്റും വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ മദിരാശിയിലേക്കു പോയ കൊല്ലം മുതല്‍ക്കു നമസ്‌കാരം രാത്രി ഒന്നിച്ചു നമസ്‌കരിച്ചു ഖളാവീട്ടും. അങ്ങനെ പാടില്ല എന്നൊന്നും അറിയുമായിരുന്നില്ല.
വാപ്പ വഹ്ഹാബിയായിരുന്നു. മതത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പൊന്നുമില്ല. എങ്കിലും ഒരു വഹ്ഹാബിയാവേണ്ടതിലേക്കുള്ള മിനിമം കാര്യങ്ങള്‍ അറിയാമായിരുന്നു. അതിനാല്‍ ആ പശ്ചാത്തലത്തില്‍ വളര്‍ന്നു. അന്നത്തെ വഹ്ഹാബിസത്തിന്റെ പ്രകടമായ ക്വാളിറ്റി ഇതായിരുന്നു: മൗലിദും റാതീബുമൊന്നും പാടില്ല. നമസ്‌കാരത്തില്‍ കൈ നെഞ്ചിനു മുകളില്‍ കഴുത്തിലേക്ക് അടുപ്പിച്ചു കയറ്റി കെട്ടുക. ഉറുക്കും ചരടും പാടില്ല. കൂട്ടുപ്രാര്‍ത്ഥനകളൊന്നും നടത്താതിരിക്കുക. നമസ്‌കാരം കഴിഞ്ഞാല്‍ ശരംവിട്ടതുപോലെ ശേഷമുള്ള ദിക്‌റിനൊന്നും നില്‍ക്കാതെ പള്ളിയില്‍നിന്നു രക്ഷപ്പെടുക. ബാക്കിയുള്ള കാര്യങ്ങളെല്ലാം മുഖ്യധാരയിലുള്ളതുപോലെതന്നെ നിര്‍വഹിക്കാം. ലോട്ടറി, പലിശ, ചൂതുകളി, സിനിമ, മദ്യപാനം, അധികാര രാഷ്ട്രീയം - ഇതിനൊന്നും ആരും തടസ്സം പറയാറില്ല.
സുന്നത്ത് എന്നാല്‍ ഉമ്മ പറഞ്ഞുതന്നത് എടുത്താല്‍ കൂലിയുള്ളതും ഒഴിവാക്കിയാല്‍ കുറ്റമില്ലാത്തതും എന്നാണ്. ഇസ്‌ലാമിന്റെ ഒരവിഭാജ്യ ഘടകമാണ് സുന്നത്ത് എന്നു മനസ്സിലായത് പിന്നീടാണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ അതു രണ്ടാമത്തെ പ്രമാണമാണ്. നമ്മുടെ കാക്കകാരണവന്മാരുടെ മതത്തെക്കുറിച്ചുള്ള ധാരണ അര്‍ധ സാക്ഷരരോ നിരക്ഷരരോ ആയ മുല്ലാക്കമാര്‍ നടത്തുന്ന ഓത്തുപള്ളികളില്‍നിന്നു കിട്ടുന്നതു മാത്രമായിരുന്നു. എറണാകുളത്തു വന്നശേഷമാണ് ശരിയായ ഇസ്‌ലാം മനസ്സിലാക്കിയത്. മലയാളത്തില്‍ ഖുത്വുബ പറയുന്ന പള്ളി തേടിയാണ് പുല്ലേപ്പടി പള്ളിയിലെത്തിയത്. അവിടെ ഇമാമും മുഅദ്ദിനും പിന്നെ ഞാനും മാത്രമാണ് പലപ്പോഴും നമസ്‌കാരത്തിനുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് ഒരു പത്തു നാല്‍പത് ആളുകളുണ്ടാവും. ഇസ്‌ലാം ചില ആചാരങ്ങള്‍ മാത്രമല്ല, സുവ്യക്തവും സമഗ്രവുമായ ഒരാദര്‍ശമാണ് എന്നു മനസ്സിലാക്കിയത് പുല്ലേപ്പടിയിലെ സേട്ടുമാര്‍ സ്ഥാപിച്ച മുജാഹിദ് പള്ളിയില്‍നിന്നാണ്. 1958 ലാണ് അതു തുടങ്ങുന്നത്.
പള്ളിയുടെ നടത്തിപ്പുകാരായ സേട്ടു കുടുംബവുമായി ഞാന്‍ അടുത്തിടപഴകുകയും അതിലെ കാരണവരായ കിക്കി സേട്ട് എന്ന പള്ളിയുടെ ആക്ടിങ് മുതവല്ലിയാക്കുകയും ചെയ്തു. ആക്ടിങ് മുതവല്ലി എന്ന നിലയില്‍ പള്ളിയില്‍ നിയമനാധികാരം എനിക്കായിരുന്നു. അങ്ങനെയാണ് കുറ്റിപ്പുഴ പി.കെ അബ്ദുല്ല മൗലവിയെ ഖത്വീബായി നിയമിച്ചത്. അദ്ദേഹം ഹജ്ജിനുപോയപ്പോള്‍ ജ്യേഷ്ഠന്‍ പി.കെ മുഹമ്മദ് മൗലവിയെ ഖത്വീബായി നിയമിച്ചു. ഇവരെല്ലാം ജമാഅത്ത് അനുഭാവികളായിരുന്നു. നല്ല ഖുത്വബാക്കളും പ്രസംഗകന്മാരും അവരായിരുന്നു. ഇവരിലൂടെയാണ് ജമാഅത്തെ ഇസ് ലാമിയെയും അതിന്റെ നേതാക്കളെയും പരിചയപ്പെട്ടു തുടങ്ങിയത്.
അതിലേക്കു നയിച്ച സംഭവങ്ങള്‍ ഞാന്‍ വഴിക്കുവഴിയായി പറയാം. പുല്ലേപ്പടിയില്‍ ആക്ടിങ് മുതവല്ലിയായി തുടരുന്ന കാലത്ത് ഹജ്ജിനായി മക്കത്തു പോയപ്പോള്‍ 1964 ല്‍ അവിടെവെച്ച് കോറോത്ത് അബ്ദുസ്സലാം മൗലവിയെ പരാചയപ്പെട്ടു. അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും പ്രേരണയുമാണ് എന്നെ ജമാഅതെ ഇസ്‌ലാമിയിലേക്ക് ആകൃഷ്ടനാക്കിയത്. രണ്ടുമൂന്ന് മാസത്തിനുശേഷം അദ്ദേഹം എന്നെ അന്വേഷിച്ചുവന്നു. അന്ന് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനോ ജില്ലാ നേതാവോ മറ്റോ ആയിരുന്നു. വിധിവൈപരീത്യമാകാം അദ്ദേഹത്തിലൂടെ തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചു ഞാന്‍ പിന്നീടു തിരിച്ചറിയുന്നതും. അക്കാര്യം അതിന്റെ സന്ദര്‍ഭത്തില്‍ വിശദീകരിക്കാം.
ഇതിനിടക്ക് കെ.സി. അബ്ദുല്ല മൗലവിയുമായും പള്ളുരുത്തി ഹാജിയുമായും മറ്റും പരിചയപ്പെട്ടു. പള്ളിയുടെ തൊട്ടടുത്തുള്ള മദ്രസ്സയില്‍ ഹംദര്‍ദ് ഹല്‍ഖ കൂടാന്‍ ആക്ടിങ് മുതവല്ലിയായ ഞാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയും അതില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ഉല്‍പതിഷ്ണുക്കള്‍ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന അക്കാലത്ത് അതിനൊന്നും ആരും തടസ്സം നിന്നിരുന്നില്ല. മതപരമായ അറിവു ലഭിക്കണമെന്നേ എല്ലാവര്‍ക്കും താല്‍പര്യമുണ്ടായിരുന്നുള്ളൂ. ഫിത്‌നയുടെയും പാര്‍ടി തിരിഞ്ഞുള്ള വിഭാഗീയതയുടെയും കാലമൊക്കെ പിന്നീടാണ് വരുന്നത്.
അങ്ങനെയിരിക്കെ, പികെ. മൗലവിക്ക് ക്ഷയരോഗമുള്ളതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ ഖത്വീബിനെ നിയമിക്കാന്‍ മുതവല്ലി കിക്കി സേട്ട് നിര്‍ദേശിച്ചു. അങ്ങനെയാണ് പള്ളുരുത്തി ഹാജി പറഞ്ഞതുപ്രകാരം കെ.സി. അബ്ദുല്ല മൗലവിയെ ചെന്നുകണ്ട് പുല്ലേപ്പടി പള്ളിയിലേക്ക് നല്ലൊരു ഖത്വീബിനെ വേണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പുളിക്കല്‍ പി.വി. കുഞ്ഞിമൊയ്തീന്‍ മൗലവിയെ നിയമിച്ചതും. പക്ഷഭേദമില്ലാതെ ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എട്ട് കൊല്ലം ഖുത്ബ നടത്തി. പള്ളിയില്‍ നമസ്‌കരിക്കാനെത്തുന്നവര്‍ വര്‍ധിച്ചു. ജുമുഅക്ക് പ്രമുഖരടക്കം നിരവധി ആളുകള്‍ വരാന്‍ തുടങ്ങി.
അതാണ് പറഞ്ഞുവരുന്നത്. അങ്ങനെയൊരു തെറ്റിപ്പിരിയല്‍ ഉണ്ടായിട്ടില്ല. എങ്കിലും അനിഷ്ടകരമായ ചില സംഭവങ്ങള്‍ ആ പ്രസ്ഥാനവുമായി അകലുന്നതിനു കാരണമായിട്ടുണ്ട്. കൃത്യമായി പറയുകയാണെങ്കില്‍, കെഎന്‍എം പ്രസിഡന്റായിരുന്ന കെ. ഉമര്‍ മൗലവി ഒരു ദിവസം അവിടെ വന്ന് ഫിത്‌ന ഉണ്ടാക്കുകയും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നമ്മുടെ പള്ളിയില്‍ പറ്റില്ലെന്നും അവര്‍ പിഴച്ച കൂട്ടരാണെന്നും മുതവല്ലിയുടെ മകനായ ബാബുസേട്ടിനെ ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ ബാബു സേട്ടിനെ സ്വാധീനിച്ച് ഉമര്‍ മൗലവി അടക്കമുള്ളവരുടെ പ്രേരണയില്‍ എറണാകുളത്തെ മുജാഹിദുകള്‍ സംഘടിച്ച് മൗലവിയെ അടിച്ചുപുറത്താക്കാന്‍ കൊച്ചിയിലെ ചന്തയില്‍ നിന്ന് അവരുടെ ഗുണ്ടകളെ ഇതിനായി കൊണ്ടുവന്നു. ഗുണ്ടായിസത്തില്‍ ഒട്ടും പിന്നിലല്ലാത്ത ജമാഅതെ ഇസ്‌ലാമിക്കും അതുപോലെ തല്ലുകാരുണ്ടായിരുന്നു. അവരും ഒരുങ്ങി നിന്നു.
ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠ സ്ഥലമായ പള്ളി പിടിച്ചെടുക്കാന്‍ ഭൂമിയിലെ ഏറ്റവും നികൃഷ്ടമായ സ്ഥലത്തുനിന്നാണ് - ചന്തയില്‍ നിന്നാണ് - അവര്‍ നാലുകൂട്ടരും ആളുകളെ കൊണ്ടുവന്നത്. (ബാക്കി രണ്ടുകൂട്ടരെക്കുറിച്ചു വഴിയേ പറയാം.) അല്ലാഹു അവരുടെ ശ്രമം വിജയിപ്പിച്ചില്ല എന്നത് മറ്റൊരു കാര്യം.
പള്ളിയുടെ ഔദ്യോഗിക മുതവല്ലി കിക്കിസേട്ട് നിഷ്പക്ഷമതിയായിരുന്നു. മൗലവിയെ സംബന്ധിച്ച് അദ്ദേഹത്തിന് ഒരു പരാതിയുമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ബാബു സേട്ട് അന്ന് ചെറുപ്രായക്കാരനായിരുന്നു. സംഘടനകളുടെയും മതപ്പാര്‍ട്ടികളുടെ നേതൃത്വത്തിന്റെയും സങ്കുചിതമനോഭാവവും മുന്‍വധിയും ദുശ്ശാഠ്യവും സ്വാര്‍ത്ഥതാല്‍പര്യങ്ങളുമൊന്നും മനസ്സിലാക്കാനുള്ള അനുഭവജ്ഞാനമുണ്ടായിരുന്നില്ല. എനിക്കുമുണ്ടായിരുന്നില്ലല്ലോ. ഞാന്‍ മൗലവിയോടു പറഞ്ഞു, "അവരുടെ കുതന്ത്രത്തോട് അതേ നാണയത്തില്‍ പ്രതികരിക്കാനൊന്നും നമ്മള്‍ നില്‍ക്കേണ്ട. നല്ല മനസ്സോടെ നമുക്കു പിരിഞ്ഞുപോവാം. നാളെ മുതല്‍ ഞാന്‍ 250 രൂപ താങ്കള്‍ക്കു ശമ്പളം തരും." (225 രൂപയായിരുന്നു മൗലവിയുടെ ശമ്പളം.) പിറ്റേന്നു വെള്ളിയാഴ്ച്ചത്തെ ജുമുഅ ഖുത്വ്ബയോടെ മൗലവി ഖത്വീബ് സ്ഥാനത്തുനിന്നു വിരമിക്കുമെന്നു ഞാന്‍ ബാബു സേട്ടിനെ അറിയിച്ചു.
പി.വി. മൗലവി ഉമര്‍ മൗലവിയുടെ ഫിത്‌നക്കൊന്നും നിന്നുകൊടുത്തില്ല. വെള്ളിയാഴ്ച്ച മിന്‍ബറില്‍ കയറി മൗലവി ഖുത്വുബ തുടങ്ങി. പതിവുപോലെ ഖുര്‍ആനും ഹദീസും ഉദ്ധരിച്ച് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം മിന്‍ബറില്‍ പറഞ്ഞത്. അവസാനം പിരിഞ്ഞുപോകുന്ന വിവരം അറിയിച്ചു ഖുത്വ്ബയില്‍ അദ്ദേഹം പറഞ്ഞു: "എട്ട് കൊല്ലമായി ഞാന്‍ ഇവിടെ ഖുത്വ്ബ നടത്തുന്നു. ഖുര്‍ആനും ഹദീസുമല്ലാതെ ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല." എന്റെ അഭ്യുദയകാംക്ഷികള്‍ എന്നോട് ആവശ്യപ്പെട്ടതു പ്രകാരം ഇന്നുമുതല്‍ ഇവിടെനിന്നു പോകുകയാണ്.
മൗലവിയെ ഇഷ്ടപ്പെടുന്ന കണ്ടമാനം ആളുകളുണ്ടായിരുന്നു. ജ. ഖാലിദ്, അഡ്വ. കെ. മാഞ്ഞു, സീതീ സാഹിബ്, ജസ്റ്റിസ് ശംസുദ്ദിന്‍ തുടങ്ങിയ പ്രഗത്ഭര്‍. മൗലവിയെ പുറത്താക്കാന്‍ എന്താണ് കാരണമെന്നു ചോദിച്ച് എല്ലാവരും എന്നെ വളഞ്ഞു. "ഇത് എന്ത് അനീതിയാണ്? ഇതു സമ്മതിക്കാന്‍ പാടില്ലല്ലോ.''
ഞാന്‍ പറഞ്ഞു: "ഇത് അവരുടെ പള്ളിയല്ലേ, നമുക്കെന്തു ചെയ്യാന്‍ കഴിയും?" മൗലവിയെ ഇവിടെ നിര്‍ത്താന്‍ ഇനിയെന്താണ് ചെയ്യാനാവുക എന്നായി അവരുടെ ചോദ്യം. അതിനുള്ള പകരം സംവിധാനം ഞാനുണ്ടാക്കും എന്നു പറഞ്ഞു ഞാന്‍ അവരെ സമാധാനിപ്പിച്ചുവിട്ടു. അങ്ങനെയാണ് പിന്നീട് ഇസ്‌ലാമിക് സെന്റര്‍ നിര്‍മ്മാണം വരെ എത്തിയ കൊച്ചിയില്‍ ഇസ്‌ലാമിന് ഒരു ആസ്ഥാനം എന്ന ചിന്ത ഉത്ഭവിക്കുന്നത്. പഴയ ഒരു തട്ടുമ്പുറ ഓഫീസില്‍നിന്ന് തുടങ്ങി അത് ഇസ്‌ലാമിക് സെന്റര്‍ വരെ വളര്‍ന്നു. (വിശദ വിവരത്തിന് ഈ സൈറ്റില്‍ തന്നെയുള്ള "നേരു തേടി ഒരു യാത്ര" എന്ന ലേഖനം കാണുക.)
പുറമേക്കുള്ള ഈ കാര്യങ്ങളല്ലാതെ മുജാഹിദും ജമാഅതെ ഇസ്‌ലാമിയും എന്തിനാണെന്നോ അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നോ അറിയില്ലായിരുന്നു. തത്വത്തിലും പ്രയോഗത്തിലും എല്ലാം ഒരുപോലെ തോന്നി. അവരൊക്കെ പഠിച്ചുവളര്‍ന്നതും ഒരേ മദ്രസ്സയില്‍ ഒരേ മുല്ലാക്കമാരുടെ കീഴിലായിരുന്നു.
ജമാഅതെ ഇസ്‌ലാമിയിലെ മുതിര്‍ന്ന നേതാക്കളുമായും നല്ല ബന്ധമായിരുന്നു - പ്രത്യേകിച്ച് കെ.സി. അബ്ദുല്ല മൗലവിയുമായി. ഞാന്‍ പാര്‍ട്ടിയില്‍ സജീവ അംഗമായി ചേരാതിരുന്നത് അദ്ദേഹവുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലായിരിക്കാം. വിശിഷ്ടവ്യക്തികളുടെ ഒരു പ്രസ്ഥാനമാണത് എന്നായിരുന്നു എന്റെ വിശ്വാസം. തെറ്റായ ആ വിശ്വാസം കഴിയുന്നത്ര കാലം എന്നില്‍ നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുകാണണം.
ദൗര്‍ഭാഗ്യവശാല്‍ ജമാഅതെ ഇസ്‌ലാമി 1980 ആകുമ്പോഴേക്കും കെ. ഉമര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് വൃത്തത്തേക്കാളും മോശമായിട്ടുണ്ടെന്ന് എനിക്കു ബോധ്യമായി. പള്ളുരുത്തി ഹാജി ആദ്യം ഇതു പറഞ്ഞുതന്നപ്പോഴൊന്നും എനിക്കത് ബോധ്യമാകുമായിരുന്നില്ല. മാത്രമല്ല, എനിക്ക് അദ്ദേഹത്തോട് അല്‍പം നീരസം തോന്നുകയും ചെയ്തു. സത്യം പള്ളുരുത്തി ഹാജിയുടെ ഭാഗത്തായിരുന്നുവെന്നു സംഘടന പിന്നീട് അടിവരയിട്ടു തെളിയിക്കുന്നതാണ് നാം കാണുന്നത്.
അതുപോലെ, തബ്‌ലീഗുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഭാര്യാപിതാവ് തബ്‌ലീഗുകാരനായിരുന്നു.
അവരുടെ മനസ്സാക്ഷിയൊന്നും ഞാന്‍ സൂക്ഷിച്ചിട്ടില്ല. എങ്കിലും, അതിലെ നല്ല മനുഷ്യരുമായുള്ള സഹവര്‍ത്തിത്വം നിമിത്തം കാലാന്തരത്തില്‍ ജമാഅതെ ഇസ്‌ലാമിയിലൂടെയാണ് കൂടുതല്‍ എളുപ്പത്തില്‍ സ്വര്‍ഗത്തില്‍ പോകാനാവുക എന്ന തെറ്റായ ഒരു തോന്നല്‍ എങ്ങനെയോ വന്നു. താരതമ്യേന കിബ്‌റും കുന്നായ്മയുമില്ലാത്ത, ജീവിതത്തില്‍ കുറച്ചൊക്കെ സൂക്ഷ്മത പാലിക്കുന്ന നല്ല ആളുകളാണെന്ന് അവരെക്കുറിച്ചു തോന്നി. അന്നത്തെ ജമാഅതെ ഇസ്‌ലാമിക്കാര്‍ കുറച്ചൊക്കെ ക്വാളിറ്റിയുള്ളവരായിരുന്നു എന്നാണ് എന്റെ അനുഭവം. അക്കാലത്തെ വഹ്ഹാബികളെക്കാള്‍ അവര്‍ ഇമ്മിണി നല്ലവരായി തോന്നി. അത് എന്റെ ഒരു തോന്നലായിരിക്കാം. കാലാന്തരത്തില്‍, കേരളത്തിലെ പല പ്രമുഖ നേതാക്കന്മാരെക്കാളും അവരുടെ അഖിലേന്ത്യാ നേതാക്കന്മാരുമായി കൂടുതല്‍ ബന്ധമെനിക്കായി. ഇവര്‍ക്കൊന്നും ഉര്‍ദു അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പല സംഘടനാ കാര്യങ്ങളും ഞാന്‍ ദ്വിഭാഷിയായി നിന്നുകൊണ്ടു കൈകാര്യം ചെയ്യേണ്ടിവന്നു.
ഇതിനര്‍ത്ഥം ഞാന്‍ ജമാഅതെ ഇസ്‌ലാമിയിലേക്ക് വല്ലാതെ ആകൃഷ്ടനായി എന്നല്ല. ജമാഅതെ ഇസ്‌ലാമി എന്റെ ഉള്ളിലേക്കൊന്നും വല്ലാതെ ആണ്ടിറങ്ങിയിട്ടുമില്ല. അപ്പോഴും മുജാഹിദുനേതാക്കന്മാരുമായും നല്ല ബന്ധമായിരുന്നു. ഞാന്‍ അവരുടെ പള്ളിയിലെ ആക്ടിങ് മുതവല്ലിയായിരുന്നുവല്ലോ. ഇ.കെ. മൗവലി, അബ്ദുല്ലാത്വീഫ് മൗലവി, മുഹമ്മദ് ബ്‌നു അഹ്മദ്, ഡോ. ഉസ്മാന്‍ തുടങ്ങി എല്ലാവരുമായും അടുത്തു പരിചയമുണ്ടായിരുന്നു.
ഇസ്‌ലാമിനെക്കുറിച്ച് അന്നും ഇന്നും മലയാളത്തില്‍ വായിച്ചു പഠിച്ചതും കേട്ടുപഠിച്ചതുമായ അറിവു മാത്രമേയുള്ളൂ... ഇവരെപ്പോലെ അല്‍കുല്ലിയ്യകളിലോ അല്‍ ജാമിഅകളിലോ ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. ഇവര്‍ ഓതിയ "നൂറുകണക്കിനു കിതാബു"കളൊന്നും കണ്ടിട്ടുമില്ല. ഇത്രയും വ്യക്തിപരമായ കാര്യങ്ങള്‍ ആമുഖമായി പറഞ്ഞത് ഇനി നിങ്ങള്‍ ചോദിച്ചേക്കാവുന്ന കാര്യങ്ങളുടെ പശ്ചാത്തലവിവരണം എന്ന നിലക്കാണ്.
അത് നേരത്തേ സൂചിപ്പിച്ചല്ലോ. താങ്കള്‍ ചോദിക്കുന്നത് എടുത്തുപറയാവുന്ന ഏതെങ്കിലും സംഭവങ്ങളുടെ അടിസ്ഥാനത്തിലാണോ എന്നാണെങ്കില്‍ അതിനു വിശദമായി മറുപടി പറയേണ്ടതുണ്ട്. ഇവരോടെല്ലാം ഇടപഴകേണ്ടിവന്നതു കാരണമായുണ്ടായ തിക്താനുഭവങ്ങളാണ് ഈ മടുപ്പിനും അകല്‍ച്ചയ്ക്കും കാരണമായത്. ഇസ്ലാമിക്‌സെന്റര്‍ - മദീന മസ്ജിദ്പ്രശ്‌നങ്ങളില്‍ അവരെടുത്ത തെറ്റായ നിലപാടുകള്‍ ഈ അകല്‍ച്ച വര്‍ധിപ്പിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ എന്നെ താത്വികമായ വഴിത്തിരിവിലേക്കു നയിച്ചത് ഖുര്‍ആനിലെ ചില സൂക്തങ്ങളും നബിചര്യയിലെ ചില ഏടുകളുമാണ്:
ഇതിന്റെ വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ബിദ്അത്ത് ഇബ് ലീസിന്റെ സായൂജ്യം എന്ന ലേഖന പരമ്പരയിലുണ്ട്.
റസൂല്‍ പറഞ്ഞു: "എന്റെ സമുദായത്തിലെ ഒരു കൂട്ടം സത്യത്തോട് ചേര്‍ന്നുനില്‍ക്കും, അവരെ ഉപേക്ഷിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അവരെ ഉപദ്രവിക്കില്ല."
നേതൃത്വമെന്നത് അമാനത്താണ്. പൊതു മുതല്‍ അമാനത്താണ്. ഇസ്‌ലാമിക സ്ഥാപനങ്ങള്‍, വഖഫ് സ്വത്തുക്കള്‍ - എല്ലാം അമാനത്താണ്. മതപരമായ അറിവ് അമാനത്താണ്. മുസ്‌ലിംകളുടെ കാര്യം ഒരാള്‍ ഏറ്റെടുക്കുന്നതതും അമാനത്താണ്. ഈ അമാനത്തുകളെല്ലാം പാഴാക്കുന്നതാണ് നാം കാണുന്നത്.
നബി (സ) യുടെ ചര്യയും നമ്മെ ഏല്‍പിച്ച ഒരു അമാനത്താണ്. എന്നല്ല, നബിചര്യ നാം പരിപാലിക്കേണ്ട അതിപ്രധാനമായ അമാനത്താണ്. അത് നമ്മെ ഏല്‍പിച്ചാണ് റസൂല്‍ (സ) ഇഹലോകം വെടിഞ്ഞത്.
മതത്തിലേക്ക് അവര്‍ കടത്തിക്കൂട്ടാന്‍ ശ്രമിക്കുന്ന ഇത്തരം അത്യാചാരങ്ങള്‍ നാം അവഗണിച്ചുകൂടാ. ഒരു ഉദാഹരണം പറയാം: ഞാന്‍ ഇന്റര്‍ സിറ്റി എക്‌സ് പ്രസ്സില്‍കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോവുകയാണ്. വടകരയെത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എന്റെ മുമ്പിലെ സീറ്റില്‍ വന്നിരുന്നു. വണ്ടി ഏതാണ്ട് കാലിയായിട്ടുണ്ട് - പത്തുപതിനഞ്ച് ആളുകളേ ബോഗിയിലുള്ളൂ. കണ്ടാല്‍ എന്റെ ചെറിയ മരുമകനെപ്പോലെയുണ്ട്. അയാള്‍ പേര് ചോദിച്ചു, ഞാന്‍ പേരു പറഞ്ഞു. ശേഷം ഞാന്‍ അയാളുടെ പേരും ചോദിച്ചു, മന്‍സ്വൂര്‍ എന്നോ മഅ്‌റൂഫ് എന്നോ പേരുപറഞ്ഞു. കതിരൂരിലേക്കോ പാനൂരിലേക്കോ ആണ് അയാള്‍ പോകുന്നത്. ശേഷം അയാള്‍ ചോദിച്ചു, "ഹജ്ജ് ചെയ്തിട്ടുണ്ടോ?"
"അതെ ഹജ്ജ് ചെയ്തിട്ടുണ്ട്."
"നോമ്പെടുത്തിട്ടുണ്ടോ? ഇതു റമള്വാന്‍ മാസമാണ്."
"പിന്നെ നോമ്പെടുക്കാതെ!"
"കൃത്യമായി നമസ്‌കരിക്കാറുണ്ടോ?"
"അതെ, പരമാവധി."
പിന്നെയുള്ള ചോദ്യം ഇതായിരുന്നു, "നിങ്ങളുടെ ശൈഖ് ആരാണ്?" "ശൈഖോ?"
"പിന്നെ! തുടരാന്‍ ഒരു ശൈഖ് വേണ്ടേ?"
ഞാന്‍ പറഞ്ഞു, അങ്ങനെ ഒരു ശൈഖ് ഒന്നുമില്ല, എന്റെ ഭാര്യ ശൈഖിന്റകത്തെ തറവാട്ടിലുള്ള ഒരു പെണ്ണാണ്. പുറത്തൂരിലെ ശൈഖിന്റെ അനന്തരവളായിട്ടും വരും."
"ഹാജിക്കാ, ഞാന്‍ തമാശ പറയുകയല്ല."
"അങ്ങനെയൊരു ശൈഖുമായുള്ള കണക്ഷനൊന്നും ഇതുവരെ ഉണ്ടായിട്ടില്ല..."
"ശൈഖില്ലാതെ ഈ ഹജ്ജും നോമ്പും നമസ്‌കാരവുമൊക്കെയുമായി അല്ലാഹുവിന്റെ അടുത്തുപോയാല്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?"
"എന്തായിരിക്കും അവസ്ഥ? എന്നെനിക്കറിയില്ല. ഞാന്‍ പഠിച്ചിടത്തോളം വിശ്വാസം വെച്ച് ഹജ്ജ് ചെയ്തു, നോമ്പെടുത്തു, നമസ്‌കരിച്ചു. മറ്റു കാര്യങ്ങളും അതിന്റെ മുറപ്രകാരം കഴിയുന്നിടത്തോളം ചെയ്യുന്നുണ്ട്."
"അതു മതിയാവില്ലല്ലോ? നമുക്കൊരു ശൈഖ് വേണ്ടേ?"
അപ്പോഴേക്കും വണ്ടി മാഹിയിലെത്തി. അയാള്‍ക്ക് ഇറങ്ങാന്‍ സമയമായി. ഇറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു, "ഞാനിവിടെ ഇറങ്ങുകയാണ്. ഞാന്‍ പറഞ്ഞ കാര്യം തമാശയാക്കരുതേ." കണ്ണൂരുവരെ ഈ ആലോചന തന്നെയായിരുന്നു. ശൈഖില്ലാതിരുന്നാല്‍ ഞാന്‍ എന്താണ് ആവുക? എനിക്കാകെ ആധിയായി. ഞാന്‍ അറിയാത്ത ഇങ്ങനെ വല്ല വശവും ദീനിലുണ്ടോ? ശേഷം എന്റെ പരിചയത്തിലുള്ള ഒന്നു രണ്ടു പണ്ഡിതന്മാരോട് ഇക്കാര്യം പരാമര്‍ശിച്ചു.
അവര്‍ പറഞ്ഞു, "ഭ്രാന്ത്, നിങ്ങളത് ആലോചിച്ചു തല പുണ്ണാക്കേണ്ട."
അതും ഒരു സംഭവം തന്നെയാണ്. നമ്മുടെ സമുദായത്തില്‍ പെട്ട ഒരു വിധം ആളുകള്‍ക്കെല്ലാം ഇങ്ങനെയെന്തെങ്കിലും വേണം: ശൈഖിന്റെ ഗുരുത്ത്വം, മുറി വൈദ്യനായ ഉസ്താദിന്റെ പൊരുത്തം, ഇനി അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടാലും ഇമാമും ഖിബ്‌ലയുമായി ഒരു മതസംഘടന!
സാധാരണ, "ഖാല റസൂലുല്ലാഹി" എന്നു നുണപറഞ്ഞു തുടങ്ങാറുള്ള ഒരു വ്യാജ ഹദീഥില്‍ പോലും ഇങ്ങനെയൊരു വാദം കാണുകയില്ല. ശൈഖും സ്വാമിയും പൂജാരിയും പുരോഹിതനുമൊന്നും ദീനില്‍ ആവശ്യമില്ല. നേര്‍ക്കു നേരെ അല്ലാഹുവിനെ ആരാധിക്കാനാണ് നമുക്കുള്ള കല്‍പന; റസൂലിനെ പിന്തുടരാനും. അല്ലാഹുവുണ്ടെന്നു നാം കാണുന്ന സൂര്യനും ചന്ദ്രനും കോടാനുകോടി നക്ഷത്രജാലങ്ങളും നമ്മെ അറിയിക്കുന്നു. ഒരേ ഒരു സൂര്യനാണ് നമുക്കു വെളിച്ചം തരുന്നത്. അതിന് ഒരുപാടു സൂര്യനൊന്നും വേണ്ടതില്ലല്ലോ?
ആ സൂര്യനെ മാറ്റിനിര്‍ത്തിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കുക. എങ്ങും കൂരാക്കൂരിരുട്ടാണ്. അതില്‍ ഒരു ചന്ദ്രനുണ്ട്. പക്ഷേ, അതിന്റെ വെളിച്ചം ഒന്നിനും തികയുന്നില്ല. വേറെയും മുപ്പത്തിമുക്കോടി തിരികളും വെട്ടങ്ങളും ദീപങ്ങളുമുണ്ട്. എല്ലാം ദുര്‍ബലം. അല്‍പാല്‍പം മിന്നിമിന്നി ഒടുവില്‍ അവ കെട്ടുപോകുകയും നമ്മെ പെരുവഴിയിലാക്കി ചതിക്കുകയും ചെയ്യുന്നു. പിന്നെയും മനുഷ്യന്‍ വേറെ വെളിച്ചം തേടിയലയുന്നു. അല്ലാഹു ആര്‍ക്ക് വെളിച്ചം നല്‍കിയില്ലയോ അവര്‍ക്കില്ല വെളിച്ചം. അല്ലാഹു ആര്‍ക്കു വെളിച്ചം നല്‍കിയോ അവര്‍ക്കത്രെ പ്രകാശത്തിനുമേല്‍ പ്രകാശം.
അതെ, സത്യത്തില്‍ മതപ്പാര്‍ട്ടികളും വഴിതെറ്റിയിട്ടുണ്ട്. ഇതൊക്കെ മനസ്സിലായത് അടുത്ത കാലത്താണ്. അല്ലാഹുവിന്റ റസൂലിന് മക്കാമുശ്‌രിക്കുകള്‍ എങ്ങനെയായിരുന്നുവോ, അതുപോലെയാണ് എന്നെ സംബന്ധിച്ചിടത്തോളം മതപ്പാര്‍ട്ടികള്‍. അതേ അവസ്ഥയിലാണ് അവരുള്ളത്.
മക്കാമുശ്‌രിക്കുകള്‍ ഇത്തരത്തിലുള്ള ക്രൂരവും മൃഗീയവുമായ മര്‍ദ്ദനപീഡനങ്ങള്‍ അടിച്ചേല്‍പിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാം ഇങ്ങനെ ആവുമായിരുന്നില്ല. അത് ഒരു സുഖലോലുപ മതമായി നാമാവശേഷമായിട്ടുണ്ടാവും. നബി അവിടെ "ലാഇലാഹ ഇല്ലല്ലാഹു"വും പറഞ്ഞ് ഒരു മൂലയില്‍ ചടഞ്ഞുകൂടിയിരുന്നെങ്കില്‍ ചടുലമായ ഒരു ദീനുണ്ടാകുമായിരുന്നില്ല. ഒരു പ്രവാചകനില്‍ നിന്ന് അങ്ങനെ സംഭവിക്കില്ല, അല്ലാഹു സംഭവിപ്പിക്കുകയില്ല എന്നതു വേറെ കാര്യം.
ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളുമായി പത്തറുപതുകൊല്ലത്തെ ബന്ധമുണ്ട്. അവരൊക്കെ ലക്ഷപ്രഭുക്കളായി. എന്നാല്‍ അവരെക്കൊണ്ട് ഇസ്‌ലാമിന് ഒരു കാര്യവുമുണ്ടായില്ല. മനുഷ്യര്‍ അങ്ങനെയാണ്.
താങ്കളുടെ ചോദ്യത്തില്‍ തന്നെ സൂചിപ്പിച്ചതുപോലെ, അടിസ്ഥാനപരമായി പ്രത്യേകിച്ച് വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. തത്വത്തിലും ഫലത്തിലും രണ്ടും ഒന്നുതന്നെയാണ്. സ്വര്‍ഗത്തിലേക്കു പോകാന്‍ ജമാഅതെ ഇസ്‌ലാമിയാണ് വഹാബിസത്തെക്കാള്‍ കൂടുതല്‍ നല്ലത് എന്ന ഒരു തോന്നല്‍ മാത്രം എങ്ങനെയോ മനസ്സില്‍ കടന്നുകൂടി. അതായത്, ഒന്നിനെക്കാള്‍ മറ്റൊന്ന് ഇച്ചിരി നല്ലതായിരുന്നുവെന്ന ഒരു തോന്നല്‍. 1960 കളില്‍ അവരുടെ ഇഖ്‌ലാസ്, ആത്മാര്‍ത്ഥത, സേവന മനസ്ഥിതി - ഇതൊക്കെ ഞാന്‍ മറ്റുള്ളവരുടെതുമായി താരതമ്യം ചെയ്തുനോക്കിയപ്പോള്‍ ഇവരാണല്ലോ കൂടുതല്‍ അല്ലാഹുവുമായി അടുത്തയാളുകള്‍ എന്നെനിക്കു തോന്നി. അതില്‍ക്കൂടുതലുമില്ല, കുറവുമില്ല.
ഇസ്ലാം അല്ലാഹു അവതരിപ്പിച്ചുകൊടുത്തതുപോലെ 1400 വര്‍ഷങ്ങളായി ഒരു വരിപോലും നഷ്ടപ്പെടാതെ അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. സൂര്യനും ചന്ദ്രനും പോലെ. 1400 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന സൂര്യനും ചന്ദ്രനുമാണല്ലോ ഇന്നുമുള്ളത് - അതുപോലെ. അതു ലോകാവസാനം വരെ നിലനില്‍ക്കും. ഇനി ഒരു പുതിയ നബി വന്ന് ഇത് അങ്ങനെയല്ല വേണ്ടിയിരുന്നത് എന്നു പറയേണ്ട കാര്യമില്ല. നമ്മുടെ മുമ്പിലുള്ള പലതരം തബ്‌ലീഗ് വിഭാഗങ്ങള്‍, പലതരം മുജാഹിദ് പ്രസ്ഥാനങ്ങള്‍, പലതരം ജമാഅതെ ഇസ്‌ലാമിക്കാര്‍, പലതരം ഖാദിയാനീ വിഭാഗങ്ങള്‍, അര ഡസനോലം സമസ്തകള്‍ തുടങ്ങിയ സംഘടനകളും കൂടാതെ കാക്കത്തൊള്ളായിരം ത്വരീഖത്തുകളുമുണ്ടല്ലോ, അതൊക്കെ മനുഷ്യരുണ്ടാക്കിയതാണ്. അതൊന്നും ദീനില്‍ പെട്ട കാര്യമല്ല.
ദീന്‍ അല്ലാഹുവിന്റെതാണ്. മുമ്പു സൂചിപ്പിച്ച ആയത്തിലുള്ളതുപോല, അവനാണ് അതിനെ തൃപ്തിപ്പെട്ടു പൂര്‍ത്തിയാക്കി തന്നത്. ഇതിലേക്ക് ഇനി വല്ലതും ചേര്‍ക്കുകയോ ഇതില്‍നിന്ന് വല്ലതും ഉപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യേണ്ടതില്ല. ലോകാവസാനംവരെ ഇതുതന്നെ പിന്തുടര്‍ന്നാല്‍ മതി. ഈ സംഘടനകളോ ത്വരീഖത്തുകളോ അല്ല, അവനാണ് അതിനെ കൊണ്ടുനടത്തുക. നിങ്ങളാരും അതു താങ്ങി നിര്‍ത്തുകയോ അതിനെ താങ്ങി നടക്കുകയോ ഒന്നും വേണ്ട. നമ്മോടും അതു കൊണ്ടുനടത്താന്‍ പറഞ്ഞിട്ടില്ല. അതിന്റെ പിറകില്‍ കൂടാനാണ് പറഞ്ഞത്. അത് കൊണ്ടുനടത്തുന്നവന്‍ അല്ലാഹുവാണ്. അതിന് ഇനി പുതിയൊരു അവതാരമോ സംഘടനയോ മുജദ്ദിദോ ഇമാമോ ശംസുല്‍ ഉലമയോ സംയുക്ത ഖാളിയോ ആയുത്തുല്ലയോ മീര്‍സയോ മൗദൂദിയോ ഖുത്വ്ബുസ്സമാനോ വരേണ്ടതില്ല. എന്നാല്‍, അതില്‍നിന്ന് ആനുകൂല്യം പറ്റേണ്ടവരെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതൊന്നും കൂടാതെ കഴിയില്ല.
അതെ. മക്കയില്‍ ദീന്‍ പ്രചിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഖുറൈശീ പ്രഭുക്കന്മാര്‍ തെളിയിക്കുകയും നബിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തപ്പോഴാണ് നബി (സ) ഇവരുടെ ശല്യം സഹിക്കവയ്യാതെയും അതികഠിനവും ക്രൂരവുമായ മര്‍ദനങ്ങള്‍ സഹിക്കാന്‍ കഴിയാതെയുമായപ്പോഴാണ് - മറ്റൊരര്‍ത്ഥത്തില്‍, മക്കാനഗരത്തെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷിക്കുകകൂടി ഉദ്ദേശിച്ചുകൊണ്ട് - മദീനയിലേക്കു പലായനം ചെയ്യുന്നത്. അല്ലാതെ മദീനയില്‍ പോയി ഒരു ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കണമെന്ന് പോകുമ്പോള്‍ തന്നെ ഖുര്‍ആനില്‍ പറഞ്ഞതായോ നബി (സ) അങ്ങനെ പദ്ധതിയിട്ടതായോ ഒന്നും നാം ഖുര്‍ആനിലോ ഹദീസിലോ കാണുന്നില്ല. ചരിത്രത്തില്‍ പലതും കാണും. അതു നമ്മെപ്പോലുള്ള മനുഷ്യര്‍ രാജാക്കന്മാരുടെ ഉപ്പും ചോറും തിന്ന് എഴുതിക്കൂട്ടിയതാണ്. അവ സത്യത്തെക്കാളേറെ അസത്യങ്ങളാണ്. എന്നാല്‍ പിന്നീട് മദീനയില്‍ സംഭവിച്ചതിന്റെയെല്ലാം പിന്നില്‍ അല്ലാഹുവിന്റെ ആസൂത്രണമുണ്ടാവാമെന്നതു വേറെക്കാര്യം. എല്ലാം അല്ലാഹുവിന്റെ പരിപാടിയനുസരിച്ചാണ് സംഭവിച്ചിട്ടുണ്ടാവുക. അതു മറ്റൊരു വിഷയം. മക്കാ മുശ്‌രിക്കുകളുടെ അതേ മോഡിലാണ് ഇപ്പോള്‍ എല്ലാ മതപ്പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. മറ്റൊന്നിനോടും അവരെ താരതമ്യം ചെയ്യാന്‍ കഴിയില്ല. മതത്തെക്കാളേറെ അവര്‍ സ്വന്തം പ്രഭുത്വത്തെ നിലനിര്‍ത്താനാണ് കിണഞ്ഞു പരിശ്രമിക്കുന്നത്.
റസൂലിനെ കൊല്ലാന്‍ ഖുറൈശികള്‍ ഓരോ ഗോത്രത്തില്‍ നിന്നും ഓരോ യുവാവിനെ വീതം റിക്രൂട്ട് ചെയ്ത് ഒരു ഡെത്ത് സ്‌ക്വാഡ് രൂപീകരിച്ചില്ലേ? എന്നാല്‍, അവരെയെല്ലാം ഇളിഭ്യരാക്കി നബിയെ രക്ഷപ്പെടുത്തി. പുല്യേപ്പടി പള്ളിയില്‍നിന്ന് ഖത്വീബ് സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോയില്ലെങ്കില്‍ പുളിക്കല്‍ മൗലവിയെ കൊല്ലുമെന്ന് 1974 ല്‍ കെ. ഉമര്‍ മൗലവിയുടെ ആളുകള്‍ ഗുണ്ടകളെ ഇറക്കിയിട്ട് പറഞ്ഞില്ലേ, അങ്ങനെ സംഭവിച്ചില്ലായിയിരുന്നെങ്കില്‍ ഞാനും അവിടെനിന്ന് ഇറങ്ങിപ്പോരില്ലായിരുന്നു. അതേപോലെയാണ് ജമാഅത്തെ ഇസ്‌ലാമിക്കാരും മദീനാ മസ്ജിദിലും ഇസ്‌ലാമിക് സെന്ററിലും എന്നോടു ചെയ്തത്. ഒട്ടും കുറയാത്ത പൈശാചികതയോടെയാണ് തബ്‌ലീഗുകാരും ഈ രണ്ടുകൂട്ടരെക്കാളും വലിയ ള്വുല്‍മും അക്രമവും അന്യായവുമൊക്കെ ചെയ്തുകൂട്ടിയത്. അടിയും വെട്ടും കൊലയും കവര്‍ച്ചയുമൊക്കെയാണ് എല്ലാ മതപ്പാര്‍ട്ടികളുടെയും പ്രവര്‍ത്തനരീതി. സമീപകാലത്ത് മുജാഹിദ് സംഘടന പിളര്‍ന്നപ്പോള്‍ എത്രയെണ്ണമാണ് വെട്ടും കുത്തും ചവിട്ടുമേറ്റ് ആശുപത്രിയിലായത്. പള്ളികളില്‍നിന്ന് എത്ര ആംബുലന്‍സുകളാണ് സൂപ്പര്‍ സപെഷ്യാലിറ്റി ആശുപത്രികളിലേക്ക് ചീറിപ്പാഞ്ഞത്. നിങ്ങള്‍ക്കു ബുദ്ധിയുണ്ടെങ്കില്‍ നിങ്ങളൊന്ന് ആലോചിച്ചുനോക്കുക - എന്തുതരം ജിഹാദാണ് അവിടെ നടന്നിട്ടുണ്ടാവുക?
ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്ന ഒരു കഥ സാരംഗപാണി എന്ന തമിഴന്റെയാണ്. ചെന്നൈക്കടുത്ത ഒരു ഊരിലെ മൂപ്പനോ മറ്റോ ആണ്. അയാളുടെ കൂടെ പത്ത് നൂറ് ആളുകളുണ്ട് - അവര്‍ അയാളെ വിളിക്കുന്നത് വേതാളന്‍ എന്നാണ്. വിക്രമാദിത്യനെപ്പോലെ, അവര്‍ സ്വന്തമായി ഒന്നും ചിന്തിക്കുകയോ പറയുകയോ ഇല്ല. അവര്‍ ഇയാള്‍ പറയുന്നതെന്താണോ അത് ചെയ്യും. അയാള്‍ പറയും: "ഭടവേതാളങ്ങളെ ആരു ശൊല്പ്പടി?" അവര്‍ പറയും, "നീങ്കെ ശൊല്‍പ്പടി." ഇവിടെ അതാണ് സംഭവിച്ചത്.
ഒന്ന് മറ്റൊന്നിനെക്കാള്‍ മെച്ചമല്ല. എല്ലാം ബിദ്ഈ സംഘങ്ങളാണ്. ഇസ്‌ലാമിക നവലോകക്രമത്തിലെ ശീഇകളും ഖവാരിജുകളുമാണവര്‍. എനിക്ക് ഈ അനുഭവമില്ലായിരുന്നുവെങ്കില്‍ ഞാനും ഈ വലയത്തില്‍ പെട്ടുപോകുകയും അതിന്റെ ഒരു വാക്താവായി, കുഞ്ഞയ്യപ്പനായി, വേതാളമായി അടിയുകയും ചെയ്യുമായിരുന്നു. ഒരു കച്ചവടക്കാരനായിരുന്നതിനാല്‍ വ്യാപകമായ സുഹൃദ്ബന്ധങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നതിനാല്‍ സാധാരണക്കര്‍ക്കൊന്നും അത്ര പെട്ടെന്ന് പിടികിട്ടാത്ത ഇത്തരം കുടിലതകളും കൗശലങ്ങളുമൊക്കെ നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നു മാത്രം. ഏതുപോലെയെന്നാല്‍:
പണ്ട് കേട്ട ഒരു കഥയാണ്. കൗശലക്കാരനായ ഒരു കുറക്കന്‍ പാടത്തിനു കുറുകെയുള്ള വരമ്പിലൂടെ ഓടി വരുമ്പോള്‍ വരമ്പിന്റെ മുകളില്‍ ഒരു കമ്പിളിക്കെട്ടു കിടക്കുന്നതു കണ്ടു. ഇവിടെയെങ്ങനെയാണ് ഒരു കമ്പിളിക്കെട്ട് വന്നത് എന്നു പരിശോധിച്ചപ്പോള്‍ അത് ഒരു കുറുനരിയാണ് എന്നു കണ്ടെത്തി. ചത്തുകിടക്കുകയാണ്. അപ്പോള്‍ കുറുക്കന്‍ ഒരു നിമിഷം ആലോചിച്ചു: കുറുനരിക്ക് ഇവിടെയെന്താണ് കാര്യം? ഇത് എന്തിനോ ഉള്ള ഒരു പദ്ധതിയാണല്ലോ! കുറുക്കന്‍ തന്റെ കൗശല ബുദ്ധി പുറത്തെടുത്തു. എന്നിട്ടു പറഞ്ഞു: "ചത്തിട്ടില്ല. ചത്തിട്ടുണ്ടെങ്കില്‍ വാലാട്ടുമായിരുന്നല്ലോ." അപ്പോള്‍ കുറുനരി മെല്ല വാലാട്ടി. കുറുക്കന്‍ പറഞ്ഞു, "ഈ വേല എന്റടത്തു വേണ്ട. നീ ചത്തിട്ടില്ലെന്ന് എനിക്കു മനസ്സിലായി." കുറുക്കന്‍ തടിയെടുത്തു.
ഞാന്‍ അബുല്‍ അഅ്‌ലാ എന്ന വ്യക്തിയെ അനാദരിക്കുന്ന ഒരാളല്ല. മറ്റു പല സംഘടനാ നേതാക്കളെയും പോലെ, മൗദൂദി സാഹിബും ഒരു നല്ല മനുഷ്യനായിരുന്നു. പക്ഷേ, അദ്ദേഹത്തെ രൂപപ്പെടുത്തിയത് ദീനിന്റെ പരിശുദ്ധമായ ചട്ടക്കൂടായിരുന്നില്ല, പകരം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലായിരുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിന്റെ മൂശയാണ്. അലക്ഷ്യമായി പലതിന്റെയും പിറകേ പോകുന്ന സമുദായം. പലര്‍ക്കും അന്ന് ദീനിനെക്കാള്‍ വലുത് രാഷ്ട്രീയമായിരുന്നു. പലര്‍ക്കും മതം ഒരു ലേബലും രാഷ്ട്രീയം കാതലുമായിരുന്നു. രാഷ്ട്രീയം നന്നാക്കിയെടുത്താല്‍ ദീനും നന്നാവുമെന്ന ഒരു ചിന്തയിലായിരുന്നു അവര്‍. മൗദൂദി മാത്രമല്ല, മൗദൂദിയെപ്പോലെ ഒരുപാടു നേതാക്കളും പുരോഹിതന്മാരും സമകാലീന ദേശീയമുസ്‌ലിംകളും അന്നു രൂപം കൊണ്ട പല മുസ് ലിം സംഘടനകളും ഇപ്രകാരം തന്നെയായിരുന്നു. ജമാഅത്തെ ഇസ് ലാമിയെ രാഷ്ട്രീയപരമായി വിമര്‍ശിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇപ്പോഴത്തെ കാലാവസ്ഥക്കനുസൃതമായി അരാഷ്ട്രീയ വാദത്തിന്റെ കപടമുഖമണിയുന്നവരും ഒട്ടും മികച്ചവരയായിരുന്നില്ല. ഈ സാഹചര്യത്തിന്റെ അനേകം സന്തതികളില്‍ ഒരാളായിരുന്നോ മൗദൂദി സാഹിബ് എന്നേ സംശയിക്കേണ്ടതുള്ളൂ.
അദ്ദേഹം തികഞ്ഞ ഒരു രാഷ്ട്രീയക്കാരനും രാഷ്ട്രീയപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമൊക്കെയായിരുന്നു. സ്വാതന്ത്ര്യസമരത്തെ പിന്തുണച്ച അനേകം മൗലാനമാരില്‍ ഒരാളുമായിരുന്നു. എന്നാല്‍, മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി അതോടൊപ്പം ഒരു മൗലിക മതവാദിയാവാന്‍ ശ്രമിച്ചയാളും. ഈ രണ്ടു വൈരുധ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ചതാണ് മൗദൂദിസം എന്നു പറയാം.
ഇബ്‌നു തൈമിയയുടെയും മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെയും ചിന്തകളില്‍നിന്നൂറിക്കൂടിയ സലഫിസം - അല്ലെങ്കില്‍, വഹ്ഹാബിസം - മുജദ്ദിദ് അല്‍ഫ ഥാനിയിലൂടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കു കടക്കുകയും പിന്നീടത് ജമാലുദ്ദീന്‍ അഫ്ഗാനിയിലൂടെയും മറ്റും പാന്‍ - ഇസ്‌ലാമിസത്തിന്റെ രൂപം പ്രാപിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഇന്ത്യനൈസേഷനായിരിക്കാം മൗദൂദിയുടെ ചിന്തയിലുണ്ടായിരുന്നത്. ഇപ്പോഴത്തെ വഹ്ഹാബികള്‍ അഥവാ, സലഫികള്‍ പാന്‍ - ഇസ്‌ലാമിസത്തെ തങ്ങളുടെ സാമ്രാജ്യത്വ യജമാനന്മാരുടെ ദാക്ഷിണ്യത്തിന്നും അവരുടെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും ആയുസ്സിന്റെ നീട്ടത്തിനുംവേണ്ടി തള്ളിപ്പറയുന്നത് സാരമാക്കേണ്ട. അവര്‍ തുടങ്ങിവെച്ചത് എങ്ങനെയാണ് അവര്‍ നിഷേധിക്കുക?
അങ്ങനെ ദീനിനെക്കാള്‍ രാഷ്ട്രീയം തലക്കു കയറിയപ്പോള്‍, സമകാലീന രാഷ്ട്രീയത്തെ ഇസ്‌ലാമിന്റെ മൂശയില്‍ വാര്‍ത്തെടുക്കാനുള്ള വ്യഗ്രതയില്‍ ദീനും ദീനല്ലാത്തതുമായ എന്തെല്ലാമോ കുറേ വായിച്ചപ്പോള്‍ ഈ മൗലാനമാര്‍ക്കു തോന്നിക്കാണും: ഇസ്‌ലാം ഇങ്ങനെ പോയാല്‍ പോരാ, ഇതിനെയൊന്ന് റിവൈസ് ചെയ്ത് പുതിയ കാലത്തേക്കു വേണ്ടി ഒരു പുതിയ രാഷ്ട്രീയ മൂശയില്‍ അവതരിപ്പിക്കണം. അന്നവിടെക്കൂടിയ ചെറുമൗലാനമാരാരും "സാഹിബേ, അതിന് നമുക്കെന്ത് അധികാരമാണുള്ളത്?"എന്നു ചോദിക്കാത്തിടത്താണ് സമുദായത്തിനു പിഴവ് പറ്റിയത്. അവിടെ ഒരു ബിലാലോ അമ്മാറോ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതു ചെയ്യുമായിരുന്നു. "ആരു ശൊല്‍പ്പടി" എന്നു ചോദിക്കുന്ന നേതൃത്വവും, "നീങ്കെ ശൊല്‍പ്പടി" എന്നു പറയുന്ന അനുയായികളുമാണ് പകരമുണ്ടായിരുന്നത്.
അവയുടെ പാശ്ചാത്യരീതിയിലുള്ള രാഷ്ട്രീയപ്പാര്‍ട്ടീ ഘടന തന്നെ. ആത്മീയമായ ഒരു സംവിധാനത്തെ ഭൗതികവല്‍ക്കരിക്കുകയാണ് അവര്‍ ചെയ്തത്. അതായത്, പാരത്രികതയ്ക്കു പകരം ഭരണവും അധികാരവും മറ്റും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടു അവ കൂടുതല്‍ അടുക്കുകയും ആത്മീയതയുടെ ധ്രൂവത്തില്‍നിന്ന് ഏറെ അകലുകയും ചെയ്തു. തല്‍ഫലമായി മതത്തെ ഭൗതിക വാദത്തിന്റെ മൂശയില്‍ നിര്‍വചിക്കാന്‍ അവര്‍ ശ്രമിക്കുകയും ഭരണകൂടമില്ലെങ്കില്‍ ഇസ്ലാമില്ല എന്ന തെറ്റായ ധാരണ സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പ്രബോധനത്തിന്റെ ലക്ഷ്യം തന്നെ മാറി. ഈ മാറ്റം ഇസ് ലാമികമാണെന്നു തോന്നുന്നില്ല.
പഴയ വണ്‍ ഓണ്‍ പ്രബോധന രീതിയൊന്നും ഇനി വേണ്ട. ഇന്നയിന്ന കാലമാകുമ്പോള്‍ നിലവിലെ പ്രബോധന രീതികളൊക്കെ നിര്‍ത്തലാക്കി നിങ്ങളൊരു ഹല്‍ഖയാക്കി ഭാരവാഹികളെ നിശ്ചയിച്ച് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ച് കുറേ പരിഭാഷകളും പുസ്തകങ്ങളും അടിച്ചിറക്കി സക്വാഡ് - കാമ്പൈന്‍ എന്നൊക്കെ പിറുപിറുത്ത് അതുമായി തെക്കുവടിക്ക് നടക്കണമെന്നു നബി (സ) ഇവരോടു പറഞ്ഞതായറിയില്ല.
ആദര്‍ശ ശുദ്ധീകരണശ്രമം നടക്കേണ്ടത് വ്യക്തിതലത്തിലാണ്. അത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ല. അത് ഒരു സൈനിക നടപടിയിലൂടെ സാധ്യമായ കാര്യവുമല്ല. മനസ്സ് വൈയക്തികമായ ഒരു പ്രതിഭാസമാണ്. അത് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് ഊന്നല്‍ ലഭിക്കുകയും അല്ലാത്തവരുടെത് അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പോലും കുഴപ്പമില്ല, അതു പൂര്‍ണമായും ഫലപ്രദമാകുമെങ്കില്‍. അതാവട്ടെ സംഭവ്യവുമല്ല.
ലളിതമായിപ്പറഞ്ഞാല്‍, പൂരപ്പറമ്പില്‍ മൈക്ക് കെട്ടി മൈദാനപ്രസംഗമോ വാദപ്രതിവാദമോ മുബാഹലയോ നടത്തിയാല്‍ മതി എന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. അങ്ങനെയാണെങ്കില്‍ നബി (സ) ജബലുര്‍റഹ്മയില്‍ കയറി നടത്തിയ പ്രഖ്യാപനത്തോടെ തന്നെ തബ്‌ലീഗ് പൂര്‍ത്തിയായല്ലോ. പിന്നീടുള്ള പരസ്യപ്രബോധനമൊന്നും ആവശ്യമായിരുന്നില്ലല്ലോ. ഖുര്‍ആനും സുന്നത്തും അനുസരിച്ചു ജീവിക്കണമെന്നു പറയാന്‍ ഈ ഹല്‍ഖയും ഫിര്‍ഖയും ശാഖയും റേഞ്ചും ചില്ലയും ബ്രാഞ്ചും കാക്കത്തൊള്ളായിരം സെന്ററുകളും ട്രസ്റ്റുകളും മര്‍കസുകളും തത്തുല്യമായ ഇതര സംഘടനാ രൂപങ്ങളുമൊന്നും ആവശ്യമില്ല. ഇത് നേരേ ചൊവ്വേ ജനത്തോട് പറഞ്ഞാല്‍ മതി. അവരില്‍ അല്ലാഹു ഉദ്ദേശിച്ചവര്‍ക്കത് മനസ്സിലാവും.
മനസ്സിലാവണമെങ്കില്‍ അതിനുള്ള തൗഫീഖ്, അഥവാ ഹിദായത്ത് അല്ലാഹുവാണ് കൊടുക്കേണ്ടത്. അപ്പോള്‍ അല്ലാഹു തീരുമാനിച്ചവര്‍ക്കു മനസ്സിലാവും. അല്ലാത്തവര്‍ ഒന്നുകില്‍ ന്യൂട്രലാവും. അല്ലെങ്കില്‍ ശത്രുവാകും. അതെന്തായാലും നമ്മുടെ ബാധ്യത അത്രയേയുള്ളൂ. അതിനു വേറെ യാതൊരു സംവിധാനവും ആവശ്യമില്ല. മൗദൂദിയും വഹ്ഹാബികളും തബ്‌ലീഗുകാരും വിവിധ സമസ്തകളും ഖാദിയാനികളും കണ്ടുപിടിച്ച റിവിഷനോ ഡിവിഷനോ ഒന്നും അതിനാവശ്യമില്ല. ഇത് ആരെങ്കിലുമൊക്കെ പറയേണ്ടതായിരുന്നു. മുമ്പ് ഇമാം മാലിക്കിനോട് ധീരനായ ഒരു യുവാവ് പറഞ്ഞതുപോലെ,
ഇമാം മാലിക്ക് തന്റെ ഒരു ദര്‍സില്‍ പറഞ്ഞു, "വുള്വൂ ചെയ്യുമ്പോള്‍ കാല്‍വിരലുകള്‍ വിടര്‍ത്തി കഴുകേണ്ടതില്ല. കാലുകള്‍ ചുറ്റിക്കഴുകിയാല്‍ മതി." ഇമാം മാലിക്ക് ആ ദിവസത്തെ ദര്‍സ് പൂര്‍ത്തിയാക്കി. ശിഷ്യഗണമെല്ലാം പിരിഞ്ഞുപോയി. ഒരു യുവാവ് മാത്രം അവിടെ ഇരിപ്പുണ്ടായിരുന്നു. ഇമാം ചോദിച്ചു, "നീയെന്താണ് പോകാഞ്ഞത്?"
ഉസ്താദേ, എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.
"എന്താണ് നിനക്ക് പറയാനുള്ളത്?" ഇമാം മാലികിനോട് അദ്ദേഹം ചോദിച്ചു.
"താങ്കള്‍ ഇങ്ങനെ പറഞ്ഞല്ലോ, എന്നാല്‍ മറ്റൊരു ഇമാമിന്റെ ദര്‍സില്‍ ഞാന്‍ പോയപ്പോള്‍ ഇങ്ങനെയാണ് കേട്ടത്. കാലുകളിലെ വിരലുകള്‍ വിടര്‍ത്തിക്കഴുകണമെന്ന് അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞുതന്നത്."
"നീ അതു കേട്ടോ?"
"അതെ കേട്ടു."
"നീ എന്താണ് അന്നേരം പറയാതിരന്നത്?"
"ഉസ്താദിനോട് സദസ്സില്‍ വെച്ച് അതു പറയുന്നത് മര്യാദയല്ലല്ലോ. "
"എന്നാല്‍ ഇനി വുള്വൂഅ് ചെയ്യുമ്പോള്‍ ഞാന്‍ വിരലുകള്‍ വിടര്‍ത്തിക്കഴുകും. നാളെ രാവിലത്തെ ദര്‍സില്‍ ഇന്നു പറഞ്ഞതു ഞാന്‍ തിരുത്തിപ്പറയുകയും ചെയ്യും."
അല്ലാഹുവിന്റെ റസൂല്‍ പറയുന്നതു കേട്ടു എന്നു പറഞ്ഞതോടെ ഇമാം മാലിക്കിന് അതിനപ്പുറമൊന്നും പറയാനുണ്ടായിരുന്നില്ല.
മൗദൂദിയോടും അപ്രകാരം ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞാല്‍ മതിയായിരുന്നു: "ഉസ്താദേ, ഇസ്‌ലാമില്‍ നമ്മളൊന്നും കൂട്ടേണ്ടതായോ കുറക്കേണ്ടതായോ ഇല്ലല്ലോ. അതാണല്ലോ നബി (സ) ഹജ്ജതുല്‍ വിദാഇല്‍ പറഞ്ഞത്. അതു പാടില്ലല്ലോ. അതിനാല്‍ ഹല്‍ഖയും ഫിര്‍ഖയുമെല്ലാമുണ്ടാക്കി കുറേ ഭാരഭാഹികളെയും നിശ്ചയിച്ചു പുതിയൊരു കാര്യം ഉണ്ടാക്കേണ്ടതില്ലല്ലോ. ഇസ്ലാം കോണ്‍ഗ്രസ്സും കമ്യൂണിസവും പോലെ ഒരു പാര്‍ട്ടിയൊന്നുമല്ലല്ലോ. ഇസ്‌ലാമിന് അങ്ങനെയൊരു കണ്‍സെപ്റ്റ് ഇല്ല. ഇസ്‌ലാം അപ്പാടെത്തന്നെ ഒരു ദീനല്ലേ, അതു തന്നെ ഏറ്റവും സമഗ്രമായ, കൂട്ടുകയോ കിഴിക്കുകയോ അഴിച്ചുപണിയുകയോ ആവശ്യമില്ലാത്ത സാക്ഷാല്‍ അല്‍ജമാഅ:യല്ലേ, അല്ലാഹുവല്ലേ അതിന്റെ കെയര്‍ ടേക്കര്‍. താങ്കള്‍ അക്കാര്യമൊന്നും ഏറ്റെടുക്കേണ്ടതില്ലല്ലോ. നമുക്കെന്താണ് അതില്‍ പങ്ക്? നാം അത് അനുസരിക്കണം. അതിനനുസരിച്ച് അമല്‍ ചെയ്യണം. അത്രമാത്രം. കൂടുതലൊന്നും ചെയ്യേണ്ടതില്ല..." അപ്പോള്‍ മൗദൂദിക്കും ബോധ്യമാകുമായിരുന്നു: "ശരിയാണല്ലോ പറഞ്ഞത്, എനിക്കെന്താണ് ഇസ്‌ലാമില്‍ കൈകടത്താനുള്ള അധികാരം? ഇസ്‌ലാം ഇസ്‌ലാമായിത്തന്നെ മുന്നോട്ടു പോകട്ടെ." ഓരോ സംഘടനാ സ്ഥാപകനും ഇങ്ങനെ ചിന്തിക്കണമായിരുന്നു. എന്നാല്‍, ഇവരുടെയെല്ലാം സര്‍സംഘചാലക് ഇവരെയെല്ലാം പിഴപ്പിച്ചു കളഞ്ഞു.
താങ്കളുടെ ചോദ്യത്തില്‍ തന്നെ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി അന്തര്‍ലീനമാണ്. ആ വകുപ്പില്‍ പെട്ട ഒരു സ്വയം പ്രഖ്യാപിത പൈഗമ്പറാണ് മിര്‍സാം ഗുലാം അഹ്മദ് ഖാദിയാനി. അദ്ദേഹവും ഇതുപോലൊരു ജമാഅത്ത് സ്ഥാപകനായിരുന്നു. കുട്ടിക്കാലത്ത് കുറേ ഓതുകയും വായിക്കുകയും എഴുതുകയുമൊക്കെ ചെയ്ത ഒരു ഇമ്മിണി വലിയ മൗലാനാ. അദ്ദേഹവും ഇതുപോലെ എന്തെല്ലാമോ പറഞ്ഞു - രാഷ്ട്രീയപ്പാര്‍ട്ടിയൊന്നുമുണ്ടാക്കിയില്ല. അദ്ദേഹത്തിനും ഇപ്രകാരം തന്നെയാണ് തോന്നിയത്. ഇതിലൊരു മാറ്റം വേണം. പക്ഷേ, തോന്നല്‍ കുറച്ച് അധികമായിപ്പോയി. ഈ മാറ്റമൊക്കെ ഞാനുദ്ദേശിച്ച രൂപത്തില്‍ കൊണ്ടുവരണമെങ്കില്‍ ഒരു ആധികാരികസ്വരം തനിക്കുവേണം. ഇബ്‌നുത്തൈമിയ, അബ്ദുല്‍വഹ്ഹാബ്, ശാഹ് വലിയുല്ലാഹി പോലെ ഒരു മുജദ്ദിദ്? പോരാ, ഒരു നബിയായാല്‍ മാത്രമേ ഇതൊക്കെ നടക്കൂ എന്ന തോന്നല്‍.
മൗദൂദിക്ക് അത്രയൊന്നും തോന്നിയില്ല. പക്ഷേ, അഹ്മദ് മൗലാനാ ഇസ്‌ലാമിനോട് നീതി ചെയ്തു. തന്റെ പ്രസ്ഥാനത്തിന് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് എന്ന പേരിട്ട് ഇസ്‌ലാമിനെ അതിന്റെ വരും വരായ്കകളില്‍നിന്നു രക്ഷിച്ചു. ഇസ്‌ലാമിനെ അദ്ദേഹം തൊട്ടില്ല. മൗദൂദീ സാഹിബും ഇതര സംഘടാന മുസ്‌ലിംകളും ഇസ്‌ലാമില്‍ തന്നെ അഴിച്ചുപണി നടത്താനാണ് തുനിഞ്ഞത്. അവിടെയാണ് ദൂരവ്യാപകമായ പിഴവു പറ്റിയത്.
ഞാന്‍ ജമാഅത്തിന്റെ ആരുമായിട്ടില്ല. നല്ല കുറച്ച് ആളുകളെ മുന്‍കരുതി ഞാന്‍ ചില സേവനങ്ങള്‍ ചെയ്തു. അത്തരം സേവനങ്ങള്‍ ചെയ്തുകൊടുക്കുക എന്നത് എന്റെ മതപരമായ ഒരു ശീലവും മതപരമായി ഞാന്‍ എന്റെ കടമയായി കണ്ട കാര്യവുമായിരുന്നു. പല സംഘനടകള്‍ക്കു വേണ്ടിയും സംഘടനയില്ലാത്തവര്‍ക്കു വേണ്ടിയും അതു ചെയ്തു - അത്രമാത്രം. അതിനെനിക്ക് ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതൊന്നും എന്റെ കഴിവില്‍ പെട്ടതായിരുന്നില്ല. എന്റെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചോ അല്ലെങ്കില്‍ പരീക്ഷണമായോ അല്ലാഹു എന്റെ അളവില്‍ തന്നതാണ്. രണ്ടായാലും ഞാന്‍ അവനോടു നന്ദിയുള്ളവനാണ്. അല്ലാതെ ഇവരില്‍ നിന്നു തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടില്ല, അന്നായാലും ഇന്നായാലും അതിന്റെയൊന്നും ക്രെഡിറ്റ് ഇവരോടാരോടും ആവശ്യപ്പെടുന്നുമില്ല. അതിനാല്‍ അവര്‍ അതൊക്കെ നിഷേധിക്കുകയാണെങ്കില്‍ അതെന്നെ ബാധിക്കുന്ന വിഷയവുമല്ല.
മേല്‍വിവരിച്ചതു തന്നെയായിരുന്നു അനുഭവം. ഇതുതന്നെയാണ് എവിടെയും സംഭവിക്കുക. മത സംഘടനകളോട് അമിത ഭക്തി പ്രകടിപ്പിക്കുന്നവര്‍ പിന്നീട് രാഷ്ട്രീയത്തിലേക്കു പോകും. അല്ലെങ്കില്‍ തീവ്രവാദത്തിലേക്കു പോകും. രാഷ്ട്രീയത്തില്‍ സീറ്റുകിട്ടിയില്ലെങ്കില്‍ അടുത്ത പാര്‍ട്ടിയിലേക്കു പോകും. ഞങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലായിരുന്നു. അതിനു ജനപിന്തുണയില്ല എന്നു കണ്ടപ്പോള്‍ ബിജെപിയിലേക്കു വന്നു. പാര്‍ട്ടി ഏതായാലും ഒരു എംഎല്‍എസ്ഥാനം കിട്ടിയാല്‍ എന്താണ് കുഴപ്പം. വെല്‍ഫയര്‍ പാര്‍ട്ടിയുടെ എംഎല്‍എ മാത്രമേ സ്വര്‍ഗത്തില്‍ പോകൂ എന്നുണ്ടോ? ഇന്നലെ പ്രമുഖ മതപ്രഭാഷകനും ഖത്വീബും വാഇളുമായ മജീദ് സ്വലാഹിയുടെ ഒരു രാഷ്ട്രീയ പ്രഭാഷണം യുട്യൂബില്‍ കേട്ടു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍നിന്നു വ്യതിചലിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ഇതാണ് മൗദൂദിയെപ്പോലുള്ള സംഘടാനാസ്ഥാപകര്‍ ചെയ്ത കുഴപ്പം. തെറ്റുപറ്റിയത് അവര്‍ക്കു മാത്രമാണ്. അത് എന്തെങ്കിലും കാപട്യത്തിന്റെ പേരിലൊന്നുമല്ല. മീര്‍സാ ഗുലാം പൈഗമ്പറായതും ഇതുപോലൊരു സാഹചര്യത്തിലാവാം. ക്വാളിറ്റിയില്‍ ആദമിനെക്കാള്‍ കൂടിയ ആരെങ്കിലുമുണ്ടോ? ആദമിനെ പിഴപ്പിച്ചില്ലേ ഇബ്‌ലീസ്! പിന്ന എന്തുകൊണ്ട് മൗദൂദിയെയും ഹാശിം ഹാജിയെയും അവനു വഴികേടിലാക്കാന്‍ കഴിയില്ല?
"ഇസ്‌ലാമിനെ ഇങ്ങനെ ഒരു പാര്‍ട്ടിയുടെ ബ്രാഞ്ച് ഓഫീസാക്കാന്‍ പറ്റില്ലല്ലോ മൗലാനാ" എന്ന് ഒരു ജുബ്ബാവാല അപ്പോള്‍ എഴുന്നേറ്റുനിന്നു പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെയല്ലയെങ്കില്‍ അവര്‍ക്കൊരു മൗദൂദീമുസ്‌ലിം ജമാഅത്ത് രൂപീകരിച്ചാല്‍ മതിയായിരുന്നില്ലേ? ഇപ്പോഴുള്ളവരൊക്കെ അപ്പോഴുമുണ്ടാകും. അല്ലാഹു അതിലേക്കു കണക്കാക്കിയവര്‍ അതിലെത്താതിരിക്കില്ലല്ലോ. അതിനപ്പുറമുള്ളവര്‍ ബട്ടിന്‍ഡാ മുസ്‌ലിംജമാഅത്ത് രൂപീകരിക്കട്ടെ. ആര്‍ക്കാണ് ഇതൊക്കെ തുടങ്ങിക്കൂടാത്തത്. മൗദൂദിക്കും ഇല്‍യാസ് മൗലാനക്കും തുടങ്ങാമെങ്കില്‍ ഏതു മൗലാനക്കും തുടങ്ങാം.
ഇങ്ങനെ തലങ്ങും വിലങ്ങും മത സംഘടനകള്‍ തുടങ്ങാന്‍ ഇവരെയൊന്നും അല്ലാഹു പുതിയ വഹ്‌യുമായി നബിയായി അയച്ചതല്ലല്ലോ. ഇവരെന്തിന് നബി പഠിപ്പിച്ചതിനപ്പുറം പോയി എന്നാണെന്റെ ചോദ്യം? അത് ഏതു റൂളിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് താങ്കള്‍ അവരോടു തന്നെ ചോദിക്കുക.
അതെ. മുസൈലിമ റസൂലിന് തന്റെ പോളിസീ പ്രോഗ്രാം വിശദീകരിച്ചുകൊണ്ട് കത്തയക്കുകയും ചെയ്തു: അല്ലാഹു ഒന്നുമതി. എന്നാല്‍, "നബിത്വം മക്കയിലും മദീനയിലും താങ്കള്‍ക്കും ഇവിടെ എനിക്കും"!
നബി മറുപടി അയച്ചു: "കള്ളനായ മുസൈലിമയ്ക്ക് മുഹമ്മദുര്‍റസൂലില്ലാഹി..." എന്നാണ് അതില്‍ മുസൈലിമയെ അഭിസംബോധന ചെയ്തത്. അന്നു മുതല്‍ മുസൈലിമ മുസൈലിമതുല്‍ കദ്ദാബ് എന്നാണ് അറിയപ്പെട്ടത്. നമ്മള്‍ ഇവരെയൊക്കെ മൗലാനാ എന്നോ മൗലവി എന്നോ ശൈഖുനാ എന്നോ സൈദ്‌നാ എന്നോ ആയതുല്ലാ എന്നോ ഇമാം എന്നോ കൂട്ടി വിളിക്കും. ഇവരൊക്കെ ഇസ്‌ലാമിനെ അപകടത്തിലാക്കുകയല്ലേ ചെയ്തത്. ഇവര്‍ കാരണം ഇസ്‌ലാം പൊളിഞ്ഞുപോയില്ലേ, ഇപ്പോള്‍ സമൂഹത്തില്‍ ഇസ്‌ലാമിനു വിലയുണ്ടോ? ഇസ്‌ലാം എവിടെയാണിന്ന് പരിഹാസ്യപാത്രമാകാത്തത്.
ഇസ്ലാം പുര്‍ണ്ണമാണ്. ഇനി അതിലില്ലാത്തത് അതിലേക്കു കടത്തിക്കൂട്ടിയാല്‍ തന്നെ അതു പൊളിഞ്ഞുപോകുമല്ലോ. അതിന്റെ മുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലില്ലാഹ് എന്നു മാത്രമാണ്. അതിനപ്പുറവും ഇപ്പുറവും മറ്റൊന്നും ചേര്‍ക്കാനില്ല.
ഉദാഹരണത്തിന്, ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്, സൃഷ്ടിയല്ല. അക്കാലത്തെ ഇതുപോലുള്ള ഒരു ദൂഷിത വലയത്തില്‍ പെട്ട മഅ്മൂന്‍ എന്ന ഖലീഫ അതു സൃഷ്ടിയാണെന്നു പറഞ്ഞു, ഇക്കാലത്തെപ്പോലെ തന്നെ കൊട്ടാരത്തില്‍നിന്ന് ആനുകൂല്യം പറ്റുന്ന അക്കാലത്തെയും ഏതാണ്ട് എല്ലാ പുരോഹിതന്മാരും അതിനെ അനുകൂലിച്ചു. ചുരുക്കം ചിലര്‍ മാത്രമാണ് പരസ്യമായി എതിര്‍ത്തത്. അതില്‍ ഇമാമുസ്സുന്ന അഹ്മദ്ബ്‌നു ഹന്‍ബലുമുണ്ടായിരുന്നു. ജയിലിലിട്ട് ദിവസങ്ങളോളം തല്ലിച്ചതച്ചിട്ടും തന്റെ ആദര്‍ശം ഒന്നു മാറ്റിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല. അതിനാല്‍ അദ്ദേഹത്തെ അവിടെനിന്ന് ഒരു ദ്വീപിലേക്കു കൊണ്ടുപോയി അവിടെവെച്ചു കൊന്നുകളയാന്‍ വേണ്ടി കപ്പലില്‍ കയറ്റി കൊണ്ടുപോകാനൊരുങ്ങി. അടുത്ത ബന്ധുക്കളാരോ അദ്ദേഹത്തോട് പറഞ്ഞു, "നാളെ രാവിലെ താങ്കളെ അവര്‍ വധിക്കും. തല്‍ക്കാലം ഖുര്‍ആന്‍ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ വധശിക്ഷയില്‍നിന്നൊഴിവാകാം." അദ്ദേഹം പറഞ്ഞു, "അതുണ്ടാവില്ല."
പിറ്റേന്ന് രാവിലെ സുബ്ഹിക്കുശേഷമാണ് വധശിക്ഷ നിശ്ചയിച്ചിരുന്നത്. ആയുധങ്ങളെല്ലാം മൂര്‍ച്ചകൂട്ടി വെച്ചിരുന്നു. അന്ന് അര്‍ധരാത്രിയോടടുത്ത് കൊട്ടാരത്തില്‍നിന്ന് ഭയങ്കരമായ അട്ടഹാസം കേട്ടു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസ്സിലായില്ല. പിറ്റേന്ന് രാവിലെയാണ് അറിയുന്നത് ഖലീഫ മഅ്മൂന്‍ മരണപ്പെട്ടുവെന്ന്.
ശേഷം വന്ന ഖലീഫ വധശിക്ഷ റദ്ദാക്കുകയും മഅ്മൂന്റെ പിഴച്ച വാദം തിരുത്തുകയും ചെയ്തു.
ഇബ്‌റാഹീം നബി തീയില്‍നിന്നു രക്ഷപ്പെട്ടതുപോലെ - അല്ലാഹു വിചാരിച്ചാല്‍ വിശ്വാസികള്‍ ഏത് അക്രമിയില്‍ നിന്നും രക്ഷപ്പെടും. അവന്‍ രക്തസാക്ഷിത്വം വിധിച്ചാല്‍ അതും സംഭവിക്കും. അതെല്ലാം അല്ലാഹുവിന്റെ തീരുമാനം പോലെയാണ് നടക്കുക.
എന്റെ ആദ്യകൃതി ഈ തിക്താനുഭവങ്ങളില്‍നിന്നുണ്ടായതാണ്. എന്നാല്‍, താങ്കള്‍ പറഞ്ഞ "ഒറ്റപ്പെട്ട സംഭവങ്ങള്‍" തുടര്‍ച്ചയായി സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ആര് കുഞ്ചിക സ്ഥാനത്തു വന്നാലും ഒരേ തെറ്റുകള്‍ തന്നെ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് മറിച്ചു സംഭവിക്കുന്നില്ല? എന്തുകൊണ്ട് മുന്‍ഗാമികളുടെ തെറ്റുകള്‍ തിരുത്തുന്ന ഒരു പുതിയ തലമുറ വരുന്നില്ല?
ഇവരുടെ ചെയ്തികളോടും വാക്കുകളോടുമൊക്കെ എന്റെ മനസ്സ് നിസ്സംഗമായിക്കഴിഞ്ഞു. ഇപ്പോള്‍, ഇവരുണ്ടാക്കിയ ഈ പുകിലിലൊന്നും എനിക്ക് ആക്ഷേപവുമില്ല. ഇന്നത്തെ പാര്‍ട്ടിക്കാര്‍ അങ്ങനെയൊക്കെ ചെയ്യേണ്ടവര്‍ തന്നെയാണ്. ഇവരൊക്കെ പല താല്‍പര്യങ്ങള്‍ക്കുമായി പാര്‍ട്ടിയില്‍ ചേക്കേറും. എന്റെ കാര്യത്തില്‍, പ്രബോധനത്തിലും മാധ്യമത്തിലുമൊക്കെ എനിക്കെതിരേ ചില ആധികാരികമായ ലേഖനങ്ങള്‍ വന്നതുപോലെ... (വിശദവിവരം ഈ സൈറ്റിലെ നേരു തേടി ഒരാള്‍ എന്ന ലേഖനം വായിക്കുക.)
ആ പ്രശ്‌നങ്ങള്‍ പ്രസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നങ്ങള്‍ തന്നെയാണ്. വ്യക്തികള്‍ അതിന്റെ ഇരകള്‍ മാത്രമാണ്. അഹ്മദ് ഖാദിയാനിയുടെ നിലവിലുള്ള അനുയായികളെപ്പോലെ ഇപ്പോഴത്തെ അണികളൊക്കെ ശുദ്ധഗതിക്കാരാണ്. അവരതില്‍ പെറ്റുവളര്‍ന്നവരാണ്. അതാണ് അവരുടെ തറവാട്. അതാണ് അവരുടെ "സത്യവും യാഥാര്‍ത്ഥ്യവും." ആദര്‍ശവല്‍കരിക്കപ്പെട്ട തെറ്റുകള്‍ ഒരിടത്തും തിരുത്താന്‍ കഴിയാറില്ല. ഇവയൊന്നും വ്യക്തിപരമല്ല. ദാര്‍ശനികമായ പിഴവുകള്‍ തിരുത്തിയ ചരിത്രം ഏതെങ്കിലും മത സംഘടനകളുടെ ജാതകത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
വ്യക്തികളുടെ സംഭാവനകളും കുറവല്ല എന്നതും നാം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അവരാണല്ലോ തെറ്റുകളുടെ തുടക്കക്കാര്‍. ചിലത് സിസ്റ്റമിക് എറര്‍ ആണെങ്കില്‍ ചിലത് ഇന്റിവിഡ്വല്‍ എറര്‍ ആണ്. ഇന്റിവിഡ്വല്‍ എറര്‍ കുഞ്ചികസ്ഥാനത്തുള്ള വ്യക്തികളില്‍നിന്നാവുമ്പോള്‍ അതു പ്രാസ്ഥാനികമാകുകയും പ്രാസ്ഥാനിക വല്‍കരിക്കപ്പെടുകയും ചെയ്യുന്നു. ഇതു ജമാഅതെ ഇസ്ലാമിയുടെ മാത്രം പ്രശ്‌നമല്ല. കെ. ഉമര്‍ മൗലവിയുടെ തെറ്റായ നിലപാടുകളില്‍നിന്നാണ് മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പുകളൊക്കെയും ഉത്ഭവിച്ചത്. ഉമര്‍ മൗലവിയുടെ ഇടുങ്ങിയ സ്വഭാവം പില്‍ക്കാലത്ത് ആദര്‍ശത്തിന്റെ സ്വഭാവം പ്രാപിച്ചപ്പോള്‍ മിതവാദികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാതാവുകയും തിരുത്തല്‍ വാദികള്‍ രംഗത്തുവരികയും അതു പല പിളര്‍പ്പുകളില്‍ കലാശിക്കുകയും ചെയ്തു.
അതുപോലെ ജമാഅതെ ഇസ്ലാമിയുടെ കൂട്ടത്തിലും പഴയ താല്‍പര്യക്കാരും പുതിയ താല്‍പര്യക്കാരുമുണ്ടാവാം. അവരിത് പ്ലാന്‍ ചെയ്തു കൊണ്ടുവന്നതൊന്നുമല്ല, എല്ലാം പ്ലാന്‍ ചെയ്തത് മര്‍ഹൂം മൗദൂദി തന്നെയാണ്. അദ്ദേഹമാണ് ഇവരുടെ സി.പി.യു.വില്‍ ഇതൊക്കെ കയറ്റിക്കൊടുത്തത്. "നീങ്കെ ശൊല്‍പ്പടി" പ്രതികരണ ശൈലി കാരണം മൗദൂദിയും തിരുത്തപ്പെടുകയുണ്ടായില്ല.
അതെ. താങ്കളുടെ നിഗമനത്തോടു ഞാന്‍ തികച്ചും യോജിക്കുന്നു. സത്യവിശ്വാസികള്‍ പരസ്പരം ഉണര്‍ത്തപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടവരാണ്. ഇങ്ങനെയാണ് ഇസ്‌ലാമും അതിന്റെ ശുദ്ധമായ ആദര്‍ശവും വിശ്വാസവും ക്ലാവുപിടിക്കാതെ മുന്നോട്ടുപോവുക. എപ്പോഴും എവിടെയും തിരുത്തല്‍ ശക്തികള്‍ വേണം. ഇത് കച്ചവടസ്ഥാപനമല്ല, പ്രണയക്കടയല്ല, രാഷ്ട്രീയമല്ല. ഇവിടെ ആദര്‍ശം ബലികഴിച്ചുള്ള പ്രീണനത്തിനും നയതന്ത്രത്തിനും പ്രസക്തിയില്ല. കൈപ്പേറിയ കഷായം കൊണ്ടായാലും വിശ്വാസത്തെയും വ്യക്തിത്വത്തെയും പരമാവധി ശുദ്ധീകരിക്കുന്ന പ്രവണതകള്‍ക്കാണു പ്രസക്തിയുള്ളത്.
സംഘടനകള്‍ കൊണ്ടുവരുന്ന ഓരോ പുതിയ കാര്യത്തെയും ഓരോ പുതിയ നീക്കത്തെയും സംശയിക്കുകയും ചോദ്യം ചെയ്യപ്പെടുകയും വേണം. ചിലരെ ചിലപ്പോള്‍ ബലം പ്രയോഗിച്ചും തടയേണ്ടിവരും. പക്ഷേ, കുറച്ചു കാലമായി ഇതൊന്നും സംഭവിക്കുന്നില്ല. പകരം സമ്പൂര്‍ണമായ - "നിരുപാധികമായ" അനുസരണമാണ് എവിടെയും. അല്ലാഹുവിനോടുള്ളതിനെക്കാള്‍ അനുസരണം നേതാക്കളോടായാല്‍ അത് എങ്ങനെ ശരിയാവും? ദീന്‍ എങ്ങനെ നിലനില്‍ക്കും? ഇബ്‌ലീസിന്റെ പ്രേരണയില്‍നിന്നു നൂറു ശതമാനം ഗ്യാരണ്ടി നല്‍കപ്പെട്ട വല്ല നേതാക്കളും ഇവര്‍ക്കുണ്ടോ?
ദീര്‍ഘനാളായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലുണ്ടാവുന്ന ബോധ്യങ്ങളും തിരിച്ചറിവുമാണ് ഒരാളെ ഒരു പാര്‍ട്ടിയോടടുപ്പിക്കുന്നതും അകറ്റുന്നതും. ഇവിടെയും സംഭവിച്ചത് അതാണ്. "ഇത് കള്ളക്കമ്പനിയാണ്" എന്നു പള്ളുരുത്തി ഹാജി തുറന്നുപറഞ്ഞപ്പോള്‍ എനിക്കത് ഉള്‍ക്കൊള്ളാനായില്ല. മാത്രമല്ല, ഹാജിയോട് അല്‍പം നീരസം തോന്നുകയും ചെയ്തു. വൈകാതെ ജമാഅതെ ഇസ്‌ലാമി പള്ളുരുത്തി ഹാജിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് കണ്ടത്. എന്റെ അനുഭവംതന്നെ ഞാന്‍ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
600 കൊല്ലം മുസ്‌ലിംകള്‍ നമസ്‌കരിച്ച പള്ളി സംഘപരിവാര്‍ പൊളിച്ചുകളഞ്ഞു. 28 കൊല്ലം അതിന്റെ അന്വേഷണങ്ങളും മറ്റുമൊക്കെ നടന്നു. ഉന്നത നീതിപീഠം ഒടുവില്‍ വിധി പറഞ്ഞു: "എല്ലാ രേഖകളും പരിശോധിച്ചപ്പോള്‍ 600 കൊല്ലം മുസ്‌ലിംകള്‍ നമസ്‌കരിച്ച പള്ളിയാണ്. പള്ളി പണിതതു മുസ്‌ലിംകള്‍ തന്നെയാണ്. അവിടെ കണ്ടെത്തിയ വിഗ്രഹങ്ങള്‍ പുറത്തുനിന്നു കൊണ്ടുവന്നിട്ടവയായിരുന്നു. രേഖകളൊക്കെ മുസ്‌ലിംകളുടെ പേരിലാണ്."
അത്രയും വായിച്ചെത്തിയപ്പോള്‍ സംശയകരമായ ഒരു ദൂരൂഹ സാഹചര്യത്തില്‍ വായനയുടെ സ്വരം മാറി: "...പക്ഷേ, 30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് കൗസല്യദേവി രാമനെ അവിടെയാണ് പ്രസവിച്ചത് എന്നാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷ വിഭാഗം വിശ്വസിക്കുന്നത്. അതുകൊണ്ട് അതു ക്ഷേത്രം തന്നെയാണ് ആകേണ്ടത്."
അദ്ദേഹത്തിന്റെ പേരമകള്‍ രാത്രി ചോദിച്ചു കാണും: "അല്ല മുത്തച്ഛാ, ഞാന്‍ പഠിക്കുന്നതു ഫിസിക്‌സും ബയോളജിയും കെമിസ്ട്രിയും നരവംശ ശാസ്ത്രവും മറ്റുമൊക്കെയാണ്. പതിനായിരം കൊല്ലത്തിനപ്പുറം ഭൂമിയില്‍ നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യരുണ്ടായിട്ടില്ലല്ലോ. പിന്നെ എങ്ങനെയാണ് ഇതു സംഭവിക്കുക?"
"സാരമില്ല, മകളേ, അതൊക്കെ ഒരു വിശ്വാസമല്ലേ, വിശ്വാസം എങ്ങനെയുമാവാം!"
ഖുര്‍ആന്‍ കഴിഞ്ഞാല്‍ അവരെ സംബന്ധിച്ചിടത്തോളം തൊട്ടടുത്തുനില്‍ക്കുന്നതാണ് പ്രബോധനം വാരിക. തായിക്കാട്ടുകര ശൈഖിനെക്കുറിച്ചും ഇപ്രകാരം പറയാമായിരുന്നു. തുടക്കത്തില്‍ കമ്യൂണിസ്റ്റുകാരനായിരുന്ന ഇദ്ദേഹമാണ് ഇസ്‌ലാമിക് സെന്ററിന്റെ പേരില്‍ റസീറ്റടിച്ചു പിരിവെടുത്തു പത്തുലക്ഷം രൂപ കൊടുത്തു സ്ഥലം വാങ്ങി പുല്ലേപ്പടിയിലെ ഇസ്‌ലാമിക് സെന്റര്‍ പണിതത് എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും. അങ്ങനെയാണെങ്കില്‍ ഇവര്‍ക്കു ബാബരി മസ്ജിദിനെ ഒരു കഥ മെനഞ്ഞ് ക്ഷേത്രവുമാക്കിയതുപോലെ ഒരു കഥ മെനഞ്ഞാല്‍ മതിയായിരുന്നില്ലേ, എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹിജാസില്‍നിന്നു വന്ന ഒരു പറ്റം അറബികള്‍ ഇങ്ങനെയൊരു സ്ഥാപനമുണ്ടാക്കുകയും പിന്നീടവിടെ കാടുമൂടുകയും കാലക്രമേണ അതു ഭൂമിയുടെ അടിയിലാവുകയും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാതിയില്‍ മമ്മുഅവതാരം വീണ്ടെടുത്തു പുല്ലേപ്പടിയില്‍ ഇന്നത്തെ ഇസ്‌ലാമിക് സെന്ററായി പുനപ്രതിഷ്ഠിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ പോരായിരുന്നോ. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയാണ് വിശ്വാസവും വിശ്വാസികളും മൂര്‍ത്തികളും ആരാധനാലയങ്ങളും മസാറുകളും ദര്‍ഗകളും വിശുദ്ധന്മാരും വിശുദ്ധകളുമുണ്ടാവുന്നത്.
"മന്‍ കാന യുഅ്മിനു ബില്ലാഹി..." എന്നു തുടങ്ങുന്ന സൂക്തത്തില്‍ വിവരിച്ച പ്രകാരം വിശ്വസിക്കുന്ന ടി.കെ. അബ്ദുല്ലക്കോ സിദ്ദീഖ് ഹസനോ ആരിഫലിക്കോ ഇങ്ങനെയൊരു ലേഖനം പ്രബോധനത്തില്‍ എഴുതാന്‍ പറ്റുമോ? അഥവാ എഴുതിയാല്‍ തന്നെ ആ കോപ്പി തിരിച്ചുവിളിക്കേണ്ടേ? ടി.കെ അബ്ദുല്ല പുസ്തകമെഴുതിയിട്ട് അത് പ്രമാദമായപ്പോള്‍ തിരിച്ചുവിളിച്ചില്ലേ? ഉണ്ടാവാന്‍ പാടില്ലാത്ത വലിയൊരു കളവല്ലേ ഇവിടെ വന്നത്? പ്രസ്ഥാനത്തില്‍ അത്ര വലിയ കളവിനെ - അതു പ്രചരിപ്പിക്കുന്നവരെ - വെച്ചുപൊറുപ്പിക്കാന്‍ പറ്റുമോ? തന്റെ പാര്‍ട്ടി ഹാജിയോടു ചെയ്തത് ശരിയായിരുന്നില്ലെന്നും ഡാക്യുമെന്റും മറ്റും കവര്‍ച്ച ചെയ്തതൊക്കെ എന്റെ ആളുകളാണെന്നും ആരിഫലി സാഹിബ് എന്റെ വീട്ടില്‍ വന്ന് എന്നോടു നേരിട്ടുപറഞ്ഞിട്ടുണ്ട്. എന്തു കാഴ്ച്ചപ്പാടിലാണ് അതു പറഞ്ഞതെന്ന് എനിക്കറിയില്ല. പി.പി അബ്ദുര്‍റഹ്മാനും കെ.സി അബ്ദുല്ലത്വീഫുമൊക്കെ അതിനു സാക്ഷികളാണ്.
(1) "അല്‍ യൗമ അക്മല്‍തു ലകും ദീനകും" എന്ന പ്രഖ്യാപനം, "പ്രവാചകന്‍ കല്‍പിച്ചത് അനുസരിക്കുക, അദ്ദേഹം വിലക്കിയത് വര്‍ജ്ജിക്കുക" തുടങ്ങി സുന്നത്തിന്റെ ആധികാരികത സ്ഥാപിക്കുന്ന ആയത്തുകള്‍, (2) "കുല്ലു ബിദ്അതിന്‍ ള്വലാല" എന്നുദ്‌ഘോഷിക്കുന്ന ഹദീസ്, (3) പ്രവാചകന്റെ ആരാധനാരീതികള്‍ ചോദിച്ചറിയാനും പ്രവാചകന് അത്ര മതി, സാധാരണക്കാരായ നമുക്ക് അത്രപോരെന്ന് അഭിപ്രായപ്പെടുകയും ആരാധനയില്‍ തീവ്രത കാണിക്കാന്‍ ബദ്ധപ്പെടുകയും ചെയ്ത മൂന്നു യുവാക്കളെ സംബന്ധിച്ച ഹദീസ്, (4) നരകത്തില്‍നിന്നു രക്ഷിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്ന യാതൊന്നും ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാതെ വിട്ടിട്ടില്ലെന്ന പ്രവാചകവചനം, (5) രണ്ടു കാര്യങ്ങള്‍ നിങ്ങള്‍ക്കായി വിട്ടേച്ചുപോകുന്നുവെന്ന ഹജ്ജതുല്‍വിദാഇലെ പ്രവാചകന്റെ പ്രഖ്യാനം, (6) ഈ മതത്തില്‍ പുതുതായി ചേര്‍ക്കുന്ന എന്തും തള്ളിക്കളയേണ്ടതാണെന്ന നബി വചനം, (7) എന്റെ പേരില്‍ കളവു കെട്ടിപ്പറയുന്നവര്‍ നരകത്തില്‍ തന്റെ ഇരിപ്പിടമൊരുക്കട്ടെ എന്ന പ്രഖ്യാപനത്തിലേക്കു നയിച്ച സംഭവം, (9) പള്ളിയുടെ നിലത്ത് നൂറു വീതം കല്ലുകള്‍ പെറുക്കിവെച്ച് അതുകൊണ്ട് തസ്ബീഹും തഹ്മീദും തക്ബീറും ചൊല്ലി എണ്ണം പിടിച്ചുകഴിയുകയായിരുന്ന യുവാക്കള്‍ക്ക് ഇബ്‌നു മസ്ഊദ് നല്‍കിയ താക്കീത്,(10) ഒരു ബിദ്അത്ത് ജനിക്കുമ്പോള്‍ ഒരു സുന്നത്ത് മരിക്കുന്നു എന്ന അഥര്‍ ഇങ്ങനെ ഒട്ടനേകം തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമായ "ബിദ്അത്ത് ഇബ് ലീസിന്റെ സായൂജ്യം" എന്ന കൃതിയിലുണ്ട്.
ഇസ്‌ലാം തന്നെ ഒരു ഉമ്മത്താണ്, മില്ലത്താണ്, അല്‍ ജമാഅയാണ് - അതിനാല്‍ അതിനകത്ത് വേറെ സംഘടന പാടില്ല. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയാണ് ഇസ്‌ലാം നിലകൊള്ളുന്നത്. അതുപോരേ? ഇമാം മാലിക്, അബൂഹനീഫ, ശാഫിഇ, അഹ്മദ് തുടങ്ങിയ ഇവരെക്കാളുമൊക്കെ എത്രയോ വലിയ ഇമാമുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരൊക്കെ വല്ല സംഘടനയുമുണ്ടാക്കിയോ? മദ്ഹബിന്റെ ഇമാമുകള്‍ വല്ല ജമാഅത്തെ ഇസ്‌ലാമിയും തബ്‌ലീഗ് ജമാഅത്തും സലഫിസവും രൂപീകരിച്ചോ? ഇബ്‌നു തൈമിയ്യ - എത്ര ത്യാഗം സഹിച്ചാണ് അവരൊക്കെ ജീവിച്ചതും മരിച്ചതും. മുസ്‌ലിംഭരണാധികാരികളാണല്ലോ അദ്ദേഹത്തെയടക്കം തടവിലിട്ടു പീഡിപ്പിച്ചത്. എന്നിട്ടും അദ്ദേഹം ഇത്തരം വല്ല അനൈക്യസംഘവും രൂപീകരിച്ചോ?
ഞാന്‍ ഇവരുടെയൊക്കെ കൂടെയുണ്ടായിരുന്നു. അവരെയൊക്കെ സാധാരണക്കാരായാണ് ഞാന്‍ കണ്ടത്. നേതാക്കന്മാരെയും അടുത്തറിഞ്ഞിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൗര്‍ബല്യങ്ങളെല്ലാം ഏറിയോ കുറഞ്ഞോ അവര്‍ക്കുമുണ്ടായിരുന്നു. ഇപ്രകാരമായിരുന്നില്ലേ മൗദൂദിയും കെ.എം. മൗലവിയും ഇല്‍യാസ് മൗലാനയും പതി അബ്ദുല്‍ ഖാദിര്‍ മുസ്ല്യാരും മീര്‍സയും ബഹായി മതക്കാരനുമൊക്കെ? ചിലര്‍ക്കു ചില വിഷയങ്ങളില്‍ കൂടുതല്‍ പിഴവു വന്നു എന്നു മാത്രം. എല്ലാവരും ചെയ്ത തെറ്റും അതിനു സ്വീകരിച്ച മാര്‍ഗവും ഒന്നായിരുന്നു. ഈ പ്രമാദത്തില്‍ സമുദായത്തിനും മോശമില്ലാത്ത പങ്കുണ്ട്. ആരെങ്കിലും അന്ന് ഇതൊക്കെ ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തിക്കേണ്ടതുമായിരുന്നു.
ഇസ്‌ലാമില്‍ പുതിയ ആശയങ്ങള്‍ പഴയ ആശയങ്ങള്‍ എന്നൊന്നില്ല. ഇത് അനുദിനം പുരോഗമിക്കേണ്ട ഒരു ശാസ്ത്രശാഖയോ വിജ്ഞാനശാഖയോ അല്ല. എക്കാലത്തേക്കുമുള്ള ഒരു സമഗ്രജീവിത സംഹിതയാണ്. മതപരമായ ജീവിതം എക്കാലത്തും ഇതിനനുസരിച്ചു മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാതെ ഒരു ദൈവമില്ല എന്ന തത്വത്തിന് കാലോചിതമായ മാറ്റം ആവശ്യമാണോ? പലിശ വാങ്ങരുത്, വ്യഭിചരിക്കരുത്, മോഷണം നടത്തരുത്, കൊല ചെയ്യരുത്, പിടിച്ചു പറി നടത്തരുത്, നുണ പറയരുത് - ഇതിലൊക്കെ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ? നമസ്‌കരിക്കുക, വ്രതമെടുക്കുക, സകാത്ത് നല്‍കുക, ഹജ്ജ് ചെയ്യുക, തിന്മ തടയുകയും നന്മ കല്‍പിക്കുകയും ചെയ്യുക - ഇവയിലെന്തെങ്കിലും മാറ്റം ആവശ്യമാണോ?
മതത്തെ സംബന്ധിച്ചിടത്തോളം ഓരോ കാലഘട്ടത്തിലും വേണ്ടത് പുതിയ ഉദ്ഘാടകരും സംഘാടകരുമല്ല, പൊടിതട്ടുന്നവരും ക്ലാവു നീക്കുന്നവരുമാണ്. അല്ലാതെ പുതുതായി വല്ലതും ഇതിലേക്കു വിളക്കിച്ചേര്‍ക്കുന്നവരല്ല. അല്ലാഹു ആരെയും അതിന് ഒരു പേരിലും ഒരു നൂറ്റാണ്ടിലും നിയോഗിച്ചിട്ടില്ല.
ചിലര്‍ മുജദ്ദിദുകള്‍ എന്നൊക്കെ പറഞ്ഞു ചിലരെ രംഗത്തുകൊണ്ടുവന്ന് അവതരിപ്പിക്കാറുണ്ട്. പുതുക്കുന്നവര്‍, പരിഷ്‌കരിക്കുന്നവര്‍ എന്നൊക്കെ ഇവരെ പേരിട്ടു വിളിക്കുന്നത് നിരര്‍ത്ഥകമാണ്. ഇസ്‌ലാം എന്താണ് തേഞ്ഞുമാഞ്ഞുപോകുന്ന വല്ല ശില്പമോ വിയര്‍ ആന്റ് ടിയറിനു വിധേയമാകുന്ന കെട്ടിടമോ കുപ്പായമോ മറ്റോ ആണോ? അതു പൊന്നുപോലെയാണ്. ഒരു കാലത്തും അതിനു പഴക്കമില്ല. അത് വളരെ സോളിഡ് ആയ ഒരാശയമാണ്. അതിന്റെ അടിസ്ഥാന കാര്യങ്ങളെല്ലാം ലിഖിതവും ലോകമെങ്ങും മനപ്പാഠമാക്കപ്പെട്ടു സൂക്ഷിക്കപ്പെട്ടതുമായ ഖുര്‍ആനും സുന്നത്തുമാണ്.
കര്‍മ്മശാസ്ത്രത്തെ ഞാന്‍ ഇതില്‍ പെടുത്തുകയില്ല. അതിന്റെ പ്രാമാണികതയെക്കുറിച്ച് എനിക്കു കൂടുതലൊന്നും അറിയില്ല. അതിനെക്കുറിച്ച് കൂടുതലൊന്നും പറയാനും അറിയില്ല. അതെല്ലാം അതാതു കാലത്തെ പണ്ഡിതന്മാര്‍ക്കു വിടുന്നു. അതിന്റെ പേരിലും വിവിധ മദ്ഹബുകളോ സംഘടനകളോ പിളര്‍പ്പുകളോ ഉണ്ടാവേണ്ടതില്ല.
ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണ് അല്ലാഹുവും നബിയും നമ്മെ പഠിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും മദ്ഹബിലേക്കോ ഇമാമിലേക്കോ അവരുണ്ടാക്കിയ സംഘടനകളിലേക്കോ മടങ്ങാനും ദീന്‍ പുതുക്കിപ്പണിയാനും പുനര്‍നിര്‍മ്മിക്കാനുമല്ല. പഴയതാവുന്ന വല്ല അംശവും ഇസ്‌ലാമിലുണ്ടോ? ഉണ്ടെങ്കിലല്ലേ അതു പുതുക്കേണ്ടവരെ ആവശ്യപ്പെടുന്നുള്ളൂ.
ഇസ്വ്‌ലാഹും തജ്ദീദുമൊന്നും ദീനിനോടു വേണ്ട. അതൊക്കെ നിങ്ങളുടെ സംഘടനകളുടെ അടുക്കളയില്‍ മതി എന്നു മതപ്പാര്‍ട്ടികളോടു മുസ്‌ലിംകള്‍ക്കു പറയാന്‍ കഴിയണം. സംഘടനകളാകുമ്പോള്‍ അതില്‍ പലജാതി ചിന്താഗതികളും മുരടിപ്പുകളും ജീര്‍ണ്ണതകയും മണ്ടചീയലും ഉള്ളുദ്രവിക്കലുമൊക്കെയുണ്ടാവും. ഏറെയും തണ്ടുതുരപ്പന്മാര്‍ മേയുന്ന അവിടെയാണ് ഇസ്വ്‌ലാഹും തജ്ദീദുമൊക്കെ വേണ്ടിവരിക.
നിങ്ങള്‍ പണ്ഡിതന്മാരാണെങ്കില്‍ ജനങ്ങള്‍ക്ക് ഹദീസും ഖുര്‍ആനും പഠിപ്പിക്കൂ. തെറ്റോ ശരിയോ എന്നു സുനിശ്ചിതമല്ലാത്ത നിങ്ങളുടെ ഉസ്താദുമാരുടെ വാക്കുകളും വ്യാഖ്യാനങ്ങളുമല്ല. നിങ്ങള്‍ ഇന്നലെ പറഞ്ഞതല്ലല്ലോ ഇന്നു പറയുന്നത്? ഇന്നു പറയുന്നത് നിങ്ങള്‍ നാളെ മാറ്റിപ്പറയും. എന്നാല്‍ ഇതൊക്കെ ഇസ്വ്‌ലാഹും തജ്ദീദും സുന്നത്തും ഇജ്തിഹാദും ഉലമായുടെ ഇജ്മാഉമാണെന്നു നിങ്ങള്‍ നുണ പറയുകയും ചെയ്യും.
നിങ്ങള്‍ ഹദീസ് പ്രചരിപ്പിക്കൂ. ജനങ്ങള്‍ക്ക് അതു മതിയാകും. അതിനു പകരം നിങ്ങളുടെ വ്യാജരചനകളാണ് നിങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജരചനകളിലൂടെ മാത്രമേ നിങ്ങള്‍ക്കു നിങ്ങളുടെ സങ്കുചിതവും വിഭാഗീയവുമായ ആശയങ്ങള്‍ തിരുകിക്കയറ്റാന്‍ കഴിയൂ എന്നു മനസ്സിലാക്കാന്‍ മാത്രം സമുദായവും ബോധവാന്മാരാകേണ്ടതുമുണ്ട്. നിങ്ങള്‍ പുതിയ വ്യാഖ്യാതാക്കളായി രംഗത്തുവരുന്നു - അല്ലാഹുവിനും അവന്റെ റസൂലിനും മനുഷ്യരോടു സംവദിക്കാന്‍ കഴിയാത്തതുപോലെ. അവര്‍ക്കു തിരിയുന്ന ഭാഷയില്‍ ഖുര്‍ആനും ഹദീസും അല്ലാഹുവിനും അവന്റെ റസൂലിനും അവതരിപ്പിക്കാന്‍ കഴിയാത്തതുപോലെ. നബിയുടെ കാലത്ത് ഏതെങ്കിലും സ്വഹാബിക്ക് നബി (സ) പറയുന്നത് മനസ്സിലാവാതിരുന്നിട്ടുണ്ടോ? അവര്‍ക്കു മനസ്സിലാവാത്ത വല്ലതും പിന്നീട് ഖുര്‍ആനില്‍നിന്നോ ഹദീസില്‍നിന്നോ നിങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടോ? പിന്നയെന്തിനാണ് നിങ്ങളുടെ ഈ വ്യാഖ്യാനങ്ങളും ചമയങ്ങളും?
പക്ഷേ, അതിലൊന്നും നിങ്ങളുടെ സംഘടനാ രൂപങ്ങള്‍ക്കു നിലനില്‍പില്ല. നിങ്ങള്‍ക്കു റോളില്ല. ലാഭമോ വരുമാനമോ ഇല്ല. അതുകൊണ്ട് ജനത്തിന് ഖുര്‍ആനും ഹദീസും നേരിട്ടു മനസ്സിലാവില്ലെന്നു വരുത്തിത്തീര്‍ക്കുകയാണ് നിങ്ങളുടെ ദൗത്യം. ഇസ്‌ലാമിനെ ഹിന്ദുമതം പോലെ പല ജാതികളും ഉപജാതികളുമാക്കാനാണ് നിങ്ങളുടെ നീക്കം. എങ്കിലേ നിങ്ങളുടെ കട തുറക്കാന്‍ കഴിയൂ. കച്ചവടം പൊടിപൊടിക്കാനാവൂ. ഇപ്പോള്‍ ഇസ്‌ലാമിന്റെ പേരില്‍ എത്രയെത്ര കടകളാണു പ്രവര്‍ത്തിക്കുന്നത്.
ശാഫിഈ-ഹമ്പലീ-മാലികീ-ഹനഫീ-വഹ്ഹാബി-സുന്നീ-മൗദൂദീ-ഖാദിയാനീ-സലഫീ-ശീഈ-സ്വൂഫീ-ബഹായി... ഓരോ കടയ്ക്കും അനേകം ശാഖോപശാഖകളുമുണ്ട്.
ഖുര്‍ആനില്‍ ആകെ 6632 ആയത്തേയുള്ളൂ. ആകെക്കൂടി ആറ്റിക്കുറുക്കി കിട്ടിയ സ്വഹീഹായ ഹദീസ് ആവര്‍ത്തനം കഴിച്ചാല്‍ 25000ത്തില്‍ താഴെ മാത്രമാണ്. ഇതില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാണ് ഈ മുറിവൈദ്യന്മാരുടെ കാക്കത്തൊള്ളായിരം വൈദ്യശാലകളെല്ലാം പ്രവര്‍ത്തിക്കുന്നത്...
തിക്താനുഭവങ്ങള്‍ മാത്രമല്ല, സാക്ഷാല്‍ പീഡനങ്ങള്‍ എന്നു പറയുന്നതാവും ശരി. ആദര്‍ശപരമായ 10 ഘടകങ്ങള്‍ നേരത്തേ സൂചിപ്പിച്ചുവല്ലോ, അവ പത്തല്ല, നൂറുകണക്കിനു വരുമെന്നു നിങ്ങള്‍ പഠിച്ചുമുന്നോട്ടുപോകുമ്പോള്‍ മനസ്സിലാവും. തിക്താനുഭവങ്ങളെക്കുറിച്ചു ചോദിച്ചല്ലോ - ഇതൊക്കെ ഇസ്‌ലാമികമാണെങ്കില്‍ ഇങ്ങനെ സംഭവിക്കുകയില്ലല്ലോ. മക്കയില്‍നിന്നു പലായനം ചെയ്തു മദീനയില്‍ ചെന്ന് ഇസ്ലാമുണ്ടാക്കാന്‍ നബിയെ പ്രേരിപ്പിച്ചത് മക്കയിലെ ഖുറൈശികളുടെ പീഡനമായിരുന്നു. മത സംഘടനകളുടെ ഈ പീഡനം എന്റെ വ്യക്തിപരമായ അനുഭവമാണ്. ഇതിന്റെയൊക്കെ പ്രത്യാഘാതം ഭയങ്കരമാണ്.
എന്റെ കുട്ടികളുടെ ഉമ്മയെ വരെ ഇവരുടെ ഈ അത്യാചാരം ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു. അവള്‍ ആറുവര്‍ഷത്തോളം വേദന കടിച്ചമര്‍ത്തിക്കഴിഞ്ഞു. ഒരു പരാതിയും എന്നോടു പറഞ്ഞില്ല. ഞാന്‍ അവള്‍ക്ക് അന്യനായതുപോലെ. കാരണം, അവളുടെ ധാരണയില്‍ ഞാന്‍ ഇസ്‌ലാമില്‍നിന്നു പുറത്തുപോയിരിക്കുന്നു. അങ്ങനെയാണ് എന്റെ "ദീനി"യായി മകന്‍ അവന്റെ ഉമ്മയെ ധരിപ്പിച്ചത്. "ഉപ്പാവ ദീനില്‍ നിന്നു പുറത്തുപോയിരിക്കുന്നു. ഉപ്പാവയില്‍നിന്നു പള്ളി തിരിച്ചുപിടിച്ചു മുസ്‌ലിംകള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്ന ജിഹാദിലാണ് ഞാനുള്ളത്" എന്നാണ് അവന്‍ തന്റെ ഉമ്മയെ ധരിപ്പിച്ചത്.
അതോടെ ജീവിതം അവള്‍ക്കു മടുത്തുകാണും - എങ്ങനെയെങ്കിലും മരിച്ചാല്‍ മതി എന്നായിട്ടുണ്ടാവും. ഒടുവില്‍ അവള്‍ പാടേ തളര്‍ന്നു വീണപ്പോഴാണ് അവള്‍ അനുഭവിച്ച വേദനകളുടെയും വീര്‍പ്പുമുട്ടലുകളുടെയും ഗൗരവം മനസ്സിലായത്. ഉമ്മ വര്‍ഷങ്ങളായി ഈ രോഗം കൊണ്ട് കഷ്ടപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ ചെയ്ത കടുംകൈ എനിക്കു ബോധ്യപ്പെട്ടത്. അപ്പോഴും രോഗത്തെ അതിജീവിക്കണമെന്ന ആഗ്രഹമൊന്നും അവള്‍ക്കില്ലായിരുന്നു. കോഴിക്കോട്ടെ ഫ്‌ളാറ്റിലേക്കു മാറാനും അവിടെ ഹോമിയോ ഗുളിക കഴിച്ചു മരിക്കുന്നതുവരെ വേദയില്ലാതെ കഴിയാനുമായിരുന്നു ആഗ്രഹം. പക്ഷേ, അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. അവളെ ചികിത്സിച്ച ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ വാക്കു തന്നിടത്താണ് പിഴവു സംഭവിച്ചത്: "ഉമ്മയ്ക്ക് 21 ദിവസത്തെ ചികിത്സ വേണം. രോഗാണുക്കള്‍ ശരീരത്തില്‍നിന്നു പറ്റേ പോകുന്നതിനായി ഇത്ര ഡോസ് ഗുളിക കഴിക്കണം. ഈ ഗുളിക കഴിക്കുമ്പോള്‍ വളരെയേറെ അസ്വാസ്ഥ്യങ്ങളുണ്ടാവും. എങ്കിലും രക്ഷപ്പെടും. ശരീരത്തിലെ വിഷാണുക്കള്‍ക്കു പകരം നല്ല അണുക്കള്‍ വളര്‍ന്നു വരുന്നതു വരെ ചികിത്സ തുടരണം..."
3500 രൂപയാണ് ഒരു ഗുളികയുടെ വില... ആ ഗുളിക ഏഴെണ്ണം കഴിച്ചപ്പോഴേക്കും അവള്‍ പോയി. അതും വേദന തിന്ന് കഷ്ടപ്പെട്ട്... അവളുടെ ഉള്ളിലും ശരീരത്തിലും വേദനയായിരുന്നു. എന്റെ മകന്‍ അവന്റെ ഉമ്മായെ വഴികേടിലാക്കിയിട്ടില്ലായിരുന്നെങ്കില്‍ ഉമ്മ അവള്‍ക്കു സുഖമില്ലാത്ത കാര്യം എന്നോടു പറയുമായിരുന്നു. പകരം പഴയ ദീനീനിഷ്ഠയിലൂന്നിയ സേവനമന:സ്ഥിതിക്കു പകരം എല്ലാത്തിനോടും അരിശം കാണിക്കുന്ന പ്രകൃതത്തിലേക്കു മാറുകയാണ് ചെയ്തത്.
ഞാന്‍ വിചാരിച്ചത് ഇത് എന്നോടുള്ള ദേഷ്യമായിരിക്കുമെന്നാണ്. അബലയായ സ്ത്രീയല്ലേ, എല്ലാം സഹിക്കുകയായിരിക്കുമെന്നു കരുതി. ഇസ്‌ലാമില്‍നിന്നു പുറത്തുപോയ ഭര്‍ത്താവിനോട് ഏതു ഭാര്യയാണ് തന്റെ അവശതകളെക്കുറിച്ചു പരാതിപ്പെടുക? ദൗര്‍ഭാഗ്യകരമായ ഈ സംഭവങ്ങള്‍ക്കൊന്നും ഞാന്‍ എന്റെ മകനെ കുറ്റപ്പെടുത്തുന്നില്ല. മകന്‍ നല്ലവനാണ്. കുഞ്ഞയ്യപ്പനായിപ്പോയി എന്നു മാത്രം. കുഞ്ഞയ്യപ്പനായാല്‍ പിന്നെ ഒന്നും മനസ്സിലാവില്ലല്ലോ. പാര്‍ട്ടിയാണ്, പാര്‍ട്ടിയുടെ അച്ചടക്കമാണ് വലുത്.
സുകുമാരന്റെ "ശേഷക്രിയ" എന്ന നോവലിലെ ഒരു കഥാപാത്രമാണ് കുഞ്ഞയ്യപ്പന്‍. കുഞ്ഞയ്യപ്പന്‍ അവസാനം പാര്‍ട്ടിക്കുവേണ്ടി തൂങ്ങിച്ചാവുകയാണ് ചെയ്തത്. ഇങ്ങനെ എത്രയെത്ര കുഞ്ഞയ്യപ്പന്മാരെയാണ് ദിനംപ്രതി സംഘടനകള്‍ സൃഷ്ടിച്ചുവിടുന്നത്.
കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ ഇതുപോലൊരു സംഭവമുണ്ടായി. അതു മതപ്പാര്‍ട്ടിയൊന്നുമല്ല. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ജീവിച്ച്, പാര്‍ട്ടിക്കു വേണ്ടി വീടും പറമ്പും എഴുതിവെച്ച് പാര്‍ട്ടിയാണ് എല്ലാം എന്നു ധരിച്ച മറ്റൊരു കുഞ്ഞയ്യപ്പനാണ് അവിടെ ആത്മാഹുതി നടത്തിയത്.
ലക്ഷം കോടികളിലാണ് ഇന്ന് ഓരോ ബിസ്‌നസ് പാര്‍ട്ടിയുടെയും സ്വകാര്യ ആസ്തികള്‍ പറയപ്പെടുന്നത്. ക്രോണീ ക്യാപിറ്റലിസ്റ്റുകള്‍ നോട്ടമിട്ട ബിസ്‌നസ് കൈവിട്ടുകൊടുക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ ആവശ്യപ്പെടുന്ന ഏറ്റവും ചുരുങ്ങിയ കൈക്കൂലി 2500 കോടിയത്രെ. ഇതിന്റെയൊക്കെ തനിയാവര്‍ത്തനമാണ് മതപ്പാര്‍ട്ടികളിലും നടക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവര്‍ എന്തിനെയും തള്ളിപ്പറയും - പള്ളിയെ മാത്രമല്ല, സ്വന്തം തന്തയെയും തള്ളയെയും വരെ.
തീര്‍ച്ചായും ഉണ്ടാവും. അതുതന്നെയാണ് ഉണ്ടായതും. പക്ഷേ, പല സ്വഭാവക്കാര്‍ കുറവും ഒരേ സ്വഭാവക്കാര്‍ അതായത് "കുഞ്ഞയ്യപ്പന്മാര്‍" കൂടുതലുമായിരുന്നു എന്നിടത്താണ് പ്രശ്‌നം. ആര്‍എസ്എസിലെ ചാവേറുകളോട് കമ്യൂണിസം പ്രസംഗിച്ചാല്‍ അവര്‍ക്കു മനസ്സിലാവുമോ? അതുപോലെ തിരിച്ചും? പകരം ഇരുകൂട്ടരും കൂടുതല്‍ അക്രമാസക്തരാവുകയാണ് ചെയ്യുക. അവരൊക്കെ ജീവിക്കുന്നതുതന്നെ നേതാക്കള്‍ അവര്‍ക്കു വാഗ്ദാനം ചെയ്ത വീരസ്വര്‍ഗത്തിനും രക്തസാക്ഷിമണ്ഡപത്തിനും വേണ്ടി മരിക്കാനാണ്. അവരെ സംബന്ധിച്ചിടത്തോളം ജീവനെക്കാള്‍ വലുതു പാര്‍ട്ടിയാണ്. അവിടെ സത്യമോ നീതിയോ ന്യായമോ മനുഷ്യത്വമോ കരുണയോ കുടുംബബന്ധമോ രക്തബന്ധമോ മാതൃ-പിതൃബന്ധമോ ഒന്നും വിലപ്പോകില്ല. പാര്‍ട്ടിയാണ് അവിടെ ദൈവം. ആ ദൈവത്തിന്റെ പടയാളിയാണ് അവന്‍. ഇത്തരം പാര്‍ട്ടീഭടന്മാരാണ് ഇപ്പോഴത്തെ മത സംഘടനകളിലുള്ളത്. അവരെ മേയ്ക്കുന്നവരാണ് എണ്ണത്തില്‍ കുറവായ പലതരക്കാരും താല്‍പര്യക്കാരും. അതൊന്നും ഈ കുഞ്ഞയ്യപ്പന്മാര്‍ക്കു മനസ്സിലാവില്ല. പാര്‍ട്ടിക്കുവേണ്ടി അവര്‍ പുഞ്ചിരിയോടെ തൂങ്ങിച്ചാവാനും റെഡി!
ഇവരുടെ അജണ്ട അതൊന്നുമല്ലെന്ന് പള്ളുരുത്തി ഹാജി 1985 ല്‍ തന്നെ ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്. പ്രബോധനത്തിനാണെങ്കില്‍ ഈ ഘടനയൊന്നും വേണ്ട. ഖുര്‍ആനും സുന്നത്തും അവതരിപ്പിച്ച ഘടന മതി. റസൂലിന്റെ കാലത്ത് ഇതൊക്കെ നടത്തിയിരുന്നത് പള്ളികളിലായിയിരുന്നു. ആ പള്ളികള്‍ ഇപ്പോഴുമുണ്ട്. ആ പള്ളി മതി - അവിടെ ഖുര്‍ആനും ഹദീസും പഠിപ്പിക്കാന്‍ ആളുണ്ടായാല്‍ മതി. അതല്ലാത്ത മറ്റൊന്നും ഇസ്‌ലാമിന്റെതായി പറയാനില്ല. ഉമറിന്റെ കൈയില്‍ ചില പൂര്‍വ്വവേദങ്ങളുടെ ഏടുകള്‍ കണ്ടതില്‍ ക്ഷുഭിതനായ പ്രവാചകന്റെ ചര്യ മതി നമുക്ക്. ഇസ്‌ലാമില്‍ അതല്ലാത്ത യാതൊന്നും ആവശ്യമില്ല.
നബി(സ) ക്ക് ഓരോ സൂക്തവും അവതരിപ്പിച്ചപ്പോള്‍ സാധാരണഗതിയില്‍ അതു പള്ളിയിലെ മിന്‍ബറിലൂടെയാണ് ജനങ്ങളെ പഠിപ്പിച്ചത്. മദ്യവും നാടന്‍ കഴുതയുടെ മാംസവും മുത്അ വിവാഹവും നിഷിദ്ധമാക്കിയതും ഖിബ്‌ല മാറ്റിയതും മാത്രമാണ് അങ്ങാടിയില്‍ വിളംബരം ചെയ്തത്. യാത്രയില്‍ അവതരിപ്പിച്ചത് ആ യാത്രാ സംഘത്തോടു മൊത്തത്തില്‍ ബോധിപ്പിക്കുകയായിരുന്നു. വ്യക്തിപരമായ ചില കാര്യങ്ങളില്‍ അത് ആരെക്കുറിച്ച് അവതരിപ്പിച്ചുവോ - അവരെ അറിയിക്കേണ്ടതുണ്ടെങ്കില്‍ - അവരെ അത് നേരിട്ട് ആദ്യമറിയിക്കുമായിരുന്നു എന്നതു മാത്രമാണ് അപവാദം. ഉമറിന്റെ കാര്യത്തിലും ആയിശയുടെ കാര്യത്തിലും ളിഹാറിലും സംഭവിച്ചതുപോലെ. ഇതിനെല്ലാം നബി(സ) ക്കു പള്ളി മതിയായിരുന്നുവെങ്കില്‍ നമുക്കും അതു മതിയാവും. പള്ളിയും നിരോധിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ പ്രബോധനത്തിനുപകരിക്കുന്ന മറ്റു മാധ്യമങ്ങള്‍ ഉപയോഗിക്കാം. പലരും തെറ്റുധരിച്ചതുപോല, ഞാന്‍ ജമാഅതെ ഇസ്‌ലാമിയില്‍ കുഞ്ചികസ്ഥാനം വഹിക്കുകയൊന്നും ചെയ്തിട്ടില്ല. അതൊന്നും ലക്ഷ്യമാക്കിയിട്ടുമില്ല.
എന്തോ കാരണവശാല്‍ അല്ലാഹു അതില്‍നിന്നെല്ലാം എന്നെ കാത്തുരക്ഷിച്ചു എന്നാണു ഞാന്‍ കരുതുന്നത്. അല്ലായിരുന്നെങ്കില്‍ - ഇന്നു ഞാന്‍ അവരെക്കുറിച്ചു പരാമര്‍ശിച്ചതുപോലെ - ഈ ഹാശിം ഹാജിയെക്കുറിച്ച് നിങ്ങള്‍ പരാമര്‍ശിക്കുമായിരുന്നു. എത്ര സൂക്ഷിച്ചാലും ദുഷിച്ച ഒരു വൃത്തത്തില്‍ പെട്ടുപോയാല്‍ അതില്‍നിന്നു ദുഷിപ്പു മാത്രമേ മേല്‍പ്പറ്റുകയുള്ളൂ. അവര്‍ക്കു വേണ്ടി ഒരു പാട് സേവനങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. പിന്നീട് എനിക്കു ബോധ്യപ്പെട്ടു: ഇവയ്ക്ക് പകരം അവര്‍ എന്നോട് ഈ ചെയ്തതൊന്നും ഇവര്‍ക്കു ചെയ്യാന്‍ കഴിയുമായിരുന്നില്ലല്ലോ? അപ്പോള്‍ എന്താണ് ഇവര്‍ക്കു സംഭവിച്ചത് എന്നതായി ചിന്ത. ആദ്യമൊക്കെ എത്ര ആലോചിച്ചിട്ടും ഒന്നും പിടികിട്ടുമായിരുന്നില്ല. പ്രത്യക്ഷത്തില്‍ ഈ ആളുകള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. പിന്നെ എങ്ങനെയാണ് ഇവര്‍ ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നത്?
40 ലക്ഷം ആളുകള്‍ ഹറമില്‍ പോയി ഹജ്ജ് ചെയ്യുന്നു. അവിടെ അതിനു സംഘാടകരോ നേതാക്കളോ ഗുരുസ്വാമിയോ ഉദ്ഘാടകനോ ഉപസംഹാരകനോ മുര്‍ശിദോ അമീറോ ഒന്നുമില്ല. ഓരോ വ്യക്തിയും എല്ലാം ചെയ്യുന്നത് ഒറ്റക്കൊറ്റക്കാണ്. ആരും പ്രേരിപ്പിക്കാനോ ഡയരക്ട് ചെയ്യാനോ ഇല്ല. അത് സ്വാഭാവികമായി രൂപപ്പെടുന്ന ഒരു സമൂഹബോധത്തിന്റെ അടിസ്ഥാനത്തില്‍ നടന്നുപോകുന്നു. പോക്കറ്റടിക്കാരെയും മറ്റും പിടിക്കാനും തിരക്കു നിയന്ത്രിക്കാനും ശുചീകരണത്തിനും കുറച്ചു പോലീസുകാരും വളന്റിയര്‍മാരും ടെന്റ് കച്ചവടക്കാരും ഹോട്ടല്‍ ബിസ്‌നസ്സുകാരും ഉണ്ടെന്നു മാത്രം. അല്ലാഹു അത് അങ്ങനെയാണ് കണക്കാക്കിയത്. അതു മാറ്റാന്‍ കഴിയില്ല.
അല്ലാഹുവിന്റെ റസൂല്‍ നിലാവ് നോക്കാന്‍ പറഞ്ഞു. പകരം കണക്കു നോക്കിയാല്‍ മതി എന്നു പറഞ്ഞില്ല. എല്ലാവര്‍ക്കും കണക്കറിയുമോ? ലോകാവസാനം വരെ പഠിപ്പിച്ചാലും എല്ലാവര്‍ക്കും അതു തിരിഞ്ഞോളണമെന്നില്ല. എന്നാല്‍, ആര്‍ക്കെങ്കിലും നിലാവിനെ മറക്കാന്‍ കഴിയുമോ? ആര്‍ക്കും അതു കാണാനാവും. വെറുതെ തല ഉയര്‍ത്തി പടിഞ്ഞാറോട്ട് നോക്കിയാല്‍ മതി. അത് ആര് എവിടെ കണ്ടാലും നിലാവു തന്നെയാണ്. അത് ബൈഡന്‍ കണ്ടാലും വഌദ്മീര്‍ പുട്ടിന്‍ കണ്ടാലും നിലാവു തന്നെ. കണ്ട വിവരം വൈകി നേരം പുലര്‍ന്ന ശേഷമാണ് അറിഞ്ഞതെങ്കില്‍ നോമ്പു മുറിക്കണം. പെരുന്നാള്‍ സൗകര്യം പോലെ പിറ്റേന്ന് ആഘോഷിച്ചാല്‍ മതി. ഇതിനൊന്നും ഒരു രാജാവോ സംയുക്ത ഖാള്വിയോ നിലാവ് കമ്മിറ്റിയോ അമീര്‍ സാഹിബോ ആവശ്യമില്ല. നേതാവോ നായകനോ ഡയരക്ടറോ ഭരണകൂടമോ ഖിലാഫത്തോ ഇമാമത്തോ ഇല്ലാതെ ഹജ്ജ് നടക്കുന്നതുപോലെ ഇതും നടക്കും. 1400 കൊല്ലം സംഘടനകളൊന്നുമില്ലാതെ നിലനിന്ന ദീന്‍ ഇനിമുതല്‍ സംഘടനകളുണ്ടായാലേ നിലനില്‍ക്കൂ എന്നു വാദിക്കുന്നതില്‍ യുക്തിയില്ല.
പ്രബോധനം ഉള്ളില്‍നിന്നു വരേണ്ട ഒരു കാര്യമാണ്. അതൊരു പ്രകടനമല്ല, സാക്ഷാല്‍ ജീവിതമാണ്. നിങ്ങള്‍ പറയാനാഗ്രഹിക്കുന്ന കാര്യം നിങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വിജയിച്ചതായിരിക്കണം. സ്വജീവിതംകൊണ്ട് അതു സുതരാം തെളിയുന്നതും തെളിയിച്ചതുമായിരിക്കണം. അത് നിങ്ങളിലുണ്ടാക്കിയ അതിശയകരമായ പരിവര്‍ത്തനം മറ്റുള്ളവര്‍ക്കുകൂടി ഉണ്ടായാല്‍ കൊള്ളാമെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രബോധനം. അപ്പോള്‍ നിങ്ങള്‍ പ്രത്യക്ഷത്തില്‍ പ്രബോധനം ചെയ്തില്ലെങ്കിലും നിങ്ങളൊരു പ്രബോധകനാവും. ചില മനുഷ്യരെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിക്കാന്‍ മറ്റുള്ളവര്‍ കാണിക്കുന്ന വെമ്പലില്ലേ, ആ വെമ്പലുണ്ടാക്കാന്‍ കഴിയുന്നവനാവണം പ്രബോധകന്‍. ഖുര്‍ആനില്‍ പറഞ്ഞ ഒലിവെണ്ണയുടെ ഉദാഹരണം പോലെ. തീ തട്ടാതെ തന്നെ അതു പ്രകാശിക്കുമാറാകും. അപ്പോഴേ അതു പ്രബോധനമാകുകയുള്ളൂ. അല്ലെങ്കില്‍ പാര്‍ട്ടി ഇറക്കുന്ന അനേകം വാറോലകളില്‍ ഒരു വാറോലയുടെ പേരുമാത്രമായിരിക്കും അത്.
? പാര്‍ട്ടിക്ക് ഒരു സ്ഥിരം പ്രബോധക സംഘമുണ്ടല്ലോ?
പ്രബോധനം ശമ്പളത്തിനു വെച്ചവര്‍ നടത്തേണ്ട കൂലിവേലയല്ല. സംഘടനാമേധാവികള്‍ പ്രബോധനം കൂലിവേലക്കാരെ നിശ്ചയിച്ചു നടത്താനാണ് ഇഷ്ടപ്പെട്ടത്. ചിലപ്പോള്‍ അതു തടികേടാവുന്ന പണിയാവും. ചിലപ്പോള്‍ ജയിലില്‍ പോകേണ്ടിയും വരും. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും മോശമായ പണിയാണല്ലോ നാം സാധാരണ കൂലിവേലക്കാരെ ഏല്‍പിക്കുക. ഇവിടെ അമീറും ഇമാറത്തുമൊക്കെ വരേണ്യവിഭാഗമായ പുരോഹിതന്മാരും മുതലാളിമാരും ഉള്‍പെട്ട അശ്‌റഫികള്‍ക്കാണ്. ദഅ്‌വത്തും ഇഖാമതുദ്ദീനും നടത്തേണ്ട ചുമതല അര്‍സലുകള്‍ക്കും അജ്‌ലബുകള്‍ക്കും സംവരണം ചെയ്തിരിക്കയാണ്. മറ്റൈാരു ജോലിയും കിട്ടാത്തവരും മറ്റൊരു ജോലിക്കും പറ്റാത്തവരുമാണ് ഇപ്പോള്‍ പ്രബോധകരായി രംഗത്തുള്ളത്. ഇതൊക്കെ പ്രബോധന പ്രക്രിയയെ മാത്രമല്ല, ഇസ്‌ലാമിനെത്തന്നെ അവഹേളിക്കുന്നതിലാണ് കലാശിക്കുക.
എനിക്കും അവ്യക്തമായ ഒരു കാര്യമാണത്. സൗകര്യപ്പെടുമ്പോള്‍ ഇത് അവരോടു തന്നെ ചോദിച്ചുനോക്കുക.
പറഞ്ഞല്ലോ, അത് അവരോടാണ് ചോദിക്കേണ്ടത്. ഈ വിഷയത്തിലുള്ള എന്റെ നിഷേധാത്മകമായ മറുപടികൊണ്ട് നിങ്ങള്‍ക്കെന്താണ് പ്രയോജനം.
ഒരു കണക്കില്‍ വ്യക്തികള്‍ക്കേ ഇതൊക്കെ കഴിയൂ. കഴിവുള്ള വ്യക്തികള്‍ക്കു സംഘടനയൊന്നും ആവശ്യമില്ല. അതിനുള്ള മികച്ച ഉദാഹരണമാണ് അന്തരിച്ച മര്‍ഹൂം രിയാലു സാഹിബ്. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ കൈയിലൂടെ ഇസ്‌ലാമിലേക്കു വന്നത്. ഒരു പാര്‍ട്ടിയും അദ്ദേഹത്തെ പിന്തുണക്കാനുണ്ടായിരുന്നില്ല. എന്നാല്‍ പാരവെക്കാന്‍ എമ്പാടും ഈ പാര്‍ട്ടിയുണ്ടായിരുന്നു.
ഖുര്‍ആനു മാത്രമേ ആളുകളെ ഇസ്‌ലാമിലേക്കു കൊണ്ടുവരാന്‍ കഴിയൂ. ശേഷക്കാരുടെ കിതാബുകള്‍ക്കു കഴിയില്ല. അതുകൊണ്ടല്ലേ മുഹമ്മദ് അസദ് ഇസ്‌ലാം സ്വീകരിക്കാന്‍ എട്ടുകൊല്ലമെടുത്തത്. പഠിച്ചുബോധ്യമായിട്ടു മാറിയാല്‍ മതി എന്നാണ് അദ്ദേഹത്തെപ്പോലുള്ളവര്‍ തീരുമാനിച്ചത്. തീഷ്ണമായ ആ സപര്യയാണ് മക്കയിലേക്കുള്ള പാതയും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും.
ഖുര്‍ആനു പകരം ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര ബോധവും മധ്യകാല ശാസ്ത്രസംഭാവനകളും പറഞ്ഞുകൊടുത്താല്‍ അവര്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ തഞ്ചാവൂര്‍ പൊട്ടന്മാരെപ്പോലെ തലയാട്ടി സമ്മതിച്ചെന്നുതരും. ഒന്നും മനസ്സിലുണ്ടാവില്ല. ഭൂമിയുടെ കറക്കം കൊണ്ടുള്ള വെറും ആട്ടം മാത്രമായിരിക്കും അവരുടെ തലയാട്ടം. ഇങ്ങനെയൊന്നും ആരും ഒരു കാലത്തും ഇസ്‌ലാമിലേക്കു വരില്ല.
ചിലര്‍ ഭൂപടമെടുത്ത് ഇനിയും സഞ്ചരിച്ചിട്ടില്ലാത്ത രാജ്യങ്ങളേതെന്നു നോക്കി നൈജീരിയയിലേക്കും മറ്റുമൊക്കെ സീസണും കാലാവസ്ഥയും ചൂടും തണുപ്പുമൊക്കെ അളന്നു നോക്കി ടൂര്‍ ജമാഅത്ത് പോവാറുണ്ട്. അവര്‍ക്ക് ഇവര്‍ പറയുന്ന വല്ലതും അറിയുമോ? അവര്‍ പറയുന്ന വല്ലതും ഇവര്‍ക്കു തിരിയുമോ? അമാനത്ത് ചാവക്കാട് പോയപോലെ അടുത്ത വണ്ടിക്ക് അവര്‍ തിരിച്ചെത്തുകയും ചെയ്യും. ആരും എങ്ങോട്ടും മാറിയിട്ടുണ്ടാവില്ല.
സുറതുത്വാഹാ ഓതുന്നതു കേട്ടാണ് ഉമര്‍ ഇസ്‌ലാമിലേക്കു വന്നത്. ആരും അദ്ദേഹത്തെ ഇസ് ലാമിലേക്കു വിളിച്ചതല്ല - ഖാലിസ്വായ ദഅ്‌വത്ത് - അതിന്റെ പിറകില്‍ അല്ലാഹുവുണ്ട്.
അല്ലാഹുവിന്റെ ദീനിന് ഒരു കറാമത്തുണ്ട്. അത് ഈ ബിദ്ഇകള്‍ക്കു കിട്ടില്ല. അല്ലാഹുവും റസൂലും പറഞ്ഞതല്ലാത്തതു പറയുന്നവര്‍ക്കൊന്നും ഇതു കിട്ടില്ല.
കൂട്ടിലടക്കപ്പെട്ട തത്തയും കൂടുവിട്ട് സ്വതന്ത്രനായ തത്തയും തമ്മിലുള്ള വ്യത്യാസം. കൂപമണ്ഡുകവും ആകാശത്തു പറക്കും പതങ്കവും തമ്മിലുള്ള വ്യത്യാസം. തവളക്ക് കിണറാണ് ലോകം. പരുന്തിനോ ലോകം വളരെ വിശ്വാലവും എത്ര പറന്നാലും തീരാത്തതുമാണ്. സംഘടനകളില്‍നിന്നു പുറത്തുവന്നാലേ നിങ്ങള്‍ക്ക് ഇസ്‌ലാമിന്റെ വിശാലമായ ചക്രവാളവും സാധ്യതയും സൗന്ദര്യവും മനസ്സിലാവൂ.
ഈ രണ്ടു സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, അവരുടെ സര്‍പറസ്തിക്ക് ഒരിക്കലും ഹാശിം ഹാജി വഴങ്ങിയിട്ടില്ല. ആദ്യത്തെത് ഒരു പ്രബോധക സംഘമാണെന്നു കരുതി അവരെപ്പോലുള്ളവരെ കുടിയിരുത്താന്‍ വേണ്ടി സ്ഥാപിച്ചതു തന്നെയായിരുന്നു. അതിന്റെ ചരിത്രപശ്ചാത്തലം മുകളില്‍ പറഞ്ഞുകഴിഞ്ഞു. അവര്‍ ഒരു പ്രബോധകസംഘമല്ല, വിമതസ്വഭാവമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമാണെന്ന വസ്തുത എനിക്കു തിരിയാതെ പോയത് പ്രോജക്ടിന്റെ പരാജയമല്ല, പ്രബോധനം നടത്താനെന്ന പേരില്‍ അത് പിടിച്ചടക്കിയവരുടെ പരാജയമായിരുന്നു എന്നതാണ് വസ്തുത. അവര്‍ അവിടെ പ്രബോധനമല്ലാത്തതെല്ലാം നടത്താന്‍ അതു ദുരുപയോഗം ചെയ്യുന്നു എന്നതില്‍ ഖേദവുമുണ്ട്. രണ്ടാമത്തെത് സംഘടനാ ഭേദമന്യേ എല്ലാ മുസ്‌ലിംകള്‍ക്കും നമസ്‌കരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സാധാരണ മുസ്‌ലിം പള്ളിയാണ്. രണ്ടും ആ അര്‍ത്ഥത്തില്‍ വിജയകരമായിരുന്നു.
ഞാന്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചത് ഇസ്‌ലാമിക പ്രബോധനത്തിനൊരു കേന്ദ്രമെന്ന നിലക്കാണ്. ആ ലക്ഷ്യം നിറവേറിയില്ല എന്നതു മറ്റൊരര്‍ത്ഥത്തില്‍ പരാജയം തന്നെ. അതൊന്നും നടക്കില്ലെന്നു പള്ളുരുത്തി ഹാജി മുമ്പേ സൂചിപ്പിച്ചിരുന്നു. ജമാഅതെ ഇസ്‌ലാമിയാണ് ആ ലക്ഷ്യം പരാജയപ്പെടുത്തിയത്. അവരത് മറ്റെന്തോ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിച്ചതും ഇപ്പോഴും ഉപയോഗിക്കുന്നതും. തിരിച്ചുപിടിക്കാനാവാത്ത വിധം അവരത് പിടിച്ചെടുത്തു ദുരുപയോഗം ചെയ്തു കഴിഞ്ഞു. ആ വിഷയത്തിലൊന്നും ഇപ്പോള്‍ എനിക്കൊരു താല്‍പര്യവുമില്ല. മദീന മസ്ജിദും അവര്‍ അതുപോലെ പിടിച്ചെടുക്കാന്‍ ശ്രമിച്ചുനോക്കിയതാണ്. അത് അല്ലാഹുവിന്റെ പള്ളിയായതിനാല്‍ അവരുടെ ലക്ഷ്യം നിറവേറിയില്ല എന്നു മാത്രം.
ഗവണ്‍മെന്റ് പിഎഫ്‌ഐയെ ചെയ്തതുപോലെ പാര്‍ട്ടിയെ കണ്ടുകെട്ടുകയാണെങ്കില്‍ സെന്ററും പിടിച്ചെടുക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഇപ്പോഴും എപ്പോഴുമെന്റെ പ്രാര്‍ത്ഥന. പക്ഷേ, അവര്‍ നന്നാവാന്‍ കൂട്ടാക്കിയില്ലെങ്കില്‍ എന്തു ചെയ്യും? മദീനാ മസ്ജിദ് ഏതൊരു പള്ളിയും പോലെ ലോകാവസാനം വരെ, അല്ലെങ്കില്‍ ഇവിടത്തെ അവസാനത്തെ മുസ്‌ലിമും മരിച്ചുവീഴുന്നതുവരെ നിലനില്‍ക്കും - ഇന്‍ശാഅ അല്ലാഹ്.
സമ്മിശ്രമായ വികാരങ്ങളുളവാക്കുന്ന ഒരു ചോദ്യമാണ് താങ്കള്‍ ചോദിച്ചത്. താങ്കളുടെ ചോദ്യത്തില്‍ പ്രകോപനവും പ്രലോഭനവുമുണ്ട്. ഇതിന് എങ്ങനെ മറുപടി പറയണമെന്ന് അല്ലാഹുവിന്റെ പരമവിനീതനായ ഈ ദാസന് അറിയില്ല.
സംഘടനാ രഹസ്യങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. അത്തരം അവസരങ്ങളും സാഹചര്യങ്ങളുമുണ്ടായിട്ടുപോലും ഞാന്‍ അതു ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. പിന്നെ അവരുടെ സംഘടനാരഹസ്യങ്ങളൊന്നും എനിക്കറിയില്ല. അത്രക്കൊന്നും ഞാന്‍ അതിലുണ്ടായിരുന്നില്ലല്ലോ.
നിങ്ങള്‍ ആരോപിച്ച ഈ കുറ്റം സംഘടന എന്നോടു ചെയ്തിട്ടുണ്ട്. അവര്‍ ഇ.ഡി.ക്കും മറ്റും എഴുതിയ കത്തുപോലും ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ സിസ്റ്റം മതസംഘടനകളോളം കറപ്റ്റഡ് അല്ലാത്തതിനാലാണ് ഹാശിം ഹാജി ഇന്നു ജീവിച്ചിരിക്കുന്നത്. ഒരിക്കല്‍ക്കൂടി വ്യക്തമാക്കട്ടെ, ഞാന്‍ സംഘടനയിലുള്ള ആളോ ഉണ്ടായിരുന്ന ആളോ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു നടക്കുന്നയാളോ അത് ഏതെങ്കിലും ഏജന്‍സികള്‍ക്കോ ശക്തികള്‍ക്കോ വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നടക്കുന്ന ആളോ അല്ല.
പിന്നെ, വ്യക്തികളുടെ ദൗര്‍ബല്യങ്ങള്‍ പറയാമായിരുന്നെങ്കില്‍ ഒരുപാട് പറയാനുണ്ട്. അതൊന്നും എന്റെ സംസ്‌കാരത്തില്‍ പെട്ടതല്ലാത്തതിനാല്‍ ഞാന്‍ അതു ചെയ്യില്ല. ഞാന്‍ ആകെ ചെയ്തത് അവര്‍ പ്രബോധനത്തിലൂടെയും മാധ്യമത്തിലൂടെയും പാര്‍ട്ടി സര്‍ക്കുലറുകളിലൂടെയും തൊടുത്തു വിട്ട ചില ആരോപണങ്ങള്‍ക്കു മറുപടി പറയുക മാത്രമാണ്. അതില്‍ ചില വ്യക്തികളുടെ പേര് വന്നത് അവരതില്‍ കുറ്റകരമായ രീതിയില്‍ ഉള്‍പ്പെട്ടതു കൊണ്ടുമാത്രമാണ്. വ്യക്തിപരമായി എന്നെ ഒറ്റപ്പെടുത്തി സംഘടനാ തലത്തില്‍ അവരഴിച്ചുവിട്ട ദുഷ്പ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യാനീക്കങ്ങള്‍ക്കും മറുപടി പറയുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇക്കാര്യത്തില്‍ എന്റെ മിനിമം അവകാശം പോലും ഞാന്‍ വിനിയോഗിച്ചിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ട്. അല്ലാതെ അവരുടെയാരുടെയും കുറ്റപത്രം തയ്യാറാക്കുകയോ അതു സമര്‍പ്പിക്കുകയോ എന്റെ ജോലിയല്ല. അതെല്ലാം അല്ലാഹു ചെയ്യുന്നുണ്ട്.
അവര്‍ എന്നെ ഒറ്റുകൊടുത്തതിനെപ്പറ്റി താങ്കള്‍ സൂചിപ്പിച്ചുവല്ലോ. അവര്‍ അതു ചെയ്തിട്ടുണ്ടെന്ന് തെളിവുസഹിതം ഉദ്യോഗസ്ഥര്‍ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതൊന്നും ഈ വൈകിയ വേളയില്‍, ആയുസ്സിന്റെ ഈ സായന്തനത്തില്‍ വിഷയമാക്കുന്നില്ല. മനുഷ്യരല്ലേ, ബോധപൂര്‍വ്വമായിരിക്കില്ല. ഇബ്‌ലീസിന്റെ കെണിയില്‍ പെട്ടും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ കുടുങ്ങിയും ചിലപ്പോള്‍ ഭരണകൂടത്തിന്റെ മുന്നില്‍ നല്ല പിള്ള ചമയാനും ചെയ്തതായിരിക്കാം. എന്തായാലും അല്ലാഹു എല്ലാവര്‍ക്കും പൊറുത്തുകൊടുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാനേ ഇപ്പോള്‍ എനിക്കു കഴിയൂ.
വിരുദ്ധോക്തിയുള്ള ഈ ചോദ്യത്തിനുള്ള മറുപടി ചോദ്യത്തില്‍ തന്നെയുള്ളതിനാല്‍ ഞാന്‍ പ്രത്യേകിച്ചു മറുപടി പറയേണ്ടതില്ല. ഒരിക്കല്‍ മാപ്പെഴുതിക്കൊടുത്തു ജയില്‍ ചാടിയവര്‍ക്കു രണ്ടാമതൊരവസരം കിട്ടിയെന്നു വരില്ല എന്ന് അവര്‍ക്കറിയാം. മടിയില്‍ വളരെയേറെ കനമുണ്ട്. അതിനാല്‍ വഴിനീളേ പേടി കാണും. ഇതാണ് ഇപ്പോള്‍ എല്ലാ മതപ്പാര്‍ട്ടികളുടെയും അവസ്ഥ. പാപത്തിന്റെ ചുമടുകള്‍ തൗബയുടെ അത്താണിയില്‍ ഇറക്കിവെക്കാം. എന്നാല്‍ പണാപഹരണത്തിന്റെയും അന്യരുടെ അവകാശങ്ങള്‍ അപഹരിച്ചതിന്റെയും ചുമടുകള്‍ ഏത് അത്താണിയിലാണ് ഇറക്കിവെക്കാന്‍ കഴിയുക. അപഹരിച്ച ധനം തിരികെ നല്‍കിയാലല്ലാതെ ഒരു തൗബയും സ്വീകാര്യമല്ല. ഇതു മൊത്തത്തില്‍ എല്ലാ സംഘടനകളെക്കുറിച്ചും പറഞ്ഞതാണ്.
ജമാഅത്തെ ഇസ്‌ലാമി എന്നെക്കുറിച്ചു പറഞ്ഞ ചില ആക്ഷേപങ്ങളെക്കുറിച്ച് പലരും എന്നോടു സൂചിപ്പിച്ചിരുന്നു. 5 ലക്ഷം രൂപയുടെ ഒരു ചെക്ക് ജമാഅത് ഓഫീസില്‍നിന്നു തന്നിട്ട് അതു തിരിമറി ചെയ്തുവെന്നും മദീനാ മസ്ജിദിനു സംഘടന പിരിച്ചുനല്‍കിയ പണം കൊണ്ട് പ്ലാസ്റ്റിക് കച്ചവടം ചെയ്തു എന്നും മറ്റുമൊക്കെ ആയിരുന്നു ആരോപണം. പിണറായി വിജയനെതിരേ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരോപിച്ച ആരോപണം പോലെയാണത്. ബിരിയാണിച്ചെമ്പില്‍ മുകളില്‍ ബിരിയാണിയിട്ടു മൂടി ഗള്‍ഫില്‍ നിന്നു സ്വര്‍ണം കൊണ്ടുവന്നു എന്ന് ഒരു വനിത ആരോപിക്കുകയുണ്ടായല്ലോ. ആരെങ്കിലും അതു വിശ്വസിച്ചോ? ആരോപണമുന്നയിച്ച കക്ഷികളുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ നമുക്കു മനസ്സിലാവും അതിലെത്ര കഴമ്പുണ്ടെന്ന്.
ആ വിഷയത്തില്‍ എനിക്കു പറയാനുള്ളത് ഇതാണ്: നമ്മുടെ ചില പാര്‍ട്ടിക്കാര്‍ ചിലരുടെ ചില പ്രസ്താവനകള്‍ പ്രമാണങ്ങളായി സ്വീകരിക്കാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഏറ്റവും ആധികാരികമായ വേദഗ്രന്ഥം പ്രബോധനം വാരികയാണ്. ഖുര്‍ആന്‍ പോലും അവര്‍ക്കു സെക്കന്ററിയാണ്. അതിലുള്ള ആയത്തുകളും ഹദീസുകളും അവര്‍ വ്യാഖ്യാനിച്ച രീതിയിലുള്ളതാണെങ്കില്‍ അതുമാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ആപ്ത വാക്യങ്ങള്‍. (എല്ലാ മതസംഘടനകളും അപ്രകാരം തന്നെ) അതുകൊണ്ട്, അതിലാണ് ഇസ്‌ലാമിക് സെന്ററുണ്ടാക്കിയതിന്റെ ചരിത്രം വന്നത്. അത് എഴുതിയവര്‍ ആധികാരികത തോന്നിപ്പിക്കുന്നതിനാവാം ഒരു "ബാരിസ്റ്റര്‍ മുഹമ്മദലി ജിന്ന"യുടെ ഫോട്ടോയും കൊടുത്തിരുന്നു. ആളുകള്‍ ചിരിച്ചുപോകില്ലേ ഈ വങ്കത്തമെല്ലാം കേട്ട്. പക്ഷേ, പാര്‍ട്ടിക്കാര്യമായതുകൊണ്ട് ആരും ചിരി പുറത്തുകാണിക്കില്ല. ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ മാതൃകയില്ലേ, അത് അനുവര്‍ത്തിച്ചാല്‍ പോരായിരുന്നോ?
നൂറ്റാണ്ടുകള്‍ക്കു മുമ്പ് സയ്യിദ് മൗദൂദിയുടെ കുടുംബം ഹിജാസില്‍ പായ്ക്കപ്പലില്‍ വരികയും കൊച്ചിക്കായലില്‍ പായ്കപ്പല്‍ തകരുകയും അവര്‍ നീന്തി രക്ഷപ്പെട്ട് പുല്ല്യേപ്പടിയില്‍ വന്നു താമസമാക്കുകയും അവിടെ ഒരു പള്ളിയും സെന്ററും പണിയുകയും തൊണ്ണൂറുകളില്‍ വെള്ളപ്പൊക്കത്തില്‍ അതു മുങ്ങിപ്പോവുകയും തായിക്കാട്ടുകരയിലെ സഖാവ് മമ്മിക്ക അതു വീണ്ടെടുക്കുകയും ചെയ്തുവെന്ന്.
അങ്ങനെയല്ലെങ്കില്‍ സംഭവം ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്: ടി.കെ അബ്ദുല്ല ഇസ്‌ലാമിക് സെന്ററിന്റെ കാര്യത്തില്‍ ഒരു വാക്കു തന്നിരുന്നു: മൊയ്തുമൗലവിയടക്കം കുറച്ചുപേര്‍ ഗള്‍ഫ് നാടുകളിലേക്ക് പിരിവിനു പോകുന്നുണ്ട്. അവരുടെ അടുത്ത് ഇസ്‌ലാമിക് സന്റെര്‍ പണിയുന്നതിനെക്കുറിച്ചുള്ള ബ്രോഷറും റസീറ്റ് ബുക്കും കൊടുത്തയച്ചാല്‍ അവര്‍ പിരിച്ചു കാശെത്തിച്ചു തരും. അങ്ങനെ ഒരു 2.5 ലക്ഷം രൂപ കെ.എം. രിയാലു സാഹിബ് എനിക്കെത്തിച്ചു തരികയും അതില്‍ ഒരു ലക്ഷം രൂപ വെള്ളിമാട് കുന്നിലേക്ക് ഒരു മാസത്തെ അവധിക്ക് കടമായി വാങ്ങിച്ചുകൊണ്ടുപോവുകയും ചെയ്തു. ബാക്കിയുള്ളതാണ് ഇസ്‌ലാമിക് സെന്റര്‍ പണിയാനുപയോഗിച്ചത്. ഒരു ലക്ഷം രൂപ അത് ചെക്കായിട്ടാണ് കൊടുത്തത്. അതിപ്പോഴും അവരുടെ അക്കൗണ്ടില്‍ ഇസ്‌ലാമിക് സെന്ററിനു തിരിച്ചുകൊടുക്കേണ്ട കടമായി കിടക്കുന്നുണ്ട്. പിന്നീട്, മറ്റൊരാവശ്യത്തിനു ഖത്തറില്‍ പോയപ്പോള്‍ ഇസ്‌ലാമിക് സെന്റര്‍ പണിയുന്നതിലേക്കുള്ള 5 ലക്ഷത്തിന്റെ ചെക്ക് വെള്ളിമാടുകുന്നിലേക്കു കൊടുത്തയച്ച ആള്‍ എന്നോട് അതിനെക്കുറിച്ചു ചോദിച്ചു. ഞാന്‍ പറഞ്ഞു: അതു കിട്ടിയിട്ടില്ല. എങ്കില്‍ അതു സാരമാക്കേണ്ട, നമുക്കു മാനേജ് ചെയ്യാമെന്നു പറഞ്ഞു. ശേഷം അതിനെപ്പറ്റി ചോദ്യോത്തരമൊന്നും ഉണ്ടായില്ല. 5 ലക്ഷം രൂപയുടെ ചെക്ക് അമീര്‍ കൊടുത്തയച്ചതുകൊണ്ടാണ് സെന്റര്‍ പണിതത് എന്നൊക്കെ പറഞ്ഞപ്പോള്‍ അവര്‍ ചിന്തിക്കേണ്ടേ. അപ്പോള്‍ പ്രബോധനത്തില്‍ അടിച്ചുവിട്ട ഹിമാലയന്‍ "സത്യ"മോ? ആലുവ ടി.കെ. പിരിച്ചെടുത്ത 10 ലക്ഷം രൂപയുടെ പ്രബോധനം വാരികയിലെ കഥ അക്കൗണ്ടിന്റെ ഏതു കള്ളിയിലാണ് എഴുതിച്ചേര്‍ക്കുക? കളവു പറയുമ്പോള്‍ വല്ല സത്യവുമുണ്ടാവാമെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ കളവു പറയേണ്ടേ? ചെക്ക് വന്നാല്‍ അത് ബാങ്കിലല്ലേ മാറാന്‍ പറ്റൂ. അങ്ങനെയെങ്കില്‍ അത് ഇപ്പോഴും വസ്തുതാപരമായി തെളിയിക്കാന്‍ പറ്റുമല്ലോ. അവരുടെ പത്ര-മാധ്യമങ്ങളും ചാനലുകളും മറ്റു സ്വാധീനങ്ങളും ഉപയോഗിച്ച് അവരതു തെളിയിക്കട്ടെ. ഇവറ്റകള്‍ക്ക് ചെക്ക് - ഡിഡി - ബാങ്ക് എന്നൊന്നും പറഞ്ഞാല്‍ അക്കാലത്ത് അറിയില്ലായിരുന്നു. അവര്‍ക്ക് ആകെ അറിയുക ഹുണ്ടികപ്പണം അയക്കാന്‍ മാത്രമായിരുന്നു. ഇപ്പോഴൊക്കെ അവരും ഇതൊക്കെ നന്നായി പഠിച്ചുപോയിട്ടുണ്ട്.
കളവു വിശ്വസനീയമായി തോന്നുന്ന വിധത്തില്‍ പറയണമെങ്കിലും അതേക്കുറിച്ചൊക്കെ വല്ല വിവരവും വേണ്ടേ? ചെക്ക് കാണുകയും അതു കൈകാര്യം ചെയ്ത പരിചയവും വേണ്ടേ ജീവിതത്തില്‍? സ്റ്റുഡിയോയില്‍ കയറി പത്തുരൂപ കൊടുത്തു വാടകയ്ക്കു വാങ്ങിയ കോട്ടിട്ട് ഫോട്ടോ എടുത്തു പത്രത്തില്‍ നുണയെഴുതിയാല്‍ മതിയോ? ഞാന്‍ ഇവരെയൊക്കെ കാണുന്നതിനു മുമ്പുതന്നെ ഇതൊക്കെ പരിചയപ്പെട്ടതുകൊണ്ടു മാത്രമാണ് ഇതെല്ലാം ആധികാരികമായി പറയുന്നത്. അല്ലെങ്കില്‍ എനിക്കും പറയാന്‍ കഴിയുമായിരുന്നില്ല. എന്റെ ഉമ്മയോട് ചെക്ക്, ബാങ്ക് എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് വല്ലതും മനസ്സിലാവുമോ? ഒന്നും മനസ്സിലാവില്ല. അങ്ങനെ കോടിക്കണക്കിന് ആളുകളില്ലേ നമ്മുടെ സമൂഹത്തില്‍? ഇപ്പോള്‍ എല്ലാ മീന്‍കച്ചവടക്കാരും ഗള്‍ഫില്‍പോയിട്ട് അറബിയെപ്പറ്റിച്ച് കാശുകൊണ്ടുവന്നു ശീലിച്ചതുകൊണ്ട് ചെക്ക്, ഡി.ഡി, കുഴല്‍പ്പണം എന്നൊക്കെ പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. 50 കൊല്ലം മുമ്പ് ആര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു.
ഏതായാലും അക്കാലത്തെ ആരും അത്തരം ആരോപണങ്ങളൊന്നും അവര്‍ മരിക്കുന്നതുവരെ ഉന്നയിച്ചിട്ടില്ല. ഇപ്പോഴത്തെ കുഞ്ഞയ്യപ്പന്മാരുടെ കാലം വന്നപ്പോഴാണ് ഈ ആരോപണങ്ങളൊക്കെ ഉയര്‍ന്നുവന്നത്. 1979ല്‍ ഇറാന്‍ വിപ്ലവം കഴിഞ്ഞതിനുശേഷമാണ് അവര്‍ക്ക് അറബ് നാടുമായി ബന്ധമുണ്ടായതും ഗള്‍ഫ് പണം അണമുറിയാതെ ഇവിടെ എത്തിത്തുടങ്ങിയതും. അബുല്‍ ജലാല്‍ മൗലവിയും ശരീഫ് മൗലവിയുമായിരുന്നു ഗള്‍ഫ് പണപ്പിരിവിന്റെ തുടക്കക്കാര്‍. മുപ്പതും നാല്‍പ്പതും ശതമാനമായിരുന്നു അവരുടെ കമ്മീഷന്‍. കാരണം, ചെലവെല്ലാം അവര്‍ സ്വന്തം പോക്കറ്റില്‍നിന്ന് എടുത്തോളണം. സംഘടന ബ്രോഷറും റസീറ്റ് ബുക്കും ഒപ്പും സീലും വെച്ച ലെറ്റര്‍ ഹെഡ്ഡും നല്‍കും. അതിനു മുമ്പ് മുജാഹിദ് പ്രസ്ഥാനത്തിനു മാത്രമാണ് പെട്രോഡോളര്‍ ഗണ്യമായ തോതില്‍ കിട്ടിയിരുന്നത്. ഇപ്പോഴും അതു മുടങ്ങാതെ കിട്ടുന്നതും അവര്‍ക്കു മാത്രമാണ്.
പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത ഏക പാര്‍ട്ടി ജമാഅതെ ഇസ്‌ലാമിയാണെന്ന ആരോപണം ശരിയല്ല. വലിയ വലിയ മുതലാളിമാര്‍ ചെയ്തതുപോലെ ഒട്ടുമിക്ക പാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റയ്ക്കു പോയി ആയുസ്സ് നീട്ടിവാങ്ങാന്‍ ശ്രമിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ശക്തികള്‍ അതുകണ്ട് ഊറിയൂറി ചിരിച്ചിട്ടുമുണ്ടാകും. ആയിരം കൊല്ലം ഇന്ത്യ ഭരിച്ച ധീര-വീര സമുദായത്തിന്റെ ഈ പിന്തലമുറയുടെ പരിഹാസ്യമായ പതനം കണ്ട് അവര്‍ മൂക്കത്തു വിരല്‍ വെച്ചിട്ടുമുണ്ടാവും.
ഒരു പ്രമുഖ സംഘടനയെ അടിച്ചമര്‍ത്താന്‍ അവര്‍ അഭിപ്രായമാരാഞ്ഞു വന്നിരുന്നു. (അവരുടെ പ്രവര്‍ത്തനരീതികളില്‍ പലതിനോടും നമുക്കും യോജിപ്പില്ല) ഇവരുടെയെല്ലാം പത്രങ്ങളിലൂടെയും സര്‍ക്കുലറുകളിലൂടെയും ഇവര്‍ അതിനു തൊട്ടുമുമ്പു നടത്തിയ ആസൂത്രിതമായ ചില പ്രചാരണവേലകള്‍ ഇതിന്റെയൊക്കെ ആവിഷ്‌കാരങ്ങളായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. മീര്‍ഖാസിമുമാരും മീര്‍ജാഫര്‍മാരും എക്കാലത്തുമുണ്ടാവും. പക്ഷേ, ഇക്കാലത്ത് അവര്‍ വളരെ കൂടുതലായിപ്പോയി. ഞാന്‍ ആരുടെയും വക്കാലത്ത് ഏറ്റെടുത്തിട്ടില്ല. ആരെയും ന്യായീകരിക്കാന്‍ ബാധ്യസ്ഥനുമല്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ. അല്ലാത്തവരെ അല്ലാഹു കാത്തുരക്ഷിക്കട്ടെ എന്നാണ് സദാ എന്റെ പ്രാര്‍ത്ഥന.
ഒരേതൂവല്‍ പക്ഷികള്‍ ഒരുമിച്ചു ചേക്കേറുക സ്വാഭാവികമാണല്ലോ. ചേരുംപടി തന്നെയാണ് ഇവിടെ ചേര്‍ന്നിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ല. പറയാനും കഴിയില്ല.
ഹിന്ദുക്കള്‍ക്ക് "കര്‍മ്മ" എന്നൊരു സിദ്ധാന്തമുണ്ട്. നിങ്ങള്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം മിക്കവാറും ഈ ജന്മത്തില്‍ തന്നെ നിങ്ങള്‍ അനുഭവിക്കും എന്നൊക്കെയാണ് അവരതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബിജെപിയുമായി കൂട്ടുകൂടി അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതിലൊന്നും ഒരു ഉളുപ്പുമില്ലാത്ത വര്‍ഗബോധമാണ് അവര്‍ക്കുള്ളത്. അതായത്, എല്ലാ മുസ്ലിം മതപ്പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ സൗകര്യാധിഷ്ടിത നിലപാടാണുള്ളത്. മേല്‍സൂചിത ചര്‍ച്ചയെക്കുറിച്ചു പള്ളി മിന്‍ബറില്‍ കയറി ഖൂര്‍ആനോതി ന്യായീകരിക്കുന്നതായി ഞാനും കേട്ടിട്ടണ്ട്. അതില്‍ ആശ്ചര്യമൊന്നും തോന്നുന്നില്ല.
ഇതിനു മുമ്പ് ഇടതുപക്ഷത്തോടു കൂടിയത് ഇവര്‍ ന്യായീകരിച്ചില്ലേ? അതിനു ശേഷം വലതുപക്ഷത്തോടു കൂട്ടുകൂടിയതും ന്യായീകരിക്കുന്നില്ലേ? ഓരോ അഞ്ചുവര്‍ഷവും നടക്കുന്ന ഈ നിലപാട് മാറ്റം ഏത് ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ്?
"ലസ്തും അലാ ശൈഇന്‍..." ഇവര്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല. തെറ്റായാലും ശരിയായാലും പാറപോലെ വോട്ടുബാങ്കായി സമുദായത്തെ വിറ്റു നക്കാപ്പിച്ച വാങ്ങിത്തിന്നുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫീഡിങ് ബോട്ടിലുകളെക്കുറിച്ചും ഇത്രതന്നെ പുച്ഛത്തോടു മാത്രമേ പ്രതികരിക്കാന്‍ കഴിയൂ.
കള്ളന്മാരുടെ കൂട്ടത്തില്‍ ഏറ്റവും നല്ല കള്ളന്‍ ഏറ്റവും വേഗത്തില്‍ കൂടുതല്‍ കളവു നടത്തി കളവുമുതലുമായി രക്ഷപ്പെടുന്ന സമര്‍ത്ഥനായ കള്ളനാണ്. ആ കള്ളനായിരിക്കും കള്ളന്മാരുടെ ആരാധനാ പാത്രം. ഇതൊരു മാപിനിയായെടുത്ത് ഓരോ സംഘടനയെയും സ്വയം അളന്നു നോക്കി തീരുമാനമെടുക്കുക അനുയായികളുടെ തന്നെ കടമയാണ്.
താങ്കളുടെ ചോദ്യത്തില്‍ തന്നെ അവര്‍ക്കുവേണ്ട ഉത്തരമുള്ളതു കൊണ്ട് ഇതിനും മറുപടിയില്ല. പിന്നെ, ഭരണകൂടങ്ങളെ താരതമ്യം ചെയ്യാനും ഞാനില്ല. പല മുസ്‌ലിം സംഘടനകളെയും നിരോധിച്ച ഇപ്പോഴത്തെ സര്‍ക്കാരിനെ മിക്ക മതപ്പാര്‍ട്ടികളും ന്യായീകരിക്കുന്നതുപോലെ അന്നും ഭരണകൂട നടപടിയെ ന്യായീകരിക്കുന്നവരുണ്ടായിരുന്നു. അന്ന്, കഅ്ബയുടെ ഖില്ല പിടിച്ച് അന്നത്തെ ഭരണകൂടത്തിനു വേണ്ടി - അന്നത്തെ ഭരണാധികാരിയുടെ ദീര്‍ഘായുസ്സിനും തിരഞ്ഞെടുപ്പു വിജയത്തിനും തന്റെ പ്രതിയോഗികള്‍ക്കെതിരേ ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്നതിനും അവര്‍ ഇനിയൊരിക്കലും ജീവനോടെ പുറത്തു വരാതിരിക്കുന്നതിനും അടിയന്തരാവസ്ഥയുടെ തുടര്‍ച്ചക്കുംവേണ്ടി - പ്രാര്‍ത്ഥിച്ചവരുമുണ്ടായിരുന്നു. ഒരു ഭ്രാന്തിന് മറ്റൊരു ഭ്രാന്ത് ചികിത്സയല്ല.
പഴയതും പുതിയതുമല്ല ഇവിടെ വിഷയം. സ്വര്‍ണത്തിനു പഴക്കമില്ലല്ലോ. നല്ലത് കാലഹരണപ്പെടില്ല. സംഘടനകള്‍ കാലഹരണപ്പെട്ടതുകൊണ്ടല്ലേ തലങ്ങും വിലങ്ങും പിളരുന്നത്. അഴിമതിയും സ്വേച്ഛാധിപത്യവും നടക്കുന്നിടത്തോളം അവ ഇനിയും പിളരും.
ഇവിടെ ജമാഅതെ ഇസ്‌ലാമിയുടെ പഴയ തലയും അതിന്റെ ഇപ്പോഴത്തെ പുതിയ വാലും ഒന്നുതന്നെയാണ് എന്നാണ് എന്റെ നിലപാട്. പഴയ കാലത്തെ നന്മകള്‍ അക്കാലത്തെ വ്യക്തികളുടെ നന്മകളായിരുന്നു. വീഞ്ഞ് അതു തന്നെ. മുമ്പത് നല്ല ക്രിസ്റ്റല്‍ ക്ലിയര്‍ പളുങ്കുകുപ്പികളില്‍ വിളമ്പിയപ്പോള്‍ അല്‍പം ആകര്‍ഷകമായി തോന്നി. അത് ആ കുപ്പികളുടെ നന്മയായിരുന്നു. ഇപ്പോഴത് ഗുണമേന്മയില്ലാത്ത, നിറംകെട്ട, വിലക്ഷണമായ പ്ലാസ്റ്റിക് കുപ്പികളില്‍ വിളമ്പുന്നു എന്നേയുള്ളൂ. ഇതിന്റെ താത്വികമായ വിശകലം നേരത്തേ പറഞ്ഞുകഴിഞ്ഞു. ഇസ്‌ലാം കാലഹരണപ്പെടില്ല. സംഘടനകള്‍ ഇസ്‌ലാമിലില്ലാത്തതായതുകൊണ്ട് അവ കാലഹരണപ്പെടാതിരിക്കില്ല. ഇസ്‌ലാം അനശ്വരമായ സ്വര്‍ണത്തെക്കാള്‍ മൂല്യവത്തായ സ്വര്‍ണമാണ്. അത് തുരുമ്പിക്കില്ല. എന്നാല്‍ സംഘടനകള്‍ ഗുണമേന്മയില്ലാത്ത വാര്‍പ്പിരുമ്പാണ്. ആ വാര്‍പ്പില്‍ തന്നെ അവ തുരുമ്പെടുത്തു തീരും.
ഇതിനുള്ള ഉത്തരവും മുകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. എന്റെ കുടുംബത്തിലെ ചുരുക്കം ചിലരേ എന്റെ കൂടെയുള്ളൂ. വളരെ ചുരുക്കം ചിലര്‍. നൂഹ് നബിയുടെ കപ്പലില്‍ കയറാന്‍ 80 പേരുണ്ടായിരുന്നു. ഇവിടെ ഒരു ചെറിയ തോണിയില്‍ കൊള്ളാവുന്ന അത്രയും പേരേയുള്ളൂ. ബാക്കിയുള്ളവരൊക്കെ മതപ്പാര്‍ട്ടികളുടെ വലിയ വലിയ ഹിമാലയ ശിഖരങ്ങളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുകയാണ്.
മഹാഭൂരിഭാഗവും തീര്‍ച്ചയായും ദു:ഖിക്കുന്നുണ്ടാവുമെന്നാണെന്റെ വിശ്വാസം. താങ്കള്‍ പറഞ്ഞ വിധം സമ്പാദ്യം എനിക്കുണ്ടായിരുന്നെങ്കില്‍ അവരാരും എന്റെ കൂടെ നില്‍ക്കാതെ മറിച്ചു ചിന്തിക്കുമായിരുന്നു എന്നു തോന്നുന്നുമില്ല. മറിച്ച് എന്റെ സമ്പാദ്യമെല്ലാം ഞാന്‍ ഇസ് ലാമിനുവേണ്ടിയെന്നു പറയപ്പെടുന്ന ചില ഏര്‍പ്പാടുകളുടെ പേരില്‍ ബലയര്‍പ്പിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും ഈ അകല്‍ച്ച അവരെ സംബന്ധിച്ചിടത്തോളം ന്യായം തന്നെയാണ്.
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന നിലപാടുകള്‍ക്കപ്പുറം എത്തുന്നവര്‍ ചുരുക്കമാണ്. എത്തുമായിരുന്നെങ്കില്‍ അവരെന്റെ കൂടെയുണ്ടാകുമായിരുന്നു. മറിച്ച് അവര്‍ പാളയത്തില്‍ പടകൂട്ടുകയാണ് ചെയ്തത്.
എന്റെ ബോധ്യങ്ങളൊന്നും ഞാന്‍ മക്കളിലോ ഭാര്യയിലോ എന്റെ ജീവനക്കാരിലോ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ എല്ലാവര്‍ക്കും നന്നാവാനുള്ള അവസരവും പരിസരബോധവും ദീനീ വിദ്യാഭ്യാസവും നല്‍കിയിട്ടുണ്ട്.
എന്നാല്‍, താങ്കള്‍ ഉപയോഗിച്ച "അസ്വീകാര്യനായ ഒരു പള്ളിക്കാരന്‍" എന്ന ആരോപണം ശരിയല്ല. താങ്കളതു വിരുദ്ധോക്തിയില്‍ പറഞ്ഞതാണെങ്കില്‍ തന്നെയും. പൊതുജനം എന്നെ സ്വീകരിക്കുന്നുണ്ട്. സര്‍വ്വോപരി അല്ലാഹു എന്നെ തള്ളിക്കളയില്ലെന്ന വിശ്വാസവുമുണ്ട്. ഞാന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ നിങ്ങള്‍ പരിശോധിച്ചുനോക്കുക; മറ്റൊന്നിന്റെയുമല്ല. അപ്പോള്‍ എനിക്കു തെറ്റൊന്നും പറ്റിയിട്ടില്ലെന്നു നിങ്ങള്‍ക്കു ബോധ്യപ്പെടും. വിശദവിവരങ്ങളും അവയുടെ അപഗ്രഥനവും വിമര്‍ശനവുമെല്ലാം മുമ്പെഴുതിയ രണ്ടു പുസ്തകങ്ങളിലുമുണ്ട്. അവ സൂക്ഷ്മമായി വിലയിരുത്തിയാല്‍ എന്റെ വാദത്തിന്റെ അര്‍ത്ഥതലങ്ങളും പ്രസക്തിയുടെ പരിസരവും നിങ്ങള്‍ക്കു ബോധ്യപ്പെടും.
പ്രായം നവതിയും കഴിഞ്ഞ് ശതാബ്ധിയിലെത്താറായി. ഇനി എന്തു നീക്കം? സംഘടനകളുടെ കാര്യമാണെങ്കില്‍ ഒന്നും രൂപീകരിക്കാനുമില്ല, ആരോടും സഹകരിക്കാനുമില്ല. എന്റെ പോരാട്ടത്തിന്റെ ലക്ഷ്യം തന്നെ സംഘടനകളാണ്. അവ ഒന്നടങ്കം ഉന്മൂലനം ചെയ്യപ്പെടണം. ഇവിടെ നിസ്വാര്‍ത്ഥമായി, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമില്ല. ഇവയെല്ലാം ഉരുക്കിക്കളഞ്ഞ് മുസ്‌ലിംകള്‍ ഒന്നാവണം. ഇതാണ് എന്റെ ലക്ഷ്യം.
ഇതിനു പ്രത്യേക വേദിയൊന്നും രൂപീകരിക്കാതെ സമാന ആശയങ്ങളുള്ള വ്യക്തികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഏതായാലും പുതിയൊരു സംഘടനയോ സമാജമോ രൂപീകരിച്ച് മറ്റൊരു മൗദൂദിയോ ഇല്‍യാസ് മൗലാനയോ കെ.എം മൗലവിയോ പതി അബ്ദുല്‍ ഖാദര്‍ മുസ്ല്യാരോ എ.പിയോ ആവാന്‍ ഞാനില്ല.
ഇസ്ലാം എന്നു കേള്‍ക്കുമ്പോഴേക്കും ഭരണം എന്ന ചിന്ത വരുന്നിടത്താണ് പിഴവ്. ഉലൂല്‍ അസ്മില്‍ പെട്ട ബാക്കി ഏത് പ്രവാചകനാണ് ഭരണമുണ്ടായിരുന്നത്? ഇബ്‌റാഹീം, നൂഹ്, മൂസ, ഈസ - ഇവരാരും തന്നെ ഭരണാധികാരികളായിരുന്നില്ല. അവരോടാരോടെങ്കിലും ഭരണം മുറുകെ പിടിക്കുക എന്നു പറഞ്ഞിട്ടുണ്ടോ? അതോ വേദം മുറുകെ പിടിക്കുക എന്നോ?
ഇസ്രായേല്‍ ഒരു രാജ്യമാകുന്നത് തന്നെ മൂസാ നബിക്കു ശേഷമാണ്. അതുവരെ അവര്‍ 12 ഉപഗോത്രങ്ങളുള്ള ഒരു ഗോത്രമായിരുന്നു. ഓരോ ഗോത്രത്തിനും ഒരു നേതാവുണ്ടാവും - അതിനാണ് ഗോത്രമൂപ്പന്‍ എന്നു പറയുക. തലങ്ങും വിലങ്ങും പാഞ്ഞ് ചെന്നായ്ക്കളുടെ വായില്‍ പെടാതെ സൂക്ഷിക്കുന്ന ഒരു ഇടയന്റെ സ്ഥാനം.
ഗോത്രസംസ്‌കാരമില്ലാത്തിടത്തും ഇതുതന്നെയാണ് ബാധകം. അവര്‍ കൂടിയാലോചിച്ച് ഒരു നാട്ടുമൂപ്പനെ നിശ്ചയിക്കണം. അയാള്‍ മരിച്ചാല്‍, അല്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞാല്‍ മറ്റൊരാളെ നിശ്ചയിക്കണം. അയാള്‍ മറ്റൊരാളെ നിശ്ചയിക്കുകയോ അടിച്ചേല്‍പിക്കുകയോ ചെയ്യുന്നത് തികഞ്ഞ അനീതിയും ഇസ്‌ലാമിനു നിരക്കാത്ത കാര്യവുമാണ് - അത് ആരു ചെയ്താലും. ഏതൊരാളെപ്പോലെയും അയാള്‍ക്കും മറ്റൊരാളെ നിര്‍ദേശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തീരുമാനം സമുദായത്തിലെ പ്രമുഖര്‍ സമവായത്തോടെയാണ് ഏടുക്കേണ്ടത്.
മൂസ (അ) അതുപോലും ആവാന്‍ ശ്രമിച്ചില്ല. പകരം അവരുടെ പന്ത്രണ്ടു ഗോത്രത്തിനും ഓരോ നേതാവിനെ നിശ്ചയിച്ചുകൊടുക്കുകയാണ് ചെയ്തത്. ഭരണമാണ് ലക്ഷ്യമെങ്കില്‍ മൂസ രാജാവും ഹാറൂന്‍ വലിയ്യുല്‍ അഹദും രണ്ടുപേരുടെയും മക്കള്‍ അവരുടെ പിന്തുടര്‍ച്ചക്കാരായ ഔലിയാഉല്‍ അഹ്ദുമായി (അങ്ങേയറ്റം നിന്ദ്യമായ ഒരു ബിദ്ഈ സംവിധാനമാണത്) ആയി ഒരു രാജ്യം പ്രഖ്യാപിക്കാമായിരുന്നില്ലേ?
ഇസ്‌റായേലില്‍ നൂറുകണക്കിനു നബിമാര്‍ വന്നു. അവരാരും രാജാവായിട്ടില്ല. രണ്ടുപേരൊഴികെ - ദാവൂദും സുലൈമാനും. അവര്‍ രണ്ടുപേരും രാജാവായ ശേഷമാണ് പ്രവാചകന്മാരായത്. അതായത്, രാജാവിനെക്കാള്‍ വലിയ പദവിയാണ് പ്രവാചകത്വം. അതായത്, അവര്‍ പ്രവാചകന്മാരായതിനാല്‍ അവര്‍ക്കു രാജത്വം നല്‍കുകയല്ല ചെയ്തത്.
നബി (സ) മദീനയില്‍ പോയത് ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാനാണെന്നു പറഞ്ഞത് രാജവാഴ്ച്ചയുടെ ഉച്ചിഷ്ടഭോജികളായ കൊട്ടാര പണ്ഡിതന്മാര്‍ മാത്രമാണ്. അങ്ങനെയായിരുന്നെങ്കില്‍ അല്ലാഹുവിന്റെ റസൂല്‍ (സ) ഖൈസറിനും ഖുസ്‌റുവിനും എഴുതിയ കത്തുകളില്‍ അതല്ലേ സൂചിപ്പിക്കേണ്ടിയിരുന്നത്? "ഞാന്‍ മുഹമ്മദ്, മദീനയിലെ രാജാവ്, എന്തെന്നാല്‍ നിങ്ങളെല്ലാവരും കപ്പം തന്ന് എന്റെ സാമന്തന്മാരാവണം" എന്നല്ലല്ലോ എഴുതിയത്. മറിച്ച് അവരോട് മുഹമ്മദു റസൂലുല്ലാഹിയില്‍ നിന്ന് ഖൈസറിന് എന്നു പറഞ്ഞ ശേഷം ഇസ്‌ലാം സ്വീകരിക്കാനാണ് പറഞ്ഞത്. മദീനയിലെ രാജ്യം അംഗീകരിക്കാനോ അതിന്റെ സാമന്തന്മാരാവാനോ കപ്പം തരണമെന്നോ അല്ല.
എവിടെയാണ് ഇസ്‌ലാമിക ഭരണമുള്ളത്? ആരാണ് ഈ നാടുകളില്‍ ഇസ്‌ലാമിക ഭരണമില്ലാതാക്കിയത്? ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് സ്വന്തം തന്തയെ കൊന്നിട്ട് ഞാന്‍ യത്തീമായേ എന്നു നിലവിളിക്കാന്‍ നാണമില്ലേ ഈ സമുദായത്തിന്? ചിത്രം ഇതായിരിക്കെ ഇസ്‌ലാമിക ഭരണമില്ലാത്ത നാടുകളില്‍ അതിനു പകരം സംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കാമെന്നതിന് എന്ത് തെളിവാണുള്ളത്? അവിടെ പള്ളികളും ആ പള്ളിയില്‍ വരുന്ന ആളുകളുമില്ലേ, അതു മതി. "അവരുടെ കാര്യങ്ങള്‍ അവര്‍ കൂടിയാലോചിച്ചു ചെയ്യട്ടെ" എന്നു ഖുര്‍ആനിലുണ്ട്.
"അംറുഹും ശൂറാ ബൈനഹും" എന്ന സൂക്തം ഇറങ്ങുന്നതിനു മുമ്പ് "വ ശാവിര്‍ഹും" എന്ന സൂക്തവും അവതരിച്ചിരുന്നു. "നീ അവരുമായി കൂടിയാലോചിക്കുക." എന്നാല്‍, ഈ "നീ" വൈകാതെ ഇല്ലാതാവും. അപ്പോള്‍ "അവര്‍" മാത്രമാകും. അതുകൊണ്ടാവാം "നീ" എന്ന വ്യക്തിയെ ഒഴിവാക്കി "അവര്‍" എന്ന വാക്ക് പകരം വെച്ച് ഈ സൂക്തം അവതരിച്ചത്.
മക്കയിലും വലിയൊരു മുസ്‌ലിം സമൂഹമുണ്ടായിരുന്നുവല്ലോ. പള്ളിയില്ലെങ്കിലും അവിടെയും സംഘടിത നമസ്‌കാരവും പ്രഭാഷണവുമുണ്ടായിരുന്നു. ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കാനും അതു രേഖപ്പെടുത്താനുമുള്ള സംഘടിത സംവിധാനമുണ്ടായിരുന്നു. അവിടെയൊന്നും നബി പ്രസിഡന്റായി അബൂബകറിനെ സെക്രട്ടറിയും ഉമറിനെ ഖജാന്‍ജിയും ആക്കി സംഘടന രൂപീകരിച്ചു അല്‍ജമാഅതുല്‍ ഇസ്‌ലാമിയ്യ എന്നോ നദ്‌വതുല്‍ മുജാഹിദീന്‍ യഥ്‌രിബ് ശാഖാ എന്നോ പേരിട്ടിട്ടുമില്ല. അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല. മദീനയില്‍ വന്ന ശേഷവും നബി വല്ല സംഘടനയും രൂപീകരിച്ചോ? മദീനാ മുസ്‌ലിം അസോസ്യേഷന്‍ എന്നൊക്കെ പേരിട്ട്. അങ്ങനെയൊന്നും ഇസ്‌ലാമിലില്ലാത്തതുകൊണ്ടല്ലേ നബി (സ) അതൊന്നും ചെയ്യാതിരുന്നത്.
ഇസ്‌ലാമിക ഭരണമില്ലാത്ത മുസ്‌ലിം ഭൂരിപക്ഷനാടുകളില്‍ അതുണ്ടാക്കാന്‍ ശ്രമിക്കുകയല്ലാതെ (ഈമാന്‍ പൂര്‍ത്തിയാവാന്‍ അത് അനിവാര്യമാണെന്ന വിശ്വാസമുണ്ടെങ്കില്‍ - ഈമാന്‍ പൂര്‍ത്തിയാവാന്‍ താങ്കളെപ്പോലെ, ഭരണം വേണമെന്ന ആശയക്കാരനല്ല ഞാന്‍) സംഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. വ്യക്തികള്‍ ചേര്‍ന്ന് പ്രബോധനം നടത്തുന്നതിനോ വിദ്യാലയങ്ങളും പള്ളികളും സ്ഥാപിക്കുന്നതിനോ മഹല്ലുകളുടെ കോഡിനേഷനോ നാം എതിരല്ല, മറിച്ച് സംഘടനകള്‍ എന്ന അപ്രഖ്യാപിത ഭരണകൂടങ്ങളോടാണ് നമുക്ക് എതിര്‍പ്പുള്ളത്. എല്ലാ വിഭാഗീയതകളും സംഘര്‍ഷങ്ങളും പാഴ്‌ച്ചെലവുകളും വ്യതിയാനങ്ങളും അത്യാചാരങ്ങളും പൈശാചിക ശാഠ്യങ്ങളും അവയില്‍നിന്നാണുണ്ടാവുന്നത്. മാത്രമല്ല, ഇതൊക്കെ ആഭാസകരവുമാണ്. പഴയ അസ്വബിയ്യത്തിന്റെയും ഗോത്രത്വത്തിന്റെയും പുതിയ ആവിഷ്‌കാരമാണവ. ഇവരൊക്കെ സ്വീകരിച്ച പേരുപോലും പരിഹാസ്യമാണ്. ജമാഅതെ ഇസ്‌ലാമി, (ഇസ്‌ലാമിക സംഘം), നദ്‌വതുല്‍ മുജാഹിദീന്‍ (സൈനികക്ലബ്ബ്), വിസ്ഡം ഇസ്‌ലാമിക് പ്രോപഗേഷന്‍ സെന്റര്‍ (വിവേകം ഇസ്‌ലാമിക പ്രചാരണ കേന്ദ്രം), സുന്നി സെന്റര്‍, ..മര്‍കസ് (സുന്നത്തെടുക്കുന്നവരുടെ കേന്ദ്രം), സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ (അഖിലകേരള പണ്ഡിത സംഘം) - ഇതില്‍ ജമാഅതെ ഇസ്‌ലാമിയിലും വിസ്ഡത്തിലും മാത്രമേ പേരിനെങ്കിലും ഇസ്‌ലാമുള്ളൂ. ബാക്കിയെല്ലാം ഇസ്‌ലാമുമായി എന്തോ ബന്ധം ഇവയ്ക്കുണ്ടെന്ന് അറബി അക്ഷരങ്ങളില്‍നിന്ന് ഊഹിക്കണം. ഇതൊക്കെ അടുത്ത കാലത്തുണ്ടായ ബിദ്അത്തുകളാണ്. എല്ലാത്തിന്റെയും പ്രചോദനം കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്നും ഫാഷിസ്റ്റ് പാര്‍ട്ടികളില്‍നിന്നും മറ്റുമാണ്. എല്ലാം രാഷ്ട്രീയപ്രചോദിതമാണ്. "ഹെയ് ഞാന്‍ കുടിച്ചിട്ടില്ല" എന്നു കള്ളുകുടിയന്‍ പറയുന്നതുപോലെ, എല്ലാവരും അപര സംസ്‌കാരങ്ങളെ അനുകരിക്കുകയാണ് ചെയ്യുന്നത്. കുടിച്ചിട്ടൊന്നുമില്ല, കള്ളിന്റെ വീപ്പയില്‍ വീണുപോയി എന്നേയുള്ളൂ. അടിമകള്‍ക്കു ചങ്ങല എന്നതുപോലെയാണ് ഇവര്‍ക്കു സംഘടന. ആരോ പുറത്തുനിന്ന് തങ്ങളുടെ മേല്‍ അടിച്ചേല്പിച്ചതാണ് ഈ മാരകവസ്തു എന്നു തിരിച്ചറിയാന്‍ പോലും ഈ മഹാ മഹിഷങ്ങള്‍ക്കു കഴിയുന്നില്ല. ഈ ചാപ്പകളൊന്നുമില്ലെങ്കില്‍ ഇവര്‍ മുസ്‌ലിംകളാവില്ല എന്നാണോ ഗ്രന്ഥവാഹികളായ ഈ ദ്വിപാദ ഖരജന്മങ്ങളുടെ വിചാരം?
ഇസ്‌ലാമിക ഭരണകൂടത്തിന്റെ അഭാവത്തില്‍ മുസ്‌ലിംകളുടെ മതകാര്യങ്ങള്‍ നോക്കി നടത്തേണ്ടത് സംഘടനകളല്ല, വ്യക്തികളും അവര്‍ പ്രാര്‍ത്ഥിക്കുന്ന പള്ളികളില്‍ ഒരുമിച്ചുകൂടുന്ന ജനവും ആ പള്ളികളുടെ നടത്തിപ്പുകാരുമൊക്കെയാണ്. സാധാരണഗതിയില്‍ ഒരു നോട്ടീസുമില്ലാതെ മുസ്‌ലിംകള്‍ ഒരുമിച്ചുകൂടുന്ന ഏക സ്ഥലം പള്ളികളാണ്. അവിടത്തെ ഇമാമുകളും അതിനു കഴിവുള്ളവരും അവര്‍ക്കവിടെ നേതൃത്വവും ദിശാബോധവും നല്‍കുന്നു.
സംഘടനകളല്ല, അത് അറബുനാടുകളിലെയും മറ്റും രാജാധിപത്യം പോലെ അന്യായമായി തുടരെത്തുടരേ സമൂഹഗാത്രത്തില്‍ കാന്‍സര്‍ പോലെ ഇറുകിപ്പിടിച്ചുവളരുന്ന ഒരു തിന്മയാണ്. ഒരിക്കല്‍ പിടികൂടിയാല്‍ അതു സുഖപ്പെടില്ല. കൂടുതല്‍ ഇറുകിപ്പിടിക്കുകയേ ഉള്ളൂ. ചൈനയും ഉത്തരകൊറിയയുമൊക്കെ ഒരു സംഘടനയുടെ കീഴിലല്ലേ? സംഘടനയെയും രാജഭരണത്തെയും തുല്യതിന്മകളായി നാം കാണേണ്ടതുണ്ട്. കാലക്രമേണ രണ്ടും തിന്മയിലേക്ക് അനിവാര്യമായും കൂപ്പുകുത്തുന്ന പൈശാചിക സംവിധാനങ്ങളായി വേണം നാം മനസ്സിലാക്കുക. അത് ഏറ്റെടുത്ത മനുഷ്യഹൃദയങ്ങളെ പിശാച് അതില്‍ തന്നെ തുടരാനും കൂടുതല്‍ കൂടുതല്‍ അതില്‍ പിടിമുറുക്കാനുമാണ് പ്രേരിപ്പിക്കുക.
അതിന്റെ ആനുകൂല്യം പറ്റുന്ന പുരോഹിതന്മാരാകട്ടെ അതിനെ ന്യായീകരിക്കുന്നതും അതിനായി ടിപ്പണിയെഴുതുന്നതും മിന്‍ബറുകളും മാധ്യമസൗകര്യങ്ങളും ദുരുപയോഗം ചെയ്യുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ അത്യാചാരങ്ങള്‍ക്കനുകൂലമായി എത്രയെത്ര ഗവേഷണങ്ങളാണ് നടക്കുന്നത്. കേരളത്തിലിറങ്ങുന്ന ഇവരുടെ ഒരു വാറോലയില്‍ ഇവിടെയൊന്നും 75 കൊല്ലമായി രാജഭരണമില്ലാഞ്ഞിട്ടും ഇതിനെയൊക്കെ ന്യായീകരിക്കുന്ന നൂറുകണക്കിനു പ്രബന്ധങ്ങളാണ് അടിച്ചുവിട്ടത്! പുതിയ അത്യാചാരങ്ങളുണ്ടാക്കുക, എന്നിട്ടതിനെ ന്യായീകരിക്കുക - ഇതുകൊണ്ടാണ് ഈ സംവിധാനങ്ങളെ പൈശാചികം എന്നു പറയുന്നത്. അല്ലാഹു പ്രത്യേകം ഇസ്വ്മത് നല്‍കിയ മഅ്‌സ്വൂമുകളൊന്നുമല്ലല്ലോ ഇവര്‍.
രാജവാഴ്ച്ച അക്ഷരാര്‍ത്ഥത്തില്‍ തിന്മയാണെന്നോ ഹറാമാണെന്നോ ഞാന്‍ പറയില്ല. പല രാജവംശങ്ങളിലെയും രാജാക്കന്മാരില്‍ ഒന്നോ രണ്ടോ പേര്‍ നല്ലവരായിരുന്നു എന്ന കാര്യവും മറക്കാന്‍ നാം തയ്യാറല്ല. അത്തരം അടഞ്ഞ മുന്‍വിധികളൊന്നും നമുക്കില്ല. ചില കാര്യങ്ങള്‍ തുടക്കം കൊണ്ടല്ല, പിന്നീടുള്ള പരിണാമം കൊണ്ടാണ് തിന്മയാകുന്നത്. മുന്തിരിച്ചാറ് വീഞ്ഞായി മാറുന്നതുപോലെ. കാലാന്തരത്തില്‍ ഇതെല്ലാം ദുഷിക്കാതിരിക്കില്ല. അതുകൊണ്ടാണ് ഇതൊന്നും വേണ്ട എന്നു പറയുന്നത്. ഈ ദുഷിപ്പു തടയാന്‍ പണ്ഡിതന്മാര്‍ക്കു കഴിയുന്നില്ല. മിക്കപ്പോഴും അവര്‍ അതിന്റെ ഭാഗമാകുകയാണ് ചെയ്യുന്നത്. പിന്നെ എന്തിനാണ് അവര്‍ ഈ ഫിത്‌നയെ ന്യായീകരിക്കുന്നത്?
ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ക്കൊരു പ്രശ്‌നം നേരിട്ടാല്‍ ആ മഹല്ലിലെ ഇമാമോ ആ പ്രശ്‌നം വിശദീകരിക്കാന്‍ കഴിയുന്ന മറ്റൊരാളോ ആ വിഷയം സൂചിപ്പിക്കുകയും അന്നേരം പള്ളിയില്‍ നമസ്‌കാരത്തിനു വന്നവരിലെ കാര്യബോധമുള്ളവര്‍ ചേര്‍ന്ന് അവിടെയിരുന്ന് ആ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്ന ഒരു സംവിധാനം പോലെയല്ല ഇത്. മുഗീറബ്‌നു ശുഅ്ബ പേര്‍ഷ്യയില്‍ പോയപ്പോള്‍ കണ്ടതുപോലെയാവും കാലക്രമേണ കാര്യത്തിന്റെ പര്യവസാനം. ഒരാള്‍ ദൈവമായി - നന്നേചുരുങ്ങിയത് ദൈവത്തിന്റെ പ്രതിനിധിയായി - ദൈവത്തിന്റെ ഭൂമിയിലെ നിഴല്‍ എന്ന വ്യാജേന - സിംഹാസനത്തിലിരിക്കുന്നു. ചിലപ്പോള്‍ ജനങ്ങളെ പറ്റിക്കാനും താന്‍ ദൈവത്തെ പ്രതിനിധീഭവിക്കുന്നുവെന്നും വരുത്തിത്തീര്‍ക്കാനും ഈ സഹദേവന്റെ തൊട്ടടുത്ത് തുല്യഗൗരവമുള്ള മറ്റൊരു സിംഹാസനം അദൃശ്യനായ മുഖ്യദേവനുവേണ്ടി ഒഴിച്ചിട്ടിട്ടുമുണ്ടാവും. ബാക്കിയുള്ളവര്‍ അടിമകളായി താഴെ വാപൊളിച്ചിരിക്കുന്നു. "യാരു ശൊല്‍പ്പടി, നീങ്കെ ശൊല്‍പ്പടി" എന്ന ഭടവേതാളപ്പരുവത്തിലായി.
ഇതിനെയാണ് നാം എതിര്‍ക്കേണ്ടത്. സംഘടനകളൊക്കെ അങ്ങനെയാണ് ആയിത്തീര്‍ന്നിട്ടുള്ളത്. ഈ ഭടവേതാള സംസ്‌കാരം ഒഴിവാക്കാനാണ് ഉമര്‍ (റ) ഖാലിദ് (റ) വിനെ സൈന്യത്തില്‍നിന്നു പിന്‍വലിച്ചത്. "നീങ്കെ ശൊല്‍പ്പടി, നീങ്കെ ശൊല്‍പ്പടി" സംസ്‌കാരത്തിന്റെ മുരടറുക്കുകയാണ് അദ്ദേഹം ചെയ്തത്. ചൊല്ലാന്‍ കഴിവുള്ളവര്‍ ചൊല്ലട്ടെ. ഭരിക്കാന്‍ കഴിവുള്ളവര്‍ ഭരിക്കട്ടെ. നേതൃത്വം നല്‍കാന്‍ കഴിവുള്ളവര്‍ നേതൃത്വം നല്‍കട്ടെ. അത് അനന്തരാവകാശമായി എടുക്കപ്പെടരുത്. അത്തരം പ്രവണതകളെ പണ്ഡിതന്മാര്‍ അവര്‍ വെച്ചുനീട്ടുന്ന നക്കാപ്പിച്ചക്കു വേണ്ടി ന്യായീകരിക്കരുത്. ഇതാണ് ശരിയായ നിലപാട്. ഇത് എവിടെയും എക്കാലത്തും തുടരണം.
കുറച്ചു മുന്‍പ് ഞാന്‍ ഒരു ഓഫീസില്‍ ചെന്നു. അവിടെ എനിക്കു പരിചയമുള്ള രണ്ടു മുഖങ്ങള്‍ കണ്ടു. മുന്‍പും പിന്‍പുമൊന്നും അറിയാതെ കുശലാന്വേഷണത്തിന്റെ ഭാഗമായി ഞാന്‍ ചോദിച്ചുപോയി. എന്താണ് ഇവിടെ? ഉപ്പയെ കാണാന്‍ വന്നതാണോ? അല്ല, ഞങ്ങള്‍ ഇവിടെ ജോലിക്കാരാണ്. എന്താണ് അവര്‍ക്കുള്ള യോഗ്യത? രണ്ടുപേരും നേതാവിന്റെ മക്കളാണ്. അവര്‍ക്ക് അവിടെയല്ലാതെ മറ്റെവിടെ ജോലി കിട്ടാനാണ്! ഉമര്‍ (റ) വിലേക്കു വീണ്ടും തിരിച്ചുപോകാം. കുത്തേറ്റു മരണശയ്യയില്‍ കിടക്കുന്ന ഉമര്‍ അടുത്ത ഖലീഫയെ തിരഞ്ഞെടുക്കാന്‍ ഒരു സമിതിയെ നിശ്ചയിച്ചു. അതില്‍ മകന്‍ ഇബ്‌നു ഉമറുമുണ്ട്. ഉമറിനോടുള്ള സ്‌നേഹം സമുദായം അനന്തരാവകാശമായി മകനിലേക്കു നീട്ടുമോ എന്ന് ഉമര്‍ ഭയന്നു. ഉടനേ തിരുത്തി: "പക്ഷേ, അവനെ ഖലീഫയാക്കരുത്..."
"ഞാന്‍ അമീറായിരിക്കുന്ന കാലത്തോളം, പ്രസ്ഥാനത്തിന്റെ കുഞ്ചികസ്ഥാനത്തുള്ള കാലത്തോളം, ഭാരവാഹിയായിരിക്കുന്ന കാലത്തോളം എന്റെ മക്കള്‍ക്കിവിടെ ജോലി കൊടുക്കരുത്" എന്നു പറയാന്‍ നമുക്കു കഴിയാത്തത് നമ്മുടെ സംഘടന നമുക്കു കൈമാറിയ വേതാള സംസ്‌കാരം കാരണമായാണ്. ഇതുകൊണ്ടൊക്കെയാണ് സംഘടന തിന്മയാകുന്നതും പുതിയ ആശയമാകുന്നതും.
സര്‍വ്വോപരി, സംഘടനകളുടെ തലപ്പത്ത് ചില താപ്പാനകള്‍ സ്ഥിരമായി കുടിയിരുപ്പു തുടങ്ങുമ്പോള്‍ അതു ദുഷിക്കാന്‍ തുടങ്ങും. കഴിവുള്ള നല്ല മനുഷ്യര്‍ നേതൃത്വത്തിലേക്കു കടന്നുവരുന്നതു തടയുന്ന വഴിമുടക്കികളും കീറാമുട്ടികളുമായി നില്‍ക്കും. അപ്പോള്‍ ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും അമേരിക്കയിലെ വിഡ്ഡികളായ ജനം ആനയും കഴുതയും പരസ്പരം വെച്ചുമാറുന്നതുപോലെ ഇടതുകാലിലെ മന്ത് വലതുകാലിലേക്കും അടുത്തതില്‍ തിരിച്ചും മാറ്റും എന്നതൊഴിച്ചാല്‍ മന്തിനെയും മന്ദനെയും എടുത്ത് തോട്ടിലെറിയുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ ഇല്ലാതാവും.
കഴിവുള്ള പുതിയ ആളുകള്‍ വരുന്നത് ഈ കീറാമുട്ടികള്‍ സഹിക്കുകയുമില്ല, അവരെ അംഗീകരിക്കുകയുമില്ല. ഇപ്പോള്‍ രാജാക്കന്മാരെപ്പോലെ അടുത്ത നൂറുകൊല്ലത്തേക്കുള്ള വലിയ്യുല്‍ അഹ്ദുകളെ നിശ്ചയിച്ചു ബാപ്പാന്റെ മരണവും കാത്തുകഴിയുകയാണ് അക്ഷമരായ രാജകുമാന്മാരെപ്പോലെ പല സംഘടനാനേതാക്കളുടെയും അനന്തരാവകാശികളായ മക്കള്‍.
അവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും തെറ്റല്ല. എല്ലാത്തിനും ഇസ്‌ലാമില്‍ "മാതൃക"യുണ്ട്. ഖുര്‍ആനിലും സുന്നത്തിലുമല്ല, അതൊന്നുമല്ലാത്ത അവരുടെ പില്‍ക്കാല "യാ ഖൗമി"ന്റെ ചരിത്രപ്പിഴവുകളില്‍. അവ കാക്കത്തൊള്ളായിരം കിതാബുകളുടെ രൂപത്തില്‍ നന്നായി വില്‍ക്കപ്പെടുന്നുമുണ്ട്.
ഇസ്‌ലാമില്‍ പിന്നീട് പലതും "സ്വാഗതാര്‍ഹം" പുതുതായി വന്നു ചേരുകയുണ്ടായല്ലോ, പല രീതിയിലുള്ള ഖിലാഫതുകള്‍, അതിലേക്കുള്ള പലജാതി നിയമനരീതികള്‍, ഇമാമത്ത്, മുലൂക്കിയ്യത്ത്, സുല്‍ത്താനേറ്റ്, മദ്ഹബുകള്‍, സംഘടനകള്‍, ത്വരീഖത്തുകള്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത പുതുമകള്‍. എല്ലാം നല്ല നല്ല ഒന്നിനൊന്നു മികച്ച തരം ബിദ്അത്തുകള്‍ തന്നെയാണ്.
സംശയമില്ല. ഇസ്‌ലാമിക വിജ്ഞാകോശങ്ങള്‍ ഡസന്‍ കണക്കിനു വാള്യങ്ങളായി വീര്‍ത്തുവരുന്നതു ഖുര്‍ആനും സുന്നത്തും പെരുകിയതുകൊണ്ടല്ല, ഇത്തരം ബിദ്അത്തുകളും അവയുടെ ഉപജ്ഞാതാക്കളുടെ മദ്ഹ് പാട്ടുകള്‍കൊണ്ടുമാണ്. ചിന്തിക്കുന്നവര്‍ക്കും, കേള്‍ക്കുന്നതിലും കാണുന്നതിലും പലരും പല കാലങ്ങളായി, പല താല്‍പര്യങ്ങള്‍ക്കുമായി എഴുതിക്കൂട്ടി വെച്ചതിലും പുനരാലോചന നടത്തുന്നവര്‍ക്കും മാത്രമേ ഇതൊക്കെ ഒരു പ്രശ്‌നമാകുന്നുള്ളൂ. അല്ലാത്തവര്‍ക്ക് - "എല്ലാം മതം, വിശുദ്ധം, അനുകരണീയം."
ചരിത്രത്തില്‍ സംഭവിച്ച എല്ലാ അത്യാചാരങ്ങള്‍ക്കും സ്ഖലിതങ്ങള്‍ക്കും ഇല്ലാത്ത ആദര്‍ശത്തിന്റെ ശവപ്പുടവ അണിയിച്ചു തജ്ദീദിന്റെയും ഇസ്വ്‌ലാഹിന്റെയും തഖ്‌ലീദിന്റെയും ഇത്തിബാഉസ്സലഫിന്റെയും ഇഖാമതുദ്ദീനിന്റെയും സുഗന്ധം പൂശി സംഘടനയാകുന്ന വിശുദ്ധ ദര്‍ഗകളില്‍ കുടിയിരുത്തി പരിപാലിച്ചുവരുന്ന ഒരു സമുദായത്തോട് ഏതു രൂപത്തിലാണ് സംവദിക്കുക എന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്.
കാലം പഴകുംതോറും ഇവയ്‌ക്കൊക്കെ വിശുദ്ധി കൂടിവരികയാണ്! ബഹുദൈവാചാരപ്രകാരം ഏറ്റവും പുരാതനമായ പ്രതിഷ്ഠകള്‍ക്കാണത്രെ വീര്യം കൂടുക. അതുപോലെ ഏറ്റവും പുരാതനമായ ആചാരങ്ങള്‍ക്കും പുരാതനമായ മഖ്ബറകള്‍ക്കുമാണ് കൂടുതല്‍ പ്രസക്തിയും കറാമത്തും കൂടുതലുള്ളത്! ഇങ്ങനെ പുതിയ പുതിയ ചേരുവകള്‍ കൊണ്ട് കഴിഞ്ഞ കാലത്തെ അത്യാചാരങ്ങളെക്കുറിച്ചു നല്ലതു പറയാന്‍ നിര്‍ബന്ധിക്കുകയാണ് സംഘടനകള്‍ ചെയ്യുന്നത്.
ഭേഷ്!!! അതെ. ഒരു വേതാളത്തെ പേടിച്ച് അതിനെ വിട്ട് മറ്റൊരു വേതാളത്തെ പിരടിയില്‍ ചുമക്കുക!! ഈ നിര്‍ബന്ധിതാവസ്ഥ സൃഷ്ടിക്കുന്ന സംവിധാനത്തെ തന്നെ വറ്റിച്ചുകളയുകയാണ് വേണ്ടത്. ഒന്നോ രണ്ടോ കൊതുകിനെ പിടികൂടി രണ്ടു കിലോമീറ്ററപ്പുറമുള്ള കുളത്തിനരികെ വിടുന്നതുപോലെയാണത്. ഇവിടെനിന്നു പോയ തിന്മ അവിടെ പെറ്റുപെരുകും. അതിലും നല്ലത് കൊതുകുകളുണ്ടാവുന്ന ഈ കുളങ്ങള്‍ തന്നെ വറ്റിച്ചു കളയുന്നതല്ലേ? നിങ്ങള്‍ ഇത്തരം കൊതുകുകളെ ഇല്ലാതാക്കുന്ന ഗപ്പികളായി മാറണമെന്നാണ് ഞാന്‍ പറയുന്നത്.
ഇതിനുള്ള ഉത്തരത്തിന്റെ മുഖവുരയായി പറയട്ടെ, നിങ്ങള്‍ ഖുര്‍ആനും സുന്നത്തും മാത്രം പിന്തുടരുക. ബാക്കിയൊക്കെ "ഫില്‍ ജുംല ജഹാലത്ത്" എന്നു തന്നെ "അല്‍ഖാഇദ"യായി എടുക്കുക. അവയിലെ നന്മകള്‍ നിങ്ങള്‍ പള്ളിദര്‍സില്‍ പഠിച്ച ശാദ്ദ്-അപവാദം-മാത്രമാണ്. ചക്കയിട്ടപ്പോള്‍ കിട്ടിയ മുയലുപോലെ യാദൃച്ഛികമാണ്. പാക് ചാരന്മാരുടെ ഹണിട്രാപ്പുപോലെ, അവ ചൂണ്ടലില്‍ കൊരുത്ത ഇരയാണ്, സൂക്ഷിച്ചേ സ്വീകരിക്കാവൂ. രണ്ടാമതായി, എങ്ങനെയാണ് നിങ്ങള്‍ ഈ ചോദ്യമുന്നയിക്കുക?
റസൂല്‍ എങ്ങനെയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ തരണം ചെയ്തതെന്നു നിങ്ങള്‍ കണ്ടില്ലേ? മദീനയില്‍ ഖൈസറിന്റെയും കിസ്‌റായുടെയും കൊട്ടാരത്തെ വെല്ലുന്ന ഒരു കൊട്ടാരവും രാജധാനിയും ശൂറാമന്ദിരവും സുന്നത്ത് മര്‍കസും ജിഹാദ് സെന്ററും പണിയാനും അതിലൊക്കെ കുറേ കൊട്ടാരവിദൂഷകന്മാരെയും പുരോഹിതന്മാരെയും വെക്കാനും റസൂലിന് കഴിയുമായിരുന്നില്ലേ? അവരുടെയെല്ലാം അനിഷേധ്യനേതാവാണ് റസൂല്‍, അവിടുത്തേക്ക് അല്ലാഹു എല്ലാ വിഭവങ്ങളും നല്കാന്‍ തയ്യാറായിരുന്നു. ഫറോവ ഹാമാനോടു പറഞ്ഞതുപോലെ "ഒരു സ്വര്‍ഹ് ഉണ്ടാക്കെടോ" എന്നു പറഞ്ഞാല്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫും ഉഥ്മാനും അത് അനുസരിക്കാനും തയ്യാറായിരുന്നു.
അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ബില്‍ഗേറ്റ്‌സിനെക്കാള്‍ സമ്പന്നനായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ തന്റെ നാലുഭാര്യമാരില്‍ ഓരോ പേര്‍ക്കും കിട്ടിയത് 1, 80,000 ദീനാറായിരുന്നു. മൊത്തം സ്വത്തിന്റെ 32 ല്‍ ഒരംശമാണത്. 1, 80,000 ദീനാറിനെ 32 കൊണ്ട് പെരുക്കി അതിന്റെ ഇന്നത്തെ മൂല്യം കൂട്ടിനോക്കുക. ഇത് സ്വര്‍ണ്ണക്കട്ടികളുടെ മാത്രം കണക്കാണ്. അപ്പോള്‍ ബാക്കിയുള്ള സ്വത്തുവകകള്‍ എത്രയായിരിക്കും! എന്നാല്‍, നബി (സ) നബിയാണ്; ഫറോവയോ രാജാവോ അല്ല. സാക്ഷാല്‍ അല്ലാഹുവിന്റെ റസൂല്‍, വിശ്വാസികളാല്‍ കലവറയില്ലാതെ അനുകരിക്കപ്പെടാവുന്ന ഏക മാതൃക, ഇതൊന്നും ആഗ്രഹിച്ചില്ല, ആവശ്യപ്പെട്ടതുമില്ല, ആവശ്യമായി കണ്ടതുമില്ല. "അല്‍ ഫഖ്വ്‌റും ഫഖ്‌രീ" എന്നാണ് അവിടുന്ന് പറഞ്ഞത്. "ദാരിദ്ര്യമാണ് എന്റെ അഭിമാനം" ഇതൊക്കെ മനസ്സിലാവണമെങ്കില്‍ നിങ്ങള്‍ സംഘടനാ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് നേരിട്ട് ഖുര്‍ആനും ഹദീസും വായിക്കണം.
അവിടുന്ന് ഒരു പ്രശ്‌നം നേരിട്ടാല്‍ എന്താണ് ചെയ്യുക. ഒ. അബ്ദുല്ലക്കെതിരേ ഒ. അബ്ദുര്‍റഹ്മാന്‍ ചെയ്തതുപോലെ അങ്ങാടിയില്‍ പോയി മൈക്കു കെട്ടി പരസ്യമായി വിഴുപ്പലക്കുകയല്ല ചെയ്തത്. മറിച്ച് പള്ളിയിലേക്കു പോകും. ബാങ്ക് കൊടുക്കും. ജനം അവിടെ ഓടിക്കൂടും. റസൂല്‍ പ്രശ്‌നമവതരിപ്പിക്കും. ജനം അഭിപ്രായം പറയും. അതില്‍ മുന്തിയ അഭിപ്രായം സ്വീകരിക്കും. അത്തരമൊരു പ്രശ്‌നമായിരുന്നു ഉമ്മുല്‍ മുഅ്മിനീന്‍ ആയിശയെക്കുറിച്ചു മുനാഫിഖുകള്‍ തൊടുത്തുവിട്ട അപവാദപ്രചാരണം.
പ്രമാദമായിരുന്നാല്‍ പോലും പലവിഷയങ്ങളിലും പലപ്പോഴും ഭൂരിപക്ഷാഭിപ്രായമാണ് മാനിച്ചിരുന്നത്. ചിലപ്പോള്‍ ന്യൂനപക്ഷാഭിപ്രായവും മാനിക്കാതിരുന്നില്ല. ഉഹ്ദ് യുദ്ധത്തില്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചപ്പോള്‍ ഖന്‍ദഖ് യുദ്ധത്തില്‍ ന്യൂനപക്ഷാഭിപ്രായമാണ് സ്വീകരിച്ചത്. അതൊന്നും റസൂല്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല. "വ ശാവിര്‍ഹും ഫില്‍ ഉമൂരി (കാര്യങ്ങളില്‍ അവരോടു കൂടിയാലോചിക്കുക)" എന്ന് ആദ്യത്തിലും "വ അംറുഹും ശൂറാ ബൈനഹും (അവരുടെ കാര്യം അവര്‍ അന്യോന്യമുള്ള കൂടിയാലോചനയിലൂടെ തീരുമാനിക്കട്ടെ)" എന്നു പിന്നീടും അവതരിച്ച ദൈവിക ശാസനകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനാണ് ഇസ്‌ലാമില്‍ ശൂറ എന്നു പറയുന്നത്. നിങ്ങളുടെ കാര്യം നബിയും ശേഷം ഖലീഫയും അതിനു ശേഷം രാജാവും കാലത്തിന്റെ ഒടുവില്‍ വലിയ്യുല്‍ അഹ്ദിന്റെ മച്ചുനന്‍ നെതന്യാഹുവിന്റെ ശുപാര്‍ശയോടെ അമേരിക്കന്‍ പ്രസിഡന്റും തീരുമാനിക്കുമെന്നല്ല പറഞ്ഞത്.
ഞാന്‍ നബിയാണ്, എനിക്ക് നിങ്ങളുടെയാരുടെയും അഭിപ്രായമൊന്നും അറിയേണ്ടതോ പരിഗണിക്കേണ്ടതോ നിങ്ങളോടു കൂടിയാലോചിക്കേണ്ടതോ ആയ കാര്യമില്ല എന്നൊന്നും നബി പറഞ്ഞില്ല. ദിവ്യബോധനത്തിന്റെ ഭാഗമായുള്ള ദീനിലെ ചില കാര്യങ്ങള്‍ നിറവേറ്റുക പ്രയാസമായപ്പോള്‍ സ്വഹാബികള്‍ അതുപോലും റസൂലിനോടു പരാതിപ്പെടുകയുണ്ടായി. ചിലപ്പോഴൊക്കെ റസൂലിന് അതില്‍ നീരസമുണ്ടായി. അല്ലാഹു അനുശാസിച്ച കാര്യങ്ങളോടു നിങ്ങള്‍ മറിച്ചൊരഭിപ്രായം പ്രകടിപ്പിക്കുന്നോ എന്നു ചോദിക്കുകയും ചെയ്തു: "പകരം നിങ്ങള്‍ പറയുക, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു എന്ന്."
അപ്പോഴൊക്കെ അല്ലാഹു തന്റെ റസൂലിനെ തിരുത്തി. ചിലപ്പോള്‍ രണ്ടുകൂട്ടരെയും തിരുത്തി. ഇതൊക്കെ വിശദമായി നിങ്ങളുടെയൊക്കെ വീടുകളിലുള്ള തഫ്‌സീറുകളിലുണ്ട്. കൂടുതല്‍ വിവരത്തിന് അതെടുത്തു വായിക്കുക. ഇതൊക്കെ ഈ സമുദായം ഭാവിയില്‍ എങ്ങനെ മുന്നോട്ടുപോകണമെന്നതിന്റെ പരിശീലനമായിരുന്നു.
"അന നബിയ്യുന്‍ യൂഹാ, നിങ്ങളുടെ ശൂറയൊന്നും എന്റടുത്തു വേണ്ട" എന്ന് ഇന്നത്തെ രാജാക്കന്മാരെപ്പോലെ നബി (സ) പറഞ്ഞില്ല. അതുകൊണ്ടാണ് അബൂബക്കറിനെയോ അലിയെയോ നബി ഖലീഫയായി പ്രഖ്യാപിക്കാതിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍, അതൊക്കെ ഒരു പ്രവാചകന്‍ ചെയ്യേണ്ട കാര്യമായിരുന്നെങ്കില്‍, അബൂബകറിനു ശേഷമുള്ള ഖലീഫയെ ആരു പ്രഖ്യാപിക്കും? അബൂബക്കറേ, എനിക്കു ശേഷം നീ എന്റെ പിന്‍ഗാമിയാവണം. നിനക്കുശേഷമുള്ള നിന്റെ പിന്‍ഗാമിയെ നീയൊരുത്തന്‍ തന്നെ പ്രഖ്യാപിക്കണം, അതിനും ശേഷമുള്ള ഖലീഫയെ നിയമിക്കാന്‍ ആറംഗ സമിതിയെ നിയമിക്കണം, അതിലൊന്നു ഖലീഫയുടെ മകനായിരിക്കണമെന്നൊന്നും നബി പഠിപ്പിച്ചിട്ടില്ലല്ലോ. നുബുവ്വത്തിന്റെ ഭാഗമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയും പ്രവചിക്കുകയും ചെയ്തിട്ടുണ്ട് എന്നതു നിഷേധിക്കേണ്ടതുമില്ല. അത് അതുപോലെ വരും. അത് അല്ലാഹുവിന്റെ സുന്നത്താണ്. നബിക്കതില്‍ അധികാരമില്ല. അല്ലാഹു അറിയിച്ചുകൊടുത്ത വിവരം പ്രവചിക്കാനേ അധികാരമുള്ളൂ.
പിന്നീടുണ്ടായ നടപടിക്രമങ്ങള്‍ - തെറ്റായാലും ശരിയായാലും - ആ പ്രവചനം പോലെതന്നെ ശരിയായി പുലര്‍ന്നു. പ്രവാചകന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് പിന്നീടുണ്ടായത്. ഉമര്‍ രക്തസാക്ഷിയായി, ഉഥ്മാന്‍ കൊല്ലപ്പെട്ടു, അലി കൊല്ലപ്പെട്ടു. ഹസനും ഹുസൈനും വധിക്കപ്പെട്ടു. അങ്ങനെ ഖിലാഫത്തിനെ മുലൂക്കിയ്യത്ത് ചോരയില്‍ മുക്കിക്കൊന്നതിന്റെ ചരിത്രമൊക്കെ ഇപ്പോള്‍ മദ്രസ്സകളില്‍ പോലും പഠിപ്പിക്കാതായിരിക്കുന്നു!
ഭരണമില്ലാത്ത അവസ്ഥയില്‍ എന്തു ചെയ്യുമെന്നു നിങ്ങള്‍ ചോദിച്ചുവല്ലോ? ഞാനൊരു ചരിത്രപണ്ഡിതനല്ല, അതിനാല്‍ ഈ ചരിത്രമൊക്കെ അതിന്റെ പുസ്തകങ്ങളില്‍ നിന്നു നിങ്ങള്‍ വായിച്ചു മനസ്സിലാക്കുക. ഭരണകൂടമുണ്ടായാലും ഇല്ലെങ്കിലും നിങ്ങള്‍ പള്ളികള്‍ മുറുകെ പിടിക്കുകയും അവയുടെ പ്രസക്തിയും സന്ദേശവും പ്രചരിപ്പിക്കുകയും ദഅ്‌വത്ത് നിര്‍ബാധം തുടരുകയും ചെയ്യുക. ദഅ്‌വത്ത് നടത്തുന്ന കാലത്തോളം നിങ്ങള്‍ വിജയിക്കുകയും കാലികവും ദാര്‍ശനികവുമായ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യും.
ദഅ്‌വത്ത് നിര്‍ത്തിയാല്‍ വെല്ലുവിളികള്‍ നിങ്ങളെ മറികടക്കും. നിങ്ങളുടെ മേല്‍ ശത്രുക്കള്‍ ചവിട്ടിമേയും. മറ്റുള്ളവര്‍ നിങ്ങളെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റും. വിവിധ സംഘടനാപ്രവര്‍ത്തനങ്ങള്‍ അത് എത്രതന്നെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചാലും ദഅ്‌വത്തിനു പകരമാകില്ല. അതെല്ലാം സംഘടനാ സ്വാര്‍ത്ഥതയുടെ മറ്റൊരു എക്കൗണ്ടിലേക്കാണു പോകുക. നിങ്ങളുടെ സല്‍കര്‍മ്മങ്ങളുടെ എക്കൗണ്ടില്‍ അതുണ്ടാവില്ല.
അത് വിവിധ പാര്‍ട്ടികളിലായി ചിന്നിച്ചിതറിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം പോലെ പാഴും അതുകൊണ്ടുതന്നെ കുറ്റകരവുമാകും. വെറുതെ സമയം കളയലാവും. ആരും അതുകൊണ്ട് ദാഇകളോ പ്രബോധിതരോ പ്രബുദ്ധരോ ആവുകയില്ല.
നിങ്ങള്‍ ദഅ്‌വത്ത് തുടരുമ്പോള്‍ നിങ്ങളുടെ വിശ്വാസവും വ്യക്തിത്വവും നിഷ്‌കപടതയും നന്മയിലേക്കും ആത്മവിശുദ്ധിയിലേക്കുമുള്ള ചായ്‌വും കൂടുതല്‍ തെളിഞ്ഞുവരും. സ്വകാര്യജീവിതത്തില്‍ തിന്മകള്‍ കുറയുകയും നന്മകള്‍ നിങ്ങളറിയാതെത്തന്നെ വന്നുചേരുകയും പെരുകുകയും ചെയ്യും. ദഅ്‌വാപ്രവര്‍ത്തനങ്ങള്‍ക്കു പകരം നിങ്ങള്‍ സംഘടനാ പ്രവര്‍ത്തനമാണ് നടത്തുന്നതെങ്കില്‍ നിങ്ങളറിയാതെ തന്നെ നിങ്ങളുടെ മനസ്സ് ദുഷിക്കാനും തിന്മകള്‍ പെരുകാനും തുടങ്ങും. നിങ്ങള്‍ മൂസയാവില്ല, പകരം ഫറോവയാവും.
എല്ലാ മുസ്‌ലിംകളും സംഘടനകളെ മറികടന്ന് അന്യോന്യം സഹിഷ്ണുത കാണിക്കുകയും അന്യോന്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുക. പരസ്പരം വിഴുങ്ങാന്‍ ശ്രമിക്കുകയാണ് സംഘടനകള്‍ ചെയ്യുന്നത്. അങ്ങനെ പാടില്ല. സംഘടനകള്‍ സൃഷ്ടിച്ച മതിലുകളും തൊട്ടുകൂടായ്മയും തകര്‍ത്തു പരസ്പരം സഹിക്കുകയും യോജിക്കാവുന്നിടത്തോളം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ക്കിടയില്‍ എത്രതന്നെ വിയോജിപ്പുണ്ടെങ്കിലും പൊതുവായുള്ള കുറച്ചു കാര്യങ്ങളിലെങ്കിലും യോജിച്ചു പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായെടുക്കുക. "കലിമ"യില്‍ നിങ്ങള്‍ ഒന്നിക്കുന്നു. ഖുര്‍ആനും സുന്നത്തും ആധികാരികമാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലല്ലോ. ഇതുരണ്ടും കഴിഞ്ഞുള്ള വിശദാംശങ്ങളില്‍ മാത്രമാണ് സാധാരണ മുസ്‌ലിംകള്‍ തമ്മില്‍ ഭിന്നതയുള്ളത്. ഖദ്‌രികളും ജഹ് മികളും പോലുള്ള പഴയ പിഴച്ച വിഭാഗങ്ങളൊന്നും ഇന്നില്ല. അതുപോലെ, നിങ്ങള്‍ അന്യോന്യം വിവാഹം കഴിക്കാറുണ്ടല്ലോ. ഇത് നിങ്ങള്‍ പരസ്പരമുള്ള വിശ്വാസപരമായ ഐക്യത്തിനു തെളിവാണ്. വ്യാപാരബന്ധങ്ങളുണ്ടാക്കാറുണ്ടല്ലോ. ഒരേ ക്ലാസില്‍ പഠിക്കാറുണ്ടല്ലോ. ഒരേ പള്ളിയില്‍ നമസ്‌കരിക്കാറുണ്ടല്ലോ. ആ ബന്ധം നിങ്ങളുടെ മതപരമായ കൂട്ടുകെട്ടിലേക്കു കൂടി വ്യാപിപ്പിക്കുക. അല്ലാഹുവിന്റെ അപാരമായ സഹായവും ഹൃദയവിശാലതയും നിങ്ങള്‍ക്കുണ്ടാവുകയും അത് ആത്മീയമായ നിര്‍വൃതിയായി അനുഭവപ്പെടുകയും ചെയ്യും.
ഏതു മുസ്‌ലിമിലും കുറച്ചു നന്മയുണ്ടാവും. അതില്‍ തൃപ്തിപ്പെടുകയും സന്തോഷിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ തമ്മതമ്മിലുള്ള നന്മയുടെയും പരസ്പര ധാരണയുടെയും വ്യാപ്തി കാലക്രമേണ വലുതാവുകയും വിയോജിപ്പിന്റെയും തിന്മയുടെയും വ്യാപ്തി കുറയുകയും ചെയ്യും. ഇത് അന്യോന്യം അറിയാനും പഠിക്കാനും പ്രേരകമാകും.
മിക്ക വിയോജിപ്പുകളുടെയും കാരണം സംഘടനകളുണ്ടാക്കിയ വ്യാജമായ ശത്രുതയും തെറ്റിദ്ധാരണകളുമാണ്. സംഘടനകള്‍ തമ്മില്‍ ഒരിക്കലും യോജിപ്പുണ്ടാവില്ല. ഏതെങ്കിലും സംഘടന മറ്റൊരു സംഘടനയുമായി യോജിക്കാവുന്ന മേഖലയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? മറിച്ചായിരിക്കും നിങ്ങളുടെ അനുഭവം. എല്ലാ സംഘടനയും പരസ്പരം ഭിന്നിക്കാനുള്ള ഗവേഷണത്തിലാണ്. എല്ലാ സംഘടനകളുടെയും സാക്ഷാല്‍ സ്ഥാപക പിതാക്കള്‍ മനുഷ്യരല്ല, ഇബ്‌ലീസ് ആയതിനാല്‍ അവരാരും അതിനു സമ്മതിക്കില്ല എന്നതിന് എന്റെ ആയുസ്സ് സാക്ഷിയാണ്. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ വലിയ പ്രയാസമില്ല. മതനിരപേക്ഷ കാര്യങ്ങളില്‍നിന്നു തുടങ്ങി കാലക്രമേണ മതത്തിന്റെ കാര്യത്തിലും സംഘടനകള്‍ക്കതീതമായി വ്യക്തികള്‍ക്കു യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഇങ്ങനെ എത്തിച്ചേരാന്‍ കഴിയുമെന്നാണ് എന്റെ അനുഭവം. വിയോജിപ്പ് വിവിധ സംഘടനകളിലെ സ്വാര്‍ത്ഥന്മാരും വഴിതെറ്റിയവരുമായ പണ്ഡിതന്മാര്‍ തമ്മിലാണെന്നും അത്രയൊന്നും പഠിച്ചവരല്ലാത്ത നമ്മള്‍ അതില്‍ കക്ഷിയല്ലെന്നും നമുക്കതില്‍ കക്ഷിചേരാന്‍ പാടില്ലെന്നും മനസ്സിലാക്കി അന്യോന്യം പൊരുത്തപ്പെട്ടുപോകാന്‍ പരമാവധി ശ്രമിക്കുക. അല്ലാഹു നമുക്കെല്ലാം തിരിച്ചറിവും ഹൃദയവിശാലതയും നല്‍കി അനുഗ്രഹിക്കട്ടെ.
അല്ലാഹുവും അവന്റെ റസൂലും ചന്ത വെറുത്തതുകൊണ്ടായിരിക്കാം. ഒരു സ്വഹാബി വന്ന് നബിയോടു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണ്? റസൂല്‍ പറഞ്ഞു, എനിക്കറിയില്ല. ജിബ്‌രീല്‍ അപ്പോള്‍ എന്തോ ആവശ്യത്തിന് ഇറങ്ങിവന്നു. റസൂല്‍ (സ) ഈ ചോദ്യം അദ്ദേഹത്തോടു ചോദിച്ചു. ജിബ്‌രീലിന്റെയും ഉത്തരം എനിക്കറിയില്ല എന്നായിരുന്നു. ജിബ്‌രീല്‍ അല്ലാഹുവിന്റെ അടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ അല്ലാഹു ഇക്കാര്യത്തെക്കുറിച്ചു ജിബ്‌രീലിനോടു പരാമര്‍ശിച്ചു: താങ്കള്‍ എന്താണ് മറുപടി നല്കിയത്? "ഞാന്‍ എനിക്കറിയില്ല എന്നു പറഞ്ഞു." അപ്പോള്‍ അല്ലാഹു ജിബ്‌രീലിന് അത് അറിയിച്ചുകൊടുത്തു. ജിബ്‌രീല്‍ അത് നബി (സ) യെയും അറിയിച്ചു: പള്ളിയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. ഏറ്റവും വെറുക്കപ്പെട്ടതു ചന്തയും.
എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ഈ നാലു കൂട്ടരുടെയും പിന്‍ബലം ചന്തയായിരുന്നു. മസ്ജിദിന്റെ കാര്യത്തില്‍ ചന്തക്കാരെ ഇടപെടീച്ചതുകൊണ്ടുണ്ടായ അനര്‍ത്ഥം ഓര്‍മ്മ വന്നപ്പോള്‍ ഇതു പറഞ്ഞെന്നേയുള്ളൂ. അരനൂറ്റാണ്ടിന്റെ കാലയളവിലുണ്ടായ ഈ മൂന്ന് സംഭവങ്ങളിലും തല്ലാനും കൊല്ലാനും അവരെക്കൂട്ടിയാണ് മതപ്പാര്‍ട്ടിക്കാര്‍ വന്നത്. ഒന്നാമത്തെ സംഭവം പുളിക്കല്‍ പി.വി കുഞ്ഞിമൊയ്തീന്‍ മൗലവി ഏകപക്ഷീയമായി പിന്മാറിയതിനാല്‍ കേസിലേക്കും തല്ലിലേക്കുമൊന്നും പോയില്ല. രണ്ടാമത്തെ സംഭവത്തില്‍ ചന്തക്കാരുടെ പേശീബലത്തിനും ആയുധബലത്തിനും ഞാനടക്കം പലരും ഇരയായെങ്കിലും പ്രശ്‌നം അതുകൊണ്ടു തീരാതെ വന്നപ്പോള്‍ പ്രതികള്‍ കേസുകളുടെ മാലപ്പടക്കത്തിനു തീകൊളുത്തുകയായിരുന്നു. നീതിപീഠങ്ങള്‍ ഒന്നടങ്കം എന്റെ ഭാഗത്തുനിന്നു.
മൂന്നാമത്തെ സംഭവത്തിലും അവര്‍ പേശീബലവും ആയുധബലവും പ്രയോഗിച്ചുനോക്കി. കേസിലും അവര്‍ തോറ്റുപോയി. വിധി അവര്‍ക്കെതിരായിരുന്നു. ആ വിധിയും അവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അതു നേരില്‍ക്കണ്ട് അവര്‍ക്കു ബോധ്യപ്പെടേണ്ടിയിരുന്നു! മൂന്നാമത്തെ വിഭാഗം പള്ളി കൈയേറിയ വിവരം ഒരു വെള്ളിയാഴ്ച്ചയാണ് ഞാന്‍ അറിഞ്ഞത്.
"അവര്‍ ചന്തയില്‍നിന്ന് ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ എന്തും സംഭവിക്കാം." ഹാജി പള്ളിയില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്ന് സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു: "ഞാനിവിടെ ആരോടും തല്ലുകൂടാനല്ല, ജുമുഅ നമസ്‌കരിക്കാനാണ് വന്നത്. മറ്റു കാര്യങ്ങള്‍ നമുക്ക് ജുമുഅ നമസ്‌കരിച്ച ശേഷം പറയാം."
ജുമുഅയുടെ ബാങ്ക് കൊടുക്കാറായിരുന്നു. മറ്റൊരു പള്ളിയിലെത്തിച്ചേരാന്‍ എനിക്കു സമയമുണ്ടായിരുന്നില്ല. പത്തനം തിട്ടക്കാരനായ ഒരു ലബ്ബയെയാണ് അവര്‍ കൊണ്ടുവന്ന് മിംബറില്‍ കയറ്റിയിരുന്നത്. "സഹോദരന്മാരേ, സഹോദരന്മാരേ!" എന്നു പറഞ്ഞ് അയാള്‍ ഖുത്ബ തുടങ്ങിയപ്പോള്‍ നിരര്‍ത്ഥകമായ ഈ വിളി ആദ്യമൊന്നും ഞാന്‍ ഗൗനിച്ചില്ല. എന്നാല്‍ പിന്നെയും പുട്ടിനു തേങ്ങയിടുന്നതുപോലെ ഒരു വാക്കിനു മുമ്പിലും പിമ്പിലും സഹോദരന്മാരേ, സഹോദരന്മാരേ! എന്നു കൂവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ വിരലുകൊണ്ട് എണ്ണം പിടിക്കാന്‍ തുടങ്ങി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ഇതു കണ്ട എന്റെ മകന്‍ എന്നോടു ചോദിച്ചു: ഉപ്പാവ എന്താണ് എണ്ണം പിടിച്ചിരുന്നത്? ഇരുപത് മിനുട്ട് നേരത്തെ ഖുത്ബയില്‍ 37 തവണയാണ് അയാള്‍ സഹാദരന്മാരേ എന്നു പറഞ്ഞത്. ഖുര്‍ആനും സുന്നത്തും പറയേണ്ട മിന്‍ബറില്‍ സഹോദരന്മാരേ എന്ന ദിക്ര്‍ മാത്രം ചൊല്ലിയാല്‍ ഇസ്‌ലാം എവിടെയാണ് എത്തുക? അതിന്റെ അങ്ങേയറ്റത്തെ അപഹാസ്യത ബോധ്യപ്പെട്ടതുകൊണ്ടാണ് അതിവിടെ പറയുന്നത്.
ഇവരുടെ ഈ ദീനാണോ റസൂല്‍ പറഞ്ഞ ആ ദീന്‍? അതു പുലര്‍ന്നാല്‍, സന്‍ആ മുതല്‍ ഹള്‌റമൗത് വരേ തന്റെ ആട്ടിന്‍കുട്ടിയെ തിന്നുന്ന ചെന്നായയെ അല്ലാതെ ഭയപ്പെടാതെ ഒരു തരുണിക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ കഴിയുമെന്നു പറഞ്ഞ ദീന്‍? അറബും അജമും ഏതൊരു ദീനിനു കീഴ്‌പ്പെടുമോ ആ ദീന്‍? വാക്കും കൊണ്ടും പ്രവൃത്തി കൊണ്ടും ഇസ്‌ലാമിനെ ഇത്രയും തരം താഴ്ത്തിക്കളയുന്ന ഒരു വര്‍ഗത്തെയാണല്ലോ ഈ ബിദ്ഈ സംഘടനകള്‍ സൃഷ്ടിച്ചത്.
വ്യക്തിപരമായി ഇവരൊക്കെ നല്ല മനുഷ്യന്മാര്‍ തന്നെയാണ്. പക്ഷേ, ഇബ്‌ലീസ് ഇവരില്‍ അതിശക്തമായി പിടിമുറുക്കി വഴിതെറ്റിച്ചുകളഞ്ഞു. അവരുടെ കൈയിലിരിപ്പ് ഇപ്രകാരമായതു കൊണ്ട് അവരുടെ നന്മ നമുക്ക് ബോധ്യപ്പെടില്ല. "കാഫിര്‍ കാ ബച്ചാ കാഫിര്‍" എന്നു ജിന്നാ സാഹിബ് മുമ്പ് പറഞ്ഞില്ലേ, അതാണ് ഇവരുടെയെല്ലാം അവസ്ഥ.
ഇസ്‌ലാമില്‍ നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് എന്നിങ്ങനെ പല കാര്യങ്ങളുമുണ്ട്. ഇത് എങ്ങനെ നിര്‍വഹിക്കണമെന്ന് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചുതന്നിട്ടുണ്ട്. ഓരോന്നിന്റെ ഗുണവും പഠിപ്പിച്ചുതന്നിട്ടുണ്ട്. "ഇന്ന സ്വലാത തന്‍ഹാ അനില്‍ ഫഹ്ശാഇ വല്‍ മുന്‍കര്‍...(തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തികളില്‍നിന്നും നിഷിദ്ധ കാര്യങ്ങളില്‍നിന്നും തടയുന്നു.)"
അല്ലാഹു കല്‍പിച്ചതും റസൂല്‍ (സ) വിവരിച്ചുതന്നതും അനുസരിച്ചു വിശ്വാസികള്‍ നമസ്‌കരിച്ചാല്‍ മതി. അതില്‍ എല്ലാമുണ്ട്. ഭക്തിയും മാനസികവും മതപരവുമായ ശാക്തീകരണവും വ്യായാമവും സ്വഭാവരൂപീകരണവും മാനസികവും ശാരീരികവുമായ അവശതകള്‍ക്കുള്ള ചികിത്സയും തുടങ്ങി എല്ലാമെല്ലാം. എന്നാല്‍, ദുനിയാവിലെ അതിന്റെ അറ്റഫലം നമസ്‌കരിക്കുന്ന വ്യക്തിയെ ഫഹ്ശാഇല്‍നിന്നും മുന്‍കറില്‍ നിന്നും തന്റെ നമസ്‌കാരം തടയണമെന്നതാണ് - അതാണ് നമസ്‌കാരത്തിന്റെ മിനിമം ക്വാളിറ്റി. അതുപോലെ നോമ്പിനെക്കുറിച്ചു പറഞ്ഞു, "കുതിബ അലൈകുമുസ്സ്വിയാമി കമാ കുതിബ അലല്ലദീന മിന്‍ ഖബ് ലികും ലഅല്ലകും തത്തഖൂന്‍" - ഈയൊരു പ്രഖ്യാപനം മതി വിശ്വസികള്‍ക്കു നോമ്പു പിടിക്കാന്‍. അതിനു മറ്റാരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. ഇതര മതക്കാരെ കൂട്ടിക്കൊണ്ടുവന്ന് പള്ളിയില്‍ കയറ്റി മൃഷ്ടാന്നം കൊടുത്ത് അവരുടെ അംഗീകാരം വാങ്ങേണ്ട കാര്യമില്ല. ഇങ്ങനെയൊരു സുന്നത്ത് നബി (സ) കാണിച്ചുതന്നിട്ടുമില്ല.
നിങ്ങളുടെ ഈ പ്രദര്‍ശന മതത്തില്‍നിന്നൊന്നു രക്ഷപ്പെട്ടു പുറത്തുവരൂ. യഥാര്‍ത്ഥ ദീനില്‍ പ്രവേശിക്കൂ.
നോമ്പുകാര്‍ നോമ്പുകാരെയാണ് നോമ്പു തുറപ്പിക്കേണ്ടത്. നോമ്പുനോറ്റയാളുടെ അത്രയും കൂലി നോമ്പു തുറപ്പിച്ചവനും കിട്ടുമെന്നാണ് നബി (സ) പഠിപ്പിച്ചത്. സ്വാമിയും പാതിരിയും അതുപോലെ നോമ്പുകാരനല്ലാത്ത മുസ് ലിം പോലും അതില്‍ പെടില്ല. അതിനാല്‍ അവരെ പള്ളിയില്‍ കൊണ്ടുവന്ന് സദ്യകൊടുത്തു പ്രസംഗിപ്പിക്കേണ്ടതില്ല. പെരുന്നാളിന് ഇതൊക്കെയാവാം. അത് ആഘോഷമാണ്. അത് "യൗമുല്‍ അക്‌ലി വ ശ്ശുര്‍ബി" ആണ് - തീറ്റയുടെയും കുടിയുടെയും ദിവസം (കള്ളുകുടിയുടെയല്ല). പെരുന്നാള്‍ നമസ്‌കാരം മാത്രമാണ് അതിലെ അനുഷ്ഠാനം. മറിച്ച് നോമ്പ് തികച്ചും മതാനുഷ്ഠാനം മാത്രമാണ്. ഈ അനുഷ്ഠാനങ്ങളെല്ലാം തികച്ചും മതത്തിന്റെ അവിഭാജ്യഭാഗം കൂടിയാണ്.
ഒരു പ്രത്യേക മതത്തിന്റെ ആരാധനാ കാര്യത്തില്‍ ആ മതക്കാരല്ലാത്തവര്‍ക്ക് എന്തു കാര്യം? അപ്പോള്‍ ഇത് ആരെ കാണിക്കാനാണ്? ഇതുകൊണ്ട് ഇവരെന്താണ് ലക്ഷ്യമാക്കുന്നത്? അവരുടെ ഇടയില്‍ നമുക്ക് സ്ഥാനം കിട്ടണം! ഞങ്ങള്‍ മുസ്‌ലിംകളാണെങ്കിലും ഞങ്ങളും നിങ്ങളും തമ്മില്‍ യാതൊരു മാറ്റവുമില്ല. "ലകും ദീനുകും, വലിയ ദീന്‍" എന്നതൊക്കെ ഇരുളടഞ്ഞ മധ്യകാലഘട്ടത്തിന്റെ ഒരു അനിവാര്യമായ പരിച്ഛേദമായി, ഖുര്‍ആനിലെ ഒരു ഭാഷാപ്രയോഗമായി വന്നുപോയി എന്നേയുള്ളൂ. അതൊന്നും സാരമാക്കേണ്ട. നമ്മൊളൊക്കെ ഒന്നാണ്. അതിനാല്‍ നമ്മള്‍ ഒരു മുന്നണിയായി മത്സരിച്ചു ഭരണം നേടിയെടുക്കാം എന്ന മതരാഷ്ട്രീയ (രാജമത) തന്ത്രത്തിന്റെ ഭാഗമാണ് ഈ സര്‍ക്കസ്സ്. അതുമായി ഇസ്‌ലാമിനു ബന്ധമില്ല. അത് ഇസ്‌ലാമികവുമല്ല.
അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ വിവിധ രീതികള്‍ സ്വീകരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, അതിനു മാതൃക വേണം. ഇനി മാതൃകയൊന്നും കിട്ടിയില്ലെങ്കില്‍, ചുരുങ്ങിയത് യുക്തിസഹമെങ്കിലുമായിരിക്കണം. നോമ്പുതുറയ്ക്കുള്ള ഭക്ഷണം അമുസ്‌ലിംകളുമായി പങ്കിടുന്നതിനു ദീനില്‍ വിരോധമൊന്നുമില്ല. എപ്പോഴായാലും അതു നല്ലതുമാണ്. എന്നാല്‍, ഞാന്‍ പറഞ്ഞല്ലോ, പെരുന്നാള്‍ ദിവസം നിങ്ങള്‍ ഇതു ചെയ്‌തോളൂ. നോമ്പില്ലാത്തവരെ നോമ്പു തുറക്കാന്‍ വിളിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? യാത്രക്കാരെയും അതിഥികളെയും നമ്മുടെ ഇതര മതക്കാരായ അയല്‍വാസികളെയും മറ്റും പരിഗണിക്കുന്നതില്‍ തെറ്റില്ല. എന്നല്ല, പുണ്യമാണു താനും. എന്നാല്‍ അത് കൊല്ലം തോറും കൊണ്ടാടപ്പെടുന്ന ഒരു ആചാരമായി മാറുന്നതാണ് പ്രശ്‌നം. റസൂല്‍ (സ) ഇങ്ങനെയൊരു ശൈലി പരിചയപ്പെടുത്തിയിട്ടില്ലല്ലോ. ഇങ്ങനെ ആരാധനാ പ്രദര്‍ശനം നടത്തി റസൂല്‍ (സ) ആരെയെങ്കിലും ഇസ്‌ലാമിലേക്കു ക്ഷണിച്ചതിനു മാതൃകയുണ്ടോ?
ഈ മൗലവിമാരോടു നാം പറയണം: ഇത് അല്ലാഹുവിന്റെ ദീനല്ലേ, ഇതില്‍ പുതിയ പുതിയ ശീലങ്ങളുണ്ടാക്കി ഇതില്‍ കൈവെക്കാന്‍ നമുക്കെന്തധികാരമാണുള്ളത്? ദീന്‍ റസൂല്‍ (സ) നമുക്ക് പഠിച്ചുതന്നതുപോലെയാണ് നമ്മളും പഠിപ്പിക്കേണ്ടത്. 23 വര്‍ഷംകൊണ്ട് റസൂലിന് ചെയ്യാനുണ്ടായിരുന്ന ഏക ദൗത്യം അതായിരുന്നു. അവിടുന്ന് ഒന്നും വിട്ടുകളയാതെ അതു നമ്മെ പഠിപ്പിക്കുകയും അതു സ്വജീവിതത്തില്‍ നടപ്പാക്കി കാണിച്ചുതരുകയും ചെയ്തിട്ടുണ്ട്.
നബി (സ) പഠിപ്പിച്ചത് നോമ്പിനെക്കുറിച്ച് അല്ലാഹു ഇങ്ങനെ പ്രസ്താവിച്ചുവെന്നാണ്: "അസ്സൗമു ലീ, (നോമ്പ് എനിക്കുവേണ്ടിയാണ്)" ഈ വസ്തു എനിക്കുവേണം എന്നതുപോലെയുള്ള അധികാരസ്വരത്തിലുള്ള ഒരു പ്രയോഗമാണത്. അത് മറ്റാര്‍ക്കും പകുത്തുകൊടുത്തുകൂടാ. നോമ്പ് ഒരു പ്രദര്‍ശന വസ്തുവാക്കേണ്ടതില്ല എന്നര്‍ത്ഥം. അങ്ങനെയാണെങ്കില്‍ പകല്‍ കുശാലായി നോമ്പുതുറയും രാത്രി നോമ്പുമാക്കിയാല്‍ മതിയായിരുന്നു.
കല്ലിനെയോ മരത്തിനെയോ പശുവിനെയോ ആരാധിക്കുന്നതു മാത്രമല്ല, ബഹുദൈവാരാധന. അല്ലാഹുവിനു മാത്രമാക്കേണ്ട ആരാധന മറ്റുള്ളവരുടെ കൈയടി വാങ്ങാന്‍ പ്രദര്‍ശന വസ്തുവാക്കുന്നതും ശിര്‍ക്ക് തന്നെയാണ്.
തികഞ്ഞ സംയമനവും അതികഠിനമായ ക്ഷമയും വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണ്. അസ്സ്വബ്‌റു നിസ്ഫുല്‍ ഈമാന്‍ (ക്ഷമ ഈമാന്റെ പകുതിയാണ്) അതില്ലാത്തവന് ഈമാന്‍ നഷ്ടപ്പെടും. ക്ഷിപ്രാകോപികളാവാതെയും ഉടന്‍പ്രതികരണവാദികളാവാതെയും ക്ഷമയോടെ കാത്തിരിക്കുക. ചിലപ്പോള്‍ ഈ കാത്തിരിപ്പ് തലമുറകളോളം നീണ്ടേക്കാം. ഈ കാത്തിരിപ്പിന് പ്രയോജമുണ്ടാവും. ഇസ്‌ലാമിന്റെ ചരിത്രം അതാണ് പറയുന്നത്. ഒരു തലമുറ വിത്തിട്ടുപോകുന്നു. അവര്‍ക്കു കൊയ്യാന്‍ യോഗമുണ്ടാകണമെന്നില്ല. അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആവും അതിന്റെ ഫലം അനുഭവിക്കാനുണ്ടാവുക. തിന്മയുടെ കാര്യത്തിലും ഇതു ശരിയാണ്. തിന്മയുടെ വിത്തിട്ടു പോയ തലമുറ ഒരു പക്ഷേ, ദുനിയാവില്‍ അതിന്റെ ശിക്ഷ അനുഭവിച്ചു എന്നു വരില്ല. വരുംതലമുറകളാവും ദുനിയാവില്‍ അതിനു കണക്കു പറയേണ്ടിവരിക.
ചരിത്രമെന്നത് ഒരു തലമുറയുടെ മാത്രം കഥയല്ല, അനേകം തലമുറകളുടെ കാല്‍വെപ്പുകളിലാണ് അതു സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അറബിയില്‍ "സീറ"യെന്നും "ആഥാര്‍" എന്നുമൊക്കെ പര്യായങ്ങളുണ്ടായത്.
പ്രവാചകന്‍ നന്മ വിതച്ചുപോവുക മാത്രമാണ് ചെയ്തത്. അതിന്റെ ഫലം കൊയ്തത് അബൂബക്കറും ഉമറും ഉഥ്മാനുമൊക്കെയാണ്. അവിടുത്തെ ജീവിതം കാവ്യഭാഷയില്‍ പറഞ്ഞാല്‍ മിക്കപ്പോഴും (25 വയസ്സു മുതല്‍ 40 വയസ്സുവരെ ഒഴികെ) ഒരു ദുരിതപര്‍വ്വമായിരുന്നു. വിവരണാദീതമായ ദാരിദ്ര്യവും പട്ടിണിയും അപമാനവും ഊരുവിലക്കും ആട്ടിയോടിക്കലും വിപ്രവാസവും വരെ അവിടുത്തെ അവസാനകാല ജീവിതത്തില്‍ നേരിടേണ്ടിവന്നു. ആ സംഭവശ്രേണികളിലേക്കുള്ള ഒരു തിരനോട്ടം സംയമനത്തിന്റെയും ക്ഷമയുടെയും വില നിങ്ങളെ ബോധ്യപ്പെടുത്തും.
ഹിജ്‌റ കഴിഞ്ഞ് ആറ് കൊല്ലങ്ങള്‍ക്കു ശേഷം നബി (സ) ഉംറയ്ക്കു വേണ്ടി മക്കത്തുവന്നു. ഹുദൈബിയയില്‍ അവരെ ശത്രുക്കള്‍ തടഞ്ഞുനിര്‍ത്തി. ഈ ദീന്‍ ഇവിടെ വിജയിക്കുമെന്ന് അല്ലാഹുവിന്റെ റസൂലിന് അറിയാമായിരുന്നു. കഅ്ബ - അല്ലാഹുവിന്റെ ഭവനം - ഇവര്‍ക്കതില്‍ ഒരധികാരവുമില്ല. നബിക്ക് അവരെ പിടിച്ചു പുറത്താക്കാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ, നബിയുടെ പെരുമാറ്റം നയതന്ത്രമര്യാദകള്‍ പ്രകാരമായിരുന്നു. അല്ലാഹുവിന്റെ കല്‍പന തിരിച്ചുപോകാനായിരുന്നു. റസൂല്‍ അത് അനുസരിക്കുകയും ചെയ്തു.
നബി അവര്‍ക്കെതിരേ നടപടിയെടുക്കുകയാണെങ്കില്‍ അവര്‍ പരാജയപ്പെടുമായിരുന്നു. ബദ്‌റില്‍ സംഭവിച്ചതുതന്നെ അവിടെയും സംഭവിക്കുമായിരുന്നു. നിങ്ങള്‍ വാള്‍ വീശിയാല്‍ മതി. അത് കൊള്ളേണ്ടിടത്ത് കൊള്ളിക്കേണ്ട ജോലി ഞാന്‍ എടുത്തോളാമെന്നാണ് അല്ലാഹു പറഞ്ഞത്. എന്നാല്‍ ഹുദൈബിയകൊണ്ട് അല്ലാഹു ഖുറൈശികള്‍ക്ക് സമ്പൂര്‍ണമായ പരാജയമാണ് വിധിച്ചത്, ഭാഗികമായ ഒന്നല്ല. അതിനു കുറച്ചുകൂടി സമയം വേണം.
മക്കയുടെ മനസ്സിന്റെ വലിയൊരു ഭാഗം ഇസ്‌ലാമിനനുകൂലമായിത്തീരേണ്ടതുണ്ട്. ഇതെല്ലാം അല്ലാഹു നബിക്ക് അറിയിച്ചുകൊടുത്ത കാര്യങ്ങളാണ്. രണ്ട് കൊല്ലം കഴിഞ്ഞ് അതേ സ്വഹാബികളുമായി നബി മക്കയില്‍ തിരിച്ചെത്തി. അവര്‍ക്കു തലയുയര്‍ത്തി നോക്കാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. നബി അവരെ ഒന്നും ചെയ്തില്ല. "പൊയ്‌ക്കോളൂ, നിങ്ങള്‍ സ്വതന്ത്രരാണ്. ഇന്ന് നിങ്ങള്‍ക്കെതിരേ ഒരു നടപടിയുമില്ല" എന്നാണ് പറഞ്ഞത്. എന്നാല്‍ കഅ്ബയില്‍ വെച്ച വിഗ്രഹങ്ങളെ പ്രവാചകന്‍ വെറുതെ വിട്ടില്ല. അവ തച്ചുടച്ചുകളഞ്ഞു കഅ്ബ പരിശുദ്ധമാക്കി. എന്നിട്ടാണ് നബി അവിടെ രണ്ട് റക്അത്ത് നമസ്‌കരിച്ചത്. "അത് ബഹുസ്വരസമൂഹമല്ലേ, അല്‍പം കൂളിങ് പീര്യഡ് നല്കാമെന്നൊന്നും നബി (സ) കരുതിയില്ല.
അതീവ ദുര്‍ബലരായി, മര്‍ദിതരായി, തങ്ങളേല്‍പ്പിച്ച മുറിപ്പാടുകളുമായി മക്ക വിട്ടുപോയ ഇക്കൂട്ടര്‍ പതിനായിരങ്ങളായി തിരിച്ചുവരുന്നത് കണ്ട് അവര്‍ അന്ധാളിച്ചുപോയി. കഴുത്തിനുമേല്‍ തല കാണില്ലെന്നു കരുതി മുട്ടുവിറച്ചു നില്‍ക്കുകയായിരുന്നു അവര്‍. കാരണം, മുമ്പ് ഹിജാസ് കീഴടക്കിയ പേര്‍ഷ്യന്‍ രാജാവ് അതാണ് ചെയ്തത്. അയാള്‍ ഒരുപാട് അറബികളെ കൊന്നൊടുക്കുകയും പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയെല്ലാം കൈ തോളില്‍ നിന്നു പിഴുതെടുക്കുകയും ചെയ്തത് അവര്‍ മറന്നിട്ടില്ല. അങ്ങനെയാണ് അയാള്‍ക്ക് "ദുല്‍ അക്താഫ്" എന്ന പേരു ലഭിച്ചത്.
അല്ലാഹുവിന്റെ തീരുമാനം മറ്റൈാന്നായിരുന്നു. അവരുടെ സാമ്രാജ്യവും സംസ്‌കാരവും തന്നെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയായിരുന്നു ആ തീരുമാനം. അതും തന്റെ അതിക്രമത്തിനിരയായ ജനതയുടെ പിന്‍തലമുറയാല്‍. അതെ, തോറ്റുപോയവരുടെയും കീഴടക്കപ്പെട്ടവരുടെയും അടിച്ചൊതുക്കപ്പെട്ടവരുടെയും കൈകളാലാണ് മിക്ക സാമ്രാജ്യങ്ങളും പില്‍ക്കാലത്ത് നശിപ്പിക്കപ്പെട്ടത്. മക്കയിലും അതു സംഭവിച്ചു. ആട്ടിയോടിക്കപ്പെട്ടവര്‍ വിജുഗീഷുകളായി തിരിച്ചുവന്നു. അവിടെയും നബി (സ) ഒരുപാട് സുന്നത്തുകള്‍ നടപ്പാക്കി: കഅ്ബയുടെ താക്കോല്‍ ഉഥ്മാനുബ്‌നു ത്വല്‍ഹ എന്നു പേരുള്ള ഒരു മുശ്‌രിക്കിന്റെ കൈവശമായിരുന്നു. അത് പിടിച്ചുവാങ്ങിയാണ് കഅ്ബ തുറന്നത്. ഉടനേ വഹ്‌യ് വന്നു: താക്കോല്‍ ഉഥ്മാനെത്തന്നെ തിരിച്ചേല്‍പിക്കണം. "ലോകാവസാനം വരെ താങ്കളും താങ്കളുടെ ഖബീലയും ഇതു സൂക്ഷിക്കുക" എന്ന ഉത്തരവോടെ നബി അതു തിരിച്ചേല്‍പിക്കുകയും ചെയ്തു. മാന്യവും നീതിയുക്തവുമായ ഈ നടപടിയാണ് ഉഥ്മാനെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്.
ഇവിടത്തെ ചുറ്റുപാടില്‍, നമ്മുടെ സംഘടനകളുടെ മദ്ഹബനുസരിച്ചു നബി താക്കോല്‍ തിരിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അത് അംഗീകരിക്കില്ലല്ലോ. ഓരോ വര്‍ഷവും ദുല്‍ഹജ്ജ് ഒന്നിന് കഅ്ബ വൃത്തിയാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഖബീലയില്‍നിന്ന് ഈ താക്കോല്‍ വാങ്ങി കഅ്ബ തുറന്നാണ് മക്കയിലെ ഭരണാധികാരിയുടെ നേതൃത്വത്തില്‍ അതു കഴുകി വൃത്തിയാക്കുക.
ശേഷം, മസ്ജിദുല്‍ ഹറാം വിശ്വാസികളുടെ മാത്രം ആരാധനാ കേന്ദ്രമായി പ്രഖ്യാപിക്കുകയും അവിശ്വാസികളെ അവിടെനിന്ന് അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു വിളമ്പരത്തോടെ അകറ്റുകയും ചെയ്തു. അത് വളരെ ചെറിയ ഒരു മേഖലയായിരുന്നു. മക്ക മുഴുവനുമായല്ല. ഒന്നേകാല്‍ ലക്ഷം ആളുകള്‍ പങ്കെടുത്ത വിടവാങ്ങല്‍ ഹജ്ജോടെ ഇസ്‌ലാം പൂര്‍ത്തിയായതായി പ്രഖ്യാപിക്കുകയും വൈകാതെ നബി (സ) വിടവാങ്ങുകയും ചെയ്തു.
ഇപ്പോള്‍ പ്രതിവര്‍ഷം 40 ലക്ഷം പേരാണ് ഹജ്ജിനു വരുന്നത്. നബി അന്ന് അവിടെ കൂടിയവരോടു പറഞ്ഞു: "എന്റെ ശബ്ദം (ഈ സന്ദേശം) കേള്‍ക്കുന്നവര്‍ അത് കേള്‍ക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ."
ഇന്ന് നാം കേള്‍ക്കുന്ന സംഘടനാബിദ്അത്തുകളൊന്നും നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തിലുണ്ടായിരുന്നില്ല. ദഅ്‌വത്തിനെ സംബന്ധിച്ച് ഈ ഒരു വാക്കേ അവിടുന്ന് പറഞ്ഞുള്ളൂ. ആ പ്രക്രിയ ഇന്നും തുടരുന്നു. അതേ തുടരാന്‍ പാടുള്ളൂ. ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. കാരണം, നയം വ്യക്തമാണ് - "ലകും ദീനുകും വലിയ ദീന്‍."
"ആയത്തുസ്സൈഫ്" ജസീറതുല്‍ അറബിലെ ശത്രുക്കളൊന്നടങ്കം സഖ്യം ചേര്‍ന്ന് ഇസ്‌ലാമിന്റെയും മുസ് ലിംകളുടെയും കഥ കഴിക്കാന്‍ തുനിഞ്ഞിറങ്ങിയതുപോലുള്ള മറ്റൊരു സാഹചര്യത്തിലേക്കുള്ളതാണ്. എന്നാല്‍, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എന്നും എവിടെയും സ്വീകാര്യമായ ദീന്‍ ഇസ്‌ലാമാണ്. "ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്‌ലാം." അതല്ലാതെ മറ്റൊന്നും അവന്‍ ദീനായി സ്വീകരിക്കുകയില്ല.
തിരിഞ്ഞുപോയവരും പിരിഞ്ഞുപോയവരും തെറ്റിപ്പിരിഞ്ഞവരും അത് ചെയ്തത് എല്ലാം തിരിഞ്ഞിട്ടാവണമെന്നില്ല. ഇത്തരം സംഘടനകളില്‍നിന്നു പുറത്തുപോയവര്‍ മൂന്നുതരമാ ണ്:
1. പുറത്താക്കപ്പെട്ടവര്‍
2. സ്ഥാനം കിട്ടാതായപ്പോള്‍ അക്കരപ്പച്ച തേടിപ്പോയവര്‍
3. ആദര്‍ശപരമായി മനസ്സിലാക്കിയതിന്റെ പേരില്‍ നേര്‍വഴി തേടിപ്പോയവര്‍.
തുടക്കത്തില്‍ തന്നെ സംഗതി തിരിഞ്ഞതിനാല്‍ പിരിഞ്ഞുപോയ ചിലരുമുണ്ട്. അവര്‍ ഇങ്ങനെ പോവുകയാണെങ്കില്‍ മൗദൂദി സാഹിബ് മിര്‍സാഗുലാമിനെപ്പോലെ അവസാനം നുബുവ്വത്തുപോലും വാദിച്ചുകളയും എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. ചിലപ്പോള്‍ നുണയായിരിക്കാം. അല്ലെങ്കില്‍ ചിലരുടെയൊക്കെ ഊഹമായിരിക്കാം. കുഞ്ഞയ്യപ്പന്മാര്‍ ഏതു പാര്‍ട്ടിയിലും നുണ പറയാനുണ്ടാവും.
താങ്കള്‍ മാത്രമല്ല, കിതാബോതാത്ത നിങ്ങളൊന്നും ഇസ്‌ലാമിനെക്കുറിച്ചു സംസാരിക്കാന്‍ പാടില്ലെന്ന് ഒരിക്കല്‍ എന്റെ സുഹൃത്തും പണ്ഡിതനുമായ അബ്ദുല്ല അമാനി മൗലവിയും എന്നോടു പറഞ്ഞു. ഞാന്‍ പറഞ്ഞു, "നിങ്ങള്‍ പറഞ്ഞ കിതാബുകളെല്ലാം പിന്നീടുണ്ടായതാണ്. ഇതൊന്നുമില്ലാതെയാണ് ആദ്യകാലത്തെ മുസ്‌ലിംകള്‍ ദീന്‍ വിശ്വസിച്ചതും പ്രചരിപ്പിച്ചതും. നബി (സ) മരിക്കുമ്പോള്‍ പോലും ടീനേജ് പ്രായം കഴിഞ്ഞിട്ടില്ലാത്ത ആയിശ (റ) യാണ് മുതിര്‍ന്ന പല പ്രമുഖ സ്വഹാബികളെയും തിരുത്തിച്ചത്. ആയിശ (റ) നിങ്ങള്‍ പറഞ്ഞ ഏതെങ്കിലും കിതാബ് കണ്ടതായോ വായിച്ചതായോ ചരിത്രത്തിലെവിടെയും ഞാന്‍ കണ്ടിട്ടില്ല."
അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ പഠിക്കുക എന്നു പറഞ്ഞാല്‍ ഉള്ളതും ഇല്ലാത്തതും തോന്നിയതും എഴുതിവെച്ച തഫ്‌സീര്‍ പഠിക്കുക എന്നായിരുന്നില്ല. ഖുര്‍ആന്‍ മനപ്പാഠമാക്കുക എന്നായിരുന്നു. മനസ്സിലാവാത്ത കാര്യങ്ങള്‍ റസൂലിനോടു ചോദിച്ചറിയും. ഈ ചോദ്യോത്തരങ്ങളും വിശദീകരണങ്ങളുമാണ് പിന്നീട് സുന്നത്ത് എന്നറിയപ്പെടുന്നത്. പ്രമാണങ്ങള്‍ ഇത്രയുമാണ്. ഇത്രയും പഠിച്ചാല്‍ മതി ഒരാള്‍ മുസ്‌ലിമാകുവാന്‍. അല്ലാതെ കിതാബോതിപ്പഠിക്കുകയൊന്നും വേണ്ട. പതിനെട്ടു തികയാത്ത ആയിശയുടെയും ബിലാലിന്റെയും അമ്മാറിന്റെയും സുഹൈബിന്റെയും സല്‍മാനുല്‍ ഫാരിസിയുടെയും ബുദ്ധിയുണ്ടായാല്‍ മതി ദീന്‍ മനസ്സിലാക്കാന്‍.
മതം ഇവര്‍ സ്വന്തം പേരുവെച്ചെഴുതിയ കിതാബുകളായി മാറുമ്പോഴാണ് പണ്ഡിതന്മാരും പുരോഹിതന്മാരും ഇടയാളന്മാരുമൊക്കെ ആവശ്യമായി വരുന്നത്. അപ്പോള്‍ ഇതു വലിയൊരു സാധ്യതയാണ്. ഇതിന്റെ ഉപവിഭാഗമായ ടിപ്പണിക്കാരും പരിഷ്‌കര്‍ത്താക്കളും കുറുക്കിയെഴുത്തുകാരും വിവര്‍ത്തകരും പിറകേ വരും. പിന്നെ ഇതെല്ലാം അച്ചടിച്ചു തുന്നിക്കെട്ടി വില്‍ക്കുന്നവര്‍ - അങ്ങനെ ഒരുപാടാളുകള്‍ക്കു മതം ഒരു ഉപജീവനമാര്‍ഗമാകും. പക്ഷേ, ഇസ്‌ലാമിന് ഈ ഗ്രന്ഥശേഖരം കൊണ്ട് ഒരു കാര്യവുമില്ല. ദീന്‍ അനുസരിച്ചു ജീവിക്കാനാണെങ്കില്‍ കിതാബോതിപ്പഠിച്ച ഇല്‍മൊന്നും ആവശ്യമില്ല. അതുകൊണ്ട് ജീവിക്കാനാണെങ്കില്‍ ഇപ്പറഞ്ഞതെല്ലാം ആവശ്യമാണ്. അവിടെ ഞാന്‍ മൗലവി അമാനിയുടെ കൂടെത്തന്നെയാണ്."
കിതാബിയായ ഇല്‍മുകൊണ്ട് എന്തു പ്രയോജനമാണ് ലോകത്തുണ്ടായത്? അതുകൊണ്ട് എവിടെയാണ് ഇസ്‌ലാം പ്രചരിച്ചത്? ലോകത്ത് ഇപ്പോള്‍ ഇസ്‌ലാമുണ്ടോ? അബൂദാബിയില്‍ കിതാബിന്റെ വല്ല കുറവുമുണ്ടോ? സൗദീ അറേബ്യയില്‍ കിതാബിന്റെയും കിതാബോതിയവരുടെയും കുറവുണ്ടായിരുന്നോ? കേരളത്തിലുള്ളതിലും വലിയ സൗകര്യങ്ങളോടെയും സ്ഥല വിസ്തൃതിയോടെയും അവിടെയൊക്കെ രാജാക്കാന്മാരുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രമുണ്ടാവുമോ? അറേബ്യന്‍ ഉപദ്വീപില്‍നിന്നു റസൂല്‍ പുറത്താക്കിയ ബഹുദൈവാരാധന വീണ്ടും തിരിച്ചെത്തുമോ?
കാലത്തിന്റെ അവസാനത്തില്‍ ഇതെല്ലാം സംഭവിക്കുമെന്നു റസൂല്‍ (സ) തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ ഇതും ഉള്‍പ്പെടും. അറേബ്യയിലേക്ക് വിഗ്രഹാരാധന തിരിച്ചുവരും. കാരണം, നഗ്നപാതരായ ഇടയന്മാര്‍ മത്സരിച്ചും അഹങ്കരിച്ചും അംബരുചുംബികള്‍ പണിയുമെന്നും നബി (സ) പ്രവചിച്ചിട്ടുണ്ടല്ലോ. അതൊക്കെ അലങ്കരിക്കാന്‍ വിവിധതരം പ്രതിമകളും ആവശ്യമാകില്ലേ? അതൊക്കെ പിന്നീട് ആരാധനാമൂര്‍ത്തികളായി മാറില്ലേ? കാലിച്ചെക്കന്മാര്‍ അംബരുചുംബികള്‍ പണിയുമെന്ന പ്രവചനം പുലര്‍ന്ന സ്ഥിതിക്ക് ഇനി ഇതെങ്ങനെയാണ് പുലരാതിരിക്കുക? അപ്രകാരമല്ലേ മതസംഘടനകളുടെയും മതമേലധ്യക്ഷന്മാരായ മൗലാനമാരുടെയും മൗലവിമാരുടെയും മദംപൊട്ടിയുള്ള പോക്ക്.
കഴിഞ്ഞ മകരവിളക്ക് ഏറ്റവും നന്നായി കവര്‍ ചെയ്തത് മാധ്യമം ദിനപത്രവും മീഡിയ വണ്‍ ചാനലുമായിരുന്നു. രണ്ടും അടിസ്ഥാനപരമായി ദീന്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ദീനീമാധ്യമ മതസ്ഥാപനങ്ങളാണ്. അന്നൊക്കെ അതിനു പിരിവെടുക്കാന്‍ വന്നവരുടെ ഭക്ക്തിയും യുക്ക്തിയും (ഭക്തിയും യുക്തിയും) ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. ഇതൊക്കെ കാണുമ്പോള്‍ അത് ഏതിനോടായിരുന്നുവെന്ന ഒരു കണ്‍ഫ്യൂഷന്‍ മാത്രമേ ഇപ്പോഴുള്ളൂ. ഇസ്‌ലാമിനോടോ, അതോ ചിലരുടെ സ്വാര്‍ത്ഥ മോഹങ്ങളോടോ? തൗഹീദിനോടാണെങ്കില്‍ ശബരി മലയിലെ ബഹുദൈവാരാധന കോടികള്‍ മുടക്കി മീഡിയ വണ്‍ ലൈവ് കാസ്റ്റ് ചെയ്യേണ്ടതില്ലല്ലോ. അപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ ചോദിക്കും: "നിങ്ങളുടെ ചാനലെന്താ ഇങ്ങനെ?"
"ഇങ്ങനെയേ പറ്റൂ" എന്നു പറയണം. അതു പറയുന്നതിനാണ് തൗഹീദ് എന്നു പറയുക. "ശബരി മലയിലെ ബഹുദൈവാരാധന ലൈവ് കാസ്റ്റ് ചെയ്താല്‍ ആകാശം ഇടിയുകയൊന്നുമില്ല. എന്നാല്‍, നിങ്ങളോടുള്ള അങ്ങേയറ്റത്തെ ഗുണകാംക്ഷകൊണ്ടാണ് അത് ലൈവ് കാസ്റ്റ് ചെയ്യാത്തത്. ബഹുദൈവാരാധന അല്ലാഹു പൊറുക്കില്ല. അതു ചെയ്യുന്നവര്‍ നരകത്തില്‍ പോകുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇത് നിങ്ങളെ ബോധ്യപ്പെടുത്താനാണ് വാര്‍ത്ത കൊടുക്കാത്തത്. അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ വിശദീകരണം തേടും. ഞങ്ങള്‍ക്കു വിശദീകരിക്കാനും കഴിയും. ഇതല്ലാതെ, നിങ്ങളോടു ഞങ്ങള്‍ക്കൊരു വിരോധവുമില്ല. ഇത്രയും വിശദീകരിച്ചുതരിക ഞങ്ങളുടെ കടമയാണ്. അതിനപ്പുറം മറ്റൊരു നടപടിയും ഞങ്ങളുടെ മതം പറഞ്ഞിട്ടില്ല."
ഭൗതികമായ ഇത്തരം ഒത്തിരി നേട്ടങ്ങളുണ്ടായിട്ടുണ്ട്. അതാണ് ഞാന്‍ അമാനി മൗലവിക്കുള്ള പ്രതികരണത്തില്‍ വ്യക്തമാക്കിയത്. മാത്രമല്ല, ഒരുപാട് നവപ്രഭുക്കന്മാര്‍ പുതിയ ഈ ദീന്‍ കൊണ്ടും പുതിയ ഈ സംഘടനകള്‍കൊണ്ടും സമീപകാലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അതൊക്കെ നിങ്ങളുടെ വീക്ഷണത്തിലും അര്‍ത്ഥത്തിലും നേട്ടം തന്നെയാണ്. എന്നാല്‍ ഇസ്‌ലാമിന് അവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.
താങ്കള്‍ സൂചിപ്പിച്ചതുപോലെ, തൊഴിലില്ലായ്മ പരിഹരിക്കാനാണെങ്കില്‍ സംഘടനകള്‍ നല്ലതു തന്നെ. ലോകമൊട്ടുക്കും നിരോധ് ഉദ്പാദിപ്പിച്ചു നല്‍കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ നിരവധിപേര്‍ ജോലി ചെയ്യുന്നു. ബിവറേജ് കോര്‍പറേഷനില്‍ പതിനായിരക്കണക്കിനു പേര്‍ ജോലി ചെയ്യുന്നു. കൊള്ളപ്പലിശ വാങ്ങുന്ന ദേശസാല്‍കൃതവും അല്ലാത്തതുമായ ബാങ്കുകളില്‍ കോടിക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്നു. ലോട്ടറി പ്രസ്സില്‍ കുറേപ്പേര്‍ ജോലി ചെയ്യുന്നു. അറബുനാടുകളിലെ ഡാന്‍സ് ബാറുകളില്‍ ലക്ഷക്കണക്കിനു സ്ത്രീകള്‍ ജോലി ചെയ്യുന്നു. ഇങ്ങനെ ഒരുപാട് ജോലിസാധ്യതകള്‍ വേറെയുമുണ്ട്.
തീര്‍ച്ചയായും ജോലിയും കൂലിയും വലിയൊരു ചര്‍ച്ചാവിഷയം തന്നെയാണ്. ഇതുകൊണ്ടാണല്ലോ സുന്നി സംഘടനകള്‍ തമ്മില്‍ ലയിക്കുന്നതിനെതിരേ നാസര്‍ ഫൈസി കൂട്ടത്തായിയുടെ കീഴില്‍ എസ്.കെ.എസ്.എസ്.എഫ് രംഗത്തുവന്നത്. തൊഴിലിന്റെ കാര്യത്തില്‍ നോക്കുമ്പോള്‍ അവരുടെ ന്യായം യുക്തിസഹവുമായിരുന്നു. "എ.പി ഉസ്താദിന്റെ കൂടെയുള്ളവര്‍ പണ്ഡിതന്മാരും കഴിവുള്ളവരുമാണ്. നമ്മുടെ കൂട്ടരോ....! അവര്‍ മേല്‍ക്കൈ നേടും. നമുക്കു തൊഴിലില്ലാതാവുകയും ചെയ്യും."
ഐക്യം വേണോ തൊഴില്‍ വേണോ എന്ന ചോദ്യത്തിനു മുമ്പില്‍ അവര്‍ എങ്ങനെ പ്രതികരിച്ചുവെന്നത് നിങ്ങള്‍ കണ്ടുകാണും. ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഔദ്യോഗിക വിദ്യാര്‍ത്ഥീ സംഘടന രൂപീകരിച്ചപ്പോള്‍ അത് അതുവരെ കൊണ്ടുനടന്ന അതിന്റെ "അപ്രഖ്യാപിത ശിശു" പുറത്തായി. സംഘടന അതിലെ അണികളോടു പറഞ്ഞു: അസ്സാബിഖൂനസ്സാബിഖൂന്‍. വേഗം വന്നവര്‍ക്കു മുന്തിയ പരിഗണന കിട്ടും. തൊഴിലും സ്ഥാപനങ്ങളുമില്ലാത്ത ആ തെണ്ടിപ്പിള്ളേരുടെ സംഘടനയില്‍ നിന്നിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാനാണ്?
എത്ര വേഗമാണ് അവര്‍ അതുവരെ പെറ്റു പോറ്റിവളര്‍ത്തിയെടുത്ത മക്കളെ തൊഴിലും തന്തയുമില്ലാത്ത തെണ്ടിപ്പിള്ളേരായി പ്രഖ്യാപിച്ചത്?
ഇപ്പോള്‍ മുജാഹിദ് പ്രസ്ഥാനങ്ങളിലും ഈ ചോദ്യം മുഴങ്ങുന്നു: "വിമത സലഫികള്‍ക്കു പള്ളികളില്ല, പള്ളികളൊക്കെ നമ്മള്‍ ഔദ്യോഗിക പക്ഷത്തിന്റെ പത്തായത്തിലാണ്. നിങ്ങള്‍ ഇതില്‍ നിന്നില്ലെങ്കില്‍ ഏതു പള്ളിയിലാണ് നിങ്ങളെ ഇമാമും മുക്രിയുമാക്കുക? ഏതു മദ്രസ്സയിലാണ് നിങ്ങള്‍ക്കു ജോലി കിട്ടുക?"
തബ്‌ലീഗ് പിളര്‍ന്നപ്പോഴും ഈ ചോദ്യമുയര്‍ന്നുകാണും: "സ്ഥാപനങ്ങളും പള്ളികളും എടത്തലക്കൈയ്യിന്റെ പിടിയിലാണ്. വിമതന്മാരുടെ കൂടെക്കൂടിയാല്‍ ഒജീനത്തിന് നിങ്ങള്‍ എവിടെപ്പോകും?"
എ.പി. സുന്നികള്‍ പിളരാതെ നില്‍ക്കുന്നതിനും ന്യായം ഇതു തന്നെയാണ്: "ഞങ്ങള്‍ സിഎം മടവൂരിന്റെയും മഖാമിന്റെയും ആളുകള്‍ തന്നെയാണ്. ആഴ്ച്ചയില്‍ രണ്ട് കറാമത്ത് കഥകള്‍ വീതം ഞങ്ങള്‍ ഇറക്കും. ഇതൊക്കെ സഹിച്ച് ഞങ്ങളുടെ കൂടെ നിന്നാല്‍ നിങ്ങള്‍ക്കു ജോലിയുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ മീന്‍കൊട്ട തലയിലേറ്റേണ്ടിവരും."
എവിടെയും ജോലിയാണ് ഐക്യത്തിന്റെയും പിളര്‍പ്പിന്റെയും മാനദണ്ഡം. ഒരിടത്തും ദീനില്ല. ദീന്‍ ഉണ്ടാവണമെന്ന് ആര്‍ക്കും നിര്‍ബന്ധവുമില്ല!
മുജാഹിദുകള്‍ ബിജെപി നേതാക്കളെ അവരുടെ "ദീനീ സമ്മേളനം" ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മാങ്ങ പറിച്ചുകാണിച്ചു കളിയാക്കി: "ക്ഷമാപണ മുസ്‌ലിംകള്‍" എന്നൊക്കെ. അതു കഴിഞ്ഞ് ഏതാനും ആഴ്ച്ചകള്‍ക്കകം അവര്‍ ഹുദൈബിയാ സന്ധിക്കുവേണ്ടി ഡല്‍ഹിക്കുപോയി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഹുസൈന്‍ മടവൂരും ഒ. അബ്ദുള്ളയും ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഒരേ അഭിപ്രായക്കാരായിരുന്നു. പക്ഷേ, അതുകൊണ്ടു നേട്ടമുണ്ടാക്കുന്നതില്‍ മടവൂര്‍ വിജയിച്ചപ്പോള്‍ ഒ. അബ്ദുള്ള പരാജയപ്പെട്ടു.
പഴയ ചോദ്യങ്ങള്‍ പുതുക്കി അവതരിപ്പിക്കുന്നതിലെ മിടുക്ക് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, ഇതൊന്നും ദീനോ അതുമായി ബന്ധപ്പെട്ടതോ അല്ല, വെറും നിലനില്‍പിന്റെയും മഈശത്തിന്റെയും കാര്യമാണ്. ഒ. അബ്ദുല്ലയുടെ ധീരതയും സ്വതന്ത്രചിന്തയും താന്‍ പോരിമയും ഞാന്‍ അംഗീകരിക്കുന്നു. അതൊന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലെന്നാണ് അറിവ്. ഇങ്ങനെ, വ്യത്യസ്തനാവുന്നതിലൂടെ അദ്ദേഹം ജീവിതത്തിലെ ഈ സായന്തനത്തിലെ പോക്കുവെയില്‍തിളക്കം നന്നായി ആസ്വദിക്കുന്നുണ്ട്. മടിയില്‍ കനമില്ലാത്ത ഒരാളായതിനാല്‍ അദ്ദേഹം ദീനിനുവേണ്ടി ചില സത്യങ്ങള്‍ മുഖം നോക്കാതെയും തരം നോക്കാതെയും തുറന്നു പറയുന്നുമുണ്ട്. മറ്റേ വ്യക്തിയെക്കുറിച്ച് അടുത്ത ബന്ധമില്ലാത്തതിനാല്‍ കൂടുതലൊന്നും അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാന്‍ കഴിയില്ല. വ്യക്തികള്‍ക്ക് - അവര്‍ ആരായാലും - ദീന്‍ കാര്യത്തില്‍ ഒന്നും പറയാനില്ല - നബി (സ) ക്കുപോലും. വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ നബി (സ) ദീനിന്റെ കാര്യത്തില്‍ സംസാരിച്ചിട്ടില്ല. വല്ലപ്പോഴും വ്യക്തിപരമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പപ്പോള്‍ അല്ലാഹു അത് തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. ദീന്‍ വളരെ ലളിതമാണ് - റസൂലില്‍നിന്ന് അത് നമുക്കു കൈമാറി വന്ന വിധം ഉപയോഗിക്കുകയാണെങ്കില്‍. പക്ഷേ, അതില്‍ കൈവെച്ചാല്‍, അതു സങ്കീര്‍ണ്ണമാകും. ദീന്‍ പരിഷ്‌കരിക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചതിന്റെ ദുര്യോഗമാണ് പാകിസ്താനിലും അഫ്ഗാനിസ്താനിലും സിറിയയിലും യമനിലുമൊക്കെ നാം കാണുന്നത്. കൂടുതല്‍ വിശദീകരിക്കുന്നില്ല. നബി (സ) യുടെ വഫാത്തിനു ശേഷം ഇനി ഒരു പ്രവാചകനില്ലാത്തതിനാല്‍ ഒരു പരിഷ്‌കരണവും ആരും ദീനില്‍ നടത്തേണ്ടതില്ല, അതിനനുവാദവുമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതു റദ്ദ് ചെയ്യേണ്ടതാണ് എന്നാണ് നബി (സ) പഠിപ്പിച്ചത്. ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട എല്ലാ ഇബാദത്തുകളും ദിക്‌റുകളും ദുആകളും നിയമങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും റസൂല്‍ നമുക്കു പഠിപ്പിച്ചുതന്നിട്ടുണ്ട്.
മര്‍ഹൂം മൗദൂദിയും മൗലാനാ ഇല്‍യാസും ശേഷം വന്ന കാക്കത്തൊള്ളായിരം സംഘടനകളും ചില പരിഷ്‌കാരങ്ങള്‍ വരുത്തിയതിന്റെ പ്രയാസങ്ങള്‍ നാമൊക്കെ നിത്യവും അനുഭവിക്കുന്നുണ്ടല്ലോ. ഹല്‍ഖ, ഫര്‍ഖ, ജോഡ്, തശ്കീല്‍, ഗസ്ത്, പൈദല്‍ ജമാഅത്ത്, മശൂറ തുടങ്ങിയ ഒരു പാടു പുതിയ കാര്യങ്ങള്‍ അവര്‍ ദീനില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് പ്ലീനം, ശിബിരം, ബൈഠക്, ബ്രാഞ്ച് കമ്മിറ്റി, പോളിറ്റ് ബ്യാറോ എന്നൊക്കെ മറ്റു പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെയല്ല. ദീനിലില്ലാത്തതായതിനാല്‍ ഇതൊന്നും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റില്ല.
ഇസ്‌ലാം ഭൂമിയില്‍ നിലനില്‍ക്കുന്നത് മനുഷ്യരെ സ്വര്‍ഗത്തിലേക്കു വിളിക്കാനാണ്. അല്ലാതെ, ഭൂമിയില്‍ സ്വര്‍ഗം പണിയാനല്ല. നബി (സ) 23 കൊല്ലം പ്രബോധനം ചെയ്ത ശേഷം പറഞ്ഞത്, "നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങളോടു ഞാന്‍ പറയാതെ വിട്ടുപോയിട്ടില്ല, നിങ്ങളെ നരകത്തില്‍ നിന്നകറ്റുന്ന ഒരു കാര്യവും നിങ്ങളെ അറിയിക്കാതെയും വിട്ടുപോയിട്ടില്ല" എന്നാണ്.
ഇവിടെ വാണിജ്യസ്ഥാപനങ്ങളോ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളോ, ഫാക്ടറികളോ പി.ജി കോഴ്‌സുകളോ തുടങ്ങുന്ന കാര്യമൊന്നും റസൂല്‍ (സ) ആരെയും പഠിപ്പിച്ചിട്ടില്ല, പ്രേരിപ്പിച്ചിട്ടുമില്ല. അതൊക്കെ മനുഷ്യര്‍ക്കു സ്വാഭാവികമായി ചയ്യാനാവുന്ന കാര്യങ്ങളാണ്. അതിനു മതമോ വഹ്‌യോ ആവശ്യമില്ല. ഇസ്‌ലാം എന്നു പറഞ്ഞാല്‍ സ്വര്‍ഗലബ്ധിക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് എന്നാണ് നാം ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. അതിന്റെ ഊന്നല്‍ പരലോകവിജയത്തിലാണ്. ഇഹലോക ജീവിതത്തിന്റെ പകിട്ടിലല്ല. പരലോകവിജയത്തിനു വേണ്ടിയാണ് ദുനിയാവില്‍ പ്രവര്‍ത്തിക്കേണ്ടത്. ഉപജീവനത്തിനാണെങ്കില്‍ അല്ലാഹു അനുവദിച്ച മേഖലകളില്‍ പ്രവര്‍ത്തിച്ച് അതും തേടാവുന്നതാണ്. ഇത് സ്വര്‍ഗത്തില്‍ വിളവെടുക്കാന്‍ വേണ്ടിയുള്ള കൃഷിയിടമാണ്. ഇവിടെ വിതയ്ക്കുക, സ്വര്‍ഗത്തില്‍ കൊയ്യുക - ഇതാണ് ദീനിന്റെ ലക്ഷ്യം. പ്രതിഫലം ദുനിയാവില്‍ കാണണമെന്നും കിട്ടണമെന്നും നിര്‍ബന്ധം പിടിക്കുന്നവരാണ് മത സംഘടനകള്‍.
നിങ്ങള്‍ക്കു ദാരിദ്ര്യത്തെ ഞാന്‍ ഭയപ്പെടുന്നില്ല, എന്നാല്‍, സമ്പന്നതയെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു എന്നാണ് നബി (സ) ദീര്‍ഘദര്‍ശനം ചെയ്തത്. വിശ്വാസികള്‍ക്ക് അതിസമ്പന്നതയൊന്നും ആവശ്യമില്ലെന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. എങ്കിലും ചിലര്‍ക്കത് ധാരാളമായി ലഭിച്ചെന്നും വരും. നന്ദിയുള്ളവരെ സംബന്ധിച്ചിടത്തോളം അതില്‍ കുഴപ്പവുമില്ല.
ഈ മതത്തെ സംബന്ധിച്ചിടത്തോളം അതില്‍ പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ അനുഷ്ഠിക്കാനോ കഴിയില്ല എന്ന് ഏതു മതസംഘടനക്കാണ് അറിയാത്തത്? അതുകൊണ്ട് അതുണ്ടാക്കിയ ആളുകള്‍ ജനങ്ങളോട് വിശദീകരണവും മറുപടിയും പറയേണ്ടതുണ്ട്. അങ്ങനെയൊന്നുണ്ടാവില്ലല്ലോ. അവര്‍ അതിനു ധാര്‍മ്മികമായി ബാധ്യസ്ഥരാണ് എന്നു സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഞാന്‍ കണ്ണൂരിലെ എടക്കാട് എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ്. 1971 വരെ കുടുംബം ആ ഗ്രാമത്തില്‍ തന്നെയായിരുന്നു. 1971 നു ശേഷം കണ്ണൂരിലേക്കു കുടിയേറി. വിവാഹം കഴിച്ചത് കുടുംബത്തില്‍നിന്നു തന്നെയാണ്. ഭാര്യാപിതാവ് കണ്ണൂരിലെ ഒരു വ്യാപാരിയാണ്. അദ്ദേഹത്തിന്റെ അധീനത്തിലുണ്ടായ ഒന്നുരണ്ട് സംഭവങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി. 1970 നും 75 നും ഇടക്കാണ്. കണ്ണൂരില്‍ താഴെത്തെരു എന്ന ഒരു സ്ഥലത്ത് ഒരു കുടുംബവീടുണ്ട്. അങ്ങോട്ടു പോകാന്‍ ഞാന്‍ കണ്ണൂരില്‍ തീവണ്ടിയിറങ്ങി പാളത്തിലൂടെ തന്നെ തെക്കോട്ടു നടന്നു. സ്‌റ്റേഷന് വളരെ അടുത്താണ് വീട്. എടക്കാട് ഗ്രാമത്തിലായിരുന്ന കാലത്തോളം പാളത്തിലൂടെ സ്‌കൂളിലേക്കും അവിടെനിന്ന് വീട്ടിലേക്കും നടക്കുക എന്റെ പതിവായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എനിക്കു തെറ്റു പറ്റിയെന്ന്. ഇത് എടക്കാട്ടെ പാളം പോലെയല്ല, ഇതു വളരെ ഉയരത്തിലാണ്. വീടുകളൊക്കെ വളരേ താഴെയായിട്ടാണ് കാണുന്നത്. ഈ റെയിലിനല്ലാതെ അവിടെ വേറെയൊന്നിനും സ്ഥലവുമില്ല. ഏറെ റിസ്‌കെടുത്താണ് ഞാന്‍ ലക്ഷ്യത്തിലെത്തിയത്.
താവക്കരയിലെത്തിയപ്പോള്‍ ഒരു സ്ത്രീ എന്നെക്കണ്ട് "ഹാജിക്കാ, ഹാജിക്കാ!" എന്നു വിളിച്ചു. എന്നെ അറിയുന്ന ഏതു സ്ത്രീയാണ് ഇവിടെയുള്ളത്? ഈ സ്ഥലവുമായി എനിക്കൊരു ബന്ധവുമില്ല. അവര്‍ വളരെ സാഹസപ്പെട്ട് പാളത്തിന്റെ മുകളിലേക്കു വന്നു. "ഹാജിക്കാ, നിങ്ങളെപ്പോലത്തെ നാലഞ്ചാളുകള്‍ വന്നിട്ടാണ് എന്റെ കുട്ടികളുടെ ഉപ്പാനെ കൂട്ടിക്കൊണ്ടുപോയത്. ഓര്‍ക്ക് കാംബസാറില് അരിക്കടയില്‍ കൈവണ്ടിയില്‍ ഗുദാമില്‍ നിന്നു കടയിലേക്ക് അരികൊണ്ടുപോകുന്ന ജോലിയാണ്. അങ്ങനെ അരി കൊണ്ടുപോകുന്നതിനിടക്ക് നിങ്ങളെപ്പോലത്തെ നാലഞ്ചാളുകള്‍ വളഞ്ഞുവെച്ച് എന്തെല്ലാമോ പറഞ്ഞ് ആളെംകൂട്ടിയിട്ട് പോയി. അഞ്ചാറു ദിവസമായി ഒരു വിവരവുമില്ല. ഞാനും മക്കളും പട്ടിണി കിടക്കുകയാണ്. ജീവിക്കാനൊരു വഴിയുമില്ല."
ഞാന്‍ ഞെട്ടിപ്പോയി. എന്തൊരക്രമമാണ് അവരീ പാവംപിടിച്ച കൂടുംബത്തോട് ചെയ്തത്. ഞാന്‍ പറഞ്ഞു, "ഇത്താ, ഞാന്‍ നിങ്ങള്‍ വിചാരിച്ച കൂട്ടത്തില്‍ പെട്ട ആളല്ല, ഞാന്‍ ഈ താടി വളര്‍ത്തിയത് കണ്ടിട്ട് കാര്യമില്ല. ഈ തോര്‍ത്ത് ഞാന്‍ തലയില്‍ കെട്ടിയത് വെയ്‌ലായതുകൊണ്ടാണ്. മറ്റു കാര്യങ്ങളൊന്നും എനിക്കറിയില്ല. ഒരു പത്തുരൂപ ഞാന്‍ ഹദ്‌യ തരാം. കൂട്ടികളെ പട്ടിണിക്കിടേണ്ട" എന്നു പറഞ്ഞു.
അതും കഴിഞ്ഞു പിന്നെയും മുന്നോട്ടു നടക്കുമ്പോള്‍ റസൂല്‍ (സ) യുടെ ജീവിതത്തിലെ ഒരു സംഭവം ഓര്‍മ്മ വന്നു: നബിയുടെ മാതൃക ഇതല്ലല്ലോ. പള്ളിയുടെ ഒരു മൂലയില്‍ ഒരു ചെറുപ്പക്കാരന്‍ വളരെ എളിമയോടെയും ഭക്തിയോടെയും ദിക്ര്‍ - ദുആകള്‍ ചൊല്ലിക്കൊണ്ടേയിരിക്കുന്നു. സുബ്ഹി മുതല്‍ തുടങ്ങിയതാണ്, ളുഹ്‌റായിട്ടും നിര്‍ത്തിയിട്ടില്ല. ളുഹ്‌റിനു പള്ളിയിലെത്തിയ റസൂല്‍ (സ) ഇതുകണ്ട് അദ്ദേഹത്തെ അടുത്തേക്കു വിളിച്ചു, "താങ്കള്‍ എന്താണിവിടെ ചെയ്യുന്നത്?"
"ഞാന്‍ ഇബാദത്തിലാണ്. ദിക്ര്‍ - ദുആകള്‍ ചൊല്ലിയിരിക്കുകയാണ്. താങ്കള്‍ക്കു കുടുംബമില്ലേ?"
"ഉണ്ട്. അവരെവിടെ ഇന്ന സ്ഥലത്താണ്." അകലെയല്ലാത്ത ഒരു സ്ഥലത്തിന്റെ പേരുപറഞ്ഞു. "അവിടെയന്റെ ഭാര്യയും മക്കളുമുണ്ട്." "അവരെന്ത് ചെയ്യുന്നു?"
"അവിടെ പട്ടിണി കിടക്കുന്നു... എനിക്കു ജോലിയൊന്നുമില്ല. വരുമാനവുമില്ല. അതുകൊണ്ടാണ് ഞാനിവിടെ വന്ന് ദിക്ര്‍ - ദുആകള്‍ ചൊല്ലിയിരിക്കുന്നത്."
ഇതു കേട്ടപ്പോള്‍ നബി (സ) ക്കു കോപം വരികയും അദ്ദേഹത്തോടു പുറത്തിറങ്ങാന്‍ പറയുകയും ചെയ്തു, "കാട്ടില്‍ പോയി വിറക് വെട്ടിക്കൊണ്ടുവന്ന് ചന്തയില്‍ വില്‍ക്ക്. അതില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ സംരക്ഷിക്ക്. ഇനി ഒരു മാസത്തേക്ക് താങ്കളെ ഈ പള്ളിയില്‍ കണ്ടുപോകരുത്."
ഇങ്ങനെ, "ഒരു കൊല്ലത്തേക്ക് പള്ളിയില്‍ കണ്ടുപോകരുത്" എന്നു പറയപ്പെടേണ്ട ആളുകളെയാണ് അവര്‍ 40 ദിവസത്തെ ജമാഅത്തിനു തട്ടിക്കൊണ്ടുപോകുന്നത്!
ഇതാണ് വിശ്വാസികളുടെ കാര്യത്തില്‍ പ്രവാചകന്‍ (സ) കൈക്കൊണ്ട നയം. ഇതാണ് പ്രവാചകന്റെ പ്രബോധന ശൈലി. അമിതമായി ദുനിയാവും പാടില്ല, ആരാധനയും പാടില്ല. ഇവിടെ പ്രവാചകന്റെ അനന്തരവനായി വന്ന മൗലാന ആകെയുള്ള ഉപജീവന മാര്‍ഗമായ കൈവണ്ടി വലിച്ചെറിഞ്ഞ് സ്വര്‍ഗം തരാമെന്നു പറഞ്ഞ് 14 ദിവസത്തെ ജമാഅത്തിനു പുറപ്പെടാനാണ് ആ പാവത്തോടു പറഞ്ഞത്. അയാള്‍ക്കൊരു കുടുംബമുണ്ട്, മക്കളുണ്ട്, ഭാര്യയുണ്ട് - ഇതൊന്നും അവര്‍ക്കു പ്രശ്‌നമല്ല. ഇവരെയെല്ലാം പട്ടിക്കും പെരുച്ചാഴിക്കും വിട്ട് ഇവര്‍ നാലു ദിവസത്തേക്കും 40 ദിവസത്തേക്കും നാലു മാസത്തേക്കും "ദീനിന്റെ" മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടാന്‍ നിര്‍ബന്ധിക്കുകയാണ്!
ഇതിനെന്ത് അടിസ്ഥാനമാണ് നബിചര്യയിലുള്ളത്? ഇതെങ്ങനെ അല്ലാഹു റസൂലിലൂടെ മനുഷ്യര്‍ക്കെത്തിച്ചുകൊടുത്ത ദീനിന്റെ ഭാഗമായി കണക്കാക്കാന്‍ കഴിയുക? യോഗി ആദിത്യനാഥോ അമിത് ഷായോ മറ്റൊ ഇതിനെ മറ്റൊരു നിലക്ക് വ്യാഖ്യാനിച്ചാല്‍ നമുക്കെന്താണ് മറുപടി പറയാന്‍ കഴിയുക? ആരാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്വമേറ്റെടുക്കുക?
അതുപോലെ ഒരു ദിവസം ഞാന്‍ കണ്ണൂര്‍ ടൗണില്‍ പോയപ്പോള്‍ എന്റെ അമ്മോശന്‍കാക്കായുടെ കടയിലും ഒന്നു കയറി. 24മണിക്കൂറും തിരക്കുള്ള ഒരു കടയാണ്. മുമ്പ് ഒന്നുരണ്ടുതവണ പോയപ്പോള്‍ വേണ്ടപോലെ എന്നെ ശ്രദ്ധിക്കാനൊന്നും അവര്‍ക്കു കഴിഞ്ഞില്ല. അത്രയും തിരക്കായിരുന്നു. മൂപ്പരുടെ അനുജനാണ് ക്യാഷിലിരിക്കുന്നത്. ഒരു ഡല്‍ഹിക്കാരന്‍ വന്ന് ഉര്‍ദുവിലോ ഹിന്ദിയിലോ നന്നായി വഴക്കു പറയുന്നുണ്ട്.
ക്യാഷിലിരിക്കുന്നയാള്‍ക്ക് ഭാഷയൊന്നും അറിയില്ല. അയാള്‍ ഒന്നും തിരിച്ചുപറയാനറിയാതെ വിഷണ്ണനായിരിക്കുകയാണ്. ഞാന്‍ ചോദിച്ചു, "എന്താണ് കാര്യം?"
അയാള്‍ സങ്കടത്തോടെ പറഞ്ഞു, "ഞാന്‍ എന്താണ് പറയുക. ഇയാള്‍ പറയുന്നതെന്താണെന്ന് എനിക്കു തിരിയുന്നില്ല. മൂപ്പര് ഒന്നും പറയാണ്ട് എങ്ങോട്ടോ പോയിട്ട് അഞ്ചുദിവസമായി. ഇയാള്‍ ഡല്‍ഹിയില്‍നിന്നു വന്നതാണ്...ഇയാള്‍ക്കു കൊടുക്കേണ്ട കുറച്ചു കുടിശ്ശികയുണ്ട്. എന്നെയൊന്നും ഏല്‍പിച്ചിട്ടില്ല. കണക്കും തന്നിട്ടില്ല. ഞാനിപ്പെന്താ ചെയ്യേണ്ടത്?"
കൃത്യമായ ഇടപാടുകള്‍ തീര്‍ക്കുന്ന ശീലക്കാരാണ് അമ്മോശന്‍കാക്കായും ഇയാളും. പക്ഷേ, ഇങ്ങനെ സംഭവിച്ചുപോയി!
"ഹാജിക്കാനെ ഞാന്‍ തളിപ്പറമ്പിലെ പള്ളിക്കുളത്തില്‍ കണ്ടല്ലോ" എന്നു ചരക്കെടുക്കാന്‍ വന്ന ഒരു കസ്റ്റമര്‍ പറഞ്ഞു. അപ്പോള്‍ ആരോ പറഞ്ഞു, "അത് ജമാഅത്തില്‍ പോയതാണ്. തളിപ്പറമ്പു പള്ളിയിലാണ് ഇപ്പോള്‍ ജമാഅത്തുള്ളത്."
വന്നയാള്‍ക്ക് പള്ളിക്കുളവും ജമാഅത്തുമൊന്നും അറിഞ്ഞുകൂടാ. അയാള്‍ ചോദിച്ചു, "എന്താണുണ്ടായത്?" സംഗതി വിവരിച്ചുകൊടുത്തപ്പോള്‍ അയാള്‍ പ്രതികരിച്ചു,"തുമാരാ ഭായി ജന്നത്ത് മെ ഗയാ, ഔര്‍ മുഝ്കു ജഹന്നം മേ ജാനേകൊ ബോല്‍ദിയാ...മേം ക്യാ കരോംഗാ?" (നിന്റെ ഭായി സ്വര്‍ഗത്തിലേക്കു പോയി. ഞാന്‍ നരകത്തില്‍ പോയ്‌ക്കോട്ടെ എന്നു പറഞ്ഞാണോ എന്നെ ഇവിടെ നിര്‍ത്തിയത്....?)
ജീവനക്കാരില്‍ ഒരാള്‍ അയാളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു, "നിങ്ങള്‍ പ്രയാസപ്പെടേണ്ട. മൂപ്പര് വന്നാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ഇടപാട് തീര്‍ത്തുതരാം."
എന്തൊരു തോന്ന്യാസമാണ് ഇതൊക്കെ. അന്യജനങ്ങളുമായുള്ള ഹഖ്ഖിടപാട് തീര്‍ക്കാതെ മറ്റുള്ളവരെ നന്നാക്കാന്‍ നടക്കുക. ആളുകള്‍ ഇതൊക്കെ ഇസ്‌ലാമിന്റെയും റസൂലിന്റെയും കണക്കിലല്ലേ എഴുതുക?
മൂന്നാമത്തെ സമാനമായ സംഭവവും അതേ സ്ഥാപനത്തില്‍ തന്നെയാണ്. അയാളുടെ മകന്‍ ആ കടയിലിരിക്കുമ്പോള്‍ ഇതുപൊലത്തെ കുറേ ആളുകള്‍ വന്ന് അവനെ ദീനിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കാനായി കൂട്ടിക്കൊണ്ടുപോയി. പ്രായം ഇരുപതില്‍ താഴെ മാത്രമാണ്. അവനെ കൊണ്ടുപോയത് കാഞ്ഞിരമറ്റത്തെവിടെയോ ഉള്ള ഒരു പള്ളിയിലേക്കാണ്. ആദ്യമായിട്ടു ജമാഅത്തിനു പോവുകയാണ്. കാര്യമായി കാശൊന്നും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതായി. കാശ് തീര്‍ന്നെന്ന് ജമാഅത്തിനു കൊണ്ടുപോയ ആളോടു പറഞ്ഞപ്പോള്‍ അമീര്‍ അവനു വിശദീകരിച്ചുകൊടുത്തു, "ഓരോരുത്തരും അവരവരുടെ ചെലവു വഹിക്കണമെന്നാണ് ജമാഅത്തില്‍ നിയമം. ഒരാളും മറ്റൊരാളുടെ ചെലവു വഹിക്കുകയില്ല. ലാ തസിറു വാസിറതുന്‍ വിസ്‌റ ഉഖ്‌റാ."
എന്നാല്‍, ഈ ശര്‍ത്വ് ഈ വിഡ്ഡികള്‍ കുട്ടിയോട് പുറപ്പെടുമ്പോള്‍ തന്നെ പറയേണ്ടതായിരുന്നില്ലേ. മൂന്നാംപക്കം വിശപ്പുകൊണ്ട് കണ്ണുകാണാതായി. ആരോടൊക്കെയോ ബസ് ചാര്‍ജ്ജ് സംഘടിപ്പിച്ച് എറണാകുളത്ത് അവന്റെ ഇത്താത്തയുടെ അടുത്തുവന്നു. ഇത്താത്ത വയറ് നിറച്ചു ഭക്ഷണം കഴിപ്പിച്ച് നാട്ടിലേക്കു പോകാനുള്ള ട്രെയ്ന്‍ ചാര്‍ജ്ജും നല്‍കി പറഞ്ഞയച്ചു. എന്നെ അറിയിച്ചതൊന്നുമില്ല. ഇതൊക്കെ പിന്നീടാണ് ഞാന്‍ അറിഞ്ഞത്.
ഇവരുടെ പ്രബോധന ശൈലിയെക്കുറിച്ചൊക്കെ എന്റെ രണ്ടാമത്തെ പുസ്തകത്തില്‍ വിവരിച്ചതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇവരോടു നബി (സ) പറഞ്ഞതോ? "എന്റെ സമൂഹമേ, രണ്ട് കാര്യം നിങ്ങളില്‍ വിട്ടേച്ചാണു ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ കലാമും എന്റെ ചര്യയും. ഇതു മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴക്കുകയില്ല."
അതായത്, ഒന്നിനെയും ഭയക്കേണ്ടിവരില്ല. മാന്യമായ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യും.
മാതാപിതാക്കളെയും കുടുംബത്തെയും വഴിയാധാരമാക്കി നാല്പതു ദിവസമോ നാലുമാസമോ പുറപ്പെടണമെന്നൊന്നും നബി (സ) പഠിപ്പിച്ചിട്ടില്ല. എല്ലാം കെട്ടിച്ചമച്ചതാണ്. ശുദ്ധ ബിദ്അത്ത്. അങ്ങനെയാണെങ്കില്‍ റസൂല്‍ (സ) ആയിശ (റ) യോടു നബിയുടെ ആരാധനാ രീതികളെക്കുറിച്ചാരാഞ്ഞ ആ മൂന്നു യുവാക്കളെ തിരിച്ചു വിളിച്ചു ഗുണദോഷിക്കുമായിരുന്നോ? അവര്‍ സ്വന്തം ജീവിതത്തില്‍ വരുത്താന്‍ പോകുന്ന "ഇസ്വ്‌ലാഹി"നെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇവരെപ്പോലെ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഒന്നും അവര്‍ പറഞ്ഞിട്ടില്ല, ചെയ്തിട്ടുമില്ല. എന്നിട്ടും നബി (സ) അതു കര്‍ശനമായി, മാതൃകാപരമായി വിലക്കുകയാണ് ചെയ്തത്.
20 കൊല്ലം മുമ്പുണ്ടായിരുന്ന പാര്‍ട്ടിയും ഇന്നത്തെ പാര്‍ട്ടിയും തമ്മിലുള്ള അന്തരം കണ്ടാല്‍ ആരാണ് മൂക്കത്ത് വിരല്‍ വെക്കാതിരിക്കുക. റബ്ബേ, ഇതെന്തൊരധപ്പതനമാണ്! ഇവര്‍ക്കെന്താണ് പറ്റിയത്!
മക്ക കീഴടക്കി മദീനയിലെത്തിയ പ്രവാചകന്‍ (സ) പള്ളിയില്‍ ചിന്താമഗ്നനായി ഇരിക്കുമ്പോള്‍ അനുയായികള്‍ വന്നു ചോദിച്ചു, "അല്ലാഹുവിന്റെ റസൂലേ എന്താണ് അവിടുത്തെ ബാധിച്ച ദു:ഖം?" റസൂല്‍ (സ) പറഞ്ഞു, "യമനില്‍ ഇന്ന സ്ഥലത്ത് ഒരു മരക്കൂട്ടമുണ്ട്. അതിനുള്ളില്‍ ഒരു മന്ദിരമുണ്ട്. ഒരു കറുത്ത നായ അതിനു കാവല്‍ നില്‍ക്കുന്നു. അതിനെ കൊല്ലണം. ആ മന്ദിരത്തിനുള്ളില്‍ തലയില്‍ പൂഴി വാരിയിടുന്ന, മുടി ജടകെട്ടിയ ഒരു സ്ത്രീയെ കാണാം. അവളാണ് അല്ലാത്ത്. അവളെ കൊല്ലണം. അവിടെയുള്ളതെല്ലാം തകര്‍ത്തു കളയണം..." മുതിര്‍ന്ന ഒരു സ്വഹാബിയുടെ നേതൃത്വത്തില്‍ കുറച്ചു ചെറുപ്പക്കാരെ അതിനായി നിയോഗിക്കുകയും അവര്‍ ആ കൃത്യം നിര്‍വഹിച്ചു തിരിച്ചുവരികയും ചെയ്തപ്പോള്‍ നബിയുടെ മുഖം പ്രസന്നമായി.
ആ നബിയുടെ ആളുകളാണിപ്പോള്‍ ശബരി മലയിലെയും ഗുരുവായൂരിലെയും പൂജാ വിധികള്‍ ലൈവ് കാസ്റ്റ് ചെയ്യുന്നത്. മറ്റു ചാനലനുകളൊന്നും കാണിക്കാത്തത്ര ആവേശമാണ് അവര്‍ക്ക് ഇത്തരം കാര്യത്തില്‍. മനോരമയുടെയോ മാതൃഭൂമിയുടെയോ ചാനലിലോ പത്രത്തിലോ നിങ്ങള്‍ക്ക് ഈ ആവേശം കാണാന്‍ കഴിയില്ല. ശിര്‍ക്കിനോടുള്ള ഈ മമത അവരുടെ ഉള്ളില്‍നിന്നു വരുന്നതാണ്. അല്ലെങ്കില്‍ "ഭക്തിസാന്ദ്രമായ പശ്ചാത്തലവും ആത്മീയ തേജസ്സു"മൊന്നും അവരുടെ പദാവലിയില്‍ വരില്ലായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്‌തോളൂ. പക്ഷേ, ജനം ടി.വിയിലില്ലാത്തതിനെക്കാള്‍ വലിയ ഈ അതിഭാവുകത്വ വാക്കുകള്‍കൊണ്ടുള്ള ആത്മാര്‍ത്ഥമായ ഈ ഡെക്കറേഷന്‍ വേണമായിരുന്നോ?
പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ ന്യായീകരണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഒ. അബ്ദുര്‍റഹ്മാന്‍ ഒന്നാന്തരം "മൗലവി" കൂടിയാണ്. ശാന്തപുരത്തു പഠിച്ചതുപോരാഞ്ഞ് ഖത്തറിലും മറ്റും പഠിപ്പുതികച്ച് തിരിച്ചെത്തിയാണ് സംഘടനയുടെ പ്രധാന കുഞ്ഞയ്യപ്പനായത്. തന്നെ ഏല്‍പിച്ച ഓരോ കര്‍സേവയും സര്‍ജിക്കല്‍ സ്‌ട്രൈക്കും നൂറു ശതമാനം പ്രതിബദ്ധതയോടെ ചെയ്തു തീര്‍ക്കാറുള്ള ഈ നേര്‍ച്ചക്കോഴിയുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കാതിരുന്നുകൂടാ. ഒപ്പം ഇത്തരം അരുതാത്തതെല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതിരിക്കാന്‍ പോന്ന ഉളുപ്പില്ലായ്മയും. നഊദു ബില്ലാഹ്!
ഇതാണ് മക്കളേ, ആഖിറത്തിനെയും അല്ലാഹുവിനെയും വിട്ട് ദുനിയാവ് ആഗ്രഹിച്ചുപോയാല്‍ സംഭവിക്കുക.
എന്നിട്ടെന്ത്? ആരെങ്കിലും നിങ്ങളെ വിശ്വസിക്കുമോ? പത്ത് വോട്ടുപോലും ഗുരുവായൂര്‍ ഭക്തന്മാരോ ശബരിമല സ്വാമിമാരോ നിങ്ങള്‍ക്കു ചെയ്യില്ല. കാരണം, അവര്‍ക്കു നിങ്ങളെ നന്നായറിയാം. ഏതു വേഷത്തില്‍ ഭസ്മക്കുറി തൊട്ടു നൊയമ്പുനോറ്റു പത്ത് മീറ്റര്‍ കാഷായച്ചരടു കൈത്തണ്ടയിലും കഴുത്തിലും അരയിലും ചുറ്റിക്കെട്ടി ചെന്നാലും അവര്‍ക്ക് കപടന്മാരെ കപടന്മാരായി തന്നെ തിരിച്ചറിയാന്‍ കഴിയും.
എന്നാല്‍ സാധാരണ അണികള്‍ കരുതും: "ഇവരും നമ്മെപ്പോലെ തന്നെയാണല്ലേ, നമ്മുടെ ദൈവത്തെ ഇവരും ആരാധിക്കുന്നുണ്ടല്ലേ, കൂട്ടത്തില്‍ അല്ലാഹു എന്ന ഒരു മൂര്‍ത്തിയെയും അവര്‍ ആരാധിക്കുന്നു എന്നു മാത്രം. തോണി മറിയാന്‍ പോകുമ്പോഴും ബോട്ട് മുങ്ങുമ്പോഴും പല ദൈവങ്ങളെയും വിളിച്ചുകേഴുന്ന കൂട്ടത്തില്‍ നമ്മളും അല്ലാഹുവിനെ വിളിച്ചുനോക്കാറുണ്ടല്ലോ. അതിനാല്‍ ഇവരും നമ്മളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവര്‍ തുണി ഇടത്തോട്ടുടുക്കുന്നു. നമ്മള്‍ വലത്തോട്ടും. എല്ലാവരും പാന്റസ് ഇടാന്‍ തുടങ്ങിയപ്പോള്‍ ആ വ്യത്യാസവും ഇല്ലാതായി. പരിപൂര്‍ണമായി ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ട ഈ മേത്തന്മാരെ ഇനി നമ്മള്‍ എന്തിന്റെ പേരിലാണ് എതിര്‍ക്കുക?" ആരും അങ്ങനെ കരുതില്ല. അവരും പൊട്ടന്മാരല്ല.
ഇതിന് പഴയ ജമാഅത്തുകാരെയൊന്നും ആക്ഷേപിക്കാന്‍ ഞാന്‍ തയ്യാറല്ല, കാരണം, എന്നെക്കാളും എന്തുകൊണ്ടും നല്ലവരായിരുന്നു അവര്‍. അങ്ങേയറ്റത്തെ ബഹുമാനത്തോടെയാണ് ഞാന്‍ അവരോടു പെരുമാറിയിരുന്നത്. പക്ഷേ, ആദമിനെ വഴിതെറ്റിച്ചതുപോലെ, ഇബ്‌ലീസ് ചിലരെ വഴി തെറ്റിച്ചു. ആദം അല്ലാഹുവിന്റെ റസൂലും നബിയുമായതുകൊണ്ട് അത് അദ്ദേഹത്തിന് വളരെവേഗം മനസ്സിലായി. കൂടാതെ അല്ലാഹു അദ്ദേഹത്തിനും സഹധര്‍മ്മിണിക്കും കടുത്ത മുന്നറിയിപ്പും ചെറിയൊരു ശിക്ഷയും നല്‍കുകയും ചെയ്തു. രണ്ടുപേരെയും സ്വര്‍ഗത്തില്‍നിന്നു കുറച്ചു കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു.
പക്ഷേ, ബിദ്അത്ത് ചെയ്തവര്‍ക്ക് ഈ തൗബയുണ്ടാവില്ല. അവരുടെ ധാരണ അവരുടെ വഴി നേര്‍വഴിയും പരിശ്രമം ദീനിന്റെ വഴിക്കുമാണെന്നായിരിക്കും. അതിനാല്‍ തൗബയെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയില്ല.
മുഹമ്മദ് നബിയുടെ ആദ്യകാല അനുയായികളും അങ്ങനെ തന്നെയാണ് ഇതു മനസ്സിലാക്കിയത്. അബൂബക്കര്‍ (റ) പറഞ്ഞു, "റസൂലിന്റെ ചര്യയില്‍നിന്ന് ഞാന്‍ അണുഇട തെറ്റിയാല്‍ - ഏതു ഭൂമിയാണ് എന്നെ താങ്ങിനിര്‍ത്തുക? ഏത് ആകാശമാണ് എനിക്കു തണല്‍ നല്‍കുക?"
റസൂല്‍ (സ) നടത്തിയതുപോലെയാണ് ദഅ്‌വത്ത് നടത്തേണ്ടത്. അവര്‍ക്ക് ആകെ നമുക്ക് പറഞ്ഞുകൊടുക്കാനുള്ളത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്കാണ്. അറബി തിരിയാത്തതുകൊണ്ട് അല്‍പം വിശദീകരിച്ചുകൊടുക്കുക. നബി നാലുമണിക്കൂറും ആറ് മണിക്കൂറുമൊന്നും വഅള് പറഞ്ഞിട്ടല്ല ആളുകളെ ദീനില്‍ ചേര്‍ത്തത്. അവിടുന്ന് പത്തുമിനുട്ടില്‍ കൂടുതല്‍ ഒരു പ്രഭാഷണവും നടത്തിയിട്ടില്ല. അവിടുത്തെ ശിഷ്യന്‍ അലി (റ) പറഞ്ഞു, "ശ്രോദ്ധാവിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളേ സാധാരണക്കാരോട് നിങ്ങള്‍ പറയാവൂ."
ഉദാഹരണമായി, മാവൂര്‍ റോഡില്‍ ഒരു ഹിറാസെന്ററുണ്ട്. അതുണ്ടായതുകൊണ്ട് ദീനിന് എന്തെങ്കിലും മെച്ചമുണ്ടായിട്ടുണ്ടോ? അതില്ലെങ്കില്‍ ദീന്‍ ഇല്ലാതാവുമോ? 1400 കൊല്ലമായി തകരാത്ത ദീനിനെ ഇവരാണോ താങ്ങിനിര്‍ത്തുന്നത്? ചിലപ്പോള്‍ ചില കാലങ്ങളില്‍ അല്‍പം മങ്ങലൊക്കെ സംഭവിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അല്ലാഹു ഇടപെട്ട് അതു പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ച കാലം ദീന്‍ ഇങ്ങനെ തന്നെ മുന്നോട്ടുപോകും - ഹിറാസെന്ററും മുജാഹിദ് സെന്ററും തബ്‌ലീഗ് മര്‍കസും കാരന്തൂര്‍ മര്‍കസും ചേളാരി യുഗവുമൊക്കെ വൈകാതെ ഇല്ലാതാവും. പക്ഷേ, ദീന്‍ ഇല്ലാതാവില്ല. അത് അല്ലാഹുവിന്റെ സംരക്ഷണയിലാണ്. അവനാണ് അതിന്റെ സംരക്ഷകന്‍.
1975 ല്‍ ഇന്ദിരാഗാന്ധി അവരുടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലീസ് എന്നെയും പിടിച്ചുകൊണ്ടുപോയി. എറണാകുളം പോലീസ് കമ്മീഷ്ണറുടെ ഓഫിസിലേക്കാണ് എന്നെ കൊണ്ടുപോയത്. കമ്മീഷ്ണര്‍ അയാളുടെ ക്യാബിനിലിരുത്തി എന്നോടു ചോദിച്ചു, "പറയൂ ഹാജീ, എന്താണ് നിങ്ങളുടെ നിലപാട്?"
"എന്ത് നിലപാട്, സര്‍? ഒരു നിലപാടുമില്ല."
"പിന്നെ എന്തിനാണ് ഇവിടെ വന്നത്?"
"അയ്യോ, ഞാന്‍ വന്നതല്ലല്ലോ, പോലീസ് പിടിച്ചുകൊണ്ടുവന്നതാണ്. അവര്‍ പിടിച്ചുകൊണ്ടുവന്നത് എന്തിനാണെന്നറിയില്ല. ഞാന്‍ കമ്പോളത്തില്‍ നാലു കടകള്‍ തുറന്നു കച്ചവടം ചെയ്യുന്നയാളാണ്. എനിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതലൊന്നും അറിയാനുള്ള സാഹചര്യമോ അവസരമോ കിട്ടിയിട്ടില്ല."
"പാര്‍ട്ടിയുമായി എന്താണ് നിങ്ങളുടെ ബന്ധം? മറ്റുകാര്യങ്ങളൊന്നും പറഞ്ഞ് സമയം കളയരുത്."
"ഒരു ബന്ധവുമില്ല. ഞാന്‍ പാര്‍ട്ടിയുടെ ആരുമല്ല. പക്ഷേ, ഈ ആളുകള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രബോധനം ചെയ്യുന്നവരായതിനാല്‍ ഇവര്‍ക്കു സേവനം ചെയ്താല്‍ സ്വര്‍ഗം കിട്ടുമെന്നാണ് ഞങ്ങളുടെയൊക്കെ വിശ്വാസം. ആളുകളെ സ്വര്‍ഗത്തിലേക്കു നയിക്കുന്ന നല്ല മനുഷ്യരായ അവര്‍ക്കു സേവനം ചെയ്യുന്നത് പുണ്യകര്‍മ്മമാണ്. പുണ്യം കിട്ടുമെന്ന ഈ വിശ്വാസത്തില്‍ അവര്‍ക്കെല്ലാ സഹായവും ചെയ്തു കൊടുക്കാറുണ്ട്."
"ഹാജീ, ഈ ലിസ്റ്റില്‍ 21 പേരാണുള്ളത്. അതില്‍ ഒന്നാമത് ഹാജിയാണ്."
"സര്‍, അത് ഞാന്‍ എഴുതിയതല്ല, എന്റെ പേര് എങ്ങനെയാണ് അതില്‍ വന്നതെന്ന് എനിക്കറിയില്ല. ഇതാണ് എന്റെ നിലപാട്. പാര്‍ട്ടിയില്‍ ഞാന്‍ ആരുമല്ല. ഞാന്‍ അതിന്റെ അംഗമോ നിര്‍വാഹകനോ ഒന്നുമല്ല."
അവസാനം അവരെന്നെ വരാന്തയുടെ അറ്റത്ത് കൊണ്ടുപോയി ഇരുത്തി.
അന്നൊക്കെയുള്ള പാര്‍ട്ടിയെക്കുറിച്ചാണെങ്കില്‍, ഒരാക്ഷേപവും എനിക്കു പറയാനില്ല. പക്ഷേ, ഇസ്‌ലാമില്‍ ഇതെന്നല്ല, ഇതുപോലുള്ള യാതൊന്നും ഉണ്ടാവേണ്ടതില്ലല്ലോ.
എന്തായാലും ഞാന്‍ ആരെയും ഒറ്റു കൊടുത്തിട്ടില്ല. അതെന്റെ സ്വഭാവവുമല്ല. അവര്‍ ഇ.ഡിക്കു കൊടുത്ത ഊമക്കത്ത് ഇ.ഡി. യുടെ അസി. ഡയരക്ടര്‍ എനിക്കു കാണിച്ചു തന്നിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. അതിന്റെ പേരില്‍ എനിക്കു സമന്‍സ് വരികയും ഞാന്‍ ഹാജരാവുകയും ചെയ്തു. അല്ലാഹുവിന്റെ കൃപയാല്‍ ഒന്നുമുണ്ടായില്ല.
ഞാന്‍ ആരെക്കുറിച്ചും അത്തരമൊരാരോപണവും ഉന്നയിച്ചിട്ടില്ലല്ലോ. പക്ഷേ, നല്ലവരെന്നും പുണ്യാത്മാക്കളെന്നും കരുതി ഞാന്‍ ആദരിച്ചു ബഹുമാനിച്ചുപോന്ന ഈ ആളുകളൊന്നും അത്ര ശുദ്ധരായിരുന്നില്ല. ന്യൂനതകളും പിടിപ്പുകേടുകളും വക്രതകളും എമ്പാടുമുണ്ടായിരുന്നു. ഒറ്റയടിക്കു പറയാതെ, ഘട്ടംഘട്ടമായി കെ.സി എന്നോട് ഇതു പറയാറുണ്ടായിരുന്നു: "അവരൊന്നും അത്ര ക്വാളിറ്റിയുള്ള ആളുകളല്ല. കളവും വഞ്ചനയും തട്ടിപ്പുമൊക്കെ ഇതിലുമുണ്ട്..."
പിന്നീട് എനിക്കും ഇതു ബോധ്യമാകാന്‍ തുടങ്ങി. ഞാന്‍ വിചാരിച്ചതുപോലെ ഇവരാരും മുഖ്‌ലിസ്വീന്‍കളൊന്നുമല്ല, എന്റെ മുമ്പില്‍ മാതൃകയായുള്ളത് നബി (സ)യാണ്. ഇവരെ നബിയുടെ സ്ഥാനത്താണ്, അവിടുത്തെ പിന്‍ഗാമികളായാണ് ഞാന്‍ കണ്ടുപോന്നത്.
സത്യം പക്ഷേ, നാം കരുതിയതുപോലെയാവില്ലല്ലോ. ഇവരുടെ കൂടെ കൂടുന്നതിലൊരര്‍ത്ഥവുമില്ല. അങ്ങനെയാണ് ഞാന്‍ അതില്‍ ചേരേണ്ടവനായിട്ടും ചേരാത്തവനായിപ്പോയത്. അവരുടെയൊക്കെ വക്രതയും വഴികേടും സ്വാര്‍ത്ഥതയും ബോധ്യപ്പെട്ടപ്പോള്‍ - അത് ബോധ്യപ്പെടുത്തിതന്നത് കെ.സി.യും പള്ളുരുത്തി ഹാജിയുമൊക്കെ തന്നെയാണ് - പിന്നെ അതിന്റെ നെഗറ്റീവിസവും എനിക്കു ശ്രദ്ധിക്കേണ്ടി വന്നു.
നബി(സ) ക്ക് മക്കാ മുശ്‌രിക്കുകള്‍ എങ്ങനെയായിരുന്നോ അതുപോലെയാണ് എനിക്കീ മതപ്പാര്‍ട്ടികളോട് ഇപ്പോള്‍ തോന്നുന്നത്. തുടര്‍ച്ചയായി 40 കൊല്ലമാണ് നബി മക്കയില്‍ കഴിഞ്ഞത്. അവിടെയാണ് ജനിച്ചുവളര്‍ന്നത്. മറ്റൊരു പകരക്കാരനില്ലാത്ത വിധം അദ്ദേഹത്തിന്റെ ഔന്നത്യവും സ്വഭാവമഹിമയും സര്‍വ്വസ്വീകാര്യതയും അവരുടെ മുമ്പില്‍ മികച്ചു നിന്നു. അവരുടെ കൂട്ടത്തില്‍ ഏറ്റവും മാന്യനും കുലീനനും സത്യസന്ധനും വിശ്വസ്തനും എല്ലാം കൊണ്ടും ആദരീണയനും ഉന്നത മാതൃകാവ്യക്തിത്വവുമായിരുന്നു.
ആ നബി (സ) സ്വഫയുടെ മുകളില്‍ കയറി ലാഇലാ ഇല്ലല്ലാഹ് എന്നു പറഞ്ഞപ്പോള്‍ ഖുറൈശികളൊന്നടങ്കം അദ്ദേഹത്തോടു പൈശാചികഭാവം പ്രകടിപ്പിക്കുകയാണ് ചെയ്തത്. കാരണം, അറബികളായ അവര്‍ക്കു പെട്ടെന്ന് അതിന്റെ ഗൗരവം പിടികിട്ടി: "ഇതാ, നമ്മുടെ വ്യവസ്ഥിതിയാകെ അടിമേല്‍ മറിയുന്നു. നമ്മുടെ പ്രത്യേകാവകാശങ്ങള്‍ നഷ്ടപ്പെടുന്നു. മുഹമ്മദ് അടിമകളെയും അവരുടെ ഉടമകളെയും ഒരുപോലെയാക്കാനുള്ള പുറപ്പാടിലാണ്..."
സ്വന്തം എളാപ്പ തന്നെയാണ് ആദ്യം നബിയെ തള്ളിപ്പറഞ്ഞത് - അത് എവിടെയും അങ്ങനെയാണ്. പിന്നെ നാട്ടുകാരുടെ കാര്യം പറയണോ? ഇന്നലെവരെ വെച്ചുപുലര്‍ത്തിയ ആദരവും വാത്സല്യവും നേരെ മറിച്ചായി. മുഹമ്മദിനെ എങ്ങനെയെങ്കിലും കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഗോത്രസമ്പദായമായതിനാല്‍ മുഹമ്മദിന്റെ ഗോത്രം ഒന്നടങ്കം ഇളകുമെന്നതിനാല്‍ കൊല നടപ്പാക്കുക അത്ര എളുപ്പമായിരുന്നില്ല.
എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. പത്ത് നാല്‍പതു കൊല്ലം ഞാന്‍ അവരുടെ കൂട്ടത്തില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ 90 വയസ്സായി. ജന്മനാ തന്നെ ഞാന്‍ മുജാഹിദായിരുന്നു. 1964 വരെ അവരുടെ തലയെടുപ്പുള്ള പണ്ഡിതന്മാരായിരുന്നു എന്റെ മാതൃക. ശൈഖ് മുഹമ്മദ് മൗലവി, കെ.സി അബൂബക്കര്‍ മൗലവി, അബ്ദുല്ലത്വീഫ് മൗലവി, ഇ.കെ. മൗലവി - ഇവരുടെയൊക്കെ ശിക്ഷണത്തിലാണ് ഞാന്‍ വളര്‍ന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നല്ല കാലമായിരുന്നു അത്.
എന്നാല്‍, കെ. ഉമര്‍ മൗലവിയുടെ കാലമായപ്പോഴേക്കും മുജാഹിദ് പ്രസ്ഥാനത്തെ അതികഠിനമായ സങ്കുചിതത്വം പിടികൂടിയതായി ഞാന്‍ കണ്ടു. അങ്ങനെയാണ് എനിക്ക് അവരോടു മടുപ്പും അകല്‍ച്ചയും തോന്നിയത്.
സംഘടനാ ഭ്രാന്ത് പിടികൂടിയ ദുഷ്ടമന:സ്ഥിതിക്കാര്‍ക്ക് ഹിംസയുടെ ഭാഷ മാത്രമേ അറിയൂ. അവര്‍ നബി(സ)യെ മക്കയില്‍നിന്നു പുറത്താക്കിയ മുശ്‌രിക്കുകളെപ്പോലെയാണ് മറ്റു മുസ്‌ലിംകളോടു പെരുമാറുക.
തീര്‍ച്ചയായും ശരിയല്ല. നല്ല ഒരു കാര്യത്തെയും ഞാന്‍ എതിര്‍ത്തിട്ടുമില്ല. ഉദാഹരണമായി, കോഴിക്കോട് മാവൂര്‍ റോഡ് ജംഗ്ഷനില്‍ ബാങ്ക് റോഡില്‍നിന്നു മാവൂര്‍ റോഡിലേക്ക് തിരിയുന്നിടത്ത് ഒരു കെട്ടിടമുണ്ട്. അതൊരു പള്ളിയാണ് - പേര് ലുലൂ മസ്ജിദ്. തൊട്ടടുത്താണ് കെഎസ്ആര്‍ടിസിയും മൊഫ്യൂസല്‍ സ്റ്റാന്റുമൊക്കെ. ലുലൂ മസ്ജിദ് പണിതതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായിരുന്നാലും അവിടെ വന്നിറങ്ങുന്നവരും അതിനു ചുറ്റുമുള്ള അര ഡസനോളം ആശുപത്രികളില്‍ വരുന്നവരുമായ എത്രയെത്രയാളുകള്‍ക്കാണ് അത് ഉപകാരപ്പെടുന്നത്. എല്ലാ വിഭാഗം മുസ്‌ലിംകളും അവിടെ കയറി നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും അല്‍പസമയം വിശ്രമിക്കുകയും ചെയ്യുന്നു. ജുമുഅയില്‍ പങ്കെടുക്കുന്നു. ആ കെട്ടിടത്തിന്റെ ഇസ്ലാമികമായ പ്രസക്തി കൂടുതല്‍ വിവരിക്കേണ്ടതില്ലല്ലോ. എന്തുമാത്രം അനുഗ്രഹമാണത്. അതവിടെ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്കു പട്ടാളപ്പള്ളിയിലോ പാളയത്തോ വരണമായിരുന്നു.
കഷ്ടിച്ച് ഒരു കിലോമീറ്റര്‍ കിഴക്കോട്ടു നടന്നാല്‍ നിങ്ങള്‍ക്കു മറ്റൊരു കെട്ടിടം കാണാം - ഹിറാ സെന്റര്‍. അതവിടെ ഉണ്ടായിട്ട് ലോക മുസ്‌ലിംകള്‍ക്ക് വല്ല പ്രയോജനവുമുണ്ടോ? ഭാരതീയ മുസ്‌ലിംകള്‍ക്ക് വല്ല പ്രയോജനവുമുണ്ടോ? കരളത്തിലെ മുസ്‌ലിംകള്‍ക്ക് വല്ല പ്രയോജനവുമുണ്ടോ? പോകട്ടെ മാവൂര്‍ റോഡിലെ മുസ്‌ലിംകള്‍ക്ക് അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? ഒരു ദിവസം അതു ഭൂമിയിലേക്കാണ്ടുപോയാല്‍ ഇസ്‌ലാമിനു വല്ല ദോഷവും സംഭവിക്കുമോ?
ഇസ്‌ലാമില്‍ സംഘടനകള്‍ പാടില്ല, സ്വാഭാവികമായും സംഘടനകളുടെ ഓഫീസുകളും പാടില്ല. അങ്ങനെ വല്ലതുമുണ്ടാകണമായിരുന്നെങ്കില്‍ പൂജ്യത്തില്‍നിന്നു നൂറിലേക്കെത്തിയ നബി (സ) അത്തരമൊന്നു സ്ഥാപിക്കുമായിരുന്നു. ഹജ്ജതുല്‍ വിദാഇല്‍ അദ്ദേഹം പ്രഖ്യാപിച്ചുവോ - "അടുത്ത വര്‍ഷം ഈ വേദിയില്‍ നിങ്ങളെന്നെ കണ്ടെന്നുവരില്ല. (ഞാന്‍ ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങളുമായി വിട പറയും) ഖുര്‍ആനും സുന്നത്തുമാണ് നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഇവിടെ വിട്ടേച്ചുപോവുന്നത്..."
"...ഇതു കൂടാതെ, ഇന്നയിന്ന സംഘടനകള്‍ രൂപീകരിക്കണം, അവയുടെ കീഴില്‍ സബ് കമ്മിറ്റികളുണ്ടാക്കണം. പ്രസിഡന്റിനെയും സെക്രട്ടറിയെയുമെല്ലാം നിശ്ചിയിച്ചുകൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പോയി അതിന്റെയെല്ലാം വെളിച്ചത്തില്‍ നിങ്ങള്‍ പണിയെടുക്കണം - അംബരചുംബികളായ സ്ഥാപനങ്ങള്‍ തുടങ്ങണം..." അങ്ങനെ വല്ല ഒരു വാക്കും നബി (സ) പറഞ്ഞിട്ടുണ്ടോ? അതോ ആദം നബി മുതല്‍ക്കുള്ള ഏക ദൈവവിശ്വാസികളുടെ ഈ ജമാഅത്ത് മുറുകെ പിടിക്കണമെന്നോ?
അവിടുന്ന് വഫാത്തായ ശേഷം, സ്വഹാബത്തിന്റെ കാലത്ത് അങ്ങനെ വല്ലതുമുണ്ടായോ? നബി പള്ളിയല്ലാത്ത ഏതെങ്കിലും കെട്ടിടം ഉണ്ടാക്കിയിട്ടുണ്ടോ? ഏതെങ്കിലും പൂര്‍വ്വീക മുസ്‌ലിംകള്‍ മുസ്‌ലിം നാടുകളില്‍ ഇതല്ലാത്ത വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ? ഹിറാസെന്റര്‍, മര്‍കസ് എന്നൊക്കെ പറയുന്നതിന് ഇസ്‌ലാമില്‍ വല്ല സ്ഥാനവുമുണ്ടോ?
ഒരു "മര്‍കസ്" പണിതാല്‍ സ്വര്‍ഗം കിട്ടുമെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ? ഇതിനൊന്നും ഒരു പ്രസക്തിയുമില്ല, അതു തെളിയിക്കാനും നിങ്ങള്‍ക്കു കഴിയില്ല. ഇതിന്റെ ഭവിഷ്യത്ത് ഞാന്‍ പറഞ്ഞുകഴിഞ്ഞു: അത് ആയിരക്കണക്കിനായിരിക്കും.
ഇപ്പോള്‍ വയസ്സായ, രോഗിയായ മാതാപിതാക്കളെ പരിചരിക്കാന്‍ മക്കള്‍ക്കു സമയമില്ല. അവര്‍ പറയും, "പിതാവേ, ഞാന്‍ നാളെ ഹിറാസെന്ററില്‍ വരുന്നുണ്ട്. മടക്കത്തില്‍ സമയമുണ്ടെങ്കില്‍ അവിടെ വന്നു കണ്ടോളാം. അല്ലെങ്കില്‍ അടുത്ത മീറ്റിങ്ങിനു വരുമ്പോള്‍ കാണാം." ഇന്‍ശാഅ് അല്ലാഹ് - എന്നു ഞാന്‍ അങ്ങോട്ടു പറയും.
നബി മുസ്‌ലിംകളെ പഠിപ്പിച്ചത് ഇതല്ലല്ലോ. പടയെടുപ്പിനു തയ്യാറായി പടച്ചട്ടയും പടക്കോപ്പുകളുമായി വന്ന യുവാവിനോട് അല്ലാഹുവിന്റെ റസൂല്‍ ചോദിച്ചത് ഇങ്ങനെയല്ലല്ലോ. അവിടുന്ന് അയാളോട് ചോദിച്ചു, "നിനക്ക് മാതാപിതാക്കളുണ്ടോ?" അതെ, വൃദ്ധയായ മാതാവുണ്ട്. "അവര്‍ക്കു വേറെ ആണ്‍മക്കളുണ്ടോ?" ഇല്ല. "എങ്കില്‍ തിരിച്ചുപോയി നിന്റെ ഉമ്മയെ സംരക്ഷിക്കുക. ഉമ്മയുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം."
ജിഹാദ് പോലും മാറ്റിവെക്കേണ്ട ഒരു വിഷയമാണ് മാതാപിതാക്കളുടെ ശുശ്രൂഷ എന്നത്.
ഇപ്രകാരം ഒരു ഹദീസ് ഞാന്‍ വായിച്ചിട്ടുണ്ട്: "ദുനിയാവില്‍ നിങ്ങള്‍ ഒരു മസ്ജിദ് പണിതാല്‍ സ്വര്‍ഗത്തില്‍ അതിനു പകരമായി അല്ലാഹു ഒരു ഭവനം നിങ്ങള്‍ക്കുവേണ്ടി പണിതുതരും."
മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണാം: "അതൊരു കാടപ്പക്ഷിയുടെ മുട്ടയുടെ അത്ര ചെറുതാണെങ്കിലും ശരി."
നമ്മുടെ പുഴയോരങ്ങളിലെയും തോട്ടിന്‍കരകളിലെയും നമസ്‌കാരപ്പള്ളികള്‍ ഇങ്ങനെയുണ്ടായതാണ്. അവയെ ചുറ്റിപ്പറ്റി പിന്നീട് വിപുലമായ പള്ളികളും മഹല്ലുകളും ഉയര്‍ന്നുവന്നു. അതിന്റെയെല്ലാം പിന്നില്‍ അവരുടെ ഖാലിസ്വായ നിയ്യത്തായിരുന്നു. ഇന്നോ, അഹങ്കാരവും പൊങ്ങച്ചപ്രകടനവുമാണ് പാര്‍ട്ടീപള്ളികളുടെ നിയ്യത്ത്.
ഹാശിം ഹാജി എന്തിനാണ് ഒറ്റയ്ക്ക് ഒരു പള്ളി പണിതത് എന്ന ചോദ്യത്തിന്റെ ഉത്തരമായി ഉപര്യുക്ത ഹദീസ് മദീനാ മസ്ജിദ് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിഷയത്തില്‍ ഞാന്‍ കോടതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആ ന്യായം കോടതിക്കു ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് അക്രമികള്‍ കൈയേറിയ മദീനാ മസ്ജിദ് മുസ്‌ലിംകള്‍ക്കു തിരിച്ചുകിട്ടിയത്.
എന്നാല്‍ വല്ലയിടത്തും ഒരു മര്‍കസോ ഹിറാസെന്ററോ പണിതാല്‍ വല്ലതും കിട്ടുമെന്നതിന് തെളിവായി എന്തെങ്കിലും ഒരു ഹദീസോ ആയത്തോ ഉണ്ടോ?
അല്ലാഹുവിന്റെ ദീനിന്റെ നിലനില്‍പിന് പള്ളികളുടെ അനിവാര്യത നമുക്കു സുബോധ്യമായ കാര്യമാണ്. അല്ലാത്തതൊന്നും തെളിവുകൊണ്ട് സ്ഥിരപ്പെട്ടതായി തോന്നുന്നില്ല.
ഉപകാരപ്രദമായ വേറെയും ചില സ്ഥാപനങ്ങളുണ്ട്. ഉദാഹരണമായി ബോംബെയിലെ മുസാഫര്‍ ഖാന. 1970 വരെ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഹജ്ജിനു പോകുന്ന ആളുകള്‍ അവിടെയാണ് വന്നു ക്യാമ്പ് ചെയ്യുക. അവിടെ രാത്രിയുറങ്ങി കുളിച്ചു വൃത്തിയായി യാത്രക്കു സമയമാകുമ്പോള്‍ തുറമുഖത്തുപോയി കപ്പല്‍ കയറി യാത്രയാവുകയും തിരിച്ചുവരുമ്പോള്‍ അവിടെയിറങ്ങി വിശ്രമിച്ച ശേഷം തീവണ്ടിക്കു ടിക്കെറ്റെടുത്തു സ്വദേശങ്ങളിലേക്കു മടങ്ങുകയും ചെയ്യും.
സമുദായത്തിന് അതുകൊണ്ട് ഏറെ പ്രയോജനമുണ്ടായിരുന്നു. ഹിറാസെന്ററും മറ്റും അങ്ങനെയാണോ? പാര്‍ട്ടിക്കാര്‍ക്കല്ലാതെ അങ്ങോട്ടു പ്രവേശനമുണ്ടോ?
പള്ളിയില്‍ പോകാന്‍ അങ്ങനെയൊന്നും ആവശ്യമില്ലല്ലോ. അവിടെ മുസ്‌ലിമാണെന്നു ബോധ്യപ്പെട്ടാല്‍ മതി. ആരും ആരെയും തടയില്ല. ഒരു മുസ്‌ലിമാണെന്നു തോന്നിപ്പിച്ചാല്‍ മതി.
ഹൈദരാബാദില്‍ പള്ളിയില്‍ പോയപ്പോള്‍ ഫുള്‍സ്ലീവില്ലാത്ത കുപ്പായമിട്ടതിന് എന്നെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് കാവല്‍ക്കാരനായ ഒരു ഭായി തടഞ്ഞുനിര്‍ത്തി. അവിടെ മുസല്‍മാന്റെ വസ്ത്രമെന്ന് അവര്‍ കരുതിയതു ധരിക്കാത്തതിനാണു തടഞ്ഞത്. അയാള്‍ ചോദിച്ചു, "നിങ്ങള്‍ മുസ്‌ലിമാണോ?"
"അതെ, ഞാന്‍ മുസ്‌ലിമാണ്. ഇവിടെ നമസ്‌കരിക്കാന്‍ വേണ്ടി വന്നതാണ്."
"എന്നിട്ട് ഇതാണോ വേഷം?!"
"ഏതാണ് മുസ്‌ലിമിന്റെ വേഷം?"
"മുസ്‌ലിമാണെന്നു തോന്നിപ്പിക്കുന്നതായിരിക്കണം മുസ്‌ലിമിന്റെ വേഷം."
എതിര്‍ത്തു പറയാന്‍ എനിക്കു ന്യായവുമില്ല, സമയവുമില്ല.
"ഞാന്‍ മുസ്‌ലിം തന്നെയാണ്. പക്ഷേ, ഇതല്ലാതെ എന്റെ അടുത്തു വേറെ വസ്ത്രമില്ല."
അയാള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. ഞാന്‍ ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവനാണ് എന്നൊന്നും അയാള്‍ ചോദിച്ചില്ല.
ഇവിടെ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും പദവികളും ചോദിച്ചാണ് ഹിറാസെന്ററിലും മറ്റുമൊക്കെ ആളുകളെ തടയുന്നത്. സെക്യൂരിറ്റി മുകളിലേക്കു വിളിച്ചു ചോദിച്ചിട്ട് അനുവാദം കിട്ടിയാലെ അകത്തുകടക്കാനാവൂ. കടുത്ത ഈ നടപടികളുടെ അര്‍ത്ഥമിതാണ്: ആരും പിന്നീട് ആ ഭാഗത്തേക്കു ചെല്ലരുത്. പിന്നീട് ആ ഭാഗത്തേക്കു പോയിട്ടുമില്ല.
സമുദായത്തില്‍ ഇത്ര വലിയ അകല്‍ച്ചയുണ്ടാക്കുന്ന ആ സ്ഥാപനം എന്തിനാണ് അവിടെ?
ശരീരത്തില്‍ ഒരു അവയവമുണ്ട്. Appendix എന്നു ഡോക്ടര്‍മാര്‍ പറയും. പുഴുത്തൊങ്ങല്‍ എന്നാണ് അതിന്റെ മലയാളം. അത് ഉള്ളതുകൊണ്ട് ഒരു കാര്യവുമില്ല, ഇല്ലാതായതുകൊണ്ട് ഒന്നും വരാനുമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുപോലെയാണ് മതസംഘടനകളും അവരുടെ പാര്‍ട്ടീ ഓഫീസുകളും.
സ്ഥാപനങ്ങളും സംഘടനകളും കൊണ്ട് കുറേയാളുകള്‍ക്കു അരിവാങ്ങാന്‍ വകയായി എന്നല്ലാതെ ഒരു പ്രയോജനവുമില്ല.
പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എനിക്കു വേണ്ടപ്പെട്ട ആളാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി; ഇഖ്‌ലാസുള്ള ഒരു മനുഷ്യന്‍. എത്രയാണ് അദ്ദേഹം അധ്വാനിക്കുന്നത്! അദ്ദേഹത്തിന്റെ സത്യത്തോടുള്ള പ്രതിബദ്ധത ഞാന്‍ അനുഭവിച്ചറിഞ്ഞ ആളാണ്. അത് എനിക്കു മറക്കാന്‍ കഴിയില്ല. അദ്ദേഹം സത്യം വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ സംശയിക്കപ്പെടുന്ന വ്യക്തിയാകുമായിരുന്നു. പിണറായി വിജയനെകൊണ്ട് ദേവഗൗഡ പറഞ്ഞത് അയാളും മകനും മാറ്റിപ്പറയുന്നതുപോലെ ഇവര്‍ക്കു പറയാനാവുമോ? അവര്‍ക്കു പരലോകമില്ല. ഇവര്‍ക്കോ?
കറകളഞ്ഞ വ്യക്തിത്വമുള്ള പി.പി. അബ്ദുറഹ്മാന്‍ പാര്‍ട്ടിക്കുവേണ്ടി എപ്പോഴും 100 ശതമാനം ഇഖ്‌ലാസ്വോടെ പണിയെടുക്കുന്ന തിരക്കില്‍ തിരുവനന്തപരും മുതല്‍ കാസര്‍ഗോഡ് വരെ ഏതു സമയവും യാത്രയിലായിരിക്കും. പക്ഷേ, അദ്ദേഹത്തിനു നെഞ്ചില്‍ കൈവെച്ചു പറയാന്‍ കഴിയുമോ ഈ ഓട്ടം കൊണ്ട് ഇസ്‌ലാമിന് എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ട് എന്ന്?
എന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തെപ്പോലുള്ളവരല്ലാത്ത ഒട്ടേറെ പേര്‍ക്കുണ്ടായിട്ടുണ്ട്. സൈക്കിളില്‍ യാത്ര ചെയ്തിരുന്നവര്‍ മുന്തിയ കാറില്‍ യാത്ര ചെയ്യുന്നവരായി. കുടിലുകളില്‍ താമസിക്കുന്നവര്‍ മണിമാളികളില്‍ താമസിക്കുന്നവരായി. കിതാബോതി വാക്കര്‍ത്ഥം പറഞ്ഞു കഴിഞ്ഞിരുന്ന പലരും വലിയ മുതലാളിമാരും സ്ഥാപനമേധാവികളും ഒട്ടേറെ സ്ഥാപനങ്ങളുടെ അധിപന്മാരും "പൗരപ്രമുഖന്മാരു"മായി. ഒട്ടേറെ പേര്‍ പ്രസ്ഥാന മേല്‍വിലാസമുള്ള സിനിമാ - ടി.വി സീരിയല്‍ നടന്മാരും നടിമാരും പാട്ടുകാരും സംഗീതജ്ഞന്മാരുമായി. ഇതൊന്നും ഇവര്‍ ദീനിനുവേണ്ടി ചെയ്ത സേവനത്തിന്റെ ഫലമായല്ല, സംഘടന ഉപജീവനമാര്‍ഗമാക്കിയതിന്റെ ഫലമായാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്കും അതുപോലെ നേട്ടങ്ങളുണ്ടായിട്ടില്ലേ, അതില്‍ കവിഞ്ഞ അത്ഭുതമൊന്നും ഇതിലുമില്ല.
സംഘടനകളാകുന്ന ഈ ഏനക്കേടുകളൊന്നുമില്ലാതെ തന്നെ എന്റെ ബാപ്പ വളരെ മാന്യമായി, മുസ്‌ലിമായി ജീവിച്ചു മരിച്ചുപോയി. "മാതത്ത് മീതതന്‍ ജാഹിലിയ്യ" എന്ന അവസ്ഥയൊന്നും അവര്‍ക്കാര്‍ക്കുമുണ്ടായില്ല. ശുദ്ധ വഹാബിയായിരുന്നു. ബോധം വെച്ച നാള്‍ മുതല്‍ ഒരു ശിര്‍ക്കിലും ബിദ്അത്തിലും പെടാതെയാണ് അദ്ദേഹം ജീവിതം നയിച്ചത്.
ഓരോ ദിവസവും സംഘടനകളുടെ പേരില്‍ എത്ര വെട്ടും കൊലയുമാണ് നടക്കുന്നത്. ഇതൊക്കെ ഇസ്‌ലാമിക മരണമാണോ അതോ "മീതതന്‍ ജാഹിലിയ്യ"യോ?
പാര്‍ട്ടിയൊന്നുമില്ലാതെ നടക്കുന്ന പരിഷ്‌കരണങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ ശ്രമഫലമായി ഹറമിലെ നാലു മദ്ഹബുകാരുടെയും വ്യത്യസ്ത മുസല്ലകള്‍ ഒന്നാക്കിയില്ലേ? എല്ലാം സുന്നത്തിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാതായി. വല്ല അനിസ്‌ലാമികതയും അവിടെ നടക്കുന്നതായി തോന്നിയിട്ടുണ്ടോ? ഇസ്‌ലാമല്ലേ അവിടെ പുലരുന്നത്? അവിടെ പാര്‍ടിയുണ്ടോ? സംഘടനയുണ്ടോ? ഇതൊന്നുമില്ലാതെ തന്നെ അതെല്ലാം അവിടെയുണ്ടായി. അതാതു കാലങ്ങളില്‍ വരുത്തേണ്ട ക്രമീകരങ്ങളും മാറ്റങ്ങളും നിയന്ത്രണങ്ങളും അല്ലാഹു തന്നെയാണ് വരുത്തുന്നത്. ആദമിന്റെ കാലത്ത് മൂത്ത സഹോദരിയെയോ ഇളയ സഹോദരിയെയോ വിവാഹം ചെയ്യാമായിരുന്നു. ഇരു സഹോദരിമാരെ ഒരുമിച്ചും വേള്‍ക്കാമായിരുന്നു. എത്ര പേരെയും വേള്‍ക്കാമായിരുന്നു. മദ്യപാനത്തിനു കാര്യമായ വിലക്കൊന്നുമുണ്ടായിരുന്നില്ല. സഹോദരിമാരെ വേള്‍ക്കുന്നത് വൈകാതെ നിര്‍ത്തലാക്കി. രണ്ടു സഹോദരിമാരെ ഒരുമിച്ചു വേള്‍ക്കുന്നതു തൗറാത്ത് നിര്‍ത്തലാക്കി. അടുത്ത ബന്ധുക്കളെ വേള്‍ക്കുന്നത് ഇന്‍ജീല്‍ കര്‍ശനമായി നിര്‍ത്തലാക്കി. എന്നാല്‍, പലിശയും വ്യഭിചാരവും, ചതിയും വഞ്ചനയും കൊലയും പിടിച്ചുപറിയും ചൂതുകളിയും മോഷണവുമെല്ലാം എക്കാലത്തും നിഷിദ്ധമായിരുന്നു.
മുഹമ്മദ് നബിയുടെ ആഗമനത്തോടെ അതെല്ലാം എക്കാലത്തേക്കുമായി കര്‍ശനമായും നിഷിദ്ധമാക്കി. വിവാഹം 4 ല്‍ പരിമിതമാക്കി. വ്യഭിചാരം എക്കാലത്തും പാടില്ലായിരുന്നു. പലിശയും പാടില്ലായിരുന്നു. മദ്യപാനം പാടില്ല എന്നു വിധിച്ചിട്ടില്ലായിരുന്നുവെങ്കിലും അതിന്റെ ദോഷങ്ങള്‍ എക്കാലത്തും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്കിലും അതുവരെ മദ്യപാനം നിഷിദ്ധമായിരുന്നില്ല. മുഹമ്മദ് നബി വന്നപ്പോള്‍ ചുറ്റും മുഷ്‌കരന്മാരായ ജാഹിലിയ്യാ സമുദായമാണ്. നാട്ടുനടപ്പായിരുന്ന ഇത്തരം കാര്യങ്ങളൊന്നും അക്കാലത്തു നിയമവാഴ്ച്ചയിലൂടെയല്ലാതെ നിഷിദ്ധമാക്കാനാവുമായിരുന്നില്ല. അതിനാല്‍ നിയമവാഴ്ച്ച ഭദ്രമാകുന്നതുവരെ നിഷിദ്ധമായതെല്ലാം താത്വികബോധവല്‍ക്കരണത്തില്‍നിന്നു തുടങ്ങി പടിപടിയായാണ് നിഷിദ്ധമാക്കിയത്. ഒറ്റയടിക്കു നിഷിദ്ധമാക്കിയാല്‍ ആരും അനുസരിക്കുമായിരുന്നില്ല. മാത്രമല്ല, ഉള്ള വിശ്വാസവും ഉപേക്ഷിച്ചു വന്നവഴിയേ പിരിഞ്ഞുപോകുമായിരുന്നു. ഇതുകൊണ്ടാണ് ഖുര്‍ആന്‍, തൗറാത്തുപോലെ ഒറ്റപ്പലകയില്‍ അവതരിക്കാതെ 23 കൊല്ലം കൊണ്ട് പടിപടിയായി വിഷയാനുക്രമമായി അവതീര്‍ണമായത്.
ഇങ്ങനെ ഇതെല്ലാം ക്രമപ്രവൃദ്ധമായി നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്ത ശേഷമാണ് ദീന്‍ ഇതോടെ പൂര്‍ത്തിയായി എന്ന പ്രഖ്യാപനം അല്ലാഹു നടത്തിയത്.
മറ്റേതെങ്കിലും പാര്‍ട്ടിക്കോ മതത്തിനോ ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടോ?
1400 കൊല്ലമായി നടക്കുന്ന ഹജ്ജ് - ഈ ആധുനിക കാലത്തുപോലും അതേ രീതിയില്‍ നടക്കുന്നു. കല്യാണമായാലും മദ്യപാനമായാലും പലിശയായാലും വിധി അന്നത്തേതു തന്നെ.
പാര്‍ടി ബൈലോ ആണെങ്കില്‍ കൊല്ലം കൊല്ലം മാറ്റും. ജമാഅതെ ഇസ്‌ലാമി 75 കൊല്ലം മുമ്പു നടത്തണമെന്നു കരുതിയ പ്രബോധന രീതിയിലാണോ ഇപ്പോള്‍ പ്രസ്ഥാനം നടക്കുന്നത്? തബ്‌ലീഗ് ജമാഅത്തും വളരെയേറെ മാറി.
പാര്‍ട്ടിയോ അതിന്റെ പരിപാടികളോ - അത് ഏതു പാര്‍ട്ടിയായാലും - ഇസ്‌ലാമികമല്ല, ഇസ്‌ലാമിനു പുറത്താണ്. ഉദാഹരണമായി,
ഇസ്‌ലാം മനസ്സിലാവാനും മുസ്‌ലിമായി ജീവിക്കാനും കാല്‍നൂറ്റാണ്ടുകാലം കിതാബോതുകയൊന്നും വേണ്ട. അതെല്ലാം ഏതാനും മാസങ്ങള്‍ കൊണ്ടു പഠിച്ചെടുക്കാവുന്നതേയുള്ളൂ. പിന്നെ എല്ലാവരും ശരീഅത്ത് കോടതിയില്‍ ന്യായാധിപന്മാരാവാനോ ഗോളശാസ്ത്രജ്ഞന്മാരാവാനോ അല്ല, സ്വര്‍ഗം കിട്ടാനാണ് ഇസ്‌ലാം പഠിക്കുന്നത്. എന്നാല്‍, മതപഠനം കൊണ്ട് ദുനിയാവ് നേടേണ്ടതുണ്ടെങ്കില്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ഒരുപാട് പഠിക്കേണ്ടിവരും.
ഒരു സത്യവിശ്വാസിക്ക് അതിനനുവാദമുണ്ടോ? സ്ത്രീക്ക് ഏറ്റവും നല്ലത് പള്ളിയില്‍ വെച്ചുള്ള നമസ്‌കാരമല്ല, അളുടെ വീടിന്റെ അകത്തളമാണ് എന്നു പഠിപ്പിച്ച ദീനില്‍ എവിടെയാണ് അതിനു പഴുതുള്ളത്? സ്ത്രീക്ക് പള്ളിയില്‍ പോകാന്‍ അനുവാദമുണ്ട് എന്ന കാര്യം നിഷേധിക്കുന്നുമില്ല.
രാഷ്ട്രീയവും ആക്ടിവിസവുമാണ് ദീനെങ്കില്‍ നബിയുടെ ഭാര്യമാരെ അല്ലാഹു ഹിജാബിനു വിധിക്കുമായിരുന്നോ? സത്രീകള്‍ക്ക് അതൊക്കെ അനുവദനീയമായിരുന്നെങ്കില്‍ ഉമ്മഹാതുല്‍ മുഅ്മിനീന്‍ അല്ലേ അവര്‍ക്കു നേതൃത്വം നല്‍കേണ്ടിയിരുന്നത്. ഇസ്‌ലാമില്‍ രണ്ടു ശരീഅത്തുണ്ടോ - അഹ്‌ലുല്‍ ബൈത്തിന് ഒരു ശരീഅത്തും സാദാ മുസ്‌ലിം സ്ത്രീകള്‍ക്ക് മറ്റൊരു ശരീഅത്തുമെന്ന്. ചന്തയില്‍ ചുറ്റിത്തിരിയാന്‍ അവര്‍ക്കനുവാദമുണ്ടോ?
"ഇദാ ജാഅ നസ്വ്‌റുല്ലാഹി വല്‍ ഫത്ഹി"ന്റെ അര്‍ത്ഥം...എല്ലാം ഫത്ഹായിരിക്കുന്നു. ഇനി സ്ത്രീകളെ യഥേഷ്ടം അഴിച്ചുവിടുക എന്നാണോ?
പുറത്തെ കൂട്ടവും കൂട്ടുകെട്ടിന്റെ രസവും കണ്ട ഏതെങ്കിലും സ്ത്രീ പിന്നെ അകത്തു കയറാന്‍ കൂട്ടാക്കിയിട്ടുണ്ടോ? പുറത്തിറങ്ങിയ സ്ത്രീകള്‍ പിന്നീട് എന്തെല്ലാം ആഭാസത്തരങ്ങളാണ് കാട്ടിക്കൂട്ടിയതെന്നു സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ മനസ്സിലാവും. പ്രണയ വിവാഹമല്ലാതെ അവരുടെ ഇടയില്‍ നടക്കുന്നുണ്ടോ? അവര്‍ക്കിടയില്‍ വിശ്വസനീയമായ ദാമ്പത്യബന്ധമുണ്ടോ? ഇസ്‌ലാം ആര്‍ക്കും വലുതായൊന്നും സ്വാതന്ത്ര്യം നല്‍കുന്നില്ല - അവിശ്വാസികള്‍ക്കല്ലാതെ. അതുകൊണ്ടാണ് റസൂല്‍ പഠിപ്പിച്ചത്: "അദ്ദുന്‍യാ സിജ്‌നുല്‍ മുഅ്മിന്‍, വജന്നതുല്‍ കാഫിര്‍" - ഇതില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാം. ദുനിയാവിലെ സിജ്‌ന്, അല്ലെങ്കില്‍ ദുനിയാവിലെ സ്വര്‍ഗം. ഇതിനപ്പുറം മൂന്നാമത് ഒരു ഓപ്ഷന്‍ ഇല്ല.
ഇദാ ജാഅ നസ്വ്‌റുല്ലാഹി വല്‍ ഫത്ഹ്....
ഫത്ഹായാല്‍ പിന്നെ എല്ലാം എല്ലാവര്‍ക്കും ഫത്ഹ് ആക്കിക്കൊടുക്കുക തന്നെ.
സ്ത്രീകള്‍ക്ക് തെരുവ് ഫത്ഹാക്കി കൊടുത്തപ്പോള്‍ അവര്‍ തെരുവു വിട്ടു വീട്ടിലേക്കു തിരിച്ചു കയറാന്‍ കൂട്ടാക്കുന്നില്ല.
എന്തെല്ലാം സമ്മേളനങ്ങള്‍, വിദ്യാര്‍ത്ഥിനീ സമ്മേളനം, അഡോളിസന്‍സ് മീറ്റിങ്, യൂത്ത് മീറ്റിങ്, പൊളിറ്റിക്കല്‍ മീറ്റിങ്, റമള്വാനിലെ സ്പിരിച്വല്‍ മീറ്റിങ് മുതല്‍ വിധവാ സമ്മേളനം വരെ.
പിന്നെ എപ്പോഴാണ് തെരുവില്‍നിന്നു കരകയറാന്‍ നേരം?
പള്ളികള്‍ ഇപ്പോള്‍ ഇസ്‌ലാമിന്റെ മ്യൂസിയമാക്കുകയാണ് മത സംഘടനകള്‍ ചെയ്യുന്നത്. എന്തൊരു കമനീയമായ നിര്‍മ്മിതി! അകമോ വിശ്വാസത്തിന്റെ അകക്കാമ്പില്‍നിന്നു പരമശൂന്യം. ഇപ്പോള്‍ ജുമുഅയ്ക്കു വരുന്നത് പാതിരിയും പൂജാരിയും നോവലിസ്റ്റും നര്‍ത്തകിയും സിനിമാ നടിയും മോഡലും ദല്ലാളുമൊക്കെയാണ്.
ജാറങ്ങളിലെ നേര്‍ച്ചക്ക് ഇവര്‍ക്കൊക്കെ വരാമെങ്കില്‍ അതേ വേഷഭൂഷാദികളില്‍ ഇവര്‍ ജുമുഅയ്ക്കു വന്നാല്‍ അതിലെന്താണ് തെറ്റ് എന്ന് സംഘടനാ പണ്ഡിതന്മാര്‍ കുംഭ കുലുക്കി ചോദിക്കുന്നു.
ഇവര്‍ക്കൊക്കെ പള്ളിയില്‍ കയറിയിരിക്കാനാവശ്യമായ ആചാരപരമായ ശുദ്ധിയെക്കുറിച്ചു വല്ലതും പള്ളിമുതലാളിമാര്‍ ഇവര്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടോ?
ജുമുഅ ഒരു ആരാധനയാണെന്ന കാര്യം ഇവര്‍ മറന്നു. അത് ആചാരശുദ്ധിയില്ലാതെ സാധുവാകുകയില്ല. മഅ്മൂമിന്റെ ആചാരപരമായ അവിശുദ്ധി ഇമാമിന്റെ ഏകാഗ്രതയെ വരെ ബാധിക്കുമെന്നര്‍ത്ഥമുള്ള ഹദീസില്‍നിന്നു നാം മനസ്സിലാക്കേണ്ടത് ഇതാണ്.
പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. "ഫീഹി രിജാലുന്‍ യുഹിബ്ബൂന അന്‍ യതത്വഹ്ഹറൂ..."
എന്ന സൂക്തത്തിന്റെ അര്‍ത്ഥത്തില്‍ പള്ളിയില്‍ പാലിക്കേണ്ട എല്ലാ അടിസ്ഥാന മര്യാദകളും അടങ്ങിയിരിക്കുന്നു. പള്ളിയില്‍ ആരാണ് വരേണ്ടത് എന്നതുവരെ. ഇതിനു വിപരീതമായി, അലംകൃതായ സ്‌റ്റേജും ക്യാമറയും അതിനാവശ്യമായ ഇമാമീ കോസ്റ്റിയൂമും ഷൂട്ടിങ്ങുമെല്ലാം ഉള്‍പ്പെടുന്ന ഇന്നത്തെ ജുമുഅ നല്ലൊരു പ്രദര്‍ശന വസ്തു തന്നെയാണ്.
ഈയിടെ ഒരു വീഡിയോ കണ്ടു. ഒറ്റനോട്ടത്തില്‍ അതൊരു ബോളിവുഡ് ഡാന്‍സ് പോലെയാണ് തോന്നിയത്. പിന്നെയാണ് മനസ്സിലായത്. അത് ഒരു ഇസ്‌ലാമിക് മീറ്റിങ് ആണെന്ന്. മള്‍ട്ടീലെവല്‍ തട്ടിപ്പ് മാര്‍ക്കറ്റിങ്ങുകാരുടെ പ്രോപഗണ്ടാ മീറ്റിങ് പുതിയ മതപ്രബോധനശൈലിയായി പരീക്ഷിച്ചതാണ്. ഖുര്‍ആനും ഹദീസുമോതി ഫലിതവും ചേര്‍ത്ത് കൂട്ടിലിട്ട മെരുകിനെപ്പോലെ സ്‌റ്റേജ് മുഴുവന്‍ അയാള്‍ നിറഞ്ഞാടുന്നു. അയാളുടെ ആട്ടത്തിനനുസരിച്ചു സദസ്സും കുഴഞ്ഞാടുന്നു.
ഇനി മര്‍ള്‍ട്ടീ മീഡിയയുടെയും എഐയുടെയും സഹായത്തോടെ അവര്‍ ഇസ്‌റാഉം മിഅ്‌റാജും ജന്നത്തും ജഹന്നമും ഖബറിലെ ചോദ്യം ചെയ്യലും വിചാരണയും മീം ചെയ്ത് ലൈവ് കാസ്റ്റ് ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല. എന്റര്‍ടൈന്‍മെന്റിലൂടെയും ഇസ്‌ലാമിക പ്രചാരണമാകാമല്ലോ!
കോമഡി ഇഷ്ടപ്പെടുന്നവരുടെ രണ്ടു പള്ളികള്‍ കോഴിക്കോട്ടും പെരിന്തല്‍മണ്ണയിലുമുണ്ട്. ചിരിച്ചു മുസല്ല കപ്പുന്ന ഫലിതങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആ ജുമുഅയ്ക്കു പോകുന്നു. എല്ലാവരും വെള്ളിയാഴ്ച്ച ഖുത്വുബയ്ക്കുള്ള ഹദീസും ഖുര്‍ആനും മേമ്പൊടി ബൈത്തും തിരയുമ്പോള്‍ ബാക്കി ദിവസങ്ങളിലെല്ലാം ഇവര്‍ രണ്ടുപേരും അടുത്ത ഖുത്വ്ബക്കുള്ള ഫലിതം തിരയുന്ന തിരക്കിലായിരിക്കുമോ? എന്തൊരു ഹര്‍ഷപുളകിതം ഇവരുടെ ഈ ദീനീ ദിവസങ്ങള്‍!
എന്നാല്‍ ബാലുശ്ശേരിയില്‍ ഒരു പള്ളിയുണ്ട്. ഓരോ വെള്ളിയാഴ്ച്ചയും അവിടെ നടക്കുന്ന ഖുത്വ്ബ കേള്‍ക്കാന്‍ പതിനായിരക്കണക്കിനു മനുഷ്യരാണ് ഓണ്‍ലൈനില്‍ കാത്തിരിക്കുന്നത്. രണ്ടും രണ്ട് സങ്കല്‍പങ്ങളാണ്. ഹൃദയത്തിന്റെ രണ്ടു സമീപനങ്ങളാണ്. അവസാനത്തേത് ആത്മാര്‍ത്ഥതയെ പ്രതിനിധീഭവിക്കുമ്പോള്‍ തന്നെ, ആദ്യത്തെ വിഭാഗം പ്രദര്‍ശനപരതയെ ആരാധിക്കുന്നവരാണ്.
പാര്‍ട്ടി പാടില്ലായിരുന്നു. ഇസ്‌ലാം തന്നെ മതിയായിരുന്നു എന്നാണ് മരിക്കാന്‍ കാലത്ത് ഇബാദത്ത് ചെയ്യാന്‍ പോലും നേരമില്ലാതെ ആത്മകഥയെഴുതി അച്ചടിച്ചു വിതരണം ചെയ്യുകയും വൈകാതെ അതു പിന്‍വലിക്കുകയും ചെയ്ത അവരുടെ തന്നെ ചില സമുന്നത നേതാക്കള്‍ പറഞ്ഞത്. പിന്നീട്, മുമ്പേ മരിച്ചുപോയവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ മറ്റു പലരും ഇതേ അഭിപ്രായം പറഞ്ഞതായും വിവരം ലഭിച്ചു. അവരുടെ കണ്ടെത്തല്‍ സത്യമായിരുന്നു. അതുപോലെ, അവരില്‍ പലരുയെും അസ്തിത്വ ദു:ഖവും ഒന്നായിരുന്നു. പക്ഷേ, ഇത് വിട്ട് എവിടേക്കു പോകും? അതിനാല്‍ "ഇതില്‍ തന്നെ മരിച്ചൊടുങ്ങട്ടെ" എന്നാണ് അവര്‍ കരുതുന്നത്.
സമാനമായി, മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ മക്കളുടെ ചില അഭിമുഖങ്ങളും ഈയടുത്തു കാണുകയുണ്ടായി. അതില്‍ അവര്‍ പറയുന്നത് "തന്റെ കുടുംബത്തില്‍ പെട്ട ആരോടുംതന്നെ തന്റെ പ്രസ്ഥാനത്തില്‍ ചേരണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല" എന്നാണ്. "വീട്ടിലെ വിശാലമായ ലൈബ്രറിയിലിരുന്ന് അദ്ദേഹം വായിക്കും, അതിഥികളെ സ്വീകരിക്കും. അഭിമുഖം കൊടുക്കും, എഴുതും, പക്ഷേ, കുടുംബത്തോട് ഇതൊന്നും പറയുമായിരുന്നില്ല" എന്ന്! അതായത്, തന്റെ ആശയങ്ങളെയും സംഘനടയെയും കുടുംബത്തിലേക്കു കയറ്റാന്‍ കൂട്ടാക്കിയില്ല എന്നാണ് മക്കള്‍ അഭിമാനത്തോടെ അവരുടെ പിതാവിനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നത്!
ഈ വിഡിയോ ശരിയാണെങ്കില്‍, (ശരിയല്ലാതിരിക്കട്ടെ എന്നാണു പ്രാര്‍ത്ഥന) ഒരു മാതൃകാനേതാവ് ഇങ്ങനെയാണോ ആവേണ്ടത്? റസൂല്‍ കുടുംബത്തില്‍നിന്നല്ലേ പ്രബോധനം തുടങ്ങിയത്? അല്ലാഹു റസൂലിനോട് കല്‍പിച്ചതും അങ്ങനെയല്ലേ - അന്‍ദിര്‍ അശീറതികല്‍ അഖ്‌റബീന്‍....
ഇദ്ദേഹമാകട്ടെ സമുദായത്തെ ക്ഷണിച്ച കാര്യം വീട്ടിലേക്കു കയറ്റാന്‍ പോലും കൂട്ടാക്കിയില്ല? ഇതു സത്യമെങ്കില്‍, ആര്‍ക്കാണ് പിഴവു പറ്റിയത്? ഇതു സത്യമല്ലെങ്കില്‍ ആരാണ് കളവു പറഞ്ഞത്? എവിടെയാണ് പന്തികേട്? ആരാണ് ഇതിനൊക്കെ മറുപടി തരിക?
ഇതൊന്നും ഇവരോടു പറഞ്ഞിട്ടു കാര്യമില്ല. അവര്‍ പരലോകത്തില്‍ വിശ്വസിക്കുന്ന ആളുകളൊക്കെ തന്നെയാണ്; നല്ലവരുമാണ്. പക്ഷേ, അവര്‍ വിവിധ സംഘടനകളില്‍ ല്‍ പെട്ടുപോയി. അതില്‍ പെട്ടുപോയാല്‍ പിന്നെ ഒന്നും മനസ്സിലാവില്ല. ഒരാള്‍ ഒരു നുണപറയും. ബാക്കിയുള്ളവര്‍ അത് ഭക്തിയോടെ ഏറ്റു പറയും. ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്റെ കഥപോലെ, പാര്‍ട്ടിയാണ് അവര്‍ക്കു വലുത്. പാര്‍ട്ടി പറഞ്ഞതാണ് അവര്‍ക്കു സത്യം. പാര്‍ട്ടിക്കു മുമ്പില്‍ മറ്റെല്ലാ സത്യങ്ങളും അവര്‍ക്കു നിസ്സാരമാണ്. സംഘടനകളാവുന്ന വിവിധ നഴ്‌സറികളില്‍ അപ്രകാരമാണ് അവര്‍ വളര്‍ത്തപ്പെട്ടത് - ആ വളര്‍ത്തുദോഷത്തില്‍നിന്നു മുക്തരാവാന്‍ വലിയ പാടാണ്. ഈ സമുദായത്തെ അല്ലാഹു അവരില്‍നിന്നു കാത്തുരക്ഷിക്കട്ടെ. അവനല്ലോ പരമമായി മാര്‍ഗദര്‍ശനം നല്‍കുന്നവന്‍. മാശാ അല്ലാഹു കാന്‍...